അബോധത്തിന്റെ ആഴങ്ങൾ

‘‘കവിതയുടെ രചനാത്മകഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അബോധത്തിന്റെ ഇടപെടൽ. കവിത സന്നിവേശിപ്പിക്കുന്ന കാലത്തിന്റെ, അനുഭവത്തിന്റെ ബഹുഭാഗവും സംക്ഷിപ്തമായിരിക്കുന്നത് അബോധത്തിലാണല്ലോ. ഓർമയുടെ, ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത്’’ –കവികൂടിയായ ലേഖകൻ മുന്നോട്ടുവെക്കുന്ന ചില നിരീക്ഷണങ്ങൾ. ജീവിതത്തിന്റെയും ഭാഷയുടെയും സൂക്ഷ്മകലയാണ് കവിത. മറ്റൊരു കലാമാധ്യമത്തിനും കഴിയാത്തവിധം സൂക്ഷ്‌മതയോടെയാണ് കവിത ജീവിതത്തെയും ഭാഷയെയും ചേർത്തുവെക്കുന്നത്. മുഴുവൻ വികാരങ്ങളോടും ആവശ്യകതകളോടും ബന്ധപ്പെട്ടു കിടക്കുന്നതായ, ജീവന്റെ ഉൽപന്നമാണ് ഭാഷ. അതിനാൽ ഭാഷ അർഥങ്ങളെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘കവിതയുടെ രചനാത്മകഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അബോധത്തിന്റെ ഇടപെടൽ. കവിത സന്നിവേശിപ്പിക്കുന്ന കാലത്തിന്റെ, അനുഭവത്തിന്റെ ബഹുഭാഗവും സംക്ഷിപ്തമായിരിക്കുന്നത് അബോധത്തിലാണല്ലോ. ഓർമയുടെ, ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത്’’ –കവികൂടിയായ ലേഖകൻ മുന്നോട്ടുവെക്കുന്ന ചില നിരീക്ഷണങ്ങൾ.
ജീവിതത്തിന്റെയും ഭാഷയുടെയും സൂക്ഷ്മകലയാണ് കവിത. മറ്റൊരു കലാമാധ്യമത്തിനും കഴിയാത്തവിധം സൂക്ഷ്‌മതയോടെയാണ് കവിത ജീവിതത്തെയും ഭാഷയെയും ചേർത്തുവെക്കുന്നത്. മുഴുവൻ വികാരങ്ങളോടും ആവശ്യകതകളോടും ബന്ധപ്പെട്ടു കിടക്കുന്നതായ, ജീവന്റെ ഉൽപന്നമാണ് ഭാഷ. അതിനാൽ ഭാഷ അർഥങ്ങളെ വിനിമയം ചെയ്യുന്നതിനപ്പുറം അനുഭവങ്ങളെ പങ്കുവെക്കുകയും ജൈവികവും വൈകാരികവുമായ മാനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒന്നായിരിക്കുന്നു. പങ്കുവെക്കലിന്റെ ആവശ്യകതയാണ് അർഥസംജ്ഞകളെ ഉണ്ടാക്കുന്നതും ഭാഷയെ സാമൂഹികമാക്കുന്നതും അതിനെ ജീവിതത്തിനുമേലുള്ള നിർണയാധികാരവ്യവസ്ഥയാക്കുന്നതും.
ജീവിതം വ്യവഹാരാത്മകമാണ്. കെട്ടുറപ്പുള്ളതോ കുത്തഴിഞ്ഞതോ ആയ ഈ വ്യവഹാരത്തിൽ ഭാഷയാണ് ഏറ്റവും വലിയ ഉപാധിയും ആയുധവും. തലച്ചോറിന്റെ സൂക്ഷ്മവിസ്തൃതിയിൽ ലീനമായിരിക്കുന്ന സംഖ്യാതീതമായ ചിഹ്നങ്ങളെ സജീവതയിൽ നിലനിർത്താൻ ഭാഷ കൂടിയേ തീരൂ. പെട്ടെന്നൊരു ദിവസം ഭാഷ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള ഓർമക്കുപോലും എത്രവലിയ പരിഭ്രാന്തിയെ ഉണ്ടാക്കാനാവും. ജീവിതവും ഭാഷയും തമ്മിൽ വേർപിരിച്ചുകാണാനാവാത്തവിധം ഗാഢവും പൂർണവുമായി ബന്ധിതമായിരിക്കുന്നു.
ജീവിതവും ഭാഷയും രണ്ടല്ല, ഒന്നുതന്നെയായിരിക്കുന്നു. ഭാഷ ഇല്ലാതായാൽ ജീവിതവ്യവഹാരത്തിന്റെ ദുഷ്കരചിഹ്നങ്ങളെ ആശ്രയിക്കേണ്ടിവരുകയെന്നത് എത്ര ഭീകരമായൊരു പ്രതിസന്ധി (crisis)യായിരിക്കും ഉണ്ടാക്കുക. ഭാഷയുടെ അതിവിദൂരമായ ഉത്ഭവകാല ഞെരുക്കങ്ങൾ അബോധത്തിലെവിടെയോ വിങ്ങലാകുന്നുണ്ടോ. നൊന്തുമുരുകിയും സൃഷ്ടിക്കുന്ന വാക്കിനെ പകർത്തിവെക്കാനുള്ള നീണ്ട നീണ്ട കഠിനശ്രമങ്ങളുടെ പ്രാചീനമായ ആ പിരിമുറുക്കവും.
