മുസിരിസ് സ്കെച്ചുകള്‍

4. കൊക്കരണി ഉച്ചയ്ക്കെന്നും ചോറ്റുപാത്രം കാലിയാക്കിയ എച്ചില്‍കൈകളുമായി സ്കൂള്‍ മൈതാനവും കടന്ന് കോടതിക്കരികിലെ കൊക്കരണിയിലേക്ക് ഞങ്ങള്‍ മൂന്നാംക്ലാസുകാര്‍ നടക്കുമായിരുന്നു കിണറിനേക്കാള്‍ ഉള്ളാരമുള്ള കൊക്കരണിയില്‍ തൊട്ടിയിട്ട് കോരിയ ഞങ്ങള്‍ വെള്ളത്തില്‍ കോക്കാച്ചിയക്ഷികളെ മണത്തു. ഇടശ്ശേരിയുടെ പൂതം കൈക്കുമ്പിളില്‍ തെളിഞ്ഞ് വാ വാ പിള്ളാരേ എന്ന് മോഹനവാത്സല്യമാടി. ഗുണനപ്പട്ടികയുടെ പേരില്‍ കണക്കുമാഷുമാര്‍ നിത്യേന പറിച്ചെടുക്കാറുള്ള എന്‍റെ ചെവികള്‍ കൊക്കരണിയിലുണ്ടോ എന്ന് ഒരു വെള്ളിയാഴ്ച ദിവസം പടികളിറങ്ങി ഞാന്‍ കണക്കെടുത്തു ഒന്ന്, രണ്ട്, മൂന്ന്… ഏഴ്, അഞ്ച്,...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
4. കൊക്കരണി
ഉച്ചയ്ക്കെന്നും
ചോറ്റുപാത്രം കാലിയാക്കിയ
എച്ചില്‍കൈകളുമായി
സ്കൂള്‍ മൈതാനവും കടന്ന്
കോടതിക്കരികിലെ
കൊക്കരണിയിലേക്ക്
ഞങ്ങള്‍ മൂന്നാംക്ലാസുകാര്‍ നടക്കുമായിരുന്നു
കിണറിനേക്കാള്‍
ഉള്ളാരമുള്ള കൊക്കരണിയില്‍
തൊട്ടിയിട്ട് കോരിയ ഞങ്ങള്‍
വെള്ളത്തില്‍ കോക്കാച്ചിയക്ഷികളെ മണത്തു.
ഇടശ്ശേരിയുടെ പൂതം
കൈക്കുമ്പിളില്‍ തെളിഞ്ഞ്
വാ വാ പിള്ളാരേ
എന്ന് മോഹനവാത്സല്യമാടി.
ഗുണനപ്പട്ടികയുടെ പേരില്‍
കണക്കുമാഷുമാര്‍
നിത്യേന പറിച്ചെടുക്കാറുള്ള
എന്‍റെ ചെവികള്‍
കൊക്കരണിയിലുണ്ടോ എന്ന്
ഒരു വെള്ളിയാഴ്ച ദിവസം
പടികളിറങ്ങി ഞാന്‍ കണക്കെടുത്തു
ഒന്ന്, രണ്ട്, മൂന്ന്… ഏഴ്, അഞ്ച്, പതിനാറ്
പടികളുടെ പെരുക്കപ്പട്ടികയില്‍
ഞാന്‍ കൈകള്‍ പുറത്തിട്ടലച്ചു
മുസിരിലെ ഒന്നാംതെങ്ങുകേറ്റക്കാരി
പുല്ലൂറ്റു ജാനകി
കൽപകമണ്ടയില്‍നിന്ന്
കാവിനെ വിഹഗവീക്ഷണം ചെയ്യുന്നാറെ
ഇവനെക്കണ്ട് ചാടി
പൂതപ്പിടിയില്‍നിന്ന് രക്ഷിച്ചു
ആറാംക്ലാസില്‍
പരിണാമസിദ്ധാന്തം പഠിച്ചതുമുതല്‍
അന്ധവിശ്വാസം എന്നില്‍നിന്ന് പറപറന്നെങ്കിലും
കൊക്കരണിയില്‍
ഒരമ്മയുടെ മുലപ്പാല്‍ കലര്‍ന്നിട്ടുണ്ടെന്ന്
ഞാന്‍ വിശ്വസിക്കുന്നു
ഇന്നും
കരിക്കിന്‍വെള്ളം കുടിക്കുമ്പോഴൊക്കെ
കൊക്കരണിയോളം മധുരമില്ലല്ലോ എന്ന്
ഒരെക്കിള്‍
ഗ്ലും എന്ന്
പൊങ്ങിച്ചിതറാറുണ്ട്.
