ലോക്കപ്പ്

23. നഗരാതിർത്തിയിലാണ് ആന്റോയുടെയും സബിന്റെയും വീട്. ചെറിയ ആ വീടിന് മുന്നിൽ ദയ കാർ നിർത്തി. വീടിന്റെ ചുറ്റുവട്ടം ആകപ്പാടെ അലങ്കോലമാണ്. സീന കാറിൽനിന്നിറങ്ങി വീട്ടിലേക്ക് നടന്നു. ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രമേ അവിടെയുള്ളൂ. രണ്ടു കുഴൽ വെളിച്ചം. പെട്ടെന്ന്, വീടിന്റെ മറുവശത്ത് സ്കൂട്ടർ സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു. ഹെഡ്ലൈറ്റ് വെട്ടത്തിൽ ഇടവഴിയിൽക്കൂടി സ്കൂട്ടർ ഓടിച്ചുപോകുന്ന ആന്റോയെയും സബിനെയും സീന കണ്ടു. അവൾ കാറിലേക്ക് തിരികെ ഓടിവന്നു. സീന: പിന്നാലെ വിട്ടോ. ഇവന്മാരുടെ കൈയിൽ വേറെന്തൊക്കെയോ ഉടായിപ്പുണ്ട്. ദയ: ചിലപ്പോൾ പേടിച്ചിട്ടാവാം. സീന: അതൊക്കെ പിന്നീട് നോക്കാം. നീ വേഗം വണ്ടി വിട്. ദയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
23.
നഗരാതിർത്തിയിലാണ് ആന്റോയുടെയും സബിന്റെയും വീട്. ചെറിയ ആ വീടിന് മുന്നിൽ ദയ കാർ നിർത്തി. വീടിന്റെ ചുറ്റുവട്ടം ആകപ്പാടെ അലങ്കോലമാണ്. സീന കാറിൽനിന്നിറങ്ങി വീട്ടിലേക്ക് നടന്നു. ഹെഡ് ലൈറ്റിന്റെ വെളിച്ചം മാത്രമേ അവിടെയുള്ളൂ. രണ്ടു കുഴൽ വെളിച്ചം. പെട്ടെന്ന്, വീടിന്റെ മറുവശത്ത് സ്കൂട്ടർ സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു. ഹെഡ്ലൈറ്റ് വെട്ടത്തിൽ ഇടവഴിയിൽക്കൂടി സ്കൂട്ടർ ഓടിച്ചുപോകുന്ന ആന്റോയെയും സബിനെയും സീന കണ്ടു. അവൾ കാറിലേക്ക് തിരികെ ഓടിവന്നു.
സീന: പിന്നാലെ വിട്ടോ. ഇവന്മാരുടെ കൈയിൽ വേറെന്തൊക്കെയോ ഉടായിപ്പുണ്ട്.
ദയ: ചിലപ്പോൾ പേടിച്ചിട്ടാവാം.
സീന: അതൊക്കെ പിന്നീട് നോക്കാം. നീ വേഗം വണ്ടി വിട്.
ദയ കാർ തിരിച്ച് മെയിൻ റോഡിലെത്തി. റോഡിൽ പാഞ്ഞുപോകുന്ന സ്കൂട്ടർ കണ്ടു. ദയ അതിവേഗത്തിൽ ബൈക്കിനെ പിന്തുടർന്നു. ഇതിനിടയിൽ സീന ഹൈവേയിൽ ചെക്കിങ്ങിന് നിന്ന പൊലീസുകാരെ ഫോൺ ചെയ്തു.
സീന: സനൽ സാറേ, രണ്ട് ചെക്കൻമാർ സ്കൂട്ടറിൽ പാഞ്ഞുവരുന്നുണ്ട്. പൊക്കിക്കോളണേ.
കാർ പൊലീസ് ചെക്കിങ് നടക്കുന്ന സ്ഥലത്തെത്തി. ആന്റോയെയും സബിനെയും പൊലീസുകാർ തടഞ്ഞുെവച്ചിരിക്കുകയാണ്. ഇരുവരെയും പൊലീസ് ജീപ്പിൽ കയറ്റി. ജീപ്പ് സ്റ്റേഷനിലേക്ക് വിട്ടു.
സീന: എനിക്ക് റസ്റ്റാറന്‍റിൽ പോയി എന്റെ സ്കൂട്ടർ എടുക്കണം.
ദയ ഹോട്ടലിലേക്ക് വണ്ടി വിട്ടു.
ആന്റോയെയും സബിനെയുംകൊണ്ട് പൊലീസ് ജീപ്പ് സ്റ്റേഷനിലേക്ക് പോയി. ജീപ്പ് സ്റ്റേഷനിലെത്തുമ്പോൾ സ്റ്റേഷൻ ക്ലോക്കിൽ നാലുമണിയടിച്ചു. ഇരുവരെയും ലോക്കപ്പിനുള്ളിലാക്കി.

24.
