ലോക്കപ്പ്

യൂനിഫോം ഷർട്ട് ഊരിക്കളഞ്ഞ് മേശമേൽ കാലുകളെടുത്തുവെച്ച് കസേരയിലിരുന്ന് ഉറങ്ങാൻ ശ്രമിക്കുകയായിരുന്നു ഫെർണാണ്ടസ്. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പെട്ടെന്നയാൾ ചാടിയെണീറ്റ് ലോക്കപ്പിനുള്ളിലേക്ക് കയറി. കയറിയപാടെ കണ്ടത് അമിതിനെയാണ്. കള്ളൻ ജോണിയുടെ കഥപറച്ചിൽ കേട്ട് ചിരിച്ച് രസിച്ചിരിക്കുകയാണയാൾ. ഫെർണാണ്ടസിന് കലികയറി. ‘‘എഴുന്നേൽക്കെടാ. നീ എന്തിനാടാ പൊലീസുകാരെ കണ്ട് വണ്ടി വെട്ടിച്ചോടിയത്?” ഫെർണാണ്ടസ് ചോദിച്ചു. അമിത്: വെറുതെ. ഒന്നിനുമല്ല. ഫെർണാണ്ടസിന്റെ വലതുകൈ ഉയർന്നു വീശി. പ്ലച്ച് എന്ന് അമിതിന്റെ ചെകിട് പുകഞ്ഞു. ജീവിതത്തിലാദ്യമായിട്ടാണ് ഒരടി കിട്ടുന്നത്. ലോക്കപ്പിലെ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
യൂനിഫോം ഷർട്ട് ഊരിക്കളഞ്ഞ് മേശമേൽ കാലുകളെടുത്തുവെച്ച് കസേരയിലിരുന്ന് ഉറങ്ങാൻ ശ്രമിക്കുകയായിരുന്നു ഫെർണാണ്ടസ്. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പെട്ടെന്നയാൾ ചാടിയെണീറ്റ് ലോക്കപ്പിനുള്ളിലേക്ക് കയറി. കയറിയപാടെ കണ്ടത് അമിതിനെയാണ്. കള്ളൻ ജോണിയുടെ കഥപറച്ചിൽ കേട്ട് ചിരിച്ച് രസിച്ചിരിക്കുകയാണയാൾ. ഫെർണാണ്ടസിന് കലികയറി. ‘‘എഴുന്നേൽക്കെടാ. നീ എന്തിനാടാ പൊലീസുകാരെ കണ്ട് വണ്ടി വെട്ടിച്ചോടിയത്?” ഫെർണാണ്ടസ് ചോദിച്ചു.
അമിത്: വെറുതെ. ഒന്നിനുമല്ല.
ഫെർണാണ്ടസിന്റെ വലതുകൈ ഉയർന്നു വീശി. പ്ലച്ച് എന്ന് അമിതിന്റെ ചെകിട് പുകഞ്ഞു. ജീവിതത്തിലാദ്യമായിട്ടാണ് ഒരടി കിട്ടുന്നത്. ലോക്കപ്പിലെ രാത്രി ഇത്രയും സംഭവബഹുലമാകും എന്നു സ്വപ്നത്തിൽപോലും കരുതിയതല്ല. എന്ന് ചിന്തിച്ചു തീർന്നതും രണ്ടാമത്തെ അടി ഇടതു കവിളിൽ കിട്ടി. അവന് യേശുക്രിസ്തുവിനെ ഓർമ വന്നു.
ഫെർണാണ്ടസ്: നിനക്കെന്താടാ ജോലി?
അമിത്: ആർബിട്രേഷൻ.
ഫെർണാണ്ടസ്: എന്നുവെച്ചാൽ?
അമിത്: കമ്പനികൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കൽ.
ഫെർണാണ്ടസ്: അപ്പം നീ വലിയ പുള്ളിയാണ്. ആ ബൈക്ക് നീ എവിടന്ന് മോഷ്ടിച്ചതാടാ? എന്തിനാടാ ഓടിയത്?
അമിത് മറുപടിയൊന്നും പറഞ്ഞില്ല. വീണ്ടും അടി കിട്ടുമെന്നായപ്പോൾ അമിത് പറഞ്ഞു: അടിക്കരുത്. സി.ഐ സലിം എന്റെ സുഹൃത്താണ്.
ഫെർണാണ്ടസ്: അനാവശ്യം പറയുന്നോ?
അയാൾ വീണ്ടും അടിക്കാനൊരുങ്ങിയപ്പോൾ ദൈവദൂതയെപ്പോലെ വനിതാ പൊലീസ് ബിന്ദു അവിടേക്ക് വന്നു.
ബിന്ദു: എന്‍റെ ഫെർണാണ്ടസ് സാറെ, നിങ്ങൾ ഇവിടെയിട്ട് ആരെയെങ്കിലും തല്ലിക്കൊല്ലും. ഞങ്ങളെല്ലാം കൂടി അതിന്റെ പുലിവാല് പിടിക്കണം. ഒന്നു മതിയാക്ക്.
മുക്രയിട്ടുകൊണ്ട് ഫെർണാണ്ടസ് പുറത്തിറങ്ങി.
