ലോക്കപ്പ്

27. ജയിലിന് ഇരുമ്പഴികളുണ്ട്. അതിലൂടെ നോക്കിയാൽ അടുത്ത ബ്ലോക്കിന്റെ ചുവർ കാണാം. അവിടവിടെ പൊടിഞ്ഞ് ഭൂപടങ്ങൾ തീർത്ത വെള്ള ചുവർ. ചുവരിനോട് ചേർന്ന് ഒരു കൂറ്റൻ വേപ്പുമരം നിൽപുണ്ട്. അമിത് ആ മരത്തെയും നോക്കിയിരുന്നു. മരത്തിന്റെ വെടിച്ച തോലിടുക്കുകൾ വരണ്ട നദികളെപ്പോലെ കൂട്ടുപിണഞ്ഞു. ഏതോ കാലത്ത് ജലമൊഴുകിയതിന്റെ ഓർമകൾ. കൂടുതൽ സൂക്ഷിച്ചു നോക്കിയപ്പോൾ വിടവുകളിലൂടെ ചെറിയ പുഴുക്കൾ സഞ്ചരിക്കുന്നത് കണ്ടു. വിചിത്ര രൂപികൾ. സങ്കീർണമായ നോവലുകൾപോലെ അവയുടെ മുഖം. എവിടെയോ തുടങ്ങി ക്രമംതെറ്റിക്കിടക്കുന്ന പുസ്തകങ്ങൾപോലെ. കൊമ്പുകൾ, തുറിച്ച കണ്ണുകൾ, പല്ലുകൾ, വിചിത്രമായ അക്ഷരക്കൂട്ടുകൾ, എന്തിനാണ് ഇവ? ഏത് വികൃതിയാണ്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
27.
ജയിലിന് ഇരുമ്പഴികളുണ്ട്. അതിലൂടെ നോക്കിയാൽ അടുത്ത ബ്ലോക്കിന്റെ ചുവർ കാണാം. അവിടവിടെ പൊടിഞ്ഞ് ഭൂപടങ്ങൾ തീർത്ത വെള്ള ചുവർ. ചുവരിനോട് ചേർന്ന് ഒരു കൂറ്റൻ വേപ്പുമരം നിൽപുണ്ട്. അമിത് ആ മരത്തെയും നോക്കിയിരുന്നു. മരത്തിന്റെ വെടിച്ച തോലിടുക്കുകൾ വരണ്ട നദികളെപ്പോലെ കൂട്ടുപിണഞ്ഞു. ഏതോ കാലത്ത് ജലമൊഴുകിയതിന്റെ ഓർമകൾ. കൂടുതൽ സൂക്ഷിച്ചു നോക്കിയപ്പോൾ വിടവുകളിലൂടെ ചെറിയ പുഴുക്കൾ സഞ്ചരിക്കുന്നത് കണ്ടു. വിചിത്ര രൂപികൾ. സങ്കീർണമായ നോവലുകൾപോലെ അവയുടെ മുഖം. എവിടെയോ തുടങ്ങി ക്രമംതെറ്റിക്കിടക്കുന്ന പുസ്തകങ്ങൾപോലെ. കൊമ്പുകൾ, തുറിച്ച കണ്ണുകൾ, പല്ലുകൾ, വിചിത്രമായ അക്ഷരക്കൂട്ടുകൾ, എന്തിനാണ് ഇവ? ഏത് വികൃതിയാണ് ഇവയെ പടച്ചത്? പരിണാമഘട്ടത്തിൽ ഇവ എന്തിനുവേണ്ടി ഉത്ഭവിച്ചു? എന്താണവയുടെ ധർമം? എന്താണവയുടെ ജീവിതം? അവ എങ്ങനെ പരസ്പരം അറിയുന്നു? അവർക്ക് പേരുകൾ ഉണ്ടോ? അവർക്ക് വ്യക്തിത്വമുണ്ടോ? അവ എന്തുതരം ബന്ധങ്ങളിൽ വ്യാപരിക്കുന്നു? ഒന്ന് മരിക്കുമ്പോൾ മറ്റൊന്ന് കരയാറുണ്ടോ? അവരെ ആര് ഭരിക്കുന്നു? അവർ സംഘർഷങ്ങളിൽ ഏർപ്പെടുന്നുണ്ടോ?
