മനുഷ്യസ്നേഹത്തിന്റെ മഹാവൃക്ഷം

വൈക്കം മുഹമ്മദ് ബഷീറുമായി ദീർഘകാല കുടുംബ ബന്ധമുള്ള വ്യക്തിയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ. തന്റെ ബഷീർ അനുഭവങ്ങൾ എഴുതുകയാണ് അദ്ദേഹം.അന്നൊരു ദിവസം ഉച്ചതിരിഞ്ഞ് അച്ഛൻ (അന്ന് കേരളശബ്ദത്തിന്റെ പത്രാധിപർ കെ.എസ്. ചന്ദ്രൻ) വീട്ടിൽ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ കൂട്ടത്തിൽ ജുബ്ബ ധരിച്ച ഒരു കഷണ്ടിക്കാരനുണ്ടായിരുന്നു. ടാക്സിക്കാറിൽനിന്നിറങ്ങിയപാടേ, ആ മനുഷ്യൻ മുൻവശത്തുള്ള...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
വൈക്കം മുഹമ്മദ് ബഷീറുമായി ദീർഘകാല കുടുംബ ബന്ധമുള്ള വ്യക്തിയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ബൈജു ചന്ദ്രൻ. തന്റെ ബഷീർ അനുഭവങ്ങൾ എഴുതുകയാണ് അദ്ദേഹം.
അന്നൊരു ദിവസം ഉച്ചതിരിഞ്ഞ് അച്ഛൻ (അന്ന് കേരളശബ്ദത്തിന്റെ പത്രാധിപർ കെ.എസ്. ചന്ദ്രൻ) വീട്ടിൽ വന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ കൂട്ടത്തിൽ ജുബ്ബ ധരിച്ച ഒരു കഷണ്ടിക്കാരനുണ്ടായിരുന്നു. ടാക്സിക്കാറിൽനിന്നിറങ്ങിയപാടേ, ആ മനുഷ്യൻ മുൻവശത്തുള്ള ഹാൾമുറിയിൽ ഇരിക്കാനൊന്നും കൂട്ടാക്കാതെ നേരെ ഒരൊറ്റേപ്പാക്കായിരുന്നു, അകത്തേക്ക്.
‘‘ഈ വീട്ടിലെ അടുക്കള എവിടെയാണ്?’’ എന്നുറക്കെ ചോദിച്ചുകൊണ്ടാണ് ശരംവിട്ടതുപോലെയുള്ള ഈ പോക്ക്. ആളെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പോടെ സ്തബ്ധയായി നിന്ന അമ്മ പെട്ടെന്ന് പിറകെ ചെന്നു. തൊട്ടുപിന്നാലെ, ഞങ്ങൾ പിള്ളേരും. അടുക്കളയിൽ ചെന്നപ്പോൾ കാണുന്നത് ചോറും കറികളുമൊക്കെ അടച്ചുവെച്ചിരിക്കുന്ന പാത്രങ്ങൾ തുറന്നു പരിശോധിക്കുന്ന അതിഥിയെയാണ്. തുടർന്ന് അമ്മയുടെ നേർക്ക് ഒരു ചോദ്യവും.
‘‘ആഹാ, ഇന്നിവിടെ മീൻകറിയാണല്ലേ?’’ എന്നിട്ട് മീൻചട്ടിയുടെ അടപ്പുതുറന്ന് തവികൊണ്ട് കുറച്ചു കയ്യിലേക്കൊഴിച്ച് രുചിച്ചുനോക്കി.
അമ്മക്ക് അപ്പോഴും ആ ഷോക്ക് വിട്ടുമാറിയിരുന്നില്ല. അച്ഛനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരുമായ വൈക്കം ചന്ദ്രശേഖരൻ നായർ, കെ. ആനന്ദക്കുറുപ്പ് (കുങ്കുമം വാരികയുടെ പത്രാധിപന്മാർ), രണ്ടു പ്രസിദ്ധീകരണങ്ങളുടെയും മാനേജറായ എം.എൻ. രാമചന്ദ്രൻ നായർ എന്നിവർ ഈ ബഹളമെല്ലാം കണ്ടു ചിരിച്ചുകൊണ്ട് മുൻവശത്തെ സ്വീകരണ മുറിയിൽതന്നെ ഇരിക്കുകയായിരുന്നു. അടുക്കളയിൽനിന്നിറങ്ങിയ അതിഥി ഞങ്ങളോട് ചെറിയൊരു കുശലപ്രശ്നം നടത്തിയശേഷം അധികം വൈകാതെ സ്ഥലംവിട്ടു. അമ്മ പറഞ്ഞുതരാതെ തന്നെ എനിക്കും ചേച്ചിക്കും ആളെ മനസ്സിലായി. ‘കുങ്കുമ’ത്തിൽ അപ്പോൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയായിരുന്ന ‘മാന്ത്രികപ്പൂച്ച’ എന്ന നോവലിനോടൊപ്പം ഈ ആളിന്റെ പല പോസിലുള്ള പടങ്ങൾ കണ്ടിട്ടുണ്ട്. കൂട്ടത്തിൽ ഏകദേശം എന്റെ പ്രായമുള്ള ഷാഹിന എന്ന മകളുടെയും ആ കുട്ടിയുടെ ‘മ്മച്ചി’യുടെയും പടങ്ങളും. കൊല്ലത്തുള്ള ഞങ്ങളുടെ വീട്ടിൽ മിക്കപ്പോഴും വരാറുണ്ടായിരുന്ന പുനലൂർ രാജൻ എന്ന ഫോട്ടോഗ്രാഫർ എടുത്തതാണ് ആ ചിത്രങ്ങളെന്നും അറിയാമായിരുന്നു. പോരെങ്കിൽ, ‘കുങ്കുമം’ വാരികയുടെ ഒന്നാം പേജിൽ ഏറ്റവും മുകളിലായി സ്ഥിരമായി കാണുന്ന പേരായിരുന്നു അത്.
‘ഉപദേഷ്ടാവ്: വൈക്കം മുഹമ്മദ് ബഷീർ’
പിന്നെ ‘മാന്ത്രികപ്പൂച്ച’ക്ക് ബഷീർ തന്നെ എഴുതിക്കൊടുത്ത പരസ്യവും കണ്ടിട്ടുണ്ട്:
‘‘ശ്രീ. വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച ഞങ്ങളുടെ ചാക്കിലുണ്ട്. മ്യാവോ... അടുത്ത ലക്കം കുങ്കുമത്തിൽ നോക്കുക... കണ്ണുകൾ മിഴിച്ചിരിക്കുന്ന ബഷീറിനെ കാണാം. സോറി മാന്ത്രികപ്പൂച്ചയെ...
സത്യം പറഞ്ഞാൽ, ‘മാന്ത്രികപ്പൂച്ച’ വായിച്ചിട്ട് അന്ന് കാര്യമായിട്ടൊന്നും മനസ്സിലായിരുന്നില്ല. ആറേഴു വയസ്സുള്ള ഒരു കുട്ടിക്ക് ദാർശനിക തലത്തിലുള്ള ആ നോവൽ വായിച്ചിട്ട് എന്തു മനസ്സിലാകാനാണ്! എങ്കിലും ഷാഹിനയോടൊപ്പം കൈസു എന്ന മാന്ത്രികപ്പൂച്ചയും മനസ്സിൽ സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു.
‘‘റ്റാറ്റോ നീളമ്മണ്ടി’’, ‘‘റ്റാറ്റോ കൈസുക്കുട്ടി കണ്ണാടി നോക്കി’’, ‘‘റ്റാറ്റോ റ്റാറ്റോ കൈസുക്കുട്ടിക്ക് ചീച്ചി മുള്ളണം’’ എന്നൊക്കെ പറഞ്ഞു നടക്കുന്ന ഷാഹിനയെയും അതേ നാളുകളിൽ തന്നെ നന്തനാരുടെ ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസ’ത്തിൽ വായിച്ചു പരിചയമുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും ഒരുപോലെ തോന്നി എനിക്ക്.
ആയിടക്ക് തന്നെയാണ് കൊല്ലത്തെ എസ്.എം.പി തിയറ്ററിൽ പോയി ‘ഭാർഗവീനിലയം’ സിനിമയുടെ പുതിയ കോപ്പി കാണുന്നത്. പ്രേതകഥകളുടെയും അതു വായിച്ചുണ്ടാകുന്ന ഭയത്തിന്റെയും ആളായ ചേച്ചി സിനിമ കണ്ടശേഷം കുറേ കഥകൾകൂടി പറഞ്ഞുതന്ന് എന്റെ പേടി ഇരട്ടിപ്പിച്ചു. അതിൽ മധു വേഷമിട്ട സാഹിത്യകാരൻ യഥാർഥത്തിൽ ബഷീർതന്നെയാണെന്ന് അമ്മ പറഞ്ഞുതന്നപ്പോൾ ഈ മനുഷ്യൻ ഒരു സംഭവംതന്നെയാണല്ലോ എന്നു മനസ്സിലോർത്തു.
