Begin typing your search above and press return to search.

ലോക്കപ്പ്

ലോക്കപ്പ്
cancel

5. ആ രാത്രിയിൽ ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിലൂടെ ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് സഞ്ചരിച്ച് തിരുവനന്തപുരം നഗരത്തിലെത്തി. കറുത്ത നിറമുള്ള ബൈക്കിന്റെ ഹാൻഡിലിൽ അതിദൂരം സഞ്ചരിച്ചതിന്റെ അടയാളമായി കൊടിതോരണങ്ങൾ തൂക്കിയിരുന്നു. പിൻസീറ്റിൽ ഒരു ട്രാവൽബാഗ് കെട്ടി​െവച്ചിരുന്നു. ഇടറോഡുകളിലും തീരദേശപാതയിലും ഹൈവേയിലും സെക്രട്ടേറിയറ്റിന് മുന്നിലും അത് സഞ്ചരിച്ചുവെങ്കിലും കേശവദാസപുരത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ മാത്രമാണ് അത് നിർത്തിയത്. ഹെൽമറ്റും കറുത്ത ജാക്കറ്റും കറുത്ത ബൂട്ട്സും ധരിച്ച ഒരാജാനുബാഹുവാണ് അത് ഓടിച്ചിരുന്നത്. അയാളുടെ മുഖം അദൃശ്യമായിരുന്നു. റൈഡിന്റെ സുഖം ആസ്വദിച്ചെന്നപോലെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

5.

ആ രാത്രിയിൽ ചെങ്കോട്ട-തിരുവനന്തപുരം അന്തർ സംസ്ഥാന പാതയിലൂടെ ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് സഞ്ചരിച്ച് തിരുവനന്തപുരം നഗരത്തിലെത്തി. കറുത്ത നിറമുള്ള ബൈക്കിന്റെ ഹാൻഡിലിൽ അതിദൂരം സഞ്ചരിച്ചതിന്റെ അടയാളമായി കൊടിതോരണങ്ങൾ തൂക്കിയിരുന്നു. പിൻസീറ്റിൽ ഒരു ട്രാവൽബാഗ് കെട്ടി​െവച്ചിരുന്നു. ഇടറോഡുകളിലും തീരദേശപാതയിലും ഹൈവേയിലും സെക്രട്ടേറിയറ്റിന് മുന്നിലും അത് സഞ്ചരിച്ചുവെങ്കിലും കേശവദാസപുരത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ മാത്രമാണ് അത് നിർത്തിയത്. ഹെൽമറ്റും കറുത്ത ജാക്കറ്റും കറുത്ത ബൂട്ട്സും ധരിച്ച ഒരാജാനുബാഹുവാണ് അത് ഓടിച്ചിരുന്നത്. അയാളുടെ മുഖം അദൃശ്യമായിരുന്നു. റൈഡിന്റെ സുഖം ആസ്വദിച്ചെന്നപോലെ ചിലപ്പോൾ അതിവേഗത്തിലും ചിലപ്പോൾ അതീവ സാവധാനത്തിലും അയാൾ വണ്ടിയോടിച്ചു.

6.

സലിം ഇതുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. അമിത് തനിക്കൊപ്പം ലോക്കപ്പിൽ കഴിയുന്ന മനുഷ്യരെ ഓരോരുത്തരെയായി നോക്കി. ഹണിട്രാപ്പിൽ കുടുങ്ങിവന്ന മനുഷ്യൻ അമിതിനെ നോക്കി ചിരിച്ചു. ‘‘പേരെന്താണ്?’’ അമിത് ചോദിച്ചു. ‘‘സുരാജ്.’’ അയാൾ മറുപടി പറഞ്ഞു. ലോക്കപ്പിനുള്ളിലെ അരണ്ട വെളിച്ചം. നിശ്ശബ്ദത. മുഖത്ത് വസൂരിക്കലയും വടുക്കളുമുള്ള തിരുടൻ ജോണി അപ്പോൾ പുറത്തേക്ക് നോക്കി ഉറക്കെ വിളിച്ചു: സാറേ, എന്റെ ഫോണിങ്ങ് തന്നേ. ഞാനെന്റെ പെണ്ണിനെ ഒന്ന് വിളിച്ച് പറയട്ടെ.

കോൺസ്റ്റബിൾ: ഒന്നടങ്ങിക്കെടേടാ മ@@*&*. നിന്റവള് ഇപ്പം മറ്റവന്റെ കൂടെ കെടക്കുവായിരിക്കും. അവന്റൊരു ഫോൺ.

ജോണി: സാറേ, ഒരുമാതിരി കൊണച്ച വർത്താനം പറയരുത്. ഇതിനകത്ത് കിടക്കുന്നവർക്കും ഉണ്ട് ചില അവകാശങ്ങള്.

കോൺസ്റ്റബിൾ: അവന്റെ ഒരവകാശം.

ജോണി: പൊലീസ് സ്റ്റേഷനും കോടതീം ഒക്കെ കൊറേ നാളായിട്ട് കാണേണ് കേട്ടാ സാറേ.

പൊലീസുകാരൻ മറുപടി പറഞ്ഞില്ല. നിശ്ശബ്ദത. ഇപ്പോൾ അമിത് സുരാജിനോട് ചേർന്നിരുന്നു.

അമിത് (ആംഗ്യ ഭാഷയിൽ): എന്തുപറ്റി?

സുരാജ്: രാത്രിയായേ, കാറോടിച്ച് വരുവാരുന്നേ. അപ്പം ദേ, നിക്കുന്നു ഒറ്റയ്ക്കൊരു തരുണി. വഴിതെറ്റി നിൽക്കുവാണല്ലോ എന്നൊരു സംശയം തോന്നി. ഫ്ലാറ്റിൽ കൊണ്ടാക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു.

അമിത്: ആരുടെ ഫ്ലാറ്റിൽ?

സുരാജ്: നമ്മുടെ തന്നെ. അതാവുമ്പോൾ തൊട്ടടുത്തുതന്നെ ആണേ. താനെങ്ങനാ ഇവിടെത്തിയേ?

അമിത്: ഇടി. ഒരു പൊലീസുകാരനെ ഇടിച്ചു കിടത്തി.

സുരാജ്: ഹയ്യ! താനാള് കൊള്ളാല്ലോ? കൺഗ്രാജുലേഷൻസ് കേട്ടോ. കൊച്ചുന്നാളിലേ ഉള്ള എന്റെ ഒരാശയാ. താൻ കരാട്ടേ ആണോ?

അമിത്: അതെ. ബ്ലാക്ബെൽറ്റ്.

സുരാജ്: അതുപോട്ടെ, അടിച്ചിട്ടുണ്ടോ?

അമിത്: ഇല്ല. പച്ചക്കിരിക്കുന്നു.

