Begin typing your search above and press return to search.

ലോക്കപ്പ്

ലോക്കപ്പ്
cancel

9. ജയിലിന് പുറത്തിറങ്ങിയശേഷം ദയ ഒന്നു തിരിഞ്ഞുനോക്കി. എന്നിട്ട് അടഞ്ഞ വാതിലിനെ നോക്കി പുഞ്ചിരിച്ചു. പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ട് ചെയ്ത്, യൂട്യൂബിൽ റാപ് മൂഡുള്ള പാട്ട് ​െവച്ചു. താളംപിടിച്ച് ആസ്വദിച്ച് അവൾ വേഗത്തിൽ കാറോടിച്ചു. എത്ര തിരക്കുള്ള മനുഷ്യനായിരുന്നു അമിത്. മാസത്തിലെ എല്ലാ ദിവസവും കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് തന്നെ അയാൾ ജീവിച്ചു. ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. ഒരുപാട് സംവിധാനങ്ങളും സ്റ്റാഫും പണവും അമിതിനുവേണ്ടി പണിയെടുത്തു. അവൾ കാർ നിർത്തി. വാട്സ്ആപ് തുറന്ന്, അമിതിന്റെ ഈ മാസത്തെ ഷെഡ്യൂൾ നോക്കി. അതുപ്രകാരം ഇന്നയാൾ തനിക്കൊപ്പം മുംബൈയിൽ തിരിച്ചെത്തേണ്ടതായിരുന്നു. കാറിലെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

9.

ജയിലിന് പുറത്തിറങ്ങിയശേഷം ദയ ഒന്നു തിരിഞ്ഞുനോക്കി. എന്നിട്ട് അടഞ്ഞ വാതിലിനെ നോക്കി പുഞ്ചിരിച്ചു. പാർക്ക് ചെയ്തിരുന്ന കാർ സ്റ്റാർട്ട് ചെയ്ത്, യൂട്യൂബിൽ റാപ് മൂഡുള്ള പാട്ട് ​െവച്ചു. താളംപിടിച്ച് ആസ്വദിച്ച് അവൾ വേഗത്തിൽ കാറോടിച്ചു. എത്ര തിരക്കുള്ള മനുഷ്യനായിരുന്നു അമിത്. മാസത്തിലെ എല്ലാ ദിവസവും കൃത്യമായ ഷെഡ്യൂൾ അനുസരിച്ച് തന്നെ അയാൾ ജീവിച്ചു. ഒന്നിനും ഒരു തടസ്സവും ഉണ്ടായില്ല. ഒരുപാട് സംവിധാനങ്ങളും സ്റ്റാഫും പണവും അമിതിനുവേണ്ടി പണിയെടുത്തു. അവൾ കാർ നിർത്തി. വാട്സ്ആപ് തുറന്ന്, അമിതിന്റെ ഈ മാസത്തെ ഷെഡ്യൂൾ നോക്കി. അതുപ്രകാരം ഇന്നയാൾ തനിക്കൊപ്പം മുംബൈയിൽ തിരിച്ചെത്തേണ്ടതായിരുന്നു.

കാറിലെ പാട്ട് ഓഫ് ചെയ്ത് അവൾ എഫ്.എം റേഡിയോ ഓൺ ചെയ്തു. നാഗർകോവിൽ വാനൊലി നിലയത്തിൽനിന്നുള്ള സംപ്രേഷണം ഈ ഭാഗത്ത് കിട്ടാറുണ്ട്. തിരുവട്ടാറിലെ ഒരു മുയൽ കർഷകനുമായുള്ള അഭിമുഖമാണ് കേൾക്കുന്നത്. അയാളുടെ ശബ്ദം കേട്ടപ്പോൾ ദയക്ക് തന്റെ പിതാവിനെ ഓർമ വന്നു. ഏക്കർ കണക്കിന് വയലും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിട്ടും സ്വയം പണിയെടുക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനാണ്. ‘‘നയിച്ചു തിന്നണം. വിയർക്കണം. അല്ലെങ്കിൽ ദഹിക്കൂല.’’ ഇതായിരുന്നു അച്ഛന്റെ പോളിസി. ദയയെ കൃഷിശാസ്ത്രജ്ഞ ആക്കണം എന്നായിരുന്നു ആഗ്രഹം. ദയ പക്ഷേ, പഠിച്ചത് സാഹിത്യമായിരുന്നു.

