കിള


‘‘നോക്ക്, ഒരു നീർനായ.’’ സേബ ഉറക്കെ വിളിച്ചുപറഞ്ഞു. സുൽത്താൻ നോക്കും മുന്നേതന്നെ അത് ചോലക്ക് അപ്പുറത്തുള്ള പാറക്കെട്ടുകൾക്കുള്ളിലേക്ക് മറഞ്ഞു. “പണ്ട്, ഒരു ചിത്രകാരൻ സായിപ്പ് നീർനായയുടെ ചിത്രം വരയ്ക്കാൻ പോയ കഥയുണ്ട്. കൊല്ലങ്ങളോളം കാത്തിരുന്നിട്ടും വരക്കാനായി ഒരെണ്ണംപോലും അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലത്രേ. ശ്വാസം അടക്കിപ്പിടിച്ചിരുന്നാൽ മാത്രമേ ആ ജീവിയെ കാണാൻ കഴിയൂവെന്ന് സായിപ്പ് മനസ്സിലാക്കി. ഒടുവിൽ, കാത്തുകാത്തിരുന്നിരുന്ന് അയാളൊരു കല്ലായി പരിണമിച്ചു.’’ സേബക്കപ്പോൾ തന്റെ പൂർവജീവിതം ഓർമവന്നു. കല്ലായിത്തീരുമായിരുന്ന തന്നെ! ‘‘സൂക്ഷിച്ച്...’’ ചോലയിലേക്ക് ഇറങ്ങും മുന്നേ ഒരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘നോക്ക്, ഒരു നീർനായ.’’ സേബ ഉറക്കെ വിളിച്ചുപറഞ്ഞു.
സുൽത്താൻ നോക്കും മുന്നേതന്നെ അത് ചോലക്ക് അപ്പുറത്തുള്ള പാറക്കെട്ടുകൾക്കുള്ളിലേക്ക് മറഞ്ഞു.
“പണ്ട്, ഒരു ചിത്രകാരൻ സായിപ്പ് നീർനായയുടെ ചിത്രം വരയ്ക്കാൻ പോയ കഥയുണ്ട്. കൊല്ലങ്ങളോളം കാത്തിരുന്നിട്ടും വരക്കാനായി ഒരെണ്ണംപോലും അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലത്രേ. ശ്വാസം അടക്കിപ്പിടിച്ചിരുന്നാൽ മാത്രമേ ആ ജീവിയെ കാണാൻ കഴിയൂവെന്ന് സായിപ്പ് മനസ്സിലാക്കി. ഒടുവിൽ, കാത്തുകാത്തിരുന്നിരുന്ന് അയാളൊരു കല്ലായി പരിണമിച്ചു.’’
സേബക്കപ്പോൾ തന്റെ പൂർവജീവിതം ഓർമവന്നു. കല്ലായിത്തീരുമായിരുന്ന തന്നെ!
‘‘സൂക്ഷിച്ച്...’’
ചോലയിലേക്ക് ഇറങ്ങും മുന്നേ ഒരു കല്ലിലേക്ക് അവൾ കാൽ െവച്ചപ്പോൾ സുൽത്താൻ പറഞ്ഞു.
ചുരിദാറിന്റെ പാന്റ് മുട്ടറ്റം മടക്കിവെച്ചു സേബയും ഉടുത്തിരുന്ന വെള്ളമുണ്ട് മടക്കിക്കുത്തി സുൽത്താനും ചോലയിലേക്കിറങ്ങി. അവൾക്ക് വെള്ളത്തിന്റെ തണുപ്പ് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു, മനസ്സുതന്നെ കുളിർന്ന തോന്നലുണ്ടായി. പരൽമീനുകൾ പരക്കെ പായുന്നത് മിഴികൾ വിടർത്തി നോക്കിനിന്നു. സേബ ഇടക്കൊന്നു വഴുക്കാൻ പോയപ്പോൾ സുൽത്താൻ അവളുടെ വലംകൈ അമർത്തിപ്പിടിച്ചു.
‘‘പേടിക്കാതെ നടക്ക്, ഞാൻ പിടിക്കാം...”
എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു. സുൽത്താൻ കൈ ഒന്നുകൂടിയൊന്ന് അമർത്തി. ചോലയിൽനിന്ന് കയറി നടക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ ഞെരിയാണിക്ക് മുകളിൽ പറ്റിപ്പിടിച്ചിരുന്ന അട്ടയെ സേബ കണ്ടത്. ഒറ്റയലർച്ചയായിരുന്നു, അതോടൊപ്പം കുതറി ഒരോട്ടവും. സുൽത്താന് പെട്ടെന്ന് കാര്യം മനസ്സിലായി. വേഗം കുപ്പായത്തിന്റെ കീശയിൽനിന്ന് ഒരു തീപ്പെട്ടിക്കൂട് എടുത്ത്, കൊള്ളിയുരച്ചു.
“വേഗം വാ, ഇങ്ങോട്ട്...” നിന്നിടത്തുനിന്ന് സുൽത്താൻ അനങ്ങിയില്ല.
ഞൊണ്ടിഞൊണ്ടി വന്ന സേബയോട് കാലുയർത്താൻ പറഞ്ഞു. മെലിഞ്ഞ പാദം സുൽത്താൻ കൈയിലെടുത്തു. ഞെരിയാണിയിൽ കിടന്ന് തടിച്ചുവീർത്ത അട്ടക്ക് അരികിലേക്ക് തീക്കൊള്ളി കാണിച്ചു. ആ കറുത്ത ചെറുപ്രാണി മെല്ലെയടർന്നുവീണു. അൽപനേരം സുൽത്താൻ ആ പാദങ്ങളുഴിഞ്ഞു.
“ചില മനുഷ്യരും ഈ അട്ടയെപ്പോലെയാണ്.” മന്ത്രിച്ചുകൊണ്ട്, അടുത്തുകണ്ട ഒരു ചെടിയുടെ പപ്പടവട്ടത്തിലുള്ള ഇലയെടുത്ത് സുൽത്താൻ കാലിലെ ചോര തുടച്ചുകൊടുത്തു.
അവൾക്കാശ്വാസം തോന്നി.
