Begin typing your search above and press return to search.

ഓള്

ഓള്
cancel

ഫാത്തിഹയും സൂറകളും ഓതി നെഞ്ചിലൂതി പുതപ്പ് തലയോടെ വലിച്ചിട്ട് ഉറങ്ങാൻ കിടന്നതായിരുന്നു അവൾ. അപ്പോഴാണ് നിയ്യൊറങ്ങിയോ എന്നു ചോദിച്ച് ഭർത്താവെത്തിയത്. മിണ്ടാതെ കിടന്നു. ആകെ തളർച്ച. ഒന്നുറങ്ങിയാൽ മതി എന്നു മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. ‘‘ഇബളേ...’’ ഇക്ക പുതപ്പു വലിച്ച് മാറ്റി. ‘‘എന്താണിക്കാ...’’ അരിശത്തിൽ ചോദിച്ചു. ‘‘അല്ലിവളെ നാളെ നമ്മള് മരിച്ച് മണ്ണടിഞ്ഞാൽ നമ്മളെ അവസ്ഥയെന്താ...’’ ‘‘അതന്നേരം ആലോചിക്കാം.’’ ഇക്കയുടെ കൈ തട്ടിമാറ്റി കണ്ണടച്ചു കിടന്നു. ‘‘ഓളെയൊര് കള്ള ഒറക്ക്’’ എന്നു പറഞ്ഞുകൊണ്ട് മൂപ്പര് അരിശത്തോടെ മുറിവിട്ടു. കണ്ണടച്ചത് ഓർമയുണ്ട്. മുറി മുഴുവൻ നീലവെളിച്ചം. അവൾ അലമാര തുറന്ന്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

ഫാത്തിഹയും സൂറകളും ഓതി നെഞ്ചിലൂതി പുതപ്പ് തലയോടെ വലിച്ചിട്ട് ഉറങ്ങാൻ കിടന്നതായിരുന്നു അവൾ. അപ്പോഴാണ് നിയ്യൊറങ്ങിയോ എന്നു ചോദിച്ച് ഭർത്താവെത്തിയത്. മിണ്ടാതെ കിടന്നു. ആകെ തളർച്ച. ഒന്നുറങ്ങിയാൽ മതി എന്നു മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത.

‘‘ഇബളേ...’’

ഇക്ക പുതപ്പു വലിച്ച് മാറ്റി.

‘‘എന്താണിക്കാ...’’

അരിശത്തിൽ ചോദിച്ചു.

‘‘അല്ലിവളെ നാളെ നമ്മള് മരിച്ച് മണ്ണടിഞ്ഞാൽ നമ്മളെ അവസ്ഥയെന്താ...’’

‘‘അതന്നേരം ആലോചിക്കാം.’’ ഇക്കയുടെ കൈ തട്ടിമാറ്റി കണ്ണടച്ചു കിടന്നു.

‘‘ഓളെയൊര് കള്ള ഒറക്ക്’’ എന്നു പറഞ്ഞുകൊണ്ട് മൂപ്പര് അരിശത്തോടെ മുറിവിട്ടു.

കണ്ണടച്ചത് ഓർമയുണ്ട്. മുറി മുഴുവൻ നീലവെളിച്ചം. അവൾ അലമാര തുറന്ന് മയ്യിത്ത് കുളിപ്പിക്കുന്നവർ ആവശ്യപ്പെട്ട ഡബിൾമുണ്ട് തപ്പുന്നു.

“ആൾക്കാരെക്കൊണ്ട് പറയപ്പിക്കാതെ നീയൊന്ന് അടങ്ങിയിരിക്ക് ഇവളേ.”

ഇത്താത്ത സ്വകാര്യം പറഞ്ഞത് കേൾക്കാത്ത മട്ടിൽ അവൾ അലമാര പരതി. പാന്‍റ്സാണ് സ്ഥിര വേഷം. കല്യാണങ്ങൾക്ക് നാട്ടിലുണ്ടാവുമ്പോൾ ഡബിൾമുണ്ടും സിൽക്ക് ജുബ്ബയുമിട്ട് പെണ്ണുങ്ങളുടെ ഇടയിൽ ചെത്തിനടക്കാറുണ്ട്. ഉള്ളതിൽ പഴകിയ ഒരു മുണ്ട് തപ്പിയെടുത്ത് അലമാര പൂട്ടി അവൾ മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഇത്താത്ത കൈയിൽ കയറി പിടിച്ചു.

“ഞാൻ കൊടുത്തോളാം. ഇങ്ങ് താ.”

അവളത് വകവെക്കാതെ പുറത്തേക്കിറങ്ങി.

ഇന്ന് ധൈര്യം കാണിച്ചില്ലെങ്കിൽ ഇവരെല്ലാംകൂടി നാലു ചുമരുകൾക്കുള്ളിൽ തളച്ചിടുമെന്ന് അവൾ ഭയപ്പെട്ടു.

“ഓളിങ്ങനെ മണ്ടി നടക്കുന്നതെന്തിനാ. ഇദ്ദയിരിക്കുന്നില്ലേ?”

കട്ടിലിൽ ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നവരിൽ പർദയിട്ട സ്ത്രീ ചോദിച്ചു.

“മയ്യിത്തെടുത്തിട്ടല്ലേ ഇദ്ദ തുടങ്ങുന്നത്.”

ഇത്താത്ത പറയുന്നത് കേട്ട് അവളൊന്ന് തിരിഞ്ഞു നോക്കി അടുക്കള ഭാഗത്തേക്ക് നടന്നു. അടുക്കളമുറ്റത്ത് ചുറ്റും മറച്ച മയ്യിത്ത് കുളിപ്പിക്കാനുള്ള അലൂമിനിയം മേശക്കരികിൽ കൂടിനിന്ന് ആണുങ്ങൾ ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു. പണ്ടുകാലത്ത് വീട്ടിലെ ഒരു കുളിമുറിയെങ്കിലും മയ്യിത്ത് കുളിപ്പിക്കാൻ പാകത്തിൽ വീതിവിസ്താരമുണ്ടാകുമായിരുന്നു. മയ്യിത്ത് കിടത്താനും കുളിപ്പിക്കാനും ആറടി നീളത്തിലുള്ള വീതി കുറഞ്ഞ മരംകൊണ്ടുണ്ടാക്കിയ ബെഞ്ചുകളില്ലാത്ത വീടുകളുണ്ടായിരുന്നില്ല. ഇന്നത്തെ മണിമാളികകളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർക്ക് അത്തരം ബെഞ്ചുകളിടാൻ സ്ഥലസൗകര്യമില്ലെന്നു മാത്രമല്ല, അതവരുടെ വീടിന്‍റെ ഭംഗി കെടുത്തുമോ എന്ന ഭയവുമുള്ളതുകൊണ്ട് അത്തരം ഏർപ്പാടുകളെല്ലാം സ്വകാര്യ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണ്.

