ആകാശങ്ങൾക്കപ്പുറം

മൾഡോവയിൽ ജനിച്ച ചരിത്രഗവേഷകയായ ലിലിയാന കോറോബ്കയുടെ 'Too Great a Sky' എന്ന നോവലാണ് തന്റെ പംക്തിയിൽ രാഹുൽ രാധാകൃഷ്ണൻ വായിക്കുന്നത്. സമകാലിക ലോക നോവലുകളിലൂടെയുള്ള ഇൗ സഞ്ചാരം പുതിയ അനുഭവങ്ങളും വായനാനുഭൂതികളും തൊട്ടറിയുന്നു. ചരിത്രം പരിശോധിച്ചാൽ വിവിധ ശൈലികളിലും രീതികളിലും നടപ്പാക്കപ്പെട്ട അധിനിവേശത്തിന്റെ അനീതികളെ കുറിച്ച് ബോധ്യമാവും. മനുഷ്യസംസ്കൃതിയുടെ അപരിഷ്കൃതമായ രൂപങ്ങൾ പലതും അത്യന്തം ഭീകരമായ വിധത്തിൽ ലോകത്തിന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മൾഡോവയിൽ ജനിച്ച ചരിത്രഗവേഷകയായ ലിലിയാന കോറോബ്കയുടെ 'Too Great a Sky' എന്ന നോവലാണ് തന്റെ പംക്തിയിൽ രാഹുൽ രാധാകൃഷ്ണൻ വായിക്കുന്നത്. സമകാലിക ലോക നോവലുകളിലൂടെയുള്ള ഇൗ സഞ്ചാരം പുതിയ അനുഭവങ്ങളും വായനാനുഭൂതികളും തൊട്ടറിയുന്നു.
ചരിത്രം പരിശോധിച്ചാൽ വിവിധ ശൈലികളിലും രീതികളിലും നടപ്പാക്കപ്പെട്ട അധിനിവേശത്തിന്റെ അനീതികളെ കുറിച്ച് ബോധ്യമാവും. മനുഷ്യസംസ്കൃതിയുടെ അപരിഷ്കൃതമായ രൂപങ്ങൾ പലതും അത്യന്തം ഭീകരമായ വിധത്തിൽ ലോകത്തിന്റെ പലയിടങ്ങളിലും നടന്നതിന്റെ തെളിവ് ഇന്ന് ലഭ്യമാണ്. വിവിധ സാമ്രാജ്യങ്ങളുടെ (ഓട്ടോമൻ, ഓസ്ട്രോ-ഹംഗേറിയൻ, ജർമൻ, സോവിയറ്റ്) അധികാര പരിധിക്കുള്ളിൽ വീർപ്പുമുട്ടിയ റുമേനിയയിലെ ജനത കടുത്ത സമ്മർദങ്ങൾക്ക് വിധേയമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1940ൽ റുമേനിയയെ കീഴ്പ്പെടുത്താനായി നടത്തിയ സോവിയറ്റ് യൂനിയന്റെ ശ്രമങ്ങൾ മധ്യ യൂറോപ്പിലെ ദുരിതപൂർണമായ ഒരു അധ്യായമായി ഇന്നും അവശേഷിക്കുന്നു. രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോഴേക്കും രാജ്യം സോവിയറ്റ് യൂനിയന്റെ ആധിപത്യത്തിലായി. പലതരം കരാറുകളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ സ്ഥിതിഗതികളെ സോവിയറ്റ് യൂനിയൻ അടക്കി ഭരിക്കുകയായിരുന്നു.
1944 മുതൽ 1958 വരെയുള്ള ഇക്കാലയളവിൽ സോവിയറ്റ് യൂനിയൻ റുമേനിയയിൽ ഗണ്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്തി. 1947 മുതൽ 1965 വരെയുള്ള കാലത്ത് റുമേനിയൻ വർക്കേഴ്സ് പാർട്ടിയുടെ കീഴിൽ ഒരു കമ്യൂണിസ്റ്റ് സർക്കാർ സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി. ഹംഗറിയും സെർബിയയും യുക്രെയ്നും മാൾഡോവയും ബൾഗേറിയയും അതിരുകളായ റുമേനിയയുടെ ഭാഗമായിരുന്ന ബുക്കോവിന എന്ന പ്രദേശം സോവിയറ്റ് യൂനിയൻ പിടിച്ചെടുത്തതും അവിടത്തെ ജനങ്ങളെ നിഷ്കാസിതരാക്കിയതും ചരിത്രമാണ്. ഇന്ന്, ബുക്കോവിനയുടെ വടക്കൻ ഭാഗം യുക്രെയ്നിലും തെക്കൻ ഭാഗം റുമേനിയയിലുമാണ്. ഭാഷാപരവും സ്വത്വപരവുമായ കാരണങ്ങളാൽ സാമൂഹിക പ്രശ്നങ്ങൾക്ക് ഇത് മാർഗം തെളിച്ചു. ബുക്കോവിനയിലെ ജനങ്ങൾ അനുഭവിച്ച സംഘർഷങ്ങളും പ്രയാസങ്ങളുമാണ് ശ്രദ്ധേയയായ എഴുത്തുകാരിയും ചരിത്രഗവേഷകയുമായ ലിലിയാന കോറോബ്കയുടെ ‘Too Great a Sky’ എന്ന നോവൽ. മൾഡോവയിൽ ജനിച്ച ലിലിയാനയുടെ ഈ നോവൽ റുമേനിയനിൽനിന്ന് മോണിക്ക ക്യൂയറാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്ത ലിലിയാനയുടെ മൂന്നാമത്തെ നോവലാണ് ഇത്. സൈബീരിയയിലേക്ക് നാടുകടത്തിയവരുടെ കൂട്ടത്തിലുള്ള എൺപതുപേരെ അഭിമുഖംചെയ്ത് ദുമിത്രു കോവൽസിയൂക്കിനൊപ്പം ലിലിയാന തയാറാക്കിയ ‘ദ റുമേനിയൻ ഗോൽഗോത്ത’ എന്ന പുസ്തകം ശ്രദ്ധേയമാണ്.