സേബയെ കോർത്തുപിടിച്ചുകൊണ്ട് അയാൾ നടന്നു. ഒന്നുരണ്ടു പാറക്കൂട്ടങ്ങളും, പൊന്തക്കാടുകളും ചവിട്ടിക്കടന്ന്, കുത്തനെ കേറി, ഒരു പൊക്കത്തിൽ അവരെത്തി. അവിടെയെത്തിയപ്പോഴേക്കും തണുപ്പുകലർന്ന ഒരു കാറ്റ് സേബയെ വന്നുപൊതിഞ്ഞു. അവൾക്കു മുന്നിൽ ഒരു വീടായിരുന്നു, ഇഷ്ടികച്ചുമരുകളാൽ പണിത ഒന്ന്. അവൾക്കാകെ ആശ്ചര്യമായി; കുട്ടിക്കാലത്ത് എപ്പോഴൊക്കെയോ സ്വപ്നം കണ്ടിരുന്ന വീടിനും അതേ ഛായയായിരുന്നു. ഉമ്മച്ചീമ്മയുടെ വീടിന്റെ, ചുവപ്പു കാവിയിട്ട തണുപ്പൻ നിലത്തുകിടന്ന് അവൾ കണ്ട കിനാക്കളെല്ലാം സ്വന്തമായുണ്ടായേക്കാവുന്ന ഇത്തരത്തിലുള്ളൊരു വീടിനെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു.
* * *
ഉപ്പക്കും ഉമ്മച്ചിക്കുമിടയിൽ സദാ മുഴങ്ങിയ കശപിശകൾ പൈസയെ ചൊല്ലിയും ചോർന്നൊലിക്കുന്ന ഓടുവീടിനെ ചൊല്ലിയും ആയിരുന്നു. കലിതുള്ളിയെത്തുന്ന വർഷകാലത്ത് അടുപ്പിൽ വരെ മഴവെള്ളം നിറയും. ആ സമയത്തെ അവൾക്ക് പേടിയായിരുന്നു; കാരണം മഴക്കാലം ഒടുങ്ങുവോളം ഉമ്മച്ചി ഒരു ഭ്രാന്തിയെപ്പോലെ പിച്ചുംപേയും പറഞ്ഞുകൊണ്ടിരിക്കും. സേബയെ കണക്കിന് ഉപദ്രവിക്കും. ‘‘ഇൻക്ക് നല്ലൊരു പൊര എന്നാണ് ന്റെ ബദ്രീങ്ങളേ ഉണ്ടാവല്’’ എന്ന് പറഞ്ഞ് തലതല്ലി കരയും. അതുകേൾക്കേ ഉപ്പ മുഖം താഴ്ത്തിയിരിക്കും. ഉമ്മച്ചിക്ക് മുന്നിൽ തലകുനിക്കൽ ശീലമായിട്ടാണ്, ഉപ്പയുടെ മുതുകിൽ ഒരു കൂനുണ്ടായതെന്ന് കുട്ടിക്കാലത്ത് സേബ വിശ്വസിച്ചിരുന്നു. മുഖം താഴ്ത്തിയിരിക്കുന്ന ഉപ്പയുടെ താടിയിൽ തൊട്ട് അവൾ മെല്ലെ ഉയർത്താൻ ശ്രമിക്കും. അതു കാണേ ഉമ്മച്ചിയുടെ കലിപ്പ് വീണ്ടും മൂർച്ഛിക്കും. കണ്ണിൽക്കാണുന്ന എല്ലാമെടുത്ത് ഉപ്പയെ ആഞ്ഞെറിയും. തടുക്കാൻപോലും നോക്കാതെ, സേബയുടെ തോളിൽ ഒന്നമർത്തിത്തൊട്ട്, ഒന്നും പറയാതെ ഉപ്പ മുറ്റത്തേക്കിറങ്ങും. തിരിഞ്ഞുനോക്കാതെ മന്ദഗതിയിൽ നടക്കും.
രണ്ടു രാത്രി നിലക്കാതെ നിന്നുപെയ്ത ഒരു കൊടുംമഴക്കാലത്ത്, കുനിഞ്ഞ ശിരസ്സോടെ, കുത്തിയൊലിക്കുന്ന പുഴയിലേക്ക് ഉപ്പയിറങ്ങി. തടയാൻ ചെന്ന ആൾക്കാരുടെ കൈബലത്തിനുള്ളിൽ ആ മേനി ഒതുങ്ങിയില്ല. വല്ലാത്തൊരു ഊക്കായിരുന്നുപോലും അന്നേരം ഉപ്പക്ക്. അന്നുമുതൽ സേബ കാത്തിരുന്നു; തന്റെ പേരു ചൊല്ലി വിളിച്ചുകൊണ്ട് വരുന്ന ഉപ്പക്കായി. ഉപ്പയെപ്പോഴെങ്കിലും കയറിവന്നേക്കും എന്ന സങ്കൽപത്തോടെ ഉമ്മറത്തുതന്നെ രാവും പകലും കഴിച്ചുകൂട്ടി. ഇടക്കിടെ, ആരുമില്ലാത്ത തക്കംനോക്കി പുഴവക്കത്ത് പോയി കുന്തിച്ചിരുന്ന് ഒച്ചയില്ലാതെ കരഞ്ഞു. തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉപ്പ പുഴമധ്യത്തിൽനിന്ന് കയറിവന്നേക്കുമെന്നു തന്നെ അവൾ വിശ്വസിച്ചു. ഉമ്മച്ചിക്കോ ജഹനാരക്കോ യാതൊരുവിധ അല്ലലും ഇല്ലായിരുന്നു. ഉള്ളതു കഴിച്ചും, നനഞ്ഞൊട്ടിയ വീടിനുള്ളിൽ കഴിയുംവിധം ഉറങ്ങിയും അവർ ദിവസങ്ങൾ പുലർത്തി. ആറാം പക്കം ഒരു കവുങ്ങിൻതോട്ടത്തിൽ ചീർത്തുനിവർന്നു കിടക്കുന്ന നിലയിൽ ആർക്കോ ഉപ്പയെ കണ്ടുകിട്ടുകയായിരുന്നു.
അതോടെ ഉമ്മച്ചിയുടെ പുലമ്പലിനും അന്ത്യമായി.