കാറിൽനിന്നിറങ്ങി ക്ലബിലേക്ക് നടക്കുമ്പോഴും സീനയും ദയയും ചിന്താകുലരായിരുന്നു. കാറിന്റെ ചാവി കറക്കി വളരെ ആത്മവിശ്വാസത്തോടെയാണ് ദയ നടക്കുന്നത്. പെട്ടെന്ന് സീന പറഞ്ഞു.
സീന: എനിക്ക് ചില ഓപണിങ്സ് കിട്ടുന്നപോലെ.
ദയ: എനിക്കും. ആദ്യം തന്റേത് പറ.
സീന: ആ ചെക്കൻ പറഞ്ഞത് നീ ശ്രദ്ധിച്ചോ? അതായത് അവർ സ്റ്റേഷനിൽനിന്നും പുറത്തുവന്നപ്പോൾ ആ ചേട്ടനെ വീണ്ടും കണ്ടുവെന്ന്. ഏകദേശം രണ്ട് -മൂന്ന് മണി ആയിട്ടുണ്ടാവും. അതിന്റെ അർഥം?
ദയ: യാ! മറ്റൊരാൾ, മറ്റൊരു കഥയിലെ ഒരു കഥാപാത്രം ഈ സ്ക്രിപ്റ്റിൽ ആരുമറിയാതെ നുഴഞ്ഞുകയറി എന്നാണ്.
ദയ പെട്ടെന്ന് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു. അത്യാഹ്ലാദത്തോടെ അവൾ പറഞ്ഞു:
ദയ: സീനാ, നൗ ഇറ്റ്സ് ക്ലിയർ. അയാളെ ഞാനും കണ്ടു.
സീന: എങ്ങനെ?
ദയ: ദാ, ഇവിടെ ഇതേ സ്പോട്ടിൽ വെച്ച്. ഒരു ഹാർലി...
സീന: അങ്ങനെയാണെങ്കിൽ...
സ്കൂട്ടർ എടുക്കാൻ തുടങ്ങിയ സീന വീണ്ടും സ്കൂട്ടർ സൈഡ് സ്റ്റാൻഡിലിട്ടു. ആ സമയത്തും രണ്ട് മധ്യവയസ്കർ ബാറിൽ മുഖാമുഖമിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു.
‘‘നോക്ക്, തികച്ചും അപരിചിതരായ ആ രണ്ട് മനുഷ്യർ നമ്മുടെ കഥയിൽ അല്ലെങ്കിൽ അമിതിന്റെ ജയിൽവാസത്തിൽ പങ്കാളികളാണ്.’’ ദയ പറഞ്ഞു. ‘‘അതെങ്ങനെ?’’ സീന ചോദിച്ചു. ‘‘ഓ. അവരുടെ സംഭാഷണത്തിൽനിന്നാണ് എനിക്ക് ആ ജഡ്ജിന്റെ ഫോൺനമ്പർ കിട്ടിയത്. അതിശയമെന്തെന്നാൽ തങ്ങൾ ഈ കഥയിൽ പങ്കെടുത്തിട്ടുണ്ടെന്ന് അവർ അറിയുന്നേയില്ല. നിത്യവൃത്തിപോലെ അവർ എല്ലാ രാത്രിയും ഇവിടെ വരുന്നു. പുലർച്ചക്കോ അർധരാത്രിക്കോ മടങ്ങുന്നു. പകൽ അവർക്ക് ഒരു ജീവിതം ഉണ്ടാകുമായിരിക്കും. അതൊന്നും നമുക്കറിയില്ല. അവർ ആരാണെന്നറിയില്ല. ഇവർ എപ്പോഴാണ് ഉറങ്ങുന്നതെന്നറിയില്ല. എപ്പോൾ ഇണ ചേരുന്നുവെന്നോ അറിയില്ല. അവർ എങ്ങനെ ജീവിക്കുന്നു എന്നറിയില്ല. അവരുടെ പേര് അറിയില്ല. പക്ഷേ, അവർ നമ്മുടെ ജീവിതത്തിൽ ചുട്ട ഇരുമ്പ് പോലെ ഒന്ന് സ്പർശിച്ച് പോയി.’’
‘‘ഇങ്ങനെയൊക്കെ ആയിരിക്കും ജീവിതം.’’
‘‘പക്ഷേ, അവരെ ഞാൻ മാറിയിരുന്ന് ശ്രദ്ധിക്കാറുണ്ട്. ഒരുപാട് ജീവിച്ച് ഒരുപാട് ലോകം കണ്ട് അതിന്റെ നിറവിൽ അവർ ജീവിക്കുന്നുണ്ട്.’’
സീന എന്നിട്ട് അമീനെ വിളിച്ചു. അമീൻ അടുക്കൽ വന്നു നിന്നു.
അമീൻ: എന്താ മാഡം.
സീന: ഇവിടത്തെ സി.സി.ടി.വി വർക്കിങ് ആണോ?
അമീൻ: ഹണ്ട്രഡ് പെർസെന്റ്.
സീന: ഒാകെ. ഞങ്ങൾക്ക് അതൊന്ന് പരിശോധിക്കാൻ പറ്റുമോ?
അമീൻ: മാനേജറോട് ചോദിക്കണം മാഡം.
