Begin typing your search above and press return to search.

ഒരു ഫലസ്തീനി വനിതയുടെ അക്ഷരസാക്ഷ്യം

ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനി കവി ഹിബ അബൂ നദയുടെ കവിതകൾ മൊഴിമാറ്റുന്നു

ഒരു ഫലസ്തീനി വനിതയുടെ   അക്ഷരസാക്ഷ്യം
cancel

2023 ഒക്ടോബർ എട്ട്. ​ഇസ്രായേൽ സൈന്യത്തിന്റെ ബോംബ് വർഷം ഗസ്സയിൽ പെയ്തുതുടങ്ങിയപ്പോൾ ബൈത് ജിർജയിലെ ​തന്റെ വീട്ടിലിരുന്ന് ഹിബ അബൂ നദ ‘എക്സി’ൽ ഇങ്ങനെ കുറിച്ചു: ‘‘പെയ്തിറങ്ങുന്ന റോക്കറ്റുകളുടെ തെളിച്ചമൊഴിച്ചു നിർത്തിയാൽ ഗസ്സയുടെ രാവുകൾ ഇരുണ്ടുതന്നെയാണ്/ ബോംബുകളുടെ ശബ്ദമൊഴിച്ചാൽ അവിടം ശാന്തമാണ്/ പ്രാർഥനയുടെ സൗഖ്യമൊഴിച്ചാൽ അവിടം ഭീതിദമാണ്/ ​വെള്ളപുതച്ച രക്തസാക്ഷികളൊഴികെ അവിടം കറുപ്പാണ്/ ഓ ഗസ്സ, നിനക്ക് ശുഭരാത്രി!’’ ഒക്ടോബർ 20ന് ഹിബയുടെ മരണവാർത്തയാണ് പുറത്തുവന്നത്. കവി, നോവലിസ്റ്റ്, ആരോഗ്യപ്രവർത്തക എന്നീ നിലകളിലെല്ലാം പ്രശസ്തയായിരുന്നു ഹിബ അബൂ നദ. ഗസ്സയുടെ പോരാട്ടവും രോഷവും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

2023 ഒക്ടോബർ എട്ട്. ​ഇസ്രായേൽ സൈന്യത്തിന്റെ ബോംബ് വർഷം ഗസ്സയിൽ പെയ്തുതുടങ്ങിയപ്പോൾ ബൈത് ജിർജയിലെ ​തന്റെ വീട്ടിലിരുന്ന് ഹിബ അബൂ നദ ‘എക്സി’ൽ ഇങ്ങനെ കുറിച്ചു: ‘‘പെയ്തിറങ്ങുന്ന റോക്കറ്റുകളുടെ തെളിച്ചമൊഴിച്ചു നിർത്തിയാൽ ഗസ്സയുടെ രാവുകൾ ഇരുണ്ടുതന്നെയാണ്/ ബോംബുകളുടെ ശബ്ദമൊഴിച്ചാൽ അവിടം ശാന്തമാണ്/ പ്രാർഥനയുടെ സൗഖ്യമൊഴിച്ചാൽ അവിടം ഭീതിദമാണ്/ ​വെള്ളപുതച്ച രക്തസാക്ഷികളൊഴികെ അവിടം കറുപ്പാണ്/ ഓ ഗസ്സ, നിനക്ക് ശുഭരാത്രി!’’

ഒക്ടോബർ 20ന് ഹിബയുടെ മരണവാർത്തയാണ് പുറത്തുവന്നത്. കവി, നോവലിസ്റ്റ്, ആരോഗ്യപ്രവർത്തക എന്നീ നിലകളിലെല്ലാം പ്രശസ്തയായിരുന്നു ഹിബ അബൂ നദ. ഗസ്സയുടെ പോരാട്ടവും രോഷവും കണ്ണീരും അതിജീവനവുമെല്ലാം അക്ഷരങ്ങളിലൂടെ പുറംലോകത്തെത്തിച്ച എഴുത്തുകാരിയെന്ന് ഹിബയെ വിശേഷിപ്പിക്കാം. 2017ൽ പുറത്തിറങ്ങിയ ‘ഓക്സിജൻ ഈസ് നോട്ട് ഫോർ ദ ഡെഡ്’ എന്ന നോവലിലൂടെയാണ് ഹിബയുടെ എഴുത്തുകൾ ശ്രദ്ധിക്കപ്പെട്ടത്. ഈ നോവൽ യു.എ.ഇയുടെ ‘ഷാർജ അവാർഡ് ഫോർ അറബ് ക്രിയേറ്റിവിറ്റി’ പുരസ്കാരത്തിന് അർഹമാവുകയുംചെയ്തു. ഗസ്സയുടെ ജീവിതവും അതിജീവന പോരാട്ടങ്ങളുമായിരുന്നു എല്ലായ്പോഴും ഹിബയുടെ എഴുത്ത് പ്രമേയം. അവരുടെ ‘എക്സ്’ അക്കൗണ്ടിൽ വന്നുകൊണ്ടിരുന്ന കവിതകൾ പലപ്പോഴും ഗസ്സയിൽനിന്നുള്ള വാർത്തകൾകൂടിയായി. വിക്കിമീഡിയ വളന്റിയർകൂടിയായിരുന്ന ഹിബ വിക്കിപീഡിയ വഴിയും ഗസ്സയുടെ കഥകൾ പുറംലോകത്തെത്തിച്ചു.