മരിക്കാനൊരുങ്ങുന്ന നേരം, ഏറ്റവും ഭയമുള്ള ഒന്നിനെത്തന്നെ മരണത്തിനുള്ള ചാലകമാക്കി എടുക്കാൻ മനുഷ്യന് എങ്ങനെയായിരിക്കും സാധിക്കുന്നത്?
അതിന്റെ ഉത്തരം സേബക്ക് ഇന്നുമറിയില്ല.
* * *
“പണ്ടുകാലത്ത് ഈ മുറ്റം നിറയെ മയിലുകളായിരുന്നുവത്രേ...”
ഇഷ്ടികവീടിന്റെ ഉമ്മറത്തേക്ക് കയറാതെ തരിച്ചുനിൽക്കുന്ന സേബയെ കണ്ണിമ ചിമ്മാതെ സുൽത്താൻ നോക്കിനിന്നു. പാവം പെണ്ണ്, മുന്നിൽപ്പെടുന്ന എന്തിലും ഏതിലും ഭൂതകാലത്തെ കാണാൻ സാധിക്കുന്ന സാധു –ഏറ്റവും കാരുണ്യത്തോടെ അയാളോർത്തു.
“അതാ, ആ കാണുന്നത് മുഴുവൻ കാടാണ്. കുറയൊക്കെ ഇപ്പോ മനുഷ്യര് കൈയേറി. പണ്ട് നരിയും പുലിയും ഒക്കെ ദാ, ഈ മുറ്റത്ത് വരാറുണ്ടായിരുന്നു, എന്റെ വല്യാപ്പയുടെ കാലത്ത്.” സുൽത്താൻ വിരൽചൂണ്ടിയ ദിക്കിലേക്ക് സേബ തിരിഞ്ഞു. കരിമ്പച്ച ഇലകൾക്കു മേൽ ഇരുട്ടു പുതച്ചുകൊണ്ടു കാടവളെ കൂർപ്പിച്ചു നോക്കി. അങ്ങു ദൂരെ എവിടെയോ നിന്ന് ഒരു അരുവി ഒഴുകുന്ന ശബ്ദം കേട്ടു. അരുവി ചെന്നുചേരുന്ന പുഴയെക്കുറിച്ച് ആലോചിച്ചതും അവൾക്ക് ഭയംതോന്നി.
അകമെത്തിയപ്പോൾ കണ്ട, പൊക്കമുള്ള മച്ചും, അതിൽ ഏറ്റവും സൗന്ദര്യത്തോടെ ചേർന്നുകിടക്കുന്ന കഴുക്കോലുകളും അവളെ വീണ്ടും ഉല്ലാസവതിയാക്കി. എങ്കിലും, ഏതോ കാലത്തറിഞ്ഞയൊരു പൂതലിച്ച മണം തനിക്കു ചുറ്റും പുതയുന്നുണ്ടെന്ന തോന്നൽ, ഒരുമാത്ര സേബക്കുണ്ടായി.
‘‘സുൽത്താൻ... ഇതുപോലെ ഇനിയെത്ര കോട്ടേജുകളുണ്ട് നിങ്ങൾക്ക്?”
“ഇനിയില്ല. അവസാനത്തെ മുഗൾ ചക്രവർത്തി സിംഹാസനമൊഴിഞ്ഞ ശേഷം ഇത്തരം വസതികൾ പണിഞ്ഞിരുന്നത് ബ്രിട്ടീഷുകാർ മാത്രമാണ്. കോട്ടേജല്ല, ബംഗ്ലാവെന്നാണ് അന്നൊക്കെ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷുകാർക്ക് മാത്രം പോരല്ലോ ഇത്തരം ആഡംബരങ്ങൾ എന്നും പറഞ്ഞ് വല്യാപ്പ കാണിച്ച സാഹസമാണ്... തറ നോക്ക്, ഇപ്പോഴും ഒരു പോറലുപോലും ഇല്ല.” സുൽത്താന്റെ കണ്ണുകളിൽ അഭിമാനം മിന്നി.
അവൾ നോക്കി; ഇഷ്ടികകൊണ്ടുള്ള വലിയ ചതുരക്കള്ളികൾ. ചിലവ മാത്രം ദീർഘചതുരാകൃതിയിലും. വിടവുകളിൽ ചില്ലുെവച്ച് മനോഹരമാക്കിയിട്ടുണ്ട്.
വട്ടത്തിലുള്ള ഒരു വലിയ തീൻമേശ, ആറു കസേരകൾ, ഒരു ചാരുകസേര; എല്ലാം തടി കൊണ്ടുള്ളവ –ഇത്രയുമാണ് കതകു തുറന്നാലുടൻ കാണുക. പിന്നെയുമുണ്ട്; ഇരുട്ടിനെ തടവിലാക്കിയ പോലെ വലിയൊരു അടുക്കളയും വിശാലമായ, ധാരാളമായി വെളിച്ചമെത്തുന്ന ജനവാതിലുകളുള്ള നാലു കിടപ്പുമുറികളും. അറകളിലെല്ലാം മെത്ത വിരിച്ചൊരുക്കിയ തേക്കിന്റെ കട്ടിലുകൾ. തലകുനിച്ച്, ഓരോ മുറിയിലേക്കും അവൾ കയറി. ഒരു മുറിയിലേക്ക് ചെന്നപ്പോൾ, തണുത്ത ചുമരിൽ തൊട്ടപ്പോൾ, അതിലേക്ക് കാതുകൾ ചേർത്തുവെക്കാനുള്ള ഒരുൾവിളിയുണ്ടായി സേബക്ക്. ഖുത്‌ബ് ഓർമയിലേക്കെത്തി. എന്തുചെയ്യണമെന്നറിയാതെ അവൾ ഒരു നിമിഷം പകച്ചുനിന്നു. അടുത്തേക്കുവരുന്ന സുൽത്താനെ കണ്ടതും വേഗം മനസ്സാന്നിധ്യം വീണ്ടെടുത്തു.
“ഒന്നിനോ രണ്ടിനോ പോവാനുള്ള സൗകര്യങ്ങളൊന്നുമില്ലേ ചക്രവർത്തീ?” മുറിയുടെ മൂന്നു ദിക്കിലേക്കും സേബ നോക്കി.