ഏറ്റവും ആദ്യത്തെ ലിപിയുണ്ടായത് പുരാതന ഈജിപ്തിലാണെന്നു പറയുന്നു. മൂവായിരത്തിയഞ്ഞൂറിലധികം വർഷങ്ങളുടെ പഴക്കമാണത്രെ അതിനുള്ളത്. അതിനുശേഷമെങ്ങോ ആണ് സുമേറിയൻ ആപ്പെഴുത്ത് രൂപമെടുക്കുന്നത്. എന്നാൽ, ഈ ആപ്പെഴുത്തിനെക്കാൾ സുഗമമായ ലിപിയാണ് ഈജിപ്തുകാരുണ്ടാക്കിയത്. അതിനെല്ലാംമുമ്പേ വാക്കുണ്ടായിരുന്നു. ആദിമമനുഷ്യന്റെ വികൃതശബ്ദത്തിലും മൗനത്തിലും പോലും. സുവ്യക്തമായ ആശയസംവേദനശേഷിയോടെ ആദിമപദങ്ങൾ ഉരുത്തിരിഞ്ഞതിനു പിന്നിൽ ഊർജമായിരുന്നത് ആവിഷ്കാരത്തിനായുള്ള എന്തപാരമായ ദാഹവും വ്യഥയുമായിരിക്കണം.
മൗനത്തിന്റെ എത്ര ആഴത്തിൽനിന്നുമാവണം ആ വാക്കുകളെ ഖനനംചെയ്തു തേച്ചുമിനുക്കിയെടുത്തത്. ഇന്ന് (അങ്ങേയറ്റത്തെ പരിഷ്കൃതിയുടേതായ ഇക്കാലത്ത്) ഒരു കവിതയെഴുതുന്ന വേളയിൽ ചിലപ്പോഴുണ്ടാവുന്ന പ്രതിസന്ധിയിൽ, ഏറ്റവും ചേർന്നതായ ഒരു വാക്കിനായുള്ള ധ്യാനത്തിൽ, ഉരുക്കത്തിൽ അബോധത്തിന്റെ ആഴങ്ങളിൽ സജീവമാകാറുള്ള പിടച്ചിൽ ആ പഴയ വ്യഥതന്നെയാണ്. ഒരു കവിയെന്തിനാണ് അസഹ്യമായ ഈ വേദനയിലേക്കു സ്വയം നിയുക്തനായിരിക്കുന്നത്. ഒറ്റക്കാരണമേയുള്ളൂ. (യഥാർഥ) കവിക്കു ജീവിതത്തെ, ഭാഷയെ കൂടുതൽ കൂടുതൽ ആഴപ്പെടുത്തേണ്ടതുണ്ട്. അതിനു കവിതയോളം ഉപയുക്തമായി മറ്റൊന്നുമില്ല. കവിതയോ, അതിനായി സൂക്ഷ്മതരമായ പ്രവർത്തനവുമാകേണ്ടിയിരിക്കുന്നു.
ജീവിതത്തിന്റെയും ഭാഷയുടെയും സൂക്ഷ്മകലയാണ് കവിത. ജീവിതത്തെയും ഭാഷയെയും നവീകരിക്കുകയും അഭിനവാവസ്ഥയെ അഭിമുഖീകരിക്കുകയും കൂടുതൽ പ്രചോദനാത്മകവും കലാത്മകവുമാക്കാൻ പരിശ്രമിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്തമാണ് കവിതക്കുള്ളത്. ചുരുക്കത്തിൽ, മറ്റുപകരണങ്ങൾക്കൊന്നുമില്ലാത്ത ഉത്തരവാദിത്ത(responsibility)ത്തോടെ ജീവിതത്തെ കൂടുതൽ അഭികാമ്യമാക്കുകയെന്നതാണ് കവിതയുടെ ധർമം. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവും വൈയക്തികവുമായ പ്രതിബദ്ധത (commitment) ആവശ്യമായിരിക്കുന്ന ഒന്ന്.
കവിതയുടെ രചനാത്മകഘടകങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് അബോധത്തിന്റെ ഇടപെടൽ. കവിത സന്നിവേശിപ്പിക്കുന്ന കാലത്തിന്റെ, അനുഭവത്തിന്റെ ബഹുഭാഗവും സംക്ഷിപ്തമായിരിക്കുന്നത് അബോധത്തിലാണല്ലോ. ഓർമയുടെ, ചരിത്രത്തിന്റെ ദുരൂഹമായ വിദൂരതകളെയാണ് അബോധം ഉൾക്കൊള്ളുന്നത്. ജൈവികതയുടെ അപരിചിതമായ പൊടിപ്പുകളും മിടിപ്പുകളും പോലും അവിടെയുണ്ടാവും. ഈവിധസൂക്ഷ്മതകളുടെ സങ്കീർണമായ അനേകം ശേഖരങ്ങളെ ഉൾക്കൊള്ളുന്നുണ്ട് അബോധം.

പൂർവാനുഭവങ്ങളുടെ, വികാരങ്ങളുടെ, അറിവുകളുടെ മഹാകലവറയായിരിക്കെ അതിനാൽത്തന്നെ അബോധം അളവില്ലാത്തവിധം പ്രേരണകളെയും (motives) ഉൾക്കൊള്ളുന്നു. ഈ പ്രേരണകളിലൊന്ന് അപ്രതിരോധ്യമായ ശക്തിയായി മാറി സമകാലികതയുമായി ഇടപെടുമ്പോഴാണ് (സംവദിക്കുകയോ കലഹിക്കുകയോ ചെയ്യുമ്പോൾ) മികവുറ്റ ഒരു കവിത പിറവികൊള്ളുന്നത്. അതിന്, ഓരോ മനുഷ്യനും ഓരോ ആഴമാണെന്ന അവബോധവും ആവശ്യമായിരിക്കുന്നു. ഓരോ മനുഷ്യനും സജീവവും നിദ്രിതവുമായ അവസ്ഥയിൽ ഇത്തരം രഹസ്യമായ ആഴത്തെയും ചുമന്നാണ് നടക്കുന്നത്. മനുഷ്യനു കടലിനെക്കാൾ ആഴമുണ്ടെന്നല്ലേ നെരൂദ പറഞ്ഞത്.