അമിത് അങ്ങനെ ചിന്തിച്ചിരിക്കെ, പുഴുക്കൾ മരത്തിൽനിന്നും നിലത്തിറങ്ങി സഞ്ചരിക്കാൻ തുടങ്ങി. നൂറുകണക്കിന് മനുഷ്യരുടേതെന്നപോലെ പുഴുക്കളുടെ ജാഥ ജയിലഴികൾ കടന്ന് സെല്ലിനുള്ളിലേക്ക് വന്നു. അതിനുള്ളിൽ മനുഷ്യർ പല കാര്യങ്ങളിൽ വൃഥാ ഏർപ്പെട്ടിരിക്കുന്നു. അകത്തുവന്ന പുഴുക്കൾ അവന്റെ കാൽച്ചുവട്ടിലെത്തി. അവിടെ ഒരു പല്ലി ചത്തു കിടക്കുന്നുണ്ടായിരുന്നു. പുഴുക്കളുടെ സംഘം മുറ െവച്ച് വന്ന് പല്ലിയെ ഭക്ഷിക്കാൻ തുടങ്ങി. വിശപ്പ് മാറിയവ തിരികെ നടക്കാൻ തുടങ്ങി.
കൂട്ടത്തിൽ ഒരു പുഴു അമിതിന്റെ കാൽവിരലിൽ കൂടി നടന്നുകയറി. അത് വേഗത്തിൽ നടന്ന് അവന്റെ തുടകളിലൂടെ കൈവെള്ളയിൽ കയറി. അവൻ കൈയുയർത്തി. ഇപ്പോൾ പുഴു അവന് മുഖാമുഖം നിന്നു.
എന്ത്? അവൻ ചോദിച്ചു. വിചിത്രമായ മുഖം വക്രിച്ച് പുഴു ചിരിച്ചു.
എന്തെങ്കിലും പറയൂ?
നീ ശവമാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.
ഹൊ! ആയിരുന്നെങ്കിൽ?
നിന്നെ ഞാൻ തിന്നുമായിരുന്നു.
അവൻ കൈ താഴ്ത്തി. പുഴു അതിന്റെ സംഘത്തോട് ചേർന്നു. പല്ലി കിടന്നയിടം ഇപ്പോൾ ശൂന്യമായിരിക്കുന്നു. പല്ലി ചത്തു വീഴുന്നതിനുമുമ്പ് ഈ ഇടം ശൂന്യമായിരുന്നു. പല്ലി പോയിക്കഴിഞ്ഞും ശൂന്യത.
പുഴുക്കൾ തിരികെ സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.
നടത്തം നിർത്തി, പുഴു ഒന്നു തിരിഞ്ഞുനിന്നു. എന്നിട്ട് പറഞ്ഞു:
ജീവിതം പ്രകാശമാണ്. ജീവിതം ലളിതമാണ്. ഭാരരഹിതമാണ്. നീ കരുതുന്നതുപോലെ സങ്കീർണമൊന്നുമല്ല.
പുഴുക്കളുടെ നിര വെളിച്ചത്തെ നോക്കി നടന്നകന്നു.
28.
വാർഡൻ വന്ന് പൂട്ട് തുറന്നു. എല്ലാവരെയും വെളിയിലിറക്കി. കുളിക്കാനുള്ള സമയമാണ്. മേശിരി എല്ലാവരെയും ഒറ്റവരിയിൽ നിർത്തി. ഓരോരുത്തർക്കും കൈവെള്ളയിൽ എണ്ണ ഒഴിച്ചു കൊടുത്തു. 30 പേരുടെ നിര വാട്ടർ ടാങ്കിലേക്ക് നീങ്ങി. അടുത്ത സെല്ലിൽനിന്നും കൂട്ടുകാരെ കണ്ടതിന്റെ വിളികൾ കേൾക്കാം. ‘‘എടാ തൊരപ്പാ.’’
അമിത് എണ്ണ തേയ്ച്ചു. ഇങ്ങനെ ഒരു ശീലമേയില്ല. ടാങ്കിൽ നിന്നും പ്ലാസ്റ്റിക് ബക്കറ്റിൽ വെള്ളം കോരി തലയിലൂടെ ഒഴിച്ചു. അയാളുടെ അകം നിറഞ്ഞുനിന്ന വിഷാദം കണ്ണുകളിലൂടെ തൂവിയൊഴുകി.
തല തുവർത്തി പതിവ് ഭക്ഷണം കഴിഞ്ഞ് ജയിലറയിൽ കയറി. സെൽ ഓരോ ദിവസവും പുതുതായിരുന്നു. ആദ്യദിവസം കണ്ട പലരും ജാമ്യം കിട്ടി മടങ്ങിക്കഴിഞ്ഞു. അവരുടെ സ്ഥാനത്ത് പുതിയ പ്രതികൾ വന്നു. എല്ലാവർക്കും പുതിയ പുതിയ കഥകൾ. അപൂർവം ചിലർ മാത്രം ചെയ്തുപോയ കുറ്റത്തിന്റെ ഉമിത്തീയിൽ നീറി.
