ഷെയ്സ്ത മഹലിനുള്ള മാർബ്ൾ പലകകൾ

അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച. ഒരു കോൺക്രീറ്റ് വനം; തീപ്പെട്ടികൾപോലെ ഫ്ലാറ്റുകൾ അടുക്കിക്കെട്ടിയ ‘അംബരചുംബി’കളായ അപ്പാർട്മെന്റ് കെട്ടിടങ്ങൾ. രാവും പകലും ഒരുപോലെ പുകതുപ്പിക്കൊണ്ടും ഹോൺകാഹളം മുഴക്കിക്കൊണ്ടും ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർവാഹനങ്ങൾ -ഒടുങ്ങാതെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.
ഒരു കോൺക്രീറ്റ് വനം; തീപ്പെട്ടികൾപോലെ ഫ്ലാറ്റുകൾ അടുക്കിക്കെട്ടിയ ‘അംബരചുംബി’കളായ അപ്പാർട്മെന്റ് കെട്ടിടങ്ങൾ. രാവും പകലും ഒരുപോലെ പുകതുപ്പിക്കൊണ്ടും ഹോൺകാഹളം മുഴക്കിക്കൊണ്ടും ഓടിക്കൊണ്ടിരിക്കുന്ന മോട്ടോർവാഹനങ്ങൾ -ഒടുങ്ങാതെ നീങ്ങിക്കൊണ്ടേയിരിക്കലാണ് ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമെന്നപോലെ. പരസ്പരം സ്നേഹമോ വിശ്വാസമോ ഒരു പുഞ്ചിരിപോലുമോ ഇല്ലാതെ മരപ്പാവകൾപോലുള്ള മനുഷ്യർ മനുഷ്യർ -എങ്ങെങ്ങും- ശ്വാസംമുട്ടുന്ന ഈ ചുറ്റുപാടുകളിൽനിന്ന് എങ്ങനെയെങ്കിലും തടി ഊരിയെടുത്തേ പറ്റൂ. അങ്ങനെ മടുമടുത്തിരിക്കും നേരത്താണ് അറിയുന്നത് മുജാഹിദിന് സ്ഥലംമാറ്റമെന്ന്. എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
പറയാൻ മറന്നു: മുജാഹിദിനെപ്പറ്റി. അയാൾ എന്റെ ‘വീട്ടാൾ’ ആണ്. എന്നുപറഞ്ഞാലോ? ഒരു പെണ്ണ് എപ്പോഴും വീട്ടിൽ പണിയുന്നവൾ ‘വീട്ടമ്മ’യാണ്. ആ നിലക്ക് എപ്പോഴും ആപ്പീസിൽ കഴിയുന്ന മുജാഹിദ് ‘ആപ്പീസാൾ’ ആകേണ്ടതല്ലേ? ഛെ! വീണ്ടും എനിക്കുതെറ്റി. ആപ്പീസ് എന്റേതല്ലല്ലോ. അത് എന്നോടയാൾക്കുള്ള ബന്ധം സൂചിപ്പിക്കുകയില്ല. എന്റെ യജമാനൻ എന്നുപറഞ്ഞാലോ? അപ്പോൾ ഞാൻ അയാളുടെ അടിമയെപ്പോലാവും. അല്ലെങ്കിൽ ഒരു പട്ടിയെപ്പോലെ. അതുവയ്യ. ഞാൻ അൽപം പഠിപ്പുള്ളവളാണ്- ഒരു ഡിഗ്രിയും നേടിയിട്ടുണ്ട്. ‘ഗണ്ഡ’ എന്നുപറയാമോ? അതൊരു കനപ്പെട്ട വാക്കാണ്. ഗണ്ഡാന്തം പോലെ ഏതോ വലിയ ആപത്തിന്റെ ഓർമയുണർത്തും. ഈ പൊല്ലാപ്പൊക്കെ എന്തിന്? അയാളെ എന്റെ ‘പതി’ എന്നുപറയുകയല്ലേ വേണ്ടൂ? അപ്പോഴും കുഴപ്പം. ആരെങ്കിലും ‘‘ഇതാ ഇദ്ദേഹം എന്റെ പതി’’ എന്ന് മറ്റൊരാൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുമോ? അത് വാമൊഴിയല്ല. വരമൊഴിയാണ്. ഒരു ‘പുസ്തകവാക്ക്’. മാത്രമോ! അതിന്റെ കൂടെ ‘ദേവരു’ എന്നുകൂടി ചേർക്കാൻ പ്രേരണയുണ്ടാവും, സാമാന്യേന ഒരുവളുടെ കണവനെ ദേവനാക്കുന്ന ഇടപാട്. മുജാഹിദിനെ ദൈവമാക്കി ഉയർത്താൻ വയ്യ.