മയ്യിത്ത് കുളിപ്പിക്കാനുള്ള സോപ്പ്, ബ്രഷ്, ഷേവിങ് സെറ്റ്, ശരീരത്തിൽ പൂശാനുള്ള അത്തർ, കഫൻചെയ്യാനുള്ള തുണി തുടങ്ങിയ എല്ലാ സാധനങ്ങളും ഒരു ഫോൺവിളിയിൽ വീട്ടിലെത്തും. ആണായാലും പെണ്ണായാലും ശരീരത്തിലെ രോമങ്ങളെല്ലാം വടിച്ചുകളഞ്ഞിട്ടാണ് സോപ്പും ബ്രഷുമൊക്കെ ഉപയോഗിച്ച് ശരീരം വൃത്തിയാക്കുന്നത്. കൈയിൽ തുണി ചുറ്റി വയറ്റിനകത്തുള്ളതുപോലും തോണ്ടിയെടുത്ത് വൃത്തിയാക്കുന്നതാണ് സുന്നത്ത്, മയ്യിത്ത് കുളിപ്പിക്കുന്നത് ഇബാദത്താണ്. അതായത് പരലോകത്ത് പ്രതിഫലം ഇരട്ടിപ്പിക്കുന്ന പുണ്യപ്രവൃത്തി. ചുളുവിൽ കിട്ടുന്ന പുണ്യപ്രവൃത്തികളൊന്നും ആരും പാഴാക്കാറില്ല. മയ്യിത്ത് കുളിപ്പിക്കാനറിയുന്നവരും അറിയാത്തവരും ചുറ്റുംകൂടി അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. ഒടുക്കം അത്യാവശ്യം വിവരമുള്ള ഏതെങ്കിലുമൊരാൾ നേതൃത്വം ഏറ്റെടുക്കും. പഴയകാലത്ത് കൂട്ടുകുടുംബമായിരുന്നതിനാൽ പരസ്പരം സഹായിക്കാൻ ബന്ധുക്കളുണ്ടാവുമായിരുന്നു. കൂടാതെ അയൽക്കാരും സഹായത്തിനെത്തും. ഇന്ന് കുടുംബങ്ങളിൽ ചെറുപ്പക്കാരില്ല. തൊട്ടടുത്ത് താമസിക്കുന്നവർ ആരാണെന്നുപോലും പലർക്കുമറിയില്ല.

ഇണകളിൽ ഒരാൾ പെട്ടെന്നങ്ങ് പോവുമ്പോൾ അന്തംവിട്ടു പോകുന്ന ശേഷിപ്പുകാർക്ക് ഇത് വലിയ ഉപകാരമാണ്. പ്രത്യേകിച്ച് മക്കളും കുടുംബവും വിദേശത്തുള്ളവർക്ക്. നമ്മൾ ആരെയും കാണിക്കാതെ മൂടിപ്പൊതിഞ്ഞു വെക്കുന്ന ശരീരം മരിക്കുന്നതോടെ അന്യർ കൈകാര്യംചെയ്യുന്നത് ആലോചിക്കുമ്പോഴേ ഒരു മരവിപ്പാണ്. മക്കൾ മയ്യിത്ത് കുളിപ്പിക്കുന്നതാണ് ഉത്തമമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്നിപ്പോൾ ഭാര്യയെ കുളിപ്പിക്കാൻ ഭർത്താവും ഭർത്താവിനെ കുളിപ്പിക്കാൻ ഭാര്യയും കൂടണമെന്നൊക്കെയാണ് പറയുന്നത്. മറ്റുള്ളവരുടെ മുന്നിൽവെച്ച് ഇണയുടെ ശരീരഭാഗങ്ങൾ വൃത്തിയാക്കുന്നതൊന്നും ആലോചിക്കാൻപോലും സാധിക്കുന്നില്ല. മണ്ണിൽ കുഴിച്ചു മൂടുന്നതിനു മുമ്പ് എന്തിനാ കുളിയും സുഗന്ധം പൂശലുമൊക്കെ എന്നു ചോദിച്ചതിന് ഒരകന്ന ബന്ധു അവളെ പൊളിച്ചെഴുത്തു നടത്തുകയും അവിശ്വാസി എന്നു വിളിക്കുകയും ചെയ്തതോടെ ഇത്തരം സംശയങ്ങളൊന്നും ഉറക്കെ പറയാറില്ല.

“റബ്ബേ... ഇവളിവിടെ എന്താ കാട്ടണത്...”

അടുക്കള വരാന്തയിൽ അതിശയം കണ്ടുനിൽക്കുന്നവരിൽ പലരും ഒന്നിച്ചാണ് ചോദിച്ചത്.

“മൊയ്തീൻക്കാ ഇതാ തുണി. ഇനിയെന്തെങ്കിലും വേണോ?”

അത് വകവെക്കാതെ അവൾ ചോദിച്ചു.

ആണുങ്ങളും പെണ്ണുങ്ങളും എന്തോ അത്യാഹിതം സംഭവിച്ചതുപോലെ അവളെ പകച്ചു നോക്കി,

“ബിച്ചാ ഇവളെ അകത്തു കൊണ്ടിരുത്ത്.”

ആൾക്കൂട്ടത്തിലുണ്ടായിരുന്ന അവളുടെ ഇക്കാക്ക ഉറക്കെ ഭാര്യയെ വിളിച്ചു പറഞ്ഞു.