തെക്കു കിഴക്കൻ യൂറോപ്പിനെ അധീനതയിലാക്കുക എന്ന ആഗ്രഹം സോവിയറ്റ് യൂനിയന്റെ നയപദ്ധതി ആയിരുന്നു. ഇത് സാധ്യമാവണമെങ്കിൽ റുമേനിയയെ പൂർണമായും നിയന്ത്രണവിധേയമാക്കണം. ഇപ്പറഞ്ഞ ആശയം സാക്ഷാത്കരിക്കാനായി പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും റഷ്യൻ പട്ടാളം റുമേനിയൻ പ്രദേശത്തെ ഒന്നിലേറെ തവണ ആക്രമിച്ചു. സമഗ്രാധിപത്യം എന്ന ലക്ഷ്യം ഉറപ്പിക്കാനായി ആസൂത്രണംചെയ്തതായിരുന്നു റഷ്യയുടെ ഈ നീക്കം. 1940ലെ ജൂണിൽ റഷ്യക്കാർ റുമേനിയയെ ലക്ഷ്യമാക്കിയപ്പോൾ തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസം ബുക്കോവിനാവാസികൾക്കുണ്ടായിരുന്നു. എന്നാൽ, അതൊരു ‘വ്യാമോഹം’ മാത്രമായി മാറി. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ വിസ്തീർണം വർധിപ്പിക്കുക എന്ന ഏതൊരു അധിനിവേശ ശക്തിയുടെയും ഉദ്ദേശ്യം സോവിയറ്റ് യൂനിയനും കൃത്യമായി പാലിച്ചു. അതിനിടെ 1940ൽ നാസി ജർമനിയും സോവിയറ്റ് യൂനിയനും തമ്മിൽ മൊളോടോവ്-റിബൻട്രോപ്പ് ഉടമ്പടിയിൽ ഒപ്പുവെച്ചു. അതേത്തുടർന്ന് സോവിയറ്റ് സൈന്യം റുമേനിയൻ പ്രദേശത്തിന്റെ ഒരു ഭാഗം സ്വന്തമാക്കി.
റുമേനിയയിലെ പൗരരുടെയും കന്നുകാലികളുടെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും സുരക്ഷ വലിയ ഒരു ആഭ്യന്തരപ്രശ്നമായിത്തീരുകയായിരുന്നു. ബുക്കോവിനയിലെ സാമ്പത്തികനില പൂർണമായും തകരാറിലാവുകയും ഭക്ഷ്യവസ്തുക്കളുടെ അഭാവവും മറ്റും ജനങ്ങളെ ബാധിക്കുകയും ചെയ്തു. വൈകാതെ ക്ഷാമവും പൊട്ടിപ്പുറപ്പെട്ടു. വളരെ ചെറിയ ഭൂവിടമായിരുന്ന ബുക്കോവിന രണ്ട് രാജ്യങ്ങളുടെ ഭാഗമായ രണ്ട് വ്യത്യസ്ത പ്രദേശങ്ങളായി മാറുകയും പുതിയ അതിരുകൾ രൂപംകൊള്ളുകയും ചെയ്തു. സ്വദേശം വിട്ടുപിരിയുന്നതിന്റെ ദുഃഖം ഓരോ ജീവനിലും പ്രത്യക്ഷമായി. ദുരിതമയമായ അന്തരീക്ഷത്തെ സഹിക്കാൻ കഴിയാതെ മൃഗങ്ങൾ ഓരിയിടാനും മനുഷ്യർ കരയാനും തുടങ്ങിയ കാഴ്ച വരാനിരിക്കുന്ന അല്ലലുകളുടെ സൂചന തന്നെയായിരുന്നു. ഒരേ ഗ്രാമത്തിൽ വസിക്കുന്നവർക്കുപോലും ഒരു വശത്തുനിന്ന് മറുവശത്തേക്ക് കടക്കാൻ അനുവാദം ഇല്ലാതായി. നീളമുള്ള വടികൾ നിലത്ത് കുത്തിവെച്ചോ തുണിക്കഷ്ണമോ വൈക്കോൽക്കൂനയോ ഉപയോഗിച്ചോ ആയിരുന്നു അതിർത്തികളെ അടയാളപ്പെടുത്തിയിരുന്നത്. അങ്ങനെ സൈബീരിയയിലെ സ്റ്റെപ്പികളിലേക്ക് നിർബന്ധിതമായി നാട് കടത്താനായി മനുഷ്യരെ തീവണ്ടിയിലാക്കി.
