Begin typing your search above and press return to search.

ഞാൻ ഔറംഗസേബ്

മാധ്യമം വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലി​ന്റെ രണ്ടാം ഭാഗം

ഞാൻ ഔറംഗസേബ്
cancel

മുന്‍കഥ 41707ൽ ഔറംഗസേബ് മരണപ്പെട്ടശേഷം നമുക്കും അദ്ദേഹത്തിനുമിടയില്‍ മുന്നൂറു വർഷത്തെ കാലവ്യത്യാസം മാത്രമേയുള്ളൂവെങ്കിലും, നമ്മുടെ പല കാര്യങ്ങളും അദ്ദേഹത്തിന് പുതിയതും മനസ്സിലാക്കാൻ കഴിയാത്തതുമായിരുന്നു. പ്രത്യേകിച്ചും 1700 മുതല്‍ 2000 വരെയുള്ള കാലഘട്ടമാണ് പ്രശ്നം. അതില്‍തന്നെ അദ്ദേഹം 1300ൽ മരിക്കുകയും എഴുത്താളൻ അദ്ദേഹത്തെ 1600ൽ കണ്ടുമുട്ടുകയും ചെയ്‌തിരുന്നെങ്കിൽ, ഇത്രയും വലിയ സമയവ്യത്യാസം അദ്ദേഹം അനുഭവിക്കുമായിരുന്നില്ല. അതിനാല്‍ പുരട്ച്ചിത്തലൈവര്‍ സ്കൂൾ വിദ്യാർഥികൾക്ക് പല്‍പ്പൊടി വിതരണം ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യം പരിഹാസപൂര്‍വമായിരുന്നില്ല. സീരിയസായിട്ടാണ് ഔറംഗസേബ്...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മുന്‍കഥ 4

1707ൽ ഔറംഗസേബ് മരണപ്പെട്ടശേഷം നമുക്കും അദ്ദേഹത്തിനുമിടയില്‍ മുന്നൂറു വർഷത്തെ കാലവ്യത്യാസം മാത്രമേയുള്ളൂവെങ്കിലും, നമ്മുടെ പല കാര്യങ്ങളും അദ്ദേഹത്തിന് പുതിയതും മനസ്സിലാക്കാൻ കഴിയാത്തതുമായിരുന്നു. പ്രത്യേകിച്ചും 1700 മുതല്‍ 2000 വരെയുള്ള കാലഘട്ടമാണ് പ്രശ്നം. അതില്‍തന്നെ അദ്ദേഹം 1300ൽ മരിക്കുകയും എഴുത്താളൻ അദ്ദേഹത്തെ 1600ൽ കണ്ടുമുട്ടുകയും ചെയ്‌തിരുന്നെങ്കിൽ, ഇത്രയും വലിയ സമയവ്യത്യാസം അദ്ദേഹം അനുഭവിക്കുമായിരുന്നില്ല. അതിനാല്‍ പുരട്ച്ചിത്തലൈവര്‍ സ്കൂൾ വിദ്യാർഥികൾക്ക് പല്‍പ്പൊടി വിതരണം ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചോദ്യം പരിഹാസപൂര്‍വമായിരുന്നില്ല. സീരിയസായിട്ടാണ് ഔറംഗസേബ് അതു ചോദിച്ചത്. എന്തുകൊണ്ടാണ്, അതിനു മുമ്പ് താങ്കളുടെ വിദ്യാർഥികൾ പല്ലു തേക്കുമായിരുന്നില്ലേ?

ഞങ്ങളുടെ നാട്ടിലെ ദാരിദ്ര്യത്തെക്കുറിച്ച് താങ്കള്‍ക്കറിയില്ല ഹുസൂർ. പല്‍പ്പൊടി വാങ്ങാൻപോലും പണമില്ലാതെ വെറും ചാരവും ഇഷ്ടികപ്പൊടിയുംകൊണ്ടാണ് ഞങ്ങള്‍ പല്ലു തേക്കുന്നത്. ഞാനെന്റെ ഇരുപതു വയസ്സു വരെ അങ്ങനെയാണ് പല്ലു തേച്ചിരുന്നത്. പക്ഷേ, പുരട്ച്ചിത്തലൈവര്‍ക്ക് ഇതിനല്ല പുരട്ച്ചിത്തലൈവര്‍ എന്ന പട്ടം നൽകിയത്. അദ്ദേഹം നാടോടി മന്നനില്‍ പറഞ്ഞിരുന്നില്ലേ, അധ്വാനിക്കുന്നവന് ഭൂമി സ്വന്തമെന്ന വിപ്ലവ വാക്യം. ഞങ്ങളോട് അങ്ങനെ പറഞ്ഞാൽ മാത്രം മതി. ചെയ്തു കാണിക്കേണ്ട ആവശ്യമില്ല. നിഴല്‍ മതി. നിജം വേണ്ട. അടുത്തത് ഒമ്പതാമത്തെ രസമായ ശൃംഗാരം. അതായത് റൊമാന്‍സ്. അതിനുവേണ്ടിത്തന്നെ സ്വയം സമര്‍പ്പിച്ചയാളുമായിരുന്നു പുരട്ച്ചിത്തലൈവര്‍. ആനന്ദജ്യോതി എന്ന പേരിലൊരു ചിത്രമുണ്ട്. അതിൽ ദേവിക എന്നൊരു സ്ത്രീ, ആടിയാടി നടന്നുവരും. എന്നാലും ആ സ്ത്രീയുടെ പല്‍നിരയ്ക്കു മുന്നില്‍ ഞങ്ങളുടെ നാടു മൊത്തവും അടിമപ്പെട്ടിരിക്കുകയാണ്. അതിനുശേഷം അങ്ങനെയൊരു പല്‍നിര പ്രിയങ്ക ചോപ്ര എന്ന ഹിന്ദി നടിയില്‍ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത് ഹുസൂര്‍. ഒരു ചക്രവർത്തിയുടെ മുന്നിൽ ഇങ്ങനെയൊക്കെ സംസാരിക്കാന്‍ നാണം തോന്നുന്നു. എന്നാലും പറയാതിരിക്കാൻ കഴിയുന്നില്ല. ഞാനൊരു ചക്രവർത്തിയായിരുന്നെങ്കിൽ എന്റെ സാമ്രാജ്യത്തെ തന്നെ ഞാന്‍ പ്രിയങ്ക ചോപ്രക്ക് എഴുതിക്കൊടുക്കുമായിരുന്നു.

