ചെറുത്തുനിൽപിന്റ തീമരങ്ങൾ

കുറ്റച്ചുരുക്കത്തിലൂടെയും കേസ് ഡയറിത്താളുകളിലൂടെയും തുടങ്ങുന്ന കഥപറച്ചിൽ പതിയെ മനുഷ്യജീവിതങ്ങളെ തൊട്ടുതുടങ്ങുന്നു. പിന്നീട് കഥയും കഥാപാത്രങ്ങളും പൊള്ളുന്ന ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ കാടും പ്രകൃതിയുമെല്ലാം കൂട്ടുചേരുന്നു. സുരേന്ദ്രൻ മങ്ങാടിന്റെ ‘‘തീമരങ്ങൾ’’ ഒരു കുറ്റാന്വേഷണ ത്രില്ലർ മാത്രമല്ല. പച്ചയായ മനുഷ്യരുടെ കഥ പറയുന്ന, ചരിത്രം പറയുന്ന ജീവിത സഞ്ചാരംകൂടിയാണ്.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗൗതമിന്റെയും സംഘത്തിന്റെയും മാവോവാദി ആക്രമണ കേസ് അന്വേഷണത്തിന്റെ യാത്രയിലൂടെയാണ് കഥ പറഞ്ഞുതുടങ്ങുന്നത്. സർക്കാർ നിരോധിത സംഘടനയിൽപെട്ട മാവോവാദികൾ ആദിവാസി കോളനികളിലെത്തുകയും സായുധപോരാട്ടത്തിന് അണിചേരുകയും ഭീഷണിപ്പെടുത്തുകയും പരിഭ്രാന്തിപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായ പളനി മുരുകൻ എന്ന മാവോവാദി നേതാവിനെയും അയാൾക്കൊപ്പമുണ്ടായിരുന്ന മല്ലിക എന്ന സ്ത്രീയെയും കുറിച്ചുള്ള അന്വേഷണം ചെന്നെത്തിനിൽക്കുന്നത് പതിവ് കുറ്റാന്വേഷണ കഥകളിലല്ല. മറിച്ച് പതിവിൽനിന്ന് വ്യത്യസ്തമായി ചരിത്രവും കാലവുമെല്ലാം ഈ അന്വേഷണത്തിനൊപ്പം ചേരുന്നു. ചരിത്രാന്വേഷണവും സത്യാന്വേഷണവും ഒത്തുചേരുമ്പോൾ വായനയുടെ മറ്റൊരു ലോകത്തിലേക്ക് ‘തീമരങ്ങളി’ലൂടെ എത്തിച്ചേരാനാകും.
കാടിന്റെ വന്യത മാത്രമല്ല, പ്രണയവും വിശ്വാസവും സ്വപ്നങ്ങളുമെല്ലാം ഈ നോവലിൽ ഇഴുകിച്ചേർന്നിട്ടുണ്ട്. സായുധ വിപ്ലവ നേതാവിന്റെ പൂർവകാലം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ തെളിഞ്ഞുവരുമ്പോൾ യഥാർഥ ജീവിതങ്ങളല്ല ഇതുവരെ കണ്ടതൊന്നും എന്ന് അവർ തിരിച്ചറിയുന്നു. ജീവിതം നഷ്ടമായവരും അതിജീവിച്ചവരുമെല്ലാം ഇവിടെ കഥാപാത്രങ്ങളാകും. മല്ലികയെ തേടി തമിഴ്നാട്ടിലൂടെയുള്ള അന്വേഷണമാണ് കഥാഗതിയുടെ വഴിത്തിരിവ്. അവിടെ പലവിധ കഥാപാത്രങ്ങളെയും ചരിത്രത്തെയും കാണാനാവും. കഥാപാത്രങ്ങളായ തങ്കരാജും കറുപ്പനുമെല്ലാം നമ്മെ അതിശയപ്പെടുത്തും. കുറെയേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിക്കഴിയുമ്പോൾ കഥകളിലെ ഭാവനയുടെ അതിരുകൾ ഇല്ലാതാകുന്നതുപോലെ തോന്നും.
അപരിചിതമായ സ്ഥലികളിലൂടെ സഞ്ചരിക്കുന്ന മലയാള സാഹിത്യത്തിന് വ്യത്യസ്ത വായനാനുഭവം നൽകുന്ന ‘തീമരങ്ങൾ’. തീമരങ്ങൾ കഥാപാത്രങ്ങളുടെ മാത്രം കഥയല്ല. അനീതിക്കും പ്രകൃതിയെ ചൂഷണം ചെയ്യുന്ന, ഘാതകർക്കുമെതിരെയുള്ള മനുഷ്യരുടെ ചെറുത്തുനിൽപുകൂടിയാണ്.