അമിത് ഇപ്പോൾ ആരോടും സംസാരിക്കാറില്ല.
അയാൾ പായയിൽ വന്നിരുന്ന് അഴികൾക്കിടയിലൂടെ വേപ്പ് മരത്തെ നോക്കി.
മരം മാറിയിരിക്കുന്നു. അതിന്റെ ചാലുകളിൽ രേതസ്സിന്റെ ചാൽ. പോയ രാത്രിയിൽ രണ്ട് പായകൾക്കപ്പുറം കൂട്ടുപ്രതികൾ ഇണചേരുന്നത് കണ്ടിരുന്നു അയാൾ. രണ്ടു പുരുഷൻമാർ രതി ചെയ്യുന്ന കാഴ്ചയുടെ ജുഗുപ്സയിൽ അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.
മരം മാറിയിരിക്കുന്നു. അതിന് പൊക്കം വർധിച്ചിരിക്കുന്നു. അഴിയുടെ താഴത്തെ വിടവിലൂടെ അവൻ മരത്തിന്റെ തുഞ്ചത്തേക്ക് നോക്കി. നോക്കെത്താത്ത വിധം ഉയരത്തിൽ അത് എത്തിക്കഴിഞ്ഞു. വാതിലിലൂടെ ഇഴഞ്ഞ് അവൻ മരത്തിൽ പൊത്തിപ്പിടിച്ചു കയറാൻ തുടങ്ങി. അവൻ കയറുന്നതിനനുസരിച്ച് മരം ഉയരാനും തുടങ്ങി. മരത്തിന്റെ ഇലകൾ പൊഴിഞ്ഞുതുടങ്ങി. പൊഴിയുന്നത് ഇലകളല്ല. സമയം തന്നെയാണ്. ആയുസ്സാണ്.
അത് അനന്തതയാണ്. ഓരോ ഉയരം താണ്ടുമ്പോഴും അവന് ഓരോ പുതിയ കാഴ്ചകൾ കിട്ടി. ജയിൽ വളപ്പിനുള്ളിൽ ആണെങ്കിലും മരം ജയിലിന് പുറത്തും ആണ്. ആകാശം അതിന് അതിര് കൽപിക്കുന്നില്ല.
മരക്കൊമ്പിലിരുന്ന് അവൻ ജയിലറയുടെ ഉള്ളിലേക്ക് നോക്കി. അവിടെ അമിത് ഇരിക്കുന്നു. വിഷാദത്തിന്റെ നീലനിറം അയാളെ ആകമാനം മൂടിയിരിക്കുന്നു.
അപ്പോൾ ആ പുഴു വീണ്ടും വന്നു.
‘‘നീയെന്തിനാണ് വീണ്ടും വന്നത്?’’ അമിത് ചോദിച്ചു.
‘‘നീ മരിച്ചോ എന്നറിയാൻ. എന്റെ ഒരുപാട് തലമുറകൾക്ക് ഭക്ഷണമാകേണ്ടവനാണ് നീ.’’ പുഴു പറഞ്ഞു.
29.
പഴക്കം ചെന്ന, വക്കുകൾ കീറിയ, ഒരു ദസ്തേയവ്സ്കിയൻ പുസ്തകംപോലെയാണ് അമിതിന് അയാളെ കണ്ടപ്പോൾ തോന്നിയത്. അങ്ങനെയൊരു പുസ്തകത്തിന്‍റെ ഉള്ളിൽനിന്നും കൊടിയ മഞ്ഞുകാലത്തിറങ്ങിവന്ന പോലെ. അലമാരകൾക്കിടയിൽ അയാൾ ഇരിക്കുകയായിരുന്നു. മുഷിഞ്ഞ വൃദ്ധൻ.
വിസിറ്റേഴ്സ് റൂമിൽ ദയയെ കാണാൻ പോയപ്പോഴാണ് അമിത് അയാളെ കണ്ടത്. വാർഡനെ കണ്ടതും അയാൾ കസേരയിൽനിന്നും ചാടിയെണീറ്റ് ബഹുമാനത്തോടെ മാറിനിന്നു. പൊട്ടിയ രണ്ടു ബട്ടണുകൾ അയാളുടെ ഇടുങ്ങിയ നെഞ്ചിൻകൂട് തുറന്നു കാണിച്ചു തന്നു.
കടലാസുകൾ തയാറാക്കി ഒപ്പിടുന്നതിനിടയിൽ അയാൾ പൊലീസുകാരനെ തൊഴുതു.