ബിന്ദു: സാറേ, നിങ്ങൾക്ക് വല്ല ഫാമിലി പ്രോബ്ലംസ് എങ്ങാനും ഉണ്ടെങ്കിൽ അത് പറഞ്ഞുതീർക്കാൻ നോക്ക്. ഇങ്ങനെ ആൾക്കാരുടെ മെക്കിട്ട് കേറാതെ. കാലമൊക്കെ മാറിയില്ലേ? സാറിപ്പഴും പഴയ ആ നിക്കറ് പൊലീസിനെപ്പോലെ. ഇതെന്തോന്ന്!
ഫെർണാണ്ടസ്: ആ നിക്കറ് പൊലീസിനെ ഓർമയുള്ളതുകൊണ്ടാണ്, ഇപ്പോഴത്തെ പഞ്ചാരക്കുട്ടൻമാരും ഭാഗവതൻമാരുമൊക്കെ നെഞ്ചുംവിരിച്ച് നടക്കുന്നത്.
റൈറ്റർ: അതവിടെ നിക്കട്ടെ, ഇടിക്കുന്നതിനെടക്ക് സാറിന്‍റെ കൈയെങ്ങാനും ഒടിഞ്ഞാൽ തന്നെ ആര് നോക്കും? വീട്ടിലാരെങ്കിലും ഒണ്ടോ?
ഫെർണാണ്ടസ് മുറിക്കകത്തേക്ക് കയറിപ്പോയി. യൂനിഫോമിട്ടവരും മഫ്തിയിലുമായി നാലഞ്ച് വനിത പൊലീസുകാർ. ഒരാൾ കൂർക്കംവലിച്ചുറങ്ങുന്നു. ഉണർന്നിരിക്കുന്നവർ ഇൻസ്റ്റ റീലുകൾ കണ്ട് മുഴുകി ഇരിക്കുന്നു.
ലോക്കപ്പിൽ തളർന്ന് കിടക്കുന്ന പ്രതികൾ. ഒരു മൂലയിൽ ചാരിയിരിക്കുന്ന അമിത്. അയാൾ എണീറ്റ് ഇരുമ്പഴിയിലൂടെ അകത്തേക്ക് നോക്കി. സമ്പൂർണ സമർപ്പണത്തോടെ മൊബൈൽ ഗെയിം കളിക്കുകയാണ് ബിന്ദു. നിശ്ശബ്ദതയിൽ ബിന്ദുവിന്റെ െഗയിം ശബ്ദം മാത്രം. മറ്റുള്ളവർ പാതിയുറക്കത്തിലാണ്.
സമയത്തിന് ഗതിവേഗം കുറവാണിവിടെ. പൊലീസ് സ്റ്റേഷനുകളുടെ സ്വഭാവമായ അനിശ്ചിതത്വം അതിനുള്ളിലെ ഓരോ മനുഷ്യനിലും ദർശിക്കാം. പൊലീസുകാരും വ്യത്യസ്തരല്ല. നിശ്ചലരായി ചിന്തകളിൽ വ്യാപൃതരായിരിക്കുന്നവരെ ഇളക്കാൻ ഒരു ഫോൺകോൾ മതിയാവും. എല്ലാം വേഗം ചടുലമാവും. നിശ്ശബ്ദതയെ ചിലപ്പോൾ ഭഞ്ജിക്കുന്നത് ഒരു തെറിയാവാം. ബൂട്ടിന്റെ ശബ്ദമാവാം. നിലവിളിയാവാം. അമിത് ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരിക്കെ ക്ലോക്കിൽ മൂന്ന് മണി അടിക്കുന്ന ശബ്ദം കേട്ടു.
സ്റ്റേഷന്റെ മുറ്റത്ത് ഒരു ഇന്നോവ കാർ വന്നു നിന്നു. ചെയർമാൻ മനുഷ്യാവകാശ കമീഷൻ എന്ന് കാറിന്റെ മുന്നിലും പിന്നിലും ബോർഡ് െവച്ചിട്ടുണ്ട്. ജഡ്ജിയും ഗൺമാനും കാറിൽനിന്നിറങ്ങി. പാറാവുകാരൻ ചാടിയെണീറ്റ് സല്യൂട്ടടിച്ചു. അലസരായിരുന്ന പൊലീസുകാർ പരിഭ്രമത്തോടെ എണീറ്റു. തൊട്ടുപിറകിൽ മറ്റൊരു കാർ വന്നു നിന്നു. അതിൽനിന്നും രണ്ട് സിവിൽ ഉദ്യോഗസ്ഥർ പുറത്തിറങ്ങി.
ജഡ്ജി സ്റ്റേഷനകത്തു കയറി. ബിന്ദു ചാടി എഴുന്നേറ്റു. ജഡ്ജി ഇൻസ്പെക്ടറുടെ മുറിയിലേക്കാണ് ആദ്യം കടന്നുചെന്നത്.
ജഡ്ജി: ആരാണ് എസ്.എച്ച്.ഒ?