ഞങ്ങൾ, ‘മുസ്ലിമുകൾ’ക്ക് മോളിലുള്ള അല്ലാഹുവിനെപ്പോലെ താഴെ, ഭൂമിയിലുള്ള ദൈവമാണ് ‘പതി’ എന്നാണ് പൊതുസമ്മതമായ നേര്. അയാളുടെ ദേഹത്തിൽ ചോരയും ചലവും കിനിയുന്ന വ്രണങ്ങളുണ്ടാവുകയാണെന്നിരിക്കട്ടെ; അതു നക്കിത്തോർത്താൻ ഒരുക്കമാണെങ്കിൽകൂടി ഭാര്യക്ക് അയാളോടുള്ള കടപ്പാട് വീട്ടാനാവില്ലെന്ന് പറയപ്പെടുന്നു. അയാളൊരു മുഴുക്കുടിയനോ പെൺപിടിയനോ, സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നവനോ, ഇവയെല്ലാം ഒത്തുചേർന്നവനോ ആയാലും ഭാര്യ അയാളുടെ ഏറ്റവും താഴ്മയുള്ള വേലക്കാരിയാവണം. കടമപ്പെട്ട തൊഴിലാളി.
എനിക്ക് മുജാഹിദിനോടുള്ള ബന്ധമെന്തെന്ന് ഇപ്പോൾ നിങ്ങൾക്ക് പിടികിട്ടിയിരിക്കും. അതോടൊപ്പം ഞാനയാളെ എങ്ങനെ കരുതുന്നുവെന്നും. മുജാഹിദിന്, എന്റെ ജീവിതപങ്കാളിക്ക്, ‘കൃഷ്ണസാഗര അണക്കെട്ടു നിർമാണ പദ്ധതി’യോടു ബന്ധപ്പെട്ട ജോലിക്ക് സ്ഥലം മാറ്റമായപ്പോൾ മനോഹരമായ ഒരു ക്വാർട്ടേഴ്സ് കിട്ടി. ഫലവൃക്ഷങ്ങളും പൂന്തോട്ടവുമുണ്ട്. പച്ചക്കറിച്ചെടികളുണ്ട്. എനിക്ക് അവയോടൊപ്പം കഴിയാം. അയാൾക്കാകട്ടെ ഇരുപത്തിനാലിൽ ‘ഇരുപത്തെട്ട്’ മണിക്കൂറും ജോലി, ജോലി. ഒന്നുകിൽ അണക്കെട്ടിൽ; അല്ലെങ്കിൽ കർണാടക എൻജിനീയറിങ് റിസർച്ച് സ്റ്റേഷനിൽ.
ഞാൻ തോട്ടത്തിൽ കാറ്റുംകൊണ്ടിരിക്കയായിരുന്നു. എന്നാൽ, പതിവില്ലാത്ത നേരത്ത് മുജാഹിദിന്റെ സ്കൂട്ടറിന്റെ ശബ്ദം കേൾക്കുന്നു. വാച്ചുനോക്കി. അഞ്ചുമണിയായിട്ടേയുള്ളൂ. അയാൾ എത്തി. ഹെൽമറ്റെടുത്ത് എന്റെ തലയിൽവെച്ചു. എന്റെ കൈപിടിച്ചെഴുന്നേൽപിച്ചു. ‘‘ആ ഉടനെ പുറപ്പെട്. എട്ടുമിനിറ്റ് തരാം പുറപ്പെടാൻ.’’ കൂട്ടത്തിൽ പറയട്ടെ, ഞങ്ങൾ നവവിവാഹിതരാണ്. പത്തുമാസവും പതിമൂന്ന് ദിവസവും മാത്രം പിന്നിട്ടു. ഇതിനിടെ ഞങ്ങൾ പല കളികളും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ ‘നോർമൽ’ ദമ്പതികളായിരിക്കുന്നു. ‘‘ചോദിക്കട്ടേ? എങ്ങോട്ടാണ് നമ്മൾ പോകുന്നത്?’’ ‘‘പറയാം; ബലഗോള ഫാക്ടറിയിൽ ഇഫ്തിഖർ അഹമ്മദ് എന്നുപേരായ ഒരാളുണ്ട്. ഞാൻ പരിചയപ്പെട്ടിട്ട് എട്ടു നാളേ ആയിട്ടുള്ളൂ. അയാൾ നമ്മളെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബലഗോളയിൽ.
ഞാൻ പുറപ്പെടാൻ എട്ടു മിനിറ്റുപോലും എടുത്തില്ല. സ്കൂട്ടറിൽ ഞങ്ങൾ ബലഗോളയിലെ വീട്ടിലെത്തി. പുറത്തുകാത്തുനിൽക്കുന്ന ആൾ ചിരിയോടെ ഗേറ്റ് മലർക്കെ തുറന്നു. വലിയ വീടും ഞങ്ങളുടേതിനെക്കാൾ വലിയ പറമ്പും തോട്ടവും. നിറയെ പൂച്ചെടികൾ. മുല്ലയും റോസും മറ്റും. ഗേറ്റ് തുറന്ന ആൾ ഇഫ്തിഖർ തന്നെയായിരിക്കണമെന്ന് ഞാൻ ഊഹിച്ചു. അപ്പോഴേക്ക്, വീട്ടിലെ നായിക ഇറങ്ങിവന്നു. പുഞ്ചിരിയോടെ അതിഥികളെ സ്വാഗതം ചെയ്തു. അവർ വളരെ സരളമായ സ്വഭാവമുള്ളവൾ. ആറുമക്കൾ. മൂന്നാണും മൂന്നുപെണ്ണും. അവയെ അണിനിരത്തി -മൂത്തവളായ അസീഫയൊഴികെ എല്ലാരും വാലില്ലാക്കുരങ്ങുകളെപ്പോലെ ചാടിക്കളിക്കുന്ന പിള്ളേർ. ഞങ്ങൾ പരിചയപ്പെട്ടു. കുറച്ചുനേരംകൊണ്ട് സുഹൃത്തുക്കളായി. ഷെയ്സ്താ ദാദി പറഞ്ഞു. എന്തുചെയ്യാം, സീനത്ത്. കല്യാണം കഴിഞ്ഞു തുരുതുരാ പ്രസവമായി. ആസൂത്രണമൊന്നുമില്ലാതെ. ഓപറേഷൻ നടത്താൻ ഭായി സാഹിബ് സമ്മതിച്ചില്ല.
