ഉള്മുഴക്കങ്ങളുടെ ഖനിജങ്ങള്

ബഷീർ -ചിത്രം -പുനലൂർ രാജൻ
ബഷീറിന്റെ എഴുത്തുഭാഷ എന്തായിരുന്നു? അത് എങ്ങനെയൊക്കെയാണ് ഉപരിവർഗ -വരേണ്യ വിനിമയങ്ങളെ തകിടം മറിച്ചത്? ഭാഷയിലൂടെ എന്തു വിപ്ലവമാണ് സാഹിത്യത്തിൽ അദ്ദേഹം സൃഷ്ടിച്ചത്? –പഠനം.
ഭാഷയിലെ ഉപരിവർഗ-വരേണ്യ വിനിമയങ്ങളെ തകിടം മറിച്ചു, തലയുയർത്തി ഒരാൾ മലയാണ്മയിലൂടെ കടന്നുപോയിരുന്നുവെന്ന് നമ്മൾ ഒരിക്കൽക്കൂടി ഓർക്കുന്നു. 1908 ജനുവരി 21ന് കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും ആറു മക്കളിൽ മൂത്തവനായി കോട്ടയം തലയോലപ്പറമ്പിൽ പിറന്ന കൊച്ചുമുഹമ്മദ് കഥയുടെ കിരീടംവെക്കാത്ത ബേപ്പൂർ സുൽത്താനായി പരകായപ്രവേശം നടത്തിയ വിസ്മയക്കാഴ്ചയുടെ മുന്നിൽ നാം വീണ്ടും തലകുനിക്കുന്നു. വ്യാകരണത്തിന്റെയും അർഥശാസ്ത്രത്തിന്റെയും ‘അളമ്പൂസ’ത്തരത്തെ ‘ചപ്ലാച്ചി’ഭാഷകൊണ്ട് ചമ്മട്ടിപ്രഹരമേൽപിച്ച കഥയുടെ അധിപതി. നർമവും സാമൂഹികവിമർശനവും സാഹിത്യത്തിന്റെ തൊങ്ങലും തോരണവുമാക്കി വായനയെ പുതിയ നാൾവഴിയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ക്രാന്തദർശി. അതെ, വൈക്കം മുഹമ്മദ് ബഷീർ! ചടുലവും സൂക്ഷ്മവുമായ പദവിന്യാസംകൊണ്ടും നാടൻ മൊഴികളുടെയും നാട്ടുശീലുകളുടെയും മെയ് വഴക്കങ്ങൾകൊണ്ടും കഥയെ കലയുടെ കാലാതിവർത്തിയായ മാധ്യമമാക്കി മാറ്റിപ്രതിഷ്ഠിച്ച ഒറ്റയാൻ.
ഒന്നും ഒന്നും കൂട്ടിയാൽ രണ്ടുമാത്രം കിട്ടി പഠിച്ച മലയാളിയുടെ മുന്നിൽ ഗണനത്തിന്റെ പുതിയ സൂത്രവാക്യം പിറന്നു. ഗുണനപ്പട്ടികയിൽ ‘ഇമ്മിണി ബല്യ ഒന്ന്’ സ്ഥലംപിടിച്ചു. രണ്ട് നദികൾ കൂടിച്ചേരുമ്പോൾ വിസ്തൃതമായ ഒരു നദി പിറവികൊള്ളുന്നു. രണ്ടു ശബ്ദങ്ങൾ ബലവത്തായ ശബ്ദത്തിന്റെ ഏകകമായി രൂപംമാറുന്നു. രണ്ടു തുടർച്ചയായ മഴപെയ്ത്ത് ഒരു ജലാശയത്തിന്റെ വിളംബരമാകുന്നു. രണ്ടു കൈകൾ കൂട്ടിമുട്ടുമ്പോൾ വിജയാരവത്തിന്റെ ചിഹ്നം മുളക്കുന്നു! ഇങ്ങനെ മലയാളിയുടെ പഴയ കണക്കുകൂട്ടലുകൾ തെറ്റുകയും പുതിയ കണക്കുകൂട്ടലുകൾ ചരിത്രത്തിൽ ഇടംപിടിക്കുകയുംചെയ്തു. സാമ്പ്രദായികമായ മുഴുവൻ ബോധ്യങ്ങളെയും കുടഞ്ഞിട്ടു ഈ വലിയ ശരി. മഹത്തും ബൃഹത്തുമായ ഈ പരീക്ഷണം മലയാളിയുടെ ഭാവുകത്വത്തെ കീഴ്മേൽ മറിച്ചു. ജീവിതത്തിന്റെ ബഹിരന്തർ ഭാവങ്ങളിലൂടെ ഭാവനയുടെ കപ്പലോട്ടിയ ബഷീർകഥയുടെ രാജശിൽപിയായി മാറി. ബലിഷ്ഠമായ ഒരു ശൈലിയായും സങ്കേതമായും ഉയിരാർജിച്ചു.
ബഷീർ എന്തുകൊണ്ട്?
