ലോക്കപ്പ്

‘‘എത്ര ഉയരത്തിൽ പറന്നാലും നാട്ടിൽ വന്നിറങ്ങുന്നത് ത്രില്ല് തന്നെ. അല്ലേ?’’ അമിത് ചോദിച്ചു. ലാൻഡിങ്ങിനുവേണ്ടി വിമാനം താഴ്ന്നു പറന്നു. അരണ്ട പ്രഭാതത്തിലെ വലിയതുറ കടൽ. നിറയെ വള്ളങ്ങൾ. ‘‘ശരിയാണ്?’’ ദയ പറഞ്ഞു. എയർപോർട്ടിൽനിന്ന് ഫ്ലാറ്റിലെത്തിയപ്പോൾ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. രാത്രിജീവിതം കഴിഞ്ഞ് മനുഷ്യർ വീടുകളിലേക്ക് പോകുന്നു. പകൽജീവിതത്തിനുവേണ്ടി ആളുകൾ വീടുകളിൽനിന്ന് ഇറങ്ങിനടക്കാൻ തുടങ്ങുന്നു. ഈ മനുഷ്യരുടെ തലച്ചോറുകൾ നിറയെ എന്തായിരിക്കും. തീർച്ചയായും ഓരോരോ പദ്ധതികൾ ഉണ്ടാവും. ഏതെങ്കിലും ഒരു പദ്ധതിയുടെ പാതിവഴിയിൽവെച്ച് വെട്ടിവിറച്ച് അയാൾ വീണ് മരിച്ചുപോകുന്നു. തികച്ചും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘എത്ര ഉയരത്തിൽ പറന്നാലും നാട്ടിൽ വന്നിറങ്ങുന്നത് ത്രില്ല് തന്നെ. അല്ലേ?’’ അമിത് ചോദിച്ചു. ലാൻഡിങ്ങിനുവേണ്ടി വിമാനം താഴ്ന്നു പറന്നു. അരണ്ട പ്രഭാതത്തിലെ വലിയതുറ കടൽ. നിറയെ വള്ളങ്ങൾ.
‘‘ശരിയാണ്?’’ ദയ പറഞ്ഞു.
എയർപോർട്ടിൽനിന്ന് ഫ്ലാറ്റിലെത്തിയപ്പോൾ നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. രാത്രിജീവിതം കഴിഞ്ഞ് മനുഷ്യർ വീടുകളിലേക്ക് പോകുന്നു. പകൽജീവിതത്തിനുവേണ്ടി ആളുകൾ വീടുകളിൽനിന്ന് ഇറങ്ങിനടക്കാൻ തുടങ്ങുന്നു. ഈ മനുഷ്യരുടെ തലച്ചോറുകൾ നിറയെ എന്തായിരിക്കും. തീർച്ചയായും ഓരോരോ പദ്ധതികൾ ഉണ്ടാവും. ഏതെങ്കിലും ഒരു പദ്ധതിയുടെ പാതിവഴിയിൽവെച്ച് വെട്ടിവിറച്ച് അയാൾ വീണ് മരിച്ചുപോകുന്നു. തികച്ചും അനിശ്ചിതമായ ഹ്രസ്വജീവിതങ്ങൾ. പ്രതീക്ഷ എന്ന വാക്ക് എല്ലാവരെയും നയിക്കുന്നു. നഗരത്തിലൂടെ സഞ്ചരിച്ചപ്പോൾ അമിതിന് വല്ലാത്ത ത്രിൽ തോന്നി. ഇന്നത്തെ ദിവസം തികച്ചും വ്യത്യസ്തവും അത്ഭുതകരവുമായ അനുഭവങ്ങളിലൂടെ താൻ കടന്നുപോകും.
ഫ്ലാറ്റിലെത്തി കുറച്ചുനേരം കിടന്നുറങ്ങി. കൃത്യം ഒമ്പതായപ്പോൾ സലിമിന്റെ കോൾ വന്നു. ‘‘എടാ പത്തു മണിക്കാണ് ഫങ്ഷൻ.’’ അവൻ ഓർമിപ്പിച്ചു. പെട്ടെന്ന് എണീറ്റ് റെഡിയായി. ദയ അപ്പോഴും ഉണർന്നിട്ടില്ല. ഓർഡർചെയ്തു കൊണ്ടുവന്ന മസാലദോശ കഴിച്ചു. സ്വന്തമായി കോഫിയുണ്ടാക്കി കുടിച്ചു. വ്യവഹാരങ്ങളുടെ ഭാരമില്ലാതായപ്പോൾ ഹൃദയം ലഘുവായി. ഒരു ലെവൽ ഉയരത്തിലായിരുന്നു രക്തയോട്ടം എപ്പോഴും. ഞരമ്പുകൾക്ക് കൂടുതൽ ചൂടും. എല്ലാം ഒന്ന് ശാന്തമായതുപോലെ. ഉറങ്ങാൻവേണ്ടി ഒരു യാത്ര പോണം. ഗാഡ്ജറ്റുകളുടെ പിൻവിളിയില്ലാതെ ഉപഗ്രഹങ്ങൾ എത്തിനോക്കാത്ത ഒരു കാട്ടിലെങ്ങാനും. അവൻ ചിന്തിച്ചു.
ദയയെ ഉണർത്തിയില്ല. എന്നാൽ, പുറത്തിറങ്ങാൻ നേരത്ത് അവൾ ഉണർന്നെന്ന് തോന്നി. പാർക്കിങ് സ്ലോട്ടിലേക്ക് ചെല്ലുമ്പോൾ സെക്യൂരിറ്റി ചേട്ടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു. ഹാർലി ഡേവിഡ്സൺ അയാൾ കഴുകി തുടച്ച് വൃത്തിയാക്കി വെച്ചിട്ടുണ്ട്. അതിൻമേൽ കയറിയിരുന്നു. ഇവിടെ ഇവനാണിനി കൂട്ട്. വല്ലപ്പോഴും വരുമ്പോൾ ഓടിക്കാൻ വേണ്ടി വാങ്ങിവെച്ചതാണ്. കറുത്ത ഹാർലി.
ഫ്ലാറ്റിൽനിന്നും പുറത്തിറങ്ങി പട്ടം സിഗ്നലിൽ വണ്ടിനിർത്തി. 20 വർഷംകൊണ്ട് ഈ നഗരം എങ്ങനെയൊക്കെ മാറിയിരിക്കുന്നു. ഈ ജങ്ഷന് പേര് കൈതറ മൂല എന്നായിരുന്നു. അൽപം മാറിയാൽ കറ്റച്ചക്കോണം. നിരവധി ഗ്രാമങ്ങളുടെ കൂട്ടമായിരുന്നു തിരുവനന്തപുരം. ഇപ്പോൾ കേരളമപ്പാടെ ഒരു നഗരമായി മാറിയിരിക്കുന്നു. ഇങ്ങനെ ചിന്തിച്ചുനിൽക്കെ സിഗ്നൽ വീണു. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഒരു നിമിഷം താമസിച്ചുപോയി. ഉടൻതന്നെ തൊട്ടുപിന്നിൽ നിന്നും ചീത്തവിളി കേട്ടു. ‘‘എടുത്ത് മാറ്റെടാ മ...’’ പെട്ടെന്ന് അടിവയറിൽനിന്നും ചോര തിളച്ചുയർന്നു. കുറച്ചുകാലം മുമ്പാണെങ്കിൽ അവൻമാരുടെ ചീത്തക്ക് മറുപടി ഉണ്ടാവും. അതു ചിലപ്പോൾ കൈയാങ്കളിയിലെത്തും. കേസാവും. അതു നീണ്ടുപോകും. പെട്ടെന്ന് ദേഷ്യം വന്നെങ്കിലും പ്രതികരിച്ചില്ല. ആ പരിണാമപ്രക്രിയക്കാണ് പാകത എന്ന് പേർ.
സെന്റ് സേവ്യേഴ്സ് കോളജിൽ എത്തിയപ്പോൾ പ്രിൻസിപ്പലും സലിമും കാത്തുനിൽക്കുന്നുണ്ടായിരുന്നു. സലിം ഫുൾ യൂനിഫോമിലായിരുന്നു. സലിം വന്ന് കെട്ടിപ്പിടിച്ചു. പ്രിൻസിപ്പൽ ഇരുവരെയും ഹാളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എയർ കണ്ടീഷൻ ചെയ്ത ഹൈടെക് ഹാൾ. എം.ബി.എ വിദ്യാർഥികൾ അടങ്ങുന്ന സദസ്സ്. വേദിയിൽ പ്രിൻസിപ്പൽ പ്രഫ. ലാസർ. മുൻനിരയിൽ സർക്കിൾ ഇൻസ്പെക്ടർ സലിം മുഹമ്മദ് ഇരുന്നു. ഏറെക്കാലത്തിനു ശേഷമാണ് അമിത് ഇത്തരമൊരു സദസ്സിനെ അഭിമുഖീകരിക്കുന്നത്. ഒരു മോട്ടിവേഷൻ സ്പീക്കറുടെ ഭാവമായിരുന്നു അയാൾക്കപ്പോൾ.
