ഓള്

8 “ഇങ്ങള് രണ്ടാളും ഇവിടിണ്ടേയിനോ. ഞാൻ വിചാരിച്ച് ഇങ്ങള് പോയീന്ന്.” വാതിൽ പാതി തുറന്ന് ശംസുവിന്‍റെ ഭാര്യ സുമയ്യ ചോദിച്ചതു കേട്ട് അമ്മായിയുടെയും നിസയുടെയും മുഖത്ത് അരിശം. “അതെന്തൊരു പറച്ചിലാ സുമീ, മയ്യത്തെടുക്കാണ്ട് ഞമ്മള് പോവ്വ്വോ.” അമ്മായിയുടെ സ്വരം കടുത്തു. “കൊറേ ആൾക്കാര് പോയീര്ന്ന്. അതോണ്ട്...” “ആ കൊറേ ആൾക്കാരെ കൂട്ടത്തില് ഇങ്ങള് ഞമ്മളെ ഉൾപ്പെടുത്തിയത് ശരിയായില്ലാട്ടോ സുമയ്യാത്ത.” നിസ. “ഇത്താത്ത ഇവിടെ കെടന്ന് ഒറങ്ങ്ന്നാ അല്ലേ.’’ പോരിന് നിൽക്കാതെ സുമി ഏട് മാറ്റി. “കെട്ടിക്കൊണ്ടോന്നോലിക്ക് അത്രയല്ലേ കാണൂ. അതുപോലാണോ ഞമ്മള്. ആങ്ങളാരില്ലാത്ത എനക്ക് ശംസൂക്കയും കുഞ്ഞീക്കയും...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
8
“ഇങ്ങള് രണ്ടാളും ഇവിടിണ്ടേയിനോ. ഞാൻ വിചാരിച്ച് ഇങ്ങള് പോയീന്ന്.”
വാതിൽ പാതി തുറന്ന് ശംസുവിന്‍റെ ഭാര്യ സുമയ്യ ചോദിച്ചതു കേട്ട് അമ്മായിയുടെയും നിസയുടെയും മുഖത്ത് അരിശം.
“അതെന്തൊരു പറച്ചിലാ സുമീ, മയ്യത്തെടുക്കാണ്ട് ഞമ്മള് പോവ്വ്വോ.”
അമ്മായിയുടെ സ്വരം കടുത്തു.
“കൊറേ ആൾക്കാര് പോയീര്ന്ന്. അതോണ്ട്...”
“ആ കൊറേ ആൾക്കാരെ കൂട്ടത്തില് ഇങ്ങള് ഞമ്മളെ ഉൾപ്പെടുത്തിയത് ശരിയായില്ലാട്ടോ സുമയ്യാത്ത.” നിസ.
“ഇത്താത്ത ഇവിടെ കെടന്ന് ഒറങ്ങ്ന്നാ അല്ലേ.’’
പോരിന് നിൽക്കാതെ സുമി ഏട് മാറ്റി.
“കെട്ടിക്കൊണ്ടോന്നോലിക്ക് അത്രയല്ലേ കാണൂ. അതുപോലാണോ ഞമ്മള്. ആങ്ങളാരില്ലാത്ത എനക്ക് ശംസൂക്കയും കുഞ്ഞീക്കയും സ്വന്തം ആങ്ങളാരെപ്പോലെത്തന്നെയാ.”
നിസയുടെ സ്വരമിടറി.
ഓ ആങ്ങള... എന്നിട്ടല്ലേ മൂപ്പരെ പാട്ടിലാക്കാൻ നടന്നത്. അവൾ മനസ്സിൽ കരുതി. പക്ഷേ സുമി എതിരൊന്നും പറഞ്ഞില്ല. വെളഞ്ഞ വിത്താ അത്. തന്നെപ്പോലെ ചാടിക്കയറി ഒന്നും പറയില്ല. ശംസൂന്‍റെ ചെവിയിൽ ഓതിക്കൊടുത്ത് ഓനെക്കൊണ്ട് പറയിപ്പിക്കും. ഓള് എല്ലാരുടേയും മുന്നില് നല്ല പിള്ള.
