അന്തിക്കൂരാപ്പോളം

അറിയാം പൊന്നു ചെങ്ങാതീ നിൻ പഴഞ്ചൊല്ലിൻ ഭൂപടമാകെ നടന്നും നീന്തിയും ഓടിയും ചാടിയും പറന്നുമിഴഞ്ഞും എത്ര രൂപങ്ങളിൽ ഞാൻ അലഞ്ഞു തിരിയുന്നു പണ്ടേ നീയകറ്റി നിർത്തും പൊന്നുരുക്കുന്നിടത്തെ പൂച്ച ഞാനേ മെത്തേൽ കിടത്തിയാലും കിടന്നിടാത്തൊരട്ടയും ഞാനേ ഞാനേ, നീ പതിവായ് അപമാനിച്ചീടും കൊക്കാകാനായ് കുളിക്കും കാക്ക നിന്റെ സംക്രാന്തിയില്ലാ കാട്ടുകോഴീം എന്നും ഞാനേ എന്നേ നിൻ ചൊല്ലിലെ നേരം പുലരാൻ കരഞ്ഞുനോക്കും കുറുക്കൻ വേറെയാര് തുറക്കും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അറിയാം പൊന്നു ചെങ്ങാതീ
നിൻ പഴഞ്ചൊല്ലിൻ ഭൂപടമാകെ
നടന്നും നീന്തിയും ഓടിയും ചാടിയും
പറന്നുമിഴഞ്ഞും എത്ര രൂപങ്ങളിൽ
ഞാൻ അലഞ്ഞു തിരിയുന്നു
പണ്ടേ നീയകറ്റി നിർത്തും
പൊന്നുരുക്കുന്നിടത്തെ പൂച്ച ഞാനേ
മെത്തേൽ കിടത്തിയാലും
കിടന്നിടാത്തൊരട്ടയും ഞാനേ
ഞാനേ, നീ പതിവായ് അപമാനിച്ചീടും
കൊക്കാകാനായ് കുളിക്കും കാക്ക
നിന്റെ സംക്രാന്തിയില്ലാ
കാട്ടുകോഴീം എന്നും ഞാനേ
എന്നേ നിൻ ചൊല്ലിലെ
നേരം പുലരാൻ കരഞ്ഞുനോക്കും
കുറുക്കൻ വേറെയാര്
തുറക്കും പടിപ്പുര
യെന്നൊരു തോന്നലിലെന്നും
കുരക്കും പട്ടിയാര്
അങ്ങാടി വാണിഭം അറിയാത്തൊ
രാടും വേറെയാര്
ആനയോളം വാ പിളർത്തിടും
അണ്ണാൻ മറ്റാര്
ചിലപ്പോൾ നീ നോക്കെ, കൈയിൽ
പൂമാല കിട്ടിയ കുരങ്ങൻ ഞാൻ
ചിലപ്പോൾ വേദമോതീട്ടും
കാര്യമില്ലാ വെറും പോത്ത്
ചിലനേരം ആട്ടുകേട്ടോരു
കാട്ടുപന്നിയാകുന്നു ഞാൻ
ഉത്തരം താങ്ങി നിർത്തിടും
പല്ലിയാകുന്നു പിന്നാലെ
ഇടക്കു നിനക്കു ഞാൻ,
കടലും നക്കിമാത്രം കുടിക്കും നായ
പിന്നത്തെ വട്ടമൊരെലി ഞാൻ
പുന്നെല്ലു കണ്ടു ചിരിക്കുന്നു
അങ്ങനിരിക്കെ ഞാഞ്ഞൂൽ ഞാൻ
ഗ്രഹണ നേരത്തു ഞെളിയുന്നു
അന്തിക്കു നീ നോക്കുമ്പോൾ, ഞാ
നത്താഴം മുടക്കും നീർക്കോലി
അറിയാം പൊന്നു ചെങ്ങാതീ
നിൻ പഴഞ്ചൊല്ലിൻ ഭൂപടമാകെ
നടന്നും നീന്തിയും ഓടിയും ചാടിയും
പറന്നുമിഴഞ്ഞും എത്ര രൂപങ്ങളിൽ
ഞാൻ അലഞ്ഞുതിരിയുന്നു
നീയോ ബലവാൻ
ധനികൻ ഉന്നതൻ
ഇതിലൊരു ജീവിയുമതിനാൽ
നിനക്കു ബാധകമല്ല,
ഞാനോ ദുർബലൻ
ദരിദ്രൻ പണിയാളൻ
വീട്ടിലേക്കുള്ള വഴിനീളെ
എത്ര ജന്മങ്ങൾ താണ്ടുന്നു.

