ലോക്കപ്പ്

3. ‘‘എടാർക്കാ, ഞാനാണ് ഈ സെല്ലിന്റ മേശിരി.’’ ഒരു കപ്പടാ മീശക്കാരൻ അമിതിന്റെ മുന്നിൽ വന്നുനിന്നു. ‘‘നീയാ കക്കൂസിന്റ ചെവര് ചേർത്ത് പാ വിരിച്ചോ. ബാക്കി ഞാൻ പിന്ന പറയാം.’’ അമിത് ആളെ അനുസരിച്ചു. സെല്ലിന്റെ ഒരു മൂലയിലാണ് കക്കൂസ്. സെല്ലിനകം മുഴുവൻ നാറ്റമാണ്. കുമുകുമെ ബീഡിപ്പുകയുയരുന്നു. മൂക്ക് തകർക്കുന്ന നാറ്റം. അസഹ്യം. അവൻ മൂക്ക് പൊത്തിപ്പിടിച്ചു. അവൻ ചുറ്റുപാടും നോക്കി. ചുവരിൽ ഒരു ബൾബ് മങ്ങിക്കത്തുന്നുണ്ട്. ‘‘എന്തരെടേ നെനക്ക് ഏക്കൊണ്ടാ?’’ തൊട്ടടുത്ത്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
3.
‘‘എടാർക്കാ, ഞാനാണ് ഈ സെല്ലിന്റ മേശിരി.’’ ഒരു കപ്പടാ മീശക്കാരൻ അമിതിന്റെ മുന്നിൽ വന്നുനിന്നു. ‘‘നീയാ കക്കൂസിന്റ ചെവര് ചേർത്ത് പാ വിരിച്ചോ. ബാക്കി ഞാൻ പിന്ന പറയാം.’’ അമിത് ആളെ അനുസരിച്ചു. സെല്ലിന്റെ ഒരു മൂലയിലാണ് കക്കൂസ്. സെല്ലിനകം മുഴുവൻ നാറ്റമാണ്. കുമുകുമെ ബീഡിപ്പുകയുയരുന്നു. മൂക്ക് തകർക്കുന്ന നാറ്റം. അസഹ്യം. അവൻ മൂക്ക് പൊത്തിപ്പിടിച്ചു. അവൻ ചുറ്റുപാടും നോക്കി. ചുവരിൽ ഒരു ബൾബ് മങ്ങിക്കത്തുന്നുണ്ട്.
‘‘എന്തരെടേ നെനക്ക് ഏക്കൊണ്ടാ?’’ തൊട്ടടുത്ത് പായിൽ കുത്തിയിരിക്കുന്ന മനുഷ്യനെ അപ്പോഴാണ് ശ്രദ്ധിച്ചത്. ‘‘നിന്റ ചത കണ്ടിറ്റ് നല്ല കുടുംബത്ത് പെറന്നപോലയൊണ്ടല്ല്.’’ അയാൾ സംസാരം തുടരുകയാണ്. അപ്പോൾ കക്കൂസിന്റെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരൻ പുറത്തുവന്നു. യഥാർഥത്തിൽ അയാൾ വാതിൽ തുറക്കുകയായിരുന്നില്ല. വാതിൽപ്പാളി കൈ കൊണ്ടിളക്കി മാറ്റിവെക്കുകയായിരുന്നു. അവൻ പുറത്തിറങ്ങിയതും കാത്തുനിന്ന മറ്റൊരുത്തൻ പെട്ടെന്ന് കക്കൂസിലേക്ക് കയറി. വാതിൽ അടക്കാൻപോലും അവൻ മിനക്കെട്ടില്ല.
നിലത്ത് നിറയെ ബീഡിക്കുറ്റികളും മൺപൊടിയും കുമിഞ്ഞുകൂടി കിടന്നിരുന്നു. ഓരോരുത്തരും ഉണരുകയും ബീഡി കത്തിക്കുകയുംചെയ്തു. സെല്ലിനുള്ളിൽ അസഹ്യമായ പുക പരന്നു. എന്തു ചെയ്യണമെന്നറിയാതെ അമിത് പായിൽ ചമ്രം പടിഞ്ഞിരുന്നു.
ആ മുറിക്കുള്ളിൽ കൃത്യം 32 പേരുണ്ടായിരുന്നു. എല്ലാവർക്കും വെള്ള ഒറ്റമുണ്ടും ഉടുപ്പുമാണ് യൂനിഫോം. ഇവരൊക്കെ എങ്ങനെയാണ് ഇതിനുള്ളിൽ എത്തിയത്? കുറ്റവാളികൾ ആയിരിക്കും. അപൂർവം ചിലരെങ്കിലും നിരപരാധികളാവും. എങ്കിലും തന്നെപ്പോലെ ഒരാൾ ഇക്കൂട്ടത്തിൽ കാണില്ല. ഉറപ്പ്. അവന് കടുത്ത നിരാശ തോന്നി.
മേശിരി അമിതിന്റെ അടുക്കലേക്ക് വന്നു. ‘‘ടേയ് ഇത്തിരി പണിയൊണ്ട്.’’
അവൻ തലയുയർത്തി അയാളെ നോക്കി. തന്നോട് ആജ്ഞാപിക്കാൻ ഇയാൾ ആരാണ്? ഇയാളും ജയിൽപ്പുള്ളിയല്ലേ?