വാക്കുകളുടെ പിറകെ പോകാതിരുന്നിട്ടും ബഷീർ വാക്കുകളുടെ അധീശാധികാരിയായി മാറിയതെങ്ങനെ? ഭാഷ ബഷീറിന്റെ വിരൽത്തുമ്പിലേക്ക് കരഞ്ഞുവിളിച്ച് വന്നതെന്തുകൊണ്ടാണ്? അദ്ദേഹം പച്ചയായ മനുഷ്യന്റെ പരുപരുത്ത പ്രതലങ്ങളിലേക്ക് തൂലിക കൊണ്ടുപോയി എന്നതാണ് കാരണം. മോഹഭംഗങ്ങൾ, സംത്രാസങ്ങൾ, സന്താപ-സന്തോഷങ്ങൾ, സ്വത്വ പ്രതിസന്ധികൾ, നിസ്സഹായന്റെ നിലവിളികൾ, പിടിച്ചുനിൽപിന്റെയും പ്രതിരോധത്തിന്റെയും ഹർഷോന്മാദങ്ങൾ എന്നിവയെല്ലാം ബഷീറിയനിസത്തിന്റെ കരുപ്പുരയൊരുക്കി. വേശ്യയും പോക്കറ്റടിക്കാരനും മുച്ചീട്ടുകളിക്കാരനും യാചകനും ബന്ധനസ്ഥനും ഭ്രാന്തനും വികലാംഗനും ആർത്തനും അനാഥനും എന്നുമാത്രമല്ല; പക്ഷി, പട്ടി, പാറ്റ, പാമ്പ്, പൂച്ച, വവ്വാൽ, കീരി, കുറുക്കൻ തുടങ്ങി സകലമാന ജീവജാലങ്ങളും ആ പേനയിലേക്ക് ചേക്കേറി.
ചൊല്ലി പഠിച്ച വൈയാകരണ പാഠാവലികളും ആഘോഷിക്കപ്പെട്ടുപോന്ന ആഢ്യ വാർപ്പുമാതൃകകളും തച്ചുടച്ച് സ്വയം പണിത ഭൂമികയിലാണ് ബഷീർ എന്ന സുകൃതം തഴച്ചുവളർന്നത്. താൻ എഴുതിയ സ്റ്റൈലൻ വാക്യത്തിൽ ആഖ്യാതം തിരഞ്ഞ അനുജൻ അബ്ദുൽ ഖാദർ എന്ന മലയാളം വാധ്യാരെ ബഷീർ ആട്ടുന്നതിങ്ങനെയാണ്: ‘‘പോടാ എണീറ്റ്... അവന്റെ ലൊട്ടലൊടുക്കൂസ് ആഖ്യാതം!’’ ‘പാത്തുമ്മായുടെ ആടി’ലാണ് ഭാഷയിലെ വ്യവസ്ഥാപിത വ്യാകരണ സംവിധാനത്തെ ‘പളുങ്കൂസൻ’ എന്ന് ബഷീർ പരിഹസിക്കുന്നത്.
ബഷീർ വ്യാകരണമുക്തമായ മലയാളഭാഷയുടെ വക്താവും പ്രയോക്താവുമായത് യാദൃച്ഛികമല്ല. അലക്കിത്തേച്ച വരമൊഴിയിൽനിന്നുമാറി സാധാരണത്വത്തിന്റെ പ്രസാദാത്മകതയിലേക്ക് കൂടുമാറിയതും വെറുതെയല്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ വിക്ഷുബ്ധതകളോടും വിങ്ങിപ്പൊട്ടലുകളോടും ഒരു കർതൃത്വമെന്നോ നിയോഗമെന്നോ മട്ടിൽ സംവദിക്കുമ്പോൾ സ്വാഭാവികമായും ഒരു ഭാവഗായകൻ ഉടലെടുക്കുകയായിരുന്നു. സമൂഹത്തിന്റെ സ്പന്ദനവും മന്ത്രവുമാണ് ആവാഹിച്ചെടുത്തത് എന്നതുകൊണ്ട് മനുഷ്യന്റെ ഭാഷയിലേക്ക് ബഷീറും ബഷീറിയൻ ആഖ്യാന രസതന്ത്രത്തിലേക്ക് ഭാഷയും സാത്മീകരിക്കപ്പെടുകയായിരുന്നു. ഈ നിയാമക പാരസ്പര്യവും അതിന്റെ ശോഭയാർന്ന മുഹൂർത്തങ്ങളുമാണ് ബഷീറിന് എഴുത്തിന്റെ ഉമ്മറക്കോലായിൽ അടിയുറപ്പുള്ള ഇരിപ്പിടം പ്രതിഷ്ഠിച്ചുകൊടുത്തതും. തന്നെ എഴുത്തുകാരനാക്കിയത് തന്റെ ‘തള്ളയും തന്തയു’മാണെന്ന ബഷീറിന്റെ പ്രസ്താവം ഭാഷയിലെ ശുദ്ധ ലാളിത്യത്തിനോടുള്ള പൂണ്ടുപിടുത്തത്തിന്റെ ഉദാഹരണമാണ്. ചോറു വിളമ്പിക്കൊടുത്ത ഉമ്മയോട് അബ്ദുൽ ഖാദർ വെള്ളം ചോദിക്കുന്നത് ‘‘മാതാവേ, കുറച്ചു ശുദ്ധജലം തന്നാലും’’ എന്നാണ്. ഖാദറിന് അപ്പോൾ ഉമ്മയിൽനിന്ന് തവികൊണ്ടുള്ള അടിയേൽക്കുന്നുണ്ട്. പക്ഷേ, ആ അടി ബഷീർ ‘വിദ്വൽ’ മലയാളികളുടെ മുഖത്താണ് പൊട്ടിക്കുന്നത്. ‘‘ഭാഷയുടെ ഹ്രസ്വതയിൽ ബഷീറിനെ മറികടക്കാൻ മലയാളത്തിൽ മറ്റൊരു എഴുത്തുകാരനില്ലെ’’ന്ന ഡോ. സി.