‘മാന്ത്രികപ്പൂച്ച’ അങ്ങോട്ട് സുഖിച്ചില്ലെങ്കിലും പിന്നീട് പയ്യെ പയ്യെ ഒന്നിനുപിറകെ ഒന്നായി വായിച്ച ‘പാത്തുമ്മായുടെ ആട്’, ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’, ‘ആനവാരിയും പൊൻകുരിശും’, ‘ബാല്യകാലസഖി’, ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്നിവയെല്ലാം ഉള്ളിലേക്ക് ആവേശിച്ചു കയറി. ‘ബാല്യകാലസഖി’ സിനിമ കണ്ടത് ചെറിയൊരോർമയുണ്ട്. പക്ഷേ ആ നോവൽ –‘‘എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാൻ തുടങ്ങിയത്?’’ എന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യം മജീദിന്റേതുപോലെ എന്റെ ഹൃദയത്തെയും വല്ലാതെ മഥിച്ചു. ലുട്ടാപ്പി പാടിയ ‘‘ഗുത്തിനി ഹാലിട്ട ലിത്താപ്പോ’’ എന്ന പാട്ട് കാണാതെ പഠിച്ചു പാടിനടന്നു. കേശവൻ നായരുടെയും സാറാമ്മയുടെയും പിറക്കാൻ പോകുന്ന ആകാശമിഠായി എന്ന കുട്ടി എങ്ങനെയിരിക്കുമെന്ന് സങ്കൽപിച്ചു. ആനവാരി, പൊൻകുരിശ്, മണ്ടൻ മുത്തപ്പ, എട്ടുകാലി മമ്മൂഞ്ഞ്, സൈനബ, കുഞ്ഞു പാത്തുമ്മ, ഉമ്മ, പാത്തുമ്മ, ഹനീഫ, അബ്ദുൽ ഖാദർ... ഇങ്ങനെ ഓരോരുത്തരും എനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറെ മനുഷ്യരായി എന്നോടൊപ്പം ജീവിച്ചു.
ഞാൻ കുറേനാൾ സൂക്ഷിച്ചുെവച്ചിരുന്ന ‘ചെമ്മീൻ’ സിനിമയുടെ സവിശേഷമായ സൈസിലുള്ള പാട്ടുപുസ്തകത്തിന്റെ പുറംകവറിൽ കണ്മണി ഫിലിംസിന്റെ അടുത്ത ചിത്രം ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ’ എന്ന പരസ്യം കണ്ടിട്ട്, പടം വരാൻ വേണ്ടി കുറേനാൾ കാത്തിരുന്നു. ബഷീറും രാമു കാര്യാട്ടും കണ്മണി ബാബുവും കൂടിയിരുന്ന് എന്തോ ചർച്ചചെയ്യുന്ന പടം ‘സിനിരമ’യുടെ ആദ്യലക്കങ്ങളിലൊന്നിൽ അച്ചടിച്ചുവന്നത് അപ്പോഴാണ്. ബഷീർ സമയത്തിന് സ്ക്രിപ്റ്റ് എഴുതിത്തീർത്തു കൊടുക്കാത്തതുകൊണ്ടാകണം അവർ ആ പ്രോജക്ട് ഉപേക്ഷിച്ച് ‘ഏഴു രാത്രികൾ’ എന്ന സിനിമയെടുത്തു. പുതുമുഖങ്ങളെയും നാടക നടീനടന്മാരെയുംവെച്ചുള്ള വ്യത്യസ്തമായ പരീക്ഷണമായിരുന്നതുകൊണ്ട് പടം പൊട്ടി. അതോടെ ആ കൂട്ടുകെട്ട് തന്നെ അവസാനിച്ചു. അതിനുപകരം ‘ന്റുപ്പുപ്പാ...’ ആയിരുന്നെങ്കിലോ എന്നു ഞാൻ ചിലപ്പോൾ ആലോചിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കുമ്പോൾ അമ്മ പറഞ്ഞാണറിയുന്നത് ബഷീറിന് ഭ്രാന്ത് വന്നിരിക്കുന്നു. ‘ഇരുട്ടിന്റെ ആത്മാവ്’ സിനിമയിലെ പ്രേംനസീറിന്റെ വേലായുധനെപ്പോലെ ചങ്ങലക്കിടുമോ ബഷീറിനെ എന്നായിരുന്നു ചിന്ത. അന്നൊക്കെ ബഷീറിനെക്കുറിച്ച് എഴുതിയത് എവിടെക്കണ്ടാലും വായിക്കും. ബഷീറിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ് കിട്ടിയത് പത്രത്തിൽ വായിച്ചു. ആ സമയത്ത് ‘ജനയുഗ’ത്തിൽ വന്ന ഫീച്ചറും വായിച്ചു. ആളിന് ഒരു ഭ്രാന്തുമില്ല, ആശ്വാസമായി.
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ‘ജനയുഗ’ ത്തിന്റെയും ‘കൗമുദി’യുടെയും ‘മാതൃഭൂമി’യുടെയും ഒക്കെ പഴയ ലക്കങ്ങളും പഴയ വിശേഷാൽ പ്രതികളുമൊക്കെ വായിക്കുന്നതായിരുന്നു എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. 1964ലെ കൗമുദി വിശേഷാൽ പ്രതിയിൽ വന്ന ‘മതിലുകൾ’ വായിച്ചത് അങ്ങനെയാണ്. 1965ലെ ‘കൗമുദി’ വിശേഷാൽപ്രതിയിൽ കെ. ബാലകൃഷ്ണൻ പുതുമയുള്ള ഒരു മത്സരം നടത്തിയിരുന്നു. എഴുത്തുകാരുടെ പേര് കൊടുക്കാതെ അവരെഴുതിയ കഥയും കവിതയും ലേഖനവുമൊക്കെ കൊടുക്കും. ആരാണ് ഓരോന്നും എഴുതിയതെന്ന് വായനക്കാർ പറയണം. ‘ഭർ റ്...’ എന്ന കഥ വായിച്ചപ്പോൾതന്നെ അതെഴുതിയതാരാണെന്ന് എനിക്കു മനസ്സിലായി. കഥ വായിച്ചപ്പോൾ അയ്യേ, ഇങ്ങനെയൊക്കെ എഴുതാമോ എന്നു തോന്നിയെങ്കിലും.
‘ജനയുഗം’ പ്രസിദ്ധീകരണമായ ‘ബാലയുഗം’ തുടങ്ങിയത് ആയിടക്കാണ്. പ്രസിദ്ധരായ എഴുത്തുകാരും അഭിനേതാക്കളുമൊക്കെയായി കുട്ടികൾ നടത്തുന്ന അഭിമുഖസംഭാഷണങ്ങളായിരുന്നു ‘ബാലയുഗ’ത്തിന്റെ ഒരു പ്രത്യേകത. മൂന്നാമത്തെയോ നാലാമത്തെയോ ലക്കത്തിൽ പ്രസിദ്ധീകരിച്ച പ്രസ്തുത പംക്തിയിലെ കഥാനായകൻ ബഷീറായിരുന്നു. ഇന്റർവ്യൂ ചെയ്തത് ഷാഹിനയും ചങ്ങാതിമാരും. എനിക്കും എന്നെങ്കിലും ബഷീറിനെ ഇങ്ങനെ ഇന്റർവ്യൂ ചെയ്യാൻ സാധിക്കുമോ എന്നപ്പോൾ ഓർത്തു.

കണ്മണി ബാബു, രാമു കാര്യാട്ട്, ബഷീർ എന്നിവർ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ സിനിമയുടെ ചർച്ചാവേളയിൽ
അതിനിടെ അച്ഛൻ ബഷീറുമായി നടത്തിയ ഒരു ദീർഘസംഭാഷണം ‘കേരളശബ്ദ’ത്തിൽ വന്നു. എനിക്ക് വലിയ അഭിമാനം തോന്നിയ കാര്യമായിരുന്നു അത്. ആ നാളുകളിൽ ബഷീർ കൂടുതലും എഴുതിയിരുന്നത് കത്തുകളാണല്ലോ. കത്തിന്റെ രൂപത്തിലുള്ള ആ എഴുത്തുകളൊക്കെ ഒന്നാന്തരം സാഹിത്യസൃഷ്ടികളായിരുന്നു. ‘കുങ്കുമ’ത്തിലും ‘കേരളശബ്ദ’ത്തിലും ‘കൗമുദി’യിലുമൊക്കെ വരാറുണ്ടായിരുന്ന ബഷീറിന്റെ കത്തുകൾ ഞാൻ താൽപര്യത്തോടെ വായിക്കുമായിരുന്നു. അതിനൊരു കാരണംകൂടിയുണ്ട്. അവയിൽ പലതിലും അച്ഛന്റെ പേര് പരാമർശിച്ചു കാണാറുണ്ട്. 1967ലെ ‘കൗമുദി’ വിശേഷാൽപ്രതിയിൽ കെ. ബാലകൃഷ്ണന് എഴുതിയ കത്തിലും അച്ഛനെ പരാമർശിക്കുന്നുണ്ട്. അതു കാണുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ബഷീർ അച്ഛനെ കേന്ദ്രകഥാപാത്രമാക്കി കഥപോലെ എഴുതിയ ഒരു കത്ത് ‘കുങ്കുമ’ത്തിന്റെ 1972ലെ ഓണം വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ചു. പത്രാധിപർ വൈക്കം ചന്ദ്രശേഖരൻ നായരെ അഭിസംബോധനചെയ്തുകൊണ്ട് എഴുതിയ ആ കത്ത് ‘ധർമരാജ്യം’ എന്ന പുസ്തകത്തിൽ വന്നിട്ടുണ്ട്.