‘‘എടാ @!’*@ നിന്റ നോട്ടത്തിന്റ അർഥം എനിക്ക് പിടികിട്ടി. അതാരാണെന്നറിയാമോ? അതാണ് സദൻ മേശിരി. എന്നുവച്ചാൽ ഈ കൂട്ടത്തിലെ ഏറ്റവും സീനിയർ കക്ഷി. അണ്ണനിവിടെ എത്ര വർഷത്തെ എക്സ്പീരിയൻസാണെന്ന് നെനക്കറിയാമോ പയലേ?’’
എതിർവശത്തു കിടന്ന ഒരുത്തൻ പറഞ്ഞു. ‘‘അണ്ണൻ പറേണ പോല ചെയ്യ്.’’
‘‘എടേയ് ഞങ്ങളിപ്പം കാപ്പി കുടിക്കാൻ പോവും. തിരിച്ച് വരുമ്പം നീ ഈ തറയൊക്ക നല്ലായിറ്റ് തൂത്തുവാരി തൊടച്ച് വൃത്തിയാക്കി വച്ചിരിക്കണം. കേട്ടല്ല്.’’
അമിത് ചുറ്റുപാടും നോക്കി.
‘‘നീ എന്തര് നോക്കണ?’’
‘‘ബ്രൂം.’’
‘‘അതെന്തര്?’’
‘‘ചൂൽ.’’
അതുകേട്ട് സെല്ലിലുണ്ടായിരുന്ന 31 പേരും പൊട്ടിച്ചിരിച്ചു.
‘‘ചേട്ടാ, ചേട്ടന്റ പാന്റാണ് ചൂല്. അതഴിച്ച് വേണം തറ തൂക്കാൻ.’’ രണ്ടു പായ് അപ്പുറത്തിരുന്ന ഒരു പയ്യൻ അവന്റെ അടുക്കലേക്ക് വന്നു. പതിനെട്ടോ പത്തൊമ്പതോ വയസ്സുണ്ടാവും. ‘‘ഞാൻ ഇന്നലെയാണ് വന്നത്. ഇന്നലെ തറ തൂത്തത് ഞാനാണ്. മേശിരി പറയുന്നത് അതുപോലെ ചെയ്യണം. ഇല്ലെങ്കി എല്ലാരും കൂട കുനിച്ചു നിർത്തി ചേട്ടനെ അടിച്ച് പരുവമാക്കും.’’
പുറത്ത് വാർഡൻ വന്നു. ഗ്രില്ലിന്റെ പൂട്ട് തുറന്നു. തടവുപുള്ളികൾ തങ്ങളുടെ സ്റ്റീൽ പ്ലേറ്റുകളും കോപ്പകളും എടുത്തുകൊണ്ട് പുറത്തിറങ്ങി. അമിത് സെല്ലിൽത്തന്നെ ഇരുന്നു. അയാൾക്ക് പാത്രം കിട്ടിയിട്ടില്ല. ഭക്ഷണ ലിസ്റ്റിൽ അയാളുടെ പേരില്ല.
അമിത് കക്കൂസിൽ കയറി. ഇളക്കി മാറ്റിവച്ചിരുന്ന വാതിൽ എടുത്തു മറച്ചു. ക്ലോസറ്റിലേക്ക് നോക്കി. അവസാനം പോയ ആൾ വെള്ളമൊഴിച്ചിട്ടില്ല. അയാൾ അവിടെനിന്ന് തൊണ്ട കുലച്ച് ഛർദിച്ചു.
അതിനുള്ളിൽ ഭൂമിയിലെ ഏറ്റവും നിസ്സഹായനായി അയാൾ നിന്നു. അയാളുടെ കണ്ണുകളിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.
4.
ജയിലിനകത്തായ മനുഷ്യന് ഒരേയൊരു ചിന്തയേ ഉള്ളൂ. എങ്ങനെയും പുറത്തിറങ്ങണം. മറ്റു ചിന്തകളൊന്നും അയാളെ ബാധിക്കുന്നില്ല. അയാളുടെ മനസ്സ് മുഴുവൻ പുറംലോകമാണ്. ലോകത്തിന്റെ അനന്തവിസ്തൃതിയാണ്. ഒറ്റയടിക്ക് അയാളെ വിഷാദം ബാധിച്ചു. എന്നാൽ അതു ചിന്തിച്ചിരിക്കാൻ സമയമില്ല. പായ ചുരുട്ടി അയാൾ നിലം വൃത്തിയാക്കാൻ തുടങ്ങി. നിറയെ ബീഡിക്കുറ്റികൾ. ജയിലിൽ പുറത്തുനിന്നുള്ള ഒരു വസ്തുവും അനുവദനീയമല്ല. എന്നാലും അവിടെ ബീഡി എത്തുന്നു. കഞ്ചാവും എത്തുന്നുണ്ടാവും. ഒറ്റക്കൊരു മുറി കിട്ടിയാൽ മതിയായിരുന്നു. വായിക്കാൻ ഒരു പുസ്തകവും. ഭാവനയിലെ ജയിൽ അങ്ങനെയായിരുന്നു. ആ ജയിലിലാണ് നെഹ്റു കിടന്നത്. വായിച്ചു കൂട്ടിയത്. ലോകചരിത്ര സംഗ്രഹം എഴുതിയത്.
അപ്പോഴേക്കും പുറത്തുപോയവർ തിരികെ വന്നു. പാത്രങ്ങളിൽ ചപ്പാത്തിയും കിഴങ്ങുകറിയും ഉണ്ട്. കപ്പിൽ ചൂട് കരിങ്ങാലി വെള്ളവും.
‘‘നീ വൃത്തിയാക്കി. അല്ലേ?’’ മേശിരി ചോദിച്ചു. ‘‘നെനക്ക് വെശക്കണില്ലേ ടേ?’’