പി. ശിവദാസിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ ഹുലി, ഹുലാലോ, ഹൻധോന്തു തുടങ്ങിയ പദങ്ങളും ‘‘ഗുത്തിന ഹാലിട്ട ലിത്താപ്പോ സഞ്ചിന ബാലിക ലുട്ടാപ്പി’’ എന്നീ പാട്ടിന്റെ വരികളും ‘ന്റുപ്പൂപ്പാക്കൊരാേനണ്ടാർന്നു’ എന്ന വിഖ്യാത നോവലിലെ സമൃദ്ധമായ നാടൻ ശീലുകൾക്ക് ഉദാഹരണങ്ങളാണ്. പ്രസ്തുത കൃതിയിലെ നായിക കുഞ്ഞുപ്പാത്തുമ്മയുടെ കാമുകൻ നിസാർ അഹമ്മദ് നട്ട മരങ്ങൾ കാണാൻ കുഞ്ഞുപ്പാത്തുമ്മയുടെ ഉമ്മ മെതിയടി ചവുട്ടി വരുമ്പോഴുണ്ടാകുന്ന ‘ക്ടോ ’ എന്ന ശബ്ദവും കുഞ്ഞുപ്പാത്തുമ്മ അണ്ണാനോട് ‘‘ദുസ്... ദുസ് ’’ എന്ന് ചിലക്കുന്നതും കുരുവിയെ ‘‘ഷ്ഷൂ, ഭൂ, ധുർർ’’ എന്ന് വിരട്ടിയോടിക്കുന്നതുംവരെ സൂക്ഷ്മമായി ബഷീർ രേഖപ്പെടുത്തുന്നു. ബഷീർകഥകളിലെ ഇത്തരം നിരർഥക പദങ്ങളുടെ ധാരാളിത്തം പലരും ചോദ്യംചെയ്യുന്നുണ്ട്. അർഥരഹിത ശബ്ദജാലങ്ങളിലൂടെയും ഹാസ്യത്തിന്റെ പൊടിപ്പുകളുണ്ടാക്കാൻ ബഷീറിന് അനന്യ മിഴിവുണ്ടെന്ന് എസ്. ഗുപ്തൻ നായർ സിദ്ധാന്തിക്കുന്നുണ്ട്. വ്യാകരണത്തിന്റെ കാർക്കശ്യവും അലങ്കാര-അഭിജാത ശബ്ദങ്ങളുടെ കടുംകെട്ടുകളുമില്ലാത്ത, മേലാള-മേൽക്കോയ്മാ തിട്ടൂര വിമോചിതമായ തെളിമയാർന്ന ഒരു തുരുത്തിലേക്ക് ഭാഷയെ ബഷീർ തെളിച്ചുകൊണ്ടുപോകുകയായിരുന്നു ഇതിലൂടെ.
ഭാഷയുടെ പരകാഷ്ഠ
എപ്പോഴും ആഴം കുറഞ്ഞ പ്രതലത്തിൽ മാത്രമേ ബഷീർ ഭാഷയെ കുടിയിരുത്തിയുള്ളൂ എന്ന് ഇതിനർഥമില്ല. ഗാഢമായ വിഷയങ്ങൾ ഊന്നുമ്പോൾ ഗൂഢവും എന്നാൽ ഏറെ ഗരിമയാർന്നതുമായ ഭാഷകൊണ്ട് അമ്മാനമാടുന്ന അനന്യ മുഹൂർത്തങ്ങൾ ബഷീറിന്റെ എഴുത്തിൽ നിർലോഭം കാണാം. ‘അനർഘ നിമിഷം’ ഇതിന്റെ സാക്ഷീകരണമാണ്. ചെറുകഥ എന്ന ലേബലിലാണ് ഇത് വരവുവെക്കപ്പെടുന്നതെങ്കിലും ഒരു മിസ്റ്റിക് കവിത വായിക്കുന്ന അനുഭൂതി ഈ കൃതി നമുക്ക് പകർന്നുതരും എന്നുറപ്പ്. തന്റെ അന്തരംഗ സുഹൃത്തിനോട് നടത്തുന്ന തീവ്രമായ ആത്മഭാഷണമോ നീറ്റലുണ്ടാക്കുന്ന യാത്രാമൊഴിയോ ആയി ഇത് അനുഭവവേദ്യമാകുന്നു. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്പാലം മനുഷ്യന് ഏൽപിക്കുന്ന സംഘർഷങ്ങൾ, വേദനജനകമായ ഉത്കണ്ഠകൾ, ആഴമേറിക്കൊണ്ടിരിക്കുന്ന അനിശ്ചിതത്വം... ഇവയൊക്കെ ഈ കഥാകാവ്യം നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നുണ്ട്. ജീവിതത്തെ വർണാഭമാക്കിയ അനർഘ നിമിഷങ്ങളുടെ പറിച്ചെറിയലിൽ രക്തം പൊടിയുന്ന ഓർമയാണ് ഈ ആഖ്യായിക.