എഴുന്നേറ്റിരുന്ന് എല്ലാവരോടും കണക്കു തീർക്കണമെന്നു തോന്നിയെങ്കിലും അടങ്ങി. മാപ്പള മരിച്ച് മയ്യിത്തിന്‍റെ ചൂടാറും മുന്നേ ഓള് കെടന്നു തുള്ളുന്നത് കണ്ടില്ലേന്ന് ആരെക്കൊണ്ടും പറയിക്കണ്ട. മാപ്പള മരിച്ച പെണ്ണ് മറ്റുള്ളോരുടെ അടിമപ്പണി ചെയ്ത് കാലാകാലം പൊരക്കുള്ളില് ഒതുങ്ങണമെന്ന ആണുങ്ങളുടെ ചിന്ത പെണ്ണുങ്ങളിലും അടിച്ചേൽപിച്ചിട്ടുണ്ട്. അത് തിരുത്താൻ പെണ്ണുങ്ങള് തന്നെ മുന്നിട്ടിറങ്ങണമെന്നാ ഫെബി പറയുന്നത്. അങ്ങനെ ഖുർആനില് എവിടെയും പറഞ്ഞിട്ടില്ലെങ്കിലും മുസലിയാക്കന്മാരെക്കൊണ്ട് അങ്ങനെ പറയിച്ച് പെണ്ണുങ്ങളെ കെട്ടിയിടാനുള്ള പൂതി ഇനി നടക്കില്ല കൂട്ടരേ എന്നൊക്കെ ഫെബി പറയുന്നത് കൊണ്ടാണല്ലോ അവളെ തെറിച്ചിയാക്കിയത്.
“ഇവളെന്താ ഒറക്കത്തില് നൊടിയണത്...”
അമ്മായി അവളെത്തന്നെ തുറിച്ച് നോക്കുന്നത് കണ്ട് അവൾ ചുണ്ട് കൂർപ്പിച്ച് കണ്ണ് മുറുകെ അടച്ചു. തള്ളക്ക് മനസ്സ് വായിക്കാനും അറിയാന്നാ തോന്നുന്നത്. അതുവരെ ഇടംകണ്ണിട്ട് ഇടക്കിടെ എല്ലാവരേയും നോക്കിക്കൊണ്ടാണ് കിടന്നത്.
“ഇത്താത്ത ശരിക്കും ഒറങ്ങന്നുണ്ടോ...”
നിസക്ക് സംശയം തീരുന്നില്ല.
“അതെന്താ നിസാ ഇനിക്ക് അങ്ങനെയൊരു സംശയം.”
സുമി.
“സ്വന്തം മാപ്പളയെ മയ്യത്ത് കുളിപ്പിക്കാനെടുത്തിട്ടും ഇങ്ങനെ ഒറങ്ങാൻ കയീന്നത് എങ്ങനേക്കും.”
“എന്തായാലും ഞമ്മളേക്കാളൊക്കെ ആധി ഇത്താത്താക്കായിരുക്ക്വല്ലോ. ഓരെ ജീവിതല്ലേ അട്ടിമറിഞ്ഞത്. ഇനി ആരെയെല്ലാം പേടിക്കണം.
“ആര്... എവളോ നാട്ടാരേം വീട്ടാരേം പേടിക്കുന്നത്. മൊയില്യാമ്മാരോട് തർക്കിക്കാൻ തൊടങ്ങിയപ്പോ ഓളെ ആങ്ങള പിടിച്ച് അകത്ത് കേറ്റിയതാ. അപ്പം തൊടങ്ങീന് പോത്തുപോലെ ഒറങ്ങാൻ. വല്ലാത്തൊരു പടപ്പ് തന്നെ.”
അമ്മായി.
തള്ളേ... ഇങ്ങളെ നാവടക്കിക്കോ... ചാടിയെഴുന്നേൽക്കാൻ തോന്നി. വല്ലാത്തൊരു കുടുക്കിലായിപ്പോയി. ഇപ്പോളെഴുന്നേറ്റാൽ ഇതുവരെ നടത്തിയതെല്ലാം അഭിനയമാണെന്ന് തെളിയിക്കാനും ഉമ്മയും മോളും മടിക്കില്ല.
“കെടന്നപ്പം ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയിട്ടുണ്ടാവും അമ്മായി.’’
സുമി.
“അങ്ങനെ ക്ഷീണിക്കാൻ ഓളെന്താ ബദറ് യുദ്ധത്തിനു പോയീനോ...’’
“ഇനി ദുനിയാവില് ജീവിക്കണേങ്കില് ഇത്താത്താക്ക് യുദ്ധത്തിനിറങ്ങേണ്ടി വരും.”
“അതെന്ത് വർത്താനാ സുമീ നീ പറേന്നത്. ഇവിടാരാ ഓളോട് പോരിനിറങ്ങുന്നത്.”
“പൊന്നാരമ്മായി, ഞാനൊരു പൊതുകാര്യം പറഞ്ഞതാ. മാപ്പളാര് മരിച്ച പെണ്ണുങ്ങമ്മാരിക്ക് ഈ ദുനിയാവില് ജീവിക്കാൻ അത്ര എളുപ്പല്ല. അത് ഏത് മതത്തിലായാലും ശരി. ഓലെ പിന്നാലെ കണ്ണുകൾ നൂറാ. ഓല് ആരോടും മിണ്ടിക്കൂടാ, ഒറ്റക്ക് ഏടേം പോയിക്കൂടാ. എന്തെല്ലാം നിബന്ധനകളാ. ഭർത്താവ് മരിച്ച് സ്ത്രീ ഏതോ ഒരു ഗ്രൂപ്പിനൊപ്പം നാടുകാണാൻ പോയെന്നും പറഞ്ഞ് ചില നേതാക്കന്മാര് ഉറഞ്ഞുതുള്ളിയത് ഇങ്ങള് പേപ്പറില് വായിച്ചതല്ലേ.”