‘‘ഇല്ല.’’ സത്യത്തിൽ വിശപ്പില്ലായിരുന്നു. ജീവിതം അനിശ്ചിതത്വത്തിൽ കിടക്കുമ്പോൾ എന്ത് വിശപ്പ്?
‘‘ചേട്ടാ, വിശപ്പൊന്നും കാണൂല. എന്നാലും എന്തരെങ്കിലും കഴിക്കണം.’’ പയ്യൻ പറഞ്ഞു.
അമിതിന് തലയുയർത്താൻപോലും തോന്നിയില്ല.
‘‘എടേ നെനക്കൊള്ള പാത്രോം കോപ്പേം പിന്നേടേ കിട്ടൂ. അതുവരെ നീ ഇതീന്നൊക്കെ എടുത്ത് തിന്നാൻ നോക്ക്.’’ മേശിരി പറഞ്ഞു. ‘‘പൊറത്ത് നെനക്ക് ഭയങ്കര പദവീം സ്ഥാനോം എക്ക കാണും. പക്ഷേ, സെല്ലില് എല്ലാരും ഒന്നുപോല തന്നെ.’’
എന്നിട്ടും അവൻ ഒന്നും കഴിച്ചില്ല. കട്ടിപ്പുതപ്പിന്റെ മട്ടുള്ള ചപ്പാത്തിയും ഉരുളൻ കിഴങ്ങും പയ്യൻ ബുദ്ധിമുട്ടി കഴിച്ചു. എന്നിട്ട് പാത്രത്തിൽതന്നെ കൈ കഴുകി ഒഴിച്ചു.
പിന്നെയും വാർഡൻ വന്നു. വാതിൽ തുറന്നു. കുളിക്കാനുള്ള സമയമാണ്.
‘‘എറങ്ങിനെടേയ്.’’ മേശിരി നിർദേശിച്ചു. എന്തും ഏതും അയാളുടെ നിയന്ത്രണത്തിലാണ്. അമിതും പുറത്തിറങ്ങി ക്യൂവിൽ നിന്നു. ഒരാൾ, അയാളും തടവുപുള്ളി തന്നെ, ഓരോരുത്തരുടെ കൈയിലും വെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു. ഒരുപാട് വർഷങ്ങൾക്കു ശേഷം അമിത് തലയിൽ എണ്ണ തേയ്ച്ചു. വാർഡൻ നൽകിയ തോർത്തുടുത്ത് ടാങ്കിൽനിന്നും വെള്ളം കോരി കുളിച്ചു.
തല തോർത്തിയശേഷം അവൻ നാലുപാടും നോക്കി. കൂറ്റൻ മതിലുകളുടെ മറ. അതിനപ്പുറം ലോകമുണ്ട്. വിമാനത്താവളങ്ങളും പഞ്ചനക്ഷത്ര ഹോട്ടലുകളും കോർപറേറ്റുകളും ബഹുനില മന്ദിരങ്ങളും പ്രശ്നങ്ങളും വിശിഷ്ടമായ ഭക്ഷണങ്ങളും മദ്യവും.
വാട്ടർടാങ്കിനോട് ചേർന്ന് ഒരു വേപ്പുമരവും ഉണ്ട്. ക്യൂവിൽനിന്ന് അവൻ തിരികെ സെല്ലിലേക്ക് മടങ്ങി.
5.
‘‘നിന്റെ കേസെന്തായിരുന്നു?’’ അമിത് ആ പയ്യനോട് ചോദിച്ചു. അവൻ കുറച്ചുനേരം ഒന്നും മിണ്ടാതെയിരുന്നു. പിന്നെ കരഞ്ഞു. കുളി കഴിഞ്ഞുവന്ന തടവുപുള്ളികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് സംസാരിക്കുകയാണ്. സ്ഥിരം ജയിൽ സന്ദർശകരാണ്. അവർക്ക് യാതൊരുവിധ പരിഭ്രമങ്ങളുമില്ല. പരസ്പരം പരിചയക്കാരും സുഹൃത്തുക്കളും കൂട്ടുപ്രതികളുമൊക്കെയാണ്. ഗ്രൂപ്പിൽപെടാത്ത ചിലർ ഒറ്റക്ക് വിഷാദികളായി ഇരിക്കുന്നുണ്ട്. സെല്ലിന്റെ ഒരറ്റത്ത് നിന്നും ഇടക്കിടെ ചുമ കേൾക്കാം. പിന്നൊരുത്തന്റെ ഞരക്കങ്ങളാണ്. പൊലീസുകാർ ലോക്കപ്പിലിട്ട് ചതച്ചതാണ്. പഞ്ചസാര കലക്കി കുടിപ്പിച്ച ശേഷം ഇടിച്ച് പരുവമാക്കി.
‘‘എന്റത് പോക്സോ കേസാണ് ചേട്ടാ.’’ പയ്യൻ പറഞ്ഞു.
‘‘നീ ആരെയെങ്കിലും പീഡിപ്പിച്ചോ?’’
‘‘ഇല്ല. പ്രേമിച്ചു.’’
‘‘എന്നിട്ട്?’’
‘‘ചേട്ടാ, ഞങ്ങൾ ഒന്നിച്ച് പഠിച്ചവരാണ്. ഞങ്ങൾക്ക് തമ്മിൽ ഭയങ്കര ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ സെക്സ് ഒക്കെ ഉണ്ട്.’’
‘‘ഈ പ്രായത്തിലോ?’’
‘‘ആ. അതൊക്കെ എല്ലാ ലവേഴ്സ് തമ്മിലും ഉണ്ടല്ലോ.’’