‘‘നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽനിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകയാണ്... പെയ്യാൻ പോകുന്ന കാർമേഘത്തെപ്പോലെ ഈ ഓർമ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങിനിൽക്കുന്നു... എന്തായാലും രണ്ടിന്റെയും ഇടയിലെ അനർഘ നിമിഷമാണ് ഞാൻ. വർത്തമാന കാലത്തിന്റെ വക്കത്തുനിൽക്കുന്ന ഭൂതകാലം. ഇന്നലെയിലേക്ക് പരിപൂർണമായി ലയിക്കാറായ ഇന്ന്. യുഗങ്ങൾ... മന്വന്തരങ്ങൾ... അനന്തമായ... ശാശ്വതമായ ഇന്നലെയിൽ... അപാരതയുടെ, അത്ഭുത രഹസ്യത്തിന്റെ അജ്ഞാതമായ അതിരിൽ ഞാൻ എത്തിച്ചേർന്നതുപോലെ ദാ ഒരു മുഴക്കം... നാദബ്രഹ്മത്തിന്റെ അനന്തമന്തമായ വിഭ്രമം...’’
‘അനർഘ നിമിഷ’ത്തിലെ ഭാവതീവ്രത വായനക്കാരനെ ആഴത്തിൽ കോറിവലിക്കും. വേട്ടയാടി തുടങ്ങിയ വന്യമായ ഏകാന്തതയും സമീപസ്ഥമായ മരണവും അതിനുമപ്പുറം പുലരാനിരിക്കുന്ന വിധിയുടെ ഭയാശങ്കകളും ‘അനർഘ നിമിഷ’ത്തിൽ തത്ത്വചിന്തയുടെയും മിസ്റ്റിസിസത്തിന്റെയും ഉൾമുഴക്കം ചാർത്തുന്നു. ഇതിലെ കുറ്റമറ്റ ഭാഷ ഉള്ളടക്കങ്ങളെ ദൃഢീഭവിപ്പിക്കുന്നു.
‘ചെവിയോർക്കുക അനന്ത കാഹളം’, ‘യാ ഇലാഹീ’ എന്നീ കൃതികളിലെ ആഴവും പരപ്പുമുള്ള പ്രമേയ പരിസരങ്ങളിൽ പ്രകാശിതമാവുന്ന അതീവ പകിട്ടാർന്ന ഭാഷ ബഷീറിന്റെ അത്യുദാത്ത ശൈലി- സങ്കേതങ്ങളുടെ കൈയൊപ്പു തന്നെയാണ്. പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്കും ദൈവാസ്തിക്യത്തിന്റെ പൊരുളിടങ്ങളിലേക്കും പരന്നൊഴുകുന്ന ബഷീർ ചിന്ത ദാർശനികതയുടെയും ഉർവരമായ ഉൾക്കാഴ്ചയുടെയും ദീപ്തമായ ചിത്രപ്പണികൾകൂടി സമ്മാനിക്കുന്നു. പ്രഭാഷണമെന്നോ കവിതയെന്നോ ചിന്തയെന്നോ കഥയെന്നോ ഇഴ പിരിച്ചെടുക്കാനാവാത്തവിധം ഗാഢാശ്ലേഷിതമായ ഇത്തരം സർഗവൈശിഷ്ട്യം തന്നെ മതി എമ്പാടും സാഹിത്യലോകത്ത് മുടിചൂടാമന്നനായി ബഷീറിന് വാഴാൻ.
‘പ്രേമലേഖന’ത്തിലും ‘ഭൂമിയുടെ അവകാശികളി’ലുമുണ്ട് ബഷീറിയൻ ഫിലോസഫിയുടെ ആപാദമധുരമായ ആഖ്യാന തന്ത്രങ്ങൾ. അതൊക്കെയും അന്യാദൃശമായ ജീവിത അഭിവീക്ഷണത്തിന്റെ അകളങ്ക വാഗ്മയങ്ങളാണ്.
വെളിച്ചത്തിന് എന്തു വെളിച്ചം!
സാമൂഹിക ചുറ്റുവട്ടങ്ങളോടുള്ള പ്രണയം ബഷീറിന്റെ എഴുത്തിന് പത്തരമാറ്റ് മിഴിവ് നൽകുന്നതായി കാണാം. ‘ന്റുപ്പൂപ്പാക്കൊരാേനണ്ടാർന്നു’ എന്ന ബഷീറിന്റെ ഏറ്റം പുകൾപെറ്റ പുസ്തകത്തിലെ നായിക കുഞ്ഞുപ്പാത്തുമ്മ സാമൂഹിക പുനഃസംരചനയുടെ അന്തർധാരയാണ് പ്രതിനിധാനംചെയ്യുന്നത്. അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും അന്ധകാരം അട്ടിപ്പേറായി ഒരു കുടുംബത്തെ വരിഞ്ഞുമുറുക്കിയ ദശാസന്ധി. പോയകാല പ്രതാപത്തിന്റെയും ആഢ്യത്വത്തിന്റെയും നിഴൽപ്പുറ്റുകളിൽ ചുറ്റിവരിഞ്ഞു നിൽക്കുമ്പോൾ കച്ചിത്തുരുമ്പായി നിൽക്കുന്നത് നന്നെ ചെറിയ ഒരു കുടിൽ. പുറത്ത് ആമ്പൽകുളവും മനോഹര ദൃശ്യവൈവിധ്യങ്ങളുമുണ്ടെന്നത് കുഞ്ഞുപ്പാത്തുമ്മയെ പുളകിതയാക്കുന്നുണ്ട്. കാമുകൻ നിസാർ അഹമ്മദിന്റെ ബാപ്പ വന്ന് വാതിൽ തുറന്നിടാൻ പാത്തുമ്മയോട് ആജ്ഞാപിക്കുന്ന രംഗം വായനയെ ത്രസിപ്പിക്കുന്ന ഭാഗമാണ്. ഇരുട്ട് കൂടുവെച്ചു തുടങ്ങിയ മണ്ണിലേക്ക് പ്രകാശത്തിന്റെ പ്രളയം. അഭൂതപൂർവമായ ഒരു നിമിഷത്തിന്റെ ലാസ്യപ്പൊലിമയിൽ കുഞ്ഞുപ്പാത്തുമ്മ കുതൂഹലപ്പെടുന്നു: ‘‘വെളിച്ചെത്തിനെന്ത് വെളിച്ചം!..’’ ജീർണിച്ചു തുടങ്ങിയ ശപിക്കപ്പെട്ട ആചാരവിചാരങ്ങളിൽനിന്ന് ശുഭശുഭ്രമായ ഒരു സംസ്കൃതിയുടെ രാജപാതയിലേക്കുള്ള രംഗപ്രവേശം!