‘‘ഞാൻ കെ.എസ്. ചന്ദ്രനെ സ്തുതിച്ചു സംസാരിച്ചു. ചന്ദ്രന്റെ ‘നഗരത്തിന്റെ മാറിലും മറവിലും’ ഞാൻ വായിക്കുന്നുണ്ട്. അതിലെ ഗ്രീക്ക് ഫിലോസഫർ താനാ(വൈക്കം)ണെന്ന് ഞാൻ പറഞ്ഞു. എനിക്കത് വളരെ ബോധിച്ചുവെന്നും ഞാൻ പറഞ്ഞു. അപ്പോൾ താൻ ചന്ദ്രനെ ആക്ഷേപിച്ചു സംസാരിച്ചു.
‘‘എല്ലുപോലെ ഇരിക്കുന്ന അവന് ധൈര്യമുണ്ട്. ഞങ്ങളാരും അവനെ അടിക്കുകയില്ല. അതാണവൻ യോഗ്യന്മാരെ ആക്ഷേപിച്ചെഴുതുന്നത്...’’
ഒരു സന്തോഷവാർത്ത...
കെ.എസ്. ചന്ദ്രനെ ഇവിടെ രുഗ്മിണി എന്നു പേരായ ഒരു സുന്ദരി ആരാധിക്കുന്നു. ഇതെങ്ങനെ സംഭവിച്ചു എന്നുപറയാം. എനിക്കു വരുന്ന പത്രമാസികകൾ അയൽപക്കങ്ങളിലുള്ള സുന്ദരികൾ വായിക്കുന്നുണ്ട്. അങ്ങനെയാണ് കെ.എസ്. ചന്ദ്രനെ രുഗ്മിണി ആരാധിച്ചുതുടങ്ങിയത്.
രുഗ്മിണി അവിവാഹിതയാണ്. വയസ്സ് ഇരുപത്തിനാല്.
രുഗ്മിണിയുടെ ആകാരവടിവിനെപ്പറ്റി പറയാം.
ഒരുദിവസം സന്ധ്യ കഴിഞ്ഞ്, ഏഴെട്ടു മണിയായപ്പോൾ കോഴിക്കോട്ടുനിന്ന് രണ്ടുപേർ എന്നെ ഒരു പാർട്ടിക്ക് ക്ഷണിക്കാൻ വന്നു. ഒരു മുസൽമാനും ഒരു നായരും. നായർ സാഹിത്യകാരനാണ്. ഞാൻ ചെന്നേ പറ്റൂ. വീട്ടിലാണെങ്കിൽ ഭാര്യയും മോളും മാത്രമേയുള്ളൂ. ആൺതുണ വേറെയില്ല. ഞാൻ ഭാര്യയോടു വിവരം പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു:
‘കൂട്ടിന് രുഗ്മിണിയെ വിളിക്കാം.’
വിവരം ഞാൻ മുസൽമാനോടും നായരോടും പറഞ്ഞു. ഭാര്യ ടോർച്ചുമായി വേലിയരികിൽ ചെന്ന് രുഗ്മിണിയെ വിളിച്ചു. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചൂട്ടും കത്തിച്ചു വീശിക്കൊണ്ട് രുഗ്മിണി പടികടന്ന് മുറ്റം വഴി അപ്പുറത്തേക്ക് പോയി. രുഗ്മിണിയെ കണ്ടപ്പോൾ നായർ സാഹിത്യകാരൻ ആകെ അവശനായി.
‘ഗുരോ, രുഗ്മിണി എവിടെയാണ് കിടക്കുന്നത്?’
ഞാൻ പറഞ്ഞു:
‘വരാന്തയുടെ അടുത്തുള്ള മുറിയിൽ ഒരു കട്ടിലുണ്ട്. അതിൽക്കിടക്കും.’
നായർ സാഹിത്യകാരൻ പറഞ്ഞു:
‘ഗുരോ, എനിക്കു വല്ലാതെ വരുന്നു. നടക്കാൻ മേല. ഒരു പായ തന്നാൽ ഞാനീ വരാന്തയിൽ കിടന്നോളാം. നിങ്ങൾ രണ്ടുപേരും പൊയ്ക്കോ.’
ഞാൻ പറഞ്ഞു:
‘കള്ള നായരെ, എണീക്ക്. ബാ പോകാം.’
ഞങ്ങൾ പോയി. വഴിക്ക് നായർ സാഹിത്യകാരൻ രുഗ്മിണിയെപ്പറ്റി ചികഞ്ഞു ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു:
‘രുഗ്മിണിക്ക് തടിയന്മാരായ ആങ്ങളമാരുണ്ട്. അമ്മയില്ല. സാമാന്യം വിദ്യാഭ്യാസമുണ്ട്. സാഹിത്യകാരന്മാരെ ഇഷ്ടമാണ്. ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കെ.എസ്. ചന്ദ്രനെയാണ്.’
‘കെ.എസ്. ചന്ദ്രനെ?’
‘അതെ.’
‘ചന്ദ്രനെ രുഗ്മിണി കണ്ടിട്ടുണ്ടോ?’
‘ഇല്ല.’
‘എന്നാൽ എന്റെ പൊന്നു ഗുരു ഒരു കാര്യം ചെയ്യ്. നാളെ നല്ല തിരുത വാങ്ങിച്ചു കറിവെയ്ക്കുകയും വറക്കുകയും ചെയ്യ്. നാളെ ഉച്ചയ്ക്ക് ഞാൻ ഗുരുവിന്റെ വീട്ടിൽ ഉണ്ണാൻ വരാം. ഊണു കഴിഞ്ഞ് രുഗ്മിണിയെ എനിക്ക് പരിചയപ്പെടുത്തിത്തരണം.അതായത് ഞാൻ കെ.എസ്. ചന്ദ്രനാണെന്ന് ഗുരു രുഗ്മിണിയോട് പറയണം.’
‘എന്തു തരും?’
‘എന്തു തരണം?’
‘നൂറു രൂപ. പിന്നെ ഈ വിവരം താങ്കളുടെ ഭാര്യയോട് പറയാതിരിക്കണമെങ്കിൽ അതിന് വേറെ നൂറു രൂപാ.’
ആ നായർ സാഹിത്യകാരൻ എന്നെ കാണുമ്പോഴെല്ലാം രുഗ്മിണിയെപ്പറ്റി ചോദിക്കും. താൻ ഇനി ഈ വീട്ടിൽ വരുമ്പോൾ തന്നെ ഞാൻ കെ.എസ്. ചന്ദ്രനാണെന്ന് പറഞ്ഞ് രുഗ്മിണിക്ക് പരിചയപ്പെടുത്താം. മടക്കത്തപാലിൽ 250 രൂപാ അയക്കുക. ഈ വിവരങ്ങളൊന്നും കെ.എസ്. ചന്ദ്രനെ അറിയിക്കരുത്.
N B. ഇവിടെ പൊൻകുന്നം വർക്കി, വൈക്കം ചന്ദ്രശേഖരൻ നായർ, കേശവദേവ്, തകഴി മുതലായവരെ ആരാധിക്കുന്ന പെൺകുട്ടികളുണ്ട്. അവർ നൂറുരൂപാ വീതം മാസംതോറും അയച്ചാൽ വേറെ ആളുകളെ കാണിച്ച് അവരാണെന്ന് പെൺകുട്ടികളെ പരിചയപ്പെടുത്തുകയില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികാനാമമാണ് കെ.എസ്. ചന്ദ്രൻ എന്ന് രുഗ്മിണിയോട് പറഞ്ഞാലോ എന്നൊരാലോചനയുണ്ട്. പറയാതിരിക്കണമെങ്കിൽ ചന്ദ്രൻ ഉടനെ ഇരുനൂറ് രൂപ അയക്കട്ടെ.’
മംഗളം.
ബഷീർ.’’
(‘മലയാളനാടി’ൽ വന്ന ‘കണ്ണട ഒന്ന്... രണ്ട്... മൂന്ന്’ എന്ന കഥയിലും വി.കെ.എൻ, കാക്കനാടൻ എന്നിവരോടൊപ്പം അച്ഛനും ഒരു കഥാപാത്രമായിരുന്നു.)