അതിന്റെയൊന്നും ആവശ്യമില്ല ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, സാമ്രാജ്യത്തിന്റെ തന്നെ അധിപതിയായിരിക്കുമ്പോള്‍ എല്ലാ പ്രജകളും നിങ്ങളുടെ അടിമകളാണ്. ചക്രവർത്തിയുടെ കാലത്ത് നടന്ന ഒരു സംഭവം എനിക്കോര്‍മ വരുന്നു. ഇറ്റാലിയൻ സഞ്ചാരി നിക്കലാവോ മനൂച്ചി ആദ്യമായി ചക്രവർത്തിയെ സന്ദർശിക്കാൻ വന്നു. 1656 ജൂലൈ മാസത്തിൽ. ചെറിയൊരു സമാഗമമായിരുന്നു അത്. മനൂച്ചിയോട് ആദരവുണ്ടായിരുന്ന ഒരു ഫിരങ്കി ദൂതന്‍ അപ്രതീക്ഷിതമായി മരണപ്പെട്ടു. ഞങ്ങളുടെ സാമ്രാജ്യത്തിൽ മരണപ്പെട്ടത് ആരുതന്നെയായാലും ആ വ്യക്തിയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം രാജ്യത്തിനു അവകാശപ്പെട്ടതായി മാറും. ആ നിയമം പറഞ്ഞുകൊണ്ട്, കൊട്ടാരം അധികാരികളെന്ന് നടിച്ച രണ്ടു ഫിരങ്കികള്‍, മനൂച്ചിയുടെയും ദൂതന്റെയും വസ്തുക്കള്‍ ജപ്തി ചെയ്യുന്നതായി അറിയിച്ച് അവ മോഷ്ടിച്ചെടുക്കുകയുണ്ടായി. ഇതേക്കുറിച്ച് മനൂച്ചി ചക്രവർത്തിയോട് പരാതിപ്പെട്ടു. രണ്ടു ഫിരങ്കികളും പിടിക്കപ്പെട്ടു. മനൂച്ചിയുടെ വസ്തുക്കള്‍ തിരികെ നല്‍കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മനൂച്ചി ഞങ്ങളുടെ വസീറി1നെ കാണാൻ ചെന്നു. മനൂച്ചിക്ക് വൈദ്യം അറിയാവുന്നതിനാലും ഫിരങ്കിയാണെന്നതിനാലും വസീറിന് അദ്ദേഹത്തെ തന്റെ കൂടെ നിർത്താൻ ആഗ്രഹം. മനൂച്ചിക്ക് അതിഷ്ടമല്ല. അപ്പോള്‍ വസീറും മനൂച്ചിയും തമ്മില്‍ നടന്ന സംഭാഷണമാണിത്:

“ഒരു ക്രിസ്ത്യാനിയായ എനിക്ക് കൊട്ടാരത്തിൽ താങ്കളോടൊപ്പം കഴിയാന്‍ സാധ്യമല്ല.”

അതുവരെ ആരും വസീറിന്റെ മുഖത്തു നോക്കി ഇത്ര രൂക്ഷമായി എതിര്‍ത്തു സംസാരിച്ചിട്ടില്ല. അതു മാത്രമോ ആ ഫിരങ്കി ഒരു പൊടിപ്പയ്യനുമാണ്.

“നീ ചക്രവർത്തിയുടെ അടിമയാണെന്ന് നിനക്കറിയില്ല...”

“ഒരു യൂറോപ്പുകാരന്‍ ഒരിക്കലും ആരുടെയും അടിമയായിരുന്നിട്ടില്ല. ഇനി അങ്ങനെയാവുകയുമില്ല.”

വസീറിന്റെ അനുവാദംപോലുമില്ലാതെ തന്റെ കുതിരപ്പുറത്തു കയറി പോയിക്കളഞ്ഞു മനൂച്ചി.

വസീർ പറഞ്ഞു തീർന്നതും ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “ഹിന്ദുസ്ഥാനിൽ ജീവിക്കുന്ന ഒരാൾക്കും ഒരു ഫിരങ്കിയെ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. അതുപോലെ ഒരു ഫിരങ്കിക്ക് ഒരിക്കലും ഈ ഹിന്ദുസ്ഥാനിൽ ജീവിക്കുന്ന ഒരാളെയും മനസ്സിലാക്കാൻ സാധ്യമല്ല.”

അതിരിക്കട്ടെ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, താങ്കളോട് ഞാന്‍ ഈ സംഭവം പറയുന്നതെന്തിനെന്നാല്‍, നിങ്ങളൊരു സാമ്രാജ്യത്തിന്റെ ബാദുഷയായിരിക്കുമ്പോള്‍ നിങ്ങളുടെ പ്രജകളെല്ലാം നിങ്ങളുടെ അടിമയാണ്. അതിനാല്‍ ഏതു പെണ്ണിനും സാമ്രാജ്യം എഴുതിക്കൊടുക്കേണ്ട ആവശ്യം തന്നെയില്ല. വേണമെങ്കില്‍ കുറച്ചു ഭൂമി ആ പെണ്ണിന്... പേരെന്താണു പറഞ്ഞത്? പ്രിയങ്ക...

പ്രിയങ്ക ചോപ്ര, ഹുസൂര്‍...

ഹാം... പ്രിയങ്ക ചോപ്ര... അവള്‍ ഫിരങ്കിയല്ലല്ലോ?

അല്ല ശഹെൻശാഹ്... നമ്മുടെ ആളാണ്.