‘വെളിച്ചത്തിനെന്ത് വെളിച്ചം!..’ ഭാഷയിലെ ഐക്കണായി മാറുന്ന ഇന്ദ്രജാലം! നിരർഥക പദങ്ങൾകൊണ്ട് എഴുത്തിനെ പുറകോട്ടുവലിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് ഭാഷയുടെ Supremo ആയി ബഷീർ പൂത്തുലഞ്ഞുനിൽക്കുന്നത്. കാലങ്ങളായി ഇരുട്ടിന്റെ അകത്തളങ്ങളിൽ വേവുന്ന ഒരു പെൺകൊടി ഒരു സുപ്രഭാതത്തിൽ കതകു തുറന്നപ്പോൾ പുറത്തുകണ്ട കേവല പകൽവെളിച്ചമല്ല ഇവിടെ പുരസ്കരിക്കുന്നത്. പ്രത്യുത, സാമൂഹിക വിമോചനത്തിന്റെയും സാംസ്കാരിക ഈടുവെപ്പിന്റെയും വിഹായസ്സിൽനിന്ന് നൂറു നക്ഷത്രങ്ങൾ ചുരത്തിയ വെള്ളിവെളിച്ചമാണ് ഈ വരികളിൽ പ്രപഞ്ചനം ചെയ്യപ്പെടുന്നത്. ഈ പ്രഭാപൂരത്തിന്റെ കാന്തികശക്തിയും സൗന്ദര്യ വിശേഷവുമാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. വെളിച്ചത്തെ വിശേഷിപ്പിക്കാൻ ഇതിനേക്കാൾ അനുയോജ്യമായ പദം വേറെയെന്താണുള്ളത്?
വൈക്കം മുഹമ്മദ് ബഷീറും ഭാര്യ ഫാബി ബഷീറും
പ്രേമത്തിന്റെ ജൈവരാഗം
സർവചരാചരങ്ങളോടും മമതയും പ്രേമവും പുലർത്താൻ കഴിയുക, അവയുടെ അതിജീവനത്തിനുവേണ്ടി കൂടി ശബ്ദിക്കുക എന്നത് ഒരു അതിമാനുഷനെ അടയാളപ്പെടുത്തുന്നു. പ്രപഞ്ചത്തെ ആഴത്തിൽ ചേർത്തുപിടിക്കുകയും അതിന്റെ അഭൗമിക അർഥാന്തരങ്ങളിലേക്ക് പര്യവേക്ഷണം നടത്തുകയും ചെയ്യുന്നയാൾ തീർച്ചയായും ഒരു വിപ്ലവകാരിയായിരിക്കണം. അല്ലെങ്കിൽ ഒരു വിഗ്രഹഭഞ്ജകൻ! അക്ഷരാർഥത്തിൽ അതായിരുന്നു ബഷീർ. ജീവിച്ചിരിക്കുമ്പോൾതന്നെ ഇതിഹാസമാവുന്ന (Living Legend) ആശ്ചര്യജനകമായ അവസ്ഥാന്തരത്തിന്റെ പേരായിരുന്നു ബഷീർ. ‘‘ബഷീറിനെ പരാജയപ്പെടുത്താൻ ബഷീറിനു മാത്രമേ കഴിയൂ...’’ എന്ന് എം.എൻ. വിജയൻ അഭിപ്രായപ്പെട്ടത് എത്ര വാസ്തവം! ജീവകാരുണ്യത്തിന്റെ അനുപമമായ അധ്യാപനം അവതരിപ്പിക്കുന്ന മുഹൂർത്തങ്ങൾ ബഷീറിന്റെ എഴുത്തുകളിൽ സുലഭം.
‘‘പിന്നെ ആശ്രിതരായ കോഴികൾ, പശുക്കൾ, ആടുകൾ, പൂച്ചകൾ... ഇവരെല്ലാവരുമായി ഒത്തൊരുമിപ്പോടെ കഴിഞ്ഞുവരുന്ന’’ (‘ഭൂമിയുടെ അവകാശികൾ’) ഒരു ഗൃഹാന്തരീക്ഷത്തിൽ ബഷീറിന് സക്രിയമായ ചില ദൗത്യങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നല്ലോ. ‘സഖാവ് മൂർക്കനും’ ജീവിക്കട്ടെ ഈ മണ്ണിൽ. അതും ഈശ്വരസൃഷ്ടിയാണെന്നും ഭൂഗോളത്തിന്റെ അവകാശിയാണെന്നും ഭാര്യയെ ബോധവത്കരിക്കുന്ന ബഷീർ. ഉപദ്രവകാരികളായ ഉറുമ്പുകളെയും ചിതലിനെയും നശിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ ഭാര്യയോട് ബഷീർ പറയുന്നതിങ്ങനെ: ‘‘അതു വേണ്ട... ദൈവം തമ്പുരാൻ എന്തുപറയും? സ്നേഹത്തോടെ പെരുമാറുക. എനിക്കീ പ്രപഞ്ചങ്ങളെയെല്ലാം സ്നേഹത്തോടെ ആലിംഗനംചെയ്യാൻ തോന്നുന്നുണ്ട്.’’ പ്രകൃതിയുമായും അതിന്റെ ജൈവഭാവങ്ങളുമായും അനുരാഗാത്മകമായ ബന്ധം ബഷീറിന്റെ മിക്ക കൃതികളും ഉദ്ഘോഷിക്കുന്നുണ്ട്.