അയാളെ അമിത് ഇടക്കിടെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ അയാൾ ഭവ്യതയോടെ ചിരിക്കാൻ ശ്രമിച്ചു. ഇടക്ക് വക്കീൽ തന്നെ നോക്കുന്നുവെന്ന് തോന്നിയപ്പോൾ അയാൾ ചോദിച്ചു: ‘‘സാറേ, എന്നെ എന്ന് പുറത്തുവിടും?’’
‘‘അതൊക്കെ സമയമെടുക്കും.’’
‘‘ഓ.’’
‘‘എന്നാ, തുണിയൊക്കെ മാറ്റി അങ്ങോട്ട് മാറി നിന്നോ. ഞാൻ വരാം.’’
‘‘ഓ.’’
ദുർബലമായ ഒരു കാറ്റ് പോലെ അയാൾ വശത്തേക്ക് നീങ്ങി.
‘‘എന്തായിരുന്നു അയാളുടെ കേസ്?’’ അമിത് വാർഡനോട് ചോദിച്ചു. വാർഡനും അയാളുമായി പരിചയത്തിലായിരുന്നു.
‘‘കൊലപാതകം.’’ അമിതിന്‍റെ മുഖത്തെ അവിശ്വാസം കണ്ട് അയാൾ ചിരിച്ചു.
‘‘ആരെ?’’
‘‘അയാളുടെ സഹോദരനെത്തന്നെ.’’
‘‘എന്തിന്?’’
‘‘വസ്തുതർക്കം.’’
അമിതിന്റെ ആകാംക്ഷ അടങ്ങുന്നില്ലെന്ന് കണ്ട് വാർഡൻ വിശദീകരിച്ചു.
‘‘മനുഷ്യരെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. അതാണ് ഇത്ര അതിശയം! അയാൾക്കും സഹോദരനുംകൂടി മൂന്ന് സെന്‍റ് സ്ഥലം ഉണ്ടായിരുന്നു. ഭാഗം വെച്ചപ്പോൾ ഒരു വരിക്കപ്ലാവ് അതിരിന്റെ കൃത്യം നടുവിലായിപ്പോയി. ഒരാൾ അത് മുറിച്ച് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ തർക്കമായി. അവസാനം ഇയാൾ അനിയനെ കൊന്നു.’’
അയാളെ ഒരു കഥാപാത്രമായി അമിതിന് തോന്നി. ഏതോ മുഷിഞ്ഞ പുസ്തകത്തിൽനിന്നും ഇറങ്ങിവന്ന ഒരാൾ. കഥാപാത്രങ്ങൾക്ക് നിശ്ചിതമായ ഒരു ജീവിതം ഉണ്ടെന്നും. അത് നേരത്തേ നിർണയിക്കപ്പെട്ടതാണെന്നും.

30.
‘‘ബ്രോ പിന്നെ കാണാം.’’ 19കാരൻ മടങ്ങുകയാണ്.
‘‘ഇനി നീ എന്തുചെയ്യും?’’
‘‘ഞാൻ അവളെ കൊണ്ടുപോകും.’’
‘‘ബൈ.’’
‘‘ബൈ.’’
അവൻ പോയിക്കഴിഞ്ഞപ്പോൾ പുഴു വന്നു.
‘‘നീ മരിച്ചില്ലേ?’’ വന്നപാടേ പുഴു ചോദിച്ചു. അമിത് ചിരിച്ചു.
‘‘ആ ചെക്കനുവേണ്ടി, ബലം പിടിക്കാൻ തുടങ്ങിയപ്പോൾ നീ കൊല്ലപ്പെടും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, നീ ചത്തില്ല. മരത്തിലിരുന്ന് ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു.’’ പുഴു അവന്റെ കാലിൽ അരിച്ചു നടന്നു പരിശോധിച്ചു.
പുഴു പറഞ്ഞത് ശരിയായിരുന്നു. രാത്രിയിൽ അരമയക്കത്തിൽ കിടക്കുകയായിരുന്നു. അപ്പോൾ പയ്യന്റെ അലറിവിളി കേട്ടു. ഉണർന്നു നോക്കിയപ്പോൾ നാലഞ്ചു നാൾ മുമ്പ് സെല്ലിലെത്തിയ ഒരു ഗുണ്ട അവനെ ആക്രമിക്കുകയാണ്. അക്രമി വിവസ്ത്രനാണ്. പയ്യനെയും വിവസ്ത്രനാക്കിയിരിക്കുന്നു. മറ്റൊന്നും ആലോചിച്ചില്ല, ഗുണ്ടയുടെ പിൻതലയിൽ ആഞ്ഞൊരിടി െവച്ചുകൊടുത്തു. അവൻ വീണു. എന്തുകൊണ്ടോ അവൻ തിരിച്ചടിക്കാൻ മുതിർന്നില്ല. അഥവാ, അവൻ തിരിച്ചടിച്ചുവെങ്കിൽ ഉറപ്പായും താൻ അവന്റെ നട്ടെല്ല് ചവിട്ടി ഒടിക്കുമായിരുന്നു.
