അറിയപ്പെടാത്ത എം.ടി

എം.ടി വാസുദേവൻ നായർ നേത്രദാനഗ്രാമ പ്രഖ്യാപനം നടത്തുന്നു
ഈ ഭൂമി മലയാളത്തിൽ അങ്ങനെയും ഒരു എം.ടിയോ? അതിമഹത്തായ ഒരു സാംസ്കാരിക കാര്യപരിപാടിയുടെ ഭാഗമായി ഒരു ഗ്രാമത്തിൽ നടന്ന ഘോഷയാത്രക്ക് നേതൃത്വം നൽകിയ ഒരു എം.ടിയെ മലയാളം വേണ്ടവിധം അടയാളപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാകെ മാതൃകയായി മാറിയ കോഴിക്കോട് ജില്ലയിലെ പെരുവയലിനടുത്തുള്ള ചെറുകുളത്തൂർ ഗ്രാമം സമ്പൂർണ നേത്രദാനഗ്രാമമായി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം, രണ്ട് പതിറ്റാണ്ടു മുമ്പ് നിർവഹിച്ചത് എം.ടിയായിരുന്നുവെന്ന കാര്യം പത്രങ്ങളായ പത്രങ്ങളിലൊക്കെ ചെറിയതോതിൽ വന്നിട്ടില്ല എന്നല്ല, അതർഹിക്കുന്ന രീതിയിൽ നമ്മുടെ സാംസ്കാരചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല എന്നതിനെക്കുറിച്ചാണ് പറയുന്നത്. കണ്ണടിച്ച് പൊട്ടിക്കുമെന്ന് തമ്മിൽ തെറ്റുമ്പോൾ പറയുകയോ കേൾക്കുകയോ ചെയ്യാത്തവരായി ആരുമുണ്ടാവില്ല! അത്രമേൽ അനാഡംബരമായി ഒരു ലഹളയുടെ തുടക്കമാവാൻ എസ്.എസ്.എൽ.സി പാസായ പ്രയോഗമാണത്. എന്നാൽ ചെറുകുളത്തൂരിൽ, അത്ഭുതം, കണ്ണടിച്ച് പൊട്ടിക്കും, കുടലെടുക്കും തുടങ്ങിയ ഭീഷണികളെല്ലാം കടലെടുത്തു കഴിഞ്ഞിരിക്കുന്നു.
നീയും കണ്ണ് കൊടുത്തില്ലേ എന്ന സ്നേഹാന്വേഷണത്തിെന്റ പരിമളമാണ്, മറ്റ് പ്രദേശങ്ങളിലേക്കുപോലും, ചെറുകുളത്തൂർ കാറ്റ് പ്രസരിപ്പിക്കുന്നത്! അഗാധമായി ആലോചിച്ചാൽ കണ്ണടിച്ച് പൊട്ടിക്കുമെന്ന് പറയാൻവേണ്ട ഊർജത്തിന്റെ പകുതി വേണ്ട, നേത്രദാന സമർപ്പണപത്രത്തിൽ ഒന്ന് ഒപ്പുവെക്കാൻ! കണ്ണ് കൊടുക്കാനോ, അത് നൽകുന്നത് മരണാനന്തരമാകയാൽ, കൊടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊർജനഷ്ടത്തിന്റെ പ്രശ്നംപോലും ഉദിക്കുകയും ചെയ്യുന്നില്ല! മാത്രമല്ല, ഭാവിയിൽ മാത്രം ഒരു ചെലവുമില്ലാതെ തനിക്ക് ചെയ്യാൻ കഴിയുന്ന മാസ്മരികമായ ഒരു കാര്യത്തെക്കുറിച്ചോർത്തുള്ള കോരിത്തരിപ്പ് ജീവിതത്തിലുടനീളം അനുഭവിക്കാനും കഴിയും! ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല മരിച്ചാലും ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഉള്ളിൽതട്ടി പറയുമ്പോഴുണ്ടാകുന്ന ഉൾപ്പുളകം ഭാഷയുടെ പതിവ് കള്ളികളൊക്കെ പൊളിക്കും. കണ്ണേ കരളേ കുടലേ എന്ന് വിളിക്കാൻ മാത്രമല്ല, അത് ആവശ്യക്കാർക്ക് സ്നേഹപൂർവം കൈമാറാനും കഴിയുമെന്നുള്ളത്, ജീവിതത്തെ സംബന്ധിച്ചിടത്തോളം മനുഷ്യബന്ധത്തിന്റെ സാങ്കൽപിക സൗഹൃദലിപിയിൽ ഏത് ദുരിതപ്രളയത്തിലും അപ്പോൾ തിളങ്ങിനിൽക്കും!