ബയോകെമിസ്ട്രിയിൽ ബിരുദധാരിയായ ഹിബ ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന്, ഗസ്സയിലെ ദുരന്തമേഖലകളിൽ ആരോഗ്യ പ്രവർത്തകയായി നിലകൊണ്ടു. ഗസ്സയിലെ അർബുദരോഗികളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പിഎച്ച്.ഡി ചെയ്യുന്നതിനിടെയാണ് 32ാം വയസ്സിൽ ഹിബയുടെ മരണം. ഇസ്രായേൽ വ്യോമാക്രമണം തുടങ്ങിയപ്പോഴേ വടക്കൻ ഗസ്സയിൽനിന്ന് ആളുകളെ ‘സുരക്ഷിത’മായ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. അങ്ങനെയാണ് ഹിബയും കുടുംബവും ബൈത് ജിർജയിൽനിന്ന് ഖാൻ യൂനിസിലെ അമ്മായിയുടെ വീട്ടിലെത്തിയത്. തെക്കൻ ഗസ്സയിൽ താരതമ്യേന സുരക്ഷിതമായൊരു ഇടമായിട്ടാണ് തുടക്കത്തിൽ ഖാൻ യൂനിസ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ സൈന്യം ഖാൻ യൂനിസിൽ ആക്രമണം ശക്തമാക്കി. ആശുപത്രികളും വീടുകളുമെല്ലാം ഇസ്രായേലിന്റെ തീ ബോംബുകൾ വിഴുങ്ങി. അതിലൊന്നിൽ അവർ ഹിബയു​ടെ ജീവനുമെടുത്തു.

ഞാൻ നിങ്ങൾക്ക് അഭയമരുളുന്നു

1.

സംബോധനയിലും പ്രാർഥനയിലും

ഞാൻ നിങ്ങൾക്ക് അഭയമരുളുന്നു.

റോക്കറ്റിൽനിന്ന് രക്ഷപ്പെടാനായി

നിങ്ങളുടെ പ്രദേശത്തെയും

മിനാരത്തെയും ഞാൻ അനുഗ്രഹിക്കുന്നു

ജനറൽ ആജ്ഞ നൽകുന്ന നിമിഷം മുതൽ

അത് റെയ്‌ഡ്‌ ആയിത്തീരുന്നതുവരെ.

നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും-

റോക്കറ്റ് വന്നു പതിക്കുന്നതിനുമുമ്പ്

തങ്ങളുടെ പുഞ്ചിരിയാൽ അതിന്റെ

ദിശമാറ്റുന്ന കുഞ്ഞുങ്ങൾക്കും

-ഞാനഭയം നൽകുന്നു

2.

നിനക്കും കുഞ്ഞുങ്ങൾക്കും-

കൂട്ടിൽ കോഴിക്കുഞ്ഞുങ്ങളെപ്പോലെ

കിടന്നുറങ്ങുന്ന നിന്റെ കുഞ്ഞുങ്ങൾക്കും

-ഞാൻ അഭയം നൽകുന്നു.

ഉറക്കത്തിലവർ സ്വപ്നങ്ങളുടെ നേർക്ക്

ചുവടുവെക്കുന്നില്ല

അവർക്കറിയാം വീടിന് പുറത്തു മരണം

പതിയിരിക്കുന്നുണ്ടെന്ന്.

അവരുടെ അമ്മമാരുടെ കണ്ണീര് ഇപ്പോൾ

ഓരോ ശവപ്പെട്ടിക്കും പിന്നാലെ അവരെ

പിന്തുടരുന്ന പ്രാവുകളാണ്.