അകത്തെ മുറിയിൽനിന്നും ഫെർണാണ്ടസ് ഓടിവന്ന് സല്യൂട്ടടിച്ചു.
ഫെർണാണ്ടസ്: സലിം സാറാണ് സാർ.
ജഡ്ജി: അയാളെവിടെ?
ഫെർണാണ്ടസ്: പുറത്ത് പ്രശ്നം നടക്കുന്ന സൈറ്റിലേക്ക് പോയതാണ് സാർ.
ജഡ്ജി: എല്ലാവരുടെയും മൊബൈൽ ഫോൺ ഇവിടെ വയ്ക്കൂ.
പൊലീസുകാർ ഫോൺ കൊണ്ടുവന്ന് മേശയിൽ വെച്ചു. ബിന്ദുവിന്റെ ഫോണിൽ െഗയിമിന്‍റെ ശബ്ദം.
ജഡ്ജി: ജി.ഡി രജിസ്റ്റർ കൊണ്ടുവരൂ.
ഫെർണാണ്ടസ് രജിസ്റ്ററുകൾ കൊണ്ടുവന്നു. ജഡ്ജി രജിസ്റ്റർ പരിശോധിച്ചു. ലോക്കപ്പിന്റെ അഴിയിൽ വന്ന് പ്രതികൾ ഓരോരുത്തരായി എത്തിനോക്കാൻ തുടങ്ങി.
ജഡ്ജി: ലോക്കപ്പിൽ എത്ര പേരുണ്ട്?
സനൽ: എട്ട്, സാർ.
ഫെർണാണ്ടസ്: അല്ല, ഒമ്പത് സാർ.
ജഡ്ജി: എല്ലാ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ടോ?
സനൽ: ഇല്ല സാർ.
ഫെർണാണ്ടസ്: ഉണ്ട് സാർ.
ജഡ്ജി: ലോക്കപ്പ് തുറക്കൂ.
ജഡ്ജിയും സംഘവും ലോക്കപ്പ് പരിശോധിച്ചു. നിലവും ചുവരും ഒക്കെ പരിശോധിച്ച് ഓരോ കുറ്റം കണ്ടെത്തി.
ജഡ്ജി: ഇവിടെ എന്താ ക്ലീൻ ചെയ്യാത്തത്?
ഫെർണാണ്ടസ്: എന്നും ചെയ്യുന്നതാണ് സാർ.
ജഡ്ജി: ഇതെന്താ ചോര കട്ടി പിടിച്ചതാണോ?
ഫെർണാണ്ടസ്: അല്ല സാർ. ആരോ മുറുക്കിത്തുപ്പിയതാണ്.
ജഡ്ജി: സി.സി ടി.വി കാമറ വർക്കിങ് ആണോ?
ഫെർണാണ്ടസ്: ആണ് സാർ.
ജഡ്ജി: കാണിക്കൂ.
ഫെർണാണ്ടസ് കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കാൻ ശ്രമിച്ചു. ശരിയായില്ല.
ഫെർണാണ്ടസ്: സാർ, സാറ് കയറിവരുന്നതുവരെ അത് വർക്കിങ് ആയിരുന്നു സാർ.

ജഡ്ജി: (സംഘത്തോട്) നോട്ട് ഇറ്റ്.
സംഘാംഗം ഫയലിൽ അത് രേഖപ്പെടുത്തി.
ജഡ്ജി: ലോക്കപ്പിൽ ഉള്ളവരെ വിളിക്കൂ.
കോൺസ്റ്റബിൾ ആദ്യം കവിയെയാണ് കൂട്ടിക്കൊണ്ടു വന്നത്. കവിയെ ജഡ്ജിന് അറിയാം.
ജഡ്ജി: എന്താണ് ഇദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റം?
കോൺസ്റ്റബിൾ: പബ്ലിക് ന്യൂയിസൻസാണ് സാർ.
ജഡ്ജി: ബി പ്രിസൈസ്.
കോൺസ്റ്റബിൾ: വഴിയിൽനിന്ന് പാട്ടുപാടി.
ജഡ്ജി: പാട്ടു പാടുന്നത് പബ്ലിക് ന്യൂയിസൻസാണോ?
കോൺസ്റ്റബിൾ: അല്ല സാർ.
ജഡ്ജി: ഇതാരാണെന്നറിയാമോ?
ഫെർണാണ്ടസ്: ഇല്ല സാർ.
ജഡ്ജി: (കവിയോട്) ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കെടുത്ത മനുഷ്യാവകാശദിന പരിപാടിയിൽ താങ്കളും ഉണ്ടായിരുന്നല്ലോ.
കവി: ഉവ്വ്.
ജഡ്ജി: അന്ന് താങ്കൾ ചൊല്ലിയ കവിത, അദ്ദേഹം പിന്നീട് ഒരു ജഡ്ജ്മെന്റിൽ ഉദ്ധരിച്ചിരുന്നു.
കവി: ഞാനറിഞ്ഞില്ല. ഞാനതൊന്നും അേന്വഷിക്കാറുമില്ല.
ജഡ്ജി: പെട്ടെന്ന് ഇദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കൂ. താങ്കൾക്ക് എന്തെങ്കിലും പരാതിയുണ്ടോ?