‘‘പ്രശ്നങ്ങളിൽനിന്നും പ്രശ്നങ്ങളിലേക്ക് ചാടിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് എനിക്കുള്ളത്. അഥവാ, പ്രശ്നങ്ങളില്ലാതെ എനിക്ക് മുന്നോട്ടുപോകാൻ കഴിയാത്ത ഒരവസ്ഥ വരും. അങ്ങനെ ഒരവസ്ഥ വന്നുചേരുമ്പോൾ, ചെയ്യുന്നതെന്താണെന്നറിയാമോ, ഞാൻതന്നെ സ്വന്തമായിട്ടൊരു പ്രശ്നമങ്ങ് ക്രിയേറ്റ് ചെയ്യും. ബാക്കി കാര്യങ്ങൾ ചുറ്റുപാടും ഉള്ളവരും നാട്ടുകാരും ഒക്കെച്ചേർന്ന് നോക്കിക്കൊള്ളും. അതിനുവേണ്ടി സുസജ്ജമായ ഒരു ഭരണകൂടവും വ്യവസ്ഥയും നമുക്ക് ചുറ്റും ഉണ്ടാവും. നമ്മൾ ഉണ്ടാക്കിയ ആ പ്രശ്നം, നമ്മളെത്തന്നെ ചുറ്റിവരിയും. അവസാനം അതിൽനിന്നും നൂഴ്ന്ന് പുറത്തിറങ്ങുമ്പോഴേക്കും നമ്മൾ ധാരാളം പുതിയ അറിവും അനുഭവവും നേടിയിട്ടുണ്ടാവും. അഥവാ, നമ്മൾ ഒരു പുതിയ മനുഷ്യനായി തീർന്നിട്ടുണ്ടാവും.
ആ അനുഭവങ്ങളുടെ ബലത്തിലാണ് എന്‍റെ ഇന്നത്തെ പ്രഫഷൻ കെട്ടിപ്പടുത്തിരിക്കുന്നത്. ആർബിട്രേഷൻ. 90കളിൽ ഇന്ത്യൻ മാർക്കറ്റ് ലോകവിപണിക്കായി തുറന്നുകൊടുത്തതോടുകൂടി, ബഹുരാഷ്ട്ര കോർപറേറ്റുകൾ മിക്കതും ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങി. സ്വാഭാവികമായും അവർ തമ്മിലും തദ്ദേശീയരുമായി പ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടായി. അത് പുതിയൊരു തൊഴിൽമേഖല കൂടി തുറന്നു. ആർബിട്രേഷൻ. ലോകത്തെ വലിയ വലിയ കമ്പനികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്ന ജോലി. പ്രശ്നങ്ങൾ സാധ്യതകൾക്ക് വഴി തുറക്കുന്നതിന്റെ ഉദാഹരണം.
പ്രശ്നത്തെ എടുത്ത് പൂമാലപോലെ കഴുത്തിലണിഞ്ഞ ഡോ. പോസിറ്റിവ് ലാസർ എന്ന പരമശിവനാണ് എന്‍റെ മാതൃകാ ഗുരുനാഥൻ. അമിത് വേദിയിലിരിക്കുന്ന ലാസറിനെ നോക്കി. ലാസർ ചിരിച്ചു. അതുകൊണ്ട്, എനിക്ക് എന്‍റെ അനിയൻമാരോടും അനിയത്തിമാരോടും ഒന്നേ പറയാനുള്ളൂ; പ്രശ്നങ്ങളെ സ്നേഹിക്കുക. അപ്പോൾ പ്രശ്നങ്ങളെ ഫേസ്ചെയ്യാനുള്ള നിങ്ങളുടെ ശേഷി വർധിക്കും. ഉദാഹരണത്തിന് ഒന്നു മുതൽ പത്തു വരെ മാർക്ക് ചെയ്ത ഒരു സ്കെയിൽ സങ്കൽപിക്കുക. ഇതിൽ നിങ്ങളുടെ പ്രശ്നം 5 എന്ന സ്ഥാനത്താണ് എന്ന് കരുതുക. പ്രശ്നങ്ങൾ വിത്ത്സ്റ്റാൻഡ് ചെയ്യാനുള്ള നിങ്ങളുടെ കഴിവ് 4 ആണെന്നും ചിന്തിക്കുക. ഇപ്പോൾ 5 നിങ്ങൾക്ക് വലിയൊരു പ്രശ്നമാണ്. എന്നാൽ, നിങ്ങളുടെ ശേഷി 6 എന്ന സ്ഥാനത്താണ് എങ്കിലോ? 5 എന്നത് നിങ്ങളെ അലട്ടുകപോലും ഉണ്ടാവില്ല. പ്രശ്നങ്ങളെ നേരിട്ടും അപഗ്രഥിച്ച് പഠിച്ചും നിങ്ങളുടെ ലെവൽ 10ൽ എത്തിക്കുക.

ജീവിതം നിങ്ങൾക്ക് അത്ഭുതങ്ങൾ തന്നുകൊണ്ടേയിരിക്കും; പ്രശ്നങ്ങളും. പ്രസംഗം കഴിഞ്ഞ് അമിത് സദസ്സിന്റെ മുൻനിരയിൽ സലിമിന്റെ അടുക്കൽ വന്നിരുന്നു. തുടർന്ന് പ്രഫ. ലാസർ പ്രസംഗിക്കാൻ എഴുന്നേറ്റു.
‘‘ഏത് മേഖലയിൽ ജീവിച്ചാലും നിങ്ങളുടെ ഉള്ളിലുള്ള കലാകാരനെയും കലാകാരിയെയും തൃപ്തിപ്പെടുത്തി വേണം മുന്നോട്ടുപോവാൻ. അല്ലെങ്കിൽ അവർ നിങ്ങളുടെ ഉള്ളിൽ കിടന്ന് കുഴപ്പങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ആ മനസ്സ് അറ്റൻഷൻ സീക്കറായ ഒരു കുഞ്ഞുകുട്ടിയാണ്. നിങ്ങൾക്കറിയാമോ ഒരുദിവസം എനിക്ക് അത്യധികമായ ഒരു പൂതിയുണ്ടായി. എന്താണെന്നോ, നമ്മുടെ മെയിൻ ബിൽഡിങ്ങിന്റെ തടിഗോവണിയിൽക്കൂടി താഴെ വരെ നിരങ്ങണമെന്ന്. കോളജ് സമയത്ത് നിരങ്ങാൻ പറ്റുമോ? ഇല്ല. ഞാൻ ഒരുപാട് ചിന്തിച്ചു. അന്തമില്ലാത്ത ആലോചന. എങ്ങനെയെങ്കിലും നിരങ്ങിയേ പറ്റൂ എന്നായപ്പോൾ ഞാൻ അർധരാത്രി കാറും എടുത്തുകൊണ്ട് കാമ്പസിൽ വന്നു. വാതിൽ തുറന്ന് അകത്തു കയറി. അർമാദിച്ച് നിരങ്ങി. ഈ ജീവിതം വളരെ വിലപ്പെട്ടതും ഒറ്റത്തവണ ലോട്ടറിയും കൂടിയാണ്. ഒറ്റ ആഗ്രഹവും നടപ്പാക്കാതെ, അതിനി എത്ര വിചിത്രമായാലും ശരി, നിങ്ങൾ ഈ ഭൂമിയിൽനിന്നും പോകരുത്.’’
അമിതും സലിമും മുഖത്തോടുമുഖം നോക്കി. ‘‘ഇയാളുടെ ശിഷ്യനല്ലേ നീ. നിനക്ക് ലോക്കപ്പിൽ കിടക്കണമെന്ന് തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ’’
‘‘നമുക്ക് പുറത്തുനിന്നാലോ?’’ അമിത് ചോദിച്ചു.
സലിം: പ്രിൻസി പൊക്കും. അച്ഛനെ വിളിച്ചിട്ട് വരാൻ പറയും.
രണ്ടുപേരും ചിരിച്ചുകൊണ്ട് പുറത്തിറങ്ങി.
‘‘എന്‍റെ ആദ്യത്തെ നിയമനം ഇവിടെയായിരുന്നു. അന്ന് ദാ, പുറത്തുനിൽക്കുന്ന അമിതും നമ്മുടെ ഇൻസ്പെക്ടറും ഒക്കെയായിരുന്നു എന്റെ ഫസ്റ്റ് ബാച്ച്. അന്നത്തെ പ്രീഡിഗ്രി. തലതെറിച്ച കൂട്ടം. അന്നത്തെ പ്രീഡിഗ്രി എന്നുവെച്ചാൽ ഇന്നത്തെ പ്ലസ് ടു അല്ലെന്നോർക്കണം. അന്ന് ഇവർ എനിക്ക് ചെയ്തുതന്ന ചില സഹായങ്ങളാണ് ഇന്ന് കാണുന്ന അതിശക്തനായ ഈ പ്രിൻസിപ്പലിനെ സൃഷ്ടിച്ചത്. ഇവരെ രണ്ടാളേം ഒരിക്കലും മറക്കാനാവില്ല. കാരണം, ഇവരാണ്, ഈ ഇരുപത്തഞ്ച് വർഷങ്ങൾക്കുശേഷവും നിങ്ങൾ എന്നെ ആദരവോടെ വിളിക്കുന്ന ആ ഇരട്ടപ്പേര് എനിക്ക് സമ്മാനിച്ചത്.