കേൾക്കാൻ കാത്തിരുന്നതുപോലെ എവിടെന്നോ പൊട്ടിമുളച്ച് ഇക്കാക്കയുടെ ഭാര്യ ബിച്ചാത്ത ഓടിവന്ന് കൈപിടിച്ചു.

അവളുടെ പിറകെ എത്തിയ ഇത്താത്ത ഇപ്പെന്തായിയെന്ന മട്ടിൽ അവളെ നോക്കി കണ്ണുരുട്ടി.

“ഇങ്ങളെന്തിനാ ഇത്താന്‍റെ പിന്നാലെ സി.ഐ.ഡിക്കണ്ണുംെവച്ച് നടക്കുന്നത്...”

അവളുടെ ഭർത്താവിന്‍റെ അനിയത്തി അതൃപ്തിയോടെ വാതിൽക്കൽ കൂട്ടംകൂടി നിൽക്കുന്ന പെണ്ണുങ്ങളോട് ചോദിച്ചു.

“ദീനും ദുനിയാവുമില്ലാതെ നടക്കുന്ന നിനക്കങ്ങനെ പറയാം. ഞങ്ങക്ക് പക്ഷേങ്കില് ലോകരെ എടയില് എറങ്ങിനടക്കാനുള്ളതാ.”

ബിച്ചാത്ത മുരണ്ടു.

“ഓളൊരു കോലം കണ്ടില്ലേ. മരിച്ച പൊരേന്നെങ്കിലും ഇനിക്കൊന്നു തല മറച്ചൂടെ ഫെബീനാ.”

കറുത്ത പർദയിൽ അടിമുടി മൂടിയ ഫെബീനയുടെ ഭർത്താവിന്‍റെ ഉമ്മയുടെ സ്വരത്തിൽ അതൃപ്തി. മരിച്ച വീടുകളിലെ പർദക്കാരികൾ പർദയിടാത്തവരെ കുറ്റവാളികളെ നോക്കുന്നതുപോലെ ചുഴിഞ്ഞുനോക്കി കണ്ണുരുട്ടുന്നത് ഫെബീനയെ പലപ്പോഴും അസ്വസ്ഥയാക്കാറുണ്ട്. മറ്റുള്ളവരെ പേടിച്ച് ജീവിക്കാൻ മനസ്സില്ല എന്ന് ഉറക്കെ പറയാനാണ് താൻ ഹിജാബ് ധരിക്കാത്തതെന്നാണ് ഫെബീനയുടെ പക്ഷം. പ്രതിഷേധം പ്രകടിപ്പിക്കാനെന്നപോലെ ആരേയും വകവെക്കില്ലെന്ന് പറയാതെ പറഞ്ഞുകൊണ്ട് ഫെബീന അവളുടെ കൈയും പിടിച്ച് തളത്തിലേക്ക് നടന്നു.

“മയ്യിത്ത് കുളിപ്പിക്കാനെടുത്തിട്ടില്ല. ശംസൂക്കാന്‍റെ ഫ്ലൈറ്റ് നേരത്തിന് ലാൻഡ് ചെയ്താ മതിയേനും. മരിച്ചാ ചൂടാറണേനു മുമ്പ് മയ്യിത്ത് ഖബറടക്കണമെന്ന് ഉപ്പ മരിച്ചപ്പള് കുഞ്ഞീക്ക പറഞ്ഞിരുന്നു. ഉപ്പാന്‍റെ മയ്യിത്ത് കുഞ്ഞീക്ക എത്തണേനു മുന്നം ഖബറടക്കിയത് ഇങ്ങളും കണ്ടതല്ലേ. പാവം കുഞ്ഞീക്ക അതിനുള്ളില് കെടന്ന് ശ്വാസം മുട്ടുണുണ്ടാവും. ഞാനോ ഇങ്ങളോ ഇപ്പോ എന്തെങ്കിലും മിണ്ടിയാ ഭൂകമ്പമുണ്ടാകും. ഇങ്ങളിവിടെ കുറച്ചുനേരം ഇരുന്നോളി. കുഞ്ഞീക്കാനെ ഇനി ഇങ്ങക്ക് കാണാൻ പറ്റൂലാലോ.”

ഫെബിയുടെ തൊണ്ടയിടറി. കണ്ണു നിറഞ്ഞു.

“കുഞ്ഞീക്ക ഇങ്ങനെ ഞമ്മളെ പിരിഞ്ഞു പോകൂന്ന് ആരെങ്കിലും കരുതീതാ, കുറച്ച് പഞ്ചാര അടിയൊക്കെ ഉണ്ടെങ്കിലും കുഞ്ഞീക്കാക്ക് ഇങ്ങളെ ജീവനേനൂന്നാ ഞാൻ മനസ്സിലാക്കിയത്. അല്ലേത്താ... കുഞ്ഞീക്കാന്‍റെ ഈ കെടപ്പ് എനക്ക് സഹിക്കണില്ലാട്ടോ. ആളിത്തിരി പഴഞ്ചൻ മെന്‍റാലിറ്റിക്കാരനാണെങ്കിലും...”

“ഫെബിയേ ഇഞ്ഞ് കുഞ്ഞിമ്മോന്‍റെ ഓളേ വിളിച്ച് ആത്തേക്ക് പോയാ. ശംസു ഇപ്പളെത്തും. അപ്പം ആണുങ്ങള് മുയുമനും ഇടിച്ചു കേറും. അയിനു മുന്നം നീ ഓളെ അകത്ത് കൊണ്ടിരുത്ത്.”

“മയ്യിത്ത് കുളിപ്പിക്കാനെടുക്കും വരെ ഇത്ത ഇവിടിരുന്നോട്ടെ അമ്മായി.”

ഫെബി അമ്മായിയുടെ കൈയും പിടിച്ച് തളത്തിലെ മുറിയിലേക്ക് നടന്നു. അവിടിരുന്നാ അകത്തും പുറത്തും നടക്കുന്നതറിയാം. കേൾക്കാം,

എന്നാലും കുഞ്ഞിമ്മോനിങ്ങനെ പോവൂന്ന് ആരെങ്കിലും വിചാരിച്ചതാ,

ഒരാളുടെ സഹതാപം,

“കൈയിലിരിപ്പ് ലേശം മോശാന്നാ കേട്ടത്, പാകിസ്താനിപ്പെണ്ണിന് പിന്നാലെ നടന്നെന്നോ, ഓൻ നല്ലോണം പെരുമാറിയെന്നോ ഒക്കെ കേക്കന്നുണ്ട്.”