അവരിൽ പലരും ദീർഘമായ യാത്രക്കിടെ വിശപ്പും ദാഹവും മൂലം മരിച്ചു. ആഹാരവും വെള്ളവും കിട്ടാതെ വലയുന്ന ചെറിയ കുട്ടികൾ വാവിട്ടു കരയുന്ന ദൃശ്യം ഏതാണ്ട് സ്ഥിരം കാഴ്ചയായിത്തീർന്നു. സൈബീരിയൻ യാത്രാസംഘത്തിൽ ചേർക്കാനായി വീടുകളിലും തെരുവോരങ്ങളിലുംനിന്നും മനുഷ്യരെ പട്ടാളം ബലമായി പിടിച്ചുകൊണ്ടുപോയി. തീരെ സൗകര്യമില്ലാത്ത, തിങ്ങിനിറഞ്ഞ തീവണ്ടിയിലെ യാത്ര ദുരിതപർവമായി പരിണമിച്ചു. റഷ്യയിൽനിന്ന് അനവധി റെയിൽകാറുകൾ ആളുകളെ കൊണ്ടുപോകാനായി സജ്ജമാക്കിയിരുന്നു. മാർഗമധ്യേയുള്ള ഓരോ റെയിൽവേ സ്റ്റേഷനിൽനിന്നും യാത്രക്കാരും വണ്ടികളും യാത്ര പുറപ്പെടുന്നത് സാധാരണ കാഴ്ചയായി. യാത്രക്കൊടുവിൽ എത്തിച്ചേരുന്ന ഇടം വാഗ്ദത്തഭൂമിയാകുമോ എന്ന വ്യാമോഹം അവരിൽ ചിലർക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം. പലരും ആ യാത്രക്കിടയിൽ വണ്ടിയിൽ വെച്ചുതന്നെ മരിച്ചു. പട്ടിണി കിടന്ന് അങ്ങേയറ്റം ദുർബലമായ ശാരീരികാവസ്ഥയിൽ ഉള്ളവർക്ക് എളുപ്പത്തിലുള്ള മരണം സാധ്യമാണല്ലോ എന്ന ആലോചനയും അവിടെയുണ്ടായി. സമാധാനപൂർണമായ ജീവിതം നയിച്ചു വന്നവർ അവിചാരിതമായി അഭയാർഥികളായി രൂപംപ്രാപിക്കുകയായിരുന്നു.
ഇതെല്ലാം നേരിൽ കാണുകയും അനുഭവിക്കുകയുംചെയ്ത അന ബ്ലാജിൻഷി എന്ന പതിനൊന്നുകാരിയുടെ വിവരണത്തിലൂടെയാണ് നോവൽ മുന്നോട്ടുപോകുന്നത്. ഗ്രാമം വിട്ടുപോകേണ്ട സമയത്ത് അനയുടെ അമ്മ മാത്രമേ അവളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ, സഹോദരങ്ങൾ റുമേനിയയിലും അച്ഛൻ മറ്റേതോ സ്ഥലത്തുമായിരുന്നു. അധിനിവേശത്തിന്റെ തിക്തതകളെ കുറിച്ച് ഗവേഷണം നടത്തി എഴുതിയ ആഖ്യാനത്തിൽ അമ്മയോടൊപ്പം നാടുകടത്തപ്പെട്ട അന അനുഭവിച്ച കഷ്ടതകളും പീഡനങ്ങളും തെളിഞ്ഞുനിൽക്കുന്നു. പല ശ്രേണിയിലുള്ള, വിവിധ ആചാരങ്ങൾ പിന്തുടരുന്ന, വ്യത്യസ്ത ഭാഷാശൈലികളുള്ള ആലംബഹീനരായിരുന്നു അവരെ കൊണ്ടുപോയ തീവണ്ടിയിലുണ്ടായിരുന്നത്.

ഏതാണ് ലക്ഷ്യസ്ഥാനമെന്നോ ഭാവി എന്തായിത്തീരുമെന്നോ ഒരു ഉറപ്പുമില്ലാതെ റൊട്ടിക്കും വെള്ളത്തിനുമായി കലഹിക്കേണ്ടിയും യാചിക്കേണ്ടിയും വന്ന മനുഷ്യരുടെ അവസ്ഥ പരിതാപകാരമെന്നേ പറയേണ്ടൂ. അത്യന്തം ദുസ്സഹമായ യാത്രയിൽ പട്ടാളക്കാരുടെ ഇടപെടലുകളും അസഹനീയമായിരുന്നു. ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ഗൗരവമായി ചർച്ചചെയ്യപ്പെടാതെ പോയ സന്ദർഭങ്ങളെ ഫിക്ഷനിലൂടെ പുനരവതരിപ്പിക്കുകയാണ് നോവലിസ്റ്റ്. ശരീരം, ജീവിതം, മരണം എന്നിങ്ങനെയുള്ള തലങ്ങളിലൂടെയുള്ള സഞ്ചാരമായി നോവലിനെ കാണുന്നതിലും തെറ്റില്ല. ശരീരത്തേക്കാൾ ആത്മാവിനും വേരുകൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ഒരു കഥാപാത്രം സൂചിപ്പിക്കുന്നത് ശ്രദ്ധിക്കണം.