“എല്ലാം, അതാ പുറത്ത്.” സുൽത്താൻ വിരൽചൂണ്ടി. “കാട്ടിലേക്ക് നോക്കിയിരുന്ന് സമാധാനത്തോടെ കാര്യം സാധിക്കാം.”
അവൾക്ക് ചിരിവന്നു.
“സേബയ്ക്കറിയാമോ, എന്റെ ഒറ്റ കൂട്ടുകാരിയെയും ഞാൻ ഇങ്ങോട്ടേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല. നീ പക്ഷേ... നിന്റെ കഥകൾ... നീ ഖുത്ബിന്റെ ഉപ്പച്ചിയെ പറ്റി അന്ന് പറഞ്ഞില്ലേ, അപ്പോഴൊക്കെ എനിക്ക്... ഞാൻ ഒരിക്കലും കാണാത്ത എന്റെ വല്യാപ്പയെ ഓർമ വന്നു.” സുൽത്താൻ ഒരുവേള നിശ്ശബ്ദനായി. “മനുഷ്യർക്കിടയിലെ ചില ബന്ധങ്ങൾ അങ്ങനെയൊക്കെയാണ്. കാര്യകാരണ സഹിതം വിശദീകരിക്കാനൊന്നും കഴിയില്ല, അല്ലേ?” അന്നേരം വരെ ഉല്ലാസം ഓളം തുള്ളിയിരുന്ന സുൽത്താന്റെ കണ്ണുകളിൽ ശകലം നീർപ്പൊടിപ്പ്. അതിലേക്കു നോക്കവേ, എന്തുകൊണ്ടോ സേബയുടെ കണ്ണുകളും നനഞ്ഞു.
“ഈ ഭരണി കണ്ടോ?” പെട്ടെന്ന് വിഷയം മാറ്റാനെന്നപോലെ സുൽത്താൻ പറഞ്ഞു.
വട്ടമേശക്കു പിറകിൽ, സുൽത്താന്റെ തോളിനൊപ്പം പൊക്കത്തിൽ ഒരു ഭരണി. സേബ അപ്പോഴാണ് അത് ശ്രദ്ധിച്ചത്.

“ചീനഭരണിയാണ്.” സുൽത്താൻ അതിനടുത്തേക്ക് പോയി മൂടി തുറന്നു. പഴമയുടെ കെട്ടും മട്ടും വിടാത്തൊരു വാസന അതിൽനിന്നു വെക്കം പുറത്തേക്കു ചാടി. “പണ്ട്, ഒരു ചൈനക്കാരന് വല്യാപ്പയുടെ പരിചയത്തിലുള്ള ഒരറബി സ്നേഹത്തോടെ കുറച്ചു പൊൻനാണയങ്ങൾ സമ്മാനമായി നൽകി. കുറേ ഭരണികളും പട്ടും പിഞ്ഞാണപ്പാത്രങ്ങളും വിൽക്കാൻവേണ്ടി കൂട്ടുകച്ചവടക്കാരുടെ ഒപ്പം വന്നതാണ് ചൈനക്കാരൻ. അതുകൊണ്ടുതന്നെ ഈ പൊൻനാണയക്കാര്യം അറിഞ്ഞാൽ കൂട്ടത്തിലുള്ളവർക്കു കൂടി വീതിക്കേണ്ടിവരുമെന്ന് അയാൾക്ക് ഉറപ്പായി.” കൗതുകപൂർവം അയാളെ ശ്രവിക്കവേ, സേബ ചെന്ന് ചാരുകസേരയിലിരുന്നു. അവൾക്കൊപ്പം ചെന്ന്, അതിന്റെ നീളൻ കൈയിൽ സുൽത്താനും.
“എന്നിട്ട്?” അവൾ അവന്റെ ഇടുപ്പിലൂടെ വട്ടംപിടിച്ചു.
യൂക്കാലിപ്റ്റസ് മണക്കുന്ന ഒരു കാറ്റ് അകത്തേക്കു വീശി. പഴമണത്തെ അപ്പാടെ തുടച്ചുനീക്കിക്കൊണ്ട് ആ കാറ്റ് വാതിൽ കടന്ന് വളരെ വേഗത്തിൽ ഇറങ്ങിപ്പോവുകയുംചെയ്തു.
“ചൈനയിലേക്ക് നാണയങ്ങൾ കൊണ്ടുപോവാൻ യാതൊരു വഴിയും കാണാതെ നിന്ന ചൈനക്കാരനു മുന്നിൽ രക്ഷകനായത് വല്യാപ്പയാണ്. പൊൻനാണയങ്ങൾ അയാൾ വല്യാപ്പയെ ഏൽപിച്ചു. അടുത്ത കൊല്ലം വന്നിട്ട് ചൈനയിലേക്ക് കൊണ്ടുപോവാമെന്ന് ഉറപ്പും പറഞ്ഞു.” തന്നിലേക്ക് ചേർന്നിരിക്കുന്ന സേബയുടെ മുടിയിൽ സുൽത്താൻ വിരലോടിച്ചു. വെളുത്തൊരിഴ കണ്ടപ്പോൾ കറുത്ത നാരിനാൽ മറച്ച്, പൊതിഞ്ഞുപിടിച്ചു.
“ചൈനക്കാർക്ക് ലോകത്തിലുള്ള ആരെയും വിശ്വാസമില്ലെന്നാണല്ലോ ഞാൻ കേട്ടിട്ടുള്ളത്. അയാള് ആള് കൊള്ളാമല്ലോ... എന്നിട്ടെന്തായി?”
“എന്നിട്ടെന്താവാൻ... അയാൾ തന്ന ഈ ചീനഭരണിയിൽ തന്നെ പൊൻനാണയങ്ങൾ നിറച്ച്, വല്യാപ്പ ഇവിടെ ബംഗ്ലാവിൽ ഭദ്രമായി കൊണ്ടുെവച്ചു. ഓരോ കൊല്ലം ചൈനക്കാർ കപ്പലിറങ്ങിയപ്പോഴും വല്യാപ്പ തീരത്തേക്ക് ഓടിക്കിതച്ചുകൊണ്ട് പോയിനോക്കി. കാര്യമുണ്ടായില്ല, ആ ചൈനക്കാരൻ പിന്നെയൊരിക്കലും മടങ്ങിവന്നില്ല.”