“ഓന്‍റെ പണി പോയിട്ടാ നാട്ടിലെത്തിയതെന്നു കേട്ടല്ലോ,”

“എത്തീട്ടിപ്പം ഒരായ്ചയായീലേ... ഇത്തവണ എത്തീട്ട് അങ്ങാടീലേക്കൊന്നും കണ്ടീല. അല്ലെങ്കില് അത്തറും പൂശി സിഗരറ്റും പുകച്ച് വരവറിയിക്കാറുള്ളതാണ്.”

“പണി പോയ ചമ്മലായിരിക്കും.”

“മരിച്ചോരെ കുറ്റം പറയണത് നിർത്ത് കൂട്ടരേ. ഓനായി ഓന്‍റെ പാടായി. ഇങ്ങളെനെന്തിനാ ഫിത്ന പറഞ്ഞ് കുറ്റം കൈയേൽക്കുന്നത്.”

വിവരമുള്ള ആരോ തിരുത്തിയത് കേട്ട് ആശ്വാസമായി. കുറ്റവിചാരണ ചെയ്യുന്നവരെ നാലു തെറി പറയാൻ നാക്കു തരിച്ചിരിക്കുകയായിരുന്ന ഫെബീന സ്വയം നിയന്ത്രിച്ചു.

 

ഇവരുടെയൊക്കെ എടേല് പിടിച്ചുനിക്കണേങ്കിലും ഇത്ത കുറേ പാടുപെടും. ഭർത്താവ് മരിച്ചാൽ ഭാര്യയെ ഇരുട്ടറയിൽ തള്ളണമെന്ന് ഖുർആനിലെവിടെയും വായിച്ചതായി ഓർമയില്ല. ഹിജാബിടാത്തതുകൊണ്ട് പരിഷ്കാരി, തന്‍റേടിയെന്നൊക്കെ കുടുംബക്കാരുടെ അധിക്ഷേപം വക​െവക്കാറില്ല. അഞ്ചുനേരവും നിസ്കരിക്കാറുണ്ട്. എന്നും രാവിലെ എഴുന്നേറ്റ് സുബ്ഹി നിസ്കരിച്ച് ഖുർആൻ വിവർത്തനം നിത്യമായി വായിക്കാറുമുണ്ട്. അറബിക് അധ്യാപകനായ ബാപ്പ പഠിപ്പിച്ച ശീലമാണ്. വിവർത്തനം വായിക്കുന്നതുകൊണ്ട് ഖുർആന്‍റെ ഉള്ളടക്കം കുറേശ്ശയൊക്കെ അറിയാം. സ്ത്രീകളെ പരാമർശിച്ചെഴുതിയ സൂറത്തുൽ നിസാഉം സൂറത്തുൽ നൂറും പല തവണ അർഥമറിഞ്ഞ് വായിച്ചിട്ടുണ്ട്. സംശയം തോന്നുമ്പോഴെല്ലാം വീണ്ടും വായിക്കും. ആണും പെണ്ണും ലോകത്ത് എങ്ങനെ ജീവിക്കണമെന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട്. അതൊന്നും പക്ഷേ, അല്ലാഹുവിന്‍റെ അടുത്ത ആളുകളെന്നു പറഞ്ഞു നടക്കുന്നവരുടെ കണ്ണിൽപെടില്ല.

പെട്ടാലും വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് അവർ അറിവില്ലാത്ത മനുഷ്യരെ വഴിതെറ്റിക്കും. ആണിനൊരു നിയമം പെണ്ണിനൊരു നിയമം എന്ന മട്ടിലാണ് വ്യാഖ്യാനം. തെറ്റുചെയ്യുന്നത് ആണായാലും പെണ്ണായാലും ദുർനടപ്പുകാർക്കും അവിവേകികൾക്കും അക്രമികൾക്കും കഠിനമായ ശിക്ഷയാണ് മരണശേഷം ഒരുക്കിെവച്ചിട്ടുള്ളത്, അവർ നരകത്തീയിൽ കിടന്നു വെന്തുരുകും. ദാഹിച്ചു കേഴുമ്പോൾ ചുട്ടുപഴുത്ത മലിനജലം തൊണ്ടയിലൊഴിക്കും. അപ്പോൾ നരകത്തിന്‍റെ കാവൽക്കാർ ചോദിക്കും, സത്യ സന്ദേശവുമായി ദൈവദൂതന്മാർ എത്തിയപ്പോൾ നിങ്ങളെന്തുകൊണ്ട് വിശ്വാസികളായില്ല.

ഒന്നിലധികം വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ കടമകളും കർത്തവ്യങ്ങളും അടിവരയിട്ട് പറഞ്ഞിട്ടും മുസ്​ലിം പുരുഷന്മാർ അതെല്ലാം തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നതിനെതിരെ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവൾ തെറിച്ചിയായത്. ഹിജാബ് ധരിക്കാറില്ലെങ്കിലും പുറത്തിറങ്ങുമ്പോൾ ഷാളുകൊണ്ട് തല മറയ്ക്കാറുണ്ട്. നിങ്ങളുടെ തലയിലെ തട്ടം മാറത്തുകൂടി താഴ്ത്തിയിടുന്നതാണ് നിങ്ങളുടെ സുരക്ഷക്ക് ഉത്തമം എന്നു സൂറത്തുൽ നൂറിൽ വായിച്ചതോടെയാണ് അങ്ങനെ ചെയ്യാൻ തുടങ്ങിയത്. പൊതുസ്ഥലങ്ങളിൽ മാന്യന്മാരെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില പുരുഷന്മാരുടെ നോട്ടം കാണുമ്പോൾ ശരീരം അടിമുടി ഇരുമ്പ് ചട്ടകൊണ്ട് മറച്ചാലോ എന്നുപോലും തോന്നിയിട്ടുണ്ട്. മയ്യിത്തിന്‍റെ തലയ്ക്കൽ ഇത്ത അപ്പോഴും അതേ ഇരിപ്പാണ്. പാവം എന്താവും ഇപ്പോൾ അവരുടെ മനസ്സിൽ, ഫെബീന കിട്ടിയ കസേരയിലിരുന്നു.