‘‘വേണ്ട, എനിക്ക് ബുദ്ധി വേണമെന്നില്ല. ഏതെങ്കിലും മൃഗമായാൽ മതി’’ എന്ന ബഷീറിന്റെ കൊതി ആഴത്തിലുള്ള മനശ്ശാസ്ത്ര-സാമൂഹിക അപഗ്രഥനം (Psycho-Socio Analysis) ആവശ്യപ്പെടുന്നുണ്ട്. മൃഗത്തിന്റെ ഏറ്റവും പതിതവും പരിതാപകരവുമായ പരിതോവസ്ഥയിൽനിന്ന് കുതറിമാറി മനുഷ്യത്വത്തിന്റെ അത്യുന്നത വിതാനത്തെത്താൻ മോഹിക്കുന്നതിനു പകരം മൃഗത്തിലേക്ക് തിരിച്ചുപോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് ബഷീർ പറയുമ്പോൾ പ്രകൃതിയുടെ അകൃത്രിമ താളവുമായി ഇഴചേർന്നു കിടക്കുന്ന കളങ്കരഹിതമായ ഒരു പ്രാഗ് രൂപത്തെ അദ്ദേഹം ലാക്കാക്കുന്നു എന്നാണ് അർഥമാക്കുന്നത്. ‘‘ഏതെങ്കിലും വൃക്ഷമായാൽ മതി’’ എന്നും ബഷീർ വിചാരപ്പെടുന്നുണ്ട്. ഇതും ഒരു അനാഘ്രാത വിശുദ്ധിയിലേക്കാണ് ബഷീർ സദാ ചാഞ്ഞുനിൽക്കുന്നതെന്നതിന്റെ വായനയാണ്.
കടിച്ച അട്ടയെ കൊല്ലാൻ ഒരുമ്പെടുന്ന ഭാര്യയെ ബഷീർ ഉണർത്തുന്നത് ഇങ്ങനെ: ‘‘ഇല്ല. ഭവതിയെപ്പോലെ ഈശ്വരസൃഷ്ടി. അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്റെ സൃഷ്ടിയാണ്. ഭൂമിയുടെ അവകാശികളായി കുറെയേറെ ജീവികളെ ദൈവം സൃഷ്ടിച്ചിരിക്കുന്നു.’’ പ്രപഞ്ചത്തിലെ സമസ്ത ജീവവൈവിധ്യങ്ങളോടുമുള്ള ബഷീറിന്റെ കലർപ്പില്ലാത്ത കാഴ്ചപ്പാട് വിപ്ലവാത്മകവും സമഗ്രവുമാണ്. ബഷീർ ഏഴകളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും നാവായി മാറി. ആർജവത്തോടെ നെഞ്ച് വിരുത്തി നിൽക്കാൻ പരുവത്തിൽ തങ്ങളുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നത് അവർ ആത്മഹർഷത്തോടെ കണ്ടു.
പെണ്ണുണർവിന്റെ പൊലിമ
ഉൾക്കരുത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആൾരൂപങ്ങളാണ് ബഷീറിന്റെ സ്ത്രീ കഥാപത്രങ്ങൾ. ഉൽക്കടമായ ഉൽക്കർഷേച്ഛയും സ്വാതന്ത്ര്യാഭിനിവേശവും സ്വത്വബോധവും അവരുടെ വ്യതിരിക്തതയാണ്. അന്ധവിശ്വാസത്തിന്റെ കോടമഞ്ഞിൽ ജീവിതം തളച്ചിടപ്പെടുന്ന കുഞ്ഞുപ്പാത്തുമ്മക്ക് സത്യത്തിൽ കെട്ടടങ്ങാത്ത വിജ്ഞാന ദാഹമുണ്ട്. അയൽപക്കത്തെ നിസാർ അഹമ്മദിന്റെ പെങ്ങൾ ആയിശയുടെ വിദ്യാരംഭങ്ങൾ ആവേശകരമാണ്. ‘ബയി’യിൽനിന്നും ‘ബയിതനങ്ങ’യിൽനിന്നും പുരോഗമിക്കുന്ന കുഞ്ഞുപ്പാത്തുമ്മയിൽ ചിന്തയുടെ അടരുകൾ വേരുപിടിക്കുന്നുണ്ട്. പൊള്ളയായ ആഢ്യത്വത്തിനും വരട്ടു വീമ്പുപറച്ചിലിനുമെതിരെ ഒളിയമ്പെയ്യാൻ മാത്രം അവളുടെ ബോധത്തിന്റെ ചക്രവാളം പുഷ്ടിപ്പെടുന്നുണ്ട്.