‘‘എന്നിട്ട്?’’
‘‘അവൾ പ്രഗ്നന്റായി. ടീച്ചറോടാണ് അവൾ ആദ്യം പറഞ്ഞത്. പിന്നെ ആകെ പ്രശ്നമായി.’’
അമിതിന് ഭയങ്കര കൗതുകമായി.
‘‘അന്ന് എനിക്ക് പതിനെട്ട് വയസ്സ്. അവൾക്ക് 18 ആവാൻ ഒരു മാസം കൂടി വേണം. കേസായി. അവൾ കുട്ടി. ഞാൻ വലിയ ആൾ. അങ്ങനെ പോക്സോ കേസിട്ട് ഞാൻ അകത്തായി.’’
‘‘അവൾ ഒന്നും പറഞ്ഞില്ലേ?’’
‘‘അവളും പൊലീസിനോട് പറഞ്ഞു; നമ്മള് തമ്മില് ഇഷ്ടമാണെന്നൊക്കെ. പക്ഷേ, പൊലീസ് കേട്ടില്ല.’’
‘‘ഇനി നീ എന്തുചെയ്യും?’’
‘‘ഇവിടന്നിറങ്ങട്ടെ. ഞാനും അവളും കല്യാണം കഴിക്കും.’’
അമിത് ഒന്ന് ദീർഘനിശ്വാസം വിട്ടു.
6.
ജയിലറക്കുള്ളിൽ അനങ്ങാത്ത ഒന്ന് സമയമാണ്. മറ്റൊന്നും ചെയ്യാനില്ലാത്ത പുള്ളികൾ വളഞ്ഞിരുന്ന് കഥകൾ പറയുകയാണ്. ബീഡിപ്പുകയുടെ തീക്ഷ്ണമായ നാറ്റം സെല്ലിനുള്ളിൽ നിറഞ്ഞു നിന്നു.
‘‘ബ്രോ, നിങ്ങള് എന്തരെങ്കിലും കഴി. ഇല്ലെങ്കിൽ വീഴും.’’
പയ്യൻ അവന്റെ പാത്രം അമിതിന്റെ അടുക്കലേക്ക് നീക്കിവെച്ചു. അയാൾ ഒരു കഷ്ണം ചപ്പാത്തി എടുത്തു. വായിലേക്ക് വെച്ചതേയുള്ളൂ, അയാൾക്ക് ഓക്കാനം വന്നു.
മണി പത്ത് കഴിഞ്ഞു.
‘‘എടോ, തനിക്ക് വിസിറ്റേഴ്സ് ഉണ്ട്. ഇറങ്ങി വാ.’’ വാർഡൻ വന്ന് പൂട്ട് തുറന്നു. അമിത് പുറത്തിറങ്ങി. ആരാണ്? ദയ ആവും. ഈ ദുരവസ്ഥ അവൾ കാണണമല്ലോ എന്നോർത്തപ്പോൾ ജാള്യത തോന്നി. കൈകൾ ഒന്നിച്ച് വീശി. മുഖത്ത് ഇല്ലാത്ത പ്രസന്നത വരുത്തിയതായി സ്വയം വിശ്വസിച്ചു. വിരൽകൊണ്ട് മുടി ഒതുക്കി. വാർഡന് പിന്നാലെ നടന്നു.
സന്ദർശകർക്കുള്ള മുറിയിൽ ദയ ഇരിക്കുന്നു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദുഷ്കരമായ സിറ്റ്വേഷൻ. എന്നാൽ, ദയയുടെ മുഖത്ത് സംഘർഷമൊന്നും കണ്ടില്ല. അതു ശ്രദ്ധിച്ചപ്പോൾ അമിതിനും റിലാക്സേഷൻ തോന്നി. ഒരു കുറ്റവും ചെയ്യാതെയാണ് താൻ ഇതിനകത്തായത്. അതറിയാം. എന്നാൽ, അത്ര സിംപിളല്ലാത്ത കുറ്റകൃത്യമാണ് തന്റെ മേൽ ആരോപിച്ചിട്ടുള്ളത്. എന്നാലും താനൊരു കുറ്റവാളിയല്ല. ഈ തടവ് ജീവിതം അനുഭവിച്ചേ മതിയാവൂ. എന്നിരുന്നാലും.
ദയ അമിതിന്റെ കൈപിടിച്ചു. പിന്നെ ചിരിച്ചു.
‘‘നീ പേടിക്കണ്ട. ലാസർ സാറും വന്നിട്ടുണ്ട്. വക്കീലും ഉണ്ട്. ഇന്ന് പതിനൊന്ന് മണിക്ക് തന്നെ ബെയിൽ ആപ്ലിക്കേഷൻ കൊടുക്കും. ഡ്രഗ് കേസായതുകൊണ്ട് അത്ര എളുപ്പമല്ല. എന്നാലും നോക്കാം എന്നാണ് വക്കീൽ പറഞ്ഞത്. ഇവിടെ നീ ഒാക്കേയല്ലേ? ജയിലിൽ കിടക്കണമെന്ന് നീ ആഗ്രഹിച്ചതുമാണല്ലോ.’’
‘‘ആ!’’
പ്രഫ. ലാസറും ഒപ്പം വക്കീലും അവിടേക്ക് വന്നു.
‘‘വലിയ വലിയ പ്രശ്നങ്ങൾ തീർക്കുന്ന ആളാ.’’ ലാസർ ചിരിച്ചുകൊണ്ട് വക്കീലിനോട് പറഞ്ഞു. ‘‘പക്ഷേ, പണി പാളി.’’ ലാസറിന്റെ ചിരി കണ്ടപ്പോൾ അമിതും ചിരിച്ചുപോയി.
