മുസിരിസ് സ്കെച്ചുകള്‍

1. കൊടുങ്ങല്ലൂര്‍ അടിയന്തരാവസ്ഥയുടെ ചോരമഴ കഴിഞ്ഞ് മരംപെയ്തിരുന്ന നാളുകളില്‍, അതെന്തവസ്ഥയെന്നറിയാന്‍ മാത്രം ബുദ്ധിയുറയ്ക്കാത്ത നാലാംക്ലാസ് പ്രായത്തില്‍, സ്കൂളരികിലെ കാക്കിസ്റ്റേഷനു മുന്നിലൂടെ അലാസ്റ്റിക്കിട്ട പുസ്തകങ്ങളും ചോറ്റുപാത്രവുമായി എന്‍റെ നിക്കറും കുപ്പായവും കടന്നുപോയി. സൈക്കിളില്‍ സഹപാഠിയെ ഇരുത്തിയെന്ന ഓവര്‍ലോഡ് കുറ്റത്തിന് ബോയ്സു സ്കൂളിലെ പത്താംക്ലാസു പയ്യനെ തല്ലിത്തേങ്ങപോലെ പോലീസ് ചതച്ചതിനെതിരെ ചേട്ടന്മാര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. കാക്കിയിട്ട ആറു വെടിയുണ്ടകളിലൊന്ന് പിരിഞ്ഞുപോടാ എന്ന് എന്‍റെ നടത്തത്തിന് എതിര്‍ദിശയില്‍ ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
1. കൊടുങ്ങല്ലൂര്‍
അടിയന്തരാവസ്ഥയുടെ ചോരമഴ കഴിഞ്ഞ്
മരംപെയ്തിരുന്ന നാളുകളില്‍,
അതെന്തവസ്ഥയെന്നറിയാന്‍ മാത്രം
ബുദ്ധിയുറയ്ക്കാത്ത നാലാംക്ലാസ് പ്രായത്തില്‍,
സ്കൂളരികിലെ കാക്കിസ്റ്റേഷനു മുന്നിലൂടെ
അലാസ്റ്റിക്കിട്ട പുസ്തകങ്ങളും
ചോറ്റുപാത്രവുമായി
എന്‍റെ നിക്കറും കുപ്പായവും കടന്നുപോയി.
സൈക്കിളില്‍ സഹപാഠിയെ
ഇരുത്തിയെന്ന ഓവര്‍ലോഡ് കുറ്റത്തിന്
ബോയ്സു സ്കൂളിലെ
പത്താംക്ലാസു പയ്യനെ
തല്ലിത്തേങ്ങപോലെ
പോലീസ് ചതച്ചതിനെതിരെ
ചേട്ടന്മാര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു.
കാക്കിയിട്ട ആറു വെടിയുണ്ടകളിലൊന്ന്
പിരിഞ്ഞുപോടാ എന്ന്
എന്‍റെ നടത്തത്തിന് എതിര്‍ദിശയില്‍
ഒരു യുവാവിന്‍റെ കരളെടുത്തു.
ക്ലാസുമുറ്റത്തെ യക്ഷിപ്പാലയിലെ
കടന്നല്‍ക്കൂടിന് കല്ലേറ്റപോലെ
മുസിരിസ് ഇളകിയാര്‍ത്തു.
പടിഞ്ഞാറേ നടയിലെ വീട്ടില്‍നിന്ന്
അമ്മ ഓടിപ്പെടഞ്ഞുവന്ന്
ചെരിപ്പുകള്‍ക്കും കല്ലുകള്‍ക്കും ചോരയ്ക്കും ഇടയില്‍
ഉസ്കൂളില്‍നിന്ന്
എന്നെ പൊക്കിക്കൊണ്ടുപോയി.