കവി: ചെറിയൊരു നിർദേശം മാത്രമേയുള്ളൂ സാർ. ജനമൈത്രിയുടെ ‘ന’ തലകുത്തനെ മറിഞ്ഞ് ഇപ്പോൾ ഡ എന്നാണ് കാണുന്നത്. ജഡമൈത്രി എന്നേ വായിക്കാൻ പറ്റൂ. അതൊന്ന് ശരിയാക്കി എഴുതണം.
കവിയുടെ ഊഴം കഴിഞ്ഞതും ഒരു പൊലീസുകാരൻ അമിതിനെ കൂട്ടിക്കൊണ്ടുവന്നു.
ജഡ്ജി: ഇയാളുടെ പേരെന്താ?
അമിത്: അമിത് കുമാർ.
ജഡ്ജി: ഇയാളുടെ പേര് ജി.ഡിയിൽ കാണാനില്ലല്ലോ.
സനൽ: ഇല്ല.
ഫെർണാണ്ടസ്: ഉണ്ട് സാർ.
ജഡ്ജ്: എവിടെ?
ഫെർണാണ്ടസ്: ഇല്ല സാർ. സി.ഐ സാറ് നേരിട്ട് ബന്ധപ്പെട്ട കേസാണ്.
ജഡ്ജി: അറസ്റ്റ് രേഖപ്പെടുത്താതെ കസ്റ്റഡിയിൽ സൂക്ഷിച്ചതിന് സി.ഐയെ ഞാൻ ഫിക്സ് ചെയ്യുന്നുണ്ട്. അയാളെ വിളിക്കൂ.
ഫെർണാണ്ടസ്: സാർ.
ഫെർണാണ്ടസ് സി.ഐയെ ഫോണിൽ വിളിച്ചു. ഒന്നുമറിയാത്തപോലെ ബിന്ദു ഇപ്പോൾ മുറിയിൽനിന്നും പുറത്തേക്കിറങ്ങി.
ജഡ്ജിന്റെ മുന്നിൽ അലസനായി നിൽക്കുകയാണ് അമിത്. സലിം ഉടൻ എത്തുമെന്നും രക്ഷപ്പെടുത്തുമെന്നുമാണ് അയാളുടെ പ്രതീക്ഷ. ഫെർണാണ്ടസ് പലവട്ടം വിളിച്ചിട്ടും സലിം ഫോണെടുത്തില്ല. അയാളത് ജഡ്ജിനോട് പറയുകയുംചെയ്തു.
ജഡ്ജി: എന്താ തന്‍റെ പേരിലുള്ള ചാർജ്?
അമിത്: അത് സി.ഐ വന്നാലേ അറിയൂ. He is my friend.
ജഡ്ജി ഒരത്ഭുതവസ്തുവിനെ എന്നപോലെ അമിതിനെ നോക്കി. അപ്പോഴേക്കും പുറത്തുപോയ ബിന്ദു ഒരറ്റം തുറന്ന ചെറിയ പാക്കറ്റുമായി തിരികെ വന്നു.
ബിന്ദു: സാർ, ഇത് എൻ.ഡി.പി.എസ് കേസാണ് സാർ.
ഫെർണാണ്ടസ്: ആണ് സാർ. അതാണ് സി.ഐ വന്നിട്ട് ചെയ്യാം എന്നുപറഞ്ഞത്.
അയാൾ വിക്കിവിക്കി പറഞ്ഞു. ഫെർണാണ്ടസിന് ഒരു കച്ചിത്തുരുമ്പ് കിട്ടി.
ബിന്ദു: ഇത് അയാളുടെ ബൈക്കിൽനിന്നും കിട്ടിയതാ സാർ. ഡ്രഗ്സാണ് സാർ.
ഫെർണാണ്ടസ്: ഇയാൾക്ക് വിദേശബന്ധം ഒക്കെയുണ്ട് സാർ.
ജഡ്ജി: അതെങ്ങനെ തനിക്ക് മനസ്സിലായി.
ഫെർണാണ്ടസ്: ഇയാളെ കണ്ടാലറിയാം സാർ.
ബിന്ദു പാക്കറ്റ് തുറന്നു. അതിനുള്ളിൽനിന്നും ചെറിയ പൊതികൾ എടുത്ത് മേശയിൽ നിരത്തി. താൻ പെടാൻ പോകുന്ന ദുർഘടാവസ്ഥയെ കുറിച്ച് അമിതിന് പെട്ടെന്നൊരു വെളിപാടുണ്ടായി. ‘‘അയ്യോ, അല്ല സാർ, ഞാൻ വെറുതെ തമാശക്ക് Just for joke. sir, I Know four languages.”
ജഡ്ജി: ഏതെങ്കിലും ഒരു ഭാഷയിൽ കാര്യം പറയൂ.
അമിത്: സാർ, ഞാൻ CI, friend...
അയാൾക്ക് വാക്കുകൾ മുട്ടി. അയാൾ തന്റെ നെറ്റി ചുവരിൽ ഇടിക്കാൻ തുടങ്ങി.