അയാൾ സദസ്സിനെ ആകപ്പാടെ നോക്കി. എന്നിട്ട് തുടർന്നു.
‘‘യുവാവായിരുന്നു ഞാൻ. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഉടനെ ഇങ്ങനെ ഒരു ഇരട്ടപ്പേര് കിട്ടിയാൽ ഏത് ഡെയ്ൽ കാർനെഗിയും തകർന്നുപോകും. ഏത് കോളജിലേക്ക് ട്രാൻസ്ഫറായാലും ഇരട്ടപ്പേരും ട്രാൻസ്ഫറാവും. അതിനുവേണ്ടി ഞാൻ ആകപ്പാടെ ചെയ്തതെന്താ? ഇവമ്മാരെ വിളിച്ച് നാല് പോസിറ്റിവ് വർത്തമാനം പറഞ്ഞു.
ഞാൻ തളർന്നോ? ഇല്ല. ഞാൻ എന്‍റെ പേരിന് പിന്നിൽ പോസിറ്റിവ് എന്നുകൂടി ചേർത്ത് ഗസറ്റിൽ കൊടുത്ത് പേരു മാറ്റി. ഇന്ന് ഡോ. പോസിറ്റിവ് പൗലോസ് ലാസർ എന്നുപറഞ്ഞാൽ ഹാർവാർഡിൽ വരെ അറിയാം. ആ പേര് തന്ന മഹാനാണ് ഇപ്പോൾ പ്രസംഗിച്ചിട്ട് പോയ സുന്ദരൻ. അവൻ പറഞ്ഞത് കേട്ടല്ലോ. അവന്റെ വാക്കുകളെ വിശ്വസിക്കുക. അവനെ പിന്തുടരുക.’’
വരാന്തയിൽനിന്ന് അമിതും സലിമും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.
‘‘കർശനമായി നിയമം പാലിക്കുമ്പോഴും മാന്യത കൈവിടാതെ പ്രവർത്തിക്കുന്ന സലിം നമ്മുടെ പൊലീസ് സ്റ്റേഷനെ ഒരു യഥാർഥ ജനമൈത്രി കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ആർക്കും ഏതു പാതിരാത്രിയിലും കയറിച്ചെല്ലാവുന്ന ഒരു ആശ്രയകേന്ദ്രമാണ് സലിമിന്റെ പൊലീസ് സ്റ്റേഷൻ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർകൂടിയാണ് സലിം എന്ന് ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ. നിങ്ങൾക്ക് മുന്നേ നിങ്ങളെക്കാൾ പ്രഗല്ഭർ ഇവിടെ പഠിച്ച് പോയിരിക്കുന്നു. കലാലയങ്ങൾക്ക് ഒരിക്കലും പ്രായമാകുന്നില്ല. അതിന് നിത്യയൗവനംതന്നെ. ഒരുകാലത്ത് ഈ കലാലയത്തിന്റെ തുടിപ്പായിരുന്നു സലിം. ആ സലിമിനെ ഒരു പാട്ടുപാടാൻ വേണ്ടി ഞാൻ വേദിയിലേക്ക് ക്ഷണിക്കുന്നു.’’
സലിം വരാന്തയിൽനിന്ന് ഓടി വേദിയിലെത്തി. സദസ്സ് അയാളെ കൈയടികളോടെ സ്വീകരിച്ചു. അയാൾ ഈയിടെ പാടിയ ‘‘കൺമണീ അൻപോട് കാതലൻ...’’ യൂട്യൂബിൽ രണ്ട് മില്യൻ വ്യൂസ് കഴിഞ്ഞിരുന്നു. ഉപകരണങ്ങളുടെ അകമ്പടിയില്ലാതെയാണ് അയാൾ പാടിയത്. ഒരിലയനക്കംപോലുമില്ലാതെ സദസ്സ് കാതോർത്തിരുന്നു. അയാൾ പാടിയ പാട്ടിന് പൂർണനഗ്നനായ ഒരിളംകുഞ്ഞിന്റെ വിശുദ്ധിയുണ്ടായിരുന്നു.
‘‘കാലം ഒരുപാട് കഴിഞ്ഞിട്ടും നിന്റെ ശബ്ദത്തിന് ഒരിളക്കവും സംഭവിച്ചിട്ടില്ല.’’ പാട്ട് കഴിഞ്ഞപ്പോൾ അമിത് അവനോട് പറഞ്ഞു.
‘‘പ്രതിഭ എന്ന് പറയും.’’
‘‘എടാ, എന്റെ ലോക്കപ്പ് സ്വപ്നം?’’
സലിം അമിതിനെ വിളിച്ച് മരച്ചുവട്ടിൽ കൊണ്ടുവന്ന് നിർത്തി. അയാളോട് കുറേ നിർദേശങ്ങൾ പറഞ്ഞേൽപിച്ചു. അമിത് തലകുലുക്കി സമ്മതിച്ചു. ‘‘അപ്പോൾ പറഞ്ഞതുപോലെ’’ എന്നുപറഞ്ഞ് സലിമിനെ കെട്ടിപ്പിടിച്ചശേഷം അമിത് ഹാർലി ഡേവിഡ്സൺ സ്റ്റാർട്ട് ചെയ്തു. മരത്തെ ഒന്ന് ചുറ്റിയശേഷം അവൻ തിരിഞ്ഞുനോക്കി. സലിം അപ്പോഴും അവനെ നോക്കിനിൽക്കുകയാണ്. ‘A friend in need is a friend indeed’ എന്ന ആപ്തവാക്യം ഓർത്തുകൊണ്ട് അവൻ ബൈക്ക് നിർത്തി. ‘‘നിനക്ക് ഓർമ്യണ്ടോ എന്നറിയില്ല, 20 വർഷം മുമ്പ്, ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ ഇന്റർവ്യൂവിന് പോകണമായിരുന്നു എനിക്ക്. അച്ഛൻ തന്നത് കൃത്യം ആയിരത്തി അഞ്ഞൂറു രൂപ. യാത്രക്കും ചെലവിനുമായി അന്ന് അതൊക്കെ മതി. എന്നിട്ടും ഞാൻ നിന്നോട് ആയിരം രൂപ കടം ചോദിച്ചു. നീ അന്ന് ഏതോ അബ്കാരി കോൺട്രാക്ടറുടെ കീഴിൽ ജോലിചെയ്യുകയായിരുന്നു. നീ പിറ്റേന്നുതന്നെ കാശുമായി വന്നു.’’ അമിത് ഒന്നു നിർത്തി. ‘‘പിന്നീടാണ് നീ പറഞ്ഞത്, നീ ബാറിലെ ആ തൊഴിൽ വിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എനിക്ക് കാശ് തരാൻവേണ്ടി മാത്രം നീ നാല് ദിവസംകൂടി ആ പണി ചെയ്തു.’’ അമിതിന്റെ കണ്ണ് നിറഞ്ഞത് സലിം മാത്രം കണ്ടു.
‘‘വലിയ പദവികളിൽനിന്നുകൊണ്ട് പണ്ടത്തെ ദാരിദ്ര്യം പറയുന്നതിന് ഒരു സുഖമുണ്ട്. നമ്മൾ രക്ഷപ്പെട്ടില്ലായിരുന്നെങ്കിലോ?’’ സലിം ചോദിച്ചു. അമിത് ചിരിച്ചു.
3.
തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്ക് പിടിച്ച പൊലീസ് സ്റ്റേഷനാണ് ഫോർട്ട്. നഗരത്തിന്റെ ഹൃദയഭാഗം. വിമാനത്താവളം. കമ്യൂണൽ സെൻസിറ്റിവായ പ്രദേശങ്ങൾ. ആറ്റുകാലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും അടങ്ങുന്ന ആരാധനാലയങ്ങൾ. കുപ്രസിദ്ധരായ ഗുണ്ടാസംഘങ്ങൾ. പേരെടുക്കാൻ വേണ്ടി മാത്രം ഒരു കാരണവുമില്ലാതെ ആരെയും കൊല്ലാൻ മടിക്കാത്തവർ. വലിയ കൊമ്പുള്ള രാഷ്ട്രീയക്കാർ. ഇടത്തരം കള്ളക്കടത്തുകാർ. ഒരു ഭാഗത്ത് തീരപ്രദേശം. മറുഭാഗം തലസ്ഥാന നഗരത്തിന്റെ ഹൃദയം. വൻ വ്യവസായികൾ. അബ്കാരികൾ. ഭൂമാഫിയ. പെട്ടെന്ന് തഴച്ചുവളരാൻ തുടങ്ങുന്ന നഗരങ്ങൾക്ക് സ്വാഭാവികമായുള്ള സകല പ്രതിലോമതകളും ഈ ചരിത്രനഗരം പേറുന്നുണ്ട്. ഇതൊക്കെ കൊണ്ടുതന്നെ പകൽ എന്നപോലെ രാത്രികളിലും ഇവിടത്തെ പൊലീസുകാർക്ക് പിടിപ്പത് പണിയുണ്ട്.