പിന്നീട് ‘കേരളശബ്ദം’ വിട്ട അച്ഛൻ 1978ൽ ‘ചതുരംഗം’ എന്ന പേരിൽ ഒരു സ്വതന്ത്ര രാഷ്ടീയവാരിക തുടങ്ങി. അതിൽ മനുഷ്യരിലെ മനുഷ്യൻ എന്ന പേരിൽ അച്ഛൻ തുടങ്ങിയ പംക്തിയിൽ ആദ്യമെഴുതിയത് ബഷീറിനെക്കുറിച്ചായിരുന്നു...
ബഷീറും കുടുംബവുമായി ഒരുപാട് അടുക്കാനും പിന്നീട് ആ വീട്ടിൽ എത്രയോ വട്ടം പോകാനുമൊക്കെ കാരണക്കാരി എന്റെ ജീവിതപങ്കാളിയും എഴുത്തുകാരിയുമായ കെ.എ. ബീനയാണ്. ബീന മാധ്യമവിദ്യാർഥിയായിരിക്കുമ്പോൾ ചെയ്ത ഒരു പ്രോജക്ടിനുവേണ്ടി ബഷീറിന് കത്തെഴുതിയതോടെയാണ് തുടക്കം. കെ. ബാലകൃഷ്ണനും ‘കൗമുദി’ വാരികയും മലയാള പത്രപ്രവർത്തനത്തിന് നൽകിയ സംഭാവനകളായിരുന്നു വിഷയം. തെറ്റായ മേൽവിലാസത്തിലാണ് കത്തയച്ചതെങ്കിലും ബഷീറിന് അതു കൃത്യമായി കിട്ടിയെന്ന് ഒരാഴ്ചക്കുള്ളിൽ വന്ന ദീർഘമായ മറുപടി കണ്ടപ്പോഴാണ് മനസ്സിലായത്. ഏറ്റവും അടുപ്പമുള്ള ഒരു സുഹൃത്തിനെഴുതുന്നതുപോലെയായിരുന്നു 21 വയസ്സുകാരിക്കെഴുതിയ ആ കത്ത്.
ബാലകൃഷ്ണനും ‘കൗമുദി’യുമായുള്ള ഉറ്റ സൗഹൃദം, മതിലുകൾ എന്ന ക്ലാസിക് കൃതി എഴുതാനിടയായ കഥ, മദ്യത്തിന് അടിമയായിത്തീർന്ന ബാലകൃഷ്ണന്റെ തകർച്ച... ഇതൊക്കെ ടിപ്പിക്കൽ ബഷീർ ശൈലിയിൽ കത്തിൽ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. ഞാനും ബീനയും എത്രവട്ടം അത് വായിച്ചിട്ടുണ്ടാകുമെന്ന് ഓർമയില്ല. രണ്ടുദിവസം കഴിഞ്ഞപ്പോൾ ബീനക്ക് ഒരു പാർസൽ വന്നു. അതുവരെ പ്രസിദ്ധീകരിച്ച ബഷീറിന്റെ മുഴുവൻ കൃതികളും. ബീനയുടെ വീട്ടുപേര് (അമ്മയുടെ പേരും) അമ്പിളി എന്നായിരുന്നതുകൊണ്ട് അമ്പിളി, പൊന്നമ്പിളി എന്നൊക്കെ സംബോധന ചെയ്തുകൊണ്ടാണ് ബഷീർ എഴുതിയിരുന്നത്. പിന്നീടുള്ള നാളുകളിൽ ബഷീറിന്റെ കത്തുകൾ ബീനക്ക് കൃത്യമായി വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ വിവാഹം നടന്നത് 1987 ഫെബ്രുവരി ഒന്നാം തീയതിയാണ്. ഞങ്ങളുടെ ഒരുമിച്ചുള്ള ആദ്യത്തെ യാത്ര കോഴിക്കോട്ടേക്കായിരുന്നു. ബഷീറിനെ കാണുക എന്ന ബീനയുടെ ജീവിതാഭിലാഷം അങ്ങനെ സാധിച്ചു.

വൈക്കം മുഹമ്മദ് ബഷീർ ലേഖകന് എഴുതിയ കത്ത്,വൈക്കം മുഹമ്മദ് ബഷീർ ലേഖകന് എഴുതിയ കത്ത്
‘‘ഗുസർ ഗയാ വോ സമാനാ കൈസാ കൈസാ...’’
മാങ്കോസ്റ്റിൻ ചുവട്ടിൽ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഗ്രാമഫോണിൽനിന്നുയരുന്ന പങ്കജ് മല്ലിക്കിന്റെ ഭാവഗംഭീരമായ ശബ്ദത്തിന് കാതോർത്തുകൊണ്ട്, കൈകൾ രണ്ടും തലക്കു മുകളിലേക്ക് പിണച്ചുവെച്ച്, ചാരുകസേരയിൽ ധ്യാനലീനനായി കിടക്കുന്ന രൂപം. ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ ചെന്നപ്പോൾ ആദ്യം കണ്ട കാഴ്ച. അതുവരെ ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള അതേ പോസ്.
ഞങ്ങളെ കണ്ടയുടനെ വീട്ടിനകത്തേക്ക് നോക്കി ഉറക്കെ നീട്ടിവിളിച്ചു:
‘‘എടിയേ...’’
മ്മച്ചിയും ഒക്കത്തൊരു കുഞ്ഞുമായി ഷാഹിനയും വന്നപ്പോൾ ഞങ്ങളെ പരിചയപ്പെടുത്തി:
‘‘ഇതാരാന്ന് മനസ്സിലായോ? ‘കേരളശബ്ദ’ത്തിലെ കെ.എസ്. ചന്ദ്രനെ ഓർമയില്ലേ? ആ സുന്ദരൻ നായരുടെ മകനാണ് ഈ കോലാച്ചൻ നായർ. ബൈജു ചന്ദ്രൻ. ദൂരദർശനിലെ വലിയ ഉദ്യോഗസ്ഥനാ. ഈ പൊന്നമ്പിളിപ്പെണ്ണിന്റെ കെട്ടിയോൻ.’’
‘‘പിന്നേ... കെ.എസ്. ചന്ദ്രനെ മറക്കാൻ പറ്റ്വോ? ഇവിടെ വരുമ്പോൾ എത്രതവണ വന്ന് ഞാൻ ചോറ് വിളമ്പിക്കൊടുത്തിട്ടുണ്ട്!’’
അതൊരു തുടക്കമായിരുന്നു. പിന്നീട് ഞങ്ങൾ എത്രയോ വട്ടം അവിടെ പോയി. ദൂരദർശനുവേണ്ടി ഞാൻ ചെയ്ത പല പരിപാടികൾക്കും വേണ്ടി ബഷീറിനെ കാമറയിൽ പകർത്തി. ദൂരദർശൻ മലയാള സംപ്രേഷണം തുടങ്ങിയ 1985ൽ ആദ്യം ചെയ്ത പരിപാടികളിലൊന്ന് ബഷീറിന്റെ അഭിമുഖമായിരുന്നു. എന്റെ സഹപ്രവർത്തകനും ബഷീറുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ മകനുമായ ദിലീപ് ആയിരുന്നു അത് ചിത്രീകരിച്ചത്. ബഷീറിന് അന്നാളുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ശീലമുണ്ടായിരുന്നു. വായിലൂറിക്കൂടുന്ന ദ്രാവകം അപ്പോഴപ്പോൾ തുപ്പിക്കൊണ്ടിരിക്കുന്ന ആ സ്വഭാവം കാരണം ആ അഭിമുഖം പൂർണമായും സംപ്രേഷണംചെയ്യാൻ പറ്റിയില്ല.
പ്രശസ്തനായ ഒരു മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഒരു വ്യക്തിയായിരുന്നു അന്ന് ബഷീറിനെ ഇന്റർവ്യൂ ചെയ്തത്. അഭിമുഖത്തിനിടയിൽ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു:
‘‘മലയാള സാഹിത്യ നഭോമണ്ഡലത്തിൽ ഉദിച്ചുയർന്ന് ജ്വലിച്ചുനിൽക്കുന്ന ഉജ്ജ്വല നക്ഷത്രമായ അങ്ങേക്ക്...’’
ഇത്രയുമായപ്പോൾ ബഷീറിന്റെ ക്ഷമ കെട്ടു:
‘‘ഹ!! മലയാളത്തിൽ പറ!!’’
ഞാൻ ആയിടക്കാണ് മാവൂർ ഗ്വാളിയർ റയോൺസിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് ഒരു ഡോക്യുമെന്ററി ചെയ്യാനായി കോഴിക്കോട്ടു ചെന്നത്. ബഷീറിനെ കാണാൻ പറ്റുമല്ലോ എന്നോർത്ത് ബീനയും ഒപ്പം വന്നു. മാവൂർ പ്രശ്നത്തേക്കുറിച്ച് ബഷീറിനെ കൊണ്ട് സംസാരിപ്പിച്ചാലോ എന്ന് എനിക്കും സ്ക്രിപ്റ്റ് എഴുതിയ മോഹൻകുമാറിനും തോന്നി. ആദ്യം സമ്മതിച്ചില്ല. ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങിയാണ് സംസാരിക്കാൻ തുടങ്ങിയത്. മനുഷ്യപ്പറ്റ് തുടിച്ചുനിൽക്കുന്ന കുറേ വാചകങ്ങളാണ് ബഷീർ സ്വതഃസിദ്ധമായ ശൈലിയിൽ പറഞ്ഞുവെച്ചത്. പിന്നീടും പല പരിപാടികൾക്കുംവേണ്ടി ബഷീർ കാമറയുടെ മുന്നിലെത്തി. സ്വാതന്ത്ര്യത്തിന്റെ നാൽപതാം വാർഷികം, കെ. ബാലകൃഷ്ണൻ, ബേപ്പൂരിലെ പത്തേമാരികൾ, വർഷാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടം. ഇങ്ങനെ പലതും ഓർമവരുന്നു.