ഒരഭിമുഖത്തിൽ േഫ്രായിഡ് പറഞ്ഞു: അന്തിമവിജയം സർവം കീഴടക്കുന്ന പടയാളിയായ പുഴുവിേന്റതാണ്. (The final victory always belongs to the conqueror worm). അതിനെയാണ് ആധുനികശാസ്ത്രലോകം ചെറുഗ്രാമങ്ങളിലേക്കുപോലും കടന്നുചെന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്. ‘വാഗ്ദത്തനേത്രങ്ങൾ’ എന്ന കവിതയിൽ മലയാളത്തിന്റെ അഭിമാനമായ എ. അയ്യപ്പൻ എഴുതി: ‘ചിതയിൽ/എന്റെ കണ്ണുകളെരിയുകയില്ല/എന്റെ കണ്ണുകൾ/വാഗ്ദത്ത നേത്രങ്ങൾ/ ഓർക്കാപ്പുറത്ത്/അന്ധനു കിട്ടുന്ന/രണ്ടു നക്ഷത്രങ്ങൾ/അന്നവൻ/ഇരുട്ടിന്റെ ജഡതയിൽനിന്ന്/എന്റെ കണ്ണിന്റെ പ്രകാശത്തിലൂടെ/ഇറങ്ങിവരും/പുഴ കാണും/പൂക്കൾ കാണും/പൂത്തിരി കത്തിക്കുന്ന പുന്നാരമകനെ കാണും/അന്നവന്/സാന്ദ്രം/പ്രഭാതം/തമാലം/നിശീഥം/ജീവിതം സമസ്തപ്രകാശം/അന്നവൻ വെള്ളത്തിലെ കരടുമാറ്റും/ അന്നത്തിലെ കല്ലുമാറ്റും.’
‘ജീവിതം സമസ്തപ്രകാശം’ എന്ന കവിതയിലെ ആ ഒരൊറ്റ പദപ്രയോഗത്തിൽ ജീവിത-മരണങ്ങളാണ് പടർന്നൊഴുകുന്ന പ്രകാശസാന്നിധ്യത്തിൽ പരസ്പരം കണ്ടുമുട്ടുന്നത്. വേറിട്ടൊരു അഭിമുഖസംഭാഷണത്തിന്റെ വിസ്മയമാണ്, വാഗ്ദത്തനേത്രങ്ങൾ പകുക്കുന്നതെങ്കിൽ, ഒരു ഗ്രാമജനതയാകെ നേത്രാവിഷ്കാരികളായി സ്വയം മാറുമ്പോൾ, കവിതയല്ല, നിയോക്ലാസിക് നിർബന്ധങ്ങളൊന്നുമില്ലാത്തൊരു മഹാകാവ്യമാണ് രൂപംകൊള്ളുന്നത്. സ്വന്തം ജീവിതം വിമോചനപ്രവർത്തനങ്ങൾക്ക് സമർപ്പിച്ച സഖാവ് കെ.പി. ഗോവിന്ദൻകുട്ടി സ്മാരകം കൂടിയായി ചെറുകുളത്തൂരിൽ പ്രവർത്തിച്ചുവരുന്ന ഗ്രാമീണ വായനശാലാ പ്രവർത്തകരുടെ നിരന്തര പ്രവർത്തനഫലമായാണ്, കേരളത്തിലാദ്യമായി ഒരു ഗ്രാമം, വെളിച്ചത്തിന്റെ ആധുനിക ഇതിഹാസമായി മാറിയത്.