സലിം സർക്കിൾ ഇൻസ്പെക്ടറായി ചാർജെടുത്തപ്പോൾ ആദ്യം ഉയർന്ന ചോദ്യം അയാളുടെ മതമായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് നടക്കുന്ന വേളയിൽ അകമ്പടി സേവിക്കേണ്ടവരിൽ ഒരാൾ സർക്കിൾ ഇൻസ്പെക്ടർ ആണ്. ഒരാൾ തഹസിൽദാറും. അതിനാൽതന്നെ ഹിന്ദുമതസ്ഥരായ ഉദ്യോഗസ്ഥരെ മാത്രമേ ഈ പോസ്റ്റുകളിൽ നിയമിച്ചിരുന്നുള്ളൂ. അതും സവർണർ. സലിം ചിരിച്ചുകൊണ്ടാണ് ആ ചോദ്യത്തെ നേരിട്ടത്: ‘‘പേര് കണ്ടിട്ട് മലയാളികളുടെ മതം നിശ്ചയിച്ചു കളയരുത്. ഷിജു, ഷിബു, ഷാജി, ഷീജ, ഷീബ, ബിനു എന്നൊക്കെ എല്ലാ മലയാളികളും മക്കൾക്ക് പേരിടും. എന്റെ അച്ഛൻ സദാനന്ദൻ അമ്മ വനജ. പോരേ?’’
സലിം ചാർജെടുത്തതോടുകൂടി പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന സാധാരണ വിസിറ്റർമാർക്ക് പുറമെ മറ്റൊരു വിഭാഗം ആളുകൾകൂടി വരാൻ തുടങ്ങി. പാട്ടുകാരും ഉപകരണവാദകരും അപൂർവം ചില കവികളുമായിരുന്നു അവർ. ആളൊഴിഞ്ഞ ഒരു രാത്രിയിൽ സർക്കിൾ ഇൻസ്പെക്ടറുടെ മുറിയിൽ കൂടിയ ചെറുസഭയിൽ സലിം ഒരു പഴയ സിനിമാഗാനം പാടി. ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീന എന്ന വനിത കോൺസ്റ്റബിൾ അത് മൊബൈലിൽ റെക്കോഡ് ചെയ്ത് ഫേസ്ബുക്കിലിട്ടു. നേരത്തോടുനേരം ചെന്നപ്പോൾ പാട്ട് വൈറലായി. ഒറ്റരാത്രികൊണ്ട് പാട്ടുകാരനായ ഇൻസ്പെക്ടർ എഫ്.ബിയിൽ താരമായി മാറി.

തിരക്കും സമ്മർദവും ഏറെയുണ്ടായിരുന്നെങ്കിലും ഉള്ളിലുള്ള കലാകാരനെ തൃപ്തിപ്പെടുത്തിക്കൊണ്ട് സലിം ജീവിച്ചുപോന്നു. അമിത് നഗരത്തിലെത്തിയ ആ രാത്രിയും ഫോർട്ട് സ്റ്റേഷൻ സംഭവബഹുലമായിരുന്നു...
ഫോർട്ട് സ്റ്റേഷന്റെ സൺഷേഡിൽ അക്ഷരം തെറ്റിച്ച് ജനമൈത്രി പൊലീസ് സ്റ്റേഷൻ എന്നെഴുതിവെച്ചിട്ടുള്ള ബോർഡ് ഒരു ഭാഗത്തെ കെട്ടഴിഞ്ഞ് അടർന്ന് തൂങ്ങിക്കിടക്കുന്നു. പാറാവുകാരനും റൈറ്ററും അവരവരുടെ സ്ഥാനങ്ങളിലുണ്ട്. ലാൻഡ്ഫോണിന് അരികിലായി സീന എന്ന വനിത പൊലീസുകാരി. മൊബൈൽ ഫോണിൽ വിരൽ നിരക്കി റീലുകൾ കണ്ട് സമയം പോക്കുകയാണ് സീന. ആ സമയം ലാൻഡ്ഫോൺ റിങ് ചെയ്തു. സീന ഫോണെടുത്തു. മറുഭാഗത്ത് സ്ത്രീ ശബ്ദമാണ്. ‘‘മാഡം, ഞാനും എന്റെ കൂട്ടുകാരി രഹ്നയും വഴിതെറ്റി ഇവിടെ നിൽക്കുകയാണ്.’’ വിക്കിയും വിറച്ചും പരിഭ്രമിച്ചുമാണ് പെൺകുട്ടി അത്രയും പറഞ്ഞുതീർത്തത്. സീനയും പെട്ടെന്ന് അലർട്ടായി. ‘‘സ്ഥലം പറയൂ.’’
‘‘കടൽത്തീരത്താണ് മാഡം. ഞങ്ങൾ ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു വന്നതാണ്. ഗൂഗിൾ വഴിതെറ്റിച്ചു എന്ന് തോന്നുന്നു. ഇപ്പോൾ കടൽപ്പാലത്തിൽ വഴിമുട്ടി നിൽക്കുകയാണ് ഞങ്ങൾ. ഭയങ്കര ഇരുട്ടും. അടുത്തെങ്ങും ഒറ്റമനുഷ്യരുമില്ല മാഡം.’’
‘‘ലൊക്കേഷൻ അയച്ചു തരൂ. ഞാൻ വാട്സാപ്പിൽ ഒരു ഹായ് അയക്കട്ടെ.’’
‘‘അയ്യോ, ഇവിടെ നെറ്റ് തീരെയില്ല മാഡം.’’
‘‘വെയ്റ്റ്. ടെൻഷനടിക്കണ്ട. പിങ്ക് പൊലീസ് ഉടൻ അവിടെയെത്തും.’’
സീന ഫോൺ കട്ട് ചെയ്തു. ‘‘സുരേഷ് സാറേ, പിങ്കിനെ ഒന്ന് വിളിച്ചുപറയാമോ. രണ്ട് പെമ്പിള്ളാർ വഴിതെറ്റി നിൽക്കുവാ. ആ വലിയതുറ പാലം ആണെന്ന് തോന്നുന്നു, ഉടനെ അവിടെ എത്തണം. എനിക്കിന്ന് രാത്രി ഹണിട്രാപ് ഡ്യൂട്ടി ഉള്ളതാ.’’ സീന എണീറ്റ് വിശ്രമമുറിയിലേക്ക് പോയി.
സുരേഷ് പിങ്ക് പൊലീസിനെ വിളിച്ചുപറഞ്ഞു. നഗരത്തിന്റെ കോണിൽനിന്നും പിങ്ക് പൊലീസിന്റെ ജീപ്പ് വലിയതുറയിലേക്ക് പാഞ്ഞു.
എസ്.ഐ ബിന്ദുവും രണ്ട് വനിത പൊലീസുകാരുമാണ് പിങ്ക് വാനിൽ ഡ്യൂട്ടി. ബിന്ദു തന്നെയാണ് ഡ്രൈവർ. കടൽപ്പാലത്തിനടുത്ത് പിങ്ക് കാർ എത്തുമ്പോൾ പരിഭ്രമിച്ച് നിൽക്കുന്ന രണ്ട് യുവതികളെയാണ് കണ്ടത്. തൊട്ടടുത്ത് ആക്ടിവ സ്കൂട്ടർ. സ്കൂട്ടറിന്റെ ഹാൻഡിലിൽ രണ്ട് ഫുഡ് പാക്കറ്റുകൾ തൂക്കിയിട്ടിരിക്കുന്നു. ജീപ്പ് നിർത്തി ബിന്ദുവും പൊലീസുകാരും പുറത്തിറങ്ങി. കാലാവസ്ഥാ മുന്നറിയിപ്പുള്ളതുകൊണ്ട് കടൽ ശൂന്യമായിരുന്നു. അല്ലെങ്കിൽ കടൽ നിറയെ വള്ളങ്ങളും അതിലെ വിളക്കുകൾ തീർക്കുന്ന വർണമേളവും നടക്കുന്ന സമയമാണ്. കടൽത്തീരവും വിജനം. നിലാവില്ലാത്ത രാത്രി. രണ്ടുപേരും വിറക്കുന്നുണ്ടായിരുന്നു.