അങ്ങനെയെങ്കില്‍ പ്രശ്നമില്ല... അവൾക്കൊരു പ്രദേശം നൽകി ആ സ്ഥലത്തിന്റെ റാണിയായി വാഴുകയെന്ന് പറഞ്ഞുകളയാം. അങ്ങനെ റാണിയാണെങ്കിലും ചക്രവർത്തിയുടെ അടിമയാണ് അവൾ. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, മറ്റൊരു കാര്യം താങ്കളൊരു ചക്രവർത്തിയായി വാഴുന്ന ഘട്ടത്തില്‍ വലിയ വലിയ ജന്മികളും സമ്പന്നരും മന്ത്രിമാരും സാമന്തന്മാരും താന്താങ്ങളുടെ പുത്രിമാരെ പരിണയംചെയ്യണമെന്നു പറഞ്ഞ് വരിയില്‍ നിൽക്കും. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, യൂസുഫ് സായ്2 ഗോത്രത്തലവന്‍ താന്‍ ഫിർദൗസെ മക്കാനി ബാബര്‍ ബാദുഷ ഗാസിയുടെ നേതൃത്വം അംഗീകരിച്ചതിന്റെ അടയാളമായി തന്റെ മകള്‍ ബീബി മുബാരിക്കയെ വിവാഹംചെയ്യണമെന്ന് അഭ്യർഥിച്ച് അവളെ അദ്ദേഹത്തിന്റെയടുക്കല്‍ കൊണ്ടുചെന്നിരുന്നു. ചിലപ്പോൾ യുദ്ധത്തിൽ തോറ്റ രാജാക്കന്മാരും തങ്ങളുടെ പുത്രിമാരെ ജയിച്ച രാജാക്കന്മാര്‍ക്ക് നൽകി സമാധാന സന്ധി ചെയ്യാറുണ്ട്. പക്ഷേ, സങ്കടകരമായ കാര്യമെന്തെന്നാല്‍ ജനാധിപത്യത്തിൽ ഇതെല്ലാം ചെയ്യാൻ കഴിയില്ല... അല്ലേ?

എല്ലാം സാധിക്കും ഹുസൂർ. പേരുകൾ മാത്രം വ്യത്യസ്തമായിരിക്കും. കൂടാതെ, താങ്കള്‍ പറയുന്നത് കേൾക്കുമ്പോൾ അക്ബർ ബാദുഷയുടെ സിനാന3യാണ് എനിക്കോര്‍മ വരുന്നത്. വേണ്ട. ഞാന്‍ പറയാന്‍ വന്ന കാര്യം പറഞ്ഞുകളയാം. ആ ആനന്ദജ്യോതി എന്ന സിനിമയിൽ പൊയ്യിലേ പിറന്ത് പൊയ്യിലേ വളര്‍ന്ത് എന്നൊരു ഗാനമുണ്ട്. ഒരു ഇരുണ്ട കൊട്ടകയില്‍ കൂട്ടമായി ഇരുന്നാണ് ഞങ്ങൾ ആ പാട്ട് കണ്ടത്. ഗാനരംഗങ്ങൾ നിഴൽരൂപങ്ങളായി ഒരു തിരശ്ശീലയില്‍ ചലിക്കുന്നു. പുരട്ച്ചിത്തലൈവരും ദേവിക അമ്മാളും. ഞാന്‍ അവരെ അമ്മാളെന്ന് വിളിക്കുന്നത് എന്തിനാണെന്ന് അറിയണമെങ്കില്‍ താങ്കള്‍ കലങ്കരൈ വിളക്കം എന്ന പടം കാണണം. അതിൽ അഭിനയിച്ചിരിക്കുന്നത് സരോജാദേവി എന്ന കന്നടക്കാരി പൈങ്കിളി. ആഹാഹ! അവരുടെ നടത്തം പോലൊരു നടത്തം ഈ ലോകത്ത് യാതൊരു മങ്കമാരും നടന്നിട്ടില്ല! അത്തരത്തിലാണ് ആ നടത്തം. അതില്‍ കാട്രു വാങ്ക പോനേന്‍ എന്നൊരു ഗാനമുണ്ട്. അതിന്റെ തുടക്കത്തിൽ, കന്നടക്കാരി പൈങ്കിളി ഇറുക്കമുള്ള ചൂരിദാറും ധരിച്ചുകൊണ്ട് നടക്കുമ്പോൾ അവരുടെ പിന്നാലെ ക്യാമറയുടെ ഒരു പോക്കുണ്ട്, കാണണം. അയ്യയ്യോ... ക്ഷമിക്കണം ഹുസൂര്‍… ഒരു ചക്രവർത്തിയുടെ മുന്നിൽ... ഇങ്ങനെയൊക്കെ സംസാരിക്കാൻ നാണം തോന്നുന്നു.

വേണ്ടുവോളം സംസാരിക്കുക... ഞാനും പണ്ടത്തെ പോലെയല്ല. ഇനിയൊരു ജന്മം ലഭിച്ചാല്‍ എവിടെയെങ്കിലും ഒരു ഓല മേഞ്ഞ കുടിലിൽ ഞാന്‍ കവിതയെഴുതി ജീവിച്ചു മരിക്കും...

 

ഇപ്രകാരം, ഞങ്ങള്‍ ഞങ്ങളുടെ റൊമാന്‍സ് തൊട്ട് കണ്ണീരു വരെയുള്ള എല്ലാം തിരശ്ശീലയിലെ ചലന ബിംബങ്ങളിലൂടെ ജീവിച്ച് തീര്‍ക്കുന്നു. ഞങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കാൻ നടികര്‍ തിലകമുണ്ട്. ഞങ്ങള്‍ക്കുവേണ്ടി പോരാടാൻ പുരട്ച്ചിത്തലൈവരുണ്ട്. മറ്റെന്തു വേണം, പറയൂ? മറ്റൊരു കാര്യം കൂടി താങ്കളോട് പറയുകതന്നെ വേണം ഹുസൂർ. ഞങ്ങളുടെ നാട്ടിൽ ആരുംതന്നെ മുത്തം നല്‍കിയിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഉലകനായകന് ഒരു ശീലമുണ്ട്. എന്തെന്നുവെച്ചാല്‍ ഏതു നായികയാണെങ്കിലും അദ്ദേഹം ചുംബിച്ചിരിക്കും. അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സിനിമയിൽ നായികയെ ഒരു നായകൻ ചുംബിക്കുന്നതിൽ എന്താണ് അത്ഭുതം? പക്ഷേ, ഉലകനായകൻ അങ്ങനെ ചുംബിക്കുമ്പോൾ തിയേറ്ററിൽ ചൂളമടി മുഴങ്ങും. ആയിരം പേരുടെ ഓര്‍ഗാസ ഒച്ചയാണത്. ജാക്കി ചാൻ അമ്പതടി ഉയരത്തിൽനിന്ന് ചാടി സാഹസികത കാണിക്കുമ്പോഴും ചൂളമടിക്കും. ഉലകനായകന്‍ ചുംബിച്ചാലും ചൂളമടിക്കുന്നെങ്കില്‍ ഉലകനായകന്‍ അസാധാരണമായ പ്രവൃത്തി ചെയ്തുവെന്നല്ലേ അതിനർഥം?  

ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ഉലകനായകൻ ചുംബനം നല്‍കിയെന്ന് താങ്കള്‍ പറയുമ്പോഴെല്ലാം എന്റെ ദേഹത്ത് കമ്പിളി ഇഴയുന്നതുപോലെയുള്ള അനുഭവമുണ്ടായി. ലോകത്തെ ജയിച്ചവൻ എന്നർഥത്തിലാണ് ചക്രവർത്തി എനിക്ക് ഉലകനായകൻ –ആലംഗീർ– എന്ന പട്ടം നൽകിയത്. ആ ഒരു പദവിക്ക് ഏകദേശം മൂന്നൂറു വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു ദുര്‍ഗതി വന്നുചേരുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അതുപേക്ഷിച്ച് ഞാൻ മറ്റേതെങ്കിലും പട്ടം തിരഞ്ഞെടുക്കുമായിരുന്നു...

അപ്പോൾ എഴുത്താളന്റെ മൊബൈൽ ഫോണിലൊരു സന്ദേശം വന്നു. മൊബൈൽ ഫോൺ സൈലന്റാക്കി വെച്ചിരുന്നെങ്കിലും സന്ദേശം വന്നതിന്റെ വെളിച്ചം അവന്റെ നേർത്ത ലിനൻ ട്രൗസറിനു മീതെ മിന്നിമറഞ്ഞു. ഉടനെ ഔറംഗസേബിന്റെ നോട്ടം അവന്റെ ട്രൗസറിന്റെ കീശയിൽ പതിഞ്ഞു.

കീശയ്ക്കു മീതെ പുറത്തു വെളിച്ചം കണ്ടപ്പോള്‍ അതറിയാനുള്ള കൗതുകത്താല്‍, ഔറംഗസേബ് “അതെന്താണെന്ന് നോക്കിക്കോട്ടെ?” എന്നു ചോദിച്ചു.

ഇഷ്ടംപോലെ നോക്കിക്കോളൂ ഹുസൂര്‍. എന്നാലും ഒരൽപം മടിയുണ്ട്. വാട്സാപ്പിൽ വല്ലവനും സണ്ണി ലിയോണിയുടെ ഏതെങ്കിലും വീഡിയോ അയച്ച് കുളമാക്കുമോയെന്ന്. അത്തരം സുഹൃത്തുക്കൾ എനിക്കില്ലെങ്കിലും, ഒന്നു രണ്ടു ഗ്രൂപ്പുകളില്‍ എന്നെ ചേര്‍ത്തിട്ടുണ്ട്. ആർക്കും അതൊഴിവാക്കാനാവില്ല. ചക്രവർത്തിയാണെങ്കിൽ ഒഴിവാക്കാന്‍ പറ്റും. അവര്‍ക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല. എന്നാൽ എഴുത്താളൻ എവിടെ, ചക്രവർത്തി എവിടെ? ഞാനുൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൊന്നിന്റെ പേരാണ് അറിജ്ഞര്‍ പേരവൈ (പണ്ഡിത സഭ). പേരു കണ്ട് പേടിക്കരുത്. പഴന്തമിഴ് സാഹിത്യ സവിശേഷതയെ കൊണ്ടാടുന്നയൊരു ഗ്രൂപ്പ്. ഞങ്ങളുടെ കോർപറേഷന്‍ കമീഷണറാണ് അതിന്റെ തലവന്‍ (ഇപ്പോഴുള്ളയാളല്ല; ഞാന്‍ പറയുന്നത് അൽപം പഴയ കഥ!). ഗ്രൂപ്പുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ രൂപീകരിച്ച ഗ്രൂപ്പായിരുന്നു അത്. പഴന്തമിഴ് സാഹിത്യത്തിനും കോർപറേഷൻ കമീഷണര്‍ക്കും തമ്മിലുള്ള ബന്ധമെന്തെന്നാല്‍, കമീഷണർ കടുത്ത സാഹിത്യഭ്രാന്തനാണ്. കൂടാതെ എന്റെ സുഹൃത്തും. അതിനാലാണ് എന്നെ ആ കൂട്ടത്തിൽ ചേര്‍ത്തത്. തിരുക്കുറളിന്റെ ഗാംഭീര്യം, കമ്പരാമായണത്തിന്റെ പ്രത്യേകത, കുറിഞ്ചിപ്പാട്ടില്‍ വരുന്ന തൊണ്ണൂറ്റിയൊമ്പതു പൂക്കളുടെ പേരുകള്‍ എന്നിങ്ങനെ ദിവസവും ചെറുതും വലുതുമായ മൂന്നു ഡസൻ സന്ദേശം വന്ന് എന്റെ മൊബൈല്‍ ഫോണിന്റെ മെമ്മറി നിറഞ്ഞു കവിഞ്ഞപ്പോൾ, ഒരുദിവസം പറയാതെയും അറിയിക്കാതെയും ഞാൻ ഗ്രൂപ്പിൽനിന്നും ഇറങ്ങിപ്പോയി. അടുത്ത നിമിഷം... മ്ഹും... അടുത്ത നിമിഷം ഗ്രൂപ്പിന്റെ അഡ്മിനില്‍നിന്നും ഫോൺവിളി.

