ഞാൻ ഓടുന്നു നിങ്ങളും

നാട്ടുവരമ്പിലൂടെ ഞാൻ ഓടുന്നു നിങ്ങളെന്നെ എന്തിന് പിന്തുടരുന്നു ശ്ലാഘിക്കാനോ പുണരാനോ അല്ല കീഴ്പ്പെടുത്താനായിരുന്നെങ്കിൽ പുഴയ്ക്കപ്പുറം നമ്മളൊരുമിച്ചിരുന്നല്ലോ നീന്തിത്തുടിച്ചതോർത്ത് മീൻ പിടിച്ച് തോണി തുഴഞ്ഞ് ഉറവ തേടി പാറക്കെട്ടിലലഞ്ഞ് കർക്കടകപ്പെയ്ത്തിന്റെ രാത്രികളിൽ നീലക്കൊടുവേലി കൊത്തി നീന്തി വരുന്ന സർപ്പങ്ങളെ തിരഞ്ഞ്* നീർച്ചുഴികളിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
നാട്ടുവരമ്പിലൂടെ ഞാൻ ഓടുന്നു
നിങ്ങളെന്നെ എന്തിന് പിന്തുടരുന്നു
ശ്ലാഘിക്കാനോ പുണരാനോ അല്ല
കീഴ്പ്പെടുത്താനായിരുന്നെങ്കിൽ
പുഴയ്ക്കപ്പുറം നമ്മളൊരുമിച്ചിരുന്നല്ലോ
നീന്തിത്തുടിച്ചതോർത്ത്
മീൻ പിടിച്ച് തോണി തുഴഞ്ഞ്
ഉറവ തേടി പാറക്കെട്ടിലലഞ്ഞ്
കർക്കടകപ്പെയ്ത്തിന്റെ രാത്രികളിൽ
നീലക്കൊടുവേലി കൊത്തി
നീന്തി വരുന്ന സർപ്പങ്ങളെ തിരഞ്ഞ്*
നീർച്ചുഴികളിൽ ജലയക്ഷികൾ
മുടി നീർത്തി തുടിച്ചു പൊന്തുന്നതും
വരണ്ട മണൽത്തിട്ടയിൽ
ഈർക്കിൽക്കോട്ടകൾ പണിതതും
ആറ്റിലിപ്പകൾക്കിടയിൽ ഒളിച്ചു കളിച്ചതും
കടവുകളിൽ ഉപ്പൻ കൂവി നടന്നതും
മലവെള്ളപ്പാച്ചിലിൽ നിന്നെത്തിരഞ്ഞ്
കരിംകൂവളം ചുറ്റി വെറുതെ കിടന്നതും
ഏതോ പുരാതന വള്ളത്തിൽപ്പോകവെ
തടവ് ചാടി വന്നൊരാൾ വള്ളം മറിച്ചതും
കടത്തുകാരൻ എന്നോട് കയർത്തതും
ഒരുമിച്ചിടത്തു നിന്നെങ്ങോട്ടെന്നറിയാതെ
ഞാൻ ഓടുകയാണ്.
കഥയുടെ പൊയ്ക്കാലിൽ
കവിതയുടെ കുളമ്പുകളിൽ
ഐതീഹ്യപ്പെരുമയിൽ
ഇതിഹാസ ശൈത്യത്തിൽ
ഞാൻ ഓടുകയാണ്.
ഭൂതകാലത്തിന്റെ വെയിൽത്തിട്ട ചാരി
വരുംകാല കുളിരിന്റെ പുൽമേട് താണ്ടി
കളിമണ്ണ് പൊത്തിത്തീർത്ത
ഗുഹാ ശലകങ്ങളിൽനിന്ന്.
ഒരു ദിക്കിലൊരിക്കൽ ഞാൻ
കാൽ തട്ടി വീണു
മറു ദിശയിൽ പലകുറി മുങ്ങിനിവർന്നു
നെൽപ്പാടമെത്തി, ചിറക്കാല് താണ്ടി
വീണ്ടുമോടുന്നു, നിങ്ങളകലത്താണ്
ചന്തകൾ തായ് വഴികൾ
കോരം പുല്ലിന്റെ മേടുകൾ
നിങ്ങളിപ്പോളെന്നൊപ്പമെത്തി
പാതാള വാതിലുകൾ കവർന്ന്
ജാലക ദൃശ്യങ്ങൾ കടന്ന്.
കീറിയെറിഞ്ഞ പുസ്തകത്താൾ
പറക്കുന്നപോലെ
നിങ്ങളെന്നെത്തിരഞ്ഞാണോടുന്നതെങ്കിൽ
വീണ്ടുകീറിയ ആത്മാവ്
കേഴുന്ന പോലെ
നിങ്ങളോടൊപ്പം ഞാനെന്തിനോടണം.
നിങ്ങളെന്നോടൊപ്പം എന്തിനോടുന്നു
ഇടക്കിടെ എന്നെ പിടിച്ചു നീർത്തുന്നു
ഒരുമിച്ചിടത്ത് വീണ്ടുമെത്തുന്നു
കൈതകൾക്കരുകിൽ നാം കാത്ത് നിൽക്കുന്നു.
ഓടിയതെന്തിനെന്നറിയാതെ.
ഓർമകളുടെ കാല സ്ഥലികളിൽ
എന്നിൽനിന്നെപ്പോഴും ഞാൻ തന്നെ ഓടുന്നു.
=======
• ഇല്ലിക്കൽക്കല്ല് പ്രദേശത്ത് മീനച്ചിലാറുമായി ബന്ധപ്പെട്ട ഒരു മിത്ത്