‘‘നിങ്ങടെ പേരെന്താ?’’ ബിന്ദു ചോദിച്ചു.
‘‘ഞാൻ അഹ്ന, ഇവൾ രഹ്ന.’’
‘‘കൊള്ളാം, രാത്രി വന്നുനിൽക്കാൻ പറ്റിയ സ്ഥലംതന്നെ. കഴിഞ്ഞവർഷം ആറ് കൊലപാതകവും എട്ട് റേപ്പും നടന്ന സ്പോട്ടാ.’’
അപ്പോൾ പുറംകടലിൽ ഒരു ബോട്ട് പ്രത്യക്ഷപ്പെട്ടു. അതിൽനിന്നാരോ കരയിലേക്ക് സെർച് ലൈറ്റടിച്ചു. വേഗത്തിൽ അത് തിരികെ ഓടിപ്പോയി.
‘‘അയ്യോ!’’ അഹ്നയും രഹ്നയും ഒന്നിച്ച് നിലവിളിച്ചു.
‘‘എന്തായാലും ഞങ്ങളെ വിളിക്കാൻ തോന്നിയത് നന്നായി. ശരി. നിങ്ങൾക്ക് എവിടേക്കാ പോവേണ്ടത്?’’
‘‘വെമ്പായം. ഞങ്ങളെ എം.സി റോഡിൽ കൊണ്ടുവിട്ടാൽ മതി മാഡം. പിന്നെ ഞങ്ങളങ്ങ് പൊയ്ക്കോളാം.’’
‘‘നിങ്ങളെങ്ങനെ ഇവിടെ എത്തിപ്പെട്ടു?’’
‘‘നല്ല കാറ്റായിരുന്നു മാഡം. സ്കൂട്ടറോടിക്കുമ്പോൾ കാറ്റടിക്കുന്ന സുഖത്തിൽ ഓടിച്ചോടിച്ച് ഇങ്ങ് എത്തിയതാ.’’
‘‘ഇതെന്ത് പായ്ക്കപ്പലാ?’’ ഒരു പൊലീസുകാരി ചോദിച്ചു.
‘‘ശരി ശരി. വണ്ടിയെടുക്ക്. ഞങ്ങളെ ഫോളോ ചെയ്യ്.’’
ചെറിയ റോഡിലൂടെ യുവതികൾ ജീപ്പിനെ ഫോളോ ചെയ്തു. നാലഞ്ച് കിലോമീറ്റർ ഇടറോഡുകളിലൂടെ ഓടിയശേഷം ജീപ്പ് എം.ജി റോഡിലേക്ക് കടന്നു.
‘‘താങ്ക് യൂ മാഡം. ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല.’’
‘‘അതൊക്കെ പോട്ടെ, നിങ്ങൾ ഈ രാത്രിയിൽ എവിടെ പോയതാ?’’
‘‘ഞങ്ങൾ കുഴിമന്തി കഴിക്കാൻ പോയതാ മാഡം. വിഴിഞ്ഞത്ത് ഒരു ഹോട്ടലുണ്ട്. അവിടത്തെ കുഴിമന്തി ഭയങ്കര ഫേമസാ.’’
ഇടറോഡിൽനിന്നും ബൈപാസിലേക്ക് തിരിയുന്ന ജങ്ഷനിൽ െവച്ച് പൊലീസുകാർ മടങ്ങിപ്പോയി. യുവതികൾ സമാധാനത്തോടെ സ്കൂട്ടറോടിച്ചു. പെട്ടെന്ന് കറുത്ത നിറമുള്ള ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് അവരെ അതിവേഗത്തിൽ പാസ് ചെയ്ത് പോയി. അതിന്റെ പാച്ചിൽ കണ്ട് യുവതികൾ ഞെട്ടലോടെ റോഡിന്റെ സൈഡിലേക്ക് മാറി.
ദൂരെ ഇരുട്ടിൽ ഹാർലിയുടെ ശബ്ദവും ചുവന്ന ടെയ്ൽ ലൈറ്റും അപ്രത്യക്ഷമായി.
4.
സീന പോയതിനുശേഷം രാജിയാണ് റിസപ്ഷൻ ഡ്യൂട്ടി തുടങ്ങിയത്. ഇടവേളകളിൽ അവൾ റിസപ്ഷനിൽ ഇരുന്ന് മൊബൈൽ െഗയിം കളിച്ചുകൊണ്ടിരുന്നു. വീണ്ടും ഫോൺ ബെല്ലടിക്കുന്നു. ഫോണിൽ ഒരു മധ്യവയസ്കന്റെ ശബ്ദം.
രാജി: നമസ്കാരം, ജനമൈത്രി പൊലീസ് സ്റ്റേഷൻ.
= മാഡം, ഇത് ഇന്ദിരാനഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയാണ്.
രാജി: പറയൂ സാർ.
= ഇവിടെ ഒരു ഡ്രങ്കാർഡ് വന്നുനിന്ന് പബ്ലിക് നൂയിസൻസ് ഉണ്ടാക്കുന്നു.
രാജി: ലൊക്കേഷൻ പറയൂ സാർ.
= സൗത് എൻട്രൻസ്. ഗേറ്റിന്റെ തൊട്ടടുത്ത്.
രാജി: ഒാകെ... സാർ. പട്രോളിങ് പാർട്ടിയെ അയക്കാം.
= താങ്ക് യൂ.
മൂന്നു നാല് റിട്ടയേഡ് ഐ.എ.എസുകാരും ഒരു ജില്ല ജഡ്ജിയും രണ്ട് മുൻ ഐ.പി.എസുകാരും (കൺഫേർഡ്) ഇന്ദിരാനഗർ കോളനിയിൽ താമസിക്കുന്നു. കോളനിയുടെ മുന്നിലുള്ള തെരുവിൽ പൊലീസ് ജീപ്പ് എത്തുമ്പോൾ ഉച്ചത്തിൽ കവിത പാടിക്കൊണ്ട് നിൽക്കുകയാണ് ഒരാൾ. കൃശഗാത്രൻ. ജീൻസും മുഷിഞ്ഞ ടീ ഷർട്ടും വേഷം. മദ്യപിച്ചിട്ടുണ്ട് എന്നുറപ്പാണ്. മൊബൈലിൽ നോക്കി ആടി ആടിനിന്നാണ് അയാൾ പാടുന്നത്. അയാളെ വട്ടംകൂടി കുറച്ച് ചെറുപ്പക്കാരും നിൽക്കുന്നുണ്ട്. ചിലർ അയാളുടെ പ്രകടനം മൊബൈലിൽ ഷൂട്ട് ചെയ്യുന്നുണ്ട്.
കവി:
സത്യമെങ്ങേന്വഷിച്ചു പണ്ഡിതൻ
അവളുടെ നെറ്റിയിൽ ചുണ്ടിൽ മാറിൽ
നാഭിയിൽ തുടകളിൽ
ഒന്നിലാവില്ല സത്യം.
രണ്ടായാൽ മുറിഞ്ഞുപോം.
രണ്ടുകൾ ചേരുന്നിടത്തിരിപ്പൂ സത്യം.
സത്യം!
പൊലീസുകാർ ചാടി പുറത്തിറങ്ങി. ഒരു കോൺസ്റ്റബിൾ കവിയെ പിടിക്കാൻ ഒരുങ്ങി. മറ്റൊരു കോൺസ്റ്റബിൾ അയാളെ പിന്നിലേക്ക് പിടിച്ചുവലിച്ചു. അയാൾ മീനിന്റെ വഴക്കത്തോടെ കുതറിക്കൊണ്ടിരുന്നു. ‘‘സാറേ വേണ്ട. ആ പയ്യൻമാർ ഫേസ്ബുക്ക് ലൈവിലാണ്.’’ പൊലീസ് ഡ്രൈവർ കോൺസ്റ്റബിൾമാരെ വിലക്കി. അത് ഗൗനിക്കാതെ കോൺസ്റ്റബിൾ ലാത്തികൊണ്ട് മൊബൈൽ തട്ടി നിലത്തിട്ടു. കവിയെ തൂക്കി ജീപ്പിനകത്തിട്ടു. ഇപ്പോൾ പിൻസീറ്റിൽ കൂനിക്കൂടിയിരിക്കുകയാണ് കവി.
കവി: എന്നെ അറിയില്ല എന്ന് തോന്നുന്നു.
എ.എസ്.ഐ: താനെന്തിനാ ഇവിടെനിന്ന് തെറിപ്പാട്ട് പാടിയത്?
കവി: ഇതാണോ തെറിപ്പാട്ട്? കവിത കണ്ണാടിയാണ് ബ്രോ. നിങ്ങൾ എന്താണോ, അത് കവിതയിൽ തെളിയും. ഇത് അയ്യപ്പപ്പണിക്കർ സാർ എഴുതിയ കവിതയാണ്. ഇതിൽ എവിടെയാണ് തെറി.