നെരൂദ പറയുന്നു-
കിണറിലേക്കെന്നപോലെ
മനുഷ്യനിലേക്ക് ഇറങ്ങിച്ചെല്ലണം
അവിടെനിന്ന് രഹസ്യജലത്തിന്റെ ഒരു
ചില്ലയുമായി കയറിവരണം
എന്നാൽ, നെരൂദയുടെ സമകാലികനും ചങ്ങാതിയുമായിരുന്ന ലോർക്കയുടെ കവിതകളിലാണ് അബോധത്തിന്റെ വിസ്മയകരമായ സ്വാധീനം കാണാനാവുന്നത്. അബോധത്തെ ഉത്സവമാക്കിയ കവിയാണ് ലോർക്ക. അതിനാലാവണം, ഇത്ര കാലത്തിനു ശേഷവും വിഭ്രമിപ്പിക്കാൻ കഴിയുന്ന കവിയായി ലോർക്ക നിലനിൽക്കുന്നത്. അപ്രാപ്യമായ ആയുധങ്ങളുമായി ആക്രമിക്കുന്ന തീക്ഷ്ണസൗന്ദര്യാത്മകതയാണ് ലോർക്കയുടെ കവിതക്കുള്ളത്.
ജലംകൊണ്ടു മുറിവേൽക്കുന്ന കവിയാണ് ലോർക്ക. ബോർഹസിന്റെ രചനകളിലും അബോധത്തിന്റെ നിർലോഭചാരുതയെ കാണാം. ബോർഹസെന്നാൽ ഏറെ പതിഞ്ഞതും ധ്യാനാത്മകവും സങ്കീർണവുമായ വിധത്തിലാണ് അപൂർണതയെ സന്നിവേശിപ്പിക്കുന്നത്. ബോർഹസിന്റെ കവിതയിൽ ഒരുതരം മാന്ത്രികതയുടെ ദുരൂഹസ്പർശം അനുഭവവേദ്യമാണ്. ആൽക്കമിയുടെ നിഗൂഢകലയാണത്. അബോധത്തിന്റെ അസാധാരണ സാന്നിധ്യംകൊണ്ടു മാത്രം സാധ്യമാകുന്നത്.
മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കുമുണ്ടാവണം അബോധത്തിലാണ്ടു കിടക്കുന്ന മഹാ ഭൂതം. രഹസ്യമായ ഒരു ആഴം. ദൂരെയായി നിന്ന് ഒരു മരത്തിന്റെ ശിൽപവിധാനതയിൽ മുഴുകുമ്പോൾ വൈകാരികസാത്മ്യത്തോടെ (ജൈവികസാത്മ്യത്തോടെ) നമുക്കറിയാനാവുന്നു; എത്ര വിദൂരമായ ഓർമകളാവണം അതിന്റെ രൂപാവിഷ്കാരത്തെ നിർണയിച്ചിരിക്കുന്നതെന്ന്. രൂപവും സ്വത്വവുമായി എത്ര വലിയ ബന്ധമാണുള്ളതെന്ന്. ഇന്ന് എന്നത് ഇന്നലെയോട് വളരെ അഗാധമായി ബന്ധപ്പെട്ടും കടപ്പെട്ടുമിരിക്കുന്നു. ഈ കടപ്പാടിന്റെ അടിസ്ഥാനത്തിലാണ് പഴയതിനെ പൂർണമായി തള്ളിക്കളഞ്ഞുകൊണ്ടുള്ള പുതിയ ഒന്നിന്റെ സൃഷ്ടിപോലും സാധ്യമാകുന്നത്. ശരിക്കും വൈരുധ്യാത്മകമായൊരു പ്രവൃത്തിയാണത്.
അബോധചോദനക്ക് വഴിപ്പെടുന്നതോടൊപ്പം അതിനെ മെരുക്കുകയോ നിരാകരിക്കുകയോകൂടി ചെയ്യേണ്ടതുണ്ട്. അബോധത്തിന്റെ ഈ ദുരൂഹവ്യാപ്തിയിൽ സമകാലികമായ അനുഭവങ്ങളുടെ വിലയനംകൂടി സംഭവിക്കുമ്പോഴാണ് ശരിക്കുമൊരു ആന്തരികലോകം (internal space) രൂപപ്പെടുകയും സർഗാത്മകസജ്ജമായി പ്രബലപ്പെടുകയും ചെയ്യുന്നത്. രചനയെന്നത് പൂർണമായും തലച്ചോറിന്റെ സബോധതലത്തിന്റെ (ധിഷണാപരമായ ജാഗ്രതയുടെ) നിയന്ത്രണത്തിലായിരിക്കും. ആയിരിക്കണം. എങ്കിലേ കവിത ഔചിത്യപൂർണവും യുക്തിസഹവുമായിരിക്കുകയുള്ളൂ. കവിതയിലെ യുക്തി എന്നാൽ, സാമാന്യയുക്തിയുമായി ബന്ധമുള്ള ഒന്നല്ല. അത് തികച്ചും കവിതയുടേതു മാത്രമായ, സൗന്ദര്യശാസ്ത്രപരമായ യുക്തി (aesthetic logic) ആണ്.