ജനായത്ത മതനിരപേക്ഷ മാനവിക ജീവകാരുണ്യ അഗാധ മതവിശ്വാസ ആശയലോകത്തിൽ അധിഷ്ഠിതമായ നാനാതരത്തിലുള്ള പൊതുപ്രവർത്തനങ്ങൾ നിരന്തരം നടക്കുന്നതുകൊണ്ടാണ്, സർവ പ്രദേശങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ രക്താവിഷ്കാരത്തിനും നേത്രാവിഷ്കാരത്തിനും അവയവാവിഷ്കാരത്തിനും, ശരീരാവിഷ്കാരത്തിനും മനുഷ്യർ തയാറാവുന്നത്. രക്താവിഷ്കാരം സാർവത്രികമായെങ്കിൽ, നേത്രാവിഷ്കാരം കുറച്ചൊക്കെ മുന്നോട്ടുപോകുന്നുണ്ടെങ്കിൽ, മറ്റു രണ്ടും ഇനിയും മുന്നോട്ടുപോകാൻ കടമ്പകൾ കുറേ കടക്കേണ്ടതുണ്ട്. പറഞ്ഞുവരുന്നത് നാനാപ്രകാരേണയുള്ള പൊതുപ്രവർത്തനത്തിന്റെ സർവ േസ്രാതസ്സുകളും ഒന്നിച്ചടഞ്ഞാൽ പിന്നെ ആകാശത്തിൽ പൈലറ്റിന് വിമാനം പറത്തിക്കാനോ പാടത്ത് കർഷകന് വിത്ത് വിതക്കാനോ, ആശുപത്രിയിൽ മാത്രമല്ല, ശ്മശാനത്തിൽപോലും മനുഷ്യർക്ക് സ്വസ്ഥമായിരിക്കാനോ കഴിയില്ലെന്നാണ്!
കേരളത്തിൽ നേത്രദാനം േപ്രാത്സാഹിപ്പിക്കാനുള്ള ആദ്യത്തെ സംഘടനയുണ്ടാക്കിയതാരാണെന്ന് അറിയില്ല. എന്നാൽ, കോഴിക്കോട്ട് ഒരുപക്ഷേ കേരളത്തിൽതന്നെയും ആദ്യമായി അത്തരമൊരു സംഘടന, കിട്ടിയ വിവരമനുസരിച്ച്, 1996ൽ ഉണ്ടാക്കിയത് മലയാളത്തിന്റെ പ്രിയ എം.ടിയാണ്. നോവൽ, ചെറുകഥ, നാടകം, സിനിമ, പത്രപ്രവർത്തനം എന്നിങ്ങനെ നാനാമണ്ഡലത്തിൽ പ്രകാശം ചൊരിഞ്ഞ എം.ടിയെ അനുസ്മരിക്കുന്ന കൂട്ടത്തിൽ എം.ടി നേതൃത്വം നൽകിയ നേത്രദാന ട്രസ്റ്റ് കടന്നുവരാറേയില്ല. എന്നാൽ, പ്രസ്തുതവിവരം ഇപ്പോഴുള്ളവിധം പുറത്തുകൊണ്ടുവരാൻ എന്നെ സഹായിച്ചത്, ചെറുകുളത്തൂരിനെ സമ്പൂർണ നേത്രദാന ഗ്രാമമാക്കി മാറ്റുന്ന പ്രവർത്തനത്തിൽ കെ.ആർ എന്നറിയപ്പെടുന്ന കെ.ആർ. സുബ്രഹ്മണ്യൻ ചെയർമാനും ചന്ദ്രശേഖരൻ പരിയങ്ങാട് എന്ന പേരിൽ അറിയപ്പെടുന്ന ടി.എം. ചന്ദ്രശേഖരൻ കൺവീനറുമായുള്ള സംഘടനയാണ്.