ഇനിയത്തെ തവണ എന്തായാലും നടത്തും (അവർ ഗർഭിണിയായിരുന്നു). ഇഫ്തിഖർ സാഹിബ് ഇടപെട്ടു: ‘‘എന്തിനാണ്! ഞാനല്ലേ അവരെ പോറ്റുന്നത്? അല്ലാഹുവിനു നന്ദി... അവരെ സംരക്ഷിക്കാൻ വേണ്ട വരുമാനം എനിക്കുണ്ട്.’’
‘‘വരുമാനമുണ്ടായാൽ മതിയോ? എന്റെ അസീഫ മോൾക്ക് പഠിപ്പുനിർത്തേണ്ടിവന്നത് ഞാൻ കാരണമല്ലേ? അതിലെനിക്കുള്ള വിഷമം ചെറുതാണോ? ‘‘അങ്ങനെയല്ല. അവളുടെ പഠിപ്പ് ഞാൻ നിർത്തിയത് പെൺകിടാങ്ങൾക്ക് അത്രമതി എന്നുവെച്ചിട്ടാണ്. സ്കൂൾ പഠിപ്പേ വേണ്ടൂ. കോളജിൽ അലഞ്ഞുനടക്കണ്ട കാര്യമില്ല. അടുത്തകൊല്ലം അവളുടെ നിക്കാഹ് നടത്തണം.
‘‘വേണ്ട, എനിക്ക് ഇരുപതായപ്പോൾ നിക്കാഹ് നടന്നു. പതിനേഴു കൊല്ലങ്ങൾക്കുള്ളിൽ ആറു മക്കളായി. ‘‘മോളെ ഇത്ര ചെറുപ്രായത്തിൽ കല്യാണം കഴിപ്പിച്ചാൽ...’’ എല്ലാം കേട്ടുകൊണ്ട്, ഇളയകുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുകയാണ് അസീഫ, ഒന്നും മിണ്ടാതെ.
പെട്ടെന്നെന്തോ ഓർത്തപോലെ ഇഫ്തിഖർ എണീറ്റു. ഷെയ്സ്ത, സീനത്തിനെയും കൂട്ടി പുറത്തുവന്നിരിക്കുന്നു. ഞാൻ കുറച്ച് പൂവ് ഇറുക്കാം. പുറത്ത് മരങ്ങളിന്മേൽ ഊഞ്ഞാലുകൾ കെട്ടിയിട്ടുണ്ട്. ഞാനും ഷെയ്സ്തയും അവയിലിരുന്നു. അസീഫ കുട്ടിക്ക് കുപ്പിപ്പാലു കൊടുത്ത് തുടയിൽ താളമിടുകയായിരുന്നു. ഊഞ്ഞാലിലിരുന്നു ആടാൻ എനിക്ക് നല്ലരസം തോന്നി. ഇഫ്തിഖർ ഭായി ഒരു പ്ലാസ്റ്റിക് കൊട്ടയിൽ മുല്ലമൊട്ടുകൾ ഇറുത്തിടുകയായിരുന്നു. പിന്നെ പൂക്കൊട്ട ഷെയ്സ്തയുടെ പക്കൽ കൊടുത്ത് പേരമരത്തിൽ കേറി. ഷെയ്സ്ത മുല്ലമൊട്ടുകൊണ്ട് മാല കെട്ടിക്കൊണ്ടിരുന്നു. അസീഫ കുഞ്ഞിനെ ഉറക്കിക്കിടത്തി വന്നു. ഇഫ്തിഖർ പേരപ്പഴം പറിച്ചുകൊണ്ടുവന്നു. ഞങ്ങൾക്കുതന്നു. ഊഞ്ഞാലിൽ ഷെയ്സ്തയുടെ അടുത്തിരുന്നു. മകളോട് പറഞ്ഞു: ‘‘അസീഫ മോളേ, കുറച്ചു ചായയുണ്ടാക്ക്.’’ മുജാഹിദ് ഉള്ളതുകൊണ്ടായിരിക്കണം അവൾ വാതിൽക്കൽ ശങ്കിച്ചുനിൽക്കയായിരുന്നു. വന്നതിനുശേഷം ഞങ്ങൾ ചായ ധാരാളം കുടിച്ചുകഴിഞ്ഞിരുന്നു എന്നിട്ടും...
ഷെയ്സ്ത മാല കോർത്തുകഴിഞ്ഞു. മുറിച്ചു പകുതി എനിക്കുതന്നു. പകുതി മെടഞ്ഞ മുടിയിൽ ചൂടി. ഞാൻ അസീഫയെ വിളിച്ചു. എന്റെ പാതി അവൾക്കു കൊടുത്തു. അവളത് മേടിച്ചില്ല. അവളെ പിടിച്ചിരുത്തി മുടിയിൽ ചൂടിച്ചു. അവളുടെ കണ്ണുനിറഞ്ഞു. അവൾ അകത്തേക്ക് പോയി.