അന്നുമുതല്‍ ഓരോ വര്‍ഷവും
പത്താംക്ലാസുവരെയും
ആഗസ്റ്റെട്ടു മറന്നിട്ടില്ല എന്ന്
ബെല്ലില്‍ തൂങ്ങി
സ്കൂള്‍ വിടുവിച്ച്
ഞങ്ങള്‍ സ്റ്റേഷന്‍മാര്‍ച്ച് നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം
ഇത്തവണ നാട്ടില്‍ പോയപ്പോള്‍
പഴയ സഹപാഠികളെ കണ്ടു.
ആല്‍ത്തറകളിലൊന്നിലിരുന്ന്
ആഗസ്റ്റെട്ട് മറന്നോ എന്ന്
ഞാന്‍ ആണ്ടുവിനോടും
അഗസ്റ്റിനോടും നിസാറിനോടും ചോദിച്ചു.
പൊടുന്നനെ
ഇത് ഞങ്ങള്‍വക ആല്‍ത്തറയാണ്
ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന്
അഞ്ചു മേൽമുണ്ടുകള്‍ വിലക്കി.
ഞങ്ങള്‍ മൂന്നുവഴിക്ക് ചിതറിപ്പിരിഞ്ഞു
പമ്മി മടങ്ങുമ്പോള്‍
നടുറോഡില്‍ മുണ്ടുംമടക്കിക്കുത്തി നിന്ന്
ടി.എന്‍. ജോയ്
പരിഹസിക്കുന്നതായി തോന്നി:
‘ഭീരുക്കള്‍’
* * *
1979 ആഗസ്റ്റ് 8, സൈക്കിളില്‍ സഹപാഠിയെ ഇരുത്തി വരികയായിരുന്ന വിദ്യാര്‍ഥിയെ ഓവര്‍ലോഡ് കുറ്റത്തിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതില്‍ നാട്ടുകാര്‍ കൂവി. കൂവലില്‍ അഭിമാനക്ഷതം തോന്നിയ പൊലീസുകാരന്‍ പതിനഞ്ചു വയസ്സുള്ള രണ്ടു വിദ്യാർഥികളെയും പിന്തുടര്‍ന്ന് ലാത്തികൊണ്ട് ഗുരുതരമായി തല്ലിച്ചതച്ചു. പിന്നിലിരുന്ന വിദ്യാർഥി ആശുപത്രിയിലായി.
പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കൊടുങ്ങല്ലൂരിലെ സ്കൂള്‍-കോളജ് വിദ്യാർഥികളും നാട്ടുകാരും പ്രതിഷേധിച്ചു. വിദ്യാർഥികള്‍ക്കുനേരേ പൊലീസ് നടത്തിയ വെടിവെപ്പില്‍ വെടികൊണ്ടത് സ്റ്റേഷന് എതിര്‍വശത്തെ ചായക്കടയില്‍ ചായ കുടിച്ചിരിക്കുകയായിരുന്ന ലത്തീഫ് എന്ന ചുമട്ടുതൊഴിലാളി യുവാവിന്. അദ്ദേഹം ആ വെടിവെപ്പില്‍ മരിച്ചു. നൂറുകണക്കിന് വിദ്യാർഥികള്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. ടി.എന്‍. ജോയ് പിന്നീട് നജ്മല്‍ ബാബുവായ കൊടുങ്ങല്ലൂരിന്‍റെയും കേരളത്തിന്‍റെയും നക്സലൈറ്റ് ഇതിഹാസം.
2. പാലസ് ആന്‍ഡ് പാരഡൈസ്
ശിൽപി തിയറ്ററിനരികിലെ
പാലസ് ആന്‍ഡ് പാരഡൈസ് ബാറില്‍
കൗമാരമണമുള്ള എന്‍റെ യൗവനം
ആദ്യമദ്യപ്പുഴയില്‍ നീന്താന്‍ ശ്രമിച്ച
നാളുകള്‍
മഹാഭാരതം വിവര്‍ത്തനംചെയ്ത
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
തോളത്തൊരു പാറുംമുണ്ടുമായി
മദ്യശാലയിലെ തേക്കുജാലകത്തിലൂടെ
കാറ്റായി കടന്നുവന്ന്
ഒരു വായുസന്ദേശം പാരായണം ചെയ്തു:
‘‘ബനേശകുമാരാ
ഭാരതം മലയാളത്തില്‍ വിടര്‍ന്ന
കോവിലകത്തിന്‍റെ
എടുപ്പാണ് നീ നുണയും ഈ മദ്യാലയം...