“ഓ, അപ്പോൾ ആ നാണയങ്ങളോ?”
“രണ്ട് അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒന്ന്, കൊല്ലം പത്തു കഴിഞ്ഞപ്പോൾ നാണയങ്ങൾ ചാക്കിലാക്കി കടലിന്റെ നടുക്ക് വല്യാപ്പ കൊണ്ടുതള്ളി. രണ്ട്, ശുഹദാക്കളുടെ നേർച്ചപ്പെട്ടിയിലേക്ക് പൊൻപണം മുഴുവനുമിട്ടു.” സുൽത്താൻ ഒച്ചയോടെ ഒരു വീർപ്പയച്ചു.
സേബ അതിശയത്തോടെ ഓർത്തു; ഇത്രയേറെ നേരും നെറിയുമുള്ള മനുഷ്യർ ഈ ദുനിയാവിൽ വസിച്ചിരുന്നോ എന്ന്. ആ ചീനഭരണിക്കു നേരേ, ഒരു കുഞ്ഞുകുട്ടി കളിപ്പാട്ടത്തെ കാണുന്ന രസത്തോടെ അവൾ നോക്കി. എണീറ്റ്, അതിനടുത്തേക്ക് സാവകാശം നടന്നു. അരികുകളിലൂടെ കൈ പായിച്ചു. ഭരണിയുടെ നിർമാണവേളയിൽ അതിന്റെ മുകളിൽ ഉരുക്കി ഒഴിക്കാറുള്ള കരിങ്കല്ലും കശുവണ്ടിനെയ്യും ചേർത്തുള്ള മിശ്രിതത്തിന്റെ ശേഷിപ്പ് മുഴച്ചുനിൽക്കുന്നതിൽ അരുമയോടെ സ്പർശിച്ചു.
അറബികളും ചീനക്കാരും ദേശത്തെ പഴയകാല പ്രമാണിമാരും അടങ്ങിയ ആ കാലം തന്നിലേക്ക് ആവേശിക്കുന്നതുപോലെ സേബക്ക് അനുഭവപ്പെട്ടു. ആയിരത്തൊന്നു രാവുകളിലെ, ‘ആലിബാബയും നാൽപതു കള്ളന്മാരും’ മനസ്സിലേക്കെത്തി. മുപ്പത്തേഴു ഭരണികളിൽ കള്ളന്മാരെ ഒളിപ്പിച്ചുെവച്ച്, ആലിബാബയെ കൊല്ലാൻ ശ്രമിച്ച കൊള്ളത്തലവനെയും പെട്ടെന്ന് അവൾക്ക് ഓർമ വന്നു.
ഒപ്പം, ഖുത്‌ബിനെയും!
* * *
അന്നത്തെ പകൽ, ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ സേബക്കുള്ളിലുണ്ട്. അവൾക്കറിയാം, ഋതുക്കളെപ്പോലെയാണ് ഓർമകൾ. നാം എത്രതന്നെ മാറിയാലും, ഒരു ഭ്രമണകാലം പൂർത്തിയാക്കി അവ നമുക്കു മുന്നിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടും. ചിലപ്പോൾ വസന്തമായി. ചിലപ്പോൾ തീച്ചൂടുള്ള വേനലായി.
അവൾക്കുറപ്പായിരുന്നു, ഖുത്ബ് ഒരു മാളത്തിനുള്ളിലേക്കെന്നപോലെ, ഭൂമിയ്ക്കടിയിലേക്ക് ഊളിയിട്ടതാണെന്ന്. പക്ഷേ, സ്ഥലത്തെത്തിയ പോലീസിന്റെ കൂട്ടത്തിന് അത് വിശ്വസിക്കാനായില്ല.
‘‘ഇത്ര നിരപ്പായ മണൽപ്രദേശത്ത് ഒരു പാമ്പിൻ പൊത്തുപോലും ഞങ്ങൾക്ക് കാണാനാവുന്നില്ല. പിന്നയല്ലേ നിങ്ങൾ പറഞ്ഞയീ ആളെ വിഴുങ്ങും മാളം! എന്താണ് ഭർത്താവിനെ ചെയ്തത്? ആരാണ് അതിന് നിങ്ങൾക്ക് ഒത്താശ ചെയ്തുതന്നത്? സത്യം പറയണം.” കണ്ണുരുട്ടിക്കൊണ്ട്, എന്നാൽ ബഹുമാനം തെല്ലും വിടാതെ പോലീസ് ഓഫിസർ ചോദിച്ചു.
അവൾക്ക് ഉത്തരമില്ലായിരുന്നു. വിറയലോടെ, ആ ഭാഗത്തേക്ക് നോക്കി കൈ ചൂണ്ടുകമാത്രം ചെയ്തു. അപ്പോഴവിടെയൊരു അരുവി ഉറവയെടുക്കുന്നതായി സേബക്ക് തോന്നി. ചുടുകാറ്റ് പറക്കുന്ന മണൽക്കാട്, മാളം, അതിനപ്പുറത്തൊരു അരുവി! അതിലെ വെള്ളം ഉഗ്രശബ്ദത്തിൽ തിളക്കുന്നു. നാലാൾ പൊക്കത്തിൽ നീരാവി പൊങ്ങുന്നുണ്ട്. അവളുടെ ഉള്ളിലപ്പോൾ, ലാദുവിന്റെ മുഖമായിരുന്നു. സ്കൂൾ ബസിൽ കയറി അവൻ ഇതിനോടകം വീട്ടിൽ എത്തിക്കാണുമല്ലോ, അടച്ചിട്ട വീട് കണ്ടു വേവലാതിപ്പെടുമല്ലോ തുടങ്ങിയ ചിന്തകളാൽ അവൾ വിയർത്തു. അകം കുഴഞ്ഞുമറിഞ്ഞു.
സേബക്ക് തലചുറ്റി.
‘‘എനിക്ക് വീട്ടിലേക്ക് പോവണം...”