ഞങ്ങൾ തിരിച്ചുപോകാനിറങ്ങുമ്പോൾ ഇഫ്തിഖർ പറഞ്ഞു: സീനത്ത് ഭാഭി, ഞാനീ പേരകൾ നട്ടുവളർത്തിയതും പൂച്ചെടികൾ വളർത്തിയതുമൊക്കെ ഷെയ്സ്തക്കുവേണ്ടിയാണ്. അവൾക്ക് ഇവയൊക്കെ ജീവനാണ്. ഈ മുന്തിരിവള്ളിയും ഊഞ്ഞാലും എല്ലാമെല്ലാം.’’
ഞാൻ പറഞ്ഞു: ‘‘ഇഫ്തിഖർ ഭായി ദാദിയുടെ ഇഷ്ടങ്ങൾക്കെല്ലാം താങ്കൾ ഒത്തുനിൽക്കുന്നത് എത്രനല്ല കാര്യം.’’ അദ്ദേഹം തുടർന്നു: ‘‘ഞാനൊരു ചക്രവർത്തിയായിരുന്നെങ്കിൽ താജ്മഹലിനെക്കാൾ നല്ലതൊന്നു പണിയുമായിരുന്നു; ഷെയ്സ്ത മഹൽ എന്നുപേരിടുമായിരുന്നു.’’ കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന മുജാഹിദ് ഇടപെട്ടു: ‘‘എന്തു വിഡ്ഢിത്തമാണ്, ഇഫ്തിഖർ, താങ്കൾ പറയുന്നത്. താജ് മഹൽ ഒരു ശവകുടീരമല്ലേ?’’ ‘ഒരുനിമിഷം ഓർത്തുനിന്നിട്ട് അയാൾ പറഞ്ഞു: അത് ഒരു ശവകുടീരമായിട്ടല്ല ആളുകൾ കാണുന്നത്. ഒരു പ്രേമ സ്മാരകമായിട്ടാണ്. ആ അർഥത്തിലാണ് ഞാൻ പറയുന്നത്. മുജാഹിദ് അങ്ങനെ വിടുന്നവനല്ല. ‘‘അതെയതെ... മൃതസ്നേഹത്തിന്റെ സ്മാരകം.’’
ഇഫ്തിഖർ എതിർത്തു, ‘‘സ്നേഹത്തിനു മരണമില്ല, മുജാഹിദ്.’’ ‘‘ഇതൊക്കെ നാടകത്തിലെ വചനങ്ങളാണ് ഭായി. അമ്മ മരിച്ചാൽ അമ്മയുടെ സ്നേഹവും മരിച്ചു. അതുപോലുള്ള സ്നേഹം മറ്റാരിൽനിന്നും കിട്ടില്ല. അങ്ങനെയല്ല, ഭാര്യ മരിച്ചാൽ വേറെ ഭാര്യയെ കിട്ടും.’’ മുജാഹിദ് ഇങ്ങനെ പറഞ്ഞതുകേട്ട് ഞാൻ ഷോക്കടിച്ചപോലെ നിന്നു. ഷെയ്സ്ത എഴുന്നേറ്റു, ‘‘അതെ. എന്റെ മുത്തി പറയുമായിരുന്നു. ഒരു ഭാര്യ മരിച്ചാൽ ഭർത്താവിന് ഒരു മുറിവേറ്റപോലെേയയുള്ളൂ. കുറെനേരം കഠിനമായ വേദന. പിന്നെ അത് ആറും. മുറിവുമില്ല; ചോരയൊഴുക്കുമില്ല; മുറിപ്പാടില്ല, വേദനയുമില്ല.
സംഭാഷണത്തിന്റെ പോക്ക് അത്ര നന്നായിത്തോന്നിയില്ല എനിക്ക്. പെട്ടെന്ന് ഇഫ്തിഖർ എഴുന്നേറ്റു, ‘‘ഷെയ്സ്ത നീയെന്താണ് പറയുന്നത്? അവളുടെ രണ്ട് കൈയും കൂട്ടിപ്പിടിച്ച് അയാൾ ചോദിച്ചു. ‘‘എന്റെ ദേഹത്തിലെ ഒരോ സെല്ലും നിൽക്കുന്നത് നിന്റെ ബലത്തിലാണ്. നീയിപ്പോ പറഞ്ഞത് നിന്റെ ഉള്ളിലിരിപ്പുതന്നെയാണോ?’’ എനിക്ക് ചിരിവന്നു എങ്കിലും അടക്കി. അയാൾക്ക് തന്നേക്കാൾ പത്തുവയസ്സ് കൂടുമെന്ന് ഷെയ്സ്ത പറഞ്ഞിരുന്നു. അമ്പതിനോടടുത്ത ഒരാളാണ് ഒരു ആരംഭ യൗവനനെപ്പോലെ ആണയിടുന്നത്!