സുരാജ്: ആ അതന്നെ. മദ്യം കഴിക്കാൻ പാടില്ല. അത് നമ്മെ മനുഷ്യനല്ലാതാക്കിത്തീർക്കും. ആട്ടെ, എന്താ തന്റെ പണി?

അമിത്: ആർബിട്രേറ്റർ.

സുരാജ്: എന്നുവെച്ചാൽ?

അമിത്: ഈ തർക്കങ്ങളൊക്കെ ഒത്തുതീർപ്പാക്കുന്ന പണിയാ. ഔട്ട് ഓഫ് കോർട്ട് സെറ്റിൽമെന്റ്.

സുരാജ്: ആ അങ്ങനെ പറ. നമ്മടെ നാട്ടില് ഒരു മണിയൻ മെംബർ ഉണ്ടാർന്നു. അവിഹിതഗർഭം തൊട്ട് ഇരട്ടക്കൊലപാതകം വരെ ഒത്തുതീർപ്പാക്കും. അതിര് തർക്കം ഒക്കെ ആൾക്ക് പുല്ലാ. അതുപോട്ടെ തന്റെ കേസൊക്കെ വെറും ചീള്. തന്റെ ലുക്ക് കണ്ടപ്പ ഞാൻ കരുതി വല്ല ഡ്രഗ്സ് കേസെങ്ങാനും ആയിരിക്കുമെന്ന്.

സുരാജ് ചിരിച്ചു. എന്നിട്ട് മൂലയിൽ കിടന്നുറങ്ങുന്ന ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു. അറിയാമോ, ഭാര്യയെ കൊന്നിട്ട് കിടക്കുവാണ്. അമിത് അവനെ നോക്കി. ചുരുണ്ടു കൂടിക്കിടക്കുന്ന ഒരശു. ചാനലൊന്നും കാണാറില്ല. അല്ലിയോ? ഈ നാട്ടുകാരനല്ലേ താൻ.

ഞാൻ മുംബൈയിലാ.

ആ. അതാണ് കഞ്ചാവ് ലുക്ക്. അവിടെ ഇപ്പോഴും കാമാത്തിപുരയൊക്കെ ഉണ്ടോ? ഉണ്ടാവാതിരിക്കാൻ പറ്റുമോ? ഇതില്ലാതെ മനുഷ്യന് ഒര് എന്‍റർടെയ്ൻമെന്റ് വേണ്ടേ?

എന്നിട്ടയാൾ കവിയുടെ നേർക്ക് തിരിഞ്ഞു. അമിത് ചെറുപ്പക്കാരന്റെ അടുത്തേക്ക് നീങ്ങിയിരുന്നു. നീങ്ങിയപ്പോഴാണറിഞ്ഞത്, വെട്ടിച്ചോടിയതിന്റെ ദേഷ്യത്തിൽ പിടിവീണ ഉടനെ പൊലീസുകാർ മുതുകത്തും വാരിയെല്ലും നോക്കി നാലഞ്ച് ഇടി ഇടിച്ചിരുന്നു. അപ്പോഴത്തെ ത്രില്ലിൽ അതറിഞ്ഞില്ല. എന്നാലിപ്പോൾ അവിടവിടെയായി നല്ല വേദന തോന്നുന്നുണ്ട്.

പേരെന്താണ്? അമിത് ചോദിച്ചു. അവനത് ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നു. വീണ്ടും ചോദിച്ചപ്പോൾ ബുദ്ധിമുട്ടോടെ അവൻ പറഞ്ഞു: അൻവർ.

അവന് ഒരു കൊലപാതകിയാവാനുള്ള രൂപഭാവങ്ങളോ ആരോഗ്യമോ ഉണ്ടായിരുന്നില്ല. കണ്ണുകൾക്കാണെങ്കിൽ നിഷ്കളങ്ക ഭാവവും.

എന്തുപറ്റി? അമിത് ചോദിച്ചു. അവൻ കുറേനേരം കൂടി മിണ്ടാതിരുന്നു. പിന്നെ നാലുപാടും നോക്കിയ ശേഷം ഒച്ച താഴ്ത്തി സംസാരിക്കാൻ തുടങ്ങി: സാർ, പ്രണയിച്ചാണ് ഞാൻ കല്യാണം കഴിച്ചത്. എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു അവളെ. ആയവൾ ഇന്നലെ ഉച്ചക്ക് അപ്രതീക്ഷിതമായി ഞാൻ വീട്ടിൽ വന്നുകേറുമ്പോൾ അയലത്തെ പയ്യനോടൊപ്പം... അവൻ ഒന്നുനിർത്തി ഗദ്ഗദത്തോടെ തുടർന്നു, ‘‘സാർ അവളായിരുന്നു സാർ മുകളിൽ. അവൾ കീഴെയായിരുന്നെങ്കിൽപോലും ഞാൻ ക്ഷമിക്കുമായിരുന്നു സാർ.’’ അമിത് അറിയാതെ പൊട്ടിച്ചിരിച്ചു പോയി. അതുകേട്ട് ഒരു പൊലീസുകാരൻ ലോക്കപ്പിൽ വന്ന് എത്തിനോക്കി: എന്ത് തായളീ ചിരിക്കണ? അതിന്റകത്തെന്ത് മിമിക്സ് പരേഡാ എന്ന് ചോദിച്ചു. അമിത് വാ പൊത്തി നിശ്ശബ്ദനായി ഇരുന്നു.

അമിത് ചുറ്റുപാടും നോക്കി. നാലഞ്ചു പേർ നിലത്ത് കുത്തിയിരിക്കുന്നു. പെട്ടെന്ന് മയക്കത്തിൽനിന്നും ചാടിയെണീറ്റ കവി ചുറ്റുപാടും നോക്കി. അയാൾക്ക് വെളിപാട് വന്നു. തികച്ചും പരിചിതമായ ലോകത്തെന്നപോലെ അയാൾ കവിത പാടാൻ തുടങ്ങി. സുരാജ് കവിതക്ക് താളമിട്ടു കൊടുത്തു.

ആരൊരാളെൻ കുതിരയെ കെട്ടുവാൻ.

അമിത്: നല്ല മൂഡിലാണല്ലോ.

സുരാജ്: ആരാ? എവിടുന്നാ?

കവി: ഞാൻ കവി.

സുരാജ്: എന്താ പ്രശ്നം?

കവി: പ്രശ്നം എന്താന്ന് ചോദിച്ചാൽ. നോക്കൂ സമയം ഘനീഭവിച്ച് കിടക്കുന്ന തമോഗർത്തങ്ങളാണ് ഈ ലോക്കപ്പുകൾ.

അമിത്: സൂപ്പർ ഡയലോഗ്. ചേട്ടൻ ഇതൊരു നോവലിന്റെ ഇടയിൽ എഴുതിക്കയറ്റണം. കാലങ്ങളോളം പ്രതികളിത് പറഞ്ഞും പാടിയും നടക്കും.

ജോണി: ചേട്ടൻ, ആദ്യം ഇവിടന്ന് എങ്ങനെ രക്ഷപ്പെടാൻ പറ്റുമെന്ന് നോക്ക്.