തന്നിൽനിന്നും ഇത്തരമൊരു പ്രതികരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടും കൽപിച്ച് എണീറ്റ് നിന്നപ്പോൾ സെല്ലിലുള്ള സകല ഗുണ്ടകളും കള്ളൻമാരും കൊലപാതകികളും വരെ നിശ്ശബ്ദരായി. നാല് കൊലപാതകംചെയ്ത പേരുകേട്ട ഗുണ്ടയായിരുന്നു അവൻ.
‘‘എന്തരെടാ *#@*^#@, നീയൊക്കെക്കൂടി ഇവിടക്കെടന്ന് അടിച്ച് തീരോ?’’ വാർഡൻ പുറത്തുവന്നു ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. സെൽ നിശ്ശബ്ദമായി.
പിറ്റേന്ന് നേരം വെളുത്തതേയുള്ളൂ, മേശിരി ചോദിച്ചു: ‘‘സാറിന് ബോംബെയിൽ എന്തരാണ് പണി?’’
‘‘പണിയൊന്നും ഇല്ല.’’
‘‘അപ്പം യഥാർഥ മയക്കുമരുന്ന് കേസ് തന്നെ. അല്ലേ?’’
‘‘ആ.’’
‘‘ഞാൻ വിചാരിച്ചു… അല്ല, അതിപ്പം ചോദിക്കണകൊണ്ട് വേറൊന്നും വിചാരിക്കരുത്.’’
‘‘ചോദിക്ക്. നിങ്ങൾ സെല്ലിലെ മേശിരിയല്ലേ?’’
‘‘സാർ, യഥാർഥ തോക്കൊക്കെ കൊണ്ട് നടക്കാറൊണ്ടാ?’’
അമിത് ചിരിക്കുക മാത്രം ചെയ്തു.
‘‘ഡാ, തള്ളയോളികളേ, നിന്നേക്കപ്പോല ഒണക്ക പിച്ചാത്തിയും വടിവാളുംകൊണ്ട് നടക്കണ ചാവാലി ഗുണ്ടയല്ല സാറ്. ഓർമിച്ചോളീൻ. വല്ലതും ശബ്ദിച്ചാ ഇവിട മെഷീൻ ഗണ്ണുമായിട്ട് ആമ്പുള്ളേരെറങ്ങും. കേട്ടാ. ഇന്നി സാറ് പറയാത ഒറ്റ ഒരുത്തനും മിണ്ടിപ്പോവരുത്.’’ മേശിരി സഹതടവുകാരോട് പ്രഖ്യാപനം നടത്തി.
‘‘സാറ് ക്ഷമിക്കണം. അറിയാതെ ഞാൻ നിങ്ങളക്കൊണ്ട് തറ തൂത്ത് വാരിച്ചിറ്റൊണ്ട്. ക്ഷമിക്കണം.’’
സെല്ലിൽ അന്തർധാരപോലെ ശാന്തത വന്നു. ശബ്ദം ഒഴിഞ്ഞു പോയി.
ജയിൽ അയാളിൽ പ്രവർത്തിക്കാൻ തുടങ്ങി. ഈ നിമിഷത്തിൽ സർവാധികാരിയായ ഒരു ഗുണ്ടയായി അയാൾക്ക് മാറാനാവും. ജയിൽ അമിതിൽ അസാമാന്യമായ കരുത്ത് കുത്തിെവച്ചിരിക്കുന്നു.
അപ്പോൾ, അഴിവാതിലുകൾക്കിടയിലൂടെ അയാൾ വേപ്പുമരത്തെ നോക്കാൻ തുടങ്ങി. മരം അതിന്റെ നിശ്ചലതയെ ഉയരംകൊണ്ട് കീഴ്പ്പെടുത്താൻ ശ്രമിക്കുകയാണ്.
31.
വനിതകളുടെ വിശ്രമമുറിയിൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ദയ. വളരെ റിലാക്സ്ഡായാണ് സീന നടന്നു വരുന്നത്. അതിന്റെ സന്തോഷം മുഖത്ത് കാണാം. സീന ദയയെ ഒരു കുട്ടിയെ എന്നപോലെ കൈ പിടിച്ച് പുറത്തേക്ക് നടത്തി. യാർഡിലേക്ക്.
സീന: ‘‘ഒരു കാഴ്ച കാണിച്ചുതരാം. വാ.’’