മുപ്പത് വയസ്സുള്ള യുവാവാണ് മാനേജർ. ദയയും സീനയും അയാളുടെ ക്യാബിനിലേക്ക് കയറിച്ചെന്നു.
മാനേജർ: സോറി മാഡം. പൊലീസ് ആവശ്യപ്പെട്ടാൽ മാത്രമേ അത് എടുക്കാൻ പറ്റൂ.
സീന: ഞാൻ പൊലീസുകാരിയാണ്.
മാനേജർ: അറിയാം മാഡം. ബട്ട്, വീ നീഡ് ഇറ്റ് ഇൻ റിട്ടൺ. ഇറ്റ്സ് ഔർ പ്രൈവസി പോളിസി.
ദയ: കഴിഞ്ഞ 27 ദിവസങ്ങളായി എല്ലാ രാത്രിയിലും മുടങ്ങാതെ ഞാൻ നിങ്ങടെ കസ്റ്റമറാണ്.
മാനേജർ: അറിയാം മാഡം. ഇറ്റ്സ് ഔർ പ്രൈവസി പോളിസി മാഡം.
ദയ: നയൻ നയൻ എയ്റ്റ് ടൂ… ഇതല്ലേ തന്റെ നമ്പർ.
മാനേജർ: അതെ.
ദയ: ഇതിൽ ഗൂഗിൾ പേ ഇല്ലേ?
മാനേജർ: ഉണ്ട് മാഡം.
ദയ: വാട്സ് യുവർ സാലറി?
മാനേജർ: 25 തൗസന്റ്.
ദയ ഗൂഗിൾ പേയിലേക്ക് ഒരു തുക ട്രാൻസ്ഫർ ചെയ്തു.
ദയ: ചെക്ക് യുവർ അക്കൗണ്ട്.
മാനേജർ ഫോൺ ചെക്ക് ചെയ്തു. അവന്റെ കണ്ണ് തള്ളിപ്പോയി.
ദയ: ഇറ്റ്സ് മെനി ടൈംസ് യുവർ സാലറി.
മാനേജർ: എന്താണ് മാഡം വേണ്ടത്.
അയാൾ കമ്പ്യൂട്ടർ സ്ക്രീൻ സീനക്കും ദയക്കും നേരേ തിരിച്ചുെവച്ചു.
ദയ: ജനുവരി -12 രാത്രി 2 AM to 4 AM വരെയുള്ള വിഷ്വൽസാണ് ഞങ്ങൾക്കാവശ്യം.
അവൻ സീനുകൾ നിരക്കി നീക്കി. ഹോട്ടലിന് മുന്നിലെ റോഡിൽ ദയ കാറിൽ ചാരി നിൽക്കുന്നു. റോഡിലൂടെ ദയയെ തൊട്ടു തൊട്ടില്ല എന്നമട്ടിൽ ഹാർലി ഡേവിഡ്സൺ പാഞ്ഞു പോകുന്നു. കറുത്ത ജാക്കറ്റും ബൂട്ടും ഹെൽമറ്റും കൈയുറയും ധരിച്ച ഒരാളാണ് അതോടിക്കുന്നത്.
ദയ: യെസ്!
സീന ആ വീഡിയോ മൊബൈലിൽ കോപ്പി ചെയ്ത് വാങ്ങി.
25.
രാജേഷിന്റെ മുറിയിലിരിക്കുകയാണ് ദയയും സീനയും. അതുവരെ നടന്നതും അവർ ഊഹിച്ചതുമായ കാര്യങ്ങൾ രണ്ടുപേരും രാജേഷിനോട് പറഞ്ഞു. എന്നിട്ട് രാജേഷിന്റെ മറുപടിക്ക് കാത്തുനിന്നു.
രാജേഷ്: എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ?
ദയ: കഴിഞ്ഞു.
രാജേഷ്: ഒരു എക്സൻട്രിക് കേസായിരുന്നു സലിം. ക്രേസി. ബട് ടാലന്റഡ്. എങ്ങനെയോ പൊലീസിലെത്തി. സോ, നിങ്ങൾ പറയുന്നത് വാസ്തവമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. ഒാകെ. ദയ പുറത്ത് വെയ്റ്റ് ചെയ്യൂ.
ദയ പുറത്തിറങ്ങി വനിത പൊലീസിന്റെ വിശ്രമമുറിയിൽ ചെന്നിരുന്നു.
രാജേഷ്: അവമ്മാരെ ഇങ്ങ് വിളിക്ക്.
ആന്റോയും സബിനും റൂമിലേക്ക് വന്നു. രണ്ടുപേരും കൈകൂപ്പിക്കൊണ്ട് ഒരറ്റത്ത് ഒതുങ്ങിനിന്നു.
രാജേഷ്: ആഹാ, ചുള്ളൻമാരേ, ഞാൻ ഒറ്റ ചോദ്യവും ചോദിക്കില്ല. ഇവിടെ ചോദ്യംചെയ്യൽ ഇല്ല. ഉത്തരം പറയൽ മാത്രം. വള്ളിപുള്ളി തെറ്റാതെ ജനുവരി പതിനൊന്ന് മുതൽ ഈ നിമിഷം വരെയുള്ള സകല കാര്യങ്ങളും അങ്ങോട്ട് പറഞ്ഞേ. സീന എഴുതി എടുത്തോ.