‘‘എൻ.ഡി.പി.എസ് കേസാണ്. ജാമ്യം അത്ര എളുപ്പമല്ല.’’ വക്കീൽ പറഞ്ഞു. ‘‘അതു പോട്ടെ. ആ സ്റ്റഫ് തന്റെ ബൈക്കിൽ എങ്ങനെ വന്നു?’’
‘‘അതറിയില്ല സാർ.’’
‘‘ശരി.’’ അയാൾ കുറെ കടലാസുകളിൽ ഒപ്പിട്ട് വാങ്ങി. ‘‘ബെയിൽ ആപ്ലിക്കേഷനുകൾ ജഡ്ജ് ഉച്ചക്ക് ശേഷമേ എടുക്കാറുള്ളൂ. നമുക്ക് നോക്കാന്നേ. വൈകുന്നേരം ഓർഡറായാൽ ഇന്നുതന്നെ ഇറങ്ങാം. പേടിക്കണ്ട.’’
സന്ദർശകർക്കുള്ള സമയം കഴിഞ്ഞു. മൂവരും മടങ്ങിപ്പോയി. വാതിൽക്കൽ എത്തിയപ്പോൾ ദയ ഒന്നുകൂടി തിരിഞ്ഞു നോക്കി. നിമിഷങ്ങളോളം ഇരുവരുടെയും കണ്ണുകൾ കോർത്തുനിന്നു. അവളുടെ കണ്ണുകളിൽ കുസൃതിക്കാരനായ കുട്ടിയെ സാകൂതം നോക്കുന്ന ഒരമ്മയെ അവൻ കണ്ടു.
7.
ഈ സമയം അമിത് ജയിൽമുറിയിൽ സഹതടവുകാർക്കിടയിൽ ഇരിക്കുകയാണ്. നിലത്ത് കുന്തിച്ചിരുന്ന് മുട്ടുകാലുകളിൽ കൈകോർത്ത് ഇരുണ്ട ഭാവിയിലേക്ക് നോക്കി അയാളിരുന്നു. അയാളുടെ താടിരോമങ്ങൾ വളരാൻ തുടങ്ങിയിരിക്കുന്നു. ലോകത്ത് കുടുസ്സുമുറികളുണ്ട് എന്നും ജീവിതം സങ്കൽപിക്കുന്നതിനെക്കാൾ യാദൃച്ഛികതകൾ നിറഞ്ഞതാണെന്നും അയാൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ഇത്രനാളും പുറത്തുനിന്നാണ് അയാൾ പ്രശ്നങ്ങളെ കണ്ടിട്ടുള്ളത്. പുറത്തുനിൽക്കുന്നവർക്ക് ഒരുപാട് പരിഹാരങ്ങൾ നിർദേശിക്കാനുണ്ടാവും. ഇപ്പോൾ അയാൾതന്നെ ഒരു പ്രശ്നമായിരിക്കുന്നു. ജയിലിൽപെട്ട മനുഷ്യൻ ആത്യന്തികമായി നിസ്സഹായനാണ്. ചുറ്റുപാടുമുള്ള മനുഷ്യരുടെ കരുണയിലാണ് അയാളുടെ ഭാവി. അയാളുടെ മുന്നിൽ ഒരു പാത്രത്തിൽ ജയിൽ ഭക്ഷണം. കീറിയ പായ. റൊട്ടിക്കഷണത്തെ നോക്കി അയാൾ ഏറെനേരം മിണ്ടാതിരുന്നു. കുസൃതികൾ എത്ര പെട്ടെന്നാണ് കാര്യമായി മാറുന്നത്.
അയാളുടെ ആ ഇരിപ്പ് ജയിൽമുറിയിൽ ഒപ്പമുണ്ടായിരുന്ന ഒരു പ്രതിക്ക് ഇഷ്ടപ്പെട്ടില്ല. അവൻ കൈയോങ്ങി അമിതിന്റെ പിൻതലയിൽ അടിച്ചു. കിളിപോയ അവസ്ഥ. ‘‘ഡാ, മ@!’*@, ജയില് സുഖിക്കാനൊള്ള സ്ഥലമാണെന്ന് കരുതിയാ...’’ അവൻ ഭീഷണിപ്പെടുത്തി. മറ്റു തടവുകാർ അതുകണ്ട് പൊട്ടിച്ചിരിച്ചു.
അമിത് അയാളെ തുറിച്ച് നോക്കുക മാത്രം ചെയ്തു. അല്ലാതെ മറ്റൊന്നും സാധ്യമല്ല. ഏതുതരം മനുഷ്യരാണ് ഒപ്പം ഉള്ളതെന്നറിയില്ല. ശീതീകരിച്ച മുറികൾ, വാഹനങ്ങൾ, വിമാനയാത്രകൾ, വിദേശ സഞ്ചാരങ്ങൾ. ഇതുവരെ ഇടപെട്ട ഇടങ്ങളിലൊന്നും ഇത്തരം മനുഷ്യരെ കണ്ടിട്ടില്ല.
അയാൾ പാത്രത്തിൽ വിളമ്പിവെച്ച ഭക്ഷണം ഉരുട്ടി ഭക്ഷിക്കാൻ ശ്രമിച്ചു. രണ്ട് ഉണക്ക ചപ്പാത്തിയും ഒരു കഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും മാത്രം.