ഇതിനിടെ ഞങ്ങൾ കുറച്ചുപേർ –ദൂരദർശനിലെ എന്റെ സഹപ്രവർത്തകരായ ശ്യാമപ്രസാദ്, ദിലീപ്, രഞ്ജിത്, സാജൻ, പി.കെ. വേണുഗോപാൽ, മുരളി മേനോൻ എന്നിവരൊക്കെ ചേർന്ന് മലയാളത്തിലെ പ്രശസ്തങ്ങളായ ചെറുകഥകൾ ദൃശ്യരൂപത്തിലാക്കാനുള്ള ഒരു പരിപാടിയെ കുറിച്ച് ആലോചിക്കുന്നുണ്ടായിരുന്നു. ഈയിടെ വിടപറഞ്ഞുപോയ ശ്രീവരാഹം ബാലകൃഷ്ണൻ സാറായിരുന്നു ഈ ആലോചനകളുടെ കാർമികത്വം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനും ഞങ്ങളുടെയെല്ലാം ജ്യേഷ്ഠസുഹൃത്തുമായ പി. ബാലചന്ദ്രൻ (നടൻ, തിരക്കഥാകൃത്ത്) എന്ന ബാലേട്ടൻ, രഞ്ജിത് (സംവിധായകൻ) എന്നിവരും ഈ ചർച്ചകളിൽ പങ്കുചേരാറുണ്ടായിരുന്നു. പണം മുടക്കാമെന്നേറ്റത് തിരുവനന്തപുരത്തെ അന്നത്തെ ഒരു പ്രമുഖ ഫോട്ടോ സ്റ്റുഡിയോ ആയ മെട്രോ സ്റ്റുഡിയോയുടെ ഉടമസ്ഥനായ ബാബുവും.
‘പൂവമ്പഴം’ എന്ന ബഷീർ കഥയാണ് ഇതിനുവേണ്ടി ആദ്യം തിരഞ്ഞെടുത്തത്. നെടുമുടി വേണുവും സീനത്തും നായികാ നായകന്മാരായി ബേപ്പൂർ വെച്ചുതന്നെ ടെലിഫിലിമിന്റെ ചിത്രീകരണം നടന്നു. ബാലേട്ടനും ദിലീപും ശ്യാമും വേണുവുമൊക്കെയാണ് ചിത്രീകരണത്തിന്റെ ചുക്കാൻ പിടിച്ചത്. അബ്ദുൽഖാദറിന്റെയും ജമീലാബീവിയുടെയും കഥ പറഞ്ഞവസാനിപ്പിച്ചത് കഥാകൃത്ത് നേരിട്ടു പ്രത്യക്ഷപ്പെട്ടാണ്.
ബഷീറിനെക്കൊണ്ട് പണ്ടത്തെ അനുഭവകഥകൾ പറയിക്കുന്നതായിരുന്നു എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം. സന്ദർശകർ ഒന്നൊഴിയാതെ വന്നുകൊണ്ടിരിക്കുന്ന വൈലാലിൽ വീട്ടിൽ അതിനു കിട്ടുന്ന സമയം വളരെ പരിമിതമായിരുന്നുവെങ്കിലും.
ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാരാ ഫിലിംസിന്റെ മദ്രാസിലുള്ള ഓഫിസിൽ താമസിച്ചുകൊണ്ട് ‘ഭാർഗവീനിലയ’ത്തിന്റെ തിരക്കഥ എഴുതിയ കാലത്തെ കഥകൾ പലതും പറയുമായിരുന്നു. പടം വിൻസെന്റ് സംവിധാനംചെയ്യണമെന്നുള്ളതായിരുന്നു ബഷീറിന്റെ കണ്ടീഷൻ. വിൻസെന്റും പ്രൊഡക്ഷൻ മാനേജർ ആർ.എസ്. പ്രഭുവും ശോഭന പരമേശ്വരൻ നായരും അടൂർ ഭാസിയുമൊക്കെ അന്ന് ഒപ്പം താമസിക്കുന്നുണ്ടായിരുന്നു.
‘‘ഓരോ സീനും എഴുതിക്കഴിഞ്ഞ് ഞാൻ അവരെ അതു വായിച്ചു കേൾപ്പിക്കും.ചില സീനുകൾ കേട്ടിട്ട് വിൻസെന്റോ അല്ലെങ്കിൽ പ്രഭുവോ പറയും. ‘അതുവേണ്ട ബഷീറേ, ആ സീനെടുക്കാൻ കുറച്ചു ചെലവ് കൂടും. നമുക്ക് അത്രയ്ക്കൊന്നും ബജറ്റില്ല.’ അപ്പോൾ ഞാൻ നേരേ പോയി ആ സീൻ മാറ്റിയെഴുതും. അങ്ങനെ പരമാവധി ചെലവ് കുറച്ചെഴുതിയ സിനിമയാണ് ഭാർഗവീനിലയം.’’ ഇങ്ങനെ രസകരമായ കഥകൾ.
ഞാനും ബീനയും ഞങ്ങളുടെയൊപ്പം ‘ബഷീർ തീർഥാടന’ത്തിനെത്തുന്ന മറ്റു ചില സുഹൃത്തുക്കളും വിടർന്ന കണ്ണുകളും കൂർപ്പിച്ച കാതുകളുമായി ഇതൊക്കെ കേട്ടുകൊണ്ട് ആ ചാരുകസേരയുടെ ചുറ്റിനുമായി അങ്ങനെ ഇരിപ്പുണ്ടാകും.
‘ഭാർഗവീനിലയ’ത്തിന്റെ പാട്ടുകൾ റെക്കോഡ് ചെയ്യുമ്പോൾ, ഏഴു പ്രാവശ്യം പാടിയിട്ടും ‘‘താമസമെന്തേ വരുവാൻ’’ ശരിയാകുന്നില്ലെന്നു കണ്ടപ്പോൾ ഊരിപ്പിടിച്ച കഠാരയുമായി സ്റ്റുഡിയോയിൽ കയറിച്ചെന്നതും എട്ടാമത്തെ ടേക്ക് ‘ഓകെ’യായതുമായ കഥ കേട്ട് എത്ര ചിരിച്ചിരിക്കുന്നു!
ഞങ്ങൾ തമ്മിൽ തർക്കിച്ചു പിണങ്ങുന്ന ഒരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. രാഷ്ട്രീയം. എന്റെ കമ്യൂണിസ്റ്റ് ആഭിമുഖ്യം മനസ്സിലാക്കിയ ബഷീർ പരമാവധി എന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കും. അത്രക്ക് പ്രായവും പക്വതയുമൊന്നും ഇല്ലാതിരുന്ന ഞാൻ അതിൽ വീഴുകയുംചെയ്യും. ചൂടുപിടിച്ച വാഗ്വാദമാണ് പിന്നെ. സംഗീതത്തോട് വല്ലാത്തൊരു അഭിനിവേശംതന്നെയുണ്ടായിരുന്നു ബഷീറിന്. സൈഗാളും പങ്കജ് മല്ലിക്കും സി.എച്ച്. ആത്മയും എം.എസ്. സുബ്ബുലക്ഷ്മിയും മുതൽ മുഹമ്മദ് റഫിയും ഗുലാം അലിയും പങ്കജ് ഉധാസുമെല്ലാം പ്രിയപ്പെട്ട ഗായകർ. അങ്ങനെയിരിക്കുമ്പോൾ ഒരു കത്തു വന്നു.
‘‘പ്രിയപ്പെട്ട ബൈജു,
അവിടെ പഴയ ഗ്രാമഫോൺ പ്രദർശിപ്പിക്കുന്നതായി അറിയുന്നു. ഗ്രാമഫോൺ ആണ്, പഴയ പാട്ടുപെട്ടി. കൈകൊണ്ട് ചാവി കൊടുത്ത് റെക്കോഡു വെച്ചു പാടിച്ചിരുന്നത്.
അത് ഒരെണ്ണം എനിക്ക് വേണം. നല്ല കണ്ടീഷനുള്ളത്. വർക്കു ചെയ്യുന്നതായിരിക്കണം. കേടുപാടുള്ളതായിരിക്കരുത്. കോളാമ്പി ഉള്ളതാണ് വേണ്ടത്. സൂചികൾ വേണം. പഴയതും. 35 രൂപയായിരുന്നു പണ്ടത്തെ വില. നൂറുരൂപാ വരെ കൊടുത്തുവാങ്ങാം. സ്പെയർ സ്പ്രിങ്, ഡയഫ്രം മുതലായവ കിട്ടുമെങ്കിൽ വാങ്ങണം. ഗ്രാമഫോൺ റെേക്കാഡുകൾ എന്റെ പക്കലുണ്ട്.
