അമരകോശം

മാ കിങ്കർ ബിശ്വാസ് -2020 പ്രിയപ്പെട്ടവർക്ക്, എന്നെ നിങ്ങളിൽ ചിലർ അറിയുക ഒരെഴുത്തുകാരൻ എന്ന നിലയിലാകും. ചിലർ അറിയുന്നതാകട്ടെ രാജ്യത്തെ മുൻനിര പത്രസ്ഥാപനത്തിന്റെ പഴയ അമരക്കാരൻ എന്ന നിലയിലും. ഈ രണ്ടു മേഖലയിലും രാജ്യം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, ഇന്നെനിക്ക് ഈ കുറിപ്പ് എഴുതണം എന്ന് തോന്നാൻ കാരണമുണ്ട്. നരകത്തിൽനിന്നും പിതാവിനെ രക്ഷിക്കുന്നവരാണ് മക്കൾ എന്നാണല്ലോ പറയുക. അങ്ങനെയെങ്കിൽ, എന്റെ മകൾ കൗസർ ഇന്നൊരു നരകത്തിൽനിന്നും എന്നെ രക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് അവളുടെ കോൾ വരുന്നത്. വർഷങ്ങളായി അവൾ ജോലിചെയ്തുവന്നിരുന്ന പത്രസ്ഥാപനത്തിൽനിന്നും രാജിെവക്കുകയാണ്. ആ മേഖലയിൽ എന്റെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
മാ കിങ്കർ ബിശ്വാസ് -2020
പ്രിയപ്പെട്ടവർക്ക്,
എന്നെ നിങ്ങളിൽ ചിലർ അറിയുക ഒരെഴുത്തുകാരൻ എന്ന നിലയിലാകും. ചിലർ അറിയുന്നതാകട്ടെ രാജ്യത്തെ മുൻനിര പത്രസ്ഥാപനത്തിന്റെ പഴയ അമരക്കാരൻ എന്ന നിലയിലും. ഈ രണ്ടു മേഖലയിലും രാജ്യം ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ, ഇന്നെനിക്ക് ഈ കുറിപ്പ് എഴുതണം എന്ന് തോന്നാൻ കാരണമുണ്ട്.
നരകത്തിൽനിന്നും പിതാവിനെ രക്ഷിക്കുന്നവരാണ് മക്കൾ എന്നാണല്ലോ പറയുക. അങ്ങനെയെങ്കിൽ, എന്റെ മകൾ കൗസർ ഇന്നൊരു നരകത്തിൽനിന്നും എന്നെ രക്ഷിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് അവളുടെ കോൾ വരുന്നത്. വർഷങ്ങളായി അവൾ ജോലിചെയ്തുവന്നിരുന്ന പത്രസ്ഥാപനത്തിൽനിന്നും രാജിെവക്കുകയാണ്. ആ മേഖലയിൽ എന്റെ പല പിന്തുടർച്ചക്കാരും ശിഷ്യരും ഉണ്ടല്ലോ. എന്നോടുള്ള വിധേയത്വംകൊണ്ടാകാം ഇങ്ങനെയൊരു കാര്യം സംഭവിക്കാനുള്ള സാധ്യത അൽപനാൾ മുമ്പ് അവരിൽ ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. ഞാനത് മകളോട് ചോദിച്ചിരുന്നില്ല. മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് മാറാനാകും എന്നാണ് കരുതിയത്. പക്ഷേ, അങ്ങനെയായിരുന്നില്ല. അവൾ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇനി അൽപകാലം എനിക്കൊപ്പം ജീവിക്കണം എന്നാണ് പറയുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഞാനവളോട് ചോദിച്ചു. പ്രത്യേകിച്ച് ഒന്നുമില്ല എന്ന് മറുപടി.
പക്ഷേ, കാര്യം അതല്ല. അവളുടെ ധൈര്യമാണ് എന്നെ അതിശയപ്പെടുത്തിയത്. നൈതികതക്ക് നിരക്കാത്തത് ചെയ്യാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോഴെല്ലാം അവളതിനോട് മുഖംതിരിഞ്ഞു നിന്നു. സഹികെട്ടപ്പോൾ അവിടെനിന്ന് ഇറങ്ങിപ്പോന്നു. ഇതെഴുതുമ്പോൾ അഭിമാനവും ലജ്ജയും ഉണ്ടാകുന്നുണ്ട്. ഒന്ന് എന്റെ മകളെ ഓർത്ത് മറ്റേത് എനിക്കങ്ങനെ ഒരു ധൈര്യം ഇല്ലാതെ പോയതിന്.
ഇപ്പോൾ പത്രവും ടെലിവിഷനും തുറന്നാൽ ഒരു വാർത്തയിലാകും നിങ്ങളുടെ ശ്രദ്ധയെത്തുക. ഖേൽക്കർ കെമിക്കൽസിനെതിരെ സമരം നയിച്ചിരുന്ന അണ്ണലാർ എന്ന മനുഷ്യൻ ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ വാർത്തയുടെ അറ്റത്ത് അവർ ഒരു ചോദ്യചിഹ്നം ഇട്ടിട്ടുണ്ട്. അവർക്കുറപ്പില്ല അതയാൾ തന്നെയാണോ എന്ന്. അതുറപ്പാക്കാൻ എന്നപോലെയാണ് അവരിൽ ചിലർ പ്രവർത്തിക്കുന്നത്. ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമല്ലോ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, മൂന്നോ നാലോ വർഷങ്ങളുടെ ഇടവേളകളിൽ ഈ വാർത്ത ഇങ്ങനെ വന്നുപോകുന്നുണ്ട്. ഇതിനെക്കുറിച്ച് ചോദിക്കാൻ എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു.
“മാജി, നിങ്ങൾ എന്താണ് ആ മൃതദേഹത്തെ കുറിച്ച് കരുതുന്നത്?’’
ഇതായിരുന്നു അയാൾക്ക് അറിയേണ്ടത്.
“എനിക്ക് അറിയില്ല.” ഞാൻ പറഞ്ഞു.
“പക്ഷേ, ഭൂരിപക്ഷം കരുതുന്നത് അതയാൾതന്നെയാണ് എന്നാണ്. രഹസ്യപ്പോലീസ് വധിച്ചു കെട്ടിത്തൂക്കിയതാണ് എന്നും പറയുന്നു.”
