വലതു കൈ

ആരോ തീയിട്ട
അവളുടെ
കത്തുന്ന വീടിന്റെ
ചിത്രം
കൈയെഴുത്തു മാസികയിൽ
വരച്ചതിന് കൂട്ടം കൂടലിൽ
വിലക്ക് വീണു.
വിലങ്ങു വീഴാത്ത
കാഴ്ചയാൽ
പിന്നെയും
നിറഞ്ഞ
വയൽപ്പരപ്പിനു താഴെ
മറയുന്ന
സൂര്യന്റെ ചിത്രം വരച്ചു.
അതേ പുറങ്ങളിൽ
അവളെക്കുറിച്ച്
കവിതയെഴുതിയതിന്
ചോദ്യവലയിൽ കുടുക്കി.
കൊടും വെയിലത്ത്
നടന്നുപോകുന്ന
വൃദ്ധനെ മറിച്ചിട്ട്
നിർത്താതെ പോയ
പേ പിടിച്ച വാഹനത്തിലിരുന്ന്
അട്ടഹസിക്കുന്നവരുടെ
മുഖഭാവം വരഞ്ഞതിന്,
രാത്രിയിലൊറ്റയ്ക്ക്
ഇരുണ്ട
വഴിയിൽ നടക്കുമ്പോൾ,
പാറമടയിലേക്ക്
ഇടിച്ചു മറിച്ചിട്ടു
പോയവർ പാടിയ
തെറിപ്പാട്ടു
കേട്ടുണർന്നൊരാൾ
വന്നുയർത്തി
ആശുപത്രി
കിടക്കയിലിരുത്തി.
എന്നിട്ടുമവൻ
മരിച്ചില്ലേയെന്ന
പതിവ് ചോദ്യം
നാട്ടേലായിൽ
മുഴങ്ങി.
ഏകാധിപത്യ
ശിരസ്സിനു നേർക്ക്
തോക്ക് ചൂണ്ടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്
ചിത്ര പേജ്
വലിച്ചു കീറി
അവർ ഏലാക്കാറ്റിനോടൊപ്പം
പറത്തി.
ഇന്നിപ്പോൾ
സ്ഫോടന മുറിവേറ്റ
മണ്ണിൽനിന്ന്
ചിതറിയൊടുങ്ങിയ
കുട്ടികളോടൊപ്പം
വേർപെട്ട
വലതു കൈ
അവന്റേതാണെന്ന്
അട്ടഹസിച്ചു
മദിച്ചവർ മാത്രം
തിരിച്ചറിയുന്നു.