ബൈജു വേഗം തെരക്കി വിവരം അറിയിക്കണം. പണം അയച്ചുതരാം. ഒരെണ്ണം വാങ്ങിച്ചോ.’’
കത്തു കിട്ടിയ ഉടനെ ഞാനും ബീനയുംകൂടി തിരുവനന്തപുരം നഗരം മുഴുവൻ അലഞ്ഞു. ഒടുവിൽ കണ്ടെത്തിയപ്പോൾ വില അയ്യായിരം രൂപ. വൈക്കം മുഹമ്മദ് ബഷീറിന് വേണ്ടിയാണെന്നു പറഞ്ഞപ്പോൾ ആയിരം രൂപാ കുറച്ചുതരാമെന്ന് കടക്കാരൻ. വിലയുടെ കാര്യം വിളിച്ചു പറഞ്ഞപ്പോൾ ഒരു കോംപ്രമൈസുമില്ല. നൂറു രൂപക്ക് കിട്ടുന്നില്ലെങ്കിൽ വേണ്ട, ചുമ്മാ പോ...
മറ്റൊരിക്കൽ ആവശ്യപ്പെട്ടത് ദൂരദർശനിൽ വന്നുകൊണ്ടിരുന്ന മിർസാ ഗാലിബ് എന്ന സീരിയലിലെ ഗസലുകളുടെ കാസറ്റ് വാങ്ങി അയച്ചുകൊടുക്കണമെന്നായിരുന്നു. പിന്നീട് അതു കിട്ടിയ വിവരം അറിയിച്ചുകൊണ്ട് ഒരു കത്തു വന്നു.
‘‘പ്രിയപ്പെട്ട ബൈജു,
സ്നേഹത്തോടെ വാങ്ങിച്ചയച്ച സുമനോഹര സംഭവമുണ്ടല്ലോ –മിർസാ ഗാലിബിന്റെ ഗസലുകൾ. ജഗത് സിങ്ങും ഭാര്യയും സുന്ദരമായിത്തന്നെ പാടിയിട്ടുണ്ട്. രണ്ടു കാസറ്റുകൾ ഡോക്ടർ ലൽക്കർ അതു ‘മാതൃഭൂമി’യിൽനിന്നു കൊടുത്തയച്ചു. വിലകൂടിയ ഒരു ടേപ്പു റെ
ക്കാർഡർ സ്റ്റീരിയോ വരുത്തി പാട്ടുകളെല്ലാം ഞാൻ കേട്ടു.
എനിക്കു തീരെ സുഖമില്ലായിരുന്നു. ഏതാണ്ടു കിടപ്പിലായെന്നു പറയാം. ഭയങ്കരമായ ക്ഷീണം. തന്മൂലമാണ് കാസറ്റുകൾ കിട്ടിയ ഉടനെ കത്തയക്കാഞ്ഞത്. Rs.75/-ന്റെ ഒരു ചെക്കയക്കുന്നു. HMV കമ്പനിക്ക് ബൈജു ഒരു കത്തെഴുതണം. മിർസാ ഗാലിബിന്റെ ഈ ഗസലുകൾ റെക്കാർഡു ചെയ്തിട്ടുണ്ടോ? LP റെക്കാർഡുകൾ. അതുണ്ടെങ്കിൽ വാങ്ങണം. എന്റെ കയ്യിലുള്ളത് റെക്കാർഡ് പ്ലേയറാണ്. ടേപ്പു റെക്കാർഡർ എങ്ങനെയുള്ളതും എനിക്കത്ര ഭംഗിയായി തോന്നുന്നില്ല.’’
അന്നാളുകളിൽ ബീന ഗർഭിണിയായിരുന്നു. അതിന്റെ ചില കോംപ്ലിക്കേഷനുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയായിരുന്നു. അതറിയുന്നതുകൊണ്ട് ഇത്രയുംകൂടിയുണ്ടായിരുന്നു കത്തിൽ.
‘‘ബീനയോട് പരിഭ്രമിക്കാനൊന്നുമില്ലെന്നു പറയണം. എല്ലാം മംഗളകരമായി ഭവിച്ചു ആശ്വാസവും സന്തോഷവും ഉണ്ടാകുമെന്നും പറയണം.’’
‘‘എല്ലാവർക്കും ദീർഘായുസ്സും പരമസൗഖ്യവും നേർന്നുകൊണ്ടാ’’ണ് കത്തവസാനിക്കുന്നത്. ബഷീർ പറഞ്ഞതുപോലെ എച്ച്.എം.വിക്ക് എഴുതിനോക്കിയെങ്കിലും അന്ന് ലോങ് പ്ലേ റെക്കോഡുകൾ കിട്ടിയില്ല. നീണ്ട ഒപ്പു ചാർത്തിയ ആ ചെക്ക് ഞങ്ങൾ നിധി കിട്ടിയതുപോലെ സൂക്ഷിച്ചുവെച്ചു.
1987ൽ സ്വാതന്ത്ര്യത്തിന്റെ നാൽപതാം വാർഷികാഘോഷങ്ങൾ നടക്കുന്ന വേളയിൽ അതുമായി ബന്ധപ്പെട്ട ഒരു പരിപാടിയുടെ ചിത്രീകരണത്തിന് കോഴിക്കോടിന് പോയി. ഒപ്പമുണ്ടായിരുന്ന ബീനയെ വൈലാലിൽ വീട്ടിൽ നിർത്തിയിട്ട് ഞാൻ കാമറാസംഘത്തോടൊപ്പം ഷൂട്ടിങ്ങിനായി ടൗണിലേക്ക് പോയി. അന്നു മൂന്നു മണിക്ക് കടപ്പുറത്തുവെച്ച് ബഷീറും മൊയ്തു മൗലവിയും മറ്റു സ്വാതന്ത്ര്യസമര സേനാനികളും പങ്കെടുക്കുന്ന ചടങ്ങുവെച്ചിട്ടുണ്ട്. അതിലേക്ക് ബീനയെകൂടി കൂട്ടാനായി തിരിച്ച് ബേപ്പൂരിലേക്ക് വന്നു. ബഷീറിനെ കൂട്ടിക്കൊണ്ടുപോകാനായി സർക്കാറിന്റെ വണ്ടി വന്നുകിടപ്പുണ്ട്. പക്ഷേ, ഞങ്ങളോടൊപ്പമേ വരൂ എന്ന് ബഷീറിന് നിർബന്ധം. അപ്പോൾതന്നെ സമയം വൈകിയിരുന്നു. ആ തിരക്കുപിടിച്ച നേരത്ത് ബേപ്പൂരിൽനിന്ന് ട്രാഫിക്കിനിടയിലൂടെ പാഞ്ഞുപിടിച്ചു പോയാലേ അൽപം വൈകിയാണെങ്കിലും ചടങ്ങിനെത്താൻ പറ്റൂ. സ്വാതന്ത്ര്യത്തിന്റെ നാൽപതാം വാർഷികാഘോഷം കവർ ചെയ്യാൻ പറ്റിയില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അത്ര ചെറുതായിരിക്കില്ല. ഞാനാകെ ടെൻഷനടിച്ചങ്ങനെ വണ്ടിയിൽ ഇരിക്കുകയാണ്. ആ പഴയ അംബാസഡർ കാറിന്റെ മുൻസീറ്റിൽ ബഷീർ വളരെ കൂൾ ആയി ഇരിപ്പുണ്ട്. ചടങ്ങ് നടക്കുന്നിടത്ത് എത്തിയപ്പോൾ കലക്ടർ ജയകുമാർ സ്വാഗതപ്രസംഗം നടത്തുകയാണ്. ദൂരദർശൻ ടീമിനെയും ഒപ്പമുള്ള ബഷീറിനെയും കണ്ടതോടെ കലക്ടർ പ്രസംഗം പെട്ടെന്നവസാനിപ്പിച്ചു.
ജയകുമാർ സാർ പിന്നീട് എന്നോടു പറഞ്ഞു.
‘‘ദൂരദർശൻ എത്താത്തതുകൊണ്ട് ഞാൻ സ്വാഗതം ഇങ്ങനെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു. നിങ്ങളുടെ കൂടെ ബഷീറിനെ കൂടി കണ്ടതോടെ സമാധാനമായി.’’