ഞങ്ങൾ വൈകാതെ ഇറങ്ങി. അവരുടെ വീട്ടിൽനിന്ന് ഒരുപാട് വിഭവങ്ങൾ തിന്നുതീർത്തിരുന്നതിനാൽ രാത്രി തനിക്കൊന്നും വേണ്ടെന്നും ഒരു ഗ്ലാസ് പാൽ മാത്രം മതിയെന്നും മുജാഹിദ് പറഞ്ഞു. എനിക്കും അങ്ങനെതന്നെ തോന്നി. അതിനാൽ പാചകപ്പണി ഒഴിവായി: ചക്രവർത്തിയുടെ പ്രേമത്തെപ്പറ്റിയും മറ്റും ഞങ്ങൾ തമ്മിൽ കുറേ തർക്കമുണ്ടായി. മുജാഹിദിന്റെ പ്രേമത്തിൽ തർക്കങ്ങളെല്ലാം മുങ്ങി.
ഒരു ഞായറാഴ്ച അവർ രണ്ടുപേരും ഞങ്ങളുടെ വീട്ടിൽവന്നു. ഞാൻ അവർക്ക് ചായയും ചുടുചുടെ സമോസയുമുണ്ടാക്കിക്കൊടുത്തു. മുജാഹിദ് ഉണർന്നിരുന്നില്ല. ഇഫ്തിഖർ മാർക്കറ്റിലേക്ക് പോയി വെജിറ്റബ്ൾ വാങ്ങാൻ. ഞങ്ങളുടെ കല്യാണ ആൽബം ഷെയ്സ്തക്ക് കൊടുത്ത് ഞാൻ അകത്തുപോയി. തിരിച്ചുവരുമ്പോൾ ഷെയ്സ്ത ദുഃഖമുള്ളപോലെ ഒരു ഫോട്ടോ നോക്കിക്കൊണ്ടിരുന്നു. ഞാൻ എത്തിച്ചുനോക്കി. അത് ഡിഗ്രിയെടുത്തപ്പോൾ ഗൗണിട്ടുനിൽക്കുന്ന എന്റെ ഫോട്ടോ ആയിരുന്നു: അവൾ അസീഫയെ ഓർക്കുകയായിരുന്നു. അവളെ കോളജിലയക്കാൻ കഴിയാഞ്ഞത് കുഞ്ഞുങ്ങളെ നോക്കലും വീട്ടുപണികളും കാരണമായിരുന്നു. ‘‘പണിക്കാരിയെ നിയമിക്കാമായിരുന്നില്ലേ?’’ എന്നു ചോദിച്ചപ്പോൾ ‘‘നിയമിച്ചു. കുറച്ചുനാൾ കഴിഞ്ഞ് വീട്ടിൽപോയി വരാമെന്നുപറഞ്ഞവൾ പിന്നെ വന്നില്ല. ദമ്മാമിലേക്ക് പോയത്രെ. പിന്നീടാരെയും കിട്ടിയില്ല’’ എന്നായിരുന്നു മറുപടി.
‘‘ഇക്കൊല്ലം അഡ്മിഷൻ കഴിഞ്ഞു. അടുത്തകൊല്ലം അവളെ കോളജിലയക്കണമെന്ന് ഞാൻ പറഞ്ഞു.
‘‘തീർച്ചയായും. ഞങ്ങൾക്കുവേണ്ടി അവളെ ദ്രോഹിച്ചുകൂടാ’’ എന്ന് ഷെയ്സ്ത ഉറപ്പിച്ചു പറഞ്ഞു. പിന്നീട് പതുക്കെ ചോദിച്ചു. ‘‘സീനത്ത്, കുട്ടികളുണ്ടാവാതിരിക്കാൻ ഓപറേഷൻ നടത്തുന്നത് കുഴപ്പമാണോ?’’ ഞാൻ പറഞ്ഞു, ‘‘എന്തു കുഴപ്പം? എന്റെ രണ്ടു ചേച്ചിമാരും മൂന്ന് നാത്തൂൻമാരും ഓപറേഷൻ ചെയ്തവരാണ്. ഒരു കുഴപ്പവുമുണ്ടായില്ല.’’ ഷെയ്സ്തക്കു ധൈര്യമായി. ‘‘ഇത്തവണ ഞാനും ചെയ്യും.’’
അവർ അന്ന് ഞങ്ങളോടൊപ്പം ഊണുകഴിക്കണമെന്ന് ഞാൻ നിർബന്ധിച്ചു. അവർ വൈകുന്നേരമേ തിരിച്ചുപോയുള്ളൂ.
കെ.ആർ.എസിലെ എന്റെ ജീവിതത്തിന് നിറംപകർന്നത് അവരുടെ കുടുംബമാണ്. അങ്ങോട്ടും ഇങ്ങോട്ടും ഞായറാഴ്ചകളിലുള്ള സന്ദർശനം സന്തുഷ്ടി നൽകി.