“നിർണായക സന്ദർഭങ്ങളിൽ എന്‍റെ നാവ് വഴങ്ങില്ല സാർ. എനിക്ക് പിടിവിട്ടുപോകും.”
ബിന്ദു: സാർ, ഇയാൾ ഡ്രഗ് അഡിക്ടാണ് സാർ. അതാണ് സാർ തല ഇങ്ങനെയിട്ടിടിക്കുന്നത്.
അമിത്: നോ സാർ. സി.ഐ വരട്ടെ.
ജഡ്ജി: കാൾ ഹിം.
ഫെർണാണ്ടസ് വീണ്ടും ഫോൺ ചെയ്തു.
ഫെർണാണ്ടസ്: ഫോൺ കിട്ടുന്നില്ല സാർ.
ജഡ്ജി: ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തണം. ഉടൻതന്നെ ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം.
ഫെർണാണ്ടസ്: സാർ.
അമിത്: അയ്യോ, സാർ, ചതിക്കരുത്. സലിം വരട്ടെ.
ജഡ്ജിയും സംഘവും പുറത്തിറങ്ങി. പൊലീസുകാർ ജഡ്ജിയുടെ പിന്നാലെ പുറത്തിറങ്ങി. പുറത്ത് പ്രദർശിപ്പിച്ചിരുന്ന സൈൻബോർഡ് നോക്കി ജഡ്ജി ഇങ്ങനെ വായിച്ചു: ‘ജഡമൈത്രി പൊലീസ് സ്റ്റേഷൻ.’ അയാൾ പറഞ്ഞത് ശരിതന്നെ. എടോ, ഉടൻതന്നെ ഈ ബോർഡ് മാറ്റിക്കൊള്ളണം.
ഫെർണാണ്ടസ്: സാർ.
ജഡ്ജും സംഘവും മടങ്ങി.
സെക്ഷൻ 61 NDPS ACT/1985 പ്രകാരം എഫ്.ഐ.ആർ എഴുതി. ഫെർണാണ്ടസ് അമിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റൈറ്റർ ജി.ഡിയിൽ എന്റർചെയ്തു. ഒട്ടും താമസിയാതെ ഫെർണാണ്ടസും മറ്റൊരു പൊലീസുകാരനുംകൂടി അമിതിനെ മജിസ്ട്രേറ്റിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
അയാളുടെ മേൽ അയാളറിയാതെ ഒരു കുരുക്ക് വീണു.
7.
ജഡ്ജും സംഘവും സ്റ്റേഷൻ പരിശോധനക്ക് എത്തിയ സമയം സലിമും പൊലീസുകാരും വർഗീയസംഘർഷം നടക്കുന്ന പുത്തൻതുറയിലേക്ക് കുതിക്കുകയായിരുന്നു. നാളെ ശ്രീലങ്കൻ പ്രസിഡന്റിന്റെ വിസിറ്റ് ഉള്ളതിനാൽ നഗരത്തിൽ ഒരിലപോലും അനങ്ങരുതെന്നും ഒറ്റ അലോസരവും ഉണ്ടാവരുതെന്നും നിർബന്ധമായിരുന്നു. ആ ടെൻഷനിലാണ് സലിം സംഘർഷസ്ഥലത്തേക്ക് പാഞ്ഞത്. പെട്ടെന്ന് കത്തിപ്പടരുന്ന പ്രദേശമാണ്.
എന്നാൽ, കലാപഭൂമിയുടെ രണ്ടു കിലോമീറ്റർ പിന്നിൽ വെച്ച് പൊലീസ് ജീപ്പ് അപ്രതീക്ഷിതമായി ഒരപകടത്തിൽപെട്ടു. റോഡിന് കുറുകെ കിടന്ന തടിക്കഷണത്തിലിടിച്ച് ജീപ്പ് തലകുത്തിമറിഞ്ഞു. എല്ലാം വേഗത്തിലായിരുന്നു. സലിമിന്റെ തലയാണിടിച്ചത്. ആ നിമിഷംതന്നെ അയാൾക്ക് ബോധം നഷ്ടപ്പെട്ടു. കലാപസ്ഥലത്തേക്ക് വന്ന ആംബുലൻസിൽ സലിമിനെ കയറ്റി. അത് മെഡിക്കൽ കോളജിലേക്ക് പാഞ്ഞു. അതിനുള്ളിൽ മരണാസന്നനായി കിടന്ന സലിമിന്റെ ഒപ്പം സീനയും കയറി. വിധിവൈപരീത്യങ്ങളെ കുറിച്ചാണ് സീന അപ്പോൾ ചിന്തിച്ചത്. ഒറ്റ നിമിഷം വിധി പുതിയ വഴിവെട്ടുകയാണ്. ജീപ്പ് അപകടത്തിൽപെടും മുമ്പ് അയാൾ എപ്പോഴത്തേതുമെന്നപോലെ ഒരു പാട്ട് മൂളുകയായിരുന്നു.

8.
