ജാനകീയാസൂത്രണം


പത്താംക്ലാസ് വരെ പഠിച്ചിട്ടും പെണ്ണ് പോത്തുപോലെ വളര്‍ന്നെന്നും പറഞ്ഞ് വീട്ടുകാര്‍ ജാനകിയെ പതിനാറാം വയസ്സില്‍ തന്നെ പാറശ്ശാലയിലെ കറവക്കാരന് രാഘവന് കെട്ടിച്ചുകൊടുത്തു. ചാപം മുറിച്ചില്ല. തന്റെ പ്രേമത്തിന്റെ അമ്പ് പിന്‍വലിക്കേണ്ടിവന്നതിന്റെ കലിപ്പില്‍ പാല്‍പ്പാത്രങ്ങള്‍ നിരന്ന പുലര്ച്ചകളിലേക്ക് ചാടിയെണീറ്റവള്‍ അടുപ്പ് പുകച്ച് ചെരുവത്തില് കുളിക്കാന്‍ ചൂടുവെള്ളവും ഒരുക്കി മാപ്പിളയെ മയത്തില്‍...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
പത്താംക്ലാസ് വരെ പഠിച്ചിട്ടും
പെണ്ണ് പോത്തുപോലെ
വളര്‍ന്നെന്നും പറഞ്ഞ്
വീട്ടുകാര്‍ ജാനകിയെ
പതിനാറാം വയസ്സില്‍ തന്നെ
പാറശ്ശാലയിലെ
കറവക്കാരന് രാഘവന്
കെട്ടിച്ചുകൊടുത്തു.
ചാപം മുറിച്ചില്ല.
തന്റെ പ്രേമത്തിന്റെ അമ്പ്
പിന്‍വലിക്കേണ്ടിവന്നതിന്റെ കലിപ്പില്‍
പാല്‍പ്പാത്രങ്ങള്‍ നിരന്ന
പുലര്ച്ചകളിലേക്ക്
ചാടിയെണീറ്റവള്‍
അടുപ്പ് പുകച്ച് ചെരുവത്തില്
കുളിക്കാന്‍ ചൂടുവെള്ളവും ഒരുക്കി
മാപ്പിളയെ മയത്തില്‍
വേലയ്ക്ക് പറഞ്ഞയച്ചു.
രണ്ടാണ്മക്കള്
അഞ്ചുകൊല്ലത്തിനിപ്പുറം
അമ്മയ്ക്കു ചുറ്റും ഇടംവലംവെച്ചു.
വാഴത്തടപോലുള്ള ലവന്മാര്ക്ക്
ലവനെന്നും കുശനെന്നും പേരിടാതെ
ഇനിയൊരു ചൊണയുള്ള പെണ്ണിനെ
പെറണമെന്ന് അതിയായ് ആശിച്ചു.
മദിരാശിക്ക് വണ്ടി കേറി
കടുകുപാടങ്ങളെയും
മുന്തിരിത്തോപ്പുകളെയും പിന്നിട്ട്
രാഹുലനെയും സുഗുണനെയും
അമ്മനാട് കാണിച്ചു.
പൊങ്കലിന് മുമ്പ്
ലക്ഷ്മണനെന്ന കളിക്കൂട്ടുകാരനെ
കണ്ടുമുട്ടി.
ഒടപ്പിറപ്പുകളെ ഓരോന്നിനെയും
ഓരോ വഴിക്കാക്കി
കെട്ടാന്‍ മറന്ന
ഒറ്റയ്ക്ക് പാര്ക്കുന്നവന്
ജാനകി തുണയായി.
ജ്ഞാനമ്മ എന്ന വിളി കേട്ടുകൊണ്ടിരിക്കേ
പവിഴമല്ലികള്‍ കുടഞ്ഞിട്ട
ദാവണി പിന്നെയും ചുറ്റി.
കുഞ്ഞുങ്ങള്‍ക്ക് ഇരുവരും
താരാട്ടുപാട്ടുകള്‍ പാടി
വിത്തുവിതയുടെയും
കൊയ്ത്തുകാലത്തിന്റെയും കഥകളിലൂടെ
കതിര്ക്കനവുമായി ഒഴുകി
സ്വയം മറന്നു.
ഉണരുമ്പോള്‍ കവിളിലെ
സൂര്യമല്ലികകള് കണ്ട്
നനവുള്ള ഭൂമിയിലിരുന്ന്
പെറാന്‍ പോകുന്നത്
പെണ്‍കുഞ്ഞ് തന്നെ എന്നുറപ്പിച്ചു.
ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാന്‍
അമ്മാവി വിളിച്ചപ്പോള്‍
കമ്പിളിപ്പുതപ്പെന്ന് പറഞ്ഞൊഴിഞ്ഞില്ല.
ആഴ്ച രണ്ടാകും മുമ്പേ
മനസ്സ് നിറച്ചൊരു മടക്കയാത്ര.
‘അമ്മാ അമ്മേരെ വയറ്റില്‍
വാവയുണ്ടോ’ എന്ന്
മക്കള്‍ ഒരേ സ്വരത്തില്‍
ദീര്‍ഘദര്‍ശനം ചെയ്തപ്പോള്‍
ഇരുകൈകള്‍കൊണ്ടും
രണ്ടുവാകളെയും മൂടി.
അപ്പനെ പത്തുതലയുള്ളോന് എന്ന്
വിളിക്കാറുള്ളതോര്ത്ത്
തന്റെ മണ്ടയിലും അതേ
തള്ളിച്ചയില്‍ ബുദ്ധി ഉദിച്ചു,
ആസൂത്രണം എന്ന വാക്കില്‍
ആശ്വാസം കൊണ്ടു.
കിഴക്കുമ്മൂട് കുടുംബവീട്ടിലെത്തിയതും
കണക്കറിയാത്ത മാപ്പിള
കുളിക്കണക്കും തിരക്കിയില്ല.
വരുന്ന എഴുത്തുകളും പൊട്ടിച്ചില്ല.
വിളിപ്പുറത്താരെന്നും ചോദിച്ചില്ല.
കൊച്ചുസീതയെ പെറ്റ്
ആറുമാസം കഴിഞ്ഞ്
ആറ്റുകാലമ്മയുടെ നടയില്‍ പോയി
ലക്ഷ്മണന് കുട്ടിയെ കാണിച്ചു.
കാഞ്ചനസീതയെന്ന് പേരിട്ടു.
പിറ്റേന്ന് മദനി ശാന്തക്കൊപ്പം
തയ്ക്കാട്ടാശുപത്രിയിലെ
ക്യാമ്പില്‍ പോയി
തിരികെ വരുമ്പോള്‍
‘നിര്‍ത്തി നിര്‍ത്തി’ എന്ന്
നൃത്തം വെച്ചു.
പത്ത് പവന് പൊന്ന് വിറ്റ്
ഇരുപത് സെന്റ് പുരയിടം വാങ്ങി
മരച്ചീനി കൃഷി ചെയ്ത്
ചന്തയിലെ സ്ഥിരം കച്ചോടക്കാരിയായി
യൂണിയന്‍കാരി എന്നും പേരെടുത്തു
കുഞ്ഞുങ്ങള്‍ മൂവരോടൊപ്പം
പിന്നെയും മൂന്ന് പതിറ്റാണ്ടുകള്‍
രാഘവനെ ക്വാറന്റയിനിലാക്കി.
ആണ്മക്കള്
അഗ്നിശമനസേനക്കാരായി,
പിഎച്ച്.ഡി കഴിഞ്ഞ കാഞ്ചന
മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്നിറങ്ങി
നാരായണഗുരു കോളേജില്‍ കേറി.
മകള്‍ മെനോപ്പോസ് എന്തെന്ന്
വിശദീകരിക്കും മുമ്പേ
അതൊന്നും കാതോര്‍ക്കാതെ
വെറിസമയത്തും
മരച്ചീനി വിളയും
മലരണിക്കാട്ടില്നിന്നും ഇറങ്ങാത്ത ജാനകി
ചതയധികല്ലാത്ത തന്റെ ഉടലുനോക്കി
വിയര്‍പ്പ് കിനിയും വരെ
വിശ്രമമില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു.
ലിങ്കേജ് ലോണുകളില്നിന്നും കരകേറി
മേറ്റായി തൊഴിലുറപ്പിനും ഇറങ്ങി.
ഓരോ ആണ്ടിലും
നൂറ് തൊഴില്‍ദിനങ്ങള്‍ തികച്ച്
ജമന്തിപ്പൂക്കള്‍ മണക്കും
തെക്കന്‍ കാറ്റേറ്റ്
പിന്നെയും ആസൂത്രകയായി.