ഡോക്ടർ പരിശോധിച്ച് പ്രസവത്തിന് രണ്ടാഴ്ചകൂടി കഴിയണമെന്ന് പറഞ്ഞതിനാലാണ് ആ ഞായറാഴ്ച ഞാൻ അവരെ വീട്ടിലേക്ക് ക്ഷണിച്ചത്. അസീഫയെ കൊണ്ടുവരണമെന്ന് പ്രത്യേകം ഏൽപിച്ചിരുന്നു. കുട്ടികൾ ബഹളംവെച്ച് കളിക്കും. അസീഫ മാത്രം മൂകയായി ഇരിക്കുകയായിരുന്നു. നല്ല സദ്യ ഒരുക്കിയിരുന്നു. അവർ തിരിച്ചുപോകുമ്പോൾ ഒമ്പതുമണി കഴിഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് അലാറം മുഴങ്ങിയിട്ടും ഞാൻ എഴുന്നേൽക്കാതെ കിടക്കയായിരുന്നു. അപ്പോഴാണ് വാതിൽ മണി മുഴങ്ങിയത്. തുറന്നുനോക്കിയപ്പോൾ ഇഫ്തിഖർ സാഹിബ്. ‘‘എന്താ ഈ നേരത്ത്! ‘‘വരൂ വരൂ’’ ഇരിക്കാൻ നേരമില്ല ദാദി. ഇവിടെനിന്ന് പോയതിനുശേഷം രാത്രി ഷെയ്സ്തക്ക് വേദന തുടങ്ങി. രാത്രി ഒരു മണിക്ക് മൈസൂരിലെ ശിൽപ മെറ്റേണിറ്റി ഹോസ്പിറ്റലിലെത്തിച്ചു. അവൾ പ്രസവിച്ചു; ആൺകുട്ടി.’’
ഒരു നവജാത ശിശുവിനെ കണ്ടിട്ടേറെ കാലമായി. ഉടനെ പോകണം. ഒരു ചായ കുടിച്ച് ഇഫ്തിഖർ സാഹിബ് വേഗം പോയി.
ഞങ്ങൾ മൈസൂരിലെ ആശുപത്രിയിലെത്തി. അവിടെ എല്ലാവരുമുണ്ട്. അസീഫ കുട്ടികളെയും കൂട്ടി പുറത്തിരിക്കയാണ്, അകത്ത് ബഹളംകൂട്ടാതിരിക്കാൻ. അവളുടെ മുഖത്ത് തെളിഞ്ഞ സന്തോഷം. അവൾ പറഞ്ഞു, ‘‘ആൺകുട്ടിയാണ്. നല്ല ഭംഗി.’’ മുജാഹിദ് കുട്ടിയെ കണ്ടു പറഞ്ഞു, ‘‘ഭാഭി ഞാൻ ഇവനെയുംകൊണ്ട് കടന്നുകളയും.’’ ഭാഭിക്ക് ആശങ്കയൊന്നുമുണ്ടായില്ല.
‘‘വല്ലവരുടെയും മക്കളെ മോഷ്ടിക്കയോ സ്വന്തം സേനയെ ഒരുക്കാൻ നോക്ക്.’’
ഞാൻ ഷെയ്സ്ത ഭാഭിയോട് ചോദിച്ചു, ‘‘അസീഫക്ക് എല്ലാരെയും നോക്കാനും ഭക്ഷണമുണ്ടാക്കാനുമൊക്കെ ഒറ്റക്കു കഴിയുമോ? സല്ലുവിനെയും ഇമ്മുവിനെയും നവീനെയും കമലിനെയും ഞാൻ വീട്ടിലേക്ക് കൊണ്ടുപോയ്ക്കോട്ടോ.’’ ഭാഭി പറഞ്ഞു. ‘‘കുഴപ്പമില്ല സീനത്ത്. അസീഫ എനിക്കു മോളല്ല; അമ്മയാണ്. അവൾ എല്ലാം വേണ്ടുംപോലെ ചെയ്യും. കുട്ടികളുടെ കാര്യങ്ങളും വീട്ടുപണികളുമെല്ലാം. പിന്നെ ഞാനിവിടെ ഏറെനാൾ കിടക്കില്ല.’’ ‘‘അപ്പോൾ ഓപറേഷൻ! ’’ ഇപ്പോൾ ദേഹം ക്ഷീണിച്ചിരിക്കയാണെന്നും രണ്ടാഴ്ച കഴിഞ്ഞിട്ടാവാമെന്നും ഡോക്ടർ പറഞ്ഞു.’’
ഷെയ്സ്ത വീട്ടിലെത്തിയതിനുശേഷം ഞങ്ങൾ രണ്ടുതവണ അവരെ സന്ദർശിച്ചിരുന്നു. പിന്നെ ഒരു ഞായറാഴ്ച മുജാഹിദും ഞാനും ട്രെയിനിൽ മൈസൂർക്ക് പോകുകയായിരുന്നു; അത്യാവശ്യം ചിലതു വാങ്ങാൻ. ബലഗോള സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ ഷെയ്സ്തയും ഇഫ്തിഖറും അവിടെ നിൽക്കുന്നു -അവൾ ഞങ്ങളുടെ ബോഗിയിൽത്തന്നെ കേറി- പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. ഇപ്പോ വണ്ടിയാത്രയോ? എന്റെ ജ്യേഷ്ഠത്തിമാരും നാത്തൂൻമാരുമൊക്കെ രണ്ടുമാസമെങ്കിലും കിടക്കയിൽനിന്നിറങ്ങാതിരിക്കുന്നതാണ് എന്റെ മനസ്സിലുള്ള ചിത്രം. ഷെയ്സ്ത പറഞ്ഞു. ‘‘ഞാൻ രണ്ടാഴ്ചയിലേറെ ഒരു പ്രസവത്തിനുശേഷവും വിശ്രമിച്ചിട്ടില്ല.’’