ആന്റോ പറഞ്ഞു തുടങ്ങി. ഒരുകെട്ട് കടലാസിൽ സീന അത് കേട്ടെഴുതാനും.
‘‘ബി.ടെക് കഴിഞ്ഞ് ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു സാർ ഞങ്ങൾ. സിനിമ ചെയ്യുക എന്നതായിരുന്നു സാർ ഞങ്ങളുടെ ജീവിതലക്ഷ്യം. നാലഞ്ച് സ്ക്രിപ്റ്റുകൾ ഞങ്ങൾ സെറ്റാക്കി വെച്ചു സാർ. എന്നിട്ട് ഓരോ ദിവസവും ഓരോ നടൻമാരെ കാണാൻ പ്ലാൻ ചെയ്യും. ഒരുദിവസം പാർക്കിൽ വെച്ച് ഇവൻ പറഞ്ഞു:
ആന്റോ: അളിയാ, ഈ സിനിമ പരിപാടി ഒന്നും സമയത്ത് നടക്കുമെന്ന് തോന്നുന്നില്ല. നമ്മളെ എടുത്തു പൊക്കാൻ ആരുമില്ല. തൽക്കാലം പിടിച്ചുനിൽക്കാൻ നമുക്കൊരു സ്റ്റാർട്ടപ്പ് തുടങ്ങാം. ചാണ്ടി സാറിന്‍റെയും വിജയൻ സാറിന്‍റെയും ഒക്കെ മക്കൾ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ ഇപ്പം എവിടെ എത്തിനിക്കുന്നെന്നറിയാമോ?
സബിൻ: ആ! നല്ല ബെസ്റ്റ് കംപാരിസൺ.
ആന്റോ: ഇന്നത്തെ റിലയൻസിന്‍റെ ചരിത്രം നിനക്കറിയാമോ? KFC, എന്തിന് നമ്മുടെ നാട്ടിൽ തന്നെയുണ്ടല്ലോ, വീ ഗാർഡ്. ഇൻഫോസിസ്.
സബിൻ: അവരുടെ ഒക്കെ തലമണ്ടയിൽ സൂപ്പർ ഐഡിയാസ് ഉണ്ടായിരുന്നു. നമ്മടേല് എന്ത് തേങ്ങേണ് ഒള്ളത്.
ആന്റോ: ഐഡിയ എന്‍റെ തലയിലും ഉണ്ട് ബ്രോ.
സബിൻ: എന്നാ നീ പറ.
ആന്റോ: ഞാൻ ഉദ്ദേശിക്കുന്നത് ഒരു ഔട്ട്സോഴ്സിങ് കമ്പനിയാണ്. അതായത് തുടക്കത്തിൽ നമ്മൾ എന്ത് വർക്കും ചെയ്യും. മാർക്കറ്റ് പിടിക്കുന്നതു വരെ.
സബിൻ: എന്തും ചെയ്യും?
ആന്റോ: എന്തും ചെയ്യും. അത് കൊള്ളാം. അതാണ് നമ്മട കമ്പനിയുടെ പേര്.
സബിൻ: നമുക്ക് ഓഫിസ്, സ്റ്റാഫ് ഒക്കെ വേണ്ടേ?
ആന്റോ: തൽക്കാലം ഒരു ചുക്കും വേണ്ട. നീ എം.ഡി. ഞാൻ സി.ഇ.ഒ.
അങ്ങനെ ഞങ്ങൾ കമ്പനി സ്റ്റാർട്ട് ചെയ്തു സാർ.
രാജേഷ്: കൊള്ളാം. മൊത്തത്തിൽ നിന്റെ പറച്ചിൽ കേൾക്കാൻ രസമുണ്ട്. ഒരു തിരക്കഥയുടെ ഫോർമാറ്റ്. ഉം. ബാക്കി പറ.
ആന്റോ: അന്നുതന്നെ ഞങ്ങൾ ഒരു ആഡ് ഒക്കെ ഉണ്ടാക്കി എഫ്.ബിയിലും ഇൻസ്റ്റായിലും ഇട്ടു.
സബിൻ: ആദ്യത്തെ കോൾ വരുന്നതും കാത്തിരുന്നു. ആരും വിളിച്ചില്ല സാർ. ഒടുവിൽ ഞങ്ങൾ ഉറങ്ങാൻ കിടന്നു.
ആന്റോ: അളിയാ, ആളുകൾക്ക് നിഗൂഢമായ ധാരാളം ആവശ്യങ്ങൾ ഉണ്ടാവും.
സബിൻ: അനാവശ്യങ്ങൾ എന്നും പറയാം.
ആന്റോ: ആവാം. അടുപ്പക്കാരോട് പോലും തുറന്നുപറയാനാവാത്ത മാറ്റേഴ്സ്. പക്ഷേ, അതൊരു വമ്പൻ മാർക്കറ്റാണ്.