കാർ നിർത്തി അവൾ ഐ മിസ് യൂ എന്ന് ടൈപ് ചെയ്ത് അമിതിന്റെ വാട്സ്ആപ്പിലേക്ക് അയച്ചു. ജയിലിന്റെ ലോക്കറിൽ സിം കാർഡ് വേർപെട്ട് അസ്തിത്വം ഇല്ലാതായ ആ ഫോൺ അതറിഞ്ഞതേയില്ല.

10.

സ്റ്റോർ റൂമിൽനിന്നും വെള്ളമുണ്ടും ഷർട്ടുമായി വാർഡൻ വന്നു. ‘‘എടേ, നിന്റെ ഡ്രസ്സൊക്കെ മാറ്റ്. ഇനിത്തൊട്ട് യൂനിഫോം ഇടണം. ഇന്നു മുതൽ വലിയ പദവിയാണ് നിനക്ക്.’’ മൂലയിൽ മാറിനിന്ന് അമിത് പുതിയ വസ്ത്രം ധരിച്ചു.

‘‘എനിക്കൊന്ന് കണ്ണാടി നോക്കണം.’’ അമിത് പറഞ്ഞു. വാർഡൻ അയാൾക്ക് കണ്ണാടി ചൂണ്ടിക്കാണിച്ചുകൊടുത്തു. അവൻ കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്നു. കണ്ണാടി അവനെ അവന് കാട്ടിക്കൊടുത്തു. ക്ഷീണിച്ച, മുഖത്തെ കുറ്റിരോമങ്ങൾ നരച്ച തികച്ചും അപരിചിതൻ. വെള്ളവസ്ത്രത്തിൽ യഥാർഥ ജയിൽപ്പുള്ളി.

‘‘ദാ, ഇതും കൂടി വച്ചോ.’’ സ്റ്റീൽ പാത്രവും കപ്പും കൈയിലേക്ക് ​െവച്ചു കൊടുത്തിട്ട് വാർഡൻ പറഞ്ഞു.

കണ്ണാടിയിലെ രൂപം ഇപ്പോൾ പൂർണമായിക്കഴിഞ്ഞു. യാചകനിലും താഴ്ന്ന പദവിയിൽ ഒരു നിസ്സഹായനായ മനുഷ്യൻ.

അയാൾ പുതിയ വേഷത്തിൽ സെല്ലിനുള്ളിൽ കയറിച്ചെന്നു. സെല്ലിൽ കയറിയ ഉടനെ മേശിരിയും മറ്റു പ്രതികളും ഓടിവന്നു. അമിതിന്റെ കൈയിലെ ബിരിയാണി തട്ടിപ്പറിച്ചു.

‘‘എന്തെരെടേ നെനക്ക് ജാമ്യമൊന്നും കിട്ടീല്ലേ.’’ ആരൊക്കെയോ ഒരുമിച്ച് ചോദിച്ചു.

‘‘ഇല്ല.’’

എന്താണ് സംഭവിക്കുന്നത് എന്നറിയും മുമ്പേ പൊതിയഴിച്ച് അവർ ബിരിയാണി തിന്നുതീർത്തു. നല്ല വിശപ്പുണ്ടായിട്ടും അമിതിന് ചിരിക്കാനാണ് തോന്നിയത്.

‘‘ഇന്നാ ഈ പേപ്പറ് അങ്ങോട്ടിട്ടേരെ.’’ ഒരുത്തൻ പൊതി ചുരുട്ടി അമിതിനെ ഏൽപിച്ചു. അത് മൂലയിലെ ബക്കറ്റിലിട്ട ശേഷം അവൻ പായയിൽ വന്നിരുന്നു.

അപ്പോൾ സന്തോഷ് അമിതിന്റെ അടുക്കലേക്ക് വന്നു.

‘‘യഥാർഥത്തിൽ ജയിലുകളെ ഭീകരമാക്കുന്നത് അതിനുള്ളിലെ മനുഷ്യരാണ്.’’ അമിത് തലയുയർത്തി അയാളെ നോക്കി. ‘‘വേണമെങ്കിൽ മുപ്പത് പേർക്ക് ഈ മുറി ധാരാളമാണ്. പുകവലിക്കാതെ, നിലം വൃത്തിയാക്കി സൂക്ഷിച്ച്, ഓരോ തവണയും കക്കൂസ് വൃത്തിയാക്കി ഉപയോഗിച്ചാൽ ഇതിനകം വലിയ പ്രശ്നമൊന്നുമില്ല. ഇതിനെക്കാൾ ഗതികെട്ട സാഹചര്യങ്ങളിൽ മനുഷ്യർ വസിക്കുന്നുണ്ട്. പക്ഷേ, അങ്ങനെ ചെയ്യില്ല. മനുഷ്യൻ അങ്ങനെയാണ്. മനുഷ്യൻതന്നെയാണ് നരകവും സൃഷ്ടിക്കുന്നത്.’’

പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

‘‘എന്തായി മാഷേ?’’ സെല്ലിന്റെ ഒരറ്റത്തുനിന്നും ഒരാൾ അടുത്തേക്ക് വന്നു. അയാൾ അമിതിന്റെ പായയോട് ചേർന്നിരുന്നു. ‘‘നിങ്ങളെ കണ്ടിട്ട് ഏതോ നല്ല കുടുംബത്തിൽ ഉള്ള ആളെപ്പോലെ തോന്നുന്നുണ്ട്. എന്തുപറ്റി?’’

‘‘ഡ്രഗ് കേസാണ്.’’

‘‘ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. ഡ്രഗ് കേസാണെന്നൊക്കെ എനിക്കും അറിയാം. ഇതിനകത്തുള്ള എല്ലാവരേയും എല്ലാവർക്കും അറിയാം. നിങ്ങൾ ഒരു ബീഡിപോലും വലിക്കുന്നത് കണ്ടില്ല. പിന്നെങ്ങനെ ഈ കേസിൽ ചെന്നുപെട്ടു?’’

‘‘ആ!’’ അമിത് മൂളുക മാത്രം ചെയ്തു.

‘‘കുഴപ്പമില്ല. പറയാൻ ബുദ്ധിമുട്ടാണെങ്കിൽ പറയണ്ട. ഞാൻതന്നെ ഇതുപോലെ പെട്ടുപോയതാണ്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ജയിൽ ശീലമായി. പതിനാലിന് ജാമ്യം കിട്ടും എന്നാണ് പ്രതീക്ഷ.’’

‘‘ഇപ്പോൾ എത്ര ദിവസമായി?’’

‘‘പത്ത്. അല്ലല്ല. പതിനൊന്ന്. ഓ. എത്രയോ എന്തോ? ഇവിടെ നമ്മൾ എങ്ങനെ എണ്ണാൻ നോക്കിയാലും ദിവസം തെറ്റും. സമയമാണ് ഇവിടെ ധാരാളം ഉള്ളത്. എടുത്തുപയോഗിക്കാൻ പറ്റില്ല. പക്ഷേ, സമയത്തെ കാണാൻ പറ്റും.’’

‘‘ങേ! അതെങ്ങനെ?’’ അമിത് അയാളെ സൂക്ഷിച്ചുനോക്കി. ജയിൽ ജീവിതം ഇയാളുടെ മാനസികനില തകരാറിലാക്കിയോ?

‘‘ആ കാണാൻ പറ്റും. നമ്മൾ കണ്ണടക്കണം. എന്നിട്ട് നമ്മുടെ തന്നെ ശ്വാസനിശ്വാസങ്ങളെ എണ്ണാൻ തുടങ്ങണം. ക്രമേണ നാം നമ്മുടെ ശ്വാസത്തെ കാണാൻ തുടങ്ങും. ഒരിലയിൽനിന്നും ഒരുതുള്ളി വെള്ളം അടർന്ന് വീഴുന്നപോലെ സമയം പൊഴിഞ്ഞുവീഴുന്നത് കാണാനാവും. അറുപത് ശ്വാസം ഒരു മിനിട്ട്. 3600 ശ്വാസം ഒരു മണിക്കൂർ. ഇപ്പോൾ ഇടയിലെവിടെയോ വച്ച് നമുക്ക് എണ്ണം തെറ്റിയെന്നും നമ്മൾ മറ്റെവിടെയോ വച്ച് പുതുതായി എണ്ണിത്തുടങ്ങിയതാണെന്നും നമ്മൾ തിരിച്ചറിയും. ക്രമേണ നിമിഷങ്ങൾക്ക് കനം വക്കും. ഒരിലത്തുമ്പിൽനിന്നും അടുത്ത ഇലയിൽ പതിക്കാൻ ജലത്തുള്ളിക്ക് ഒരു കൽപ്പാന്തം വേണ്ടിവരും. സമയത്തിന്റെ കനം നമ്മളറിയും. ഏറ്റവും സുലഭം എന്ന് നാം കരുതിയ സമയം ഏറ്റവും കനപ്പെട്ടതായി നാം അനുഭവിക്കും.’’

