വെള്ളത്തിനടിയിലും മണ്ണിനടിയിലും

കൂട്ടമായി
കുടിയൊഴിക്കപ്പെട്ടവരാകയാല്
ഞങ്ങള്‍ കൂട്ടമായാണ്
പലായനം ചെയ്യുന്നതും
സ്വപ്നം കാണുന്നതും.
സ്വപ്നത്തിന്റെ
ചരടുപിടിച്ചു മാത്രം
എത്തിച്ചേരാനാവുന്ന
ആഴങ്ങളിലായിപ്പോയി
ഞങ്ങളുടെ ജീവിതം.
ഞങ്ങള്‍ കുട്ടികള്‍
സ്ലേറ്റും പാഠപുസ്തകങ്ങളുമായി
മീന്കുഞ്ഞുങ്ങളെപ്പോലെ
പറ്റം പറ്റമായി നീന്തിത്തുടിച്ച്
സ്കൂളിലേക്ക് പോകുന്നു
ആമ്പല്വള്ളി പൊട്ടിച്ച്
മാലയാക്കി തമ്മില്‍ ചാര്‍ത്തുന്നു
ചുണ്ണാമ്പ് പൂ മുടിയില്‍ തിരുകുന്നു
ജലപ്പടവുകളിലിരുന്ന്
കാട്ടുനെല്ലിക്ക തിന്നുന്നു.
ഞങ്ങള്‍
കൗമാരം പിന്നിട്ടവര്‍
ഒാരോ ഇടങ്ങളില്‍,
അവരുടെ ഇണകള്‍
കൂടിയെത്താനായി
കാത്തുനില്ക്കുന്നു.
ഇണയോടൊത്ത് മരം ചാരി
മരത്തിന്റെ മറവിലിരിക്കുന്നു.
മാറിമാറി മടിയില്‍ കിടക്കുന്നു.
താഴ് വരയിലൂടുരുണ്ട്
വള്ളിപ്പടര്‍പ്പുകളുടെ
കരിമ്പച്ചയിലേക്ക്
മുങ്ങിത്താഴുന്നു.
ഞങ്ങള്‍ പെണ്ണുങ്ങള്
ഞങ്ങളുടെ ആണുങ്ങളോടൊപ്പം
ഈറ്റവെട്ടാന്‍ പോകുന്നു
തേനെടുക്കാന്‍ പോകുന്നു
കായ്കനികള്‍ കഴിക്കുന്നു
വിയര്‍ക്കുമ്പോള്‍ വിശ്രമിക്കുന്നു
ചുണ്ടിലെ തേന്‍ തമ്മിലുണ്ട്
ഇഞ്ചോടിഞ്ച് ഉടല്തീകെടുത്തി
പാറപ്പുറത്ത് മയങ്ങുന്നു.
ഞങ്ങളുടെ അമ്മമാരും
ഞങ്ങളുടെ അപ്പന്മാരും
ഇടകലര്‍ന്ന് വട്ടത്തില്‍നിന്ന്
ചുവടുവെക്കുന്നു
ആളുകൂടുംതോറും
വട്ടം വലുതാകുന്നു.
പാട്ട് മുറുകുംതോറും
കൊട്ട് പെരുകുന്നു.
ഒരാള്‍ കൊഴിയുമ്പോള്‍
രണ്ടുപേര്‍ മുളയ്ക്കുന്നു.
വിട്ടുപോരാന്‍ മടിച്ച്
വീടിനെ പുണര്‍ന്ന്
മരത്തെ പുണര്‍ന്ന്
മണ്ണിനെ പുണര്‍ന്ന്
തമ്മില്‍ പുണര്‍ന്ന്
ജലത്താല്‍ മൂടപ്പെട്ടവരെല്ലാം
ഇപ്പോഴുമാഴങ്ങളില്
ജീവിക്കുന്നുണ്ടാവാം.
ശരിക്കും മരിച്ചുപോയവര്‍
കുടിയൊഴിഞ്ഞവരാണ്.
നിങ്ങള്‍
എന്താണ് ചെയ്യുന്നത്
ഞങ്ങളുടെ ജീവിതത്തെ
മുക്കിയ വെള്ളത്തിന്മീതെ
കൊട്ടവഞ്ചികളില്,
മോട്ടോര്‍ബോട്ടില്‍,
കാഴ്ചകള്‍ കണ്ടുല്ലസിക്കുന്നു.
നിങ്ങള്‍
നിങ്ങളുടെ ജീവിതം
വെള്ളത്തിന് മീതെയും
മണ്ണിന് മീതെയും കണ്ടെത്തുന്നു.
ഞങ്ങള്‍
ഞങ്ങളുടെ ജീവിതം
വെള്ളത്തിനടിയിലും
മണ്ണിനടിയിലും കണ്ടെത്താന്‍
വിധിക്കപ്പെടുന്നു.
അഥവാ ഞങ്ങള്‍
സ്വപ്നത്തില്‍ ജീവിക്കുന്നു.