5. പട്ടണം
പര്യവേക്ഷണം കഴിഞ്ഞ്
രതിമൂര്‍ച്ഛയിലെന്നോണം
അനാവൃതത്വത്തിന്‍റെ ലജ്ജയില്ലാതെ
മലര്‍ന്നുനിവര്‍ന്നു കിടന്നു ഒരിക്കല്‍ ഞങ്ങള്‍
കുട്ടിയും കോലും കളിച്ച മണ്‍മേനി.
കോടാനുകോടി ഡോളര്‍കളേക്കാള്‍
വിലമതിപ്പുണ്ടെങ്കിലും
പ്രാചീനത മോഷ്ടിക്കാന്‍ മാത്രം
വിരുതുള്ള തസ്കരര്‍ പഷ്ണത്തില്ലെന്ന വിചാരത്തില്‍
കയര്‍ കെട്ടിയൊരുക്കിയ സുരക്ഷയ്ക്കപ്പുറം
സുരക്ഷാഭടര്‍ കൂര്‍ക്കംവലിച്ചു
നിലാവിനൊപ്പം അതിക്രമിച്ചുകടന്ന്
മഹാശിലായുഗത്തിലെ
പത്തേമാരികളിലും
കുഞ്ഞുതടിവള്ളങ്ങളിലും
ഞാനും മലര്‍ന്നുകിടന്നു,
ചരിത്രാതീതമായ നിലാവിലേക്ക് കണ്ണയച്ചു
ഇതേ നിലാവുതന്നെയായിരിക്കുമോ
അകനാനൂറിലെ
ചേരതമ്പ്രാക്കളുടെ
പ്രജാപതികാലത്തും
സംഘകാലത്തൊഴിലാളരെ,
മുക്കുവരെ, വള്ളക്കാരെ, അടിമൈകളെ,
തെങ്ങുകള്‍ക്ക് വളമായിട്ട ചാളമീനുകള്‍
മാന്തിയെടുത്ത് വിശപ്പാറ്റി
വയര്‍നൊന്ത് കരഞ്ഞോരെ
സമാശ്വസിപ്പിച്ചിട്ടുണ്ടാവുക
ഇതേ ഇതേ നിലാവ്?
സകല ചരിത്രപര്യവേക്ഷണങ്ങളും
വാഴ്ത്തുന്നു വാഴ്ത്തുന്നു
മഹാ പൈതൃകങ്ങളെ
വാണിജ്യങ്ങളെ
രത്നവൈരവൈഡൂര്യസുഗന്ധദ്രവ്യങ്ങളെ…
നടുവിന് കിട്ടിയ
മൂന്ന് ലാത്തിയടികളാല്‍
ഞാനെണീല്‍ക്കേ
അന്നത്തെ അടിമൈകള്‍
പുഴുമനിതര്‍
ചാളച്ചൂരുമായി
പിടഞ്ഞ പിടപ്പിന്‍റെ ചൂളം
അറബിക്കടലില്‍ ചെന്ന്
പതിച്ചുവോ…
അടികൊണ്ടോടവേ
കോട്ടപ്പുറം വായനശാലയില്‍നിന്ന്
അന്ന് വാങ്ങിയ പഴമ്പുസ്തകം
പട്ടണമണ്ണില്‍ വീണുപോയ്
‘അകനാനൂറ്’
അടിയുടെ ചൂളം
അടഞ്ഞൊരു മൂളക്കമായി
ഇന്നും ബാക്കിയുണ്ട്
ചെവിയില്‍.
