മണങ്ങളേ, മതിയായില്ല

ഉള്ളിലാണോ പുറത്താണോ?
വീട്ടിലാകെ ചീഞ്ഞ വാട.
മുൻവാതിൽ അടയ്ക്കേണ്ടേ?
വെറുതെ തിടുക്കപ്പെടേണ്ട;
അകത്തേക്കു കടന്നാലോ?
അകത്തേക്കു കടക്കുവാൻ
ഒളിക്കണ്ണുള്ള പൂട്ടിന്റെ
തുളപോലും വേണ്ടതിന്.
പിൻവാതിൽ ഞരക്കത്തെ
അതിനൊട്ടും ഭയമില്ലേ?
എണ്ണയിട്ട് മയപ്പെട്ട്
പുറത്തേക്കതു പോകുമ്പോൾ
അറിയാൻ ആർക്കുമാവില്ല.
അലഞ്ഞുതിരിഞ്ഞ് പകലെല്ലാം
ആൾപ്പാർപ്പില്ലാത്ത വീടുകൾ;
മാണ്ടുറങ്ങി കെട്ടുപോകും
വിളക്കും വെളിയിടങ്ങളും;
കണ്ടുവെ,ച്ചടയാളമിട്ട്
കയറിപ്പറ്റുന്നു വേഗത്തിൽ;
കൊള്ളയടി,ച്ചുറക്കത്തെ
കൊണ്ടുപോകുന്നു രാത്രിയിൽ.
ഇതാ ഇവിടെ, അതാ അവിടെ
മാസ്കിട്ട് മുഖം മൂടി
മുക്കും മൂലയും പരതി
തുമ്മലിന്റെ തുമ്പിലെത്തി
നിങ്ങൾ,ക്കാത്മവിശ്വാസത്തെ
കൈവിടാമെന്നു മാത്രം.
പലപാടു തിരഞ്ഞോളൂ,
പിടിതരി,ല്ലതൊരിക്കലും.
കാണാമറയത്തിരുന്ന്
കുപ്പകാട്ടി കൂനകേറ്റി
ആഴക്കിണറ്റിൽ കെട്ടിയിറക്കി
അത്തറുകുപ്പികൾ തട്ടിമറിച്ച്
അയൽക്കാരെ അപവദിച്ച്
അടുപ്പിൽ കുന്തിരിക്കം പുകച്ച്
ശുചിമുറിയിലും കിടപ്പറയിലും
ഒറ്റുകാർ ഒളിനോട്ടക്കാരെന്ന്
അതു നിങ്ങളെ നാറ്റിക്കും;
മോന്താനെടുത്ത വെള്ളത്തിൽ
അഴുകിമുറിഞ്ഞു പലതാകുന്ന
ചവറെണ്ണപ്പാട പോലെ
ചുണ്ടിനും കപ്പിനും
ഒത്തനടുക്കാണതിന്റെ പാർപ്പ്.
വിജാഗിരിച്ചിറകു പൂട്ടി
പല്ലി, പാറ്റ, പഴുതാരകളെ
ഞെരിച്ചു പിടിക്കുന്നത്;
അടപ്പയച്ച് തകരപ്പാട്ടകളിൽ
വറവകകളെ കനപ്പിക്കുന്നത്;
അടിക്കുപിടിച്ച ചട്ടികളിൽ
ഒട്ടും വെള്ളം കൊടുക്കാതെ
കറികളെ ശ്വാസം മുട്ടിക്കുന്നത്;
–അതിന്റെ കരുനീക്കങ്ങൾ
സിസിടിവിക്കുമപ്പുറം.
ഒറ്റരാത്രികൊണ്ടൊരിക്കൽ
രണ്ടു നഗരങ്ങളെ ചുട്ട
കേസിലെ പ്രതിയാണത്.
ഒരു വംശത്തെ ശുദ്ധിചെയ്ത
ഗ്യാസ്ചേംബറിലെ പുകയാണത്.
റൊട്ടിക്കു വരിനിൽക്കുന്നവന്റെ
വായിൽ വെടിയുപ്പു കുറുക്കി
സമാധാനത്തിന്റെ നോബലിന്
ചുരുക്കപ്പട്ടികയിലുണ്ടത്.
അതിനോടു മെരുങ്ങുമ്പോൾ
സൂക്ഷിച്ചാലും ദുഃഖിക്കണം;
അഴുകുന്തോറും ആത്മാവും
മൃഗവും മനുഷ്യനും തമ്മിൽ
അതിനില്ലൊട്ടുമേ ഭേദം
–മണമെന്നും നാറ്റമെന്നും.
മണമെന്നാണ് പേര്, എന്നാൽ–
മരണമെന്ന വിളിപ്പേരിൽ
ഏതു വൻകരയെത്താനും
വിസയും പാസ്പോർട്ടുമുള്ള
കയറ്റിറക്കുമതിക്കാരൻ
ഗന്ധകവ്യാപാരിയെ നിങ്ങൾ
സദാ കരുതിയിരുന്നോളൂ.
– പിന്നോട്ടു വെടിപായുന്ന
ഇരട്ടക്കുഴലാണല്ലോ
മൂക്കു നിങ്ങൾക്ക് മുഞ്ഞിയിൽ.