ഇങ്ങനെയൊക്കെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തു.
സബിൻ: അളിയാ, ഇന്റർനെറ്റ് കോളാണ്.
ആന്റോ: അല്ലാതെ അനാവശ്യക്കാർ സ്വന്തം നമ്പരീന്ന് വിളിക്ക്വാ? നമ്മുടെ ഫസ്റ്റ് കസ്റ്റമർ. നീ ഫോണെടുക്ക്. നിന്റെ ഇംഗ്ലീഷ് അക്സന്റ് കിടുവാ.
സബിൻ ഫോണെടുത്തു. വിദേശച്ചുവയുള്ള സ്ത്രീശബ്ദം.
സബിൻ: അതെ മാഡം, ഞങ്ങൾ എന്തും ചെയ്യും.
സ്ത്രീ: ഒരാളെ ഫോളോ ചെയ്യണം.
സബിൻ: ചെയ്യാം.
സ്ത്രീ: നിങ്ങളുടെ റേറ്റ് പറയൂ.
സബിൻ: വെറുതെ ഫോളോ ചെയ്താൽ മതിയല്ലോ, തല്ലേം കൊല്ലേം ഒന്നും വേണ്ടല്ലോ.
സ്ത്രീ: അതൊന്നും വേണ്ട. ഫോളോ ചെയ്തുകൊണ്ടിരിക്കുക. നിങ്ങൾക്കുള്ള നിർദേശങ്ങൾ ഞാൻ അപ്പപ്പോൾ തരും.
സബിൻ: ആളുടെ ഫോട്ടോ. ലൊക്കേഷൻ.
സ്ത്രീ: അതൊക്കെ രാവിലേ തരും. നാളത്തേക്ക് വേറെ ക്വട്ടേഷൻസ് ഒന്നും എടുക്കരുത്.
സബിൻ: അതൊന്നും പ്രശ്നമില്ല. വീ ഹാവ് എ സ്ട്രോങ് ടീം.
എന്നൊക്കെ ഒരോളത്തിന് തള്ളിയതാണ് സാർ. ഞങ്ങൾ രണ്ടാളല്ലാതെ ഞങ്ങൾക്ക് ഒരു ടീമും ഇല്ല.
സബിൻ: ബ്രോ, ഫോറിൻ ക്വട്ടേഷനാണ്. ഇത് നമ്മള് പൊളിച്ചടുക്കും.
അതായിരുന്നു ഞങ്ങളുടെ ഫസ്റ്റ് വർക്ക്. ലാസ്റ്റ് വർക്കും അതു തന്നെയായിരുന്നു സാർ.
ഞങ്ങൾ ഉണർന്നെണീറ്റപ്പോഴേക്കും ഫോണിൽ മെസേജും ആ ചേട്ടന്‍റെ ചിത്രവും വന്നിരുന്നു. അതനുസരിച്ച് 9.30ന് കോളജിൽ നടക്കുന്ന ഫങ്ഷനിലേക്ക് ഞങ്ങൾ പുറപ്പെട്ടു.
കോളജ് ഗ്രൗണ്ടിൽ ഒഴിഞ്ഞ ഇടത്ത് സ്കൂട്ടർ ഒതുക്കിവെച്ച ശേഷം ഞങ്ങൾ ഹാളിലേക്ക് നടന്നു. അകത്ത് അമിത് എന്ന ചേട്ടന്റെ പ്രസംഗം നടക്കുകയാണ്. ആ സമയം തന്നെ ആന്റോയുടെ ഫോണിൽ മെസേജ് വന്നു.
‘‘നിങ്ങളുടെ സ്കൂട്ടറിൽ ഒരു കവർ വച്ചിട്ടുണ്ട്. അത് അയാളുടെ ബൈക്കിനുള്ളിൽ വെക്കണം. ഹാർലി ഡേവിഡ്സൺ.’’
ഞങ്ങൾ കോളജ് ഹാളിൽനിന്നിറങ്ങി പുറത്തുവന്നു. എന്നിട്ട് പാർക്കിങ് ഏരിയയിലേക്ക് നടന്നു. അവിടെ സ്കൂട്ടർ കണ്ടു. തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൽ കവർ ഇരിക്കുന്നത് കണ്ടു.
വീണ്ടും മെസേജ് വന്നു: ‘‘നിങ്ങളുടെ പ്രതിഫലത്തിന്‍റെ അഡ്വാൻസ് 50,000 രൂപ ഇതിനൊപ്പം വെച്ചിട്ടുണ്ട്.”
ആന്റോ: ഇതെന്തോ വമ്പൻ സെറ്റപ്പാ.
സബിൻ: അളിയാ, നമ്മളെക്കൊണ്ട് ഇത് ഡ്രോപ് ചെയ്യിക്കുന്നതിന് പകരം ആ ചേച്ചിക്ക് സ്വന്തമായി കൊണ്ട് വെച്ചുകൂടായോ?
ആന്റോ: നമ്മൾ അനാവശ്യങ്ങൾ ചെയ്തുകൊടുക്കുന്ന പ്രൊഫഷനൽസ് ആണ്. അതിനിടയിൽ അനാവശ്യ ചോദ്യം പാടില്ല.