“എന്താണ് എഴുത്താളന്‍ സാറേ... എന്താണീ ചെയ്തത്... എന്തുപറ്റി?”

ഞാൻ അയാളോട് കാര്യമെല്ലാം വളരെ വിശദമായിത്തന്നെ വിവരിച്ചുകൊടുത്തു. അഡ്മിന്‍ കേൾക്കാൻ തയാറല്ല.

“അതൊന്നുമല്ല എഴുത്താളന്‍ സാര്‍. ഇന്നലെപ്പോലും കമീഷണർ സാര്‍ നിങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എഴുത്താളന്‍ നമ്മുടെ ഗ്രൂപ്പിലുള്ളത് എന്തുമാത്രം അഭിമാനമെന്നറിയുമോ എന്ന്... ഇപ്പോൾ ഞാൻ അദ്ദേഹത്തോട് എന്താണ് പറയുക? ഇതാ ഞാൻ നിങ്ങളെ വീണ്ടും ചേര്‍ക്കുകയാണ്.”

അതിനപ്പുറം എനിക്കെന്തു ചെയ്യാന്‍ പറ്റും?  മറ്റൊരു കാര്യം, താങ്കളൊരു ചക്രവർത്തിയാണ്. താങ്കള്‍ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇതെല്ലാം. ഒരിക്കല്‍ സാന്തോം നെടുമ്പാതയിലെ ഭൂഗർഭ അഴുക്കുചാലുകൾ നിറഞ്ഞൊഴുകി കനാൽപോലെ ഒഴുകുകയുണ്ടായി. ദുര്‍ഗന്ധം എന്റെ കുടലിനെ വലിഞ്ഞു മുറുക്കി. ചോദിക്കാന്‍ ആളില്ല. ഒരാഴ്ചയോളം ഇതേ കഥ. അതു കഴിഞ്ഞും സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ കമീഷണറെ വിളിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ കോർപറേഷൻ ജീവനക്കാർ എത്തിച്ചേര്‍ന്നു. എന്നാൽ, ഒരു ശരാശരി മനുഷ്യന്റെ നൂറു പരാതികൾ കേൾക്കാന്‍ ആളുണ്ടാവില്ല. ഇതെന്റെ സുഹൃത്ത് കൊക്കരക്കോയോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ “ഒന്നു പോ ചങ്ങായീ, ഒരുത്തമന്‍ വന്നിരിക്കുന്നു. കോർപറേഷൻ കമീഷണർ സുഹൃത്താണെങ്കിൽ എന്തെങ്കിലും കോൺട്രാക്ടോ കീൺട്രാക്ടോ വാങ്ങി ലൈഫ് സെറ്റിലാക്കേണ്ടതിനു പകരം അഴുക്കുചാല്‍ ക്ലീനാക്കിയെന്നൊക്കെ പറയുന്നല്ലോ, തന്നെ എന്താണ് ചെയ്യേണ്ടത്?” എന്ന് അവനെന്നെ ശകാരിച്ചു. കോർപറേഷൻ കമീഷണർക്കും കോൺട്രാക്ടിനും യഥാർഥത്തിൽ എന്താണു ബന്ധമെന്നുള്ള കാര്യം, ഹുസൂര്‍ ഇതു താങ്കളോട് പറയുന്ന ഈ നിമിഷംവരെ എനിക്കറിയില്ലായെന്നതാണ് സത്യം.

ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, അക്ബർ ബാദുഷയോളമില്ലെങ്കിലും, സുഹൃത്തുക്കളായി ഇങ്ങനെ ഒന്നു രണ്ട് ഖാത്തിബുമാർ എനിക്കുമുണ്ടായിരുന്നു. അവരുടെയടുത്തുനിന്നും ഇത്തരം പ്രശ്നം തന്നെയാണ് ഞാനും അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. അവർ വന്ന് ശഹെന്‍ശാഹ് എന്നു വിലപിക്കും. ഞാനെന്തു ചെയ്യണം? എന്തെങ്കിലും വസ്തുക്കള്‍ ചോദിച്ചാല്‍ കൊടുക്കാം. അങ്ങനെയൊരു കവി വന്ന് ദാരിദ്ര്യം ദാരിദ്ര്യമെന്ന് നിലവിളിച്ചുകൊണ്ടേയിരുന്നു. ശരിയെന്നു പറഞ്ഞ് ഞാനയാളെ ഒരു പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. ആ കവി ചെയ്തതെന്താണെന്ന് താങ്കൾക്കറിയാമോ? ഖജനാവിലേക്ക് നികുതി അടയ്ക്കില്ലെന്നും ഞാൻ ഒരു സ്വതന്ത്ര രാജ്യത്തിന്റെ തലവനെന്നും ഞങ്ങളുടെ രാജ്യത്തെ കൊടി ഇതെന്നും നാണയമിതെന്നും അതിനാല്‍ എന്റെ രാജ്യത്തെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് എനിക്ക് കത്തെഴുതി.

ഞാനുടൻതന്നെ അവനെ പിടികൂടി ദില്ലിയിലെ ചാന്ദ്‌നി ചൗക്കിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്ന് അവിടെവെച്ച് ആനക്കാലാല്‍ ചവിട്ടിക്കൊന്നു. അയാളുടെ മക്കളെയും ഭാര്യയെയും അടിമക്കൂട്ടത്തിൽ ചേർത്തു. എന്തതിശയകരമായ കവിയാണെന്നറിയാമോ? സഹായം ചെയ്യാന്‍ പോയത് സാഹിത്യത്തിലെ പരാജയമായി ഭവിച്ചു. ഇങ്ങനെ ഒന്നല്ല, രണ്ടല്ല, എത്രയോ കവികൾ ആനക്കാലിനടിയില്‍പെട്ടിട്ടുണ്ട്. പറയുമ്പോഴോ, ഔറംഗസേബ് കവികളെ കൊന്നെന്നും അക്ബർ ബാദുഷ കവികള്‍ക്ക് ജീവിതസൗകര്യമുണ്ടാക്കി കൊടുത്തെന്നും പാഠപുസ്തകങ്ങളിൽ എഴുതിവെക്കും... അതിരിക്കട്ടെ, താങ്കള്‍ പറയുന്നത് തുടരൂ... സണ്ണി ലിയോണിയെക്കുറിച്ച് താങ്കൾ പരാമര്‍ശിച്ചിരുന്നല്ലോ? ആരാണീ സണ്ണി ലിയോണി?