വിശന്നു കണ്ണു കാണാൻ വയ്യാതെ അവശനായിട്ടുള്ള ലാദുവിനെക്കുറിച്ചുള്ള വിചാരത്തോടെ സേബ പറഞ്ഞു. ഓഫീസർ അപ്പോൾ അവളെ തുറിച്ചുനോക്കി. പോലീസ് വാഹനത്തിനരികിലേക്ക് നടന്ന്, ഫോണിൽ ആരെയൊക്കെയോ വിളിച്ചു. വീണ്ടും മറ്റൊരു വാഹനം നിറയെ പോലീസുകാരെത്തി. അതിൽ, അത്രയും കാലത്തിനിടെ അവളാകെ എട്ടോ പത്തോ വട്ടം മാത്രം കണ്ടിട്ടുള്ള ശൈഖുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്താകെ പരിഭ്രമമാണ്. കാര്യങ്ങളൊന്നും വ്യക്തമായി അറിഞ്ഞിട്ടില്ലെന്ന ഭാവം. ‘‘യാ അല്ലാഹ്’’ എന്ന വിളിയോടെ, ഓഫീസർ കണ്ണുകാട്ടിയ ദിശയിലേക്ക് ശൈഖ് ഓടി; കൂടെ ഓഫീസറും.
അവർക്കിടയിലുണ്ടായ, നാനാവിധ ആംഗ്യങ്ങളോടും കൂടിയ എന്തൊക്കെയോ സംസാരങ്ങൾ പെരുപ്പുകേറുന്ന തലയോടെ സേബ കണ്ടുനിന്നു. ഖുത്ബ് ഇറങ്ങിപ്പോയ വഴി കാണാൻ ശൈഖ് അവിടെ മണ്ണിലിരുന്നു. ചോദ്യഭാവത്തോടെ ഓഫീസറെ നോക്കി. അയാൾ കൈമലർത്തി. പിന്നെ, സേബയെച്ചൂണ്ടി എന്തോ പറഞ്ഞു. അതിൽ അസംതൃപ്തനായ ശൈഖ് ഉറക്കെയെന്തൊക്കെയോ പറയാൻ ശ്രമിച്ചു. ഓഫീസർ അദ്ദേഹത്തെ തടുത്തു. അവിടെ, ഒരു വാഗ്വാദത്തിനുള്ള അരങ്ങ് തയാറാവുന്നതായി സേബക്ക് മനസ്സിലായി. അവൾ പക്ഷേ ലാദുവെന്ന ഒറ്റ മന്ത്രണവുമായി മണ്ണിൽ അനങ്ങാതെ ഇരുന്നു.
തല നരച്ച ഒരു പോലീസുകാരൻ സേബക്ക് മധുരമിട്ട നാരങ്ങാവെള്ളം നൽകി. അയാൾ അവളെ ദയനീയ ഭാവത്തിൽ നോക്കി. സേബക്ക്, ആ മാളത്തിനപ്പുറം, നേരത്തേ അവൾ മാത്രം കണ്ട അരുവിയിലെ തിളച്ചുമറിയുന്ന ജലമത്രയും കോരിക്കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു. മുഖപടം മാറ്റി, ഒറ്റ വലിക്ക് സേബ നാരങ്ങാവെള്ളം കുടിച്ചുതീർത്തു. ലാദുവിനെ ഓർത്തുകൊണ്ട് വീണ്ടുമെണീറ്റു.
“പോവാനായില്ല മോളേ, കുറച്ചുസമയം കൂടി ക്ഷമിച്ചുനിൽക്കണം. അല്ലാഹു എന്തെങ്കിലും വഴി കാണിച്ചുതരും.” അവളെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ആ പോലീസുകാരൻ പറഞ്ഞു.
ശൈഖ് ഓടിവന്നു സേബയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ചു. അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു. ശൈഖിന്റെ, വിറകൊള്ളുന്ന വിരലുകൾക്കിടയിൽപ്പെട്ട് അവളുടെ കൈകൾ തുള്ളി. അവൾക്കന്നേരം ഉപ്പയെ ഓർമവന്നു; ഉമ്മച്ചി ഉറഞ്ഞാടുന്ന അവസരങ്ങളിലെല്ലാം അവസാന ശരണമെന്നപോലെ തന്റെ വിരലുകൾ കോർത്തുപിടിച്ച് മാറോടു ചേർക്കുന്ന ഉപ്പയെ. ശൈഖിന്റെ നെഞ്ചിലേക്കവൾ ചാഞ്ഞത് പെട്ടെന്നാണ്. പൊട്ടാതെ, ഉള്ളിൽ അത്രനേരം സൂക്ഷിച്ചിരുന്നൊരു നെരിപ്പോട് ആളിയാളിക്കത്തി.
“എനിക്കറിയില്ല, എനിക്കറിയില്ല” –സേബ അങ്ങനെ മാത്രം പിറുപിറുത്തു.
‘‘യാ ഇലാഹീ’’ എന്ന്, നിസ്സഹായതയോടെ ആകാശത്തേക്കു നോക്കി ശൈഖ് ചൊല്ലി. അവളെ ചേർത്തുപിടിച്ച്, ഇടറുന്ന കാലടികളോടെ ആ വൃദ്ധൻ നടന്നു. പോലീസുകാർ തടഞ്ഞില്ല. തുടർന്ന്, നാലു രാവും അഞ്ചു പകലും സേബയുടെ വില്ലയിൽ ശൈഖ് ഒരു കാവൽക്കാരനെപ്പോലെ തങ്ങി. അനാവശ്യ ചോദ്യങ്ങളുമായെത്തുന്ന പോലീസുകാരെ തടഞ്ഞു. അന്നേവരെ കണ്ടിട്ടില്ലാത്ത ഖുത്ബിന്റെ ചാർച്ചക്കാരെ, ‘‘അവളെ ഇപ്പോൾ വിഷമിപ്പിക്കരുത്’’ എന്നു സ്നേഹപൂർവം താക്കീതു നൽകി മടക്കിയയച്ചു. കുഞ്ഞുതമാശകളുമായി ലാദുവിനെ ചിരിപ്പിച്ചു.
സേബയുറപ്പിച്ചു, ഇത് ഉപ്പ തന്നെ!