‘ആന ഉണ്ടാർന്ന’ തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ മകൾ കുഞ്ഞുപ്പാത്തുമ്മ അത് ‘കുയ്യാന’ (കുഴിയാന) ആയിരുന്നു എന്ന് പരിഹസിക്കുന്നുണ്ട്. മിഥ്യകൾ നിലംപൊത്തണമെന്ന ഈ നോവലിലെ മുരടുറപ്പുള്ള സ്ത്രീ കഥാപാത്രത്തിന്റെ അന്തരംഗത്തെ കെടാകനലാണത്.
‘പ്രേമലേഖന’ത്തിലെ സാറാമ്മ പക്വമായ അഭിപ്രായത്തിന്റെയും പാകമായ നിലപാടിന്റെയും അടയാളവാക്യമാണ്. തന്നോട് കടുത്ത പ്രണയം വെളിപ്പെടുത്തുകയും ഒരുമിച്ചുള്ള ജീവിതത്തിന് നിർബന്ധിക്കുകയും ചെയ്യുന്ന കേശവൻ നായരോട് ബൗദ്ധികമായാണ് സാറാമ്മ പ്രതികരിക്കുന്നത്. ഉപരിതലസ്പർശിയായ കൗമാര ചാപല്യത്തിലോ അനുരാഗത്തിന്റെ വിഭ്രമാത്മകതയിലോ സാറാമ്മ പെട്ടുപോകുന്നില്ല.
ക്രിസ്തുമത വിശ്വാസിയായ തനിക്കും ഹിന്ദുമതക്കാരനായ കേശവൻ നായർക്കും ജനിക്കുന്ന കുട്ടികൾ ഏതു മതത്തിൽപെട്ടവരായിരിക്കും? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിപ്പിക്കാനും അവർ പറക്കമുറ്റിയതിനുശേഷം ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാൻ അനുവദിക്കാനും തീരുമാനമാകുന്നു.
സാറാമ്മയുടെ അടുത്ത ചോദ്യം: കുട്ടികളുടെ പേരുകൾ എങ്ങനെ? ഹിന്ദു പേരുകളും ക്രിസ്ത്യൻ പേരുകളും പറ്റില്ല. റഷ്യൻ-ചൈനീസ് പേരുകൾ നിർദേശിക്കപ്പെട്ടെങ്കിലും സാറാമ്മക്ക് അതൊന്നും സ്വീകാര്യമാകുന്നില്ല. ആകാശം, മിട്ടായി എന്നീ ഇരു പേരുകൾ കൂട്ടിച്ചേർത്തി ‘ആകാശമിട്ടായി’ എന്ന പേരിടാം എന്ന തീരുമാനത്തിൽ ഒടുവിലെത്തുന്നു. ഒരു പദസംയോജനത്തിലൂടെ മധുരോദാരമായ ഒരു സംജ്ഞ ഉൽപാദിപ്പിച്ചത് കണ്ടു അത്ഭുതം കൂറാത്ത ഏത് സാഹിത്യ കുതുകിയാണുണ്ടാവുക?
മതേതരത്വത്തിന് ഇവ്വിധമൊരു സർഗാത്മക പാഠമുണ്ടെന്ന് മലയാളിയെ പഠിപ്പിച്ചത് ബഷീറാണ്. ഭാഷയിൽ തീർത്തും പുതുമയാർന്ന ഒരു സങ്കൽപത്തിന്റെയും ബീജാവാപംകൂടിയായിരുന്നു ‘ആകാശമിട്ടായി’. വായനയെ പ്രൗഢമായ കാൽപനികതകൊണ്ട് കസവുകച്ചയണിയിച്ച, പകരംവെക്കാനില്ലാത്ത പ്രതീകസമൃദ്ധിയാണ് കേശവൻ നായർ സാറാമ്മക്ക് കൈമാറിയ കത്ത്. ‘‘ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഒരു അസുലഭ കാലഘട്ടം’’ എത്രമേൽ കമനീയമായാണ് ബഷീർ വരച്ചുവെക്കുന്നത്! വായനക്കാരെ ഭ്രമിപ്പിക്കാൻ പോന്ന കാഴ്ചയുടെയും ഭാഷയുടെയും അനിതര സാധാരണമായ ഭാവോന്മീലനം! ഒരു കാലഘട്ടത്തെ ഏറ്റം ദീപ്തമായ ഭാവനകൊണ്ടാണ് ബഷീർ ഊട്ടിയതും കോൾമയിർ കൊള്ളിച്ചതും.
വീട്ടുമുറ്റത്തെ മാംഗോസ്റ്റിൻ മരത്തിന് ചുവട്ടിൽ ബഷീറും അദ്ദേഹത്തെ കാണാനെത്തിയവരും-ചിത്രം ●പുനലൂർ രാജൻ
കഥ പറഞ്ഞു, കഥയായി പെയ്തു!