കവി: എന്നെ രക്ഷപ്പെടുത്താനുള്ളവൻ പുറപ്പെട്ടു കഴിഞ്ഞു.

ജോണി: ആര് യേശുവോ?

കവി: അല്ല. സഹൃദയനായ സി.ഐ സലിം. എന്റെ സ്വന്തം ഗായകൻ. അവൻ വരും. അവൻ വേഗം വരും.

കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റേഷൻ മുറ്റത്ത് പൊലീസ് ജീപ്പ് വന്നുനിന്നു. അതിൽനിന്നും ആൺകുട്ടിയെയും പെൺകുട്ടിയെയും പുറത്തിറക്കി. വളരെ അലസമായിട്ടാണ് അവരുടെ നടപ്പും ഭാവവും. അവർ അകത്തു കയറിയതും വനിത പൊലീസ് ബിന്ദു ചോദിച്ചു: റെയ്ഡ് ചെയ്ത് പൊക്കിയതാണോ സാറേ.

കോൺസ്റ്റബിൾ: ഏയ്, നടുറോഡീന്ന് തൂക്കിയതാ.

അതിന് പ്രതികരിച്ചത് ലോക്കപ്പിനുള്ളിൽനിന്ന് സുരാജാണ്: വന്നു വന്നിപ്പം നടുറോഡിലൊക്കെയായി കാര്യങ്ങൾ.

ബിന്ദു: അകത്തോട്ട് ചെല്ലെടീ.

പെൺകുട്ടി: ചേച്ചീ, മാന്യമായിട്ട് സംസാരിച്ചാ മതി.

ഇരുവരും അകത്തേക്ക് നടന്നു. അകത്തുനിന്നും ഗ്രേഡ് എസ്.ഐ ഫെർണാണ്ടസ് ഇറങ്ങിവന്ന് കസേരയിൽ ഇരുന്നു.

ഫെർണാണ്ടസ്: എന്താടാ പരിപാടി?

പെൺകുട്ടി: എന്താ?

ഫെർണാണ്ടസ്: അർധരാത്രി രണ്ടാളുംകൂടി എന്താ പരിപാടി എന്നാണ് ചോദിച്ചത്.

ആൺകുട്ടി: ഒരു പരിപാടിയും ഇല്ല. ഞങ്ങൾ സെക്കൻഡ് ഷോ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു.

ഫെർണാണ്ടസ്: നിന്റെ അച്ഛന്റെ ഫോൺനമ്പർ പറ.

പെൺകുട്ടി: എന്തിന്?

ഫെർണാണ്ടസ്: അപ്പൻ വന്നിട്ട് പോവാം. ഉണ്ടാക്കിവിട്ടാൽ പോരല്ലോ. എങ്ങനെ നടക്കുന്നെന്നുകൂടി തന്തമാർ അറിഞ്ഞിരിക്കണ്ടേ?

പെൺകുട്ടി: തൽക്കാലം ഞങ്ങട പേരിൽ വല്ല കുറ്റവും ഉണ്ടെങ്കിൽ ഞങ്ങളെ കോടതിയിൽ കൊണ്ടുപൊയ്ക്കോളൂ. അത്യാവശ്യം വോട്ടിടാനുള്ള പ്രായമൊക്കെ കഴിഞ്ഞു. അച്ഛനെ വേണമെങ്കിൽ ഞാൻ വിളിച്ചുതരാം.

പെൺകുട്ടി ഫോൺ ഡയൽ ചെയ്ത് അച്ഛനെ വിളിച്ചു.

പെൺകുട്ടി: അച്ഛാ, ഞാനിവിടെ പൊലീസ് സ്റ്റേഷനീന്നാ.

അച്ഛൻ: കൂടെ ആരാ?

പെൺകുട്ടി: സുനൈഫ്.

അച്ഛൻ: ഹ... ഹ... ഇതിപ്പം ലൗ ജിഹാദായിരിക്കും ചാർജ് അല്ലേ? നിങ്ങൾ ഫുഡൊക്കെ കഴിച്ചോ?

പെൺകുട്ടി: കഴിച്ചു.

അച്ഛൻ: നീയാ എസ്.ഐടെ കയ്യിൽ ഫോൺ കൊടുക്ക്.

പെൺകുട്ടി ഫെർണാണ്ടസിന് ഫോൺ കൈമാറി.

അച്ഛൻ: എന്താ സാറേ പ്രശ്നം?

ഫെർണാണ്ടസ്: അവർ അർധരാത്രി എം.ജി റോഡിലൂടെ നടന്നുവന്നു.

അച്ഛൻ: അർധരാത്രി എം.ജി റോഡിലൂടെ നടന്നുവരുന്നത് ഏത് വകുപ്പിലാണ് കുറ്റകൃത്യമാവുന്നത്?

ഫെർണാണ്ടസ്: തന്ത തന്നെ മക്കൾക്ക് വളംവെച്ചു കൊടുത്തോ. ഏവനെങ്കിലും കേറി നെരങ്ങിയിട്ട് അവസാനം പൊലീസിന്റെ അടുത്തു തന്നെ വരും. ഓർത്താൽ കൊള്ളാം.

അച്ഛൻ: അങ്ങനെ ആരും നിരങ്ങാതെ ക്രമസമാധാനം ഉറപ്പിക്കാനാണ് ഞങ്ങൾ, അതായത് ഈ നാട്ടിലെ ടാക്സ് പെയേഴ്സ് ശമ്പളം തന്ന് നിങ്ങളെ വച്ചിരിക്കുന്നത്.

ഫെർണാണ്ടസ്: താൻ വന്ന് തന്റെ മോളേം വിളിച്ചോണ്ട് പൊയ്ക്കോ.

അച്ഛൻ: തൽക്കാലം വരാൻ മനസ്സില്ല. അവരെ സ്വന്തം ജാമ്യത്തിൽ വിട്ടോ. അല്ലെങ്കിൽ താൻ പിടിച്ച് ജയിലിലിട്ടോ. അപ്പം ഞാൻ നോക്കിക്കോളാം.

അച്ഛൻ ഫോൺ കട്ട് ചെയ്തു.

സർക്കിൾ ഇൻസ്പെക്ടറുടെ ജീപ്പ് വന്നുനിന്നു. സലിം ജീപ്പിൽ നിന്നിറങ്ങി. പാറാവുകാരൻ അയാളെ സല്യൂട്ട് ചെയ്തു. പിൻഡോർ തുറന്ന് ഒരു ഫ്രീക്കനെ പൊലീസുകാർ പുറത്തിറക്കി. അകത്തേക്ക് നടക്കുന്നതിനിടയിൽ സൈഡിൽ ഒതുക്കിെവച്ചിരുന്ന ഹാർലി ഡേവിഡ്സൺ കണ്ട് അവനതിൽ ആകൃഷ്ടനായി ഒരു നിമിഷം നിന്നു. അതിൽ ഒന്ന് തൊട്ടു. ഇപ്പോൾ കോൺസ്റ്റബിൾ സനൽ അവിടേക്ക് വന്നു.