കുട്ടി പിറന്ന് നാൽപതാം ദിവസം ചില ചടങ്ങുകളുണ്ട്. ഞങ്ങൾ ഷെയ്സ്തയുടെ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു, അവന് സമ്മാനമായി ആഭരണവും ഉടുപ്പും കരുതിക്കൊണ്ട്. അപ്പോഴാണ് ഒരു ടെലിഗ്രാം എത്തുന്നത്: ‘മദർ സീരിയസ്. ഉടനെ എത്തുക’. ഞങ്ങൾ വേഗംതന്നെ പാക്ക് ചെയ്ത് പുറപ്പെട്ടു -മൈസൂരിൽനിന്ന് അകലെയുള്ള ഗ്രാമത്തിലേക്ക്. അമ്മയുടെ സ്ഥിതി തികച്ചും ഗുരുതരം. അമ്മയുടെ ഇച്ഛയനുസരിച്ച് എല്ലാ മക്കളുമെത്തി. മുജാഹിദ് ഒരുമാസം ലീവെടുത്തു. അമ്മ മക്കളുടെ നടുവിൽ കിടന്ന് ശാന്തമായ മനസ്സോടെ പോയി, ഉറക്കത്തിലെന്നപോലെ. എനിക്ക് ഞാൻ അനാഥനായിപ്പോയെന്നു തോന്നി. എന്നെ പെറ്റുപോറ്റിയ അമ്മ പോയി. ഈ വിധി ആർക്കും തടയാവതല്ലല്ലോ. അമ്മയുടെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞതിനുശേഷം ഞങ്ങൾ കെ.ആർ.എസിൽ തിരിച്ചെത്തി. ഞങ്ങൾ ഷെയ്സ്തയുടെ വീട്ടിൽ കുട്ടിക്കുള്ള സമ്മാനങ്ങളും എടുത്ത് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആളുകളുണ്ടെന്നതിന്റെ ലക്ഷണമില്ല. തോട്ടമൊക്കെ അലങ്കോലം. ഹാളിലെ കസാലയിൽ ഞാനിരുന്നു. ഷെയ്സ്തയുടെ മുറിയുടെ വാതിൽ അടഞ്ഞുകിടക്കുന്നു. ഞാൻ ആ വാതിലിന്മേൽ ഇടിച്ചു. ‘‘ഭാഭി ഷെയ്സ്ത ഭാഭി വാതിൽ തുറക്കൂ. ഞാനാണ് സീനത്ത്.’’
ബോൾട്ട് നീക്കുന്ന ശബ്ദംകേട്ടു. ഇഫ്തിഖർ പുറത്തുവന്നു. മുജാഹിദിനുനേരെ നടന്നു. ഞാൻ മുറിക്കകത്ത് കടന്നു -ജനലുകൾ അടഞ്ഞുകിടക്കയാണ്. അവിടെ കണ്ട പെണ്ണിന്റെ രൂപം... അല്ല അത് ഷെയ്സ്തയല്ല. ഞാൻ പുറത്തുകടന്നു. എവിടെയാണ് എന്റെ ഷെയ്സ്ത ഭാഭി?
‘‘അവൾ എല്ലാം വിട്ടുപോയി. എല്ലാം പെട്ടെന്നു കഴിഞ്ഞു.’’ ‘‘അവൾ ആരാണ്?’’ ഞാൻ ആക്രോശിച്ചു. ‘‘ഞാൻ നിക്കാഹ് കഴിച്ചവളാണ്. ഷെയ്സ്തയുടെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനുശേഷം. ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്ണാണ്. എനിക്ക് കുട്ടികളെ നോക്കാൻ ഒരുവൾ വേണ്ടേ? അതുകൊണ്ടാണ്.’’
എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല.
‘‘വേണം. വേണം. കുട്ടികളെ നോക്കാനൊരുവൾ വേണം. പക്ഷേ, ഇഫ്തിഖർ ഭായി, പഴയ സ്നേഹപ്രഖ്യാപനങ്ങളൊന്നും ആവർത്തിക്കരുത്. ഷെയ്സ്ത മഹൽ കെട്ടിപ്പടുക്കാൻ വേണ്ടിയുള്ള മാർബിൾപ്പലകകൾ നിരത്താതിരുന്നാൽ നല്ലത്. താങ്കളുടെ ‘അനശ്വര പ്രേമം’ അറിഞ്ഞ് അവൾ എഴുന്നേറ്റ് വന്നാൽ താങ്കൾക്കാപത്താകും. ഞാനെന്തൊക്കെയാണ് അലറുകയെന്ന പേടികൊണ്ട് പുറത്തേക്കോടി.

അസീഫ അവളുടെ സഹോദരങ്ങളെ സ്കൂളിൽനിന്ന് കൊണ്ടുവന്ന് പുറത്തിരിപ്പുണ്ടായിരുന്നു. ‘‘സീനത്ത് ഓൺടി!’’ കുട്ടികൾ എന്റെ ചുറ്റും ഓടിയെത്തി. അസീഫ പതുക്കെ നടന്നുവന്നു. കൈക്കുഞ്ഞോടുകൂടി. കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അകലെ എവിടെയോനിന്ന്. ഷെയ്സ്തയുടെ വാക്കുകൾ കാതിൽ മന്ത്രിക്കുന്നു. ‘‘അവൾ എന്റെ മകളല്ല; എന്റെ അമ്മയാണ്.’’