2

അവൾ ഭർത്താവിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. മൂക്കിലെ പഞ്ഞി ആരാ മാറ്റിയത്... താടിയിലെ കെട്ടും അഴിഞ്ഞിരിക്കുന്നു. മുഖമിപ്പോൾ നന്നായി കാണാം. പഴയ ഇക്ക തന്നെ. മുഖം അരിശംകൊണ്ട് ചുവന്നോ...

“നിയ്യിതെന്തു ഭാവിച്ചാ ഇവളേ... ഞാൻ മരിച്ചാ ഇദ്ദ ഇരിക്കണോന്ന് ഞാൻ പറഞ്ഞതല്ലേ.”

മരിച്ചാലും മൂക്കത്തരിശത്തിനു കുറവില്ല.

“ഇങ്ങളങ്ങനെ എന്തെല്ലാം പറഞ്ഞിന്... ഇന്നെ തായ് ലാൻഡി കൊണ്ടോവാം. മാളിക പണിതു തരാം. പെണ്ണുങ്ങളുമായുള്ള ഇങ്ങളെ ചുറ്റിക്കളി നിർത്തിക്കോളാം. എന്നിട്ടോ...”

“മരിച്ചാലെങ്കിലും എന്നെപ്പറ്റി ഓള് രണ്ടു നല്ല വാക്ക് പറയൂല.”

“ഇങ്ങള് വേറൊരു പെണ്ണിനെ നോക്കൂംകൂടി ഇല്ലാന്ന് എന്റെ തലയിൽത്തൊട്ട് സത്യം ചെയ്തിട്ട് ദുബായീല് പാക്കിസ്താനി പെണ്ണുമായിട്ട് ചുറ്റിക്കളി തുടങ്ങിയതും ഓളെ പുതിയാപ്ല പട്ടാണി ഇങ്ങളെ തച്ചു പഞ്ചറാക്കിയതും ഞാനറിഞ്ഞീലാന്നാ വിചാരം. അന്നു മുതലല്ലേ ഇങ്ങക്ക് നെഞ്ച് വേദന തുടങ്ങിയത്. അറബീന്‍റെ ഡ്രൈവർപ്പണി പോയത്.”

“ഇമ്മായിരി ഫിത്നകളൊക്കെ നിന്നോടാരാ പറേന്നത്...”

“മരിച്ചാലെങ്കിലും നേര് പറ ഇക്കാ.”

“ഞാൻ നാട്ടിലില്ലാത്തപ്പം നിയ്യ് നാട് ചുറ്റാൻ പോണത് ഞാനറിഞ്ഞീലാന്നാ ഇന്റെ വിചാരം”,

“ഞാനെന്‍റെ ഇത്താത്താക്കും അളിയാക്കാക്കുമൊപ്പല്ലേ പോയത്.”

“അളിയാക്കാ... കൊള്ളിമ്മെ ചേല ചുറ്റിയോലെ കണ്ടാലും... എന്നെക്കൊണ്ട് പറയിക്കണ്ട...”

“അതെന്നെ ഞാനും പറയുന്നത് പറയിക്കണ്ട.”

“നാട്ടില് വന്നാ നീയെനക്ക് സ്വൈരം തരാറുണ്ടോ. പൊന്നു മേണം പൊര മേണം... നാട് ചുറ്റണം. എന്നാലാവുന്നത് ഞാൻ സാധിപ്പിച്ചു തന്നിട്ടില്ലേ. എന്നിട്ട് എനക്കും മേണ്ടി കുറച്ചീസം മറയിലിരിക്കാൻ നിനക്കാവൂലേ...”

“കുറച്ചു ദിവസല്ല, നാലും മാസോം പത്തു ദിവസോം. അത്രേം ദിവസം മനുഷ്യരെ കാണാതെ മൂടിപ്പൊതിഞ്ഞ് ഞാൻ അറക്കകത്ത് ഒതുങ്ങിയാ ഇപ്പൊരന്‍റേം ഞമ്മളെ മക്കളേം ഹാലെന്താ...”

“അള്ളേം നബീം കൽപിച്ചത് ചെയ്യൂലാന്നാ നീ പറേന്നത്.”

“ഇതൊന്നും എനക്ക് മേണ്ടീട്ടല്ലാലോ. ഞമ്മളെ രണ്ടു പെമ്മക്കക്ക് മേണ്ടീട്ടല്ലേ, ഓലിക്ക് വെച്ചു വിളമ്പിക്കൊടുക്കണ്ടേ, സ്കൂളിലയക്കണ്ടേ, സ്കൂളില് മീറ്റിങ്ങിന് പോണ്ടേ.”

“വെറും നാലു മാസത്തെ കാര്യല്ലേ...”

“അല്ലിക്കാ... ഇപ്പം എന്നെ കൂട്ടിലടച്ചാ പിന്നെ പൊറത്തിറങ്ങാൻ വലിയ പാടാ.”

“എത്തറ കഷ്ടപ്പെട്ടിട്ടാ ഇന്‍റെ പൂതി പോലെ ഞാനീ പെര പണിതത്. അതെങ്കിലും ഓർമണ്ടോ നിനക്ക്.”

“കിളിക്കൂട് പോലത്തെ ഒരു പൊരേം ഇണ്ടാക്കിത്തന്നിട്ട്... അതും പോയീലേ...”

“അതെങ്ങനാ പോണത്. പൊര ഞാൻ കൊണ്ടോണില്ലാലോ...

ഇങ്ങള് കൊണ്ടോവണ്ട. ഇങ്ങളെ ഉമ്മ കൊണ്ടോവും...”

‘‘അതെങ്ങനാ...”

“ഖുർആൻ കാണാപ്പാഠം ഓതീട്ട് കാര്യല്ല. അർഥം പഠിക്കണം.”

“ഓളൊരു മയില്യാരിച്ചി... ഖുർആൻ ക്ലാസിന് പോകാൻ തൊടങ്ങ്യേപ്പിന്നാ നിനിക്ക് തണ്ട് കൂടിയത്.”