ആ നിമിഷം അയാൾക്ക് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കർഷകരെ ഓർമ വന്നു. 2019ലാണ് പെപ്സികോയുടെ പ്രതിനിധി വിളിക്കുന്നത്. ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനുള്ള FC5 പൊട്ടറ്റോയുടെ പേറ്റന്റ് പെപ്സി കമ്പനിക്കാണ്. 1989 മുതൽ ഗുജറാത്തിൽ അവർ ആ വേര്യന്റ് കൃഷിചെയ്തു വരുന്നുണ്ട്. വളരെ ഈർപ്പം കുറഞ്ഞ ഈയിനം പൊട്ടറ്റോയുടെ വിത്ത് കമ്പനി പ്രദേശത്തെ കർഷകർക്ക് വിതരണംചെയ്യും. നേരത്തേ നിശ്ചയിച്ച വിലപ്രകാരം കമ്പനി തന്നെ വിളവ് തിരികെ വാങ്ങും. എന്നാലിപ്പോൾ, കമ്പനിയുടെ അറിവോ സമ്മതമോ ഇല്ലാതെ കുറച്ച് കർഷകർ ഈ ഉരുളക്കിഴങ്ങ് കൃഷിചെയ്യാൻ തുടങ്ങിയിരിക്കുന്നു. പേറ്റന്റ് ലംഘനത്തിന് ഓരോ കർഷകനിൽനിന്നും പത്ത് മില്യൺ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പെപ്സികോ ഇന്ത്യ കേസ് ഫയൽചെയ്തു. 2001ലെ ആക്ട് പ്രകാരമായിരുന്നു കേസ്. കർഷകർ നെട്ടോട്ടമായി. കർഷകരെ ഒന്ന് വിരട്ടണമെന്ന് മാത്രമേ കമ്പനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. എന്നാൽ, കർഷകർ ഒരുപടി കൂടി മുന്നോട്ടുപോയി. Protection of Plant Varieties and Farmers’ Rights Act, 2001 പ്രകാരം FC5 പൊട്ടറ്റോയുടെ പേറ്റന്റിന് അപേക്ഷിച്ചപ്പോൾ നൽകിയ രേഖകൾ മാനിപുലേറ്റഡ് ആണെന്ന് കാണിച്ച് അവർ കോടതിയിൽ വാദം തുടങ്ങി. കവിത കുറുഗന്തി എന്ന കർഷക ആക്ടിവിസ്റ്റ് അവർക്ക് പിന്തുണ നൽകി.
ഈ ഘട്ടത്തിലാണ് ആർബിട്രേഷന്റെ സാധ്യത ആരാഞ്ഞുകൊണ്ട് പെപ്സികോ ഇന്ത്യയുടെ എക്സിക്യൂട്ടിവ് വിളിക്കുന്നത്.
ചിന്ത ഇത്രയുമായപ്പോൾ തൊട്ടടുത്തുനിന്ന് ഒരലർച്ച കേട്ടു. ‘‘ഫ! അവന് പിടിച്ചില്ല. തിന്നടാ. നിനക്കിത് ടൂറിസ്റ്റ് സെന്റർ. ഞങ്ങക്കേ, ഇത് വീടാണ്. വീട്. ഏത് സമയത്തും വന്നുകേറാവുന്ന വീട്. ഭവനം. ഭവനം.’’ ഇരുമ്പ് പോലെ ഉറച്ച ശരീരമുള്ള ഒരുത്തൻ.
‘‘ഞായറാഴ്ച മട്ടൻ, തിങ്കളാഴ്ച പായസം. മൂന്നുനേരം ആവശ്യത്തിന് തട്ടാം ബായി. ഒന്ന് ശീലമാകുന്ന പ്രയാസമേ ഒള്ള്. ഞണ്ണിക്കോ. ഒരിക്കൽ ഇതിനകത്ത് കേറിയാൽ വീണ്ടും വീണ്ടും വരാൻ തോന്നും.’’ നീളൻ ചെവികളുള്ള മറ്റൊരുത്തൻ. ശീതീകരിച്ച നക്ഷത്ര ഓഫിസ് മുറികളിൽനിന്നും അമിത് ഒറ്റയടിക്ക് ജയിലറയുടെ യാഥാർഥ്യത്തിലേക്ക് താഴ്ന്നുവന്നു.

8.
നാലരമണി കഴിഞ്ഞു. വക്കീൽ പറഞ്ഞപ്രകാരം ഉച്ചക്കുശേഷം ജാമ്യം കിട്ടേണ്ടതാണ്. സാങ്കേതികമായ താമസങ്ങൾ ഉണ്ടാവാം. ജഡ്ജി മൂന്നുമണിക്ക് ജാമ്യം അനുവദിക്കും. മറ്റ് നടപടിക്രമങ്ങൾ കഴിഞ്ഞ് റിലീസ് ഓർഡർ ജയിലിൽ എത്താൻ 5 മണിയെങ്കിലും ആവും. അമിതിന് ആശ്വാസംതോന്നി. ഇനി ഏതാനും മണിക്കൂറുകൾകൂടി. വരുത്തിവെച്ചതാണെങ്കിലും ജയിൽ എന്ന അനുഭവംകൂടി കഴിഞ്ഞിരിക്കുന്നു. അവൻ എഴുന്നേറ്റുനിന്ന് മൂരിനിവർത്തി. കൈകൾ നിവർത്തി കുടഞ്ഞു. ഉറങ്ങാത്തതിന്റെ ക്ഷീണമുണ്ട്. വിശപ്പും. വിശന്നിട്ടുതന്നെ എത്രയോ കാലമായതുപോലെ.