‘‘റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടിയവരുടെ ബഹളം വളരെ ഉച്ചത്തിലുള്ളതായിരുന്നു. ഗ്രാമം മുഴുവൻ അവിടെ ചേർന്നു നിലവിളിച്ചു. ചിലർ വിലപിക്കുകയും മറ്റു ചിലർ നിശ്ശബ്ദരാവുകയും ചെയ്തു. ചെന്നായയുടെ ആക്രമണം ഭയന്ന ആടുകളെപ്പോലെ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ സമീപത്തുതന്നെ നിന്നു. ഗ്രാമവാസികൾ ഏറ്റവും ബഹുമാനിച്ചിരുന്ന അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഭൂവുടമകൾ ദയനീയരും അവഹേളനത്തിന് പാത്രമായവരുമായി.’’ ഒരു ഗ്രാമം കുടിയൊഴിയുന്ന സന്ദർഭം അത്രക്കും അസ്വാസ്ഥ്യം ജനിപ്പിക്കുന്നതായിരുന്നു. 1941 ജൂൺ 13ന് രാത്രി, പിന്നീട് ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ആ യാത്ര ആരംഭിച്ചു. എല്ലാ മനുഷ്യരും ഉറക്കത്തിലാണെന്ന വിചാരത്തിൽ വണ്ടി ചലിക്കാൻ തുടങ്ങി. എന്നാൽ, പൂട്ടിയ വാതിലുകൾക്ക് പിന്നിൽ ഞരങ്ങിക്കൊണ്ടിരുന്ന എല്ലാവരും പൊടുന്നനെ അസ്വസ്ഥരായി. ആയിരക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദങ്ങൾ കരച്ചിലുകളായും നിലവിളികളായും അന്തരീക്ഷത്തെ മഥിച്ചു.
രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാത്രമായിരുന്നു തീവണ്ടിയിൽ ഭക്ഷണം വിതരണംചെയ്തിരുന്നത്. വെളിച്ചം കടന്നുചെല്ലാത്ത ഇരുട്ടുമുറിയിലെ യാത്രയിൽ ലോകം സങ്കുചിതവും സങ്കീർണവുമായി രൂപപ്പെടുന്നതായി അനുഭവപ്പെട്ടു. പ്രകാശകണങ്ങളെ കാണാതെ ദിനരാത്രങ്ങൾ കഴിച്ചുകൂട്ടേണ്ടി വന്ന ചിലരെങ്കിലും അന്ധരായി എന്നത് അതിശയോക്തിയല്ല. വെറുപ്പിന്റെയും സ്വാർഥതയുടെയും തീക്കണ്ണുകൾ ജ്വലിക്കുന്ന കാഴ്ച അവർ കണ്ടു. അധികാരം സ്ഥാപിക്കാൻവേണ്ടി ദുർബലരായ ജനതയെ ഇരുളിന്റെ കുടുസ്സുമുറികളിൽ തടവിലാക്കിയ രാഷ്ട്രീയത്തെ ഒരിക്കലും നീതീകരിക്കാനാവില്ല. ഒരുവിധത്തിലുള്ള നിയന്ത്രണശക്തി ഇല്ലാതെയും ദുർബലമായ ചെറുത്തുനിൽപുകളോടെയും ആധിപത്യവ്യവസ്ഥയെ അംഗീകരിച്ച മനുഷ്യരുടെ സംഘത്തെയാണ് നാം ഇവിടെ കാണുന്നത്.
വിയോജിപ്പിന്റെ കാര്യകാരണങ്ങളിൽ അധിഷ്ഠിതമാക്കിയുള്ള പ്രതിപ്രവർത്തനത്തിന്റെ സാധ്യതയെ മുളയിലേ അവസാനിപ്പിക്കുക എന്നത് ഏതൊരു അധികാര സ്ഥാപനവും നടപ്പാക്കും. മറിച്ചൊന്നായിരുന്നില്ല സോവിയറ്റ് യൂനിയനും ചെയ്തത്. പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിലുപരിയായി അധിനിവേശത്തിലൂടെ മേൽക്കൈ നേടാനുള്ള രാഷ്ട്രീയബുദ്ധിയുടെ ഇരകൾ എക്കാലവും സാധാരണക്കാരാണ്. ഇവിടെ സംഭവിച്ചതും അതിന്റെ ദൃഷ്ടാന്തമായി നോക്കിക്കാണാം. ഒന്നാം ലോകയുദ്ധത്തിന് മുന്നോടിയായി ജർമൻ ഭരണകൂടം ആസൂത്രണംചെയ്ത ലെനിന്റെ ചരിത്രപ്രസിദ്ധമായ തീവണ്ടിയാത്രയിൽനിന്നു തീർത്തും വ്യത്യസ്തമാണ് റഷ്യൻ പട്ടാളം തിരക്കഥയൊരുക്കിയ ഈ യാത്ര.
