നൊടിനേരം

ഈ കാണും റോഡരികിലെ ഈ നിൽക്കും മരത്തിലെ ഈയെല്ലായിലകളും കൂടി ഇന്നേരം വീശുന്ന കാറ്റിൽ ഇളകുന്ന അതേ ചലനത്തിൽ മറ്റൊരു ദേശത്ത് മറ്റൊരു മരത്തിൽ ഇപ്പോൾ നടക്കുന്നുണ്ടാവുമോ? ഇല്ലെങ്കിൽ, ഇനിയെപ്പോഴെങ്കിലും..? അഥവാ ഇതിനുമുമ്പ്.?! ഒരുപക്ഷേ ഈ മരത്തിൽത്തന്നെയെങ്കിലും? ചലനത്തിന്റെ ശാസ്ത്രയുക്തിയിലല്ല.ചലിക്കുന്നതിന്റെ ജ്യാമിതീയ കൃത്യതയിൽ... ഓരോ ചില്ലയും ഓരോ ഇലയും ഒറ്റനിമിഷത്തിൽ അനങ്ങിയതിന്റെ അതേയാവർത്തനത്തിൽ. ‘അതുപോലെ’...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഈ കാണും റോഡരികിലെ
ഈ നിൽക്കും മരത്തിലെ
ഈയെല്ലായിലകളും കൂടി
ഇന്നേരം വീശുന്ന കാറ്റിൽ
ഇളകുന്ന അതേ ചലനത്തിൽ
മറ്റൊരു ദേശത്ത്
മറ്റൊരു മരത്തിൽ
ഇപ്പോൾ നടക്കുന്നുണ്ടാവുമോ?
ഇല്ലെങ്കിൽ, ഇനിയെപ്പോഴെങ്കിലും..?
അഥവാ ഇതിനുമുമ്പ്.?!
ഒരുപക്ഷേ
ഈ മരത്തിൽത്തന്നെയെങ്കിലും?
ചലനത്തിന്റെ ശാസ്ത്രയുക്തിയിലല്ല.
ചലിക്കുന്നതിന്റെ ജ്യാമിതീയ കൃത്യതയിൽ...
ഓരോ ചില്ലയും ഓരോ ഇലയും
ഒറ്റനിമിഷത്തിൽ അനങ്ങിയതിന്റെ
അതേയാവർത്തനത്തിൽ.
‘അതുപോലെ’ എന്ന പ്രയോഗത്തിന്റെ
തീവ്രശുദ്ധിയിൽ..!
മുന്നിൽ പോകുന്ന പെൺകുട്ടീ
മുഖത്തേക്ക് നിന്റെ മുടിയിഴകൾ
പാറിവീണു പുളയുന്നതിന്റെ
അതേ നൃത്തച്ചുവടുകളിൽ
മുന്നേ, പിന്നേ, യെപ്പോഴെങ്കിലും
മറ്റൊരുവളുടെ ശിരസ്സിൽ..?
തനിയാവർത്തനമില്ലാത്ത
ഒറ്റനിമിഷങ്ങളുടെ ഫോട്ടോഗ്രാഫുകളിൽ
പോസു ചെയ്തേയിരിക്കുന്നു
നമ്മൾ, ജാലജീവങ്ങൾ,
ഭൂമി...
ബാല കഥാപുസ്തകത്തിൽ
ഇടംവലം ചിത്രങ്ങളിൽ
വ്യത്യാസം കണ്ടെത്താനുള്ള
വെല്ലുവിളിപ്പേജിൽ
അതേപോലെയെന്ന
ആദ്യ കാഴ്ചയിൽനിന്ന്
അതിലോലമൊരു വ്യതിയാനം
കണ്ണിലുടക്കുന്നപോലെ...
(നോക്കൂ ആ മുയൽച്ചെവി
ഒന്നിൽ മുകളിലേക്കു മടങ്ങിയാണ്!
ഇടതുവശത്തെ ചുവന്ന പൂവിന്
ഒരിതൾ കുറവാണ്!)
അമ്പതാണ്ടു മുമ്പത്തെ സിനിമയിൽ
അനുരാഗി നായികക്കു പിന്നിൽ
അവളേക്കാൾ നാണിച്ചു നിന്നൊരു
ജാലകവിരിയുടെ
നേർത്ത കാറ്റിലെയനക്കം.
കുതറിപ്പൊങ്ങുമിളക്കത്തിന്റെ
ഒരു നൊടിനേരം...
അതു കാണാനായി മാത്രം
പിന്നെയും പിന്നെയും പാട്ടിനെ
പിന്നിലേക്കോടിക്കുന്നൊരാൾ...
അപ്രസക്തമായ അനുബന്ധങ്ങളുടെ
ഒളിഞ്ഞിരിക്കുന്ന അനശ്വരതകളിൽ
ഒരു പടം മുഴുവനേ–
യുറഞ്ഞുപോം മായാജാലം.
ലോകത്തിലെ എല്ലാ വെള്ളിത്തിരയിലുംവെച്ച്
അതുപോലെ നടിച്ചൊരു പടുത
അതു മാത്രമാകുന്ന അനുപമം.
‘‘പറയരുത്,
ഇതു മറ്റൊന്നിൻ പകർപ്പാണെ’’ന്ന്
ഒരു കവിക്കും പ്രാർഥിക്കേണ്ടാത്ത ഭാഷയിൽ
ഭൂമിയും ലോകവും
എഴുതിക്കൊണ്ടേയിരിക്കുന്നു.