സബിൻ: എന്ത് തേങ്ങയായാലും നമുക്കെന്താ? നമുക്ക് മണി കിട്ടണം.
ഞങ്ങൾ നോക്കിനിൽക്കെ സി.ഐ സലിം സാറും ആ ചേട്ടനും പുറത്തുവന്നു. ഞങ്ങൾ സലിമിന്‍റെ അടുക്കലേക്ക് ചെന്നു.
ആന്റോ: ‘‘സാറിന്‍റെ യൂട്യൂബ് ഫോളോവേഴ്സാണ്. പാട്ട് കേൾക്കാറുണ്ട്. സൂപ്പറായിരുന്നു.’’
അതു കേട്ടപ്പോൾ സാറിന് അഭിമാനം തോന്നി. ഞങ്ങൾ സാറിനൊപ്പം സെൽഫി എടുത്തു. അവർ തമ്മിൽ യാത്ര പറഞ്ഞു പിരിഞ്ഞു. അപ്പോൾ മുതൽ ഞങ്ങൾ അയാളെ ഫോളോ ചെയ്യാൻ തുടങ്ങി സാർ. ആ ചേട്ടൻ റോഡിലൂടെ വെറുതെ ബൈക്കോടിച്ച് നടക്കുകയായിരുന്നു. അങ്ങേർ എവിടേക്കെങ്കിലും പോകുന്നതായി ഞങ്ങൾക്ക് തോന്നിയില്ല.
സബിൻ: അളിയാ, ഈ ഒണക്ക ആക്ടീവയുംകൊണ്ട് എത്രദൂരം അങ്ങേരെ ഫോളോ ചെയ്യും. അയാൾടത് ഹാർലിയാണ്.
ആന്റോ: അങ്ങനെ രാത്രിയായി സാർ. ഇടക്ക് അയാൾ ഞങ്ങളുടെ റഡാറിൽനിന്നും രക്ഷപ്പെട്ടു സാർ. അങ്ങനെ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ:
ആന്റോ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. എയർപോർട്ട് റോഡിലെ മതിലിൽ ഒരു കാൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് ഹാർലി ബൈക്ക് ഞങ്ങളെ പാസ് ചെയ്യുന്നത് കണ്ടു.
സബിൻ: എടാ, ആന്റോ, വണ്ടിയെടുക്കെടാ, ദോ അയാൾ.
ഞങ്ങൾ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പിന്നാലെ പാഞ്ഞു.
സബിൻ: ഇനി അവനെ വിടരുത്. ഫാസ്റ്റ്. ഇത് നമ്മുടെ ഫസ്റ്റ് ക്വട്ടേഷനാണ്. ഇത് പൊളിഞ്ഞാ നമ്മട സ്റ്റാർട്ടപ്പ് തന്നെ പൂട്ടിപ്പോകും.
ഞങ്ങളയാളെ വിടാതെ പിന്തുടർന്നു സാർ. അയാൾ ഇടവഴികളിലൂടെ ഓടി. ഞങ്ങളും പിന്നാലെ ഓടി. ഒടുവിൽ കടപ്പുറത്തെത്തി. സത്യത്തിൽ അയാൾ മറ്റൊരു സ്കൂട്ടറിനെ പിന്തുടരുന്നുണ്ടായിരുന്നു. തീരദേശ റോഡിൽ വെച്ച് അയാൾ ഞങ്ങളുടെ കാഴ്ചയിൽനിന്നും വീണ്ടും മറഞ്ഞു. ഇടറോഡുകളിലൂടെ ഓടിയോടി കടൽപ്പാലത്തിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഞങ്ങൾ വന്നുനിന്നു.
ഞങ്ങൾ അയാളെ അവിടെയെല്ലാം പരതി സാർ.
ആന്റോ: അയാൾ ഉറപ്പായും ഇവിടെ എവിടെയോ ഉണ്ടാവും. നീ ആ സാധനം എടുത്ത് കൈയിൽ െവച്ചോ. നിലവിളിച്ച് ഞാനയാളുടെ ശ്രദ്ധ തിരിച്ചോളാം. ഒറ്റ സെക്കൻഡ് ഗ്യാപ് കിട്ടിയാൽ ഡ്രോപ് ചെയ്യണം.