തീവണ്ടിയിൽവെച്ച് പതിനൊന്നാം പിറന്നാൾ ആഘോഷിച്ച അന, അതിനായി ഭക്ഷണം കാത്തുസൂക്ഷിച്ചതെങ്ങനെയെന്നൊക്കെ വിശദീകരിക്കുന്നുണ്ട്. അങ്ങനെ കരുതലോടെ ഒളിപ്പിച്ചു വെക്കേണ്ടി വന്ന ആഹാരംകൊണ്ട് ജന്മദിനം അന ‘കൊണ്ടാടി’. ഒരുപക്ഷേ, തീവണ്ടിയിലെ ജീവിതവുമായി ദിവസങ്ങൾക്കുള്ളിൽ സമരസപ്പെടാൻ സാധിച്ചത് കുട്ടികൾക്ക് മാത്രമാവണം. തീവണ്ടിയിൽ പിറന്നുവീണവരെ പോലെ അവർ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. ഇതിനു പുറമെ, അവർ റഷ്യൻ ഭാഷ പഠിക്കാനും ആരംഭിച്ചു. എന്നാൽ മറുവശത്ത്, രോഗവും ക്ഷീണവുമായി മല്ലിടുന്ന മനുഷ്യരുടെ വേവലാതി നിറഞ്ഞുനിന്നു.
‘‘ആ തീവണ്ടി ഒരു വലിയ മൃഗത്തെപ്പോലെ, ഒന്നിലധികം ശിരസ്സുകളുള്ള വ്യാളിയെപ്പോലെ, എല്ലാ വായയും ഉപയോഗിച്ച് ആർത്തുവിളിക്കുകയും നെടുവീർപ്പിടുകയും ആടിയുലയുകയുംചെയ്തു.’’ അല്ലലുകളെ അധികരിക്കാനെന്നോണം വൃത്തിഹീനമായ സാഹചര്യങ്ങൾ അനുദിനം വർധിച്ചുകൊണ്ടിരുന്നു. ഒരു ജലാശയത്തിന് അടുത്തോ മറ്റോ വണ്ടി നിർത്തുകയാണെങ്കിൽ ദാഹം മാറ്റാനായി അവിടേക്ക് ഓടിപ്പോയിരുന്ന മനുഷ്യരുടെ ചിത്രം വിഷാദം പടർത്തുന്നു. ഒരു തുള്ളി ജലത്തിനായി അവശേഷിച്ചിരുന്ന കരുത്ത് മുഴുവൻ ആവാഹിച്ചുകൊണ്ട് വാവിട്ടു കരയുന്നവരെ സങ്കൽപിക്കുന്നത് തന്നെ പ്രയാസകരമാണ്. ഒരു ആയുഷ്കാലത്തിന്റെ കഷ്ടതകളെല്ലാം അനുഭവിച്ച നീണ്ട യാത്രയിലൂടെ ജീവിതത്തിന്റെ ക്ഷണികത അവർക്ക് ബോധ്യപ്പെട്ടു. മരണം ഭീതി ജനിപ്പിക്കുന്ന രീതിയിൽ കടന്നുവരുന്ന ആഖ്യാനമാണ് ലിലിയാനയുടേത്. തീവണ്ടിയിൽ വെച്ച് മരിച്ചവരുടെ മൃതദേഹം പട്ടാളക്കാർ വഴിയിലേക്ക് എറിഞ്ഞു കളയുകയായിരുന്നു. അതോടെ ജീവിതത്തിന്റെ വില എന്ത് തുച്ഛമാണെന്നു വ്യക്തമാകുകയാണ്. മരിച്ചവരെ പരസ്പരം അടുത്തടുത്തായി നിരത്തിയാൽ, അത് പാതയുടെ അവസാനത്തേക്കാളും ലോകത്തേക്കാളും വലുതാകുമെന്ന നിരീക്ഷണം ഭയം ജനിപ്പിക്കുന്നു. യാത്രക്കിടയിൽ മരിച്ചവരുടെ വിവരങ്ങളും അവർക്കായി നീക്കിവെച്ചിരുന്ന ഭക്ഷണം മറ്റുള്ളവർ കഴിക്കാനായി എടുക്കുന്നതും മറ്റും ആഖ്യാനത്തിലെ ആർദ്രമായ സന്ദർഭങ്ങളാണ്.
