മേയ് 26, വൈകുന്നേരം


മഴ വരുമ്പോള്‍ ഞാന്‍ പലതും ഓർമിക്കുന്നു. കൊക്കില്‍ മഴയും കൊത്തിയെടുത്ത് പറക്കുന്ന അരയന്നങ്ങളെ വരെ. മരിച്ചുപോയ എല്ലാവരെയും. ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച ചങ്ങാതിയെ വരെ. മഴ, പക്ഷേ, എന്നുമെന്നപോലെ, ഞങ്ങളുടെ ബാല്‍ക്കണിയില്‍നിന്നും കാണുന്ന മരത്തിന്റെ പിറകില്‍, നെറുകിലെ കാറ്റ് മറച്ച്, കവികളെ മോഹിപ്പിക്കാറുള്ളപോലെ നില്പ്പുണ്ടാവുമെന്നു ഞാനൂഹിക്കുന്നു. കവികളുടെ അതേ മുഷിപ്പോടെ. എല്ലാ കവിതകളിലും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മഴ വരുമ്പോള്‍ ഞാന്‍ പലതും ഓർമിക്കുന്നു.
കൊക്കില്‍ മഴയും കൊത്തിയെടുത്ത് പറക്കുന്ന
അരയന്നങ്ങളെ വരെ.
മരിച്ചുപോയ എല്ലാവരെയും.
ഇനിയൊരിക്കലും കാണില്ലെന്നുറപ്പിച്ച
ചങ്ങാതിയെ വരെ.
മഴ, പക്ഷേ, എന്നുമെന്നപോലെ,
ഞങ്ങളുടെ ബാല്‍ക്കണിയില്‍നിന്നും കാണുന്ന
മരത്തിന്റെ പിറകില്‍, നെറുകിലെ കാറ്റ് മറച്ച്,
കവികളെ മോഹിപ്പിക്കാറുള്ളപോലെ
നില്പ്പുണ്ടാവുമെന്നു ഞാനൂഹിക്കുന്നു.
കവികളുടെ അതേ മുഷിപ്പോടെ.
എല്ലാ കവിതകളിലും പ്രത്യക്ഷപ്പെടാറുള്ളപോലെ
മുടിയഴിച്ചിട്ട്, നിലവിളിച്ച്, ആര്‍ത്ത്–
മഴയെപ്പറ്റി അങ്ങനെയെല്ലാം എഴുതാന്‍
എനിക്കും തോന്നുന്നു.
ഞാനവിടെത്തന്നെ നില്ക്കുന്നു.
തോരാനിട്ട ഉടുപ്പുകളുടെ മണം ശ്വസിച്ചുകൊണ്ട്.
മാനത്തെ പക്ഷിയെ ഏതെങ്കിലുമൊരു കാര്‍മേഘം
വിഴുങ്ങുന്നതുവരെ.
കൊള്ളിയാന്‍ വന്നുപോകുന്നതുവരെ.
ഇടി മുഴങ്ങുന്നതുവരെ.
താഴെ, പൂന്തോട്ടത്തില്‍,
അതുവരെയും ഒളിച്ചിരുന്ന പൂച്ച
വീര്‍ത്ത വയറുമായി പുറത്തേക്ക്
ഓടിപ്പോവുന്നതു വരെ.
നിലവിളിച്ചോടുന്ന ആംബുലന്‍സിന്റെ ഒച്ച
കടന്നുപോകുന്നതുവരെ.
നോക്കിനില്‍ക്കേ:
മഴ, പതുക്കെ ഒഴിഞ്ഞുപോകുന്നു.
അവസാനിക്കാത്ത ഒരു നിമിഷത്തിലേക്ക്
അതിവേഗമലിയുന്ന നിശ്ശബ്ദത, മറ്റൊരു കാത്തുനില്പ്
എന്നെ മൂടാന്‍ തുടങ്ങുന്നു.
എല്ലാ കവികളെയുംപോലെ ഞാനും
മഴയെപ്പറ്റി എഴുതാന്‍ വാക്കോ, വരിയോ തേടുന്നു.
ആ സമയത്ത്,
ആ സമയത്ത്, ഒരു തുള്ളി വെള്ളം
എന്റെ നെറുകിലേക്ക് വീഴുന്നു.
ഞാന്‍ തലയുയര്‍ത്തി നോക്കുന്നു:
മഴയുമായി പറന്നുപോകുന്ന
അരയന്നങ്ങളെ കാണാന്‍.