അപ്പോൾ വാർഡൻ വന്നു. ജനലഴികൾക്കിടയിലൂടെ അയാളുടെ മുഖം കാണാം. ചെറുപ്പക്കാരനാണ്. സിനിമകളിൽ കാണുന്ന കപ്പടാ മീശക്കാരും ഗുണ്ടകളും ഒന്നുമല്ല ജയിൽ ജീവനക്കാർ. പി.എസ്.സി പരീക്ഷ എഴുതിവരുന്ന ബിരുദധാരികളൊക്കെയാണ്. എന്നാലവരും ഈ സിസ്റ്റത്തിന്റെ ഭാഗമായി മാറുമ്പോൾ ബിരുദങ്ങളൊക്കെ അഴിച്ചുമാറ്റി ആന്തരികമായി ഒരു കപ്പടാമീശ എടുത്തണിയുകയാണ്. രാവിലത്തെ വാർഡനല്ല. ഇയാൾക്ക് ഒരു പിഞ്ചു ദൈവത്തിന്റെ രൂപം.
‘‘അമിത് പുറത്തുവരൂ.’’ ഗ്രിൽ തുറന്നുകൊണ്ട് അയാൾ വിളിച്ചു.
സ്വാതന്ത്ര്യത്തിലേക്കുള്ള ക്ഷണമാണ്. നന്ദി കാരാഗൃഹമേ. അമിത് എണീറ്റ് ഷർട്ടിന്റെ കുടുക്ക് നേരേയിട്ടു. വാതിലിന് പുറത്തിറങ്ങിയപ്പോൾ ചെറു കാറ്റ് വീശി. ജീവിതത്തിലേറ്റ ഏറ്റവും സുഖദമായ കാറ്റായിരുന്നു അത്.
വിസിറ്റിങ് ഏരിയയിൽ കസേരയിൽ കാത്തിരിക്കുന്ന ദയയെ അവൻ ദൂരെ നിന്നുതന്നെ കണ്ടു. അടുക്കലേക്ക് നടന്നുവരുന്ന അവനെക്കണ്ട് ദയ പെട്ടെന്ന് എഴുന്നേറ്റു. അവളുടെ മുഖത്ത് തീരെ സന്തോഷമില്ല എന്ന് കണ്ടപ്പോൾ അവനും അശുഭകരമായ വാർത്ത മണത്തു.
‘‘ബെയിൽ കിട്ടിയില്ല.’’ ദയ മുഖത്തു നോക്കാതെ പറഞ്ഞു. അവൻ ദയയുടെ കൈകൾ ചേർത്തുപിടിച്ചു. അടുത്ത നിമിഷത്തിൽ അവൻ പൊട്ടിക്കരഞ്ഞു പോയി. ‘‘എല്ലാം കൈവിട്ടുപോയല്ലോടാ.’’ അവൻ പെട്ടെന്ന് പ്രൗഢികളൊക്കെ അഴിച്ചുവെച്ച ഒരു സാധാരണ മനുഷ്യനായി മാറി. ദയ അവനെ തൊട്ടിരുന്നു.

‘‘റിയലി ഇറ്റ്സ് ട്വിസ്റ്റ് ആഫ്റ്റർ ട്വിസ്റ്റ്. സലിമിന്റെ മരണം നീ പ്രതീക്ഷിച്ചില്ല. കളി നടക്കുന്നതിനിടെ സ്ക്രിപ്റ്റ് മാറിയതുപോലെ. ഞാനും. ബട്ട് നീ ഒന്നും സംഭവിക്കാതെ പുറത്തുവരും. പേടിക്കണ്ട. നീ കുറ്റമൊന്നും ചെയ്തിട്ടില്ലല്ലോ. പക്ഷേ, കുറച്ച് രാത്രികൂടി നീ സെല്ലിനുള്ളിൽ കഴിയേണ്ടിവരും.’’
അമിത്: അതെന്തു പറ്റി?
ദയ: ഒന്നുമില്ല. എൻ.ഡി.പി.എസ് കേസ് ആയതുകൊണ്ട് പെട്ടെന്ന് ജാമ്യം കിട്ടില്ലെന്നാണ് വക്കീൽ പറഞ്ഞത്. നിനക്ക് ഒന്നും സംഭവിക്കില്ല. ബട്ട്, മിനിമം തൊണ്ണൂറ് ദിവസം. അകത്ത് കിടക്കേണ്ടിവരും.
‘‘തൊണ്ണൂറ് ദിവസം?’’ അമിതിന് ഞെട്ടൽ മറച്ചുവെക്കാൻ കഴിഞ്ഞില്ല.
ദയ: ഉം. അല്ലെങ്കിൽ എന്തെങ്കിലും മഹാത്ഭുതം സംഭവിക്കണം.
അമിത്: എന്നുവെച്ചാൽ?
ദയ: എന്നുവെച്ചാൽ... ആ? പിന്നെ ആ സ്റ്റഫ് അവർ ടെസ്റ്റിങ്ങിനായി ലാബിൽ അയച്ചിട്ടുണ്ട്. വെയ്റ്റിങ് ഫോർ റിസൽട്ട്. അവിടെ എന്തോ ഡിലേ ഉണ്ട്. ടെക്നിക്കൽ.
അമിത്: ഹാ! വോട് എബൗട്ട് മൈ ഹാർളി?
ദയ: ഇറ്റ്സ് സേഫ് അറ്റ് ദ പൊലീസ് സ്റ്റേഷൻ. നീ എന്ത് കഴിച്ചു?
അമിത്: നതിങ്.