സനൽ: സൂപ്പർ. ജോയി സാറെ, ഇതിൽ കേറിയിരുന്ന് ഞാനൊരു സെൽഫി എടുത്തോട്ടെ.

അയാൾ ബൈക്കിൽ കയറിയിരുന്ന് സെൽഫി എടുത്തു. സ്റ്റേഷനകത്തേക്ക് കയറിയ സലിം ആദ്യം കണ്ടത് സുനൈഫിനെയും നിയയെയും ആയിരുന്നു.

സലിം: എന്താ, എന്താ ഇവരുടെ കേസ്?

ഫെർണാണ്ടസ്: ഇവർ അർധരാത്രി…

സലിം: അർധരാത്രി?

ഫെർണാണ്ടസ്: എം.ജി റോഡിലൂടെ നടന്നുവന്നു.

സലിം: അതിന്?

ഫെർണാണ്ടസ്: ഒന്നുമില്ല സാർ, കോംബിങ്ങിനിടയിൽ പിടിച്ചുകൊണ്ട് വന്നതാ.

നിയ: സാറേ, സാറ്, സി.ഐ സലിം അല്ലേ?

സലിം: ആ, അതെ.

സുനൈഫ്: സാറ് ഇന്നലെ അപ് ലോഡ് ചെയ്ത പാട്ട് സൂപ്പറായിരുന്നു.

സലിം: ആഹാ! നിങ്ങളിപ്പം എവിടന്ന് വരുവാ.

നിയ: ഞങ്ങൾ സെക്കൻഡ് ഷോ കണ്ടിട്ട് മടങ്ങിപ്പോകുവാരുന്നു സാർ.

സലിം: ഏതാരുന്നു പടം?

സുനൈഫ്: വിജയിന്റെ…

സലിം: സൂപ്പറാരുന്നല്ലേ.

നിയ: ആ സാർ.

സലിം: ഇവരെ ഹോസ്റ്റലിൽ കൊണ്ടുപോയാക്കൂ.

സുനൈഫ്: വേണ്ട സാർ, അടുത്തല്ലേ, ഞങ്ങൾ നടന്നോളാം.

സലിം: വാർത്തകളൊക്കെ കാണുന്നുണ്ടല്ലോ അല്ലേ, പൊലീസിന് എപ്പോഴും എല്ലായിടത്തും എത്താൻ പറ്റിയെന്നു വരില്ല കേട്ടോ.

ഇരുവരും സലിമിന് നന്ദിപറഞ്ഞ് പുറത്തിറങ്ങി.

സലിം: ടേക് കെയർ.

അവർ പുറത്തേക്ക് പോകുന്നതു നോക്കി ഫെർണാണ്ടസ് പിറുപിറുത്തു.

ഈ സമയം ലോക്കപ്പിനുള്ളിൽ സുരാജ് പ്രഭാഷണം ആരംഭിച്ചിരുന്നു: കുലമഹിമ നിലനിൽക്കുന്നത് സ്ത്രീയിലൂടെയാണ്. സ്ത്രീ പിഴച്ചാൽ കുലം പിഴക്കും. കുലം പിഴച്ചാൽ ദേശവും ദേശം പിഴച്ചാൽ രാഷ്ട്രവും നശിക്കും. അതുകൊണ്ട് കുലസ്ത്രീകൾക്ക് ഭക്ഷണത്തെക്കാൾ പ്രധാനം ചാരിത്ര്യമാണ്.

വലിയ വിലയേറിയ വിജ്ഞാനമാണ്. അമിത് ചിരിച്ചു.

ആ സമയം നഗരത്തിന്റെ മറ്റൊരു കോണിൽ രാത്രിയിലും പ്രവർത്തിക്കുന്ന ക്ലബിൽ രണ്ട് മധ്യവയസ്കർ മദ്യപിച്ചുകൊണ്ടിരുന്നു. അതിൽ ഒരാൾ നിയയുടെ പിതാവ് സേവ്യർ എന്ന ഷെയർ ട്രേഡർ ആയിരുന്നു. ബുൾഗാൻ താടിയും കഴുത്തിൽ ഷാളും ധരിച്ചിരുന്ന അയാൾക്ക് അർബൻ ബുദ്ധിജീവിയുടെ ലുക്ക്. അയാളുടെ കൈയിൽ ബിസിനസ് മാഗസിൻ. മേശയിൽ പകുതി നിറഞ്ഞ വിസ്കി ഗ്ലാസുകൾ. അവർക്കെതിരെയുള്ള ടേബിളിൽ പിൻതിരിഞ്ഞിരിക്കുന്ന ഒരു സ്ത്രീയെയും കാണാം. കറുത്ത പർദ ധരിച്ചിരിക്കുന്ന ഈ സ്ത്രീ തന്നെയാവണം പകൽ കോളജിൽ ഫങ്ഷൻ നടക്കുമ്പോൾ ഹാളിന്റെ പിൻനിരയിൽ ഇരുന്നിരുന്നത്. ഈ സമയത്താണ് സേവ്യറിനെ നിയ പൊലീസ് സ്റ്റേഷനിൽനിന്നും വിളിച്ചത്. കോൾ കട്ടാക്കിയ ശേഷം അയാൾ അൽപനേരം നിശ്ശബ്ദനായി ഇരുന്നു.

സംഭാഷണം ശ്രദ്ധിക്കുകയായിരുന്ന സുഹൃത്ത് ചോദിച്ചു: എന്താടോ?

സേവ്യർ: നതിങ്. മോളും അവളുടെ ഫ്രണ്ടും എം.ജി റോഡിലൂടെ നടക്കുമ്പോൾ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി.

സുഹൃത്ത്: എനിതിങ് റോങ്?

സേവ്യർ: നതിങ്. അവർ ഫ്രണ്ട്സാ. ഇനി അല്ലെങ്കിൽത്തന്നെ ഇതിൽ എന്ത് ക്രമസമാധാന പ്രശ്നമാണുള്ളത്. എടോ. ഏത് അർധരാത്രിയിലും ഏത് ദുർബലയായ സ്ത്രീക്കും സ്വതന്ത്രമായി നടക്കാൻ കഴിയുന്നതാവണം നമ്മുടെ നഗരങ്ങൾ. നമ്മളൊക്കെ ഒരുപാട് ലോകം കണ്ടതല്ലേ?

സുഹൃത്ത്: അതിന് നാലഞ്ച് നൂറ്റാണ്ടുകൂടി വേണ്ടിവരും.