ജവഹർ കോളനിയിലാണ് മജിസ്ട്രേറ്റിന്റെ വീട്. പൊലീസുകാർ വീടിന് മുന്നിൽ കോളിങ് ബെല്ലടിച്ച് കാത്തുനിന്നു. പതിയെ വാതിൽ തുറന്ന് മജിസ്ട്രേറ്റ് പുറത്തുവന്നു. അസമയത്ത് ഉറക്കമെണീറ്റതിന്റെ ഈർഷ്യ മുഖത്തുണ്ട്.
മജിസ്ട്രേറ്റ് –ഇതിനൊക്കെ സമയവും കാലവും ഒന്നുമില്ലേ?
കോൺസ്റ്റബിൾ –ഡ്രഗ് കേസാണ് സാർ. മനുഷ്യാവകാശ കമീഷൻ ചെയർമാൻ സർപ്രൈസ് ചെക്ക് നടത്തിയിരുന്നു.
മജിസ്ട്രേറ്റ്: ആരാരുന്നു?
ഫെർണാണ്ടസ്: ജസ്റ്റിസ് ചന്ദ്രസേനൻ സാർ.
മജിസ്ട്രേറ്റ്: ആ! മെഡിക്കലെടുത്തോ?
തികച്ചും യാന്ത്രികമായാണ് മജിസ്ട്രേറ്റിന്റെ സംസാരം.
ഫെർണാണ്ടസ്: എടുത്തു സാർ.
മജിസ്ട്രേറ്റ്: (അമിതിനോട്) എടോ, തന്നെ ആരെങ്കിലും ദേഹോപദ്രവം ഏൽപിച്ചിട്ടുണ്ടോ?
അമിത്: ഇല്ല സാർ.
മജിസ്ട്രേറ്റ്: പിന്നെ ഈ മുറിവ്?
അമിത്: അത് ചുവരിൽ ഇടിച്ചതാ.
മജിസ്ട്രേറ്റ്: തനിക്ക് എന്തെങ്കിലും പറയാനുണ്ടോ?
അമിത്: സാർ, CI സലിം എന്റെ ഫ്രണ്ടാണ്.
മജിസ്ട്രേറ്റ്: അതവിടെ നിൽക്കട്ടെ. വേറെന്തെങ്കിലും പറയാനുണ്ടോ?
അമിത്: ഇല്ല സാർ.
മജിസ്ട്രേറ്റ്: 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുന്നു.
പൊലീസുകാർ മജിസ്ട്രേറ്റിന് കടലാസുകൾ കൈമാറി. നിർവികാരനായി കടലാസുകളിൽ ഒപ്പിട്ടശേഷം മജിസ്ട്രേറ്റ് മുറിയിലേക്ക് തിരികെ കയറിപ്പോയി. കഴിഞ്ഞ മൂന്നര മണിക്കൂർകൊണ്ട് എന്തെല്ലാമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ഒന്നും മനസ്സിലാവാതെ അമിത് പകച്ചുനിന്നു.
പൊലീസുകാർ അയാളെ വീണ്ടും ജീപ്പിനുള്ളിൽ കയറ്റി. അയാൾ വാച്ചിൽ സമയം നോക്കി. 5.30. അനിശ്ചിതമായ ഭാവിയിലേക്കുള്ള യാത്ര. കുസൃതി കൈവിട്ട് പോയതിന്റെ ചെറിയ പരിഭ്രമം. അമിത് ദീർഘനിശ്വാസം ചെയ്തു. അയാൾ പിൻസീറ്റിൽ പുറത്തേക്ക് തുറിച്ചുനോക്കി ഇരുന്നു. പുറത്ത് ഇരുട്ട്. ഇരുട്ട് മാത്രം.
അപ്പോൾ ജീപ്പിന്റെ വയർലെസ് സെറ്റിൽക്കൂടി വിധിനിർണായകമായ ആ സന്ദേശം പാറിവന്നു. സി.ഐ സലിം സഞ്ചരിച്ച പൊലീസ് ജീപ്പ് അപകടത്തിൽപെട്ടിരിക്കുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അയാൾ മരണപ്പെട്ടിരിക്കുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. അനിശ്ചിതത്വത്തിന്റെ നെടുംകയത്തിൽനിന്ന് അമിത് ഒരുവട്ടം നിലവിളിച്ചു. ഉച്ചത്തിൽ.
സമയം കൃത്യം ആറുമണി. ലോക്കപ്പിൽ ഒരു രാത്രി താമസിക്കണം എന്ന അമിതിന്റെ മോഹം ഇവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാലിപ്പോൾ ഒരു യഥാർഥ പ്രതിയായി അയാൾ സബ് ജയിലിലേക്ക് കയറി.
അടയാൻ തുടങ്ങിയ വാതിലിന്റെ വിടവിലൂടെ പുറംലോകത്തെ അമിത് ഒന്നുകൂടി നോക്കി.
തീർച്ചയായും ഈ കാഴ്ച തികച്ചും വ്യത്യസ്തം തന്നെയാണ്.

ഭാഗം -2
1.