എന്റെ സുഹൃത്ത് ശ്യാമപ്രസാദ് ശ്രദ്ധേയമായ കുറെ ടെലിഫിലിമുകൾ ചെയ്തതിനു ശേഷം സിനിമാരംഗത്തേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനു പറ്റിയ ഒരു കഥയെക്കുറിച്ചായിരുന്നു ഞങ്ങൾ കുറച്ചുപേർ സ്ഥിരമായി ചർച്ചചെയ്തുകൊണ്ടിരുന്നത്. ‘ഭാർഗവീനിലയം’ എന്ന ക്ലാസിക് ഞങ്ങളെയെല്ലാം പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ആ പടത്തെ ഒന്നു പുനരാവിഷ്കരിച്ചാലോ എന്നായി ചിന്ത. അലക്സ് കടവിൽ (ഇന്ന് ജീവിച്ചിരിപ്പില്ല) എന്ന സുഹൃത്ത് പടം പ്രൊഡ്യൂസ് ചെയ്യാൻ തയാറായി.ഇനി ബഷീറിനോട് അനുവാദം വാങ്ങണം. ഞാനും ബീനയും എട്ടുമാസം പ്രായമുള്ള അപ്പുവും (ഋഥ്വിക് ബൈജു) ശ്യാമും ഷീബയും ഒരു വയസ്സ് പിന്നിട്ട വിഷ്ണുവും –ഇങ്ങനെ രണ്ടു കുടുംബങ്ങളും അലക്സ്, ദൂരദർശനിലെ സഹപ്രവർത്തകൻ രഞ്ജിത് എന്നിവരുമടങ്ങിയ സംഘം ബേപ്പൂർക്ക് പുറപ്പെട്ടു.

ബൈജു ചന്ദ്രനും കെ.എ. ബീനയും വൈക്കം മുഹമ്മദ് ബഷീറിനും കുടുംബത്തിനുമൊപ്പം
ഞങ്ങൾ ചെല്ലുമെന്നറിയിച്ചിരുന്നതുകൊണ്ട് ബഷീറും കുടുംബവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാര്യമറിയിച്ചപ്പോൾ ചെറിയൊരു മൗനം. പിന്നെ നീട്ടിയൊരു മൂളൽ. എന്നിട്ട് ചോദിച്ചു.
‘‘സാഹിത്യകാരനായി അഭിനയിക്കാൻ ആരെയാ മനസ്സിൽ കണ്ടിരിക്കണത്?’’
‘‘മോഹൻലാലിനെ കാസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം.’’ ശ്യാം പറഞ്ഞു.
‘‘ഉം... സാഹിത്യകാരൻ ഞാൻ തന്നെയാ അറിയാമല്ലോ.എനിക്കുണ്ടായ ഒരനുഭവമാണ് ആ കഥ... അതുപോലെ മതിലുകൾ. ഗോപാലകൃഷ്ണൻ എന്റെ വേഷത്തിലഭിനയിപ്പിച്ചത് മമ്മൂട്ടിയെയാ. ദാ ഇപ്പോ മോഹൻലാലിനെയും. പക്ഷെ ഒരു സങ്കതി അറിയാവോ? അവര് രണ്ടാളും എന്റത്ര പോരാ.’’
ഞങ്ങളെല്ലാവരും ചിരിച്ചു. അഡ്വാൻസ് കൊടുക്കുകയോ എഗ്രിമെന്റ് ഒപ്പിടുകയോ ഒന്നുമുണ്ടായില്ല.
‘‘നിങ്ങള് എന്താന്നു വെച്ചാൽ ചെയ്തോ. പടം ഗംഭീരമാകണം’’ എന്നു മാത്രം പറഞ്ഞു. ഇറങ്ങാൻ നേരത്ത് പെട്ടെന്നുണ്ടായ ഒരു തോന്നലിൽ ഞാൻ മുൻകൂറായി ഒരു അഭിനന്ദനം അറിയിച്ചു.
‘‘ങ്ങേ... അതെന്തിനാ?’’
‘‘നാളെ സ്റ്റേറ്റ് ഫിലിം അവാർഡ് പ്രഖ്യാപിക്കും. മികച്ച കഥാകൃത്തിനുള്ള അവാർഡ് പിന്നെ വേറെയാർക്കാ?’’
‘‘പിന്നേ... ആ കഥയെഴുതീട്ട് കാൽനൂറ്റാണ്ടു കഴിഞ്ഞു. ഇനിയിപ്പോഴാ അവാർഡ്. ചുമ്മാ പോ...’’
പക്ഷേ എന്റെ wild guess തെറ്റിയില്ല. മതിലുകൾക്ക് പുരസ്കാരങ്ങൾ ഒന്നും സംസ്ഥാന അവാർഡ് കമ്മിറ്റി കൊടുത്തില്ലെങ്കിലും കഥക്കുള്ള പുരസ്കാരം ബഷീറിന് നൽകി ആദരിക്കാൻ മറന്നില്ല.
ശ്യാമപ്രസാദ് സംവിധാനംചെയ്യുന്ന പടവുമായി സഹകരിക്കാൻ സൂപ്പർതാരങ്ങളൊക്കെ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ‘ഭാർഗവീനിലയം’ എന്തുകൊണ്ടോ മുന്നോട്ടുപോയില്ല. ആദ്യമൊക്കെ ബഷീർ അതെന്തായി എന്നു ചോദിക്കുമായിരുന്നു. എനിക്ക് കൃത്യമായി ഒരു മറുപടി നൽകാനും കഴിഞ്ഞില്ല.സിനിമയെന്ന മേഖലയുടെ അനിശ്ചിതത്വത്തെ കുറിച്ച് അനുഭവജ്ഞാനമുള്ളതുകൊണ്ടാകണം പിന്നീടെപ്പോഴോ അതു ചോദിക്കാതെയായി.
പക്ഷേ, ശ്യാം ആ നാളുകളിൽതന്നെ മറ്റൊരു കാര്യംചെയ്തു. ‘വിശ്വവിഖ്യാതമായ മൂക്ക്’ അതിമനോഹരമായി ദൃശ്യമാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തി. ബഷീർ കഥയുടെ കാർട്ടൂൺ സ്വഭാവം ആഴത്തിൽ ഉൾക്കൊണ്ട്, അന്നത്തെ പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്ത ആ ചിത്രം നെടുമുടി വേണുവിന്റെ നരേഷന്റെ സഹായത്തോടെ അതിഗംഭീരമായ ഒരു ദൃശ്യാനുഭവമായിട്ടാണ് പരിണമിച്ചത്. ചിത്രം എന്നാണ് ദൂരദർശനിൽ വരുന്നത് എന്നറിയാൻ ബഷീറിനും ആകാംക്ഷയുണ്ടായിരുന്നു. ചിത്രം ബഷീറിന് ഒത്തിരി ഇഷ്ടമായി.
പിന്നീട് വൈലാലിൽ വീട്ടിൽ ബഷീറിനെ കാണാൻ ചെല്ലുമ്പോഴൊക്കെ വല്ലാത്ത ഹൃദയഭാരവുമായിട്ടാണ് ഞങ്ങൾ മടങ്ങിവരാറ്. മാങ്കോസ്റ്റീൻ ചുവട്ടിൽനിന്ന് വരാന്തയുടെ അരഭിത്തിയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ ഇരിപ്പ് ഏതാണ്ട് സ്ഥിരമായി മാറിയതുപോലെയായിരുന്നു. ഒരു വാക്കുപോലും ഉരിയാടാൻ സമ്മതിക്കാത്തതു പോലെയുള്ള ശ്വാസംമുട്ടൽ മൂലം സഹിക്കുന്ന വിമ്മിട്ടം കണ്ടുനിൽക്കാൻ തന്നെ പ്രയാസമായിരുന്നു. നാലു മാസം പ്രായമുള്ളപ്പോൾ ബഷീറപ്പൂപ്പന്റെ കൈകൾകൊണ്ട് മൂർധാവിൽ തലോടിയുള്ള അനുഗ്രഹം കിട്ടിയ അപ്പുവിന് ഏറ്റവും ഒടുവിൽ ചെന്ന അവസരത്തിൽ ഒരു സമ്മാനം കൊടുത്തു. ശ്വാസം വലിക്കാൻ ഉപയോഗിക്കുന്ന ഇൻഹേലർ. അന്നവന് നാലു വയസ്സുണ്ട്. ഇപ്പോഴും അപ്പു അതു സൂക്ഷിച്ചുവെച്ചിട്ടുണ്ട്...
1994 ജൂൺ അവസാനം എനിക്ക് ഒരു കത്തു കിട്ടി. മലയാളികൾക്കെല്ലാം സുപരിചിതമായ ആ കൈപ്പടയിലായിരുന്നില്ല ആ കത്ത്. ആരോടോ പറഞ്ഞെഴുതിച്ചതായിരുന്നു.
‘‘പ്രിയപ്പെട്ട ബൈജു,
അത്യാവശ്യ കാര്യം. ബൈജു താഴെക്കാണുന്ന അഡ്രസ്സിലെഴുതിയ വ്യക്തിയുമായി ബന്ധപ്പെടണം.