വാഹനങ്ങളുടെ ആ ശ്മശാനത്തിൽ പൊടിപിടിച്ചിരിക്കുന്ന അമിതിന്റെ ഹാർലിയെ ഒരു വള്ളിച്ചെടി പൂർണമായി ചുറ്റിവരിഞ്ഞിരിക്കുന്നു. വള്ളിയിൽ ഒറ്റക്കൊരു പൂവ് വിടർന്നുനിൽക്കുന്നു. പ്രഭാത സൂര്യന്റെ വെളിച്ചം അതിന്റെ അരുമയായ ചുമപ്പിൽ തട്ടിത്തിളങ്ങുന്നു. അതു കണ്ടപ്പോൾ ദയയുടെ കണ്ണുകൾ വിടർന്നു. ശുഭപ്രതീക്ഷയുടെ പൂവ്. സീന ആ പൂവ് മൃദുവായി പറിച്ചെടുത്തു.
സീന: നിരവധി സങ്കീർണമായ ജൈവ പ്രവർത്തനങ്ങളുടെ ഒടുവിലാണ് ഒരു പൂ വിടരുന്നത്. അതിനെക്കുറിച്ച് അറിയുന്നില്ല എന്നതത്രെ പൂവിന്റെ മഹത്വം.
ദയ: ‘‘നല്ല ഡയലോഗ്.’’
സീന: ഇത് ഞാനൊരു നോവലിൽ വായിച്ചതാണ്.
ഇരുവരും വെയിലിന് അഭിമുഖം ചേർന്ന് നിന്നു. സീനയുടെ കൈയിൽ പിടിച്ച പൂവ് അവർക്കിടയിൽ തിളങ്ങി. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും വിഷാദമകന്ന ആ പ്രഭാതത്തിൽ രണ്ടു പെണ്ണുങ്ങളുടെയും മുഖം വിടർന്ന പൂക്കളായി. സീന പൂവ് വെയിലിന് നേരെ ഉയർത്തി.
പ്രഭാത വെയിൽ. ഓരോ രശ്മിയിലും പൂവുകൾ. ഇപ്പോൾ കൺനിറയെ പൂവുകൾ.
32.
അമിത് മറ്റൊരാളായി മാറിനിന്ന് തന്നെത്തന്നെ നിരീക്ഷിക്കാൻ തുടങ്ങി. ഒരുപക്ഷേ, ഒറ്റപ്പെട്ട മനുഷ്യർ ഇങ്ങനെ സ്വയം കൂട്ടുകൂടുന്നുണ്ടാവും. സ്വയം മിണ്ടുകയും.
അയാൾ എന്നും വേപ്പുമരത്തിന്റെ മുകളിൽ കയറിയിരിക്കും. അവിടെയിരുന്ന് വിദൂരത്തേക്ക് നോക്കും. പിന്നെ സെല്ലിനുള്ളിൽ മുഷിഞ്ഞ പായയിൽ ചമ്രം പടിഞ്ഞിരിക്കുന്ന തന്നെയും നോക്കും. എന്നിട്ടയാൾ പായിൽ വന്നിരുന്ന് മരത്തെ നോക്കും. മരത്തിൽ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന സൂക്ഷ്മജീവിതങ്ങളെ നോക്കും. ശീലങ്ങളിൽനിന്നും വിട്ടുപോകുന്നത് പ്രയാസമാണ്. ഒരു ക്രിമിനലിൽ കുറ്റവാസന ഏതു പ്രായത്തിലാണ് കുടിയേറുന്നത്? അമിത് തന്റെ സഹതടവുകാരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആരും നൂറ് ശതമാനം ക്രിമിനലുകൾ അല്ല. വളർച്ചക്കിടയിൽ എവിടെയോ െവച്ച് ഒരു സ്ലിപ്. പിന്നെയൊരിക്കലും തിരികെ പിടിച്ചുകയറാനാവാത്തവിധം ഹിമാനികൾ വഴുക്കുന്ന ഗർത്തത്തിലേക്ക് ആ മനുഷ്യൻ ആണ്ടുപോകുന്നു.
അപൂർവമായെങ്കിലും ഒരു കുറ്റവാളി താൻ ആദ്യമായി വഴിതെറ്റിയ നിമിഷത്തെ ഓർത്തെടുക്കും. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു എന്ന് ചിന്തിക്കും. അപ്പോഴേക്കും എല്ലാം കഴിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിയും. അവൻ ഒന്ന് ദീർഘനിശ്വാസം ചെയ്യും.
അയാൾ ഇപ്പോൾ ജയിലിലാണ്. ഇനി മോചനമില്ലാത്ത വിധം.
താനും ഇപ്പോൾ ജയിലിലാണ്.
വൈകുന്നേരമായി. മരം അതിന്റെ ഇലകൾ കൂമ്പിച്ച് ഉറങ്ങാൻ തയാറെടുക്കുകയാണ്.