“തണ്ട് മാത്രല്ല വിവരോം കൂടി.”

“എന്നിട്ടാ ഇദ്ദ ഇരിക്കാത്തത്...”

“ഇദ്ദ ഇരിക്കണതെന്തിനാന്നാ ഇങ്ങളെ വിചാരം...”

“മറ്റാരു മരിച്ചാലും മൂന്നു ദിവസം ദുഃഖിച്ചിരിക്കാനേ അള്ളാഹു പറഞ്ഞിട്ടുള്ളൂ, പക്ഷേങ്കില് കെട്ട്യോൻ മരിച്ച പെണ്ണുങ്ങമ്മാര്ക്ക് ഓരോടുള്ള സ്നേഹം കാണിക്കാൻ നാലു മാസവും പത്തു ദിവസവും വരെ ദുഃഖിച്ചിരിക്കണം...’’

 

“അസ്തഅഫുറ്ള്ളാഹുൽ അളീം... റബ്ബേ നീ പൊറുത്തു കൊടുക്ക്, പൊന്നാരിക്കാ സ്നേഹം കാണിക്കാനല്ല മാപ്പളാര് മരിച്ച പെണ്ണുങ്ങമ്മാര് ഇദ്ദ ഇരിക്കണത്. സ്നേഹം കാണിക്കാനുള്ളതല്ല, ആണുങ്ങക്കത് പറഞ്ഞാ മനസ്സിലാവൂല, അത് വിട്. ഇദ്ദയുടെ ഉദ്ദേശം ഇങ്ങള് പറഞ്ഞതുപോലല്ല. നാല് ആർത്തവകാലം പൂർത്തിയാകുമ്പോഴേ മരിച്ചയാളുടെ ഭാര്യക്ക് പള്ളേലുണ്ടോ ഇല്ലയോ എന്നറിയുകയുള്ളൂ. അതിനാണ് കൃത്യമായി നാലു മാസവും പത്തു ദിവസവും എന്നു വ്യക്തമായി പറഞ്ഞത്.”

“കാലാകാലമായി പെണ്ണുങ്ങള് ചെയ്യണ കാര്യങ്ങള് ഇന്നെപ്പോളുള്ള പരിഷ്കാരികള് തിരുത്തുന്നത് അള്ള പൊറുക്കൂലാട്ടോ.”

“അക്കാലത്ത് പൊരേല് എമ്പാടും ആളുകളുണ്ടാവും. ഒരുത്തി മുറിക്കകത്തിരുന്നൂന്ന് വച്ചിട്ട് പൊരക്കാര്യങ്ങളൊന്നും താറുമാറാകൂലാ. ഇന്നത്തെ സ്ഥിതി അതാണോ”,

“അപ്പം നിയ്യ് ഇദ്ദ ഇരിക്കൂലാന്ന് തീരുമാനിച്ചു...”

“ഇക്കാ ഞാനിതിന്‍റകത്ത് അടച്ചിരുന്നാ ഇവിടത്തെ കാര്യം ആര് നോക്കും... ഇങ്ങള് നാട്ടിലില്ലാത്തപ്പം വീട്ടുകാര്യങ്ങള് ഞാനല്ലേ നോക്കണത്. മാസാമാസം കറന്‍റ് ബില്ല് കെട്ടണം, വെള്ളത്തിന്‍റെ പൈസ അടക്കണം. കുട്ട്യേളെ സ്കൂളില് പോണം, അയിറ്റങ്ങക്ക് സൂക്കേടായാ ആസ്പത്രീ കൊണ്ടോവണം. ഇങ്ങളെ മക്കക്കാണെങ്കില് ശ്വാസംമുട്ട് ഒയിഞ്ഞ നേരല്ല. താവഴിക്ക് കിട്ടിയതെന്നാ ഡോക്ടര് പറഞ്ഞത്. ഇങ്ങളെ ഉപ്പാക്ക് എന്നും കുന്നുമെന്നു പറഞ്ഞതുപോലെ വലിവല്ലേനോ... എന്‍റെ റബ്ബേ... നിന്നു തിരിയാൻ നേരണ്ടോ പെണ്ണുങ്ങക്ക്. അതുമാത്രല്ല ആളേം മനിശനേം കാണാണ്ട് കൂട്ടിലിട്ട തത്തേനെപ്പോലെ മുറിക്കകത്ത് കൂടാൻ എനിക്കാകൂലാന്ന് ഇങ്ങക്കറിയൂലേ ഇക്കാ. നാല് മാസം കയിഞ്ഞ് ഗർഭിണിയല്ലെങ്കില് പെണ്ണിന് വേറെ കല്യാണം കയിക്കാം... പക്ഷേങ്കില്...”

“റബ്ബേ... ഇതാപ്പം നിന്‍റെ പൂതി...”

“ഇങ്ങള് ചാനൽ ചർച്ചക്കാരെപ്പോലെ കേക്കുമ്പളത്തിന് കൊത്തിക്കീറാൻ വരല്ലേ... ഒരാക്ക് ഒരിക്കലല്ലേ അബദ്ധം പറ്റൂ, എനക്ക് കല്യാണം കയിക്കണോന്ന് പൂതിയൊന്നുമുണ്ടായിരുന്നില്ല. പഠിച്ച് വലിയ ആളാവണം. സ്വന്തമായൊരു ജോലി വേണം. ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കണം. എന്തെല്ലാം ആശകളേനും. ഉമ്മേം ബാപ്പേം ഓലെ ഭാരമൊഴിവാക്കാൻ നടത്തിയതാ എന്‍റെ നിക്കാഹ്. ബാല്യക്കാരി പെൺകുട്ടികളുണ്ടെങ്കില് അവരെ ഒരുത്തനെ ഏൽപിച്ചാലെ ഹജ്ജിനു പോകാൻ പറ്റൂള്ളൂന്നും പറഞ്ഞല്ലേ തെരക്ക് കൂട്ടിയത്. നല്ലകാലം അങ്ങനെ തീർന്ന്. ഇനി വേറൊരുത്തനെ പേറാൻ എനക്കെന്താ പിരാന്താ...”