ജി. പുരുഷോത്തമൻ
ഭാസുര, അരുവിപ്പുറം പി.ഓ
പെരുമ്പഴുതൂർ (വഴി)
നെയ്യാറ്റിൻകര
തിരുവനന്തപുരം
(പകൽസമയത്ത് ഈ ഫോൺ നമ്പറിൽ വിളിക്കുക. ഇദ്ദേഹം ഒരു സ്കൂൾ മാഷാണ്. 10-നും 4-നും ഇടയിൽ. 255241. ഇത് സ്കൂളിലെ ഫോൺനമ്പറാണ്.) അദ്ദേഹത്തിന്റെ പക്കൽ ശ്വാസംമുട്ടലിനുള്ള ഒരു മരുന്നുണ്ട്. പച്ചിലകളാണ്. അത് വാടാതെ അദ്ദേഹം പായ്ക്ക് ചെയ്തുതരും. കഴിയുന്നതും വേഗം ഇവിടെ എത്തിക്കണം.
ബീനയെ ചോദിച്ചതായി പറയണം. എല്ലാവർക്കും സൗഖ്യം നേർന്നുകൊണ്ട്,
വൈക്കം മുഹമ്മദ് ബഷീർ’’
ഒട്ടും വൈകാതെ തന്നെ പറഞ്ഞപ്രകാരം പച്ചിലകൾ സംഘടിപ്പിച്ച് ബേപ്പൂർ എത്തിച്ചുകൊടുത്തു. ദിവസങ്ങൾ...
ജൂലൈ അഞ്ച് അതിരാവിലെ ഫോണിലൂടെ ആ വാർത്തയെത്തിയപ്പോൾ ഞാനും ബീനയും നിറഞ്ഞ കണ്ണുകളോടെ പരസ്പരം നോക്കിയിരുന്നു. അപ്രതീക്ഷിതമായിരുന്നില്ല അത്... പക്ഷേ അവിശ്വസനീയമായിരുന്നു.
അന്ന് ബേപ്പൂർക്ക് പോയില്ല. പകരം ദൂരദർശനിൽ ഞാൻ ആ വലിയ മനുഷ്യന് ശ്രദ്ധാഞ്ജലി അർപ്പിച്ചുകൊണ്ട് ഒരു പരിപാടി ചെയ്തു -- 'മനുഷ്യ സ്നേഹത്തിന്റെ മഹാവൃക്ഷം'. ബീന പിന്നീട് 'ബഷീർ എന്ന അനുഗ്രഹം'എന്ന പുസ്തകമെഴുതി. ഞങ്ങൾക്ക് പകർന്നുതന്ന അളവില്ലാത്ത സ്നേഹത്തിന്,സഹഭാവത്തിന്,സൗഹൃദ ത്തിന്, കാരുണ്യത്തിന്... നന്ദി പറയാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ...
വൈലാലിൽ വീട്ടിൽ ചെന്ന് ബഷീറിനെയും കുടുംബത്തിനെയും കണ്ടു മടങ്ങിയെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബീനയുടെ പേർക്ക് ഒരു കത്തു വന്നു. ഒപ്പം ഒരു ചെക്കും. എഴുതിയത് ബീനക്കായിരുന്നെങ്കിലും ഞങ്ങൾ രണ്ടുപേരോടുമായുള്ള ഒരച്ഛന്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ അനുഗ്രഹാശിസ്സുകളായിരുന്നു ആ ചെറിയ കുറിമാനം. ഏറ്റവും വിലപ്പെട്ട സ്നേഹസമ്മാനമായി ഇന്നും അത് ഹൃദയത്തിൽ സൂക്ഷിക്കുന്നു.
‘‘പ്രിയപ്പെട്ട പൊന്നമ്പിളീ,
ദീർഘ സുമംഗലീഭവ...
ബൈജു എന്ന കോലാച്ചൻ നായർക്ക് ച്ചിരിപ്പിടിയോളം മട്ടൺ കൂടി ശരീരത്തിൽ ആവാം. തടി ഇപ്പോൾ ഊതിയാൽ പറന്നു പോകുന്ന മട്ടിലാണല്ലോ ശിങ്കം. ആരോഗ്യം അൽപംകൂടി ശ്രദ്ധിക്കാൻ പറയണം. പൊന്നമ്പിളിയുടെയും ബൈജുവിന്റെയും ജീവിതം –സുന്ദരമാക്കാൻ രണ്ടുപേരും ഒത്തൊരുമിച്ച് ശ്രമിച്ചോളണം. ക്ഷമ, വിട്ടുവീഴ്ച്ചാ മനോഭാവം, സ്നേഹം, സഹാനുഭൂതി, കാരുണ്യം ഒക്കെ ദാമ്പത്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്ത സംഗതികളാണെന്നും... മേൽപ്പറഞ്ഞതെല്ലാം ഉണ്ടെങ്കിലേ ദാമ്പത്യജീവിതം വിജയിക്കൂ എന്നും ഉപദേശിക്കുന്ന ഞാൻ മൊശടനാണ്. കാട്ടാള ബ്രാൻഡ്. സ്ഥിരമായി ഗർജിക്കുന്നവനുമാണ്. ‘എടീ!’ എന്നുള്ള ഘോരാട്ടഹാസം കേട്ട് സ്ഥലത്തെ പ്രധാന മൂർഖൻ പാമ്പുകളും കുറുക്കവൃന്ദങ്ങളും യക്ഷി ഗന്ധർവ ജിന്ന് ഇഫ്രീത്ത് ഓർഡിനറി തീ പിശാചുക്കൾ എക്സ്ട്രാകൾ നടുങ്ങും! എങ്കിലും എന്റെ വിനീത ഉപദേശം ബൈജു നായരും അച്ചിയും സ്വീകരിക്കാൻ വളരെ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു...
പൊന്നമ്പിളിപ്പെണ്ണേ, ഇതിൽ ഒരു ചെക്കു ഫിറ്റ് ചെയ്തിട്ടുണ്ട്. വളരെ ലഘു. Rs. 250 only.
ഇത് പണ്ട്, വളരെ പണ്ട് –ഓർമയുണ്ടോ ആ മംഗളമുഹൂർത്തത്തിൽ കിട്ടത്തക്കവണ്ണം അയച്ചുതരാൻ വിചാരിച്ചതാണ്. കല്യാണ പ്രസന്റ്, ജന്മനാ ഉള്ള മടികൊണ്ട് പിന്നെയാവട്ടെ എന്നു വിചാരിച്ചു. പുതുപുത്തൻ നായരും നായരച്ചിയും ഇവിടെ വന്നപ്പോൾ തരണമെന്നു തോന്നി. കുറച്ചുകൂടി കിഴവനും കിഴവിയുമാകട്ടെ എന്ന് അപ്പോൾ വിചാരിച്ചു. ഇപ്പോൾ വേണ്ടത്ര മുതുക്കനും മുതുക്കിയുമായിട്ടുണ്ട്. ശുഭം.
കൊച്ചുങ്ങളേ, ഈ ചെക്ക് ഉടനെ ബാങ്കിൽ കൊടുക്കണം. എന്നിട്ടു ബീനയുടെയും ബൈജുവിന്റെയും പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് എടുക്കണം. രണ്ടുപേരും കിട്ടുന്ന കാശെല്ലാം ബാങ്കിൽ നിക്ഷേപിക്കണം. ചെലവു ചുരുക്കുക. മോഹങ്ങൾ അരുത്! ഇതൊരു പെൺകൊച്ചിനോട് പറയാവുന്ന കാര്യങ്ങൾ അല്ല. മോഹങ്ങളില്ലെങ്കിൽ വെറും മനുഷ്യത്തികളായ –ശുദ്ധ മങ്കമാർക്കു പിന്നെന്തു ജീവിതം!
അയ്യായിരം രൂപയുടെ സാരി ധരിച്ചാൽ പൊന്നമ്പിളി പെണ്ണിന്റെ സൗന്ദര്യം വർധിക്കുമോ? പൊങ്ങച്ചം വർധിക്കും –അത്രേയുള്ളൂ.
ആയതിനാൽ പ്രിയപ്പെട്ട പൊന്നമ്പിളീ Rs. 50/-യുടെ സാരി ധരിച്ചാലും പൊന്നമ്പിളി -പൊന്നമ്പിളി തന്നെ. അതുകൊണ്ട് ലഘുജീവിതമാണ് ഉത്തമം.
ശ്ശോ! എന്നൊന്നും പറയേണ്ട. ലഘുജീവിത ന്യൂസ് ബൈജുപയ്യനോടും പറയുക.
ഒരു പുതിയ ലോകം സൃഷ്ടിക്കേണ്ടവരാകുന്നു നിങ്ങൾ രണ്ടുപേരും. അതിന് കെട്ടുറപ്പു വേണം. കാശും ആരോഗ്യവുമാണ് അതിന്റെ അടിത്തറ.
ഇതോർത്തുകൊള്ളുക, കൊച്ചുങ്ങളേ,
ജീവിതം ദീർഘമായി, സുദീർഘമായിത്തന്നെ നിങ്ങളുടെ മുന്നിലുണ്ട്. അതു ശോഭനമാക്കണം. ഒത്തൊരുമിച്ചു ശ്രമിച്ച് അനന്തമായ ഈ ജീവിതയാത്ര സഫലമാക്കുക. മംഗളം...
ദൈവാനുഗ്രഹത്തോടെ,
വൈക്കം മുഹമ്മദ് ബഷീർ’’