സ്വരാഷ്ട്രം ഉപേക്ഷിച്ച മനുഷ്യർ ജീവശ്വാസം കഴിക്കാൻ പ്രയാസപ്പെടുന്നതും യാത്രക്കിടയിൽ മരിച്ചുവീഴുന്നതും അനയെയും അമ്മയെയും തളർത്തി. അങ്ങനെ മൂന്നര ആഴ്ചത്തെ യാത്രക്കു ശേഷം ‘ഭൂമിയുടെ അറ്റത്ത്’ എത്തിച്ചേർന്ന മനുഷ്യർക്ക് ലോകത്തിന്റെ അവസാനയിടത്തിൽ എത്തിയെന്ന പ്രതീതി ജനിച്ചു. ഇരുട്ടിൽനിന്ന് വെളിച്ചത്തെത്തിയതോടെ, ആകാശം തെളിഞ്ഞതോടെ ഭൂമിയിൽനിന്ന് ആകാശം സ്പർശിക്കാമെന്ന മനോരഥം അവരിലുണ്ടായി. എല്ലാ വീഥികളേക്കാളും നീളവും സമുദ്രങ്ങളേക്കാളും ആഴവും, പൂക്കളേക്കാളും മനോഹരവും, ബിംബങ്ങളേക്കാൾ വിലയേറിയതും, പീരങ്കികളേക്കാൾ ഭാരമുള്ളതും, മെഴുകുതിരികളേക്കാൾ തിളക്കമുള്ളതും, നിലവറകളേക്കാൾ ഇരുണ്ടതും ആയ ആകാശത്തെ കുറിച്ച് ആഖ്യാതാവ് ആലോചിക്കുന്നു! ‘‘ഭൂമിയുടെയോ മനുഷ്യരുടെയോ എന്തെങ്കിലും അടയാളത്തിനായി ഞാൻ ചുറ്റും നോക്കി. പക്ഷേ ഉയർന്ന ആകാശം മാത്രമാണ് ഞങ്ങളെ സ്വാഗതംചെയ്തത്.’’ തീവണ്ടിയിൽ ശ്വാസം മുട്ടിക്കുന്ന സ്ഥിതിയിൽനിന്നു ശുദ്ധവായു ശ്വസിച്ചതോടെ പുതിയൊരു ജീവൻ അവരിൽ ഉളവെടുത്തു. ഒരു കൊച്ചു പെൺകുട്ടിയായി യാത്ര ആരംഭിച്ച അന പ്രായപൂർത്തിയായ സ്ത്രീയായിട്ടാണ് പുറത്തിറങ്ങിയത്. അതേപോലെ പുതിയ ഇടത്ത് സഹപാഠിയായ പെലേഖ്യ എന്ന കുട്ടിയുടെ അമ്മയുടെ മരണവും മൃതദേഹം മറവുചെയ്യാനായി അവൾ അനയുടെ സഹായം അഭ്യർഥിക്കുന്നതും വിഷമകരമായ അവസ്ഥയെ ചിത്രീകരിക്കുന്നു. ഉപേക്ഷിക്കപ്പെട്ട കിണറ്റിലേക്ക് മൃതദേഹങ്ങൾ വലിച്ചെറിയുകയായിരുന്നു പതിവെന്നും പറയുന്നുണ്ട്.
കസാഖുകൾ, ടാറ്റാറുകൾ, ഉയ്ഗൂറുകൾ, കിർഗിസുകൾ, ഉസ്ബെക്കുകൾ തുടങ്ങിയ ജനതകളെ കണ്ടുമുട്ടാനും അപരിചിതത്വത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് അവരുമായി ഇടപഴകാനും ബുക്കോനിയക്കാർക്ക് കഴിഞ്ഞതിൽ അത്ഭുതമില്ല. പുതിയ നാട്ടിൽ കൃഷിയെ ആശ്രയിച്ചായിരുന്നു അവർ കഴിഞ്ഞത്. ഉരുളക്കിഴങ്ങ് കൃഷിയിൽ അവർ വ്യാപൃതരായി. എന്നാൽ, വരൾച്ചയും കന്നുകാലികളുടെ കൂട്ടക്കൊലയും അവരുടെ ജീവിതത്തെ ദുഷ്കരമാക്കി. വിശപ്പ് നിരവധി ജീവിതങ്ങളെ നിഷ്കരുണം ഇല്ലാതാക്കുന്ന രംഗം ആവർത്തിച്ചുകൊണ്ടിരുന്നു. ആയിടക്ക് റെയിൽപാതകളുടെ നിർമാണപ്രവർത്തനത്തിനായി അവരെ നിയോഗിച്ചു. ഭക്ഷണം ലഭിക്കുമല്ലോ എന്നു കരുതി ആളുകൾ ആ ജോലി ഏറ്റെടുക്കുന്നുമുണ്ട്. സ്വാർഥ താൽപര്യങ്ങളും അധികാരഭ്രാന്തും മുൻനിർത്തി അധിനിവേശ രാഷ്ട്രം നടത്തിയ നീക്കങ്ങൾക്കെതിരെ ഒരുമിച്ചു നിൽക്കേണ്ട അനിവാര്യതയെ കുറിച്ച് അവർക്ക് ധാരണയുണ്ട്. മനുഷ്യർ എപ്പോഴും തടവിലാക്കപ്പെട്ടവരാണോയെന്നും അധികാരത്തിന്റെ ഗൂഢോദ്ദേശ്യങ്ങൾ അവരെ പീഡിതരും നിന്ദിതരുമാക്കുകയാണോയെന്നുമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അനുഭവപാഠങ്ങളിൽനിന്നാണ് ഉരുത്തിരിയേണ്ടത്. രോഷം, ഭയം, ഭീതി, ദേഷ്യം, നിരാശ, സങ്കടം, വേദന, വിരഹം തുടങ്ങിയ വികാരങ്ങളുടെ മേൽ സൃഷ്ടിച്ചെടുത്ത ആഖ്യാനത്തിൽ അധികാരവും ആശ്രിതത്വവും തമ്മിലുള്ള അസമവാക്യങ്ങളുടെ സങ്കീർണത പ്രകടമാകുന്നുണ്ട്.