സണ്ണി ലിയോണിയൊരു പോണ്‍ സ്റ്റാറാണ് ഹുസൂര്‍. (എഴുത്താളൻ അതിനെക്കുറിച്ച് അദ്ദേഹത്തോട് അൽപം വിശദീകരിക്കുന്നു. അതെല്ലാം ഇവിടെ പറയാൻ പ്രയാസമാണ്. കൂടാതെ അതെല്ലാം നിങ്ങള്‍ക്കെല്ലാമറിയാവുന്ന കാര്യവുമാണ്) അതുകൊണ്ടാണ് ഹുസൂര്‍ ഞാനൽപം മടിച്ചുനിന്നത്. ആ വാട്സാപ്പ് ഗ്രൂപ്പിലെ സണ്ണി ലിയോണിയുടെ ആരാധകനായ ആരോ ഒരാള്‍, പൊടുന്നനെ അതിൽ ഒരു വീഡിയോ ഇടും. ഉടനടി അത് നീക്കം ചെയ്യുമെങ്കിലും യാദൃച്ഛയാ താങ്കളുടെ കണ്ണിൽപ്പെട്ടു പോയാല്‍ അതൊരു വൃത്തികേടല്ലേ?

ഹും... ഇത്രയേയുള്ളൂ? ജഹാന്‍പനാഹ് അർഷ് ആഷ്യാനിയുടെ സിനാനയിലും ജഹാംഗീർ ചക്രവർത്തിയുടെ സിനാനയിലും ആസകലം സണ്ണി ലിയോണിമാര്‍ തന്നെയല്ലേ ഉണ്ടായിരുന്നത്? ജഹാന്‍പനാഹ് അർഷ് ആഷ്യാനിയുടെയടുത്ത് കുതിരകളേക്കാൾ കൂടുതൽ ഉണ്ടായിരുന്നത് പെണ്ണുങ്ങളല്ലെ?

ഭാഗ്യവശാൽ, എഴുത്താളന് ലഭിച്ച ഫോണ്‍സന്ദേശം നല്ലൊരു സൂചനയായിരുന്നു. ചിത്രകാരനായ അവന്റെ സുഹൃത്ത് ഔറംഗസേബിന്റെ ഒരു വർണചിത്രം അയച്ചുകൊടുത്തിരുന്നു. വർണചിത്രം നന്നായി വന്നിരുന്നു. അതിലുപരി, ആ വർണചിത്രം ഔറംഗസേബിനെപ്പോലെത്തന്നെയാണ് ഉണ്ടായിരുന്നത്.

വർണചിത്രം ഔറംഗസേബിന് കാണിച്ചുകൊടുത്ത എഴുത്താളൻ പറഞ്ഞു: നമ്മുടെ ചരിത്രകാരന്മാർ താങ്കളെ തെറ്റായി ചിത്രീകരിച്ചതുപോലെ, ചിത്രകാരന്മാരും താങ്കളെ തെറ്റായാണ് വരച്ചുവെച്ചിട്ടുള്ളത്. ഔറംഗസേബ് എന്നു പറഞ്ഞുകൊടുത്താല്‍ മതി –താങ്കളുടെ പേരു പരാമർശിച്ചതിൽ ക്ഷമിക്കണം ഹുസൂര്‍, ഇവിടെ വേറെ വഴിയില്ല –താടിവെച്ചതും ഒരു മാസം പട്ടിണി കിടന്നതുമായ ഒരു രൂപത്തെയാണ് വരയ്ക്കുന്നത്. അതിനാലാണ് ചിത്രകാരനോട് പ്രത്യേകമായി പറഞ്ഞ്, താങ്കളെ മനോഹരമായ രൂപത്തില്‍ വരച്ചുവാങ്ങിയത്. മുഖസ്തുതിയാണെന്ന് കരുതരുത്. ആറു മുഗൾ ചക്രവർത്തിമാരിൽ താങ്കളാണ് ഏറ്റവും സുന്ദരന്‍. താങ്കളുടെ പിതാവില്‍ ഒരുതരം സ്ത്രീത്വവും ചാരുതയും കാണുന്നുണ്ട്. അങ്ങനെയാണ് ഞങ്ങളുടെ തിരുവള്ളുവരെയും മുന്നൂറ്റി മുപ്പത് അടി ഉയരത്തില്‍ ഒരു സ്ത്രീ ഭരതനാട്യം ചെയ്യുന്നതുപോലെ കൊത്തി നിർമിച്ച് കന്യാകുമാരിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഞാനൊരു കടുത്ത LGBT അനുഭാവിയാണെങ്കിലും തിരുവള്ളുവരോട് അങ്ങനെ ചെയ്തത് ശരിയല്ലെന്നാണ് അഭിപ്രായം. നമ്മുടെ സിദ്ധാന്തങ്ങളെല്ലാം പഴയ ആളുകളില്‍ അടിച്ചേൽപിക്കരുത്, ശരിയല്ലേ ശഹെന്‍ശാഹ്?

LGBT എന്നാല്‍ എന്താണ് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ?

