പിച്ചാത്തിയും മനോരണ്ണനും

ഇന്ദ്രൻസ് ഏഴായി കീറി ഉണങ്ങിയതുപോലിരിക്കും മനോരണ്ണനെ കണ്ടാൽ ഒരുനാൾ അണ്ണന്റെ കൊച്ചാലുമ്മൂട്ടുള്ള മനോഹരാ വുഡ് വർക്ഷോപ്പിൽ ചെന്നു തടിപ്പണിയാണ് നല്ലുഗ്രൻ കൊത്തുപണിക്കാരൻ ഒരു പള്ളിയിലേക്കുള്ള കതകിൽ മുഴുവൻ മുന്തിരിവള്ളിയും ഇലയും കുലയുമൊക്കെ വരുത്തുന്നത് അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട് ഉളി നന്നായി വഴങ്ങുന്ന കൈ രണ്ട് കുരണ്ടി പണിയിക്കാൻ ചെന്നതാണ് കഥ പറഞ്ഞങ്ങനെ കണ്ടിരുന്നു ‘വരമഞ്ഞളാടിയ’ മൂന്നാലു തവണ പാടിച്ചു ഉളി താഴെ വെച്ച് ഇടക്കിടെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ഇന്ദ്രൻസ്
ഏഴായി കീറി ഉണങ്ങിയതുപോലിരിക്കും
മനോരണ്ണനെ കണ്ടാൽ
ഒരുനാൾ അണ്ണന്റെ
കൊച്ചാലുമ്മൂട്ടുള്ള
മനോഹരാ വുഡ് വർക്ഷോപ്പിൽ ചെന്നു
തടിപ്പണിയാണ്
നല്ലുഗ്രൻ കൊത്തുപണിക്കാരൻ
ഒരു പള്ളിയിലേക്കുള്ള കതകിൽ മുഴുവൻ
മുന്തിരിവള്ളിയും ഇലയും കുലയുമൊക്കെ
വരുത്തുന്നത്
അതിശയത്തോടെ നോക്കിനിന്നിട്ടുണ്ട്
ഉളി നന്നായി വഴങ്ങുന്ന കൈ
രണ്ട് കുരണ്ടി പണിയിക്കാൻ
ചെന്നതാണ്
കഥ പറഞ്ഞങ്ങനെ കണ്ടിരുന്നു
‘വരമഞ്ഞളാടിയ’ മൂന്നാലു തവണ പാടിച്ചു
ഉളി താഴെ വെച്ച് ഇടക്കിടെ കണ്ണു തുടച്ചു
നാലുവഴിക്കൂടേം പലതരം പുഴ ചാടും
സങ്കടക്കടലാണ് മനോഹരണ്ണൻ
മറ്റേ മുറിയിൽ
മണ്ട മുട്ടെ കൂട്ടിയിട്ടിരിക്കും
കഴുക്കോലുകൾക്കിടയിൽ
എന്തോ ഒരു കുഞ്ഞുകൊത്തുപണി
കണ്ണിൽ തടഞ്ഞു
കയ്യിടിച്ചുകേറ്റി അത് പുറത്തെടുത്തു
ഒരു കഠാരപ്പിടിയാണ്
കണ്ട ബട്ടണിൽ ഞെക്കി
പുത്തനാണ്, അത് നൂർന്നു തിളങ്ങി
ആരാണ്ടിവിടെ പാത്തുവെച്ചത്
മനോരണ്ണൻ കാണാത്തതാവാം
ആരെടയാ മനോരണ്ണാ ഈ കഠാര?
ഞെട്ടുമെന്നാണ് കരുതിയത്
ഞെട്ടിയില്ല –മുഖത്തേക്കൊരു
വെപ്രാളം ഇരച്ചെത്തി
ചുറ്റും നോക്കി
അയ്യോ അതെന്റെ തന്നാ മോനേ
അതും പോയി കണ്ടുപിടിച്ചോ!