3.

ഞാൻ അഭയമരുളുന്നു ആ അച്ഛന്,

ബോംബ് വീണു വീട് ചെരിയുമ്പോൾ

അതിനെ താങ്ങി നേരെ നിർത്തുന്ന

ആ കുഞ്ഞുങ്ങളുടെ അച്ഛന്.

മരണത്തിന്റെ നിമിഷം അയാൾ കേണുപറയുന്നു:

‘‘ദയവു വിചാരിച്ചു കുറച്ചു നേരത്തേക്ക്

എന്നെ വെറുതെ വിടണം.

ജീവനെ സ്നേഹിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു,

അവർക്കു വേണ്ടി.

അവരെപ്പോലെ തന്നെ മനോഹരമായൊരു

മരണം അവർക്ക് നൽകുക.’’

4.

നിനക്ക് ഞാൻ അഭയമരുളുന്നു

മുറിവിൽനിന്നും മരണത്തിൽനിന്നും,

ഇവിടെ ഈ തിമിംഗലത്തിന്റെ വയറ്റിലെ

മഹത്തായ ഉപരോധത്തിൽ.

ഓരോ ബോംബ് വർഷിക്കുമ്പോളും നമ്മുടെ

തെരുവുകൾ ദൈവത്തെ വാഴ്ത്തുന്നു

അവർ പള്ളികൾക്കായും വീടുകൾക്കായും

പ്രാർഥിക്കുന്നു

വടക്ക് ബോംബ് വർഷിക്കുമ്പോഴൊക്കെ

തെക്ക് നമ്മുടെ പ്രാർഥനകൾ ഉയരുന്നു.

5.

ഞാൻ നിങ്ങൾക്ക് അഭയമരുളുന്നു

പരിക്കിൽനിന്നും സഹനത്തിൽനിന്നും.

വിശുദ്ധ പുസ്തകത്തിലെ വചനങ്ങൾകൊണ്ട്

ഞാൻ ഓറഞ്ചുകളെ ഫോസ്ഫറസിന്റെ

നീറ്റലിൽനിന്നും

മേഘശകലത്തെ പുകമഞ്ഞിൽനിന്നും

മറച്ചുപിടിക്കുന്നു.

പൊടിയടങ്ങും എന്നറിഞ്ഞുകൊണ്ട്

പ്രണയത്തിലാവുകയും ഒരുമിച്ചു മരിക്കുകയുംചെയ്തവർ ഒരുനാൾ ചിരിക്കും എന്നറിഞ്ഞുകൊണ്ട്

ഞാൻ നിനക്ക് അഭയമരുളുന്നു.

പിറന്ന നാടിനായി ഏഴാകാശങ്ങൾ

ഞങ്ങളുടെ ശ്വാസകോശങ്ങളിലുണ്ടൊരുടയനാട്

ഞങ്ങളുടെ ശ്വാസങ്ങളിൽ പ്രവാസവും

ഞങ്ങളുടെ കാലടികൾ അടുത്തുവരുമ്പോൾ

ഞരമ്പുകളിൽ ഇരച്ചെത്തുന്ന ഒരുടയനാട്

വിഷാദത്തിന്റെ തോപ്പുകളിൽ വളരുന്നു

അപരിചിതരുടെ മുന്തിരിവള്ളി, കണ്ണീരുപോലുള്ള

നോട്ടങ്ങൾ തൂങ്ങുന്ന വള്ളി

അത് തന്റെ ഈണം ഞങ്ങൾക്ക് സമ്മാനിച്ചു

പാട്ടുകളെല്ലാം വേണ്ടെന്നുവെച്ചു

ഞങ്ങൾക്കതിനെ നിരസിക്കാനാവുമോ,

അതിന് ഞങ്ങളെ നിരസിക്കാനാവുമോ,

അത് ഞങ്ങളുടെ തന്നെ ചോരയാവുമ്പോൾ,

ചോരചിന്തൽ ഞങ്ങൾ ശീലിച്ചിട്ടുള്ളപ്പോൾ?

ഞങ്ങളുടെ പുസ്തകങ്ങളിൽ വിശപ്പും

റൊട്ടിയും പര്യായപദങ്ങളാണ്,

വെളിച്ചവുമിരുട്ടുമെല്ലാം ചിന്നിയ ചില്ലുകഷണങ്ങളും.