സേവ്യർ: അങ്ങനെ ഒരു സാഹചര്യം ഒരുക്കുക എന്നുള്ളതാണ് പൊലീസിന്റെ ജോലി. സീ, നമ്മൾ ഈ സമയത്ത് ഇവിടെ വന്നിരുന്ന് മദ്യപിക്കുന്നു. ഈ സ്വാതന്ത്ര്യം, സുരക്ഷാബോധം എന്റെ മകൾക്കുകൂടി കിട്ടുമ്പോഴാണ് ഈ നഗരം സിവിലൈസ്ഡ് ആവുന്നത്. ആ, നിന്റെ കൈയിൽ ജസ്റ്റിസ് ചന്ദ്രസേനന്റെ നമ്പരുണ്ടോ?’’

സുഹൃത്ത്: ഉണ്ട്. അയാളിപ്പോൾ മനുഷ്യാവകാശ കമീഷനിലല്ലേ?

സേവ്യർ: ആ അതിന്റെ ചെയർമാനാണ്. സാറെ ഒന്നുവിളിച്ച് പറഞ്ഞേക്കാം. അറിഞ്ഞിരിക്കട്ടെ കാര്യങ്ങൾ.

സുഹൃത്ത്: നയൻ ഫോർ...

സേവ്യർ അത് മൊബൈലിൽ ഡയൽചെയ്തു. പർദയണിഞ്ഞ സ്ത്രീ അവരുടെ സംഭാഷണം കാതുകൂർത്ത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതേസമയം തന്നെ ആ സ്ത്രീയും നമ്പർ ഡയൽ ചെയ്തു. ഇപ്പോൾ സേവ്യറിന് വീണ്ടും മകളുടെ ഫോൺ വന്നു.

നിയ: അച്ഛാ, വീ റീച്ഡ് ഹോസ്റ്റൽ.

സേവ്യർ: ഒാകെ. ഡിയർ. ടേക് കെയർ. അയാൾ ഫോൺ കട്ട് ചെയ്തു.

സുഹൃത്ത്: ഇനിയിപ്പം ജസ്റ്റിസിനെ വിളിക്കണ്ടല്ലോ. അർധരാത്രി കഴിഞ്ഞില്ലേ?

സേവ്യർ: വേണ്ടല്ലേ?

സുഹൃത്ത്: സംഗതി വേറൊന്നുണ്ട്. രാത്രി കോംബിനേഷൻ ഒത്ത ഒരാണിനെയും പെണ്ണിനെയും ഒത്തുകിട്ടിയാൽ വേണമെങ്കിൽ നമ്മുടെ പൊലീസുകാർ അവരെ പിടിച്ച് തീവ്രവാദിപോലും ആക്കും. ഏറ്റുമുട്ടൽ കൊല നടത്തി തട്ടിക്കളയും.

സേവ്യർ: ഏയ്... കേരളത്തിലെ പൊലീസ് അത്രക്കും ചീപ്പല്ല.

 

ഇരുവരും മദ്യപാനം തുടർന്നു.

ആ സ്ത്രീ പെട്ടെന്ന് പുറത്തിറങ്ങി. ഗാർഡന്റെ മൂലയിൽ വന്നുനിന്ന് ഫോണിൽ ജസ്റ്റിസ് ചന്ദ്രസേനനെ ഡയൽ ചെയ്തു. രണ്ട് റിങ് കഴിഞ്ഞാണ് അയാൾ ഫോൺ എടുത്തത്.

സ്ത്രീ: ജസ്റ്റിസ് ചന്ദ്രസേനൻ സാറല്ലേ?

ജസ്റ്റിസ്: അതെ. എന്താണീ അർധരാത്രി? ഇപ്പോൾ സമയമെത്രയായി എന്നറിയാമോ?

സ്ത്രീ: സാർ, ഇവിടുത്തെ പൊലീസ് സ്റ്റേഷനെ കുറിച്ചുള്ള ഒരു പരാതി പറയാനാണ്.

ജസ്റ്റിസ്: പൊലീസുകാരെക്കൊണ്ട് പൊറുതിമുട്ടി. അത് പകലല്ലേ പറയേണ്ടത്. എന്താണ് പരാതി? പറഞ്ഞോളൂ.

സ്ത്രീ: സാർ, ജനമൈത്രി എന്ന് ബോർഡ് വെച്ച ആ സ്റ്റേഷനിൽ ഞാൻ എന്റെ മകളെ ഇറക്കിക്കൊണ്ടുവരാൻ പോയി. രാത്രിയിൽ എം.ജി റോഡിലൂടെ നടന്നു എന്നതായിരുന്നു അവർ ചെയ്ത പാതകം. ലോകം മാറിയത് തിരിയാത്ത, മനുഷ്യന് അവകാശങ്ങളുണ്ടെന്നറിയാത്ത ഒരുകൂട്ടം പൊലീസുകാർ. ക്രിമിനലുകൾ. ലോക്കപ്പിൽ ഏഴെട്ടു പേർ ഉടുവസ്ത്രമില്ലാതെ കിടക്കുവാണ്. ഒരു വ്യവസ്ഥയുമില്ലാത്ത സ്റ്റേഷൻ. സാർ നടപടിയെടുക്കണം.

ജസ്റ്റിസ്: ഞാൻ പരിശോധിച്ച് വേണ്ടത് ചെയ്തോളാം.

സ്ത്രീ: അതു പോരാ സാർ. അങ്ങ് ഇപ്പോൾ ഒരു സർപ്രൈസ് ചെക്ക് നടത്തുകയാണെങ്കിൽ അത് ചരിത്രമാവും സാർ.

ജസ്റ്റിസ്: ഈ രാത്രിയിലോ?

സ്ത്രീ: അതാണ് സാർ. അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുന്നുണ്ട്, എന്നല്ലേ? മാത്രമല്ല, നാളെ സോഷ്യൽ മീഡിയ ഇത് ആഘോഷമാക്കി മാറ്റുകയും ചെയ്യും.

സ്ത്രീ ഫോൺ കട്ട് ചെയ്ത് പുറത്തേക്കിറങ്ങി. ഇപ്പോൾ ദൂരെനിന്നും ഹാർലി ഡേവിഡ്സന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. അവൾ തന്റെ കാറിന്റെ അടുത്ത് വന്ന് നിന്നു. പിന്നാലെ ഹെഡ് ലൈറ്റ്. മിന്നൽവേഗത്തിൽ ബൈക്ക് അവളെ കടന്നുപോയി.

ക്ലോക്കിൽ ഒരുമണി അടിക്കുന്ന ശബ്ദം. ലോക്കപ്പിലുള്ളവർ പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി. ശബ്ദത്തിലൂടെയാണ് ലോക്കപ്പിലുള്ളവർ ലോകത്തെ അറിയുന്നത്. മണിശബ്ദത്തിനൊപ്പം തന്നെ അടിയുടെ ശബ്ദവും മുഴങ്ങി. ലോക്കപ്പിന്റെ ഗ്രിൽ വാതിൽ തുറന്നു. വെട്ടിയിട്ടതുപോലെ ലോക്കപ്പിനുള്ളിലേക്ക് ഒരു ഫ്രീക്കൻ വന്നുവീണു. അവൻ അകത്തുവരുമ്പോൾ കള്ളൻ ജോണി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു. തുരുതുരാ ഉമ്മ ​െവച്ചു.