കവിത ബോധബദ്ധമായ പരിചരണത്തിന്റെ (counter treatment) ഉൽപന്നമാണ്. കൗണ്ടർ ട്രീറ്റ്മെന്റ് (ഫലദായകമായ എന്ന അർഥത്തിലാണ് ഇവിടെ കൗണ്ടർ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്) എന്നത് തീർച്ചയായും കവിത ഉണ്ടാക്കേണ്ട ഇംപ്രഷനെയും ഇംപാക്ടിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ളതും അവ സാധ്യമാക്കാൻ കഴിയുന്നതുമായിരിക്കണം. ഹൃദയ ശസ്ത്രക്രിയപോലെ ഫലപ്രദമായ വിധം നിശിതമായ പ്രവർത്തനമായിരിക്കണം. സൃഷ്ടി എന്നത് എത്രമാത്രം ദുഷ്കരവും വേദനകരവും സംഘർഷഭരിതവുമായ കർമമായിരിക്കുന്നു. പ്രജ്ഞയുടെ മൺതലത്തിൽ വേരോട്ടത്താൽ ചോരയിറ്റുന്ന പിളർപ്പുകൾ തീർത്തുകൊണ്ടാണ് കവിതയുടെ എളിയ ഒരു പുൽക്കൊടിയെപ്പോലും മുളപ്പിക്കാനാവുന്നത്.
അബോധത്തിന്റെ, ആന്തരികലോകത്തിന്റെ വഴക്കങ്ങളെ കൗണ്ടർ ട്രീറ്റ്മെന്റിനു വിധേയമാക്കുന്ന കവിതാരീതിയുടെ മികച്ച ഉദാഹരണമാണ് ടി.പി. രാജീവന്റെ കവിത. വളരെ സജീവമായ ഒരു ആന്തരികലോകത്തെ വെളിപ്പെടുത്തുന്നവയാണ് രാജീവന്റെ കവിതകൾ. ജൈവികമാനമുള്ള നാട്ടുദൈവതങ്ങളുടെയും അയുക്തികവിശ്വാസങ്ങളുടെയുമെല്ലാം (രാജീവനെ സംബന്ധിച്ചിടത്തോളം അവയെല്ലാം സയുക്തികംതന്നെ) സമൃദ്ധമായ, സജീവമായ ധാരകളെ ഉൾക്കൊള്ളുന്നതാണ് രാജീവന്റെ ആന്തരികലോകം. അവിടെനിന്നുള്ള സംഭാവനകൾ രാജീവന്റെ കവിതകളിൽ ധാരാളമായി കാണാം.
ബോധബദ്ധമായ പരിചരണത്തിനു വിധേയമാക്കിയാണ് രാജീവൻ അവയെ തന്റെ കവിതയിൽ ഉപയോഗിക്കുന്നത്. അവയെ കവിതയിലെ ഈർപ്പസാന്നിധ്യത്തിനു കാരണമാക്കുന്നുമുണ്ട് രാജീവൻ. അമ്മു ദീപയുടെ കവിതകളിലും ആന്തരികലോകത്തിന്റേതായ ഈ അടരുകൾ പ്രകടമായി വെളിപ്പെടുന്നതു കാണാം. അവയോടു ചേർന്ന് ഒരു കലാരീതിയായി ഭാഷയെത്തന്നെ മെരുക്കുന്നുണ്ട് അമ്മു ദീപ. പെണ്ണനുഭവത്തിന്റേതായ ഭ്രമകൽപനകളെയും പലപ്പോഴും കപടഭാവങ്ങളെപ്പോലും ഉൾക്കൊള്ളുന്നതാണ് അമ്മുവിന്റെ ആന്തരിക ലോകം. വളരെ കരുതലോടെയും മിതത്വജാഗ്രതയോടെയും മൗനബദ്ധതയോടെയും കവിത മെനയുന്ന ചിത്ര കെ.പിയിലും അബോധയുക്തിയോടുള്ള ചായ്വ് പ്രകടമാണ്.
മൗനത്തിൽ ഒളിച്ചിരിക്കുന്ന പ്രതിഭയാണ് ചിത്ര കെ.പിയുടേത് എന്നും പറയാം. അബോധത്തിന്റെ നേർത്ത, നനവുള്ളൊരു തിരശ്ശീല വിരിച്ചുമിട്ടിരിക്കുന്നു. അബോധപ്രത്യക്ഷത്തിൽ മാത്രം കവിതമെനയുന്ന കവിയാണ് പി.എം. ഗോവിന്ദനുണ്ണി. ഗോവിന്ദനുണ്ണിയുടെ കവിതയിലെ സൂക്ഷ്മവും നിഗൂഢവുമായ ഭാവസൗന്ദര്യത്തിന്റെ രഹസ്യം ഈ അബോധപൂർണതയാണ്. എത്ര സമൃദ്ധവും വിസ്തൃതവുമായിരിക്കണം അയാളുടെ അബോധമേഖല. ഇടക്ക് പതിനഞ്ചു വർഷത്തോളം അയാളുടെ അബോധം കവിതയുമായുള്ള ഇടപെടൽ നിർത്തിവെക്കുകയുണ്ടായി. ഈ കാലയളവിൽ അയാൾ ഒരു കവിതപോലും എഴുതുകയുണ്ടായില്ല. അതീതമൗനത്തിന്റെ പരിവേഷമുള്ള കവിതകളാണ് ഗോവിന്ദനുണ്ണിയുടേത്.