അപ്പോൾ മാത്രം ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞു.
“പക്ഷേ, ഭൂരിപക്ഷം എപ്പോഴും ശരിയാകണമെന്നില്ല.’’
ഇതേക്കുറിച്ച് എന്നോട് ചോദിക്കാൻ അവർ വിളിക്കുന്നതിൽ ഒരു കാര്യമുണ്ട്. അണ്ണലാരെക്കുറിച്ച് ആദ്യമായി എഴുതിയ ആൾ ഞാനാണ്. ഒരുപക്ഷേ അത് തന്നെയാകാം എന്നെ കൊല്ലങ്ങളായി വേട്ടയാടുന്നതും. നിങ്ങൾ ഇപ്പോൾ വാർത്തകളിൽ വായിക്കുന്നുണ്ടല്ലോ; ‘ആകാശ് വൻ’ അല്ലെങ്കിൽ ‘ആകാശ്ബൻ’ എന്നൊക്കെ. ശരിക്കുമാ പേര് പോലും ഞാൻ കൊടുത്തതാണ്. ഞങ്ങളുടെ നാട്ടിലെ ഏറ്റവും ധനികനായ ആളുടെ വീടിന്റെ പേരായിരുന്നു അത്. അങ്ങോട്ടേക്ക് ഞങ്ങൾക്കൊന്നും പ്രവേശനമില്ലായിരുന്നു. അതുകൊണ്ടാകണം അണ്ണലാരുടെ ആ വനത്തിനും ആ പേര് കൊടുക്കാൻ എനിക്ക് തോന്നിയത്. അതിന്റെ കാരണം നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
നന്നേ ചെറുപ്പത്തിൽ, 1970കളുടെ തുടക്കത്തിൽ, ഖേൽക്കറുടെ പത്രസ്ഥാപനത്തിൽ ജോലിക്കെത്തിയ വ്യക്തിയാണ് ഞാൻ. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫാക്ടറിയിലുണ്ടായ അപകടത്തിൽ ആളുകൾ കൊല്ലപ്പെടുന്നത്. അതോടെ, എനിക്ക് നാട്ടിലേക്ക് പോകാൻതന്നെ പേടിയായി. കാരണം, അവിടെയുള്ള സാധാരണക്കാർ നമ്മളെ കാണുക ഏതോ കുറ്റവാളിയുടെ സംഘാംഗത്തെ പോലെയായാലോ? അങ്ങനെ തോന്നാൻ കാരണവുമുണ്ട്. നാട്ടിൽനിന്നുള്ള കത്തുകൾ എല്ലാം അമ്മ അവസാനിപ്പിച്ചിരുന്നത് ഒരേ വാക്യത്തോടെയായിരുന്നു.
“നിന്റെ മുതലാളിയെക്കുറിച്ച് മോശം കാര്യങ്ങൾ മാത്രമേ കേൾക്കുന്നുള്ളൂ. നിന്നോടും അയാൾ ക്രൂരനാണോ? നിനക്കവിടെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ?”
ഖേൽക്കറെക്കുറിച്ച് ആരോ അമ്മയോട് വളരെ മോശമായി പറയുന്നുണ്ടാകും. ശരിക്കും പത്രത്തിലങ്ങനെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ അറിവിൽ പത്രമോഫീസിലേക്ക് ഒരിക്കൽപോലും ഖേൽക്കർ വന്നിട്ടുകൂടിയില്ല. അയാളതിന്റെ മുതലാളിയാണെന്നുപോലും ഞങ്ങൾ മറന്നുപോയിരുന്നു. ബാനി എന്നു സ്വകാര്യമായും, ബാനുജി എന്ന് ഔദ്യോഗികമായും ഞാൻ വിളിച്ചിരുന്ന, ബാനു തന്നെയായിരുന്നു അവിടെ എല്ലാം നിയന്ത്രിച്ചിരുന്നത്. ഇടക്ക് ഖേൽക്കർ വിളിക്കുന്നതാകട്ടെ, ചിലരെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾ പത്രത്തിൽനിന്നും ഒഴിവാക്കാൻ വേണ്ടിയായിരുന്നു. അതും ബാനുവിനോട് അപേക്ഷിക്കുകയേ പതിവുള്ളൂ.
പെട്ടെന്നൊരു ദിവസം ബാനു എന്നോട് പറഞ്ഞു.
“നിന്നെ ഖേൽക്കർജി അന്വേഷിക്കുന്നുണ്ട്. അയാൾ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്.’’
ബാനി അത് പറയുമ്പോഴും എന്റെ മനസ്സിൽ മറ്റു ചിലതായിരുന്നു. കഥകളും കവിതകളും രാഷ്ട്രീയ ചർച്ചകളും ഉൾപ്പെടുത്തിയ മാസികകൾ നല്ല രീതിയിൽ വിൽപന തുടങ്ങിയ കാലമായിരുന്നത്. അങ്ങനെയൊന്ന് നമുക്കും വേണമെന്ന് ബാനി എന്നോട് സൂചിപ്പിച്ചിട്ട് ഏറെനാളായി. അതിലേക്ക് എന്തെങ്കിലും ചുമതല ഏൽപിക്കാനാവും വിളിക്കുന്നത് എന്നാണ് ഞാൻ കരുതിയത്. പക്ഷേ, ഖേൽക്കറുടെ ആവശ്യം മറ്റൊന്നായിരുന്നു. അത് പിന്നീടാണെനിക്ക് മനസ്സിലായത്. ശരിക്കും കാർ അയച്ചു വിളിപ്പിക്കുമ്പോൾ തന്നെ ഞാനത് ഓർക്കേണ്ടതായിരുന്നു. എന്തുകൊണ്ടോ, എന്നിലെ പത്രക്കാരന്റെ ബുദ്ധി ഉണർന്നില്ല. അല്ലെങ്കിൽ അമ്മ പറയുന്നതുപോലെ, ആവശ്യമുള്ള സമയത്ത് അതു ഭജനമിരിക്കാൻ പോയിക്കാണും.