ദയ: ആർ യൂ ഫാസ്റ്റിങ്?
അമിത്: നോ. എനിക്ക് ഈ വൃത്തികെട്ട ഭക്ഷണം കൈകൊണ്ട് തൊടാൻപോലും പറ്റുന്നില്ല.
ദയ: സീ, യൂ ആർ ഡയബറ്റിക് റിസ്കി ആൻഡ് അറ്റ് മിഡ് ലൈഫ്. കിട്ടുന്നത്
കഴിക്ക് മോനേ.
അമിത്: നീ ജയിലിലെ ടോയ്ലെറ്റ് കണ്ടിട്ടുണ്ടോ?
ദയ: എനിക്കുള്ളതല്ല ജയിൽ. വൺ മോർ തിങ്. മീര എന്റെ ഫോണിൽ വിളിച്ചിരുന്നു. അവളുടെ ഫസ്റ്റ് ആർബിട്രേഷൻ സക്സസ് ആയില്ല. ഷീ നീഡ്സ് യുവർ ഹെൽപ്. ബട്ട് ഇവിടത്തെ സിറ്റ്വേഷൻ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല.
അമിത്: എന്തുപറ്റി എന്നാണ്?
ദയ: കർഷകരുടെ ഭാഗത്തുനിന്നും അപ്രതീക്ഷിതമായ റെസിസ്റ്റൻസ് ഉണ്ടാവുന്നെന്ന്.
അപ്പോഴേക്കും ജയിലർ വന്ന് സമയം കഴിഞ്ഞതായി അറിയിച്ചു. ദയ കൊണ്ടുവന്ന ഭക്ഷണപ്പൊതി അവന് കൊടുത്തു. ബിരിയാണിയാണ്. ജയിലധികൃതർ അത് തുറന്ന് പരിശോധിച്ചിട്ടുണ്ട്. അമിത് ദയയുടെ കൈകളിൽ ബലപ്പിച്ച് പിടിച്ചു. സന്ദർശകമുറിയിൽ ഈ രംഗം എത്രായിരം തവണ ആവർത്തിച്ചിട്ടുണ്ടാവും. ദയ പിന്തിരിഞ്ഞു നടന്നു. അവൻ അങ്ങനെതന്നെ നിന്നു. ഏതൊരു പുരുഷനെയുംപോലെ ഒരു തിരിഞ്ഞുനോട്ടം അവൻ പ്രതീക്ഷിച്ചു. ദയ തിരിഞ്ഞുനോക്കിയില്ല. അയാൾ നിറഞ്ഞ കണ്ണുകളോടെ ദയയെ നോക്കിനിന്നു. അവന്റെ ചുണ്ടുകൾ വിറക്കുകയും തൊണ്ട വരളുകയുംചെയ്തു. പാരതന്ത്ര്യത്തെക്കുറിച്ച് എന്നോ വായിച്ച വരികൾ അവ്യക്തമായി അവന്റെ മനസ്സിലൂറി വന്നു. ദയ വേഗത്തിൽ കാഴ്ചയിൽനിന്നും മറഞ്ഞു.
ജയിലുകൾ നിരപരാധികൾക്കുകൂടി ഉള്ളതാണ്. ഒന്നുമറിയാതെ തെന്നിത്തെന്നി ഒരു ചുഴിയിലേക്കെന്നപോലെ ചിലർ പെട്ടുപോകുന്നു. അങ്ങനെ ഒരുത്തനായിരുന്നു പേരറിവാളൻ. പത്തൊമ്പത് വയസ്സിലാണ് അവൻ ജയിലിലായത്. അറിയാതെ ചെയ്തുപോയ അബദ്ധത്തിന്. അവനോട് ബാറ്ററി വാങ്ങിക്കൊടുക്കാൻ ആരോ പറഞ്ഞു. അവൻ അതു ചെയ്തു. ആ ബാറ്ററി ടൈംബോംബിൽ ഘടിപ്പിച്ചു. ശ്രീപെരുംപതൂരിൽ രാജീവ് ഗാന്ധിക്ക് നേരെ ആ ബോംബ് പ്രയോഗിച്ചു. പത്തൊമ്പതുകാരന്റെ ജീവിതം പിന്നെ ജയിലിലാണ്. കോടതി മറ്റു പ്രതികൾക്കൊപ്പം അവന് വധശിക്ഷ വിധിച്ചു. എല്ലാവരും അവനെ കൈവിട്ടു. അവന്റെ അമ്മ ഒഴികെ. പരുന്തുകളെ നേരിടുന്ന തള്ളക്കോഴിയുടെ കരുത്തോടും വീര്യത്തോടും അമ്മ പോരാട്ടം തുടർന്നു. ഒടുവിൽ അവന്റെ വധശിക്ഷ സുപ്രീംകോടതി ഇളവുചെയ്തു. പിന്നെയും അവൻ ജയിലിൽ തുടർന്നു. ഒടുവിൽ മുപ്പത് വർഷത്തെ കാരാഗൃഹവാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവന് അമ്പത്തൊന്ന് വയസ്സ് പൂർത്തിയായിരുന്നു. ജയിൽ അവന്റെ കൗമാരവും യൗവനവും കാർന്നുതിന്നു കഴിഞ്ഞിരുന്നു. അകത്തേക്ക് പോയത് ചോരതുടിക്കുന്ന യുവാവായിരുന്നു. തിരികെ വന്നത് ചണ്ടി. ജയിലിനുള്ളിൽ പൗരൻ ഇല്ല. അവകാശങ്ങളില്ലാത്ത ജീവി. അതാണ് പദവി.