ഞെട്ടിപ്പിക്കുന്ന വാർത്തയുമായിട്ടാണ് പിറ്റേന്ന് തിരുവനന്തപുരം നഗരം ഉണർന്നത്. ചാക്ക ബൈപാസിൽ ലുലു മാളിലേക്ക് തിരിയുന്ന സർവീസ് റോഡിനരികിൽ രണ്ട് യുവതികൾ മരിച്ചു കിടക്കുന്നു. തൊട്ടടുത്തു തന്നെ അവരുടെ സ്കൂട്ടർ ഇടിച്ചു മറിഞ്ഞു കിടക്കുന്നതിനാൽ ഇതൊരു അപകട മരണമായിരിക്കും എന്നാണ് ആളുകൾ കരുതിയത്. എന്നാൽ, സ്കൂട്ടറിന് ഒരു പോറൽപോലും ഏറ്റിട്ടില്ല. റോഡുവക്കിലെ ചരിവിൽ വളർന്നുകിടക്കുന്ന പുല്ലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ടായിരുന്നു എങ്കിലും രണ്ട് ശരീരങ്ങളിലും കാര്യമായ മുറിവുകളും കണ്ടില്ല. നൈറ്റ്ഷിഫ്റ്റ് കഴിഞ്ഞ് അതുവഴി പോയ മിൽമ െഡയറി പ്ലാന്റിലെ ജീവനക്കാരനാണ് സീൻ ആദ്യമായി കണ്ടത്. അയാൾ വിളിച്ചു പറഞ്ഞതനുസരിച്ച് പൊലീസ് എത്തി. രണ്ടു പേരുടെയും ഇടതു നെഞ്ചിൽ വെടിയുണ്ട തുളച്ചുകയറിയത് കണ്ടതും അയാൾതന്നെയായിരുന്നു.
വെടിെവച്ച് കൊല്ലുന്നത് ഈ നഗരത്തിൽ ആദ്യമായിട്ടാണ്. സാധാരണമല്ലാത്ത ഇരട്ടക്കൊലപാതകം കാണാൻ ജനങ്ങൾ തടിച്ചുകൂടി. നൂറുകണക്കിന് യൂട്യൂബ് ചാനലുകാരും വാർത്താ ചാനലുകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് വർഗവും വന്നുകൂടി. എല്ലാവരും അവരവരുടേതായ അവലോകനങ്ങൾ നടത്താൻ തുടങ്ങി. പ്രശസ്തനായ ഒരു ഫുഡ് വ്ലോഗറാണ് നിലത്തുവീണ് ചിതറിക്കിടക്കുന്ന രണ്ട് കുഴിമന്തി പാഴ്സലുകൾ കണ്ടെത്തിയത്. സ്കൂട്ടറിന്റെ ഹാൻഡിലിൽ പറ്റിപ്പിടിച്ച വെളുത്ത പൊടി മറ്റൊരു ചാനൽ കാമറയും പകർത്തി. അതോടെ അത്യപൂർവമായ ഇരട്ടക്കൊലപാതകത്തിന് അന്താരാഷ്ട്ര മാനങ്ങളും കൈവന്നു.
പൊലീസ് സംഭവസ്ഥലം സീൽചെയ്ത് ബന്തവസ്സാക്കി. ഫോറൻസിക് വിദഗ്ധർ കിട്ടാവുന്ന സകല പൊട്ടുപൊടികളും ശേഖരിച്ച് സീൽചെയ്തു.
2.
ജയിൽ സൂപ്രണ്ടിന്റെ മുറിയിലേക്കാണ് അമിതിനെ കൊണ്ടുപോയത്. പൊലീസുകാർ അവരുടെ ഫോർമാലിറ്റികൾ വേഗത്തിൽ തീർത്തു. ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണത്തോടെ അവർ തിരികെ പോയി. അവരെ തിരിഞ്ഞുനോക്കുന്നതിനിടയിൽ അമിതിന്റെ പിൻതലയിൽ പ്ടക്കനെ ഒരടി വന്നുവീണു. അടി അപ്രതീക്ഷിതമായതിനാൽ അമിത് ‘അയ്യോ!’ എന്ന് നിലവിളിച്ചുപോയി. ആ നിമിഷം തന്നെ അയാളറിയാതെ രണ്ടുതുള്ളി മൂത്രവും പോയി. അയാൾക്ക് വല്ലാത്ത അപമാനം തോന്നി. വീര്യങ്ങളെല്ലാം നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ അയാൾ സാവധാനം തലയുയർത്തി നോക്കി.
‘‘ഒന്നും പേടിക്കണ്ട.’’ സൂപ്രണ്ടാണ് സംസാരിക്കുന്നത്. ‘‘നടയടി എന്ന് പറയും. ജയിലിൽ ഇത് പതിവാ. അതൊക്കെ ഒരു റെസ്പെക്ടിന്റെ പ്രശ്നമാ.’’ അയാൾ ഒരു ഫയൽ തുറന്നു. ‘‘ഓരോടത്തും ഓരോരോ ചിട്ടവട്ടങ്ങളൊക്കെ ഇല്ലേ?’’