നീയും കവിതക്കിറുക്കനെന്ന്
സരസമൊഴിയില്‍ തെളിഞ്ഞതുകൊണ്ടു മാത്രം
ഈ പരിഭവസന്ദേശം.’’
അന്നേ ഞാന്‍ ഞെട്ടിയില്ല.
പരിഭാഷയിലേക്ക് വാറ്റപ്പെട്ടു കഴിഞ്ഞാല്‍
ഇതിഹാസങ്ങള്‍ക്കും
കൊട്ടാരം വിട്ടിറങ്ങേണ്ടിവരും.
പിന്നീട് എം.എല്‍.എ ആയ
ബാറുടമ ഉമേഷ് ചള്ളിയിലിന്
ടിപ്പില്ലാതെ മൂന്നു പെഗ് ജിന്നിന്‍റെ
കാശുമാത്രം കൊടുത്ത്
ഞാന്‍ പറപറന്നു.
ശ്രീനാരായണഗുരുവിനെപ്പോലെ
നിസ്സംഗമായൊരു നോട്ടം
ഉമേശന്‍ എന്നെ നോക്കിയോ?
3. പഞ്ചമി
മഞ്ജരി വൃത്തത്തിലെ
തെറിപ്പാട്ടുകള്‍
തുരുതുരെ കേട്ട്
അരയാലിലകളില്‍നിന്ന്
എത്രായിരം ബുദ്ധന്മാര്‍
ഓടിപ്പോയിട്ടുണ്ടാകും?
ഭരണിച്ചെമ്പട്ടില്‍
തെറിച്ചൊരുക്കില്‍
മോരിന്‍വെള്ളം കുടിക്കുകയായിരുന്ന
പതിനേഴുകാരിയോട്
ഞാന്‍ ചോദിച്ചു
പഞ്ചമി ഒതേനനാട്ടുകാരി
വയലില്‍ കുരുത്തവള്‍ മഞ്ഞളും കുരുമുളകും
നൂറായിരം സങ്കടങ്ങളും
അതിനേക്കാള്‍ പ്രതിഷേധങ്ങളും
വിഗ്രഹത്തിലേക്ക്
വര്‍ഷിച്ചെറിയാന്‍ വന്നവള്‍.
കാളിദാസ പാര്‍വതിയുടെ മേനിയില്‍
മഴത്തുള്ളി ഉരുണ്ടുകളിച്ചതുപോലെ
വാള്‍ച്ചോര
പഞ്ചമിയുടെ നിറുകയും
മൂക്കിന്‍തുമ്പും
ചുണ്ടും താണ്ടി
നാഭിയിലേക്ക്
തീനദിയായി.
അവള്‍ പറഞ്ഞു:
‘‘ബുദ്ധര്‍ എന്തിനോടണം?
താരുണ്യഭാര്യയുടെ
രാത്രിയുടല്‍
പുല്ലുപോല്‍ ത്യജിച്ചവന്
തെറിപ്പാട്ട്
അലോസരംപോലുമല്ല.
തന്നെ തെറി പറയുന്നവര്‍
തനിക്ക് സമ്മാനങ്ങള്‍ തരികയാണെന്നും
അവ ഇരട്ടിയായി
തന്നവര്‍ക്കുതന്നെ
മടക്കുന്നുവെന്നും പറഞ്ഞവന്‍
കാവുവിട്ട്
എന്തിന് പോകണം.
ഭാഷകൊണ്ട് തെറിച്ചും
വിലകിട്ടാത്ത ധാന്യങ്ങള്‍
കലഹിച്ചെറിഞ്ഞും
തിരികെ വീടെത്തുമ്പോള്‍
ഞങ്ങളും ബുദ്ധര്‍ തന്നെ…’’