എന്നിട്ട് കവി ഫ്ലാറ്റിലേക്ക് നോക്കി വിരൽചൂണ്ടി ഉറക്കെ പ്രസംഗിക്കാൻ തുടങ്ങി:
ചില്ലു മാളികകൾക്കുള്ളിലിരിക്കുന്ന പുംഗവൻമാരേ, ഇതിലെവിടെയാണ് തെറി. തെറി, അത് നിങ്ങളുടെ ഉള്ളിലാണ്. നല്ല തെറി ഒരു കൊലപാതകംപോലും ഒഴിവാക്കും. ഞാൻ പറഞ്ഞുതരാം നിങ്ങൾക്ക് തെറിയുടെ രാഷ്ട്രീയം.
എ.എസ്.ഐ: അതൊക്കെ നമുക്ക്, സ്റ്റേഷനിൽ ചെന്ന് സംസാരിക്കാം.
കവിയെയുംകൊണ്ട് ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
ഫോർട്ട് പൊലീസ് സ്റ്റേഷനെ സംബന്ധിച്ച് ആ രാത്രി പിന്നെയും സംഭവ ബഹുലമായിരുന്നു. പിറ്റേന്ന് ശ്രീലങ്കൻ പ്രസിഡന്റ് കേരളം സന്ദർശിക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ രാവിലെ പ്രത്യേക വിമാനത്തിൽ എത്തുന്ന പ്രസിഡന്റ് നേരെ രാജ്ഭവനിലേക്ക് പുറപ്പെടും. അതുവരെയുള്ള കുറച്ച് ദൂരം ഫോർട്ട് സ്റ്റേഷൻ പരിധിയിലാണുള്ളത്. വാറന്റ് പ്രതികളെയും നഗരത്തിലെ പ്രധാന ഗുണ്ടകളെയും പിടിക്കാനുള്ള കോംബിങ് ഡ്യൂട്ടിക്കായി ഒരു പൊലീസ് ടീം പുറപ്പെട്ടു.
ഒരു പഴയ ഓടിട്ട വീടിന്റെ പരിസരത്ത് വാറന്റ് പ്രതിയെ പിടിക്കാൻവേണ്ടി ആറ് ഷാഡോ പൊലീസുകാർ പതുങ്ങിനിന്നു. യമഹ ബൈക്കിന്റെ ശബ്ദം കേട്ടുതുടങ്ങി. പൊലീസുകാർ ജാഗ്രത്തായി. തിരുടൻ ജോണിയാണ് വരുന്നത്. തമിഴ്നാട്ടിലും കേരളത്തിലുമായി മുപ്പതിലേറെ കേസുകളിൽ പ്രതി. മരങ്ങൾ അനങ്ങുന്നു. ബൈക്ക് നിർത്തി ഹെഡ് ലൈറ്റ് നാലുപാടും തിരിച്ച് ജോണി പരിസരം നിരീക്ഷിച്ചു. വളർന്നു കാടുപിടിച്ച വാഴകൾക്കിടയിൽ അനക്കം കണ്ടപ്പോൾ ജോണിക്ക് അപകടം മണത്തു. ജോണിയുടെ മുഖത്ത് ഒരേസമയം ഭയവും പരിഭ്രമവും. അവൻ ബൈക്കിൽനിന്നും ചാടിയിറങ്ങി. മുതുകത്ത് ഷർട്ടിനുള്ളിൽ ഒളിപ്പിച്ച വടിവാൾ ഊരി വീശാൻ തുടങ്ങി. ആറ് പൊലീസുകാർ അവനെ വളഞ്ഞു. കോൺസ്റ്റബിൾ സജീന്ദ്രൻ പട്ടികകൊണ്ട് അവന്റെ പിൻതലക്കടിച്ചു വീഴ്ത്തി. ഒടുവിൽ കീഴടക്കി ജീപ്പിൽ കയറ്റി കൈയും കാലും കെട്ടി പിന്നിലിട്ടു. ജീപ്പ് പുറപ്പെട്ടു. ഒരു കോൺസ്റ്റബിൾ സലിമിനെ ഫോൺ ചെയ്തു.
‘‘സാർ, ജോണിയെ പൊക്കിയിട്ടുണ്ട്. എന്തുചെയ്യണം?’’
‘‘ഒന്നും ചെയ്യണ്ട. ലോക്കപ്പിൽ ഇട്ടേക്ക്. ഞാൻ വരട്ടെ.’’ സലിം നിർദേശിച്ചു.
തിരുടൻ ജോണിയെ കയറ്റിയ ജീപ്പ് റോഡിലൂടെ സ്റ്റേഷനിലേക്ക് പാഞ്ഞു. അങ്ങനെ പോകുമ്പോൾ എം.ജി റോഡിൽെവച്ച് ഒരു ഹാർലി ഡേവിഡ്സൺ അതിനെ ഓവർടേക് ചെയ്തു കടന്നുപോയി.
‘‘എന്താണ്ടാ അത്? ജെറ്റ് വിമാനോ?’’ പൊലീസ് ജീപ്പിന്റെ ഡ്രൈവറാണ് ചോദിച്ചത്.
‘‘അവൻ മെഡിക്കൽ കോളജിലേക്ക് പോണതാ. കൊറച്ച് കഴിഞ്ഞാ മോർച്ചറീൽ ചെന്ന് എടുക്കാം.’’ തിരുവനന്തപുരത്തുകാർ സ്ഥിരം പറയുന്ന തമാശ മറ്റൊരു കോൺസ്റ്റബിൾ പറഞ്ഞു. അപ്പോൾ ജോണി ഇടപെട്ടു. ‘‘എന്റെ പൊന്നുസാറേ, നിങ്ങളുദ്ദേശിക്കുന്ന വണ്ടിയല്ലത്. അത് ഹാർലിയാ ഹാർലി. ഇരുപത് ലക്ഷത്തിന്റെ.’’
പൊലീസുകാർ ജോണിയെ സൂക്ഷിച്ചുനോക്കി.
‘‘ഭയങ്കര സിസ്റ്റമാ. എടുക്കാൻ പറ്റൂല.’’ ജോണി പറഞ്ഞു.
‘‘പറയുന്ന കേട്ടാ... ഇവന്റെ വീട്ടിൽ അഞ്ചാറ് ഹാർലി ഡേവിഡ്സൺ ഉണ്ടെന്ന് തോന്നും.’’
‘‘അതൊന്നും അല്ല സാറെ, ഞാൻ പണ്ടൊരെണ്ണം പൊക്കാൻ നോക്കിയതാ സാറേ. പറ്റത്തില്ല.’’
‘‘ആ... അങ്ങന പറ.’’
വനിത പൊലീസുകാരുടെ വിശ്രമമുറിയിൽനിന്നും വേഷം മാറി പുറത്തിറങ്ങിയപ്പോൾ സീന അതിസുന്ദരിയായി മാറി. രാത്രികാല പട്രോളിങ്ങിന് ഇങ്ങനെ ചില പരിപാടികൾ തുടങ്ങിയിട്ടുണ്ട്. പുതിയ കമീഷണറുടെ പരീക്ഷണങ്ങളാണ്. ഈച്ചയെ ആകർഷിച്ച് പിടിച്ച് കറന്റടിപ്പിച്ച് കൊല്ലുന്നപോലെ പൂവാലൻമാരെ ആകർഷിച്ച് അകത്താക്കുക എന്നതാണ് പദ്ധതി. അതിനുവേണ്ടി നിശ്ചയിക്കപ്പെട്ട വനിത പൊലീസ് സുന്ദരിമാരിലൊരാളാണ് സീന.
ജീപ്പിൽനിന്നിറങ്ങി റോഡ് ക്രോസ് ചെയ്ത് അവൾ ബസ് സ്റ്റോപ്പിൽ വന്ന് നിന്നു. ആ പ്രദേശം പൂർണമായും വിജനമാണ്. റോഡിന് എതിർവശത്ത് കുറച്ചുമാറി കാമറ ടീമും മഫ്തിയിലുള്ള പൊലീസുകാരും മറഞ്ഞുനിൽപുണ്ട്. അവർ സീനയുടെ പ്രവൃത്തികൾ കാമറയിൽ പകർത്തുന്നു. അവസാന ബസ് നഷ്ടപ്പെട്ട ഭാവത്തിൽ മൊബൈലിൽ കുത്തിക്കുത്തിയാണ് സീനയുടെ നിൽപ്.
കുറച്ചുനേരം ആ നിൽപ് തുടർന്നപ്പോൾ ഒരു ബൈക്ക് അതുവഴി വന്നു. ബസ് സ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്ന സ്ത്രീയെ കണ്ട് ബൈക്ക് നിർത്തി. രണ്ടു ചെറുപ്പക്കാർ. സബിനും ആന്റോയും. ഒരുത്തൻ തലമുടി വളർത്തിയിട്ടുണ്ട്. സീനയെ ഒന്ന് നോക്കിയശേഷം ഒരുവൻ ചോദിച്ചു, ചേച്ചീ, ഒറ്റക്ക് എന്താ ഇവിടെ നിൽക്കുന്നത്?