“അൽഹംദുലില്ലാഹ്... അള്ളാഹുവിന് സ്തുതി... വേറൊരുത്തൻ എന്‍റെ പൊരേല്...”

“പടച്ചോനേ... മരിച്ചാലും ഞാൻ നല്ലോണം ജീവിക്കണത് ഇങ്ങക്ക് സഹിക്കൂല അല്ലേ...”

“ഞാനില്ലാതെ നീയിപ്പം അങ്ങനെ കൊശിയാക്കണ്ട.”

“കൊശി... കെട്ടിക്കൊണ്ടെന്ന് ഒരു മാസം കയ്യുംമുമ്പേ പൊരക്കാരിക്ക് കിസ്മെത്തടുക്കാൻ എന്നെ ഇവിടെ ആക്കിയിട്ട് പോയതല്ലേ ഇങ്ങള്. ഉപ്പയുള്ള കാലത്തോളം ചെലവിനുള്ള പൈശ ഉപ്പാക്ക് നേരിട്ടല്ലേ അയച്ചുകൊടുത്തത്. ഒരടിപ്പാവാട വേണൊങ്കില് ഉപ്പാനെ കണക്കു ബോധിപ്പിക്കണം. അനിയനെ ഗൾഫില് കൊണ്ടോയി, പെങ്ങളെ മംഗലം കയിപ്പിച്ച്. എല്ലാം കയിഞ്ഞാലെങ്കിലും എന്നേം മക്കളേം കൊണ്ട്വോവൂന്ന് ആശിച്ചിരിക്കുമ്പം ഇങ്ങനേമായി.”

‘‘മയ്യിത്ത് മുഖമിങ്ങനെ തൊറന്നുവച്ചാ ഇബലീസ് കേറിക്കൂടും.” ഒരു സ്ത്രീ വന്ന് മയ്യിത്തിന്റെ മുഖം മറച്ചു.

മൂപ്പരോട് കാര്യം പറയാൻ എനക്ക് മുഖം കാണണമെന്നില്ല. അവൾ പിറുപിറുത്തു,

“പർദ്ദേംകൂടി ഇടാണ്ട് ഓള് ആണുങ്ങളെ എടേല് ഇരിക്കന്ന ഇരിപ്പ് കണ്ടോ...”

മറ്റൊരുത്തിയുടെ അടക്കംപറച്ചിൽ.

“മയ്യിത്ത് പൊരേലുള്ളപ്പം ഇങ്ങനെയാന്നെങ്കില് ഖബറിലേക്കെടുത്താലുള്ള ഹാലെന്താ...”

“പെണ്ണുങ്ങമ്മാരെക്കൊണ്ട് പറയിക്കാതെ നിയ്യ് മുറിയില് ചെന്നിരിക്ക്.”

മൂപ്പരുടെ ശബ്ദമുയർന്നോ, അവൾ ചുറ്റും നോക്കി, ഹാളിൽ കൂട്ടം കൂടിനിന്ന് അവളെ പഴിക്കുന്നവരൊന്നും ഇങ്ങോട്ട് ശ്രദ്ധിക്കുന്നില്ലെന്നു കണ്ട് അവൾ സംസാരം തുടർന്നു.

“ഇക്കാ ഇങ്ങളവിടെ മിണ്ടാണ്ട് കെടന്നോളീ, നാക്കിനെല്ലില്ലാത്ത പെണ്ണുങ്ങമ്മാര് പറേന്നത് ഇടത്തേ ചെവിയിലൂടെ കേട്ട് വലത്തേ ചെവിയിലൂടെ വിട്ടാലേ എനക്ക് മേലാക്കം ഈ ഭൂമീല് ജീവിക്കാനാവൂ. പറയാനുള്ളത് ഇപ്പളല്ലാണ്ട് പിന്നെപ്പളാ പറയുന്നത്. ഖബറിലടങ്ങിയാൽ... അവിടത്തെ അദാബ് റബ്ബേ... മലായിക്കാങ്ങള് ചോദ്യംചെയ്യാൻ വരുമ്പം ഉത്തരം മുട്ടല്ലേ ഇക്കാ... മൻ റബ്ബുക്ക...”

“വെറുതെ പേടിപ്പിക്കാതെ നീ ഒന്നു പോണുണ്ടോ...”

പേടിപ്പിച്ചതല്ലിക്കാ, ഖുർആൻ ക്ലാസില് പഠിപ്പിച്ച കാര്യം പറഞ്ഞതാ.”

“മരിച്ചാലെങ്കിലും സ്വൈരം താ ഇബലീസേ...’’

“അത് വിട്. ഭൂമീലേ കാര്യം പറയാണ്ട് പറ്റൂലാലോ. ഇങ്ങളറിയ്യ്വോ... ഇപ്പൊരയിൽ ഉമ്മക്കുള്ള അവകാശത്തെക്കുറിച്ച് ഇങ്ങളെ അമ്മോൻ ഉമ്മാനോട് പറേന്നത് ഞാൻ കേട്ടതാ, എന്നെ കണ്ടപ്പം രണ്ടാക്കും കിണ്ണം കട്ട കള്ളന്‍റെ മട്ട്. ഉമ്മയിരിക്കുമ്പം ആമ്മക്കള് മയ്യിത്തായ ഓലെ സ്വത്തിൽ ഉമ്മാക്ക് അവകാശമുണ്ടെന്ന് ഇങ്ങക്കറിയ്യ്വോ. മാത്രല്ല പെമ്മക്കള് മാത്രായതോണ്ട് അനിയനും പെങ്ങക്കുമൊക്ക വിഹിതം കൊടുക്കണമ്പോലെ. ബല്ലിക്ക പറേണത് ഞാൻ കേട്ടതാ. പൊര എന്‍റെ പേരിലാക്കിത്തരണോന്ന് ഞാൻ കരഞ്ഞു പറഞ്ഞതല്ലേ. കേട്ടീലാലോ. ഇങ്ങളെ അനിയൻ വെളഞ്ഞ വിത്താന്ന് ഇങ്ങക്കും അറിയാലോ.”