ഖേൽക്കറുടെ വീട്ടിനുള്ളിലേക്ക് കയറുമ്പോൾതന്നെ വലിയൊരു കളിസ്ഥലത്ത് എത്തിയതുപോലെയായിരുന്നു. ആ സ്വീകരണ മുറിയുടെ പകുതിപോലും ഉണ്ടായിരുന്നില്ല എന്റെ ഗ്രാമത്തിലെ വീട്. ഇരാവതി നദി കരകവിയുമ്പോഴൊക്കെ അതിന്റെ പടിക്കെട്ടുകൾവരെ വെള്ളം എത്തുമായിരുന്നു. ഒരിക്കൽ വീടിനുള്ളിലേക്ക് വെള്ളമെത്തിയതും ഓർമയുണ്ട്. സ്വീകരണമുറിയിലെ മാർബിൾത്തൂണുകളുടെ നിറവും ഖേൽക്കറുടെ വസ്ത്രങ്ങളുടെ നിറവും ഒരുപോലെയായതുകൊണ്ടാകും, അയാൾ വരുന്നത് ഞാൻ ശ്രദ്ധിച്ചതേയില്ല.
‘‘മാ കിങ്കർ?’’
ഉറപ്പുവരുത്തുന്നപോലെ അയാൾ ചോദിച്ചു. ഞാൻ അറിയാതെ ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റുപോയി. അപ്പോളയാൾ ഇരിക്കാൻ ആംഗ്യം കാണിച്ചു. ഇരുന്നപ്പോൾതന്നെ ഒരാൾ ചായയുമായെത്തി. ഒരു ചില്ലു ഗ്ലാസിൽ അതെനിക്ക് പകർന്നുതന്നു. എന്റെ മുന്നിൽ കാലുകൾ കയറ്റിെവച്ച് അയാൾ ഇരുന്നു. അതിഥിയുടെ വേഷത്തിൽനിന്നിറങ്ങി ഞാൻ തൊഴിലാളിയായി.
“ബാനുജി എന്തെങ്കിലും പറഞ്ഞോ?’’ ഖേൽക്കർ ചോദിച്ചു.
ഞാൻ ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല.
“നിങ്ങളെക്കൊണ്ട് എനിക്കൊരു ആവശ്യമുണ്ട്. നിങ്ങൾ മിടുക്കനായ ഒരു ജേർണലിസ്റ്റും അതിലും മിടുക്കനായ എഴുത്തുകാരനുമാണെന്ന് ബാനുജി പറഞ്ഞിരുന്നു.”
അപ്പോഴാണ് ഞാനെന്റെ എഴുത്തിനെക്കുറിച്ച് ആലോചിച്ചത്. അൽപകാലമായല്ലോ അതു നിന്നുപോയിട്ട്.
“ഈ രണ്ടു കഴിവുകളും ഒരുപോലെ ഉപയോഗിക്കണം നിങ്ങൾ.”
മാസികയുടെ ചുമതല ഏൽപിക്കാനാണെന്ന് ഞാൻ ഉറപ്പിച്ചു.
‘‘മാ കിങ്കർ, നിങ്ങൾ നമ്മുടെ മാനേജ്മെന്റിനുവേണ്ടി ജോലിയെടുക്കണം.’’ അയാൾ പറഞ്ഞു.

‘‘ഇപ്പോൾ അങ്ങനെ തന്നെയാണല്ലോ.’’
മനസ്സിൽ ഓർത്തെങ്കിലും ഞാനത് പറഞ്ഞില്ല.
“നിങ്ങൾക്കറിയാമല്ലോ ഞാനിപ്പോൾ നേരിടുന്ന പ്രതിസന്ധി എന്താണെന്ന്. ഇനിയും അത് തുടർന്നാൽ നമ്മുടെ പത്രസ്ഥാപനങ്ങൾതന്നെ പൂട്ടിപ്പോകും. ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. ഈ പ്രതിസന്ധിയിൽനിന്നും കരകയറാൻ നിങ്ങളുടെ സഹായം വേണം.”
ഒരു വലിയ ദുരന്തത്തിന് കാരണക്കാരനായ മനുഷ്യനാണല്ലോ മുന്നിൽ നിൽക്കുന്നത് എന്ന വിചാരം എനിക്കുണ്ടായി. അതെന്റെ മുതലാളികൂടിയാണെന്ന് ഓർത്തപ്പോൾ തന്നെ ആ വിചാരം നിലക്കുകയുംചെയ്തു. ഖേൽക്കറുടെ സഹായി അന്നേരം ഒരു ഫയൽ കൊണ്ടുവന്നു. ഞാനതു മറിച്ചുനോക്കി. ആദ്യം, അതിലെ എഴുത്തുകൾ എനിക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു.
‘‘ഉള്ളിലേക്ക് നോക്കൂ.’’
ഖേൽക്കർ ആജ്ഞാപിക്കുംപോലെ പറഞ്ഞു. ഉള്ളിൽ ഇംഗ്ലീഷിലുള്ള എഴുത്തുകൾ കണ്ടു.
‘‘മാ കിങ്കർ, നിങ്ങൾ അവിടെ പോകണം. ആ ഗ്രാമത്തിലേക്കോ വനത്തിലേക്കോ അല്ല. അതിനടുത്ത നഗരത്തിലേക്ക്. അവിടത്തെ പോലീസുകാർ എല്ലാ വിവരങ്ങളും കൊണ്ടുവരും. അതുെവച്ച് നിങ്ങളൊരു കഥ എഴുതിയുണ്ടാക്കണം. കഥ എന്ന് പറയുമ്പോൾ, വായിച്ചു രസിക്കാനല്ല. ആ കഥ നിങ്ങളുടെ അന്വേഷണ റിപ്പോർട്ട് ആണെന്ന പേരിൽ നമ്മൾ പുറത്തിറക്കും. അത് വായിച്ചുകഴിഞ്ഞാൽ ആളുകൾക്ക് തോന്നണം, നമുക്ക് എതിരെ നിൽക്കുന്നവർ, അതായത്, ആ ഗ്രാമത്തിൽ ഉള്ളവർ തെറ്റെന്നും നമ്മൾ ശരിയെന്നും. ഈ ജോലി കൃത്യമായി നിർവഹിച്ചാൽ നിങ്ങളെ കാത്തിരിക്കുന്നത് എന്റെ പത്രസ്ഥാപനങ്ങളിലൊന്നിൽ മികച്ച പദവിയാണ്, രാജ്യത്തെ മികച്ച സാഹിത്യപുരസ്കാരങ്ങളാണ്. സിവിലിയൻ ബഹുമതികളാണ്.’’