അപ്പോഴേക്കും ജയിൽ വാർഡൻ വന്നു. അയാൾ ഒരു മുഷിഞ്ഞ തോർത്ത് അമിതിന് കൊടുത്തു. ‘‘ആ തുണികളൊക്കെ ഒന്ന് ഉരിഞ്ഞാണീം.’’ അയാൾ പറഞ്ഞു. അമിത് ഷർട്ടൂരി.
‘‘പാന്റൂര്.’’
പാന്റ്സ് ഊരി.
‘‘ജട്ടി ഊര്.’’
അമിത് ചുറ്റുപാടും ദയനീയമായി കണ്ണോടിച്ചു.
‘‘ജട്ടി ഊരെടേ.’’ സൂപ്രണ്ട് പറഞ്ഞു.
അമിതിന് കൊടിയ അപമാനം തോന്നി. ഓർമയിൽ ആരും തന്നെ എടാ എന്ന് വിളിച്ചിട്ടില്ല. നിസ്സഹായനായി അയാൾ ജട്ടി ഊരാൻ തുടങ്ങി.
‘‘എടേ, തോർത്തെടുത്ത് ഉടുത്തിറ്റ് ഊരെടേ. നിന്റ കാബറേ കാണാനാ ഞങ്ങളിവിട നിക്കണ?’’ വാർഡൻ പറഞ്ഞു.
അയാൾ തോർത്തുടുത്തുകൊണ്ട് ജട്ടി ഊരി.
‘‘ഇന്നി നിന്റ തുണികളെക്ക എടുത്ത് കൊടഞ്ഞാണ്.’’
അമിത് വസ്ത്രങ്ങൾ കുടഞ്ഞു കാണിച്ചു.
‘‘ഇന്നി ഓരോന്നായിറ്റ് എടുത്ത് ഇട്ടാണ്.’’
അമിത് വസ്ത്രങ്ങൾ എടുത്ത് വീണ്ടും ധരിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല. കൈവശമുണ്ടായിരുന്ന സാധനങ്ങൾ ലിസ്റ്റ് ചെയ്ത് സൂപ്രണ്ടിനെ ഏൽപിച്ചു. ഫോൺ, ഹെഡ് സെറ്റ്, ഗ്ലൗസസ്, റെയ്ബാൻ ഗ്ലാസ്, പഴ്സ്, അതിനുള്ളിൽ കുറച്ച് കാർഡുകൾ.
‘‘ഞാനൊന്ന് ഫോൺ ചെയ്തോട്ടെ?’’ അമിത് ചോദിച്ചു.
‘‘ഇനി സാധ്യമല്ല.’’ സൂപ്രണ്ട് ഫോണിൽനിന്നും സിം ഇളക്കി മാറ്റി.
ലോകം തന്നിൽനിന്നും വേർപെട്ടിരിക്കുന്നു. അയാൾ ദയനീയമായി അത് തിരിച്ചറിഞ്ഞു. മനസ്സിന് സമനില കിട്ടുന്നില്ല. ചിത്രങ്ങൾപോലെ, നക്ഷത്രങ്ങൾപോലെ ചിന്തകൾ മിന്നിമറയുക മാത്രം ചെയ്യുന്നു. കാലുറക്കുന്നില്ല. നെഞ്ചിടിപ്പ് വർധിക്കുന്നു. മിടിപ്പിന് കനം കൂടുന്നു.
‘‘ടേയ് 617 ആണ് നിന്റ നമ്പർ. ഇവിട നിനക്കിനി പേരില്ല. പറഞ്ഞ കേട്ടാ. നമ്പര് വിളിക്കമ്പം വിളി കേട്ടോളണം.’’ വാർഡൻ പറഞ്ഞു. ‘‘ആ എറങ്ങ്. ആ പുൽപ്പായ് കൂടെ ചുരുട്ടി കൈയിലെടുത്തോ.’’ അമിത് മുറിയുടെ മൂലയിൽനിന്നും പുൽപ്പായ ചുരുട്ടിയെടുത്തു. അമിതിനെയും കൂട്ടി അയാൾ സെല്ലിലേക്ക് നടന്നു.
ഒന്നാമത്തെ സെല്ലാണ്. മുപ്പതോളം പേർക്ക് കിടക്കാനുള്ള വിസ്തൃതിയുണ്ട്. വാർഡൻ ഗ്രില്ല് തുറന്നു. തടവുപുള്ളികൾ മിക്കവരും ഉണർന്നിട്ടേയുള്ളൂ. ഉണർന്നവർ വട്ടംകൂടിയിരുന്ന് കാര്യങ്ങൾ പറയുകയാണ്.
‘‘കേറെടേയ്. കേറ്. റിമാൻഡ് നീണ്ടു പോവയാണെങ്കി നിനക്ക് വേറെ ഉടുപ്പും മുണ്ടുമൊക്കെ തരും. ഇപ്പം നിനക്ക് പാത്രോം കോപ്പേം ഇല്ല. അതും വൈയൂട്ട് തരും. കേറ്. കേറിപ്പോ.’’ വാർഡൻ അയാളെ അകത്താക്കി. ഗ്രിൽ അടച്ചുപൂട്ടി. പൂട്ടിൽ ബലമായി വലിച്ചു. തിരികെ പോയി.