‘‘എന്തായിരുന്നു താങ്കളുടെ പേരിലുള്ള കേസ്?’’

‘‘വലിയ കേസാ.’’

‘എന്ത്?’

‘‘എസ്.സി/ എസ്.ടി അട്രോസിറ്റീസ് ആക്ടാണ്.’’

‘‘നോൺ ബെയ് ലബ്ൾ അല്ലേ?’’

‘‘അതാണല്ലോ അകത്തായത്.’’

‘‘എന്തായിരുന്നു സംഭവം.’’

‘‘ഞാൻ പഞ്ചായത്ത് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ട്, ജില്ല വികസന സമിതിയിൽ അയാൾക്കെതിരെ എം.എൽ.എ ചില പരാതികൾ പറഞ്ഞു. ഞാനയാളെ ക്യാബിനിൽ വിളിച്ച് ശാസിച്ചു. എന്റെ സ്വാഭാവികമായ ഉത്തരവാദിത്തം നിറവേറ്റി ഞാൻ വീട്ടിൽ പോയി. പിറ്റേന്ന് ഡിവൈ.എസ്.പി എന്നെ സ്റ്റേഷനിൽ വിളിപ്പിച്ചു. എനിക്കെതിരെ അട്രോസിറ്റീസ് ആക്ട് പ്രകാരം കേസുണ്ടെന്നും അറസ്റ്റ് ചെയ്യേണ്ടിവരും എന്നും അറിയിച്ചു. ഞാൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിനപേക്ഷിച്ചു. ആക്ടിൽ അങ്ങനെ ഒരു പ്രൊവിഷൻ ഇല്ല. ജില്ല കോടതിയിൽ പോയി സറണ്ടർ ചെയ്യാനാണ് ഹൈകോടതി നിർദേശിച്ചത്. ജില്ല കോടതി മുന്നും പിന്നും നോക്കാതെ റിമാൻഡ് ചെയ്തു.’’

‘‘വല്ലാത്ത കഷ്ടം തന്നെ.’’

 

‘‘നിങ്ങൾക്കറിയാമോ, എപ്പോഴും പ്രോ ദലിത്, പ്രോ മുസ്​ലിം നിലപാടെടുത്തിട്ടുള്ള ഒരു കമ്യൂണിസ്റ്റുകാരനാണ് ഞാൻ. ഓഫിസിൽ ജാതി സംബന്ധമായ സ്വകാര്യ സംഭാഷണങ്ങൾപോലും ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. ആ എനിക്കാണ്...’’ അയാൾ ഒന്നുനിർത്തി. നിരാശയോടെ അമിതിനെ നോക്കി. ‘‘ഞങ്ങളുടെ ഓഫിസിൽ ഒരു സംവരണ വിരുദ്ധ വാട്സ്ആപ് ഗ്രൂപ്പുണ്ട്. ‘തറവാടികൾ’ എന്നാണ് ഗ്രൂപ്പിന്‍റെ പേര്. എന്നെക്കൂടി അതിൽ അവർ ചേർത്തു. വിയോജിപ്പ് പറഞ്ഞുകൊണ്ടു തന്നെ ഞാൻ പുറത്തിറങ്ങി. ഞാൻ മാത്രം. ആ എന്നോടാണ്...’’

‘‘ഇപ്പോൾ താങ്കൾക്ക് ആ വിഭാഗം മനുഷ്യരോട് വൈരാഗ്യം തോന്നുന്നുണ്ടോ?’’

‘‘ഒരിക്കലും ഇല്ല. ഇതേ ചോദ്യം ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. നിയമങ്ങൾക്ക് കൃത്യമായും ഒരു ഉദ്ദേശശുദ്ധി ഉണ്ടാവും. അത് വളരെ ക്രൂക്കഡായ മനുഷ്യർ ദുരുപയോഗംചെയ്യും. അത്തരം മനുഷ്യർ എല്ലാ വിഭാഗത്തിലും ഉണ്ടാവുമല്ലോ. അതിന് ആ വിഭാഗത്തെ മൊത്തം വെറുക്കാനാവുമോ? എത്രയോ മനുഷ്യർക്ക് നീതി ലഭ്യമാക്കേണ്ട നിയമമാണത്. ഞാനതിന്റെ ഇരയാണ്. എന്നാലും എനിക്ക് വെറുപ്പില്ല.’’

