ശുഭം

മുങ്ങിത്താഴുന്നു
വെളിച്ചത്തിൻ മീൻവലയിലെ
ഊരാക്കുടുക്കിൽ കുടുങ്ങിയ
കരിയിലകൾ.
ചിലന്തി ചുറ്റിച്ചുറ്റി മെടഞ്ഞ
നരച്ച് നേർത്ത
ശീലപോലെയാണത്.
കുറ്റിമുല്ലച്ചോട്ടിൽ
ചിലന്തിവലച്ചിത്രം
നിറഞ്ഞോടുന്നു
ഹൗസ്ഫുള്ളായി,
കാണികളീയാംപാറ്റകളായി.
വലക്കൊട്ടകയിലിരുന്ന്
കളി തുടങ്ങുമ്പോൾ
പ്രകൃതിയൊരു
ബിഗ്സ്ക്രീൻ പോലെ.
ഒരുഗ്രൻ ക്ലാസിക്
ചിലന്തിവലച്ചിത്രത്തിൻ-
പോസ്റ്ററിന് പശപശപ്പ്.
നീര് വറ്റിച്ച്
ചോരയൂറ്റിയൂറ്റി എടുത്ത്
ഒടുക്കം പുലർച്ചെ
മഞ്ഞിൽ പൊതിഞ്ഞ
വലക്കൊട്ടക തുറക്കുമ്പോൾ
ചണ്ടിപിഴിയുന്ന
വില്ലത്തിയുടെ
‘നെരുപ്പ് ഡാ’ കേൾക്കുന്നു.
ഒച്ചവെക്കാതെ
പിന്നെയും
ചിലന്തിവലച്ചിത്രത്തിന്റെ
ഷൂട്ടിങ്,
മറ്റൊരു ദിക്കിൽ.
ഒരു പ്രണയചിത്രം
റിലീസാകുന്നതിനു മുമ്പേ
പുറത്തിറങ്ങുന്നു
ലിറിക്കൽ വീഡിയോ.
വെളിച്ചത്തിന്നാഴിയിൽ
മുങ്ങുന്നു
നായികയുടെ വലപ്പാട്ട്.
ചുറ്റിപ്പിടിച്ച
നരച്ചശീലയൊടുക്കം അഴിച്ചിട്ട്
വീർത്ത പള്ളയിൽ
അമ്പിളിവട്ടത്തിൻ–
മുട്ടയുമേന്തിയിരുന്നവൾ
ശിഖരത്തിൽ.
ഉപേക്ഷിച്ച
വലക്കൊട്ടയ്ക്കകത്ത് നിന്ന്
ചണ്ടിയായൊരെട്ടുകാലി-
ക്കാമുകൻ
കൂപ്പുകുത്തുന്നു
ഉറുമ്പിൻ കൂടാരത്തിലേക്ക്.
ആ കിടപ്പിലാ, വീഴ്ചയും നോക്കി
അലസമലസമായവൾ
‘നെരുപ്പ് ഡാ’
മൂളുന്നു
കാറ്റിൽ.
-----------
*നെരുപ്പ് ഡാ- രജനികാന്ത് നായകനായി 2016ൽ പുറത്തിറങ്ങിയ ‘കബാലി’ എന്ന തമിഴ് ചിത്രത്തിലെ ഗാനം