ഒരേസമയം യഥാതഥവും അയഥാതഥവുമായ, വികസിതവും അവികസിതവുമായ സമകാലികലോകത്തിന്റെ ആത്മസംഘർഷങ്ങളോടു ചേർത്ത് അബോധമൂല്യങ്ങളെ ഉപയോഗിക്കുന്നതിൽ ശ്രദ്ധയും ശേഷിയുമുള്ള കവിയാണ് കളത്തറ ഗോപൻ. വിട്ടുവീഴ്ചയില്ലാത്തവിധം ആശയാത്മകമായ പുതുരീതികളെ തന്റെ കവിതക്കായി കണ്ടെത്തുകയും ചെയ്യുന്നുണ്ട് ഗോപൻ. കളത്തറ ഗോപന്റെ ‘റെയിൽപ്പാളത്തിൽ തലവെച്ചുകിടന്ന ഒരു നട്ടുച്ച’ എന്ന കവിത നോക്കൂ. വിഷയാംശമായിത്തന്നെ അബോധത്തെ ഉപയോഗിച്ചിരിക്കുന്നു ഇതിൽ. കർഷകനും കർഷകത്തൊഴിലാളിയുമായ ഒരപ്പൂപ്പനുണ്ട് ഈ കവിതയിൽ.
ആന്തരിക ലോകത്തുനിന്നാണ് ഈ അപ്പൂപ്പൻ കവിതയിലേക്കു കടന്നുവരുന്നത്. അപ്പൂപ്പന്റെ ഉപകരണമായിരുന്ന, ജീവിതചര്യയുടെ അടയാളമായിരുന്ന മൺവെട്ടി എപ്പോഴോ നിശ്ചലമായിത്തീർന്നിരുന്നു. സജീവത നഷ്ടപ്പെട്ട പഴയ തൊഴുത്തിലെവിടെയോ കിടന്ന് അത് ജീർണതപൂണ്ടു. ആരോ അതു കണ്ടെടുത്ത് ആക്രിക്കാരനു വിൽക്കുന്നു. ഒരു കൊല്ലന്റെ ആലയിലെത്തി അതു വടിവാളായി രൂപാന്തരം പ്രാപിച്ച് ഏതോ ക്വട്ടേഷൻ സംഘത്തിന്റെ ടൂളായി മാറുന്നു. കാലാന്തരത്തിൽ അതും ജീർണതക്കു വിധേയമാകുന്നു. പിന്നീട് ഏതോ ഫാക്ടറിയിലെ ചൂളയിൽ ഉരുകിയുറഞ്ഞ് റെയിൽപ്പാളത്തിന്റെ ഭാഗമാകുന്നു. ആ അപ്പൂപ്പന്റെ കൊച്ചുമകൻ എന്നു കരുതാവുന്ന ഒരു ഐ.ടി ജീവനക്കാരൻ തന്റെ സി.ഇ.ഒയുടെ കോൾ അറ്റൻഡ് ചെയ്യാതെ മൊബൈൽഫോൺ വലിച്ചെറിഞ്ഞിട്ട് റെയിൽപ്പാളത്തിൽ തലവെച്ചുകിടക്കുന്നതും നാം കാണുന്നു. ശേഷമിങ്ങനെ:

ശ്രീകുമാർ കരിയാട്,വിഷ്ണു പ്രസാദ്
തീവണ്ടി കയറിയപ്പോള്‍
ചോരയോടോപ്പം
തലയില്‍നിന്ന്‍
എന്തോ അടുത്തുള്ള
വയലില്‍ തെറിച്ചുവീണു.
നോക്കിയപ്പോള്‍;
നട്ടുച്ചയ്ക്ക്
ഒരു കുഞ്ഞ് അപ്പൂപ്പന്‍ നിന്നുകിളക്കുന്നു.
കാർഷികവൃത്തിയെയും, അതിന്റെ സംസ്കൃതിയെയും സൂചിപ്പിക്കുന്നു കവിതയിലെ ഈ വയൽ. പുതിയലോകത്തിന്റെ സാങ്കേതികപരതകൾക്കും തീവ്രവേഗങ്ങൾക്കും വയലെന്ന ആവശ്യകതയെ ഒഴിവാക്കാനാവുന്നില്ല. ടെക്കിയായ കൊച്ചുമകന്റെ അബോധത്തിൽ കർഷകനായ അപ്പൂപ്പൻ സൂക്ഷ്മസാന്നിധ്യമായി നിലനിൽക്കുകയും ചെയ്യുന്നു. അബോധത്തെ വിഷയഭാഗമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്നു ഈ കവിതയിൽ.
അബോധത്തിന്റ, അന്തരികലോകത്തിന്റെ വിനിമയസാധ്യതകളെ കവിതയിൽ മികവുറ്റരീതിയിൽ പ്രയോജനപ്പെടുത്തുന്ന മറ്റൊരു കവിയാണ് ശ്രീകുമാർ കരിയാട്. ശ്രീകുമാറിന്റെ കവിതകളെല്ലാംതന്നെ അതിന് ഉദാഹരണങ്ങളാണ്. മേഘപഠനങ്ങൾ എന്ന സമാഹാരത്തിലും ഇടയ്ക്കൽ ഗുഹാ സീരീസ് കവിതകളിലും അബോധത്തിന്റെ മാന്ത്രികസ്പർശത്തെ തൊട്ടറിയാനാവും. അസാധാരണമായ നിർമാണശേഷിയുള്ള (making capacity) കവിയാണ് ശ്രീകുമാർ കരിയാട്. കവിതയിലെ നിലവിലുള്ള രീതികളെല്ലാം തന്നെ ആയാസരഹിതമായി വഴങ്ങുന്നു കരിയാടിന്.