ശരിക്കും എന്തിനാണ് എന്നെ അതിനായി അയാൾ തെരഞ്ഞെടുത്തത്?
എനിക്കവരുടെ ഭാഷ അറിയില്ല. ആ പ്രദേശത്തെക്കുറിച്ച് അറിയില്ല. എന്നിട്ടും എന്റെ ഭാവനയിൽനിന്നും വരുന്ന കഥ അയാൾക്ക് വേണംപോലും!
അതിന്റെ രീതി എങ്ങനെയാകണം എന്നെല്ലാം പത്തു മിനിറ്റു കൊണ്ടുതന്നെ അയാൾ തീരുമാനിച്ചതുപോലെ.
അല്ലെങ്കിൽ എന്നിൽ അടിച്ചേൽപിച്ചപോലെ.
തിരികെ ഞാൻ പത്രമോഫീസിലെത്തിയതും അയാളുടെ കാറിലാണ്. അപ്പോൾത്തന്നെ എന്നെ മറ്റെല്ലാ ചുമതലകളിൽ നിന്നും തൽക്കാലം വിടുതൽ ചെയ്യാനുള്ള ഒരുക്കങ്ങളെല്ലാം ബാനു ചെയ്തിരുന്നു. അതായത്, ഇക്കാര്യങ്ങൾ നേരത്തേ തീരുമാനിച്ചുകഴിഞ്ഞിരുന്നു എന്നല്ലേ. അക്കൗണ്ട്സ് സെക്ഷനിൽനിന്നും പണം അനുവദിക്കാനും അധികനേരം വേണ്ടിവന്നില്ല.
പുതിയ നഗരത്തിലേക്ക് വിമാനത്തിലാണ് എത്തിച്ചേർന്നത്. എന്റെ ആദ്യ വിമാനയാത്രയും അതുതന്നെയായിരുന്നു. എന്നു മാത്രമല്ല, പിന്നീട് ഖേൽക്കറുടെ സ്ഥാപനത്തിൽ ജോലിചെയ്തപ്പോഴെല്ലാം, യാത്രാസമയങ്ങളിൽ വിമാനത്തിനായി ആദ്യ പരിഗണന. ആ നഗരത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയുണ്ടായില്ല. ഖേൽക്കർ, തന്റെ ബിസിനസിന്റെ കേന്ദ്രം അങ്ങോട്ടേക്ക് മാറ്റാൻ പോകുന്നതായി നേരത്തേ കേട്ടിരുന്നു. അതിനുള്ള മുന്നൊരുക്കമായിരിക്കണം, കുറച്ചുനാൾ മുമ്പേ തന്നെ അവിടെയൊരു വസതിയും സ്വന്തമാക്കിയിട്ടുണ്ട്. ഏതായാലും അവിടെ ഞാനും ഒരു അരിവെപ്പുകാരനും മാത്രമേയുള്ളൂ. അയാൾക്കും എനിക്കും ഇടയിൽ ഭാഷ പ്രശ്നംതന്നെയായിരുന്നു. പക്ഷേ, മീൻവിഭവങ്ങൾ ഉണ്ടാക്കുന്നതിൽ വിദഗ്ധനായ അയാളുടെ പാചകം എനിക്കു ബോധിച്ചു.
താമസം തുടങ്ങി രണ്ടു ദിവസങ്ങൾക്കുശേഷമാണ് പോലീസ് സൂപ്രണ്ട് നേരിട്ടുവന്നത്. അയാൾ കുറെയേറെ വിവരങ്ങൾ കൈമാറി. ഒരു ഗ്രാമം. അവിടെയുള്ള മനുഷ്യർ. അവർക്ക് അണ്ണലാരും അയാളുടെ സംഘവും കാവൽ. സർക്കാറിനെയും ഖേൽക്കറിനെയും വെല്ലുവിളിക്കുന്നു അവർ. ശരിക്കും ആദ്യവായനയിൽ ആർക്കും സത്യവും കെട്ടുകഥയും തിരിച്ചറിയാൻ കഴിഞ്ഞേക്കില്ല. പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല.
വേനൽക്കാലമാകുമ്പോൾ ഇരാവതി നദിയിൽ വെള്ളം കുറയും. അപ്പോൾ നദിക്കക്കരെനിന്നും ഒരു സംഘം എന്റെ ഗ്രാമത്തിലേക്ക് വരും. ഞങ്ങളുടെ ഗ്രാമത്തെ കൊള്ളയടിക്കാതെ രക്ഷിക്കുന്നത് അവരാണെന്ന് പറയും. എല്ലാരോടും പണം ആവശ്യപ്പെടും. അച്ഛനും അമ്മയും കുറച്ചു പണം അവർക്കു നൽകാനായി എപ്പോഴും മാറ്റിെവക്കും. ആരെങ്കിലും പണം കൊടുത്തില്ലയെങ്കിൽ അവരുടെ മാടുകളെ കൊണ്ടുപോകും. കുറച്ചു ദിവസത്തേക്കുള്ള ഭക്ഷണമാകുമല്ലോ. ഞങ്ങൾ അവരെ വെറുത്തിരുന്നതും അതുകൊണ്ടൊക്കെയാണ്.
“ഏതു ദിക്കിലേക്കാണ് ഈ കുന്ന്?”
ഞാൻ അരിവെപ്പുകാരനോട് ചോദിച്ചു.
അയാളൊരു ദിക്കിലേക്ക് ചൂണ്ടി. അങ്ങോട്ടേക്കുള്ള ജനാലകൾ ഞാൻ തുറന്നിട്ടു.
കുറെയേറെ കെട്ടിടങ്ങൾ കാണാം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോളെനിക്ക് ധനികന്റെ ഗൃഹം ഓർമ വന്നു. ഒരിക്കലും എത്തിപ്പെടാൻ ആകാത്ത ആ കുന്നും വനവും ഞാൻ സങ്കൽപിച്ചു. അതിനു പേരിട്ടു: ‘ആകാശ്ബൻ’.