ചിരിക്കുന്നു.
എനിക്കാണേൽ ചിരിമാറി
ഈ ലോകത്ത് മനോരണ്ണന്റെ
കയ്യിലും കഠാരയോ
ഇതെന്തിനാ?
ആരേലും കാണും മുമ്പ്
അതങ്ങ് കേറ്റിവെയ് –പറയാം
മനോരണ്ണൻ
കഥ പറഞ്ഞ് തുടങ്ങുന്നു...
മോനെന്റെ ചേട്ടൻ
മുരളിയെ അറിയാമല്ലോ
ഞങ്ങള് തമ്മിൽ മിണ്ടിയിട്ട്
പന്ത്രണ്ട് കൊല്ലമായി
അത്രക്ക് പിണക്കത്തിലാണ്
പേക്ഷ, അതിര് തർക്കത്തിനിടയിൽ
അപ്പച്ചീടെ മോൻ മധു
/ഞങ്ങള് രണ്ടും മാറി മാറി
എടുത്തോണ്ടു നടന്ന് വളത്തിയ കൊച്ചനാ/
മുരളിയെ അവൻ
തൊഴിച്ച് വേലിക്കല്ലേലോട്ടിരുത്തി
കൊരവള്ളിക്ക് വടിവാളുവെച്ച്
മാപ്പ് പറയിച്ചു
മുരളിയാരാ മോനെന്നറിയാമല്ലോ
അവൻ മാപ്പുപറയണമെങ്കിൽ
എന്തും മാത്രം മരണവെപ്രാളമെടുത്തു കാണും
അതുകൊണ്ട് മധൂനെ തട്ടി
ജയിലിൽ പോകാൻ
ഞാനങ്ങ് തീരുമാനമെടുത്തു
ഗൾഫിലൊള്ള കൂടെ പഠിച്ചവൻ ജോണിന്
കത്തെഴുതി
–അളിയാ നാളിതേവരെ നിന്നോട് ഞാനൊരു
റൂളിപ്പെൻസിലുപോലും ചോദിച്ചിട്ടില്ല
ആദ്യമായിട്ടൊരു കാര്യം ചോദിക്കുന്നു
ഇനി നീ വരുമ്പം
എനിക്കൊരു കഠാര കൊണ്ടുവരണം
മധുവിപ്പം വല്യ കൊട്ടേഷൻകാരനൊക്കെയാണ്
പക്ഷേ അവനെയിനി വെച്ചേക്കത്തില്ലെന്ന്
മറ്റത്തപ്പനെ വിളിച്ച് സത്യം ചെയ്തു.
അങ്ങനെ വരുത്തിയ കഠാരയാ മോനേ ഇത്
എന്നിട്ട്?
എന്നിട്ടെന്താ, വീട്ടിലെങ്ങും
പാത്തുവെക്കാൻ
സ്ഥലമില്ലാത്തതുകൊണ്ട് ഇവിടെ കൊണ്ടുവെച്ചു
അല്ല, മറ്റത്തുത്സവം
കഴിഞ്ഞയാഴ്ച കഴിഞ്ഞില്ലേ?