ജോണി: എത്ര നാളായെടാ കണ്ടിട്ട്?

ഫ്രീക്കൻ: ഞാൻ പുറത്താവുമ്പം നീ അകത്ത്. നീ പുറത്താവുമ്പം ഞാൻ അകത്ത്.

ജോണി: നമ്മളൊക്കെ ഒരു കുടുംബംപോലെ കഴിഞ്ഞതാ. ആ, ഇപ്പോ ഓരോരുത്തനും ഓരോ വഴിക്കായി. എങ്ങനെ? വർക്കൊക്കെ ഉണ്ടോ?

ഫ്രീക്കൻ: ആ തട്ടിമുട്ടി പോകുന്നു.

സുരേഷ് എന്ന കള്ളന്റെ അടുത്താണ് അമിത് ഇരിക്കുന്നത്. അവൻ അമിതിന്റെ കാതിൽ പറഞ്ഞു: അവനാണ് കള്ളൻ പവിത്രൻ. യഥാർഥ പേര് സുനി. അമ്പലവിഗ്രഹം ആണ് പ്രധാനം. അവന് പിന്നാലെ വന്നുകയറിയത് മയക്ക് റാസി.

അമിത്: ഓഹോ! നിന്‍റെ കേസെന്നാ?

സുരേഷ്: കുത്ത്.

അമിത്: ആരെ?

സുരേഷ്: എന്‍റെ പഴയ മാഷെ.

അമിത്: അയ്യോ! അതെന്തിന്?

സുരേഷ്: എട്ടാം ക്ലാസിൽ വെച്ചുള്ള ഒരു പ്രശ്നം. ഇയാളെന്നെ മേശയുടെ മേലെ കേറ്റി നിർത്തി ചൂരല് വടികൊണ്ട് ചന്തിക്കടിച്ചു. അങ്ങനെ ചെയ്യുന്നത് ശര്യാണോ?

ഒരിക്കലുമല്ല. സുരാജാണ് മറുപടി പറഞ്ഞത്.

സുരേഷ്: ഞാൻ അന്ന് കണക്കുകൂട്ടി വെച്ചതാ. ഇന്നുച്ചക്ക് ബിവറേജസിന്റെ മിറ്റത്തു െവച്ച് കൈവാക്കിന് കിട്ടി.

അമിത്: എന്നിട്ട്?

സുരേഷ്: പിച്ചാത്തിയെടുത്ത് ചന്തിക്കിട്ടൊരു കീറ് കൊടുത്തു. എന്നിട്ട് ചോദിച്ചു ഓർമയുണ്ടോ? എന്ന്.

സുരാജ്: എന്നിട്ട്?

സുരേഷ്: ഓർമയുണ്ടെന്ന് പറഞ്ഞു. അത്രതന്നെ.

സലിമിന്റെ വിശ്വസ്തനായ കോൺസ്റ്റബിളാണ് സനൽ. എത്ര സംഘർഷഭരിതമായ സാഹചര്യത്തിലും അയാൾ മാന്യതവിട്ട് പെരുമാറാറില്ല. സലിം അയാളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി.

സലിം: പുതിയ കേസ് വല്ലതും ഉണ്ടോ?

സനൽ: ഉണ്ട് സാർ. ഹാർലി ഡേവിഡ്സണിൽ പൊലീസ് ചെക്കിങ് വെട്ടിച്ചു പോയ ഒരുത്തൻ. അകത്തുണ്ട്.

സലിം: അതവിട നിൽക്കട്ടെ. വേറെ?

സനൽ: ഒരു കുത്ത് കേസ്, പിന്നെ തിരുടൻ ജോണി. ബാക്കി യൂഷ്വൽ കേസുകളാണ് സാർ.

സലിം: ശരി. ഞാനൊന്നു ഉറങ്ങട്ടെ. വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ എന്നെ വിളിക്കാവൂ.

സനൽ: സാർ.

സലിം കസേരയിൽനിന്നും എഴുന്നേറ്റ് സ്റ്റെയർകേസ് കേറി മുകളിലത്തെ നിലയിലേക്ക് പോയി. അവിടെയാണ് അയാളുടെ വിശ്രമമുറി. അപ്പോൾ ലോക്കപ്പിനുള്ളിൽനിന്നും ജോണിയുടെ ശബ്ദം കേട്ടു.

ജോണി: സാറേ, മര്യാദക്ക് എ​െന്റ ഫോൺ താ. ഞാൻ പണി തരും.

ഫെർണാണ്ടസ്: നീ എന്തു പണി തരാനാടാ?

ജോണി: ഞാൻ ഇതിന്റകത്ത് കെട്ടിത്തൂങ്ങി ചാവും.

ജോണിയുടെ ഭീഷണി കേട്ട് സലിം നടത്തം നിർത്തി. അയാൾ ഫെർണാണ്ടസിനെ വിളിച്ചു: എടോ, അവന്റെ ഡ്രസൊക്കെ അഴിച്ച് വാങ്ങിയേക്ക്. വെറുതെ പണി ഉണ്ടാക്കണ്ട.

സലിം മുകളിലേക്ക് പോയി. ഫെർണാണ്ടസിന് കലിയിളകി. അയാൾ ലോക്കപ്പ് തുറന്ന് അകത്ത് കടന്നു.

ഫെർണാണ്ടസ്: ഇവിടെ പാവപ്പെട്ട പൊലീസുകാർ നടുറോഡിൽനിന്നും ഓരോരോ കേസുകള് പൊക്കിക്കൊണ്ട് വരുമ്പം... എഴുന്നേക്കെടാ... മോനേ.

പ്രതികൾ എല്ലാവരും എണീറ്റു. അമിത് മാത്രം ഇരിപ്പിൽ നിന്നനങ്ങിയില്ല.

ഫെർണാണ്ടസ്: നിനക്കെന്താടാ മൂലക്കുരുവോ? ഷർട്ടൂര്. ഷർട്ടൂരെടാ.

അമിത് എണീറ്റ് ഷർട്ട് ഊരി നിന്നു. ഓരോരുത്തരെയായി ഫെർണാണ്ടസ് കവാലത്തിൽ അടിക്കാൻ തുടങ്ങി. ജോണിയെ തല്ലാൻ കൈയോങ്ങിയതേയുള്ളൂ. അവൻ രൂക്ഷമായി അയാളെ നോക്കി. ഫെർണാണ്ടസ് ഉയർത്തിയ കൈ പതിയെ താഴ്ത്തി.

ഫെർണാണ്ടസ്: നിന്നെയൊന്നും തല്ലീട്ട് ഒരു കാര്യവുമില്ല.