പ്രസവിക്കാതെ അമ്മമാരാവാൻ വിധിക്കപ്പെടുന്നവരാണ് ‘‘ആദ്യത്തെ കൺമണി പെണ്ണായി’’ത്തീരുന്നവരും തനിക്കുതാഴെ തുരുതുരെ ഉണ്ടാവുന്ന കൂടപ്പിറപ്പുകളെ അമ്മയെപ്പോലെ വളർത്തിയെടുക്കുന്നവരുമായ പെൺകിടാങ്ങൾ. ‘ഹൃദയദീപ’ത്തിലെ സൽമയും ‘മാർബിൾ പലക’യിലെ അസീഫയും ഈ വിഭാഗത്തിൽപ്പെടുന്നു. രണ്ടുപേരും അമ്മക്കും താഴെയുള്ള കുഞ്ഞുങ്ങൾക്കും താങ്ങും തണലുമാണ്. ഹൈസ്കൂൾ പഠനം കഴിയാറായ ഘട്ടത്തിലുള്ളവളാണ് സൽമ. അവൾ പരീക്ഷക്ക് ഉറക്കമൊഴിച്ചിരുന്ന് പഠിക്കുമ്പോൾ മയങ്ങിപ്പോവുന്നത് കുഞ്ഞുങ്ങൾക്കുവേണ്ട പരിചരണവും അവർക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്ന ചുമതലയും നിർവഹിക്കുന്നതിനു പുറമെ പെട്ടെന്നെത്തിച്ചേർന്ന മാമന്മാർക്ക് ഭക്ഷണത്തിന് നല്ല വിഭവങ്ങളൊരുക്കുന്ന പണികൂടി വേണ്ടിവന്നതിന്റെ ക്ഷീണംകൊണ്ടായിരുന്നു.
‘മാൾബിൾപലക’ കഥയിലെ അസീഫക്ക് ഹൈസ്കൂൾ കഴിഞ്ഞതിനുശേഷം പഠിപ്പുതുടരാൻ കഴിയാത്തത് കുട്ടികളുടെ പരിചരണം ഏറ്റെടുക്കേണ്ടിവന്നതുകൊണ്ടു മാത്രമല്ല, അവളുടെ നിക്കാഹ് നടത്തണമെന്നും ഉയർന്ന പഠിപ്പ് അതിനെതിരാവുമെന്നും ബാപ്പ നിശ്ചയിക്കുന്നുതുകൊണ്ടുകൂടിയാണ് -രണ്ടുപേരും എല്ലാം സഹിച്ച് മൗനികളായിത്തീരുന്നു. ചെയ്യേണ്ടതെല്ലാം തക്കസമയത്ത് ചെയ്തുതീർത്ത് തങ്ങളുടെ അമ്മമാരെ തുണക്കുന്നു. ഷെയ്സ്ത മകൾക്ക് ഉപരിവിദ്യാഭ്യാസം നൽകാൻ കഴിയാത്തതിൽ ദുഃഖിതയാണ്. പക്ഷേ, നിസ്സഹായയാണ്. രണ്ട് സീമന്തപുത്രിമാരുടെ സഹനശക്തിയും സ്നേഹവും, നിശ്ശബ്ദമായി ചുമതലകൾ നിർവഹിക്കുന്നതിലുള്ള സന്നദ്ധതയുമാണ് അവരുൾപ്പെട്ട കഥകളെ ജ്വലത്താക്കുന്നത്.
അസീഫ കൈക്കുഞ്ഞുമായി സ്കൂളിൽപ്പോയി കൂടപ്പിറപ്പുകളെ കൂട്ടിക്കൊണ്ടുവന്നതിനുശേഷം വീട്ടിനുള്ളിലേക്ക് കേറാതെ പുറത്ത് ഇരിക്കുന്നത് ബാപ്പയുടെ സ്വർഗത്തിൽ തങ്ങൾ കട്ടുറുമ്പുകളാകാതിരിക്കാനാണ്. അദ്ദേഹം വാതിൽ തുറന്ന് വരുംവരെ പുറത്തിരിക്കാനുള്ള തീരുമാനത്തോടെ ഇരിക്കുന്ന അസീഫയുടെ ചിത്രം വായനക്കാരുടെ മനസ്സിൽനിന്നു മായില്ല. ‘‘അവൾ തന്റെ മകളല്ല അമ്മയാണ്’’ എന്ന് ഷെയ്സ്ത മുമ്പു പറഞ്ഞിരുന്നത് സീനത്തിന്റെ കാതിൽ എങ്ങോനിന്ന് വന്ന മന്ത്രമായി അനുരണനം ചെയ്യുന്നത് കേൾക്കുന്ന വായനക്കാരുടെ ചെവികളിലും ആയുഷ്കാലം മുഴുവൻ അത് മുഴങ്ങിക്കൊണ്ടിരിക്കും. കഥയുടെ ആ സമാപനം സർഗശക്തിയുടെ മണിമുഴക്കംതന്നെ.