‘‘ബസ് മിസായി പോയതാ.’’ സീന മറുപടി പറഞ്ഞു.
സബിൻ: ഇപ്പോൾ പതിനൊന്നരയായി. ഇനി ബസ് കാണില്ല. വീട്ടിൽനിന്നാരെയെങ്കിലും വിളിച്ചുവരുത്തൂ.
സീന: ഫോൺ സ്വിച്ച് ഓഫായി പോയി.
ആന്റോ: ഫോൺ ഞങ്ങൾ തരാം. ചേച്ചി നമ്പര് പറ.
സീന: നമ്പരൊന്നും ഓർമയില്ല.
സബിൻ: വല്ലാത്ത കഷ്ടമായല്ലോ. ഇത് അത്ര ശരിയായ സ്ഥലമല്ല.
ആന്റോ: ചേച്ചി റെഡിയാണെങ്കിൽ എന്‍റെ വീട് തൊട്ടടുത്താണ്.
സീന അവനെ സംശയത്തോടെ നോക്കി.
സബിൻ: ചേച്ചി പേടിക്കണ്ട. ഞാൻ അസിം. ദാ കണ്ടോ എന്‍റെ ഐ.ഡി കാർഡ്. ഞാനിവിടെ ഇൻഫോസിസിൽ. ഇവൻ ഗൗരവ്. ഇവന്‍റെ തലമുടി കണ്ട് പേടിക്കണ്ട.
ആന്റോ: പളനിക്കുള്ള നേർച്ചയാ.
സബിൻ: ഇനീം സംശയം മാറിയില്ലെങ്കി ഞാൻ വീട്ടീന്ന് ഉമ്മാനേം കൂട്ടി വരാം. നിങ്ങളെ ഇങ്ങനെ ഇവിടെ ഉപേക്ഷിച്ചിട്ട് പോകാൻ തോന്നുന്നില്ല.
സീന: അതെന്താ?
സബിൻ: കഴിഞ്ഞ വർഷം ഇതേ സ്ഥലത്തുവെച്ചാണ് രമ്യ എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്.
ആന്റോ: അതും ഇതുപോലൊരു വെള്ളിയാഴ്ച.
സീന: എന്തായാലും അനിയൻമാർ പേടിക്കണ്ട. ഞാൻ പൊലീസാ. നൈറ്റ് ചെക്കിങ്ങിന് നിക്കണതാ. ദോണ്ട, അങ്ങോട്ട് നോക്ക്.
അവർ നാലുപാടും തിരിഞ്ഞുനോക്കി. റോഡിന്‍റെ മറുവശത്ത് നിൽക്കുന്ന കാമറസംഘത്തെ കണ്ടു. ഒരു പൊലീസുകാരൻ തംസ് അപ് കാട്ടി.
സീന: നിങ്ങട നമ്പര് പറയൂ. എന്തായാലും കമീഷണർ സാർ നിങ്ങളെ വിളിക്കും.
ആന്റോ: അയ്യോ! അതെന്തിന്?
സീന: പേടിക്കണ്ട. നിങ്ങള് നല്ല പിള്ളാരല്ലേ?
സബിൻ: താങ്ക് യൂ മാഡം.
സീന: വേം പൊയ്ക്കോ. നമ്മട ഇന്നത്തെ ഇര വരാനുണ്ട്.
സബിൻ: സീ യൂ മാഡം. ടേക് കെയർ.
രണ്ടുപേരും ബൈക്ക് സ്റ്റാർട്ടാക്കി പുറപ്പെട്ടു. കുറച്ചുനേരം ചിന്തിച്ചശേഷം ആന്റോ പറഞ്ഞു.
ആന്റോ: എടാ, പുറമേനിന്ന് നോക്കുമ്പം പൊലീസ് ചേച്ചീടടുത്ത് നമ്പരിടാൻ വരുന്നവനാണ് ഇര എന്ന് തോന്നും. യഥാർഥ ഇര ആരാണെന്നറിയാമോ?
സബിൻ: ആ ചേച്ചി തന്നെ.
ആന്റോ: പാവം.
ബൈക്ക് കാഴ്ചയിൽനിന്നും മറഞ്ഞുപോയി. ആ സമയം ഒരു ചുവന്ന സ്വിഫ്റ്റ് കാർ വന്നു. ഒറ്റക്ക് നിൽക്കുന്ന സീനയെ കണ്ട് കുറച്ച് മുന്നിൽ അത് സഡൻ ബ്രേക്കിട്ടു. അതിനുള്ളിൽനിന്നും ഒരു മധ്യവയസ്കൻ പുറത്തിറങ്ങി. കാറിൽ ചാരിനിന്ന് പരിസരം നിരീക്ഷിച്ചു. എന്നിട്ട് സീനയുടെ അടുത്തേക്ക് പതിയെ നടന്നു വന്നു. സീനയെ തൊട്ടുതൊട്ടു നിന്നു. നിമിഷനേരത്തിനുള്ളിൽ അയാളുടെ മുഖത്ത് കോഴിഭാവം വിടർന്നു. വളരെ ഒച്ച താഴ്ത്തി അയാൾ പറഞ്ഞു: ‘‘ഇതത്ര നല്ല സ്ഥലമൊന്നുമല്ല കേട്ടോ.’’
സീന: ആണോ?
ആണോന്ന്! പെട്ടെന്ന് കാറിൽ കേറിക്കോ, പൂവാം.
സീന: എങ്ങോട്ട്?
എനിക്ക് ഫ്ലാറ്റുണ്ട്. റേറ്റ് പറ.
സീന: അതെന്താ ആദ്യായിട്ടാന്നോ?
അയാൾ പെട്ടെന്ന് സീനയുടെ കൈയിൽ കയറിപ്പിടിച്ചു. ‘‘അത് ഇപ്പം അറിയണ്ട. റേറ്റ് എന്താണെന്ന് വച്ചാ പറ.’’ എന്നിട്ടയാൾ പഴ്സ് തുറന്ന് സീനയെ കാണിച്ചു. അതിൽ നിറയെ നോട്ടുകൾ ഉണ്ടായിരുന്നു.
സീന അയാളുടെ കൈ സാവധാനം പിടിച്ചുമാറ്റി. ബാഗ് തുറന്ന് അതിനുള്ളിൽനിന്ന് പൊലീസ് ഐഡി പുറത്തെടുത്ത് കാട്ടി. പൊടുന്നനെ റോഡിന്റെ മറുവശത്തുനിന്ന് മഫ്തിയിലും യൂനിഫോമിലുമായി പൊലീസുകാർ നടന്നടുത്തു. സംഗതി വശക്കേടാണെന്ന് ആ ലമ്പടൻ തിരിച്ചറിഞ്ഞു. ഒറ്റനിമിഷം കളയാതെ അയാൾ സീനയുടെ കാലിൽ വീണു. ‘‘എന്‍റെ പൊന്ന് മാഡം, നാറ്റിക്കരുത്. നാട്ടിലൽപം നിലയും വിലയുമൊക്കെ ഉള്ളതാണ്. തറവാട്ടുകാരനാണ്.’’
പൊലീസ് ജീപ്പ് വന്നു. അയാളെ അതിൽ പിടിച്ചുകയറ്റി. അയാൾ കുതറാൻ ശ്രമിച്ചു. പൊലീസുകാരൻ അയാളുടെ വാരിയെല്ലിൽ തള്ളവിരൽ കയറ്റി ഒന്നമർത്തി. ഇണങ്ങിയ ആ മുട്ടനാട് ഒന്നു ഞരങ്ങി. പിന്നെ ഒരു പ്രതിഷേധവും കൂടാതെ ജീപ്പിൽ കയറിയിരുന്നു.
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ആ രാത്രി കൂടുതൽ സംഭവപൂർണമായി തുടർന്നു.
സമയം രാത്രി പന്ത്രണ്ടിനോടടുക്കുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എം.ജി റോഡിൽ വാഹന പരിശോധന നടക്കുന്നുണ്ട്. അതേ റോഡിന്റെ മറ്റൊരു ഭാഗത്താണ് വനിത പൊലീസുകാരി ഹണിട്രാപ്പുമായി നിൽക്കുന്നത്. കുറച്ചുകൂടി മാറി ഒരു പൊലീസ് ജീപ്പിൽ എസ്.ഐ ഫെർണാണ്ടസും രണ്ടു പൊലീസുകാരുമുണ്ട്.