ഈ നഗരത്തിനും ആ ഗ്രാമത്തിനും ഇടയിൽ ഇരാവതി ഒഴുകുന്നതായി സങ്കൽപിച്ചു. ഞാൻ നിൽക്കുന്ന നഗരത്തിന്റെ സ്ഥാനത്ത് എന്റെ ഗ്രാമം. ഇതിനോട് ചേർന്നൊഴുകുന്ന ഇരാവതി. അപ്പുറം കൊള്ളക്കാരുടെ വനം. ഈ അച്ചിലേക്ക് അണ്ണലാരെ ഇട്ടു വാർത്തെടുക്കാൻ എനിക്കധിക സമയം വേണ്ടി വന്നില്ല.
ഞാനതിനെ മൂന്നു രീതിയിലാണ് സമീപിച്ചത്.
ഒന്ന്, ആ ഗ്രാമത്തെയും വനത്തെയും കുറിച്ച് എഴുതുക.
രണ്ട്, ആ ഗ്രാമത്തിൽനിന്നും ഉണ്ടായ അണ്ണലാർ എന്ന പോരാളിയെയും അയാളുടെ സംഘത്തെയും കുറിച്ച് എഴുതുക.
മൂന്ന്, അവരുടെ സംഘടനയുടെ വളർച്ചയെക്കുറിച്ച് എഴുതുക.
ഇതെല്ലാം െവച്ച് രണ്ടു ഭാഗങ്ങളിൽ ഞാനൊരു കുറിപ്പ് തയാറാക്കി. ഇവ രണ്ടും പൂർണമായും ഭാവനയിൽ വിടർന്ന കഥകളാണെന്ന് പറയട്ടെ.
ആകാശ്ബൻ
ആകാശ്ബൻ എന്നാൽ ആകാശത്തോളം പൊക്കമുള്ള വനം എന്നാകാം. അല്ലെങ്കിൽ ആകാശം പാർക്കുന്ന വനമെന്നുമാകാം. എന്തായാലും അതീ സ്ഥലത്തിന് ഏറെ യോജിച്ച പേരാണ്. അത്രക്ക് മനോഹരമായ സ്ഥലം.
ഇവിടേക്ക് ഞാനെത്തുമ്പോൾത്തന്നെ വഴിതടയലുകളും ഭീഷണികളുമുണ്ടായി. സ്വച്ഛമായ ഈ കാനനസ്ഥലിയെ മലീമസമാക്കുന്ന വിധത്തിൽ വെടിമരുന്നിന്റെ മണമാണ് ഇവിടത്തെ കാറ്റിന്. എന്നാലും ഞാൻ എങ്ങനെ അകത്തേക്ക് കയറി എന്നല്ലേ? അതിനിവിടെ കണ്ട കാഴ്ചകൾ നിങ്ങൾ അറിയണം. ആകാശ്ബൻ അനേകം വിഭവങ്ങളാൽ സമ്പന്നമാണ്. വിലപിടിപ്പുള്ള മരങ്ങൾ, അപൂർവയിനം ജീവികൾ അങ്ങനെ പലതും. എല്ലാ രോഗങ്ങളും ഭേദമാക്കും എന്നു പറയപ്പെടുന്ന, കരിമ്പുലിയുടെ കാൽ മുറിച്ചെടുത്ത സൂപ്പും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചന്ദനവും പൗരുഷം കൂട്ടാനുള്ള ചിത്രപ്പുല്ലുകളുടെ കുഴമ്പും വ്യാജനോട്ടുകളും എല്ലാം ഇവിടെ സുലഭം. ഇങ്ങനെയുള്ള എന്തെങ്കിലും വാങ്ങാൻ വന്നാൽ മാത്രമേ നിങ്ങൾക്ക് ഈ നാട്ടിലേക്ക് പ്രവേശനമുള്ളൂ. നിങ്ങൾക്ക് ഇതെല്ലാം വാങ്ങാൻ കഴിയുന്ന പണം കൈയിലുണ്ടെന്നും അവർക്ക് ഉറപ്പാകണം. എന്നാൽമാത്രം നിങ്ങൾക്ക് ഇവിടെ കയറാം.
പുരാണങ്ങളിലെല്ലാം വളരെ പ്രാധാന്യത്തോടെ പറയുന്ന ശാന്തമായ തപസ്സിന്റെ ഇടമായിരുന്നു ഈ ആകാശ്‌ബൻ. എന്നാൽ, ഇന്നത് അത്ര ശാന്തമല്ല. കുറച്ചു മനുഷ്യരുടെ ദുരക്ക് പാത്രമാകാൻ അത് വിധിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യം സ്വതന്ത്രമായി കാൽ നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു. ഇന്നും നമ്മുടെ രാജ്യത്തെ സർക്കാറിനെ അംഗീകരിക്കാത്ത ഒരിടമുണ്ടെങ്കിൽ അതീ ഗ്രാമമാണ്. ഇതിനു വലിയ ഒരു കാരണമുണ്ട്. ഈ ആകാശ്ബന്നിന്റെ അളവറ്റ സമ്പത്തുതന്നെയാണത്. അത്രയേറെയുണ്ട് കാട്ടിലെ മരങ്ങളും വന്യജീവികളും. ഈ കാട്ടിലെ മൊത്തം മരങ്ങളുടെ കണക്കെടുത്താൽ നമ്മുടെ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾക്ക് വീടുപണിയാൻ കഴിഞ്ഞേക്കും. വനസമ്പത്തുകളെടുത്താൽ നമ്മുടെ രാജ്യത്തെ പട്ടിണി കുറച്ചൊക്കെ മാറ്റാൻ കഴിഞ്ഞേക്കും. എന്നാൽ ഇതിനൊന്നും സമ്മതിക്കാതെ ഇതെല്ലാം തങ്ങൾ കുറച്ചുപേർക്ക് മാത്രമായുള്ളതാണെന്ന് ഗ്രാമത്തിലുള്ളവർ കരുതുന്നു. സമ്പത്തിന്റെ വിതരണം സാധ്യമാക്കിക്കൊണ്ട് ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന നമ്മുടെ രാജ്യത്തിന് വേണ്ടതും ഇതുപോലെയുള്ള പ്രകൃതി സമ്പത്താണ്. അത് കൈപ്പിടിയിലൊതുക്കി ജീവിക്കുന്നത് ഒരേയൊരു മനുഷ്യൻ, പേര് അണ്ണലാർ.