ഇനി ഇതും എം.ടിയുമായി എന്തുബന്ധം എന്ന ചോദ്യത്തിലേക്ക് കടക്കുമ്പോഴാണ്, എം.ടിയെക്കുറിച്ചുള്ള ശരിയോ തെറ്റോ ആകാവുന്ന പൊതുധാരണകളിൽ ചിലത് പൊളിയുന്നത്! നേരത്തേ വ്യക്തമാക്കിയ എം.ടിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് നേത്രദാനം േപ്രാത്സാഹിപ്പിക്കാൻ സഹായകമായ മികച്ച നിർദേശങ്ങൾ നൽകുന്നവർക്ക് കാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു പരസ്യം ‘മനോരമ’ പത്രത്തിന് നൽകുന്നു! നോക്കണേ, നൂറുരൂപ വിലയുള്ള ഇന്നയിന്ന ആൾക്കാരുടെ, പല ആൾദൈവ വിശ്വാസ ബ്രാൻഡിൽപെട്ട വിശുദ്ധമോതിരം വാങ്ങി വിരലിലിട്ടാൽ ഉദ്ദിഷ്ടകാര്യസിദ്ധി സാക്ഷാത്കരിക്കാമെന്ന, വിരലിനെന്നപോലെ, മോതിരത്തിനും അതടിക്കുന്ന പത്രക്കടലാസിനും അവമാനകരമാവുന്ന തട്ടിപ്പ് പ്രളയത്തിലാണ് ഒരാലിലപോലെ വേറിട്ട ഈയൊരു പരസ്യം കീഴ്നടപ്പിനു മുന്നിൽ കമിഴ്ന്ന് വീഴാതെ, തലയിൽ വെളിച്ചംചൂടി വരുന്നൊരു തലമുറക്ക് പ്രചോദനമാകുംവിധം പ്രത്യക്ഷപ്പെട്ടത്! പ്രസ്തുത പരസ്യം കണ്ടപാട് ചെറുകുളത്തൂരിൽനിന്ന് രണ്ട് യുവപ്രതിഭകൾ ഒന്ന്, മുമ്പ് വ്യക്തമാക്കിയ കെ.പി. ഗോവിന്ദൻകുട്ടി വായനശാലയുടെ ഭാഗമായ നേത്രദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചന്ദ്രശേഖരൻ പരിയങ്ങാടും മറ്റൊന്ന് സാംസ്കാരിക പ്രതിഭയായ അദ്ദേഹത്തിന്റെ സഹോദരൻ എം.പി. അശോക് കുമാറും പങ്കെടുക്കുകയും എം.ടിയിൽനിന്നും സമ്മാനം നേടുകയും ചെയ്തത്. അതിന്റെകൂടി തുടർച്ചയിലാവണം, പ്രവർത്തനം ഒന്നുകൂടി സജീവമാവുകയും, 2003 െഫബ്രുവരി 13ന്, മുമ്പേ വിശദമാക്കിയപോലെ ചെറുകുളത്തൂർ കേരളത്തിലെ ആദ്യ സമ്പൂർണ നേത്രദാന ഗ്രാമമായി, ആ ഗ്രാമത്തെയാകെ ഇളക്കിമറിക്കുന്ന വൻ ആഘോഷത്തോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തത്.