അമിത് ഇതുകണ്ട് അത്ഭുതപ്പെട്ടുപോയി. ലോക്കപ്പിനുള്ളിൽപോലും തരംതിരിവ്. ഓരോന്ന് സംസാരിച്ചുകൊണ്ടാണ് അയാൾ അടിക്കുന്നത്.

ഫെർണാണ്ടസ്: ഇടിക്കുന്നവന്റെ ബുദ്ധിമുട്ടുകളെപ്പറ്റി ഇവിടെ ഒരുത്തനും അറിയണ്ട. നമ്മുടെ ദേഹത്ത് പറ്റുന്ന ഇവമ്മാരുടെ വൃത്തികെട്ട ചോരയും വിയർപ്പും കഴുവാൻ നമ്മൾതന്നെ വേണം. ആരോട് പറയാൻ, ആര് കേൾക്കാൻ.

അമിത് പതുക്കെ പിറുപിറുത്തു: ജനമൈത്രി പൊലീസ് സ്റ്റേഷൻ.

ഫെർണാണ്ടസ്: എന്താടാ പറഞ്ഞത്?

അമിത്: അല്ല. നല്ല ജനമൈത്രി പൊലീസ് സ്റ്റേഷൻ എന്ന്.

ഫെർണാണ്ടസ് അടിക്കാനായി കൈയോങ്ങി. പിന്നെ എന്തോ ചിന്തിച്ച് കൈ പിൻവലിച്ചു. അതിനുശേഷം അയാൾ സുരാജിനെ എഴുന്നേൽപിച്ചു.

ഫെർണാണ്ടസ്: ഷർട്ടൂരെടോ.

അയാൾ ഷർട്ടൂരി. ഫെർണാണ്ടസ് അടിക്കാൻ ഓങ്ങുന്ന കൈ അങ്ങനെ വായുവിൽ നിശ്ചലമായി. നെഞ്ചും ഉദരവും ചുറ്റി അയാളുടെ പൂണൂൽ കിടന്നു. ഫെർണാണ്ടസ് ധൃതിയിൽ പുറത്തിറങ്ങി. ‘‘ആ പുള്ളാരെ വെറുതെ പറഞ്ഞുവിട്ടതിന്റെ കലിപ്പാണ് ഫെർണാണ്ടസ് സാറിന്.’’ ജോണി പറഞ്ഞു.

ഫെർണാണ്ടസ് സലിമിന്റെ മുറിയിൽ കടന്നുചെന്നു. ഒരു കട്ടിലും മേശയും കസേരയും മാത്രമുള്ള റൂം. ചുവരിൽ പ്രശസ്തരായ സംഗീതജ്ഞരുടെ ചിത്രങ്ങൾ. ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു അയാൾ. ഫെർണാണ്ടസ് അരികിലെത്തി സലിമിനോട് നമ്പൂതിരിയെ കുറിച്ച് പറഞ്ഞു. സലിം ഒരു നിമിഷം ചിന്തയിലാഴ്ന്നു.

സലിം: ആണോ? എന്നാൽ അയാളെ വിളിക്ക്. സലിം താഴേക്കിറങ്ങി. ഫെർണാണ്ടസ്, നമ്പൂതിരിയെയും കൂട്ടി സലിമിന്റെ മുറിയിൽ വന്നു.

സലിം: ഇരുന്നാട്ടെ.

സുരാജ്: സന്തോഷം.

സലിം: ആക്ച്വലി എന്താ സംഭവിച്ചത്?

സുരാജ്: സത്യത്തിൽ, ഞാനും അതുതന്നെയാ ചിന്തിക്കുന്നെ. എന്താ സംഭവിച്ചെ?

സലിം: അതാണ്. അങ്ങനെ സംഭവിക്കാൻ വഴിയില്ലല്ലോ.

സുരാജ്: അതാന്നേ, അങ്ങനെ സംഭവിക്കാൻ വഴിയില്ലെന്നേ. ഇതിപ്പം മറ്റെന്തോ സംഭവിച്ചിട്ടുണ്ടാവും.

സലിം: ആ. അതാണ്. അല്ലാതെ ഇങ്ങനെ വരാൻ വഴിയില്ല. തിരുമേനീട കുടുംബക്ഷേത്രവും ഞങ്ങളുടെ കുടുംബവും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധമാണ്.

സുരാജ്: അതാണ്. ഉത്സവത്തിന് എഴുന്നള്ളുന്ന ആനക്ക് തിന്നാനുള്ള വാഴക്കുലേടെ അവകാശം അടുത്തകാലം വരെ അവിടെ ആയിരുന്നല്ലോ. ആ.

സലിം: ഫെർണാണ്ടസേ, തിരുമേനിയെ ഫ്ലാറ്റിൽ കൊണ്ടുവിടൂ.

സുരാജ്: വേണ്ടാന്നേ, നമ്മെ എടുത്ത സ്ഥാനത്ത് കൊണ്ടുപോയി തിരികെ സ്ഥാപിച്ചാൽ മതിയാവും. നമ്മുടെ കാർ അവിടെ കിടപ്പുണ്ടേ.

സലിം: അങ്ങനെയാവട്ടെ.

സുരാജ്: സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

അയാൾ സലിമിനെ വലതുകൈയുയർത്തി ആശീർവദിച്ചു. ഫെർണാണ്ടസും സുരാജും താഴേക്ക് നടന്നു.

ഫെർണാണ്ടസ്: സെന്റ് തോമസ് പുണ്യാളൻ വന്ന് ബ്രാഹ്മണരെ മാർഗം കൂടിച്ചതിനെപ്പറ്റി തിരുമേനി കേട്ടിരിക്കുമല്ലോ.

സുരാജ്: ആ! ഉണ്ടോന്ന്!

ഫെർണാണ്ടസ്: ആ പരമ്പരയിലാണ് എന്റെ തറവാട്.

സുരാജ്: ചുമ്മാതല്ല! തന്റെ നെറോം തരോം തലയെടുപ്പും കണ്ടപ്പോഴേ എനിക്ക് തോന്നി.

പുറത്തേക്കുള്ള വഴിയിൽ ലോക്കപ്പിന് മുന്നിലെത്തിയപ്പോൾ അയാൾ നടത്തം നിർത്തി. എന്നിട്ട് ഗ്രില്ലിനരികിൽ വന്ന് അകത്തേക്ക് നോക്കി.

സുരാജ്: എല്ലാവരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ. കുറ്റകൃത്യങ്ങളിലൊന്നും ചെന്നുപെടാതെ ശ്രദ്ധിക്കുക. ഈശ്വരനെ സദാ മനസ്സിൽ ധ്യാനിക്കുക. അവൻ എല്ലായിടത്തും ഉണ്ട്. പല മതക്കാർ പലരൂപം നൽകി അവനെ ആരാധിക്കുന്നു എന്നു മാത്രം.

കോൺസ്റ്റബിൾ: പോറ്റി വരണം.