ചില പേരുകൾകൂടി പ്രാതിനിധ്യയുക്തിയുടെ പേരിൽ എടുത്തുപറയാതെ വയ്യ. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞുപോയ ബിനു എം. പള്ളിപ്പാടിനെക്കുറിച്ച് വേദനയോടെ ഓർമിക്കുന്നു. വംശപരമായ വേദനകളും വീരസ്യവും അഭിമാനവും കലർന്ന ചരിത്രപരമായ വേരുകളുള്ള, വിവിധ ജ്ഞാനരൂപങ്ങളുടെ പരിചരണമുള്ള, ശക്തമായൊരു ആന്തരികലോകമുള്ള കവിയായിരുന്നു ബിനു എം. പള്ളിപ്പാട്. ദലിതനുഭവങ്ങളെ ഇത്ര കരുത്തോടെയും കലാത്മകതയോടെയും അവതരിപ്പിച്ച മറ്റൊരു കവിയില്ല മലയാളത്തിൽ എന്നുതന്നെ പറയാം.
പൂർണമായും സൈക്കഡലിക് പ്രഭാവമുള്ള കവിതയാണ് ഷാജു വി.വിയുടേത്. പുതുകവിതയുടെ സവിശേഷതകളിലൊന്നായ ആഖ്യാനാത്മകതയെ (narrative) വളരെ ഫലപ്രദമായാണ് ഷാജു തന്റെ കവിതയിൽ ഉപയോഗിക്കുന്നത്. സുന്ദരമായൊരു വക്രഭാഷയിലൂടെയാണ് ഷാജുവിന്റെ ആഖ്യാനങ്ങൾ മുറുകി നീണ്ടുപോകുന്നത്. ഒറ്റവഴിയിലൂടെയുള്ള സഞ്ചാരമവുമല്ല അത്. അബോധസ്വാധീനം അതിൽ അപ്രവചനീയമായ വ്യതിചലനങ്ങളുണ്ടാക്കുന്നു. അവിടെയെല്ലാം കവിതയുടെ മിന്നലിനെ നിക്ഷേപിക്കാനുള്ള ഒരു ശേഷിയുമുണ്ട് ഷാജുവിന്. അവ നൈതികതയുടെ ചാട്ടുളിയേറുകളായി എവിടെല്ലാമോ ചെന്നു തറയുന്നുമുണ്ട്. ഷാജുവിനോടു ചേർത്തു വായിക്കാവുന്ന കവിയാണ് നിഷാ നാരായണൻ.
ചെറുതല്ല അബോധാംശം. അനുഭവങ്ങളുടെ ഒരു മറുലോകത്തെ (വ്യത്യസ്തമായ രീതികളിൽ) അവതരിപ്പിക്കുന്ന കവി. ആ ഒരു പരിവേഷത്തിൽ സമകാലികലോകത്തിന്റെ സങ്കീർണതകളെയും പ്രതിസന്ധികളെയും സംഘർഷങ്ങളെയും വെളിപ്പെടുത്താൻ കഴിയുന്നുണ്ട് നിഷ നാരായണന്. ആ രീതിയുടെ ഏറ്റവും ശക്തമായ ഉദാഹരണമാണ് വിഷ്ണുപ്രസാദിന്റെ കവിത. വിഷ്ണുവിന്റെ അബോധം അനന്തവൈചിത്ര്യങ്ങളുടെ മഹാകലവറയാണ്. അബോധം ബോധവുമായി ചേർന്നുണ്ടാകുന്ന അലംഘ്യമായ കുത്തൊഴുക്കാണ് വിഷ്ണുവിനു കവിത. അത് ലോകത്തെയും അയാളെത്തന്നെയും ദയാശൂന്യമായി വിചാരണ ചെയ്യുന്നു.

സുകുമാരൻ ചാലിഗദ്ധയുടെ കവിതകളിൽ അബോധത്തിന്റെ വന്യമായൊരു വിസ്തൃതിയെ കാണാനാവും. പുഴയും മീനും മൃഗ-സസ്യ സാന്നിധ്യങ്ങൾ നിറഞ്ഞ വന്യതയും ആദിവാസിസ്വത്വവും ഗോത്രജീവിതത്തനിമകളും പ്രിമിറ്റീവും എല്ലാം ചേർന്ന് സമ്പുഷ്ടമായിരിക്കുന്നു സുകുമാരന്റെ അബോധം. തന്റേതായൊരു രാസാവബോധത്തോടെ കവിതയിലതിനെ സമർഥമായി വിനിയോഗിക്കാൻ സുകുമാരന് കഴിയുന്നുമുണ്ട്. ‘അനർഥം’ എന്ന നീണ്ട കവിതയുമായി വന്ന് അമ്പരപ്പിച്ച കവിയാണ് ഏറ്റവും പുതിയ തലമുറക്കാരനായ അഭിറാം എസ്. നിഗൂഢതയുടെയും ആഭിചാരികതയുടെയും പരിവേഷമുള്ള നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് കവിത വികസിക്കുന്നത്. അതേ പരിവേഷത്തെ കവിതയുടെ ഭാഷയിലും സന്നിവേശിപ്പിക്കാൻ അഭിറാമിന് ആയിട്ടുണ്ട്. നമ്മുടെ അബോധത്തെ ഉണർത്തി മെല്ലെ മെല്ലെ സജീവമാക്കാനുള്ള ശേഷിയുമുണ്ട് ഈ കവിതക്ക്.