വേണ്ട ഹുസൂര്‍. അതിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ താങ്കളുടെ കഥ കേള്‍ക്കാന്‍ സാധിക്കാതെ ഈ സംഭാഷണം മറ്റൊരു ദിശയിലേക്ക് വഴിമാറിപ്പോകും. പറഞ്ഞുവന്നാല്‍ താങ്കള്‍ ജനാധിപത്യ ലോകത്തേക്കാണ് വന്നിട്ടുള്ളതെങ്കിലും, താങ്കളോട് അമിതമായ സ്വാതന്ത്ര്യമെടുക്കാന്‍ പാടുള്ളതല്ല. ശരി, ഞാന്‍ പറയാനുദ്ദേശിച്ചത് ഇതാണ്, ആറു പേരില്‍ അഴകും ഗാംഭീര്യവും കൂടിച്ചേര്‍ന്നിരിക്കുന്നത് താങ്കളിലാണ്. ഇപ്പോള്‍ ഈ അഘോരിയിലൂടെ സംസാരിക്കുന്നതിനാല്‍ താങ്കളുടെ സ്വരം മാത്രമാണ് കേള്‍ക്കുന്നതെങ്കിലും താങ്കളെ നേരില്‍ കണ്ട് വളരെ സാമ്യതയോടെ വരച്ച ചില വര്‍ണച്ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

അത്രയേയുള്ളൂവോ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ? ഞാനൊരു മനുഷ്യനായിരുന്നെങ്കിൽ താങ്കള്‍ പറയുന്നത് വിശ്വസിക്കുമായിരുന്നു. എന്നാല്‍ ഞാനൊരു പ്രേതാത്മാവ്. താങ്കൾ ചിന്തിക്കുന്നതെല്ലാം എനിക്കറിയാമെന്ന കാര്യം ഇടയ്ക്കിടെ താങ്കൾ മറക്കുന്നു.

അതു പറഞ്ഞിട്ട് എഴുത്താളന്റെ കണ്ണുകളിലേക്ക് തുളച്ചുകയറുന്നതുപോലെ നോക്കി ഔറംഗസേബ്. ഒരു നിമിഷം എഴുത്താളന്റെയുള്ളില്‍ ഉള്‍ക്കിടിലമുണ്ടായി.

ക്ഷമിക്കണം ഹുസൂർ. മുതിർന്നവരോട് നിഷേധാത്മകമായ കാര്യങ്ങൾ സംസാരിക്കില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. താങ്കളുടെ രൂപത്തില്‍, പ്രത്യേകിച്ചും കണ്ണുകളില്‍ ഒരുതരം തന്ത്രം പ്രകടമാവുന്നുണ്ട്. താങ്കളെ വരച്ച ചിത്രകാരനോട് അതു പറയാൻ ഞാൻ വിട്ടുപോയിരുന്നു. പിന്നീട്, വര്‍ണചിത്രം ലഭിച്ച് അതിലേക്കു നോക്കിയപ്പോള്‍ കണ്ണുകളിൽ കരുണ ഒഴുകുന്നതാണ് കണ്ടത്. ആഹാ, തെറ്റു പറ്റിയല്ലോയെന്ന കാര്യം മനസ്സിലാക്കി, ചിത്രകാരനോട് വീണ്ടും കാര്യം വിവരിച്ച് കണ്ണുകളിലുള്ള കരുണ നീക്കംചെയ്തിട്ട് തന്ത്രം ചേര്‍ക്കാന്‍ പറഞ്ഞു. അതവിടെക്കിടക്കട്ടെ, സ്ഥാനപ്പേരെന്ന വിഷയം ഞാൻ ഇനിയും പൂർത്തിയാക്കിയിട്ടില്ല ഹുസൂർ. ഞങ്ങളുടെ നാട്ടിൽ രാഷ്ട്രീയക്കാരെയും സിനിമാക്കാരെയുംപോലെ ആത്മീയവാദികൾക്കും സ്ഥാനപ്പേരുണ്ട്. ഞങ്ങളുടെ ഗുരുനാഥനായ തിരുവള്ളുവർ മനുഷ്യജീവിതത്തെ അറം-പൊരുള്‍-ഇന്‍പം എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

അതുപ്രകാരം ആത്മീയതയെ അറം എന്നും രാഷ്ട്രീയത്തെ പൊരുള്‍ എന്നും സിനിമയെ ഇന്‍പം എന്നും കണക്കാക്കാം. ആകയാല്‍, രാഷ്ട്രീയക്കാര്‍ക്കും സിനിമക്കാര്‍ക്കും സ്ഥാനപ്പേരുണ്ട്, ഞങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടില്ല എന്ന് ആത്മീയവാദികള്‍ യുദ്ധക്കൊടി ഉയര്‍ത്തിയപ്പോള്‍ ഞങ്ങൾ അവർക്കും സ്ഥാനപ്പേരുകള്‍ വാരിക്കോരി കൊടുത്തു. ഒരു പത്രപ്രവർത്തകന്‍ ആത്മീയവാദിയായ ഒരാളെ സദ്ഗുരു എന്നു സംബോധന ചെയ്യുന്നതിനു പകരം സാര്‍ എന്നു വിളിച്ചപ്പോള്‍, അതിഷ്ടപ്പെടാതെ നൽകിയ ശാപത്താല്‍ പത്രപ്രവര്‍ത്തകന്‍ കൊറോണ ബാധിച്ച് കിടന്നെങ്കിലും ഒരുവിധത്തില്‍ രക്ഷപ്പെട്ടു ഹുസൂര്‍. അതേപോലെ ഒരു പത്രപ്രവർത്തകൻ തല എന്നു സ്ഥാനപ്പേരുള്ള നടനെ അങ്ങനെ സംബോധന ചെയ്യുന്നതിനു പകരം നടന്റെ പേരിനൊപ്പം സാർ എന്നു ചേർത്ത് – ഉദാഹരണം ഔറംഗസേബ് സാര്‍, ക്ഷമിക്കണം ഹുസൂര്‍ –വിളിച്ചതിന് ആ നടന്‍ മാസികക്ക് രണ്ടുവർഷം അഭിമുഖം നൽകാതെയാണ് അയാളെ ശിക്ഷിച്ചത്. അതിനു ശേഷവും ഔറംഗസേബ് മര്‍ക്കടമുഷ്‌ടിയോടെ LGBT വിഷയത്തിൽതന്നെ ഉറച്ചുനിന്നപ്പോള്‍ എഴുത്താളൻ അതിനെക്കുറിച്ച് ചെറിയൊരു വിശദീകരണം നൽകി. അതിന് അദ്ദേഹത്തിന്റെ പ്രതികരണം:

പ്ഫൂ, ഇത്രേയുള്ളൂ? നമ്മുടെ ഗീത്തി സിത്താനി ഫിർദൗസെ മക്കാനി ബാബർ ബാദുഷ തന്നെ സ്വന്തം ആത്മകഥയിൽ തന്റെ ലൈംഗികാഭിലാഷത്തെക്കുറിച്ച് എഴുതുമ്പോള്‍ തന്റെ പുതു പത്നിയെക്കാളും ഒരു പയ്യനോടാണ് ആകർഷണം തോന്നുന്നതെന്നു പറയുന്നുണ്ടല്ലോ? ഇപ്പോഴാണെങ്കിൽ പീഡോഫൈല്‍ എന്നു പറഞ്ഞ് തുരത്തിയോടിക്കും. ഞങ്ങളുടെ പരമ്പരയിൽപ്പെട്ട ഒരാൾ അക്കാര്യം ബലാൽക്കാരമായി ചെയ്തു. പിന്നീട് അതുമൂലം തന്നെ നശിച്ചു. മുഗൾ സാമ്രാജ്യത്തിന്റെ അവസാന കാലഘട്ടത്തില്‍ വാണ ചക്രവർത്തി ഷാ ആലം ആയിരുന്നു അവന്‍. ഗുലാം ഖാദിര്‍ എന്നയൊരുവന്റെ ഖദീബ്4 അറുത്തുമാറ്റി അവനെ തന്റെ ഉബ്ന5യായി കൂടെ നിര്‍ത്തിയവനാണ് ഷാ ആലം. അക്കഥ താങ്കളോട് മറ്റൊരവസരത്തില്‍ പറയാം.

എന്നാൽ ഗീത്തി സിത്താനിക്കും ഷാ ആലമിനും തമ്മിലുള്ള വ്യത്യാസമെന്തെന്നാല്‍, ഗീത്തി സിത്താനി ആ പയ്യനുമായി അഗാധമായ പ്രണയത്തിലായിരുന്നു. ആ പ്രണയം അവനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കവിതകളിൽ തന്നെ പ്രകടമാണ്. ഒരു കാര്യം യഥാർഥത്തിൽ ചെയ്യാതെ വൈകാരികമായി നിർവഹിക്കുമ്പോൾ അതിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുമെന്ന് അരിസ്റ്റോട്ടില്‍ പറയുന്നുണ്ടല്ലോ? ഒരു വികാരത്തെയോ ഒരു തിന്മയെയോ മാനസികപീഡയെയോ ഉദാത്തമായ നിമിഷത്തെയോ കലാരൂപമായി രൂപാന്തരപ്പെടുത്തുമ്പോൾ നിങ്ങളതിനെ കഥാര്‍സിസ് (catharsis) എന്ന് വിളിക്കുന്നു. താങ്കളെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാന്‍.

 

അതിൽ, താങ്കള്‍ താങ്കളുടെ മാനസികപീഡയെ കലയാക്കി മാറ്റുന്നതായി പരാമര്‍ശിക്കുന്നു. അതിന് സ്കീസോയിഡ് (Schizoid) എന്ന വാക്കാണ് താങ്കളുപയോഗിക്കുന്നത്. ആ വാക്ക് ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടേയില്ല. അതു വായിച്ചപ്പോൾ അതിന്റെ ശബ്ദരൂപം എനിക്കിഷ്ടപ്പെട്ടു. പക്ഷേ, ആ രോഗത്തെ അതിജീവിക്കാൻ കഴിയാത്തവരുടെ കഷ്ടപ്പാടുകൾ വായിച്ചപ്പോൾ സങ്കടം വന്നു. എന്നാൽ, ജീവിതത്തിന്റെയും കലയുടെയും കാര്യമെടുക്കുമ്പോള്‍, എഴുത്തെന്ന രൂപത്തിലൂടെ തങ്ങളുടെ ജീവിത​െത്ത ദൂരെനിന്ന് നോക്കി മറികടക്കാനാണ് ഖാത്തിബുമാര്‍ ശ്രമിക്കുന്നത്. അത് വിജയകരമായി ചെയ്ത വ്യക്തിയാണ് ഗീത്തി സിത്താനി. പയ്യനോടുള്ള മോഹത്തെ കവിതയായി എഴുതി തന്റെ ജീവിതനിരാശയെ മറികടന്ന് മറ്റൊരു ശിഖരത്തെ അദ്ദേഹം തൊടുന്നു. അതുകൊണ്ടല്ലേ ഫിരങ്കികൾ ബാബർനാമ ഇന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുന്നത്. എന്നാൽ ഷാ ആലം ചെയ്തതെന്താണ്? ബലാൽക്കാരമായി തന്റെ ആഗ്രഹം നിറവേറ്റിക്കളഞ്ഞു. ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കളയുംചെയ്തു. ഗീത്തി സിത്താനി തന്റെ മോഹം എഴുത്തിലൂടെ മറികടക്കാതെ ഷാ ആലമിന്റെ ശൈലിയിൽ മറ്റുള്ളവരുടെ ഖദീബുകള്‍ അറുത്തുമാറ്റുന്ന ജോലിയില്‍ ഏർപ്പെട്ടിരുന്നെങ്കില്‍ മുഗൾ സാമ്രാജ്യം തന്നെ പിറക്കുമായിരുന്നില്ല, അല്ലേ?

മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്

(തുടരും)

1. വസീര്‍ - മന്ത്രി

2. യൂസഫ്സായ് - പഷ്തൂണ്‍ ഭാഷ സംസാരിക്കുന്ന അഫ്ഗാനിസ്താനിലെ ഒരു പ്രധാന ഗോത്രവര്‍ഗം

3. സിനാന -അന്തഃപുരം

4. ഖദീബ് -പുരുഷലിംഗം (അറബി)

5. ഉബ്ന - പുരുഷ സ്വവർഗരതിയിലെ നിഷ് ക്രിയനായ പങ്കാളി.

News Summary - Malayalam novel