ഭയത്തിലും നിരാലംബത്വത്തിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘സാമൂഹിക’ജീവിതം മനുഷ്യർക്ക് സാധ്യമാവില്ല. തീവണ്ടിയിലെ കുടുസ്സുമുറിയിലെ പരിതാപകരമായ ജീവിതം അത്തരമൊരു സാമൂഹിക തുറവിയെ പ്രോത്സാഹിപ്പിക്കില്ല എന്നുറപ്പാണ്. മിഷേൽ ഫൂക്കോയുടെ അധികാരം സംബന്ധിച്ച ആശയത്തെ ഇവിടെ പരാമർശിക്കുന്നത് ഉചിതമാവും. അതിസൂക്ഷ്മവും നിരന്തരവുമായ വിനിമയങ്ങളിലൂടെയും സാമൂഹിക വ്യവഹാരങ്ങളിലൂടെയും സമൂഹത്തിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നു. ഇത് ഫൂക്കോ വിശദീകരിക്കുന്നത് രസകരമായിട്ടാണ്. ഒരു കാപ്പിലറിയുടെ (Capillary) ചെറിയ ഇടങ്ങളിലൂടെ ദ്രാവകം വ്യാപിക്കുന്നതിന് സമാനമായി സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അധികാരസ്വാധീനം നിലകൊള്ളുന്നതായി അദ്ദേഹം പറയുന്നു. ഏതാണ്ടതേ തരത്തിലാണ് തീവണ്ടിയിലേറിയ മനുഷ്യരും അധികാരികളുമായുള്ള ഇടപെടലുകളും. ശ്രദ്ധിക്കാത്ത പഴുതുകളിലൂടെ സസൂക്ഷ്മമായി ഇടപെടലുകൾ നടത്തുന്ന രീതി അധികാരവ്യവസ്ഥക്കുണ്ടെന്നും ഓർമിക്കണം.

ലിലിയാന കോറോബ്കയുടെ പുസ്തകങ്ങൾ
ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പിൽ ഉരുത്തിരിയുന്ന രാഷ്ട്രീയത്തിന്റെയും സൈനിക കാര്യങ്ങളുടെയും സ്ഥിതിഗതികളെ കുറിച്ചും യഥാർഥ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചും റുമേനിയയിലെ രാഷ്ട്രീയ നേതൃത്വത്തിന് ബോധ്യമുണ്ടായിരുന്നു. 1930കളുടെ അവസാനത്തിൽ യൂറോപ്പിലെ സഖ്യങ്ങളുടെ നയം റുമേനിയയിലെ നേതാക്കൾ സശ്രദ്ധം പഠിക്കുകയും ഗണ്യമായ മാറ്റങ്ങൾ അധികാര/രാഷ്ട്രീയ തലത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുകയും ചെയ്തു. രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണെന്നും അവർക്കറിയാമായിരുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ റുമേനിയയും സോവിയറ്റ് യൂനിയനുമായി അനുരഞ്ജനംകൂടിയേ തീരൂവെന്നും അവർ അനുമാനിച്ചു. എന്നാൽ, ഭയന്നതുപോലെ സോവിയറ്റ് യൂനിയൻ അവരെ ആക്രമിക്കാൻ ഒരുമ്പെട്ടു. അതിനിടയിൽ കുട്ടികളെ ബലമായി ജോലിക്കായി അധികൃതർ പിടിച്ചുകൊണ്ട് പോകാൻ തുടങ്ങി. കാണാതായ മക്കളെ അന്വേഷിച്ച് അനാഥാലയങ്ങളിൽ കയറിയിറങ്ങുന്ന അമ്മമാരുടെ നൊമ്പരം തുടർക്കഥയായി. അപരിചിതമായ ദേശങ്ങളിലേക്കും ആ തിരച്ചിൽ വ്യാപിക്കേണ്ടി വന്നു. അനയുടെ സുഹൃത്തായ സൻസിറ മകനെ അന്വേഷിച്ച് ഉസ്ബകിസ്താനിലും മറ്റൊരു സ്വതന്ത്ര റിപ്പബ്ലിക്കായ കറകൽപാക്സ്താനിലും (Karakalpakstan) എത്തിച്ചേരുന്നുണ്ട്.
കറകൽപാക്കുകൾ, ഉസ്ബക്കുകൾ, കസാഖുകൾ എന്നിവ ചെങ്കിസ്ഖാന്റെ സാമ്രാജ്യത്തിന്റെയും ഗോൾഡൻ ഹോർഡിന്റെയും തകർച്ചക്കു ശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ ഉടലെടുത്ത ഉസ്ബക് കോൺഫെഡറേഷന്റെ ഉപഗ്രൂപ്പുകളാണ്. അതുപോലെ നിരന്തരം സോവിയറ്റ് യൂനിയനുമായി കലഹിച്ചിരുന്ന ബുദ്ധമത രാജ്യമായ കാമിക( Republic of Kalmykia) യിൽനിന്നുള്ള ഒരച്ഛനെയും മൂന്നു മക്കളെയും അനയും സൻസിറയും പരിചയപ്പെട്ടു. വനങ്ങളിൽ ഒളിച്ചിരുന്നുകൊണ്ട് യുദ്ധംചെയ്തിരുന്ന വിവരം അവർ പങ്കുവെച്ചു. ഇക്കാരണത്താൽ, യുദ്ധം അവസാനിച്ചപ്പോൾ, ഈ രാജ്യം ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമാകാനും കാമികയുടെ പ്രദേശങ്ങൾ ആസ്ട്രഖാൻ, സ്റ്റാവ്രോപോൾ, സ്റ്റാലിൻഗ്രാഡ് എന്നീ പ്രദേശങ്ങളുമായി കൂട്ടിച്ചേർക്കാനും ഭരണം കൈയാളുന്നവർ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടർക്കും സൈബീരിയയിലേക്ക് നിർബന്ധിതമായി പലായനംചെയ്യേണ്ടിവന്നു. 1946 കഴിഞ്ഞപ്പോഴേക്കും സൈബീരിയയിൽ എത്തിപ്പെട്ടവർ ബുക്കോവിനയിലേക്ക് മടങ്ങി പോകാനുള്ള ആലോചനകളും പദ്ധതികളും സജീവമാക്കി. അപ്പോഴേക്കും റുമേനിയക്കാർ വളരെ കുറവായ ഒരു പ്രദേശമായി ബുക്കോവിന മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല, സ്വദേശത്ത് പ്രവേശിക്കാൻ പ്രത്യേകമായ അനുമതിപത്രങ്ങളും രേഖകളും ആവശ്യമായി.