“കെട്ട്യോളെ പേരില് പൊര എയ്തിക്കൊടുത്താ നാളെപ്പിറ്റേന്ന് ഓളിന്നെ പൊറത്താക്കൂലാന്ന് നിനക്കെന്താ ഒറപ്പെന്ന് ഉമ്മ ചോദിച്ചപ്പോ നേരാന്ന് തോന്നി.”

“നന്നായി... ഓല് പൊര വിക്കണോന്ന് വാശി പിടിച്ചാ രണ്ട് കുഞ്ഞിമ്മക്കളേംകൊണ്ട് ഞാനെങ്ങോട്ട് പോകും. ബി.എ ജയിച്ചിട്ടും പണിക്കു പോകാൻ ഇങ്ങള് സമ്മയിച്ചില്ലാലോ.”

“ഞാനിത്ര വേഗം പോകൂന്ന് ഞാനും വിചാരിച്ചില്ലാലോ... നിയ്യ് വിചാരിച്ചീനോ... അല്ലവളേ എന്നെ എന്തിനാ ആരോരുമില്ലാതെ ഇങ്ങനെ തളത്തില് കെടത്തീന്... പെട്ടെന്ന് കുളിപ്പിക്കാനെടുത്ത് ഖബറടക്കാൻ പറ.”

“ആര്... ഞാനോ... കണക്കായിപ്പോയി. അനിയനെത്താണ്ടെ കുളിപ്പിക്കാനെടുക്കാൻ ഞാൻ പറഞ്ഞാല് എല്ലാരുംകൂടി എന്നെ കടിച്ചുകീറും. ഓൻ വരാതെ മയ്യിത്തെടുക്കരുതെന്ന് വിളിച്ചു പറഞ്ഞതാ...’’

“ഫ്ലൈറ്റ് സമയത്തിനെത്തി എയർപോട്ടില് എമിഗ്രേഷനും കയിഞ്ഞ് ലഗേജും കിട്ടി ഓനെപ്പളാ എത്തണത്. എയർ ഇന്ത്യയാണെങ്കി പറയൂം വേണ്ട.”

“എന്തിനാ തെരക്ക് കൂട്ടണത്. ഇങ്ങക്ക് കൊറച്ചുംകൂടി നേരം ഇബിടെ കെടക്കാലോ.”

“എന്തിന്?”

“എനക്ക് കാണാൻ.”

“പായാരം പറയാനോ”,

“അങ്ങനെ പറയല്ലേ... ഒന്നും രണ്ടും പറഞ്ഞ് കച്ചറ കൂട്വേങ്കിലും ഇങ്ങളില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഞാനാലോയിച്ചിട്ടേയില്ല. എന്നാൽ ഇങ്ങളങ്ങനാന്നോ... ഞാനാദ്യം തട്ടിപ്പോയിനെങ്കില് നാപ്പത് കൈയ്യുംമുമ്പ് ഇങ്ങള് മംഗലം കൈക്കാണ്ടിരിക്കൂലാ...”

“അതിനിക്ക് എങ്ങനെ അറിയാം?”

“ഇങ്ങളെ എനിക്കറിയുമ്പോലെ മറ്റാരിക്കും അറീലാലോ.”

അത് നേരാ നീ പറഞ്ഞത്. കുറ്റോം കൊറവും പറഞ്ഞാലും നീയും ഞാനും സന്തോഷത്തോടെയല്ലേ ഇത്രയും നാളും കയിഞ്ഞത്.”

‘‘എന്താ ഇങ്ങക്കിതില് സംശയണ്ടോ...”

“എന്ത് പറഞ്ഞാലും നീയിങ്ങനെ കൊളുത്താൻ വരണതോണ്ട് സംശയിച്ചതാ”,

“ഇങ്ങളെ ഈറ പിടിപ്പിക്കാൻ വേറെന്താ വയി.”

“അതെന്തിനാ?”

“അരിശം വന്നാ ഇങ്ങള് വായിത്തോന്നിയത് വിളിച്ചു പറയും. അപ്പം ഞാൻ മോറും വലിച്ചുകേറ്റി നടക്കും. അപ്പം ഇങ്ങള് ഇണക്കാൻ വരും. അന്നേരം ഞാൻ പറേന്നത് എന്തെങ്കിലും ഇങ്ങള് വാങ്ങിത്തരാണ്ടിരിക്കൂലാ.”

“എന്റെ റബ്ബേ... പെൺബുദ്ധി പിൻബുദ്ധീന്നൊക്കെ പറേന്നത് വെറുതെയാ... അന്നെ സമ്മയിക്കണം മോളെ.’’

“ആണല്ലോ. ഇനി വാക്കു മാറ്റരുത്.”

“ഇനി എങ്ങനെയാ ഞാൻ വാക്കു മാറ്റുന്നത്...”

“അള്ളോ... അത് നേരാ ല്ലേ... എന്നാലും ഇക്കാ... ഇനി ഞാനാരാടാ പായാരം പറേന്ന്ത്... എനിക്കാരൂല്ലാലോ...”

അവളുടെ തേങ്ങൽ ഉച്ചത്തിലായോ...

“നിയ്യ് മയ്യിത്തിനെ എടങ്ങാറക്കല്ലേ... സബൂർ... ആയുസ്സ് തീരുമ്പം എല്ലാരും പോണം. ഇന്നു നീ നാളെ ഞാൻ...”

ആരോ വന്ന് തോളിൽ പിടിക്കുന്നു, പിന്നെ ഉപദേശകരുടെ പടയോട്ടം.

“മയ്യിത്തിന്‍റെ മുന്നിലിരുന്ന് കരയരുത്, അവരത് കേട്ട് ബേജാറാകും...”

അപ്പോഴേക്കും പുറത്ത് കാറു വന്നുനിൽക്കുന്ന ശബ്ദം, ആണും പെണ്ണും കൂട്ടത്തോടെ ഉമ്മറത്തേക്ക് കുതിക്കുന്ന ആരവം, ഹാളിൽ അയാളും അവളും മാത്രം.

“എല്ലാരും എങ്ങട്ടേക്കാ ഇവളേ മണ്ടണ്. ശംസു എത്തിയോ...”

അവൾ വെറുതെ തലയാട്ടി.

(തുടരും)

News Summary - Malayalam Novel