പടച്ചതമ്പുരാൻ വിരിക്കുന്ന കനിവിന്റെ തണൽ എപ്പോഴും ലഭിക്കാറുണ്ട് തനിക്കെന്ന് സേബക്കറിയാം. അല്ലെങ്കിൽപ്പിന്നെ, നാലാം നാൾ, ഖുത്ബ് അപ്രത്യക്ഷമായ ഇടത്തിന് ഏതാനും വാരകൾക്കപ്പുറത്ത് പുതുതായി പണിതീർത്ത ഒരു ഒട്ടകാലയം ഉണ്ടെന്ന കാര്യം പോലീസിന്റെ ശ്രദ്ധയിൽ എങ്ങനെ വരാനാണ്? അതും, ഒട്ടകങ്ങളെ നിരീക്ഷിക്കാനുള്ള കാമറാ സജ്ജീകരണങ്ങൾ കൂടിയുൾപ്പെട്ട ഒരു ആലയം? പോലീസ് വ്യക്തമായി ആ കാമറയിൽ കണ്ടു, നടന്നകന്നു പോവുന്ന ഖുത്ബിനെ. ഒരു ഘട്ടത്തിൽ, യാതൊരു ലക്ഷണവും അവശേഷിപ്പിക്കാതെ അവനങ്ങ് താഴേക്ക് ഊർന്നുപോവുകയായിരുന്നു. അവർ പലയാവർത്തി വേഗത കുറച്ചു കണ്ടിട്ടും അതിന് പിറകിലെ കാരണം അറിയാനായില്ല.
“ചിലപ്പോഴൊക്കെ മതവും മരുഭൂമിയും അങ്ങനെയാണ്, തനിക്കിഷ്ടം തോന്നുന്ന മനുഷ്യന്മാരെ വലിച്ചങ്ങ് കൊണ്ടുപോവും. അതിനു പിറകിലുള്ള യുക്തി തേടിയിട്ട് കാര്യമില്ല. പ്രവാചകൻ പിറന്ന മണ്ണാണിത്. അവിടത്തെ അടക്കിയ മണ്ണും ഇതുതന്നെ. ഖുത്ബ് ഭാഗ്യവാന്മാരിൽപെട്ടവനാണെന്ന് മാത്രം കരുതിയാൽ മതി...” ഖുത്ബിന്റെ പരലോക മോക്ഷത്തിനായി സൂറത്തു യാസീൻ ഓതി, ഖുർആൻ മടക്കിവെക്കവേ ശൈഖ് പറഞ്ഞു. സേബക്ക് അത് കേട്ടിട്ട് പ്രത്യേകിച്ചു ഒന്നും തോന്നിയില്ല. ‘‘നിങ്ങളിൽ ഉത്തമർ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണത്രേ’’ എന്ന പ്രവാചകവചനം, അന്നേരം ഒരു ചിരിയോടെ അവൾക്കുള്ളിൽ തുടികൊട്ടി.
അന്ന്, എയർപോർട്ടിലേക്ക് ലാദുവിന്റെ കൈയും പിടിച്ചിറങ്ങാൻ നേരവും ശൈഖിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. വിലകൂടിയ കളിപ്പാട്ടങ്ങൾ ലാദുവിന് സമ്മാനിച്ചു. അവനെ വാരിയെടുത്തു ചുംബിച്ചു, കണ്ണീർ വാർത്തു.
“ഇവിടെത്തന്നെ നിന്നാൽ പോരേ? നാട്ടിലേക്ക് പോവണ്ടല്ലോ?”
സേബയുടെ കൈയിലേക്ക് ഒരു നോട്ടുകെട്ട് ബലമായി തിരുകാൻ ശ്രമിച്ചു, ശൈഖ്. അവൾ മുഷ്ടി ചുരുട്ടി അതു തടുത്തു.
‘’ഞാനിവിടെ നിന്നിട്ടെന്തിനാ? എനിക്ക് സ്വാദോടെ ചായയുണ്ടാക്കാനറിയില്ലല്ലോ?!” ചിരിയോടെ സേബ പറഞ്ഞതും ആ വൃദ്ധൻ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ കരഞ്ഞു. അവൾക്ക് പിന്നെയും ഉപ്പയെ ഓർമവന്നു. ഉള്ളിലൊരു പുഴ വന്നടിഞ്ഞ്, തൊണ്ട വിലങ്ങി.
“എല്ലാം ഉപേക്ഷിച്ചു മടങ്ങുകയാണ്, എന്നെ ഈ മണ്ണിലേക്ക് ആദ്യമായി കൊണ്ടുവന്നവനെയും, അവന്റെ ഓർമകളെയും, അവന്റെ ചിട്ടകളെയും... എല്ലാം...’’
അവസാനത്തേതായിരിക്കും എന്ന വിചാരത്തിൽ, ശൈഖിന്റെ നെഞ്ചിലേക്ക് ചാഞ്ഞ് സേബ മന്ത്രിച്ചു. ഉപ്പയുടെ ഹൃദയതാളമറിഞ്ഞു കിടക്കുമ്പോൾ കിട്ടിയിരുന്ന അതേ ആശ്വാസം അവളപ്പോൾ അനുഭവിച്ചു. പിന്നീട്, സുൽത്താനെത്തിയപ്പോൾ അയാളുടെ നെഞ്ചിന്റെ പിടപ്പായി, അവളിലെ മനശ്ശാന്തിക്കുള്ള മാർഗം.
* * *
സേബ പരിചയപ്പെട്ടതിന് ശേഷം നാലുവട്ടം സുൽത്താൻ പെട്ടെന്ന് അപ്രത്യക്ഷനായിട്ടുണ്ട്. അയാൾക്കേറ്റവുമിഷ്ടമുള്ളവയിൽ ഒന്നു കാടാണ്. അതും സർക്കാർ പോക്ക് നിരോധിച്ചിട്ടുള്ള വനമേഖലകൾ. എങ്ങനെയെങ്കിലും നുഴഞ്ഞുകയറും. അധികമാരും കണ്ടിട്ടില്ലാത്ത, ഉൾവനങ്ങളിലേക്ക് നീളുന്ന ദുർഘടങ്ങളായ പാതകളുണ്ട്. അതറിയുന്നവർ വിരളമാണ്. അവരെ കണ്ടെത്തി, ആവശ്യത്തിനു പണം നൽകി, വനപാലകരുടെ കണ്ണിൽപ്പെടാതെ അങ്ങോട്ടേക്ക് കയറിപ്പറ്റുകയാണ് സുൽത്താൻ ആദ്യം ചെയ്യുക.