സ്കൂട്ടറിൽനിന്നും കവർ എടുത്ത് സബിൻ കൈയിൽ പിടിച്ചു. പെട്ടെന്ന് വളവ് തിരിഞ്ഞ് ഒരു ആക്ടീവ വന്നു. രണ്ടു പെണ്ണുങ്ങൾ. ആരോ പിന്തുടരുന്നപോലെ മുന്നോട്ടും പിന്നോട്ടും നോക്കിയാണ് വണ്ടി ഓട്ടിക്കുന്നത്. പെട്ടെന്ന് വളവ് തിരിഞ്ഞതും സ്കൂട്ടർ സ്ലിപ്പായി സൈഡിലേക്ക് പടക്കനെ വീണു. റോഡരികിൽ നിന്ന സബിനെയും ഇടിച്ചിട്ടുകൊണ്ടാണ് സ്കൂട്ടർ വീണത്. സബിന്റെ കൈയിൽ ഉണ്ടായിരുന്ന കവർ നിലത്ത് വീണു. ഒരു കവർ പൊട്ടി അതിനുള്ളിലെ പൊടി അവന്റെ കൈയിലായി. അതേ കൈ കൊണ്ട് സബിൻ സ്കൂട്ടർ പിടിച്ചുയർത്തി. നിലത്തുവീണു കിടക്കുന്ന സ്ത്രീയെയും ഞങ്ങൾ തന്നെ പിടിച്ചെഴുന്നേൽപിച്ചു. അവളുടെ ശരീരത്തിലും സ്കൂട്ടറിലും ഒക്കെ ഇപ്പോൾ വെള്ളപ്പൊടി പറ്റി.
ആന്റോ: എന്റ പൊന്ന് ചേച്ചിമാരേ, ഒന്ന് നോക്കി ഓട്ടിക്കണ്ടേ?
ആ സമയം കുറച്ചകലെ ഹാർലിയുടെ ഹെഡ് ലൈറ്റും ശബ്ദവും കേൾക്കാൻ തുടങ്ങി. കടൽത്തീരത്ത് വന്ന് ആ ശബ്ദവും വെളിച്ചവും അസ്തമിച്ചു. സ്ത്രീകൾ ഭയന്ന് വിറച്ച് നിൽക്കുകയാണ്. ഇതിനിടയിൽ നിലത്തുവീണ ഫുഡ് പാക്കറ്റ് കൂടി സബിൻ എടുത്ത് ഹാൻഡിലിൽ തൂക്കിക്കൊടുത്തു.
സബിൻ: നിങ്ങളെന്താണ് വിറക്കുന്നത്?
അഹ്ന: ഞങ്ങളെ ഒരാൾ ഫോളോ ചെയ്യുന്നുണ്ട്.
സബിൻ: എന്തിന്? നിങ്ങളാരാ?
രഹ്ന: ഞങ്ങൾ...
അഹ്ന: അതൊക്കെ പിന്നെ പറയാം. എനിക്ക് വീടെത്തണം.
ആന്റോ: നിങ്ങൾ പൊലീസിനെ വിളിക്ക്.
ആ ചേച്ചി പൊലീസ് സ്റ്റേഷനിലേക്ക് ഡയൽ ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ പിങ്ക് പൊലീസ് വന്നു സാർ. ഞങ്ങൾ പതുങ്ങി മാറി നിന്നു. വനിത പൊലീസായിരുന്നു അതിൽ. അവരുടെ പിന്നാലെ സ്കൂട്ടറോടിച്ച് രണ്ടുപേരും പോയി. അപ്പോൾ ഇരുളിൽനിന്നും ആ ഹാർലി ഡേവിഡ്സൺ വീണ്ടും സ്റ്റാർട്ടായി. ഞങ്ങളും അയാളെ പിന്തുടരാൻ തുടങ്ങി.

26.
അങ്ങനെ പിന്തുടരുമ്പോൾ റോഡിൽ വനിത പൊലീസ് നിൽക്കുന്നത് കണ്ടു. ആ ചേട്ടൻ വനിത പൊലീസിന്റടുത്ത് ബൈക്ക് നിർത്തുന്നത് കണ്ടു. അയാൾക്കിപ്പം പണി കിട്ടും എന്നാലോചിച്ച് ഞങ്ങൾക്ക് ചിരി വന്നു. കാമറയുമായി പൊലീസുകാർ മഫ്തിയിൽ നിൽക്കുന്നുണ്ടായിരുന്നു.
ആന്റോ: എടാ ഇയാള് മിക്കവാറും അകത്താവും. നീ കണ്ടോ. ആ ചേച്ചി ട്രാപ്പാണ്. ദോ അങ്ങോട്ട് നോക്ക്. കാമറ. കാമറ.
സബിൻ: അകത്തായാൽ ഈ സാധനം നമ്മൾ എങ്ങനെ കൊണ്ടുവെക്കും.
ആന്റോ: നമുക്കും എന്തെങ്കിലും കാട്ടി അകത്താവാം.
സബിൻ: മൂഞ്ചിപ്പോവും. ഇടി വാങ്ങിയുള്ള ഒരു പണിക്കും ഞാനില്ല. അളിയൻ പൊയ്ക്കോ.
ആന്റോ: ഇടി വാങ്ങാതെ അകത്ത് വക്കാനുള്ള വല്ല പണിയുമുണ്ടോന്ന് നോക്കടാ.