‘ഗൂഗിൾ എർത്ത്’ എന്ന കവിതയിൽ അബോധസംഘർഷങ്ങളുടെ പരിവേഷത്തിൽ പൗരത്വസന്ദിഗ്ധതകളെ, സന്ദേഹങ്ങളെ, അന്യതാവസ്ഥയെ അബോധവുമായി കെട്ടുപിണച്ച്, നൂതനമായ കലാത്മകതയോടെ ആവിഷ്കരിച്ചിരിക്കുന്നു അരുൺ പ്രസാദ്.
യഥാതഥലോകത്തിന്റെ (തീർച്ചയായും സന്ദേഹാത്മകമായ ഒരു തീർപ്പാണിത്) സ്വഭാവവിശേഷങ്ങൾ ആന്തരികലോകത്തിനുമുണ്ട്. അബോധമെന്നത് ലയഭരമാത്രമായ ഒരു ലോകമല്ല. വൈരുധ്യാത്മകവും സംഘർഷഭരിതവുമാണവിടം (dialectical and conflictable). ഈ വൈരുധ്യം അത്ര നിസ്സാരമായ ഒന്നല്ല. അതി സങ്കീർണതക്ക് കാരണമാക്കുന്ന തരത്തിൽ വൈരുധ്യങ്ങളുടെ ദുരൂഹമായ കൂട്ടായ്മയാണ് അബോധം. മനുഷ്യൻ വൈരുധ്യങ്ങളുടെ കൂട്ടായ്മയാണെന്ന ഫൂക്കോയുടെ (Michel Foucault) അഭിപ്രായം ഇവിടെ ഓർമിക്കാം. വൈരുധ്യങ്ങളുടെ ആ കെട്ടുകിടക്കുന്നത് അബോധത്തിലാണ്. സ്ഥാവരത്വവും ജംഗമത്വവും പൊരുത്തവും പൊരുത്തക്കേടുകളുമെല്ലാം അവിടെയുമുണ്ട്. സംഘർഷഭരിതമായ, പുനർനിർമാണബദ്ധമായ പ്രാക്സിസും (praxis) അവിടെ സജീവമായിരിക്കുന്നു.
കാലികവും അസ്ഥിരവും ആപേക്ഷികവുമായ വാസനകളിൽനിന്നും താൽപര്യങ്ങളിൽനിന്നും ഉൽപാദിപ്പിക്കപ്പെടുന്ന, ഉന്മാദത്തെയും (madness) സ്വച്ഛതയെയും (refinement) പ്രാകൃതത്തെയും (primitive) പരിഷ്കൃതിയെയും (civilization) വെളിപ്പെടുത്തുന്ന, യുക്തിസഹമോ അയുക്തികമോ ആയ ഭാവനകളാണ് ഈ പ്രാക്സിസിനെ നിയന്ത്രിക്കുന്നത്. അതിനാൽ അവിടെയുളവാകുന്ന നിർമിതികളും പുനർനിർമിതികളും അപനിർമിതികളും പലപ്പോഴും അത്യന്തം വൈചിത്ര്യപൂർണമായിരിക്കും, അപ്രവചനീയവും. സൃഷ്ടിക്കായി ഉപയോഗിക്കുമ്പോൾ സ്വീകാര്യമായതും അല്ലാത്തതുമായ ഘടകങ്ങളുണ്ടായിരിക്കും അവയിൽ. അതിനാൽ, ജാഗ്രതയോടെയുള്ള ബോധബദ്ധപരിചരണം ആവശ്യമായിരിക്കുന്ന ജോലി തന്നെയാണ് കവിതയെഴുത്ത്. അപ്പോൾ, ഭ്രാന്തിന്റെ നിയന്ത്രിതധാരകളെയാണ്, പരിവർത്തിത ധാരകളെയാണ് കവിത സംവഹിക്കുന്നത്.

സംവഹിക്കേണ്ടത്. പുതിയ സമൂഹത്തെ, വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂർണമായ സമരസപ്പെടലിൽ, വ്യവഹാരാത്മകമായ ഉപയുക്തതയിൽ ഭാഷ മറ്റ് ഉപകരണങ്ങൾപോലെ, ഉൽപന്നങ്ങൾപോലെ യാന്ത്രികമായ ഒരു മാനത്തിനടിപ്പെട്ടിരിക്കുന്നു. (അതിസങ്കീർണമായ വിധം വസ്തുവത്കരിക്കപ്പെട്ട ജീവിതപരിതോവസ്ഥയിൽ ഭാഷയും വസ്തുവത്കരണത്തിനു വിധേയമായിരിക്കുന്നു.) ഭാഷക്ക് അതിന്റെ ജൈവികവും വൈകാരികവുമായ മൂല്യം നഷ്ടമായിരിക്കുന്നു. പൊതുസമൂഹത്തിന് കവിത ജീവിതത്തിനും ഭാഷക്കും എന്താണ് നൽകുന്നതെന്ന ബോധ്യം ഇല്ലാതായിരിക്കുന്നു. കവിതയുമായി അതിനു തീരെയും അടുപ്പമില്ലാതായിരിക്കുന്നു. കവിതയെന്നാൽ ഒരു ജീവനസാധ്യതയായി നിലനിൽക്കുകയും ചെയ്യുന്നു. അതിന് അതിന്റെ ജോലിയുമായി മുന്നോട്ടുപോകേണ്ടതുണ്ട്.