വെറുതെ പോവാറല്ല, സ്ഥലത്തെക്കുറിച്ച് കൃത്യമായി പഠിച്ച് ഒരു ഭൂപടം തന്നെ തയാറാക്കിക്കാണും. ഏതെല്ലാം ഭാഗങ്ങളിലാണ് ചതുപ്പ് നിലങ്ങൾ, നീരുറവകൾ, വന്യജീവികൾ എന്നിവയെല്ലാം ആദ്യമേ മനസ്സിലാക്കും. അത്യാവശ്യത്തിനുള്ള ഭക്ഷണം മാത്രം കരുതും. കാനനവാസിയായി ഒരാഴ്ചക്കാലം കഴിയും. എന്താണ് അവിടെ പോയിട്ടയാൾ ചെയ്യുക എന്നത് സേബയോട് വെളിപ്പെടുത്തിയിട്ടില്ല. അവൾ കരുതുന്നത്, അയാൾ ഉന്നതവിദ്യാഭ്യാസം നേടിയ, ആർക്കിയോളജി വിഷയവുമായി ബന്ധപ്പെട്ട എന്തോ താൽപര്യങ്ങൾക്ക് പിറകെയാവും ഈ പോക്ക് എന്നാണ്.
“കാടിനുള്ളിൽ, ഏറ്റവും ഉള്ളിൽ മനുഷ്യരുണ്ട്. സേബയ്ക്കറിയാമോ?”
രണ്ടാമത്തെയോ മൂന്നാമത്തെയോ കൂടിക്കാഴ്ചയിലാണ് സുൽത്താൻ അതു ചോദിച്ചത്. അവൾക്കുത്തരം അറിയാമായിരുന്നു. ആമസോൺ കാടുകളിൽ അപരിഷ്കൃതരായ മനുഷ്യർ വസിക്കുന്ന കാര്യം സേബ വായിച്ചിട്ടുണ്ട്.
“ഇത് ആമസോണിലൊന്നുമല്ല, ഇന്ത്യയുടെ കിഴക്ക്, ഏറ്റവും അറ്റത്ത്. നൂറ്റാണ്ടുകൾക്കു മുമ്പ് പണിതീർത്ത കുടിലുകളിൽ വസിക്കുന്ന, ഒരിക്കലും കതകടച്ചുറങ്ങാത്ത ഒരുകൂട്ടം മനുഷ്യരുണ്ട്. അവർക്ക് സ്വന്തം ഭാഷയുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ല. അവരെ നേരിട്ടു കണ്ട വിരലിലെണ്ണാവുന്ന മനുഷ്യരിൽപ്പെട്ട ഒരാളാണ് ഞാൻ.”
“ഈ കതകടച്ച് ഉറങ്ങാത്തതിന്റെ പിന്നിലെന്താണ് കാര്യം?” അത്രയും പറഞ്ഞതിൽ അതുമാത്രം സേബയുടെ മനസ്സിൽക്കൊണ്ടു.
“ആ, അവിടെ എല്ലാം നിയന്ത്രിക്കാൻ ഗോത്രത്തലവനുണ്ട്. ഏതു നേരംകെട്ട നേരത്തും ആരുടെ വീട്ടിലേക്കും ചെല്ലാനുള്ള അധികാരമുണ്ട് അയാൾക്ക്. പാതിരാത്രിയാവുമ്പോൾ തലവന് പെട്ടെന്ന് ഒരു വെളിപാടുണ്ടാവും, ഇന്ന കുടിലിലേക്ക് പോവണമെന്ന്. കണ്ണുംപൂട്ടി ആൾ നടക്കും. മനസ്സിൽ വിചാരിച്ച അതേ കുടിലിന്റെ മുന്നിലായിരിക്കും പോയിനിൽക്കുക. ആ കുടിലിലെ ഏറ്റവും ഇളയ പെൺകുട്ടിയോടൊത്ത് അയാളന്ന് ശയിക്കും. പെൺകുട്ടികളില്ലെങ്കിൽ മുതിർന്ന സ്ത്രീകൾ. ആരെങ്കിലും അറിയാതെയെങ്ങാനും കതകടച്ചുറങ്ങിപ്പോയാൽ പിറ്റേ പ്രഭാതം അവർ കാണില്ല. സകലരുംകൂടി വന്ന് കുടിലിലെ വാസക്കാർ ഉണരുന്നതിനു മുമ്പേ അതു തീയിട്ടിട്ടുണ്ടാവും...” പറഞ്ഞു നിർത്തി, അയാളൊരു കവിൾ വെള്ളം കുടിച്ചു.

“കഷ്ടം. കാട്ടിലോ മേട്ടിലോ എവിടെയായാലും ശരി, എല്ലാ കഷ്ടപ്പാടുകളും സ്ത്രീകൾക്ക് തന്നെ, അല്ലേ?” അവൾ സുൽത്താനെ നോക്കി. ആ പറഞ്ഞത് അയാൾ കേട്ടിട്ടില്ലെന്നു തോന്നി. കാരണം, അയാൾ അപ്പോൾ, തന്റെ പൂർവികരിൽപെട്ട ഒരാളെ മാത്രം ധ്യാനിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സേബയാണെങ്കിലോ, ആയിരത്തഞ്ഞൂറു വർഷങ്ങൾക്കു മുമ്പുള്ള മരുഭൂമിയെക്കുറിച്ച് ആലോചിച്ചു.
ഖദീജ –പ്രവാചകനു പുതപ്പായി മാറിയ, മക്കയിലെ ഏറ്റവും കോടീശ്വരിയായിരുന്ന കച്ചവടക്കാരി.
അവർക്കുശേഷം വന്ന ആയിഷയെക്കുറിച്ച് ആലോചിച്ചു; പ്രവാചകനെ യുദ്ധഭൂമിയിലേക്ക് അനുഗമിച്ചവൾ.
സേബ തന്നെക്കുറിച്ച് ആലോചിച്ചു; ഒരു പുരുഷന്റെയും മുഖത്തേക്ക് നോക്കിപ്പോവരുതെന്ന ഖുത്ബിന്റെ തീട്ടൂരം യഥാവിധി അനുസരിച്ചു കഴിഞ്ഞിരുന്ന തന്റെ നീണ്ട കൊടുംവർഷങ്ങളെക്കുറിച്ച്…