6. മേഘനാഥന്‍
പത്തൊമ്പതു വയസ്സില്‍
കാഫ്കയുടെ ‘ഗ്രിഗര്‍ സാംസ’യെയും പേറി
ഞാന്‍ പള്ളിപ്പുറം കോട്ടയില്‍
ഒറ്റയ്ക്കുപോയി ഇരിക്കുന്നു.
ടിപ്പുവിന്‍റെ വെടിയുണ്ടകളുടെ
തുളകളില്‍നിന്ന്
രണ്ടു കുരുവികള്‍
തല പുറത്തിട്ട്
സിംഹാവലോകനത്തിന് ശ്രമിക്കുന്നു
സല്‍മാന്‍ ഖാന്‍റെ
ബാഗി സിനിമ കാണാന്‍
ബൈക്കില്‍ കൂട്ടുകാര്‍ പായുന്നു
കായലില്‍
ഒരു എരണ്ടപ്പക്ഷിയുടെ ജഡം
ചീര്‍ത്തുനീങ്ങുന്നു
നന്നങ്ങാടികള്‍പോലെ
ഇരുകാലിലും മന്തുമായി
നാരായണേട്ടന്‍ എറിഞ്ഞ വലയില്‍
ഒരു നീര്‍ക്കോലിമാത്രം
പരിഹസിച്ചു പുളയുന്നു
വായിച്ച പുസ്തകങ്ങള്‍ക്കും മേളിലെ
ദര്‍ശനപരിഭ്രമങ്ങളുമായി
ആല്‍മരങ്ങള്‍ക്കിടയില്‍നിന്ന്
**മമ്മാലി വരുന്നു.
കക്ഷത്തില്‍ കപ്പലണ്ടി മിഠായിയും
ഗ്രാംഷിയുമായി
വടിച്ച മീശയുടെ
പിറ്റേദിനപ്പരുക്കനുമായി
മെലിഞ്ഞുലഞ്ഞ്
ജലസമാധിയാകുന്നു
ആത്മഹത്യയെന്ന
വിചിത്രകീടത്തിന്‍റെ
വായിലേക്ക്
തലവച്ചുകൊടുക്കുന്ന
രാഷ്ട്രീയജീവിയായി
മകന്‍ പരിണമിക്കുന്നതിനുമുമ്പുള്ള
വാര്‍ഷികവലയോർജത്തില്‍
അഡ്വ. മേഘനാദന്‍ പ്രത്യക്ഷനായി
പാറക്കെട്ടുകളിലേക്ക് കയറിനിന്ന്
കാഫ്കയുടെ പുസ്തകം
എന്നില്‍നിന്ന്
ബലം പ്രയോഗിച്ച്
തട്ടിയെടുക്കുന്നു
പകരം
‘ഭഗവദ്ഗീതയും നൂറു മുലകളും’ തരുന്നു
കായലില്‍
നാരായണേട്ടന്‍ എറിഞ്ഞ വലയില്‍
ആയിരം മീനുകള്‍ കുടുങ്ങുന്നു.
=============
*അഡ്വ. ടി.കെ. മേഘനാഥന്‍. കൊടുങ്ങല്ലൂരിലെ നക്സലൈറ്റ് കാലത്തിന്‍റെയും പില്‍ക്കാല പ്രതിരോധങ്ങളുടെയും ദര്‍ശനചിന്തയുടെ ആള്‍രൂപം. അനന്തരം, മകന്‍ ആത്മഹത്യചെയ്തു.
**മമ്മാലി. അപാരമായ വായനയുടെയും ദര്‍ശനങ്ങളുടെയും അതിരില്ലാ ലോകങ്ങളില്‍ വിഭ്രാമകമായി സഞ്ചരിച്ച മുഹമ്മദാലി. ഫ്രെഡറിക് നീത്ഷെയെ 1980കളുടെ അവസാന വര്‍ഷങ്ങളില്‍ കൊടുങ്ങല്ലൂരിലെ ആല്‍ത്തറയില്‍ െവച്ച് എന്നിലേക്ക് ആവേശിപ്പിക്കാന്‍ ശ്രമിച്ചത് മമ്മാലിയായിരുന്നു.