ചുരുക്കത്തിൽ സ്വന്തം നാട്ടിൽ തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ പ്രയാസവും അന അനുഭവിച്ചു. സ്വത്വനഷ്ടത്തിന്റെ തലങ്ങളിലേക്ക് സ്വയം വീണു പോകാവുന്ന സന്ദർഭങ്ങളിലൂടെയായിരുന്നു അവൾ കടന്നുപോയത്. തയ്യൽവേല അടക്കമുള്ള കൊച്ചു ജോലികൾ ചെയ്തുകൊണ്ട് അവൾക്ക് ജീവിതം പുലർത്തേണ്ടിവന്നു. അമ്മയെ സ്വന്തം മണ്ണിൽ സംസ്കരിക്കണമെന്ന ആശ നിറവേറ്റാൻ അനക്കായില്ല. അമ്മയെ അവൾ ഒരു ശവമഞ്ചത്തിൽ അടക്കംചെയ്തു, യാത്രക്കായി, തിരിച്ചുവരവിനായി, കരുതിെവച്ചിരുന്ന മുഴുവൻ പണവും അവൾ അതിൽ ചെലവഴിച്ചു. എങ്കിലും മറ്റൊരു രാജ്യത്തായിരുന്നു അതെന്ന സങ്കടം അവളെ വിട്ടൊഴിഞ്ഞില്ല. റുമേനിയയിൽ ജീവിച്ചിരുന്ന സഹോദരിയെ നാല് പതിറ്റാണ്ടുകൾക്ക് ശേഷം കാണാനായി എന്നത് ഇതിനിടയിലും അവൾക്ക് ആശ്വാസം പകർന്നു. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതത്തിന്റെ വഴി വേറേതോ ദിശയിലേക്ക് സഞ്ചരിച്ച ഹതഭാഗ്യരുടെ അനുഭവങ്ങളാണ് ലിലിയാന അവതരിപ്പിക്കുന്നത്. ഭൂമിയിലെ സ്വർഗം എവിടെയാണ്? എന്ന ചോദ്യത്തിന്റെ മറുപടിയായി സ്വരാജ്യമായ ബുക്കോവിനയാണത് എന്ന മറുപടി നൽകി ശീലിച്ച മനുഷ്യർക്ക് സംഭവിച്ച ഇച്ഛാഭംഗത്തെ ഈ നോവലിൽ സംബോധനചെയ്യുന്നു.
ക്രിസ്മസ് ഫാദർ തങ്ങളുടെ നാട്ടുകാരനാണെന്നു വിശ്വസിച്ച ബുക്കോവിനക്കാരെ സഹായിക്കാൻ ഫാദർ വന്നോ എന്നുറപ്പില്ല. അധികാരവർഗത്തിന്റെ ഉപജാപങ്ങൾക്ക് മുന്നിൽ പരാജിതരായി സ്വദേശം ത്യജിക്കേണ്ടി വരുന്ന ജനതയുടെ ഗദ്ഗദം സാർവജനീനമാണ്. ‘തഴുകുന്ന സൂര്യനും വീശുന്ന കാറ്റും ശുദ്ധീകരിക്കുന്ന ഹിമപാത’വുമുള്ള ബുക്കോവിനയെന്ന പോലെ ഓരോ രാജ്യവും അവിടെ ജനിച്ചു വളർന്നവർക്ക് പ്രിയപ്പെട്ടതാണെന്നതിൽ തർക്കമില്ല. സ്വന്തം മണ്ണിലെ ചുവടുവെപ്പുകളുടെ കരുത്ത് ആഗ്രഹിക്കുന്ന മനുഷ്യരെ കുറിച്ചാണ് ‘Too Great a Sky’. ലോകചരിത്രത്തിലെ എക്കാലത്തെയും പ്രതിസന്ധിയായ കുടിയേറ്റവും അഭയാർഥിത്വവും ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെ വെല്ലുവിളിയായി മാറിയതിന്റെ ആഖ്യാനമായി ഈ നോവലിനെ കാണാം. സമകാലത്ത് ശക്തമായി തുടരുന്ന അഭയാർഥികളുടെ അലച്ചിലിനെ അത് ഓർമിപ്പിക്കുകയും ചെയ്യുന്നു. ആഖ്യാനം ചരിത്രത്തെ പുതപ്പാക്കി ചുറ്റിക്കൊണ്ട് യാഥാർഥ്യത്തെ അന്വേഷിക്കുകയും അങ്ങനെ ആകാശങ്ങൾക്കപ്പുറത്തേക്ക് ഭാവനാത്മകമായി കഥാപരിസരം വിപുലപ്പെടുകയുമാണ്.