അമിത് അയാളെ സൂക്ഷിച്ചുനോക്കി. അയാൾ ആത്മാർഥമായി തന്നെയാണ് പറയുന്നത്. ‘‘നിയമങ്ങൾ വാദികളെയും പ്രതികളെയും മാത്രമല്ല, ഇരകളെക്കൂടി സൃഷ്ടിക്കുന്നുണ്ട്.’’

‘‘നിങ്ങൾക്ക് വിശക്കുന്നില്ലേ?’’

‘‘ഉണ്ട്.’’ അമിത് പറഞ്ഞു.

അയാൾ പാത്രം നീക്കി​െവച്ചു. ‘‘ഇതു കഴിക്കൂ. ജീവിതത്തിന് പല രുചികളുണ്ട്. ചിലപ്പോൾ ഇനിക്കും. ചിലപ്പോൾ കയ്ക്കും.’’

അമിത് ഒരു കഷണം ചപ്പാത്തി പാതിവെന്ത ഉരുളൻ കിഴങ്ങിനൊപ്പം തിന്നു. ഇപ്പോൾ അയാൾക്ക് ഓക്കാനം വന്നില്ല.

 

11.

സലിമിന്റെ സംസ്കാരവും കഴിഞ്ഞു. അയാൾ പാടിയ ചില പാട്ടുകൾ ഒന്നുകൂടി യൂട്യൂബിൽ ഹിറ്റായി എന്നതൊഴിച്ചാൽ ദിവസങ്ങൾക്കുള്ളിൽ എല്ലാം സ്വാഭാവികമായി മാറി. മനുഷ്യരുടെ ഓർമകളിൽ നിന്നും അയാൾ വേഗം മറയാൻ തുടങ്ങി. അയാൾക്കൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീന കുറച്ചുദിവസം കൂടി അപകടത്തിന്റെ ആഘാതം മനസ്സിൽ കൊണ്ടുനടന്നു. ഇതിനിടയിലാണ് രാജേഷ് എന്ന സർക്കിൾ ഇൻസ്പെക്ടർ ജനമൈത്രി സ്റ്റേഷനിൽ പുതുതായി നിയമിതനായത്. ചാർജെടുക്കുന്നതിന്റെ തലേന്നാൾ സി.ഐ രാജേഷ് സിറ്റി പൊലീസ് കമീഷണറെ കാണാൻ ചെന്നു.

കമീഷണർ: ഒരു വട്ടു കേസായിരുന്നു സലിം. ഹിസ് പ്രൈമറി മോട്ടിവ് വോസ് ടു ബിക്കം എ സിങ്ങർ. പാട്ടിൽ അയാൾ ആവറേജായിരുന്നു. ബട് യൂനിഫോമിന്റെ ബലത്തിൽ ഹി ഗോട്ട് മെനി ഫോളോവേഴ്സ് ഇൻ യൂ ട്യൂബ്. യെറ്റ് അവൻ എനിക്ക് ഒരു ചെറിയ തലവേദനപോലും തന്നിട്ടില്ല. ജന്റിൽമാൻ. സലിമിന്റെ മരണദിവസം നടന്ന കലാപത്തെക്കുറിച്ച് കലക്ടറുടെ അ​േന്വഷണവും തെളിവെടുപ്പും നടക്കുന്നുണ്ട്.

രാജേഷ്: സാർ.

കമീഷണർ: ഒന്ന്, ജനകീയനായ സലിം ഒഴിഞ്ഞ സ്ഥാനത്താണ് താൻ ചെന്നിരിക്കുന്നത്. ഐ എക്സ്പെക്ട് നോ കംപ്ലയിന്റ്സ്. രണ്ട്, അവിടെ അർധരാത്രിക്ക് ഹ്യൂമൻ റൈറ്റ്സ് കമീഷൻ ചെയർമാൻ സർപ്രൈസ് വിസിറ്റ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഗ്രേഡ് എസ്.ഐ ഫെർണാണ്ടസിനെ ഞാൻ ട്രാൻസ്ഫർ ചെയ്യുന്നുണ്ട്. മൂന്ന്, അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു NDPS കേസിൽ അമിത് കുമാർ എന്നൊരാൾ റിമാൻഡിൽ കഴിയുന്നുണ്ട്. ഡോ. ലാസർ എന്നെ വന്നു കണ്ടിരുന്നു. ആസ് യൂ നോ മൈ വൈഫ് ഇസ് വർക്കിങ് ഇൻ ഹിസ് കോളജ്.