വാർഡൻ വന്നു. വാതിൽ തുറന്നു. ‘‘അമിത് വരൂ.’’ എന്ന് പറഞ്ഞു. അയാൾ ചിരിച്ചുകൊണ്ട് മുന്നേ നടന്നു.

33.
നഗരത്തിന് യാതൊരു മാറ്റവുമില്ല. പുതുമകളെ സ്വീകരിച്ച് അതു സദാ ചലിച്ചുകൊണ്ടിരിക്കുന്നു. വലിയ മനുഷ്യർ മരിച്ചുവെന്നതോ, ആരെങ്കിലും അപ്രത്യക്ഷരായി എന്നതോ നഗരം വകെവക്കുന്നതേയില്ല. അത് സ്ഥിരം എന്നു തോന്നിക്കുമ്പോഴും ചലിച്ചുകൊണ്ടിരിക്കും. അതിന് ഒറ്റ ശബ്ദമേയുള്ളൂ. ഇരമ്പം. ബാക്കിയെല്ലാത്തിനെയും നഗരം അടക്കിക്കളയുന്നു. വാഹനങ്ങൾ പായുന്ന തിരക്കേറിയ റോഡ്. അമിത് അതിലൂടെ ഹാർലി ഓടിച്ച് വരുകയാണ്. പിൻസീറ്റിൽ ദയ ഇരിക്കുന്നു.
കോളജിലെത്തി. ചെറിയ ഹാളിൽ മറ്റൊരു മീറ്റിങ് തുടങ്ങുകയാണ്. വേദിയിൽ പ്രഫ. ലാസർ, രാജേഷ്, സീന. ചുവരിൽ സലിമിന്റെ ചിത്രം. സദസ്സിന്റെ മുൻനിരയിൽ ദയ.
അമിത് പ്രസംഗിക്കുകയാണ്.
അമിത്: ‘‘പ്രശ്നങ്ങളുടെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാൽ, അവ എല്ലായ്പോഴും എല്ലായിടത്തും ഉണ്ട് എന്നതാണ്. കൃത്യമായ സന്ദർഭത്തിൽ അവിടെ ചെന്നെത്തുന്ന ഒരാളെ അവ വരിഞ്ഞു മുറുക്കിക്കൊള്ളും. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചാണ് അന്നു ഞാൻ പറഞ്ഞത്. പ്രശ്നങ്ങളിൽനിന്നും രക്ഷപ്പെടാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കുമ്പോൾ നമ്മളറിയാത്ത, നമ്മളെ അറിയാത്ത ചിലർ നമുക്ക് സഹായവുമായി എത്തും.’’
അവൻ വേദിയിലിരിക്കുന്ന സീനയെ നോക്കി. എന്നിട്ട് തുടർന്നു.
‘‘പ്രശ്നങ്ങൾ പാഠശാലകളാണ്. ഞാൻ പുതുതായി പഠിച്ച ഒന്നുണ്ട്.’’
അമിതിന്റെ ഫോൺ ദയയുടെ കൈയിലിരുന്ന് റിങ് ചെയ്യാൻ തുടങ്ങി. അത് ശ്രദ്ധിച്ചുകൊണ്ട് അയാൾ പ്രസംഗം ഒരു നിമിഷം നിർത്തി. ആരാ, എന്ന് ആംഗ്യത്തിൽ ചോദിച്ചു.
ദയ: ‘‘മീരയാണ്.’’
അമിത്: ‘‘ഫോൺ ഇങ്ങ് തരൂ.’’
ദയ ഫോൺ കൊടുത്തു.
മീരയുടെ ശബ്ദം: ‘‘സാർ. ഞാൻ എന്താണ് കമ്പനിയോട് പറയേണ്ടത്?’’
അമിത്: ‘‘അവരോട് ആദ്യം കർഷകർക്കെതിരെ കൊടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ. ഫാർമേഴ്സ് ആർ സപ്പോസ്ഡ് ടു ബീ ഇൻ ബെയ്ൽ, നോട്ട് ഇൻ ജയിൽ. അവർ തുറന്ന വിശാലമായ വയലുകളിൽ നിൽക്കേണ്ടവരാ. ജയിലുകൾ അവർക്കുള്ളതല്ല.’’
ഫോൺ കട്ട് ചെയ്തു. ദയ കൈയടിച്ചു. ഇതു കേട്ട കുട്ടികളും എഴുന്നേറ്റ് നിന്ന് കൈയടിച്ചു.