അതുപറയാം–
ഉത്സവത്തിന് കൊടിയേറിയേന്റന്ന് മുതല്
എന്നെ ഈയലുപോലെ
വെറക്കുവാരുന്നു
ഇരുപത്തെട്ടാമത്തെ ദിവസം ഞാൻ
ജയിലിൽ പോകാമ്പോകുവാണല്ലോന്നോർത്ത്
രാത്രീലെല്ലാം കെടന്ന് കരഞ്ഞു
പെണ്ണുമ്പുള്ള ആവുന്നതെല്ലാം ചോദിച്ചിട്ടും
ഞാൻ കാര്യം പറഞ്ഞില്ല
ആരാണ്ടേതാണ്ട് ചെയ്തതാന്നും പറഞ്ഞ്
അവരമ്മേം മോളും കൂടെ
വെട്ടിക്കോട്ടും
മണ്ണാറശ്ശാലേലുമൊക്കെ പോയി,
ഒടുക്കം മറ്റത്തുത്സവത്തിന്റന്ന്
എല്ലാരും കൂടി മറ്റത്തുചെന്നു
എനിക്കാണേലവരെ കൂട്ടം പിരിയാനേ പറ്റുന്നില്ല
നയത്തിൽ പിള്ളാരെ ഐസ്ക്രീം മേടിച്ചുകൊടുക്കാൻ കൊണ്ടുപോയിട്ട്
കരഞ്ഞോണ്ടോരോ ഉമ്മേം കൊടുത്ത് മുങ്ങി
അവര് തള്ളേടെടുത്ത് ചെല്ലുന്നതുവരെ
ഒരു തെങ്ങിന് മറഞ്ഞു നോക്കിനിന്നു
എന്നിട്ട് നേരെ പോയി
മധുവൊക്കെ അമ്പലത്തിലോട്ട് വരുന്ന
ഒരു ചെറയുണ്ട്, അവിടെച്ചെന്നു നിന്നു
അപ്പച്ചീം നാത്തൂനും കൂടി വരുന്ന കണ്ട്
അവിടേമൊരു തെങ്ങിന് മറഞ്ഞു
അപ്പച്ചീടെ പോക്കു കണ്ടപ്പോ
സത്യത്തിൽ മോനേ ഞാൻ പൊട്ടിക്കരഞ്ഞു
നൊന്തുപെറ്റ വയറല്ലേ? ആ വയറ്റീന്നു
വന്നവനെയല്ലേ ഞാനിപ്പം കൊല്ലാൻ പോകുന്നെ? അതോർത്തിട്ടെനിക്ക്
സഹിക്കാൻ പറ്റിയില്ല
അന്നാരം ദാണ്ടെ മധു വരുന്നു
എന്നിട്ട്?
മറ്റത്തപ്പാ ക്ഷമിക്കണേ
മറ്റത്തപ്പാ ക്ഷമിക്കണേന്ന്
പ്രാർഥിച്ച് പ്രാർഥിച്ച് നിന്ന്
മധു മുന്നിലെത്തിയതും
നില്ലെടാ അവിടെ, എന്തുവാടാ നീയന്ന്
മുരളിയോട് ചെയ്തതെന്നും ചോദിച്ച്
തെങ്ങുംമൂട്ടീന്നൊരൊറ്റ ചാട്ടത്തിന്
അവന്റെ മുന്നിച്ചെന്നു
എന്നിട്ട്?
അഞ്ചാമത്തെ ബീഡീം കത്തിച്ച്
ഒന്നും മിണ്ടാതെ മനോരണ്ണൻ കുനിഞ്ഞിരുന്നു
കുത്തിയോ അണ്ണാ?
അപ്പഴാ മോനേ
ഞാനോർക്കുന്നത്
ശ്ശെടാ, പിച്ചാത്തി
കൊച്ചാലുമ്മൂട്ടിരിക്കുവാണല്ലോന്ന്!
അതവിടുന്നെടുക്കാനങ്ങ് മറന്നുപോയി.
എന്നിട്ട് മധുവെന്തു ചെയ്തു?
ഓ, അവന് നല്ലാരോഗ്യമല്ല്യോ
മാറടാ മൂന്നീന്നെന്നും പറഞ്ഞ്
എന്നെ വാരിയെടുത്ത്
പാടത്തോട്ടൊരേറ്
ഇപ്പം തിരുമിച്ചോണ്ടിരിക്കുവാ
മോനേ നടു.
കഥകേട്ടന്തം വിട്ട്
ചിരിക്കണോ
മനോരണ്ണന്റെ കൂടെ
കരയണോന്നറിയാതെ...