യാദൃച്ഛികമാവാം, അന്ന് ആ പ്രഖ്യാപനം നടത്തിയത്, നേരത്തേതന്നെ അവിടെ വന്ന് അവസാനം വരെ നിന്നുകൊണ്ട് എം.ടിയാണ്. നടക്കാൻ അന്ന് കാലിന് അൽപം പ്രയാസമുണ്ടായിരുന്ന എം.ടിയോട്, ഘോഷയാത്രയിൽകൂടി ഒന്ന് പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിക്കാൻ സംഘാടകർ പറഞ്ഞതനുസരിച്ച് ചോദിച്ചതും വിഷമങ്ങൾക്കിടയിൽ എം.ടി അത് ആഹ്ലാദത്തോടെ സമ്മതിച്ചതും ഈ കുറിപ്പെഴുതുമ്പോൾ എനിക്ക് മറക്കാൻ കഴിയില്ല. നന്ദിപ്രകടനവും കഴിഞ്ഞതിനു ശേഷമാണ് എം.ടി വേദിവിട്ടതെന്നും ഓർമിക്കുന്നു. അന്ന് നേത്രദാന സമ്മതപത്രം എം.ടിയിൽനിന്നും സ്വീകരിച്ച സാംസ്കാരികപ്രവർത്തകൻകൂടിയായ ഡോ. അരുൺകുമാർ ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിന്റെ നേത്രവിഭാഗം തലവനാണ്. മുഖ്യപ്രഭാഷകനായിരുന്ന ഞാൻ ആഘോഷങ്ങളൊക്കെ കഴിഞ്ഞ് രാത്രി ഏറെ വൈകി വീട്ടിലെത്തിയപ്പോൾ ആദ്യം വന്ന ഫോൺ തുടക്കം ഒരാഹ്ലാദം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആ സമ്മേളനത്തിൽ നേത്രദാന സമ്മതപത്രത്തിൽ ഒപ്പിട്ട ആദ്യ കണ്ണ് അന്ന് മരിച്ച പുത്തിലേടത്ത് ചില്ലമ്മയുടേത് നൽകുന്നത് സംബന്ധിച്ചായിരുന്നു; മരണമുറിവിലും തളിർത്ത ജീവിതപച്ചപ്പിന്റെ പുളകം പകർന്നേകുന്ന അസാധാരണമായ ആ ഫോൺവിളി!
ജന്മത്തിൽ ആഹ്ലാദമായും വളർച്ചയിൽ അഭിനന്ദനമായും വീഴ്ചകളിൽ വിമർശനമായും രോഗാവസ്ഥകളിൽ സാന്ത്വനമായും സൗഹൃദങ്ങളിൽ കളികളായും കടന്നുവരുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ നിത്യസാന്നിധ്യമായ സമൂഹം മരണത്തിനു മുന്നിൽ ഇന്നലെ വരെ എത്തിയത് വെറുമൊരു അനുശോചനവുമായിട്ടാണ്. എന്നാലിനി മുതൽ അത് അനുശോചനങ്ങളോടൊപ്പം അന്വേഷണവേദികൾ കൂടിയായി മാറേണ്ടിയിരിക്കുന്നു. എന്റെ അവസാനത്തെ ശ്വാസംവരെ നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്ന പൊതുപ്രവർത്തനത്തിന്റെ അഭിമാനകരംതന്നെയായ പഴയ തീർപ്പുകൾ മരണാനന്തരവും ഞാൻ നിങ്ങളോടൊപ്പം പുതുരൂപങ്ങളിൽ തുടരുമെന്ന നവ പ്രതീക്ഷകൾക്ക് വഴിമാറേണ്ടിയിരിക്കുന്നു. മൃതദേഹങ്ങൾക്കുപോലും സാമൂഹികപ്രവർത്തനം തുടരാൻ കഴിയുന്ന പുതിയ പശ്ചാത്തലത്തെ, സ്വന്തം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ, ഒരടിച്ചേൽപിക്കലിനും വഴങ്ങാതെ സ്വന്തം ഉള്ളിന്റെയുള്ളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് ഓരോരുത്തരും തങ്ങളാലാവും വിധം ആവേശപൂർവം ആരംഭിക്കേണ്ടിയിരിക്കുന്നത്. ‘കൊള്ളാൻ വല്ലതുമൊന്ന് കൊടുക്കാനില്ലാതില്ലൊരു മുൾച്ചെടിയും/ഉദയക്കതിരിനെ മുത്തും മാനവഹൃദയ പൂന്തോപ്പിൽ’ എന്ന വൈലോപ്പിള്ളിയുടെ കാവ്യയുക്തിക്ക് മുന്നിൽനിന്നാണ്, സാംസ്കാര സംഘട്ടനമെന്ന സാമുവൽ പി. ഹണ്ടിങ്ടന്റെ മനുഷ്യവിദ്വേഷത്തിന്റെ യുക്തിയുടെ നടുവിൽനിന്നല്ല, മനുഷ്യർ സൗഹൃദത്തിന്റെ പുതിയ ചുവടുവെപ്പുകൾ നടത്തേണ്ടത്.
.