രാജേഷ്: സാർ.

കമീഷണർ: അത് ഒരു മാനിപുലേറ്റഡ് കേസാവാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്. പ്രോബബ്ലി അപ്രതീക്ഷിതമായി ജഡ്ജിനെക്കണ്ട് ഭയന്ന നമ്മുടെ പൊലീസുകാർ രക്ഷപ്പെടാൻ വേണ്ടി അയാളുടെ ബൈക്കിൽ ആ സ്റ്റഫ് എടുത്ത് ​െവച്ചതാവാം. ഹാവ് ആൻ ഐ. ബട്, ഡോണ്ട് ഫേവർ എനിബഡി. ഇഫ് ഹീ ഇസ് കൾപ്രിറ്റ് ഹീ മസ്റ്റ് ബി ബിഹൈൻഡ് ദ ബാർസ്. എനിവേ ദേ ആർ വെയ്റ്റിങ് ഫോർ ദ ലാബ് റിപ്പോർട്ട്.

രാജേഷ്: സാർ.

കമീഷണർ: ആൻഡ് ഫൈനലി, സ്റ്റേഷൻ പരിധിയിൽ നടന്ന ഇരട്ടക്കൊലപാതകം. അതിന്റെ അ​േന്വഷണത്തിൽ യൂ ഹാവ് നോട്ട് മച്ച് റോൾ. അത് ക്രൈംബ്രാഞ്ച് ചെയ്യുന്നുണ്ട്. അവർക്ക് വേണ്ട സഹായങ്ങൾ മാത്രം ചെയ്യുക.

രാജേഷ് കമീഷണറെ സല്യൂട്ട് ചെയ്ത് പുറത്തിറങ്ങി.

12.

ഫ്ലാറ്റിലെത്തിയ ദയക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രാത്രിയായിരുന്നു. ഫുഡ് കഴിച്ച് കുറച്ചുനേരം ഉറങ്ങണം. റിമാൻഡ് കാലാവധി കഴിഞ്ഞാൽ അമിത് പുറത്തിറങ്ങും. ഒരു മികച്ച വക്കീലിനെ കണ്ടു​െവക്കണം. എന്തുകൊണ്ടോ അവൾക്ക് വിഷമം വന്നതേയില്ല. അതെന്താ അങ്ങനെ? എന്നൊക്കെ ചിന്തിക്കുന്നതിനിടയിൽ അവൾക്ക് വീണ്ടും മീരയുടെ ഫോൺ വന്നു.

മീര: ദയാ, നിനക്കുള്ള FC5 പൊട്ടറ്റോ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.

ദയ: വരട്ടെ, ഞാൻ കലക്ട് ചെയ്തോളാം.

മീര: ദയാ, ഇവിടെ ആകെ പ്രശ്നമാണ്. ത്രീ മന്ത്സ് എടുത്ത് ഞാൻ പ്രിപ്പയർ ചെയ്ത ആർബിട്രേഷൻ പ്ലാൻ രണ്ട് കക്ഷികളും എഗ്രീ ചെയ്തില്ല. ഇതിനിടയിൽ കൃഷിക്കാർ സമരവും വഴിതടയലും ഒക്കെ തുടങ്ങി. കാൻ യൂ പ്ലീസ് കണക്ട് അമിത് സാർ.

ദയ: ഹീ ഇസ് ഇൻ എ യോഗ ക്യാംപ്. (എന്നു പറഞ്ഞിട്ട് ദയ അറിയാതെ പൊട്ടിച്ചിരിച്ചു പോയി.)

യോഗ ക്യാമ്പിലാണ് എന്ന് ദയ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായിരുന്നു. ഈ സമയം ജയിലിലെ സെല്ലിൽ നിലത്ത് വിരിച്ച പായയിൽ ചുരുണ്ട് കൂടി കിടക്കുകയാണ് അമിത്. കിടപ്പിൽനിന്നും അയാൾ അങ്ങനെ തന്നെ കുത്തി എണീറ്റു. അയാളറിയാതെ തന്നെ ഒരു യോഗ പോസ്റ്ററിൽ സ്വയം എത്തിച്ചേർന്നു.

മീര സംഭാഷണം തുടരുകയാണ്.