പൊലീസുകാരൻ അയാളെയും കൂട്ടി മുറ്റത്തിറങ്ങി. ജീപ്പിന്‍റെ മുൻ സീറ്റിൽ അയാൾ കയറിയിരുന്നു. ജീപ്പ് സ്റ്റാർട്ട് ചെയ്ത് ഗേറ്റിലെത്തുമ്പോൾ എതിരെ ടൂവീലർ ഓടിച്ച് വരുന്ന സീനയെ കണ്ടു. ജീപ്പിനുള്ളിൽ നമ്പൂതിരിയെ കണ്ട് അവൾ വണ്ടി വട്ടം പിടിച്ച് നിർത്തി. ‘‘ആളെ മെഡിക്കലിന് കൊണ്ട് പോവാണോ?’’ സീന ചോദിച്ചു.

ഡ്രൈവർ: ഏയ്. അല്ല. തിര്യെ വിടാൻ.

സീന: ആര് പറഞ്ഞിട്ട്?

ഡ്രൈവർ: സി.ഐ സാറ്.

സീന സ്കൂട്ടർ സ്റ്റാൻഡിട്ട് ​െവച്ചു. അയാളുടെ അടുക്കലേക്ക് സാവധാനം നടന്നു ചെന്നു. ഡ്രൈവർ ഈ സമയം മൊബൈലിൽ വീഡിയോ ഓൺ ചെയ്തു. സുരാജ് വലതുകൈ ഉയർത്തി സീനയെ അനുഗ്രഹിച്ചു: “സർവശക്തനായ ഈശ്വരൻ അനുഗ്രഹിക്കട്ടെ.”

സീന: അതിനുമുമ്പ് ഒരു ചെറിയ കാര്യമുണ്ട്.

സീന അയാളുടെ അടുത്തേക്ക് ഒന്നുകൂടി നടന്നടുത്തു. ‘Oപ്!’ ചില്ലുടയുന്നപോലെ നമ്പൂതിരിയുടെ കവാലത്തിൽ അടിവീണു. അയാൾ നക്ഷത്രങ്ങളെ ആകമാനം ദർശിച്ചു.

സ്റ്റേഷനിലെ ലൈറ്റുകൾ ഓഫായി. വാൾക്ലോക്കിൽ 2 മണി അടിച്ചു. ഇരുളിൽ പൊന്നീച്ചകൾ പറന്നുനടന്നു. ജീപ്പ് പതിയെ ചലിച്ചു.

ഡ്രൈവർ: ആ പെണ്ണിന് എരട്ടച്ചങ്കാ തിരുമേനീ, പഠിച്ചതിന്‍റെ ഒരു കൊഴപ്പോം ഉണ്ട്. എം.എ, എം.ഫിലാ. പഴയ ആക്ടിവിസ്റ്റാ. കഷ്ടകാലത്തിന് പൊലീസിലായതാ.

സുരാജ്: എനിക്കും തോന്നി. ഭയങ്കര കൈക്കരുത്ത്. വീഡിയോ എടുത്തു. അല്ലേ?

ഡ്രൈവർ: ഉവ്വ.

സുരാജ്: ദയവായി ഫേസ്ബുക്കിലും മറ്റും പൊതുദർശനത്തിന് വയ്ക്കരുത്. എന്തായാലും ആ കുട്ടിയെ...

ഡ്രൈവർ: സർവശക്തൻ അനുഗ്രഹിക്കട്ടെ. അല്ലെ!

സലിം ഡ്രസ് മാറി ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോൾ, ഊരിയ ഷർട്ടും കൈയിൽ പിടിച്ച് അർധനഗ്നനായി കവി അവിടേക്ക് കയറിവന്നു.

സലിം: എന്താണെടോ, വിശേഷങ്ങൾ.

കവി: പിടിത്തംവിട്ടുപോയി. ഇന്നലെ ഒരു പ്രമുക്തി... ഉണ്ടായിരുന്നു.

സലിം: എന്തായാലും താൻ ഈ പരുവത്തിൽ വീട്ടിൽ ചെന്ന് കേറണ്ട. ഡ്രസ്സൊക്കെ എടുത്തിട്.

കവി ഷർട്ട് ധരിച്ചു.

സലിം: തന്റെ ആ കവിത ഞാൻ പാടി ഹിറ്റാക്കിയിട്ടുണ്ട്. യൂട്യൂബിൽ വൺ മില്യൻ കഴിഞ്ഞു.

കവി: കവിതേടെ ഗുണംകൊണ്ടാ. അല്ലാതെ നിന്റെ തൊണ്ടേട ഗുണമല്ല കേട്ടാ.

സലിം: താൻ ചെല്ല് ചെല്ല്. എടോ, ഇയാളെ താഴെ ഇരുത്തിക്കോ. രാവിലേ വിട്ടാൽ മതി. ഞാനൊന്നുറങ്ങട്ടെ.

രണ്ടു പ്രാവശ്യം ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യവുമായി അയാൾ വീണ്ടും കട്ടിലിൽ കിടന്നു. ഫെർണാണ്ടസും കവിയും താഴേക്കിറങ്ങി പോയി. അപ്പോഴേക്കും സി.ഐയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.

സലിം: ഹലോ: സി.ഐ സലിം ആണ്.

ഫോൺ: സാറേ, വള്ളക്കടവിൽ കൂട്ടയടി നടക്കുകയാണ്. വേഗം വരണം.

സലിം: എവിടെ? ആരൊക്കെ തമ്മിലാ?

ഫോൺ: സാർ, വർഗീയ കലാപം ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്. വേഗം വരണം.

സലിം ഒരു മുട്ടൻതെറി വിളിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു.

 

സലിം: എടോ, ഇറങ്ങിക്കോ. ഏ.ആറിൽ വിളിച്ച് ഇൻഫോം ചെയ്യൂ. ഫയർ ഫോഴ്സിനെ അലർട്ട് ചെയ്യ്.

അയാൾ ചുമരിൽ തൂക്കിയിരുന്ന യൂനിഫോം വീണ്ടും എടുത്തണിഞ്ഞു. അതിനിടയിൽ കമീഷണറെ ഫോൺ ചെയ്തു. ജീപ്പിൽ പുറപ്പെടാനൊരുങ്ങുമ്പോൾ ഫെർണാണ്ടസ് വന്നു വരാന്തയിൽ നിന്നു.

ഫെർണാണ്ടസ്: സാർ, ഞാൻ..?

സലിം: താൻ വരണ്ട. താൻ സ്റ്റേഷൻ നോക്കിക്കോ.

ഫെർണാണ്ടസ്: ശരി സാർ.

ജീപ്പ് പുറപ്പെട്ടു. സീനയും മറ്റ് പൊലീസുകാരും പിൻസീറ്റിലേക്ക് ഓടിക്കയറി.

വാൾക്ലോക്കിൽ 2.30.

(തുടരും)

News Summary - Malayalam Novel