ലോകാവസ്ഥ ഇന്ന് അപരിഹാര്യമായവിധം സങ്കീർണമായിത്തീർന്നിട്ടുണ്ട്. വ്യാജമായ സത്യങ്ങളും മൂല്യങ്ങളും അറിവുകളും അളവില്ലാത്തവിധം ഉൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയൊരു ജ്ഞാനവ്യവഹാരം ഇവിടെ പ്രബലമായി വരുന്നുണ്ട്. വ്യക്തിത്വം (ആത്മസ്വത്വത്തിനും പ്രജാവത്കരണത്തിനുമിടയിൽ സംഘർഷഭരിതമോ വിധേയപൂർണമോ ആയിരിക്കുന്നത്) പ്രകൃതിവ്യവസ്ഥ (അത് ആന്തരികനിർമിതി കൂടിയാണ്), ജീവിതം (വൈയക്തികവും സാമൂഹികവുമായ മാനങ്ങളെയും അനുഭവങ്ങളെയും ഉൾക്കൊള്ളുന്നത്), രാഷ്ട്രീയം (മേൽക്കോയ്മയും വിധേയത്വവും ഉൾക്കൊള്ളുന്ന അധികാരകേന്ദ്രിത വസ്തുത) എല്ലാം ഈ സങ്കീർണതയുടെ വലയിലായിരിക്കുന്നു.
അറിഞ്ഞും അറിയാതെയും കവിത ഈ വസ്തുതകളെ അതിന്റെ ആവിഷ്കാരത്തോടു ചേർത്തുനിർത്തുന്നുണ്ട്. അതിനാൽ അവക്കുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി കവിതയും മറേണ്ടതുണ്ട്. സങ്കീർണമായ ഈ ലോകത്തെ അഭിസംബോധന ചെയ്യാൻ, പ്രതിനിധാനംചെയ്യാൻ സങ്കീർണമായ കവിതയും ആവശ്യമാണ്. പ്രതിരോധമൂല്യങ്ങളോടെ നിലനിൽക്കാൻ കവിതക്ക് അതിന്റെ പ്രമേയപരതയിൽനിന്നും പുറത്തുവരികയോ പൊളിച്ചെഴുത്തു നടത്തുകയോ ചെയ്തേ തീരൂ. കവിത കൂടുതൽ അനുഭവകേന്ദ്രിതമായി മാറേണ്ടതുണ്ട്. വ്യവസ്ഥയുടെ ഉപകരണങ്ങളെത്തന്നെ അതിനോടുള്ള പ്രതികരണങ്ങൾക്കും ഗുണപരമായ മാറ്റങ്ങളോടെ ഉപയോഗിക്കാം.
പ്രതീതിയാഥാർഥ്യം (virtual reality) ഉൾപ്പെടെ ലോകത്തു നിലവിലുള്ള പുത്തൻ സാങ്കേതികസാധ്യതകളെയും ജ്ഞാനരൂപങ്ങളെയുമെല്ലാം കവിതയിലും ഉപയോഗിക്കാവുന്നതാണ്. അബോധനിർമിതികൾക്ക് പ്രതീതിയാഥാർഥ്യത്തോട് വലിയ ചാർച്ചയുള്ളതിനാലാണ് അതേക്കുറിച്ച് ഇവിടെ പ്രത്യേകമായി സൂചിപ്പിച്ചിരിക്കുന്നത്. അബോധത്തിന്റെ നിർമിതികളും പ്രതീതികൾ തന്നെയാണല്ലോ. അതുമാത്രമല്ല, യഥാർഥത്തിൽ നമ്മൾ കാണുന്നതും കേൾക്കുന്നതും സ്വീകരിക്കുന്നതുമായ കാര്യങ്ങളെല്ലാം യാഥാർഥ്യങ്ങളാകണമെന്നില്ല. യാഥാർഥ്യപ്രതീതികളാകാം. ശരിക്കും ഒരു പ്രതീതിലോകത്തിൽ അകപ്പെട്ടിരിക്കുകയാണ് നമ്മൾ.
ലോകമെപ്പോഴും ചരിത്രത്തോടു കലഹിക്കുന്നുണ്ട്. മനുഷ്യനിപ്പോൾ ചരിത്രവുമായി വലിയതോതിൽ അകന്നും കഴിഞ്ഞിരിക്കുന്നു. പൂർണമായൊരു വിടുതിയിലേക്ക്, വിച്ഛേദത്തിലേക്ക് വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നുവേണം കരുതാൻ. വിടുതിയോടുള്ള ഈ താൽപര്യം കവിതയിലും പ്രകടമാണ്. അങ്ങനെയായിരിക്കുമ്പോഴും അബോധത്തിന്റെ ആഴങ്ങളിൽ പ്രേരണകളുടെ അപാരമായൊരു കലവറ സജീവവും ജാഗരൂകവുമായിരിക്കുന്നു.
സാഹചര്യബദ്ധമായി ആ പ്രേരണകളിലൊന്ന് നമ്മെ വന്നു സ്വാധീനിക്കുന്നു. കാവ്യവ്യവഹാരത്തിന്റെ തുടർപ്രക്രിയയാണത്; അനുവാചക അബോധത്തിൽ ഉളവാകുന്ന പ്രേരണകളോടും കടപ്പെട്ടിരിക്കുന്നത്. കവിതയുടെ ജൈവികതയെ നിലനിർത്താൻ ഈ പ്രേരണകളുണ്ടാക്കുന്ന വൈകാരികതകൾ കൂടിയേ തീരൂ. അബോധമെന്നത് അടഞ്ഞ ഒരു ലോകമല്ല. പ്രതിഭാവിലാസവുമായി സക്രിയമായി ഇടപെട്ടുകൊണ്ടേയിരിക്കുന്ന മഹാപ്രഭാവമാണ്.