മീര: യാ! ഗുഡ്. ബി.പി കൂടുന്നുണ്ടെന്ന് ഇടക്ക് എന്നോട് പറഞ്ഞിരുന്നു. ബട്ട് ഹി ഷുഡ് റെഗുലേറ്റ് ഹിസ് ഫുഡ് ഹാബിറ്റ്സ്. ദയാ, യൂ ടൂ. ഐനോ, ബോത് ഓഫ് യൂ ആർ ഫുഡീസ്.

ദയ: നൗ ഹീ ഈസ് ഇൻ എ കംപൽസറി ഡയറ്റിങ്.

ഫുഡ് കഴിക്കുന്നതിനിടെ ദയ പറഞ്ഞു.

അമിതിന്റെ ഭക്ഷണത്തെക്കുറിച്ച് ദയ പറഞ്ഞതും സത്യമായിരുന്നു. സെല്ലിൽ കുത്തിയിരിക്കുകയാണ് അമിത് ഇപ്പോൾ. അയാളുടെ മുന്നിൽ വെറും നിലത്ത് വക്കുപൊട്ടിയ ഒരു സ്റ്റീൽ പാത്രം. അതിൽ പാതി മുറിച്ച ഉണക്ക റൊട്ടി. അറപ്പോടെ കൈയിലെടുത്ത് വായ വരെ കൊണ്ടുവന്നശേഷം അവനത് തിരികെ പാത്രത്തിൽ ഇട്ടു. അവന്റെ കണ്ണുകളിൽനിന്നും ചെറു ചാലൊഴുകി. താൻ ഒരുപാട് മോട്ടിവേഷൻ ക്ലാസുകൾ എടുത്തിട്ടുണ്ട്. പട്ടിണി കിടന്ന മനുഷ്യർ പിന്നീട് മഹത്തായ ജീവിതവിജയം നേടിയ ധാരാളം കഥകൾ കുട്ടികളോട് പറഞ്ഞിട്ടുണ്ട്. പട്ടിണി മഹത്തായ എന്തോ ആണെന്നുപോലും കുട്ടികൾ അതുകേട്ട് തെറ്റിദ്ധരിച്ചിട്ടുണ്ട്. അതിലൊന്ന് എബ്രഹാം ലിങ്കന്റെ കഥയായിരുന്നു.

കെന്റക്കി പട്ടണത്തിൽ ദാരിദ്ര്യത്തിൽ പിറവി. വിശപ്പ് തിന്നു വളർന്നു. എല്ലായിടത്തും തോറ്റുകൊണ്ടേയിരുന്നു. എട്ടു തെരഞ്ഞെടുപ്പുകളിൽ തോൽവി. എന്നിട്ടും അയാൾ അമേരിക്കൻ പ്രസിഡന്റായി. എത്രയോ പ്രസിഡന്റുമാർ വന്നുപോയി. അയാൾ ചരിത്രത്തിൽ ഇന്നും തലയുയർത്തിത്തന്നെ നിൽക്കുന്നു. എന്താണ് അയാളെ ആ ഉയരത്തിൽ എത്തിച്ചത്? Perseverance. അയാൾ ഏത് ദുർഘടസന്ധികളിലും പിടിച്ചുനിന്നു.

ക്ലാസുകളിൽ ആവേശത്തോടെ പറഞ്ഞിട്ടുണ്ട്. പറഞ്ഞു തീരുമ്പോൾ സദസ്സ് ഒന്നടങ്കം കൈയടിച്ചിട്ടുണ്ട്. എന്നാലിപ്പോൾ അമിത് ചിന്തിക്കുന്നു: ജയിലിൽ അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയ മനുഷ്യന് എന്തുണ്ടായിട്ടെന്താണ്? എത്ര മനോധൈര്യം ഉണ്ടെങ്കിൽ എന്താണ്? എത്ര സ്ഥിരോത്സാഹം ഉണ്ടെങ്കിൽ എന്താണ്?

പുറത്ത് മറ്റൊരാൾ പോരാടിയാലല്ലാതെ ആർക്കും ഈ കാരാഗൃഹത്തിൽനിന്നും മോചനമില്ല. തനിക്കും. പേരറിവാളന് അവന്റെ അമ്മയുണ്ടായിരുന്നു. അർപുതം അമ്മാൾ. തനിക്ക്?

മീര ഫോൺ സംഭാഷണം തുടർന്നു.

ദയ: അവിടെ സിഗ്നൽസ് ബാൻഡാണ്.

മീര: ദയ കാണാൻ പോകില്ലേ? അപ്പോൾ ചോദിക്കൂ.

ദയ: അവിടെ വിമൺ ആർ ബാൻഡ്. സെക്സ് ഇസ് പ്രൊഹിബിറ്റഡ്.