സ്നേഹത്തിന്റെ മൂർധന്യത്തിൽ പ്രത്യാശ

കണ്ടെത്താൻ ഞാൻ പഠിച്ചിരിക്കുന്നു,

ശീലുകളുടെ മരുഭൂവിൽ കാർമേഘങ്ങൾ

കണ്ടെത്താനും.

ഉടുതുണിയില്ലാതെ നമ്മളിലേക്ക്

തിരിച്ചെത്തുന്ന ഉടയനാടാണിത്

പക്ഷേ നമ്മേ എങ്ങനെ സ്വയം

ളോഹപോലെ പുതക്കണമെന്നതിനറിയാം.

നമ്മുടെ രക്തത്തിൽ അത് കടലുകളെ ഒളിപ്പിക്കുന്നു

ഹൃദയമിടിപ്പുകളാൽ കപ്പലോടിക്കുന്നു

നമ്മുടെ തലയണകളിൽ നടപ്പാതകൾ

ഒളിപ്പിച്ചുവെക്കുന്നു

നമ്മുടെ കിനാക്കളിൽ അതിന്റെ നഗരങ്ങളും.

അത് നമ്മളിൽ അനന്തമായി മയങ്ങിക്കിടക്കുമോ,

വീണ്ടും വീണ്ടും സമയം സൃഷ്ടിച്ചുകൊണ്ട്?

നിറവും മണവും പരിചയമില്ലാത്ത,

അപരിചിതരെപ്പോലെ നിൽക്കുന്ന

ഈ ഒലിവ് മരങ്ങളെപ്പോലെ

നമുക്കീ പ്രപഞ്ചത്തിൽ ഇടമേയില്ല.

ഇടുങ്ങിയ ഇടനാഴിപോലെ അത് ചുരുങ്ങിവരുന്നു.

നമ്മൾ തന്നെ ഒരു അപവാദമാണെന്ന പോലെയാണ്,

നമ്മുടെ അഭിലാഷം ഒരു അപരാധവും,

നമുക്ക് നമ്മുടെ നാടിനോടുള്ള

സ്നേഹം ഒരു പാപവും.

 

തളരാതെ പിടിച്ചുനിൽക്കൂ

ഓ... നമ്മൾ എന്തുമാത്രം ഒറ്റപ്പെട്ടിരിക്കുന്നു!

മറ്റെല്ലാവരും സ്വന്തം യുദ്ധങ്ങൾ ജയിച്ചിരിക്കുന്നു

എന്നിട്ട് നിങ്ങളെ ചളിയിൽ,

തരിശുമണ്ണിൽ വിട്ടിരിക്കുന്നു.

അറിയില്ലേ ദർവീശ്, നിങ്ങൾക്ക്?

നഷ്ടപ്പെട്ടത്, കവർന്നെടുക്കപ്പെട്ടത്, ഒന്നും തന്നെ കവിതകൾ തിരിച്ചുതരില്ലെന്ന്.

നമ്മളെത്ര തനിച്ചാണ്...

ഇത് അജ്ഞതയുടെ മറ്റൊരു കാലമാണ്.

നമ്മളെ/ ഞങ്ങളെ യുദ്ധത്തിൽ വേർപെടുത്തിയിട്ട്

അങ്ങയുടെ മയ്യിത്തിനൊപ്പം ഒന്നായി നടന്നവർ

ശപിക്കപ്പെട്ടവരാണ്.

നമ്മളെത്ര തനിച്ചാണ്...

ഈ ലോകമൊരു തുറന്ന ചന്തയാണ്.

കേമൻരാജ്യങ്ങളെല്ലാം ലേലത്തിൽ

വിറ്റുപോയിരിക്കുന്നു.

നമ്മളെത്ര തനിച്ചാണ്...

ഇത് ധിക്കാരത്തിന്റെ കാലമാണ്

ആരും നമുക്കൊപ്പം നിൽക്കില്ല

ഒരാൾപോലും.

ഓ... നമ്മളെത്ര തനിച്ചാണ്...

നിങ്ങളുടെ കവിതകളെല്ലാം,

പുതിയതും പഴയതും,

എല്ലാം മായ്ച്ചു കളയൂ

ഈ കണ്ണുനീരും

അതുപോലെ, അല്ലയോ ഫലസ്‌തീൻ...

തളരാതെ പിടിച്ചുനിൽക്കൂ.

മൊഴിമാറ്റം: സൗമ്യ പി.എൻ

News Summary - translation malayalam poem