ഈ കുറിപ്പ് എഴുതിെവച്ച ശേഷം ഞാനത് ആവർത്തിച്ചു വായിച്ചു. അക്കമിട്ടു നിരത്തിയ ഓരോ ആരോപണത്തിനും, അല്ല ഭാവനക്കും ഉദാഹരണങ്ങൾ പറഞ്ഞു. വായിക്കുന്നവർക്ക് വിശ്വാസ്യത വരാൻ ഞങ്ങൾ പൊതുവെ ചെയ്യുന്ന ഒരു രീതിയാണത്. പിറ്റേ ദിവസമാണ് രണ്ടാമത്തെ കുറിപ്പിനായി ഇരുന്നത്.
അണ്ണലാർ
നിങ്ങൾ കുടുംബവുമായി ഒരു യാത്ര പോകുന്നുവെന്നിരിക്കട്ടെ. അതും നല്ലൊരു വനാന്തരത്തിലേക്ക്. അവിടെയെത്തുമ്പോൾ നിങ്ങളെ ഒരു സംഘം വളയുന്നു. അവർ നിങ്ങളുടെ കൈയിലെ പണവും ആഭരണവും കവരുന്നു. ‘‘ഇനി കൈയിൽ ഒന്നുമില്ല’’ എന്നുപറഞ്ഞു കരയുമ്പോഴാകും അയാളുടെ വരവ്. കൈയിൽ ഏറ്റവും ആധുനികമായ ഒരു തോക്കുതന്നെയുണ്ടാകും. ഒരു കൈക്ക് അൽപം സ്വാധീനക്കുറവുണ്ട്. എന്നാലും അതിനെ തന്റെ വലുപ്പവും കായബലവുംകൊണ്ട് മറികടക്കുകയാണ് അയാൾ ചെയ്യുക. കൈയിൽ ബാക്കിയുള്ളത് കൂടി അയാൾ പിടിച്ചെടുക്കും. വിസമ്മതിച്ചാൽ കൊല്ലും. ഈ കഥയിൽ വനത്തിന്റെ സ്ഥാനത്ത് ആകാശ്ബൻ പ്രതിഷ്ഠിക്കപ്പെട്ടാൽ, തീർച്ചയായും ആ കൊള്ളക്കാരന്റെ പേരാണ് അണ്ണലാർ. അയാൾക്കു ചുറ്റും നിറഞ്ഞുനിൽക്കുന്ന അനുയായികളും എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ്. ഒരിക്കൽ, അയാളുടെ ആജ്ഞക്ക് വിരുദ്ധമായി സംഘത്തിലെ ഒരാൾ പ്രവർത്തിക്കാൻ ശ്രമിച്ചു. അയാളെ കാടിന് നടുവിൽ കൊണ്ടുപോയി കൊന്നു കെട്ടിത്തൂക്കുകയാണ് ചെയ്തത്.
ഈയടുത്തകാലത്ത് ഗ്രാമത്തിൽനിന്നും പട്രോളിങ്ങിന് പോയ മൂന്നു പോലീസുകാർ പിന്നീട് തിരിച്ചുവന്നതേയില്ല. ഇവർ നിഷ്കരുണം കൊന്നു കെട്ടിത്തൂക്കിയതാണ്. ഗ്രാമത്തിലേക്ക് ആരെങ്കിലും വരുന്നത് നിലക്കുമ്പോൾ ഇവർ ചെറുസംഘങ്ങളായി നഗരങ്ങളിലേക്ക് വരും. അവിടെ കൊള്ളകൾ നടത്തി ഗ്രാമത്തിലേക്കുതന്നെ മടങ്ങിപ്പോകും. ഏതു നിമിഷവും ഇവർ നിങ്ങളുടെ വീടിന്റെ പരിസരങ്ങളിലോ സ്വീകരണമുറിയിലോ പ്രത്യക്ഷപ്പെട്ടേക്കാം.

ശരിക്കും അണ്ണലാർ എന്നൊരു പേര് മാത്രമാണ് ഞാൻ കണ്ടത്. അയാളുടെ രൂപഘടന ഞങ്ങളുടെ നാട്ടിലെ ഘാസി എന്നു വിളിപ്പേരുള്ള ഒരു ഭ്രാന്തനിൽനിന്നും കടമെടുത്തു. ഭ്രാന്തനായിരിക്കുമ്പോഴും തന്റെ ശരീരഘടനകൊണ്ട് ഘാസി ഏവരെയും ഭയപ്പെടുത്തിയിരുന്നു. ഒരിക്കൽപോലും അയാൾ ആരെയും ഉപദ്രവിച്ചതായി അറിയില്ല.
ശരിക്കും ആ നഗരത്തിൽനിന്നു മടങ്ങുമ്പോൾ ഈ രണ്ടു കുറിപ്പുകളും പോലീസ് സൂപ്രണ്ട് കൈമാറിയ ചില കടലാസുകളും മാത്രമാണ് എന്റെ കൈയിലുണ്ടായിരുന്നത്. എന്നാലും ഞാൻ ഖേൽക്കറോട് കളവ് പറഞ്ഞു. ഒരു മുപ്പത് പുറമെങ്കിലും വരുന്ന സ്റ്റോറി തയാറായിട്ടുണ്ടെന്നും, വൈകാതെതന്നെ പ്രസിദ്ധീകരിക്കാമെന്നുമുള്ള കളവ്. അതു പൂർത്തിയാക്കാൻ എന്നെ ഓർമിപ്പിച്ചുകൊണ്ടിരുന്നത് ബാനിയാണ്. ചിലപ്പോൾ ഖേൽക്കർ അതാവശ്യപ്പെട്ടിട്ടാകാം.