അമിത് പ്രസംഗം തുടരുന്നു: ‘‘ഞാൻ പറഞ്ഞുവന്നതിതാണ്. നമ്മൾ ഒരു പ്രശ്നത്തിൽ ചെന്ന് പെടുമ്പോൾ, അവിചാരിതമായി മനുഷ്യരും സംഭവങ്ങളും വന്ന് ചേർന്ന് അതിനെ സങ്കീർണമാക്കും. തിരിച്ചിറങ്ങാനാവാത്ത ലേബ്റിന്തുകളിൽ അത് നമ്മെ ചുറ്റി നടത്തിക്കും. ഒടുവിൽ അവിടെനിന്നും തിരികെയിറങ്ങുമ്പോൾ നമ്മൾ പുതിയൊരു മനുഷ്യനായി മാറിയിട്ടുണ്ടാവും.’’
അമിതിന്റെ പ്രസംഗം ഹാളിന് പുറത്തുനിന്ന് ആന്റോയും സബിനും കേൾക്കുകയാണ്:
‘‘നമ്മൾ മുമ്പ് ചെയ്ത പ്രവൃത്തികളുടെ തുടർച്ചയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ. ചില അപരിചിതർ, അജ്ഞാതരായ മനുഷ്യർ നമ്മുടെ സ്ക്രിപ്റ്റിൽ നാമറിയാതെ കടന്നുകയറി വന്ന് അഭിനയിക്കാൻ തുടങ്ങും. അവർ അജ്ഞാതരായിരിക്കും. അവർ അങ്ങനെതന്നെ ആയിരിക്കട്ടെ.’’
ദയ മൈക്കിനടുത്തു വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി:
‘‘മുംബൈയിൽനിന്നും തിരുവനന്തപുരത്തേക്ക് വരുന്നേരം ഞാനൊരു കഥ വായിക്കുകയായിരുന്നു. കിണറിലേക്ക് വീണ മനുഷ്യന്റെ. ഒരാൾ ഒരു പൊട്ടക്കിണറ്റിലേക്ക് വീഴുകയാണ്. അഗാധമായ താഴ്ചയിലേക്ക് പതിക്കുന്നതിനിടയിൽ പുല്ലുകൾകൊണ്ട് തീർത്ത വലയിൽ അയാൾ കുടുങ്ങി. അയാൾ മുകളിലേക്ക് നോക്കി. അവിടെ ആകാശം. താഴെ, അങ്ങ് അഗാധതയിൽ കടിച്ചുകീറാൻ നിൽക്കുന്ന മൃഗം. അയാൾ പുല്ലുകളിൽ താങ്ങി കിടക്കുകയാണ്. അങ്ങനെ കിടക്കുന്നേരം അയാൾ കറുമുറെ എന്ന ശബ്ദം കേട്ടു. നോക്കുമ്പോൾ അയാളെ താങ്ങിയ പുൽക്കെട്ടിനെ ഒരെലി കരണ്ടുതിന്നുകയാണ്.
ആ കഥയുടെ ഒടുക്കം ഇതാ ഇങ്ങനെയാണ്.
അനിശ്ചിതത്വത്തിന്റെ വള്ളിക്കിടക്കയിൽ കിടന്ന് അയാൾ ആകാശത്തേക്ക് നോക്കി. അവിടെ ഒരു മരച്ചില്ലയിൽ തൂങ്ങിക്കിടന്ന തേനീച്ചക്കൂട് അപ്പോൾ കാറ്റത്ത് ഇളകിയാടാൻ തുടങ്ങി. ഇളകിയ തേനീച്ചക്കൂട്ടിൽനിന്നും ഒരു തുള്ളി തേൻ അടർന്ന് അയാളുടെ നാവിൽ വന്നു പതിച്ചു. അയാൾ പതിയെ അത് നുണഞ്ഞു.
എന്നിട്ട് അയാൾ പറഞ്ഞു: ‘‘ജീവിതം എത്ര മധുരതരമാണ്.’’
34.
ഇപ്പോൾ കന്യാകുമാരി-കൊൽക്കത്ത നാഷനൽ ഹൈവേയിലൂടെ വളരെ സാവധാനത്തിൽ ഒരു ഹാർലി ഡേവിഡ്സൺ ഓടുന്നു. ഒഡിഷ-ബംഗാൾ ബോർഡർ കടന്ന് അത് മുന്നോട്ട് പോകുന്നു. റോഡരികിൽ കൊൽക്കത്ത –225 കിലോമീറ്റർ എന്ന ബോർഡ് കാണാം. മറ്റൊരു കഥയിലെ കഥാപാത്രങ്ങളായ ആ ഹാർലി ഡേവിഡ്സൺ ബൈക്കും മുഖം മറച്ച ആ റൈഡറും വിദൂരതയിൽ ചലിച്ച് പതിയെ അപ്രത്യക്ഷമായി.