ഭാഷയെ ഉഴുതുമറിക്കുക മാത്രമല്ല, ആഴമുള്ള ആലോചനയുടെ വാൾത്തിളക്കംകൊണ്ട് അവയെ പരിശോഭിപ്പിക്കുകയും കൂടി ചെയ്തു ബഷീർ. ‘‘ഇരുൾ... അനാദിയായ അന്ധകാരം. കാലത്തിന്റെ അന്തമില്ലാത്ത പൊക്കിൾ. ഒരു നാൾ സൂര്യൻ എന്നെന്നേക്കുമായി അണഞ്ഞുപോകും. അതിനു മുമ്പ് തന്നെ ഭൂലോകം മരിച്ചിട്ടുണ്ടാവും. ചരാചരങ്ങളും അഖിലവും നശിച്ചിരിക്കും. ഗോളങ്ങൾ തമ്മിൽ കൂട്ടിയടിച്ച് തകർന്നിട്ടുണ്ടാകും. പൊടിയായി. പിന്നെ അനന്തമായ ഇരുൾ...’’ എന്താണ് ഇത് അടയാളപ്പെടുത്തുന്നത്? എഴുത്തുകാരനായില്ലെങ്കിൽ താനൊരു സന്യാസിയാകുമായിരുന്നു എന്ന് ബഷീർ ഒരിടത്ത് ഓർമിപ്പിച്ചതിന്റെ തേജോമയമായ പൊരുൾ ഇവിടെ ഇതൾ വിരിയുന്നു. ജീവിതത്തിന്റെ അകമ്പുറങ്ങളുമായി വർണവൈവിധ്യങ്ങളോടും തീക്ഷ്ണ ഭാവങ്ങളോടുംകൂടി സംവദിക്കുകയും കാരിരുമ്പു ബോധ്യങ്ങളിലേക്ക് ഭ്രമാത്മകതയോടെ അവയെ സംപ്രേഷിപ്പിക്കുകയുംചെയ്ത സമോൽക്കൃഷ്ട സാഹിത്യ-സന്യാസവൃത്തി! എം.ടി നിരീക്ഷിച്ചതുപോലെ കഥ പറഞ്ഞുപറഞ്ഞു ഒടുവിൽ സ്വയം ഒരു സ്തോഭജനക കഥയായി ഉരുൾപൊട്ടിയ ബഷീറിൽനിന്നും പുണ്യാളനിലേക്കുള്ള ദൂരം തുലോം കുറവായിരുന്നെന്ന് നാം അമ്പരപ്പോടെ അറിയുന്നു. പ്രവാചക (Prophetic) വചനങ്ങളുടെ കുത്തൊഴുക്കായിരുന്നു ബഷീർ! അതൊക്കെ കാലത്തിന്റെ ആദിമധ്യാന്തങ്ങളെ ചൂഴ്ന്നുനിൽക്കുന്നു. വെളിപാടിന്റെയും ഉന്മിഷത്തായ ഉള്ളുണർവിന്റെയും അചുംബിത ബിംബങ്ങൾ ബഷീർ കഥകളിൽ നിറഞ്ഞാടുന്നത് അതുകൊണ്ടാണ്. ഇവിടെ സന്യാസിയിൽനിന്നും എഴുത്തുകാരനിലേക്കുള്ള ദൂരം ഏറെ സുതാര്യമാണെന്നു നാം അറിയുന്നു.
കണ്ണൂരിലെ പ്രധാന തെയ്യമായ മലമുത്തപ്പനും വൈക്കം മുഹമ്മദ് ബഷീറും താത്ത്വികമായി ഇഴയടുപ്പമുണ്ടെന്ന ഒരു വായനയുണ്ട്. തെയ്യക്കോലത്തിൽ വരുന്ന മുത്തപ്പനോട് നേരിട്ട് പറഞ്ഞ് സങ്കടങ്ങൾക്ക് പരിഹാരം കാണാമെന്നാണ് വിശ്വാസം. അപരന്റെ ആധിയും വ്യാധിയും അകക്കണ്ണാൽ കണ്ട് ആത്മസായൂജ്യം പകർന്നുകൊടുക്കുന്ന നമ്പല മുത്തപ്പനും വീട്ടുവളപ്പിൽ പടർന്ന മരത്തണലിലിരുന്ന് മനുഷ്യസങ്കടങ്ങളെ തൊട്ടറിഞ്ഞ ബഷീറും ദൈവത്തിന്റെ ഇടത്താവളങ്ങളാണ്. ഒരാൾ സാധാരണക്കാരന്റെ ദൈവമെങ്കിൽ മറ്റെയാൾ എഴുത്തിലെ സാധാരണക്കാരന്റെ ദൈവം! ബഷീർ രണ്ടൊന്നുകൾ കൂട്ടിച്ചേർത്ത് വലിയ ഒന്നുണ്ടാക്കുമ്പോൾ തെയ്യം അഞ്ചൊന്നുകൾ ചേർത്താണ് വലിയ ഒന്നുണ്ടാക്കുന്നത്. അകമനസ്സിന്റെ ആകുലതകൾ അതീവ ഭാവുകത്വത്തോടെ ആവിഷ്കരിച്ച മഹാ മാന്ത്രികനായിരുന്നല്ലോ ബഷീർ. ബഷീർ സാഹിത്യം മാനുഷ്യകത്തിന്റെ ആലംബവും കൈവഴികളും കടലുമായി കൂടുമാറുമ്പോൾ നാം അറിയാതെ അതിശയപ്പെട്ടുപോകും, ഇത് എഴുത്തിലെ കാലാതിവർത്തിയായ യുഗപ്രഭാവൻതന്നെ! സമ്പന്നമായ വായനയുടെ അഭിരാമങ്ങളായി, കാമ്പുറപ്പുള്ള ഭാവുകത്വത്തിന്റെ അനന്ത സാധ്യതയായി, പ്രതിഭയുടെ കെട്ടടങ്ങാത്ത സ്വർണപരാഗമായി തലമുറകളിലൂടെ ബഷീർ പുനരവതരിച്ചുകൊണ്ടേയിരിക്കും.