ആ സമയം ഒരാൺകുട്ടിയും പെൺകുട്ടിയും റോഡിലൂടെ സംസാരിച്ചുകൊണ്ട് നടന്നുവന്നു. സ്റ്റുഡന്റ്സാണ്. അവർ നടന്ന് ഒരു തട്ടുകടയുടെ മുന്നിലെത്തി. തട്ടുകട കച്ചവടം അവസാനിപ്പിച്ച് അടക്കാൻ തുടങ്ങുകയാണ്. തട്ടുകടയും നടന്നുവരുന്ന കുട്ടികളെയും നോക്കിക്കൊണ്ട് ഫെർണാണ്ടസ് ഇരുന്നു. വലിയ ജക്കരാന്ത മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ രണ്ടുപേരും നിന്നു. പെൺകുട്ടിയെ മരത്തിൽ ചാരിനിർത്തി ആൺകുട്ടി ചുണ്ടിൽ ഉമ്മവെച്ചു. എന്നിട്ട് വീണ്ടും മുന്നോട്ടു നടന്നു. അതുവരെ മരവിച്ചു വിരസരായി ഉറക്കംതൂങ്ങി ഇരുന്ന ഫെർണാണ്ടസും പൊലീസുകാരും കറന്റടിച്ചതുപോലെ ഉണർന്നു. ‘‘കൊള്ളാല്ലോടാ. എങ്ങനുണ്ട്?’’ ഫെർണാണ്ടസ് ചോദിച്ചു.
‘‘എനിക്ക് സത്യത്തിൽ അസൂയ തോന്നുന്നുണ്ട്.’’
‘‘എന്നാ, നീ അതുങ്ങള പിടിച്ച് അകത്തു കേറ്റ്.’’
‘‘എന്ത് വകുപ്പ്?’’
‘‘പബ്ലിക് നൂയിസൻസ്.’’
പൊലീസുകാരൻ ജീപ്പിൽനിന്നിറങ്ങി.
‘‘വിരാട് കോഹ് ലിയുടെ ഒരു പ്രത്യേകത എന്താന്നു ചോദിച്ചാൽ, മച്ചാന്റെ അഗ്രസിവ്നസാണ്.’’ ആൺകുട്ടി പറഞ്ഞു. എന്നിട്ടവൻ നടുറോഡിൽനിന്ന് ബാറ്റിങ് ആക്ഷൻ കാണിച്ചു. സിക്സർ ഉയർത്തിവിട്ടു. പെൺകുട്ടി പന്തിന് പിന്നാലെ മുന്നിലേക്ക് നോക്കി. പൊലീസുകാരൻ ജീപ്പിനടുത്തുനിന്നും നടന്നുവന്നു. ‘‘എടാ എടാ താഴ്ത്തി ഗ്രൗണ്ട് ഷോട്ടടിക്കെടാ. ആ ബിൽഡിങ്ങിന്റെ കണ്ണാടി നീ പൊട്ടിക്കുമല്ലോ.’’ അയാൾ കളിയാക്കി.
രണ്ടുപേരും നടത്തം നിർത്തി. ജീപ്പിൽനിന്നും കൂടുതൽ പൊലീസുകാർ നടന്നടുത്തു.
ഹൈവേയിൽ ദൂരെനിന്ന് ഹാർലി ഡേവിഡ്സന്‍റെ ശബ്ദം കേട്ടു. ഇരുളിൽ അതിന്‍റെ ഹെഡ് ലൈറ്റ് തെളിഞ്ഞു. വെളിച്ചവും ശബ്ദവും മാത്രമായിരുന്നു ആദ്യം കണ്ടത്. പിന്നീട് അതിലിരിക്കുന്ന ജാക്കറ്റും ഹെൽമറ്റും കൈയുറകളും ധരിച്ച മനുഷ്യനെ കണ്ടു. സീന കുറച്ചുകൂടി ശ്രദ്ധകിട്ടുന്ന വിധത്തിൽ ബസ് സ്റ്റോപ്പിൽനിന്നും പുറത്തേക്കിറങ്ങി നിന്നു.
വിജനമായ തെരുവിൽ ബസ് സ്റ്റോപ്പിൽ ഒറ്റക്ക് നിൽക്കുന്ന സ്ത്രീയെക്കണ്ട് ഹാർലി നിർത്തി. ഹെൽമറ്റ് ഉയർത്തി അയാൾ സീനയെ നോക്കി. ‘‘എന്താണ് രാത്രി ഇവിടെ നിൽക്കുന്നത്? you need any help?’’ അയാൾ ചോദിച്ചു.
‘‘നോ സാർ. താങ്ക്സ്. ഐ ആം വെയ്റ്റിങ് മൈ ഹസ്ബൻഡ്.’’ സീന പറഞ്ഞു.
‘‘ഓ. ഒാകെ. ടേക് കെയർ.’’ ഇതും പറഞ്ഞ് അയാൾ വണ്ടി ഓടിച്ചുപോയി.
അതേ ഹൈവേയിൽ സീനയുടെ സ്പോട്ടിൽനിന്നും കുറച്ചു മാറിയാണ് സലിമിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നത്. റോഡിൽ വാഹനങ്ങൾ കുറവാണ്. ഹാർലി ഡേവിഡ്സന്‍റെ ശബ്ദം അടുത്തുവന്നു. പിന്നാലെ ദൂരെനിന്നും വെളിച്ചം തെളിഞ്ഞു. ഒരു പൊലീസുകാരൻ ചുവന്ന ലൈറ്റ് കാണിച്ച് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പൊലീസിന്റെ തൊട്ടടുത്തു വന്ന് അറച്ചശേഷം ഹാർലി വെട്ടിത്തിരിഞ്ഞ് തിരികെ പോയി. റൈഡർ ഒന്നു രണ്ട് തവണ തിരിഞ്ഞ് നോക്കി. അപ്രതീക്ഷിതമായി ബൈക്ക് തിരിഞ്ഞോടുന്നതു കണ്ടപ്പോൾ പൊലീസുകാരൻ റിവോൾവർ വലിച്ചെടുത്തു. പെട്ടെന്ന് സലിം ഇടപെട്ടു. ‘‘വേണ്ട. ചെയ്സ് ഹിം.’’
നാല് പൊലീസുകാർ ഉടൻ രണ്ട് ബുള്ളറ്റുകളിൽ ഹാർലിയെ ചെയ്സ് ചെയ്തു.
പൊലീസ് സ്റ്റേഷൻ വാൾക്ലോക്കിൽ 12 മണി അടിക്കുന്നു. ക്ലോക്കിന് ചുവടെ അർധമയക്കത്തിലിരുന്ന പാറാവുകാരൻ പെട്ടെന്ന് ഞെട്ടിയുണർന്നു. പുറത്ത് നാലഞ്ച് ബൈക്കുകൾ വന്നുനിൽക്കുന്ന ശബ്ദം കേട്ടു. അതിലൊരെണ്ണം ഹാർലിയാണ്. വനിത പൊലീസ് ബിന്ദു ടേബിൾ കലണ്ടറിലെ തീയതി മാറ്റി. ജനുവരി -12.
അമിത് പിന്നിൽനിന്നും തള്ളിയിട്ടപോലെ ലോക്കപ്പിനുള്ളിൽ വന്നു കമിഴ്ന്ന് വീണു. അവൻ തലയുയർത്തി മുകളിലേക്ക് നോക്കി. മുകളിൽ ആകാശമില്ല. ചിലന്തിവല പോലെ ചിതറിയ മച്ച്. പിന്നെ തല തിരിച്ച് വശങ്ങളിലേക്ക് നോക്കി. പുതിയ ലോകം. കിടന്നുകൊണ്ടുള്ള കാഴ്ച. ഓരോരുത്തരുടെയും മുഖങ്ങൾ ഒന്നൊന്നായി അയാൾക്ക് മുന്നിൽ തെളിഞ്ഞുവന്നു. തിരുടൻ ജോണി, കവി, രണ്ട് യുവ മോഷ്ടാക്കൾ. അവരൊക്കെ നിലത്ത് കുത്തിയിരിക്കുകയാണ്. ലോക്കപ്പിന്റെ മൂലയിൽ ഒരാൾ സുഖമായി കിടന്നുറങ്ങുകയാണ്.
അമിത് വീണിടത്തുനിന്നും പതിയെ എഴുന്നേറ്റു. മൂരിനിവർത്തി നേരേ അഴികളിൽ പിടിച്ചുനിന്നു. പുറത്തുനിന്നും ഇരുമ്പഴിക്ക് താഴ് വീണു. ഇരുമ്പഴിയിൽ പിടിച്ച് പുറത്തേക്ക് നോക്കിനിൽക്കുകയാണയാൾ. നിലത്ത് കുത്തിയിരിക്കുന്ന പ്രതികൾ വേഷംകൊണ്ടും ഭാവംകൊണ്ടും തങ്ങളുടെ വർഗത്തിൽപെടാത്ത അമിതിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
ജീവിതത്തിലാദ്യമായി അയാൾ രണ്ട് അഴിവിടവുകൾക്കിടയിലൂടെ ലോകത്തെ കണ്ടു. അത് പുതിയൊരു കാഴ്ചയായിരുന്നു.
അതിനുള്ളിൽ സമയം മാത്രം അനക്കമില്ലാതെ പെറ്റുകിടന്നു.