ബാനിയുടെ നിർബന്ധം കൂടുതലായപ്പോൾ ഒരെണ്ണം എഴുതിയുണ്ടാക്കി, വായിക്കാൻ കൊടുത്തു. അതിനുശേഷം ഒരാഴ്ച പ്രത്യേകിച്ച് ഒന്നുമുണ്ടായില്ല. ജോലിക്ക് തിരികെയെത്തിയിട്ടും പുതിയ ചുമതലകളൊന്നും ബാനി തന്നില്ല. ഒരുവേള നാട്ടിലേക്ക് പോയി ഒരൊഴിവുകാലം ചെലവഴിച്ചാലോ എന്നുപോലും ഓർത്തു. തയാറാക്കിയ റിപ്പോർട്ട് വായിക്കാൻ കൊടുത്ത് രണ്ടാഴ്ചക്കു ശേഷം ബാനി എന്നെയും കൂട്ടി ഖേൽക്കറുടെ മുന്നിലേക്ക് ചെന്നു.
‘‘നിങ്ങൾക്ക് ഇനി ഞങ്ങളുടെ സ്ഥാപനത്തിൽനിന്നും പോകാം.’’ ഖേൽക്കർ പറഞ്ഞു.
ഞാൻ അന്തിച്ചുകൊണ്ട് ബാനിയെ നോക്കി.
എന്താണ് സംഭവിക്കുന്നത്?
ഞാൻ എവിടേക്ക് പോകാനാണ്?
പെട്ടെന്ന് അവരിരുവർക്കും ചിരി വന്നു. ബാനിയാണ് എന്നോട് കാര്യങ്ങൾ വിശദീകരിച്ചത്.
‘‘എന്റെ മാ, ബുദ്ധു! നിന്റെയീ സ്റ്റോറി ഈ പത്രത്തിൽ പ്രസിദ്ധീകരിച്ചാൽ എത്രപേർ വിശ്വസിക്കും!’’ വസ്തുതാപരമായ പിശകുകൾ റിപ്പോർട്ടിങ്ങിൽ ഉണ്ടാകുമ്പോൾ ബാനി ചെയ്യാറുള്ളതു പോലെ സ്നേഹത്തോടെയുള്ള ശകാരമായിരുന്നത്.
“പിന്നെ എന്തിനാണ് എന്നെക്കൊണ്ട് ഇതു ചെയ്യിച്ചത്?’’ പറയുന്നത് ബാനി ആയതുകൊണ്ടാകാം എനിക്ക് തിരികെ ചോദിക്കാൻ ധൈര്യം വന്നു.
‘‘നീ ഇന്ന് തന്നെ ഇവിടുത്തെ ജോലി രാജി വക്കുന്നു. ഞങ്ങളത് വാർത്തയാക്കി കൊടുക്കും. ഒരു മാസത്തിനുശേഷം നീ സ്വന്തം നിലയ്ക്ക് ഒരു സ്ഥാപനം തുടങ്ങും.’’
‘‘ഞാനെങ്ങനെ..?”
‘‘നിനക്കുള്ള ഫണ്ട് ഖേൽക്കർജി തരും. നിന്റെ സ്ഥാപനം ആദ്യം മാസികയാകും ഇറക്കുക. അതിന്റെ ആദ്യ കവർസ്റ്റോറി നിന്റെയീ സ്റ്റോറി. മറ്റു പത്രങ്ങൾ അത് ഫോളോ ചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.’’
അന്നവിടെ നിന്നിറങ്ങുമ്പോൾ ആറു മാസത്തെ ശമ്പളമാണ് മുൻകൂറായി കൈയിലെത്തിയത്. ഇനി മുതൽ അത്രയും തുക മാസശമ്പളമായി കിട്ടുമെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി. അമ്മയെ ഗ്രാമത്തിൽനിന്നും നഗരത്തിലേക്ക് കൊണ്ടുവരാനും ഒരു ഫ്ലാറ്റിൽ പാർപ്പിക്കാനുമാണ് ഞാനാ ഒരുമാസം ഉപയോഗിച്ചത്.
“ഇനി ഇരാവതിയിലെ വെള്ളപ്പൊക്കം ഭയക്കണ്ട.”
ഫ്ലാറ്റിൽ ഇരിക്കുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞു.
“വേനലിൽ ഒഴികെ എല്ലായ്പോഴും ഇരാവതി കവിഞ്ഞൊഴുകുമല്ലോ. അതുകൊണ്ടുകൂടിയാണ് കൊള്ളക്കാർ വേനൽക്കാലത്ത് മാത്രം അത് കടന്നുവരുന്നത്. ഇവിടെയിപ്പോൾ വർഷത്തിൽ എല്ലാ ദിവസവും നമ്മൾ കൊള്ളക്കാരെ ഭയക്കണം.’’ അമ്മ പറഞ്ഞു. ശരിയാണെന്ന് എനിക്കും തോന്നി.
ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ തന്നെ കാര്യങ്ങൾ നീങ്ങി. രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്ന ഒരു കഥ ഞാൻ എഴുതിവിട്ടു. മറ്റു പത്രങ്ങളിലെല്ലാം അതിനു തുടർക്കഥകൾ ഉണ്ടായി. ആ ഗ്രാമത്തിലെ സ്ത്രീകൾക്കെല്ലാം അയാളുടെ ബീജത്തിൽനിന്നുള്ള കുഞ്ഞുങ്ങളുണ്ടെന്ന റിപ്പോർട്ടിങ് പോലുമുണ്ടായി. എന്നാൽ എന്നെ അതിശയിപ്പിച്ചത് മറ്റൊന്നാണ്. സ്റ്റോറി പ്രസിദ്ധീകരിച്ച് കുറച്ചു മാസങ്ങൾക്കുശേഷം എന്റെ ഓഫീസ് വിലാസത്തിൽവന്ന ഒരു കത്ത്.
മാ കിങ്കർ ബിശ്വാസ്,
കുറച്ചു നാൾ മുമ്പ് നിങ്ങൾ പ്രസിദ്ധീകരിച്ച അണ്ണലാരെ കുറിച്ചുള്ള കഥ വെറും കെട്ടുകഥ മാത്രമാണ് എന്നെനിക്കറിയാം. പണത്തിനുവേണ്ടി എന്ത് വൃത്തികേടും ചെയ്യുന്ന ഒരാളാണ് നിങ്ങളെന്ന് മനസ്സിലാക്കുന്നു. അതേസമയം നിങ്ങളോട് ഞാൻ അത്യന്തം കടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നല്ലേ?