മീര: മൈ ഗോഡ്. ഇതെന്ത് ലോകം? ഇത്രയും ത്യാഗം സഹിച്ചിട്ട് ഇക്കാലത്ത് എന്തു നേടാനാണ്?

ദയ: അവിടെ നിന്നിറങ്ങുന്ന അമിത് ഒരു പുതിയ മനുഷ്യനായിരിക്കും.

മീര ഫോൺ കട്ട് ചെയ്തു.

13.

അമിത് ഭക്ഷണം കഴിക്കാൻ തുടങ്ങി. ‘‘ബ്രോ, നിങ്ങള് കഴിക്കിൻ. ഇല്ലെങ്കിൽ തളർന്നു പോവും.’’ ചെറിയ പയ്യൻ അയാളെ പ്രോത്സാഹിപ്പിച്ചു. പതിയെയെങ്കിലും അയാൾ മൂന്ന് ചപ്പാത്തിയും കഴിച്ചു തീർത്തു. കഴിച്ചു കഴിഞ്ഞപ്പോൾ അതും സാധ്യമാണെന്ന് അമിതിന് മനസ്സിലായി. എങ്കിൽ മറ്റൊന്നുകൂടി സാധ്യമാണ്. അയാൾ രണ്ടും കൽപ്പിച്ച് കക്കൂസിൽ കയറി. ചുവരിൽ ചാരിവച്ചിരുന്ന കതക് എടുത്ത് വാതിൽ മറച്ചു. ലോകത്തെ ഏറ്റവും വൃത്തികെട്ട കക്കൂസിൽ ഇരുന്ന് വിസർജനംചെയ്തു. തിരികെയിറങ്ങി പായയിൽ വന്നിരുന്നു. ഇനി ഉറങ്ങണം. അത് സാധ്യമാവണമെന്നില്ല. മുറിയിൽ ഒരു ബൾബ് സദാ കത്തിക്കിടക്കും. സീനിയർ പ്രതികൾ മിക്കവരും സംസാരം മതിയാക്കി ഉറങ്ങാൻ കിടന്നു. ഉറങ്ങാതിരുന്നവർ ബീഡി വലിച്ചുകൊണ്ടിരുന്നു. അവർക്ക് എന്തെങ്കിലും വിഷമം ഉള്ളതായി തോന്നിയില്ല.

 

പുറത്ത് വാർഡൻ വന്നു. അയാൾ എന്തോ വിളിച്ചു ചോദിച്ചു. ‘‘എല്ലാരും ഒണ്ടേ.’’ എന്ന് മേശിരി ഉറക്കെ മറുപടി പറഞ്ഞു. വാതിലിനോട് ചേർന്നാണ് മേശിരിയുടെ സ്ഥാനം. അയാളാണ് സെല്ലിലെ സർവാധികാരി.

വാർഡൻ പിച്ചളപ്പൂട്ടിൽ പിടിച്ച് ഗ്രില്ലിൽ രണ്ടു തവണ അടിച്ചു ശബ്ദമുണ്ടാക്കി. ‘‘പൂട്ടുപിടി കഴിഞ്ഞു.’’ പയ്യൻ പറഞ്ഞു. ‘‘ഇതാണ് ലാസ്റ്റ് വരവ്. ഇനി ശബ്ദമുണ്ടാക്കാൻ പാടില്ല.’’ പയ്യൻ ജയിൽജീവിതത്തോട് സമരസപ്പെട്ടിരിക്കുന്നു. അവന്റെ ബാല്യം മാറാത്ത മുഖത്തേക്ക് അമിത് കൗതുകത്തോടെ നോക്കി. ഹൊ! ഈ പ്രായത്തിലാണല്ലോ പേരറിവാളൻ ജയിലിനുള്ളിൽ എത്തിയത്. ജയിൽ അയാളുടെ രക്തം ഊറ്റിക്കുടിച്ചു. മുപ്പത് വർഷങ്ങൾക്കുശേഷം മുറ്റി മുരടിച്ച ഒരുടലിനെ വെളിയിൽ വിട്ടു.

എല്ലാവരും ഉറങ്ങാൻ കിടന്നു.

അമിതിന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടക്ക് ആരോ തേങ്ങുന്നത് കേട്ടു. ആ പയ്യനാണ്. അവനും ഉറങ്ങിയിട്ടില്ല.

(തുടരും)

News Summary - Malayalam Novel