അയാൾ പോയതും ഞങ്ങൾ ചെന്ന് ഈ ചേച്ചിയോട് സംസാരിച്ചു. എന്നിട്ട് മുന്നോട്ട് പോയി. കുറച്ച് ഓടിച്ചതേയുള്ളൂ. ഉടൻ ഓപ്പോസിറ്റ് റോഡിൽ വെട്ടിത്തിരിഞ്ഞ് തിരികെ പാഞ്ഞുവരുന്ന ഹാർലി ബൈക്ക് കണ്ടു. പിന്നാലെ രണ്ട് ബൈക്കുകളിൽ പൊലീസുകാർ. സിനിമയിലെ ചെയ്സിങ് പോലെ സൂപ്പറായിരുന്നു അത്. പൊലീസുകാർ അവരുടെ ബൈക്ക് വട്ടംപിടിച്ചു വണ്ടി നിർത്തി അയാൾ ടപ്പനെ വീണു. ഞങ്ങൾ ഓടിയെത്തി. ഞങ്ങൾതന്നെ അയാളെ പൊക്കിയെടുത്തു. അതിനിടയിൽ സബിൻ കവർ ബൈക്കിന്‍റെ സൈഡ് ബോക്സിനുള്ളിൽ തിരുകിെവച്ചു. പൊലീസുകാർ ഉടൻ തന്നെ അങ്ങേരെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. ടാസ്ക് തീർത്ത സന്തോഷത്തിൽ ഞങ്ങളും മടങ്ങി.
സബിൻ: അങ്ങനെ നമ്മടെ ഫസ്റ്റ് ക്വട്ടേഷൻ സക്സസായി.
ആന്റോ: അത് മാത്രമല്ലെടാ, അറിയാതെയാണെങ്കിലും നമ്മൾ ആ രണ്ട് ചേച്ചിമാരെ രക്ഷിക്കയുംചെയ്തു.
ഇതാണ് സാർ അന്ന് സംഭവിച്ചത്. പക്ഷേ, ഞങ്ങളെ അത്ഭുതപ്പെടുത്തിയത് അതല്ല.
രാജേഷ്: എന്താണത്?
സബിൻ: രണ്ട് മണിക്കൂർപോലും ആയിട്ടുണ്ടാവില്ല. ഞങ്ങൾ പെട്രോൾ പമ്പിൽ നിക്കുവാരുന്നു. പെട്ടെന്ന് ഞങ്ങളുടെ മുന്നിലൂടെ സാവധാനം ഓളംപോലെ ഹാർലി ഡേവിഡ്സൺ നീങ്ങുന്നത് കണ്ടു. ഞങ്ങള് ഞെട്ടിപ്പോയി.
ആന്റോ: അതു കണ്ടാ? പൊലീസിനെ ആക്രമിച്ചിട്ട് അകത്തായവൻ കൂളായി ഇറങ്ങി പോയത്.
സബിൻ: ഇവിടെ പണമുണ്ടെങ്കിൽ എന്തും സാധിക്കും.
ആന്റോ: അതാണ് പറയുന്നത് പണമുണ്ടാക്കാൻ നമ്മൾ എന്തും ചെയ്യും.
സബിൻ: ആ, എന്തും ചെയ്യും.
-ജയ് ജയ് എന്തും ചെയ്യും.
അവർ പറഞ്ഞത് മുഴുവൻ സീന എഴുതിയെടുത്തു. ഒരു കെട്ട് കടലാസ്. മൊത്തത്തിൽ ത്രില്ലർ സ്റ്റോറി.
രാജേഷ്: നിങ്ങൾ പെട്രോൾ പമ്പിൽവച്ച് അയാളെ കണ്ടത് എത്ര മണിക്കാണ്?
ആന്റോ: രണ്ട്-രണ്ടര മണിയാവും സാർ.
രാജേഷ്: സനൽ, ഇവമ്മാരെ അകത്ത് കൊണ്ടുപോയി നിർത്ത്. ഇരുത്തണ്ട.
സനൽ അകത്തു വന്ന് ഇരുവരെയും കൂട്ടിക്കൊണ്ട് തിരികെ പോയി.
സീന: മൂന്ന് മണിക്ക് ശേഷമാണ് സാർ, ദയ ആ ബൈക്ക് കണ്ടത്. റിവിയേറയിലെ സി.സി.ടി.വി ഞാൻ കോപ്പി ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ അമിത് ലോക്കപ്പിലാണ്. അയാളുടെ ബൈക്ക് നമ്മുടെ യാർഡിലാണ്.
രാജേഷ്: നമ്മൾ ചിന്തിക്കുന്നതിനെക്കാളും ട്വിസ്റ്റുകളാണല്ലോ.
സീന: സാർ, സമയം അഞ്ച് മുപ്പതായി. ഇന്ന് അയാളെ വീണ്ടും കോടതിയിൽ ഹാജരാക്കുന്നുണ്ട്. അതിനു മുമ്പ്...
രാജേഷ്: ഞാനിപ്പത്തന്നെ SP സാറിനെ വിളിക്കാം. സാറിപ്പം മ്യൂസിയം ഗ്രൗണ്ടിൽ നടക്കാൻ വന്നിട്ടുണ്ടാവും. താൻ ഇവൻമാരുടെ മൊഴി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് എത്തിക്കണം. നിരപരാധി ആണെങ്കിൽ അയാൾ രക്ഷപ്പെടട്ടെ.
സീന: സാർ.
സീന സി.ഐയെ സല്യൂട്ട് ചെയ്തശേഷം പുറത്തേക്കിറങ്ങി.