Begin typing your search above and press return to search.

കയ്യേറ്റം

കയ്യേറ്റം
cancel

മാമ്പഴക്കാലത്ത്മരണപ്പെട്ട ഒരു പെൺകുട്ടിയും ഒരു ചിന്നക്കുട്ടുറുവനും എന്നെ കാണാൻ വന്നു. അവർ പതിവായി നട്ടുച്ചയിൽജലമൊഴിഞ്ഞു പോകാത്ത ചതുപ്പിൽ വന്നുനിൽക്കുന്നു. ഇടയ്ക്ക് അടുക്കളവാതുക്കൽവന്നുനിന്ന് ഉപ്പുണ്ടോ പഞ്ചാരയുണ്ടോ കറിയുണ്ടോ അരിയുണ്ടോ എന്നവൾ ഒരു സ്റ്റീൽ ഗ്ലാസ് നീട്ടിപ്പിടിച്ച് ചോദിക്കുംപോലെ സ്വപ്നം കാണുന്നു. അവൾക്കെന്റെ മുഖംഎന്റെ ഒച്ച കുട്ടിക്കാലത്ത് തോട്ടിൽ ഒലിച്ചുപോയ എന്റെ അതേ നീലക്കുപ്പായം. പാതിജീവനായി തോളൊപ്പംഅള്ളിപ്പിടിച്ചു നിന്ന് അവസാനത്തെ പേൻ അവളുടെ തലയിൽനിന്ന് ഇഴവിടർത്തി വരമ്പിലേക്കിറങ്ങുന്നത് ഞാൻ കണ്ടു, അവളിൽനിന്നും പോയ്‌പ്പോയ അവസാനത്തെ ചെള്ള്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മാമ്പഴക്കാലത്ത്

മരണപ്പെട്ട

ഒരു പെൺകുട്ടിയും

ഒരു ചിന്നക്കുട്ടുറുവനും

എന്നെ കാണാൻ വന്നു.

അവർ പതിവായി നട്ടുച്ചയിൽ

ജലമൊഴിഞ്ഞു പോകാത്ത

ചതുപ്പിൽ വന്നുനിൽക്കുന്നു.

ഇടയ്ക്ക് അടുക്കളവാതുക്കൽ

വന്നുനിന്ന്

ഉപ്പുണ്ടോ

പഞ്ചാരയുണ്ടോ

കറിയുണ്ടോ

അരിയുണ്ടോ എന്നവൾ

ഒരു സ്റ്റീൽ ഗ്ലാസ് നീട്ടിപ്പിടിച്ച്

ചോദിക്കുംപോലെ സ്വപ്നം കാണുന്നു.

അവൾക്കെന്റെ മുഖം

എന്റെ ഒച്ച

കുട്ടിക്കാലത്ത് തോട്ടിൽ ഒലിച്ചുപോയ

എന്റെ അതേ നീലക്കുപ്പായം.

പാതിജീവനായി തോളൊപ്പം

അള്ളിപ്പിടിച്ചു നിന്ന്

അവസാനത്തെ പേൻ

അവളുടെ തലയിൽനിന്ന്

ഇഴവിടർത്തി വരമ്പിലേക്കിറങ്ങുന്നത്

ഞാൻ കണ്ടു,

അവളിൽനിന്നും പോയ്‌പ്പോയ

അവസാനത്തെ ചെള്ള് ജീവിതം.

ഓരുവെള്ളത്തിൽ കുളിച്ച്

ചതുപ്പിലെ പൊഴിയിലൂടെ ഏഴു കാതം കടന്ന്

നട്ടുച്ചയ്ക്ക് പടിഞ്ഞാറുവശത്തെ

മുറ്റത്തൂടെയത് ഉമ്മറത്തേക്ക്

കയറിവരുമെന്ന് എനിക്ക് തോന്നി.

കായ കെട്ടിയ ചുരുണ്ടമുടിയിൽനിന്ന്

പേന് മുക്കുവരുടെ തോണിപ്പാട്ട്

കൊണ്ടുവന്ന്

ഞാലിയകത്തെ

ജാലകപ്പടിയിൽ കൊണ്ടുവച്ചു.

പാതിരാത്രി ഞാനും അവളുടെ പേനും

ഞാലിയകത്തെ ജാലകത്തിലൂടെ

ചതുപ്പിലേക്ക് നോക്കിനിൽക്കുന്ന

സ്വപ്നം കാണുന്നു

പേനിന് പടപടാമിടിപ്പ്.

രാത്രിയിൽ ചതുപ്പിന്റെ ചങ്കിൽ

ആരോ ചെങ്കല്ല് പാകുന്നു

അന്ന് പാതിരായ്ക്ക് ഞാൻ

രണ്ടാമത്തെ ഉറക്കത്തിൽ

മാമത്തിനെ സ്വപ്നം കണ്ടു വിരണ്ടു.

മാമ്പഴക്കാലത്ത്

മരണപ്പെട്ട

ഒരു പെൺകുട്ടിയും

ഒരു ചിന്നക്കുട്ടുറുവനും

ഇന്ന് പാതിരാത്രി

വീണ്ടും എന്നെ കാണാൻ വന്നു.

അവർ പതിവായി രാത്രിയിൽ

ജലമൊഴിഞ്ഞുപോയ

ചെങ്കൽപ്പാതയിൽ വന്നുനിൽക്കുന്നു.

ഞാൻ അവളുടെ കയ്യിൽ

സ്റ്റീൽ ഗ്ലാസ് ഉണ്ടോ എന്ന് മാത്രം നോക്കി.

പണ്ട് ഞാൻ കഞ്ഞിവെള്ളം കുടിക്കുന്ന

അയൽപക്കത്തെ അടുക്കളവാതുക്കൽ

പോയിനിന്ന്

ഉപ്പുണ്ടോ

പഞ്ചാരയുണ്ടോ

കറിയുണ്ടോ

അരിയുണ്ടോ എന്ന് ചോദിച്ച്

നീട്ടിപ്പിടിക്കുന്ന അതേ ഗ്ലാസ്.

News Summary - weekly literature poem