നിങ്ങളുടെ മുതലാളി ഖേൽക്കർ കൊന്നുതള്ളിയ അനേകം മനുഷ്യരിൽ ഞങ്ങളുടെ കൂടെപ്പിറപ്പുകളും കുട്ടികളും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ നാടും സമീപപ്രദേശങ്ങളും വിജനമാണ്. പക്ഷേ, കുറച്ചു മാസങ്ങൾക്കു മുമ്പ് ട്രെയിനിൽ അവിടേക്ക് വന്നൊരാളാണ് നിങ്ങളുടെ മാസിക കൊണ്ടുവന്നത്. എനിക്കത് വായിക്കാൻ അറിയില്ലായിരുന്നു. പക്ഷേ കൊണ്ടുവന്നയാൾ എന്നോട് പറഞ്ഞത്, ഖേൽക്കർ ഒരു ഫാക്ടറി വീണ്ടും തുറക്കാൻ പോകുന്നു എന്നാണ്. ഞാനാ മാസിക അയാളുടെ കൈയിൽനിന്നും വിലകൊടുത്തു വാങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു ചുറ്റിപ്പറ്റി നിന്നു. പത്രം വിൽക്കുന്നവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അങ്ങനെയാണ് നിങ്ങളുടെ ഭാവനയിലെ ആകാശ്ബന്നിലേക്ക് ഞാൻ എത്തുന്നത്. ചെറിയ ഭയമുണ്ടായിരുന്നു. പക്ഷേ, എല്ലാം അസ്ഥാനത്തായിരുന്നു. ഇന്ന്, എന്റെ ജീവിതത്തിനു അർഥമുള്ളതായി തോന്നുന്നു. ഒരിക്കൽ ഞാനും ഖേൽക്കറുടെ ജീവനക്കാരനായിരുന്നു. ഞാൻ അയാളെ ആരാധിച്ചിരുന്നു. ഇന്ന് നിങ്ങളാണ് ആ സ്ഥാനത്ത്. നിങ്ങൾ പശ്ചാത്തപിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.
എന്റെ പേര് രേമാലി കശ്യപ്. നിങ്ങൾക്ക് അറിയാത്തതുകൊണ്ട് പറയുകയാണ്. ഞാനിത് എഴുതുമ്പോൾ എന്റെ ഇടതും വലതും എല്ലാം എന്റെ സുഹൃത്തുക്കളുണ്ട്. അവരുടെ പേരുകൾകൂടി കേട്ടോളൂ...
പൈവ, ആനന്ദമിത്രൻ, കമാൽ സാബ്.
ഇനിയും ഇതിന്റെ പേരിൽ നിങ്ങൾ ഇരുട്ടിൽ തപ്പരുതല്ലോ, അതുകൊണ്ടു പറയുന്നതാണ്.
* * *
ലജ്ജ കൊണ്ട് എന്റെ തല കുനിഞ്ഞുപോയി. ഒരു സാധാരണ മനുഷ്യന്റെ മുന്നിൽ ഞാൻ ചെറുതായതുപോലെ തോന്നി. അന്നു മുതൽ ഞാൻ തള്ളിയിടപ്പെട്ട നരകത്തിൽനിന്ന്, ഇതെഴുതി കഴിയുമ്പോൾ ഞാൻ പുറത്തുവന്നതായി തോന്നുന്നു.
ശരിക്കും ഇന്ന് അണ്ണലാരെ കുറിച്ചുള്ള വാർത്ത ഞാൻ കാണാൻ ഇടയായതും കൗസർ എന്റെ കണ്ണ് തുറപ്പിച്ചതും നല്ലതിനാകാം.
സസ്നേഹം,
മാ കിങ്കർ ബിശ്വാസ്
സ്വന്തം നിലക്ക് ഒരു ന്യൂസ് പോർട്ടൽ തുടങ്ങുന്നതിനെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു കൗസർ.
‘‘പക്ഷേ, നമ്മൾ എന്തുകൊടുക്കും ഒരു ഗ്രാന്റ് ഓപണിങ്ങിന്? ശ്രദ്ധിക്കുന്ന എന്തെങ്കിലും വേണ്ടേ?’’ കൗസറിന്റെ സുഹൃത്ത് ആനിയാണ് അതു ചോദിച്ചത്.

കൗസർ കൈയിലെ ഫോൾഡർ തുറന്നു. ഒരു നോട്ടുപുസ്തകം പുറത്തേക്ക് എടുത്തു.
‘‘അച്ഛന്റേതാണ്. സത്യാനന്തരം എന്നൊക്കെ നമ്മൾ ഇപ്പോഴല്ലേ പറയുന്നത്. പക്ഷേ, എത്രകാലം മുമ്പ് അതുണ്ടെന്ന് നോക്ക്.’’ അവരത് ഉറക്കെ വായിച്ചു. ശേഷം ആനിയുടെ മുഖത്തേക്ക് നോക്കി. അപ്പോളും അവൾ അന്തിച്ചിരിക്കുകയായിരുന്നു.
‘‘മാ കിങ്കർ സാബ് വളരെ ബഹുമാനിക്കപ്പെടുന്ന ഒരാളല്ലേ. അദ്ദേഹം മരിച്ചശേഷം ഇങ്ങനെയൊന്ന് പുറത്തുവിടുന്നത് ശരിയാണോ?’’ ആനി ചോദിച്ചു.
‘‘അയാൾ ആ കളവിൽ ഉണ്ടാക്കിയെടുത്തതാണ് എന്റെ ഈ ജീവിതം. ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ. ഇല്ലെങ്കിൽ പിന്നെ നൈതികത പറഞ്ഞു ജോലി രാജിവച്ച എനിക്കെന്ത് വിശ്വാസ്യതയാണ്!’’
അപ്പോൾ ന്യൂസ് റൂം ക്ലോക്കിന്റെ മിടിപ്പുപോലെ ഇരുവരുടെയും ഹൃദയം മിടിച്ചു. സ്പെഷ്യൽ പോലീസിന് വരാൻ കളമൊരുക്കിയ പത്രക്കാരൻ എന്ന നിലയിൽനിന്ന്, ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ‘കോഫി ടേബിൾ ബുക്ക്’ എന്ന വിശേഷണത്തിൽനിന്ന്, മാ കിങ്കർ ബിശ്വാസിന്റെ പതനത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
(തുടരും)