“മൊയില്യാര് കുറ്റം പറഞ്ഞതാണോ തെറ്റ് സുമീ. മാറ്റാനാണുങ്ങളൊപ്പരം തെണ്ടിനടക്കണത് ഹറാമായ കാര്യല്ലേ.”
അമ്മായി.
“ഭർത്താവ് മരിച്ചാൽ പിന്നെ ആ പെണ്ണിന് ജീവിക്കണ്ടേ. കാലാകാലം പൊരയിലിരിക്കാൻ പറ്റ്വോ.”
“അങ്ങനെ ഇരിക്കണോന്ന് ആരാ പറഞ്ഞത്. സ്വന്തം ബന്ധത്തിലും പിരിശത്തിലും പോകാനുള്ളിടത്ത് പോയാപ്പോരെ. കണ്ടോലെ കൂെട തെണ്ടിനടക്കണോ.”
“കണ്ടോലെ കൂടെയല്ല പോയത്. അയൽക്കാരുടെ കൂടെയാ ടൂറിനു പോയത്. ഇപ്പോ എല്ലായിടത്തും അയൽപക്ക വേദികളും െറസിഡൻസ് അസോസിയേഷനുകളുമൊക്കെയുണ്ട്. കൂടാതെ വാട്സ്ആപ് ഗ്രൂപ്പുകളുമുണ്ട്. പരിചയക്കാര് ഒരുമിച്ച് ടൂറ് പോകുന്നത് പതിവാ.”
“അതുതന്നെയാ ദുനിയാവില് ളുലുമ് മൂത്തത്. സ്കൂളില് പഠിച്ചോര് ഒന്നിച്ചുകൂടി കെട്ട്യോനും മൂന്നു മക്കളുമുള്ള ഒരുത്തി പയേ പിരിശക്കാരന്റൊപ്പരം ഒളിച്ചോടിപ്പോയ കഥ നിസ പറേന്നത് കേട്ട്. പെണ്ണൊരുമ്പെട്ടതാ നാടിങ്ങനെ മുടിഞ്ഞുപോയത്.”
“അപ്പം ആണുങ്ങള് കാണിച്ചു കൂട്ടുന്നതിനെക്കുറിച്ച് ഇങ്ങക്കൊന്നും പറയാനില്ലേ അമ്മായി. ഇങ്ങള് പേപ്പറ് വായിക്കലില്ലേ. പൊന്നു പോരാ, പണം പോരാ കാണാൻ ചൊറുക്കില്ല... എന്നൊക്കെ പറഞ്ഞ് അപമാനിച്ച് പെണ്ണിനെ സ്വൈരം കെടുത്തിയിട്ട് എത്ര പെങ്കുട്ട്യേളാ ആത്മഹത്യചെയ്യുന്നത്.”
“ദീനി ബോധമുള്ളോരൊന്നും അപ്പണിക്കു പോവൂലാ. പെങ്കുട്ട്യേളെ അടക്കത്തിലും ഒതുക്കത്തിലും വളർത്തണം.”
“അതെന്താ ആങ്കുട്ട്യേക്ക് അടക്കം വേണ്ടേ അമ്മായി’’ എന്നു ചോദിച്ചുകൊണ്ട് ഫെബിയെത്തി.

9
‘‘ഇന്നോട് തർക്കിക്കാനുള്ള കെൽപ് എനക്കില്ല മോളേ.”
അമ്മായി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും ഫെബി വിട്ടില്ല.
“അങ്ങനെ പറയല്ലേ അമ്മായി. നിസ എന്തു തെറ്റു ചെയ്തിട്ടാ ഓളെ പുതിയാപ്ല ഓളോടൊരു വാക്കും മിണ്ടാതെ വേറൊരു പെണ്ണിന്‍റെ പിന്നാലെ നടക്കുന്നത്. ഓളെ മാനസികമായി പീഡിപ്പിച്ചിട്ടല്ലെ ഓക്ക് അവിടന്ന് ഇറങ്ങേണ്ടിവന്നത്. മൻസൂറിന്‍റെ ഉമ്മയും ഉപ്പയും അതിനു കൂട്ടുനിന്നില്ലേ.”
“കെട്ടൂന്ന് പറഞ്ഞിട്ടല്ലേ ഉള്ളൂ. കെട്ടീട്ടില്ലാലോ. ആണുങ്ങള് ഒന്നിലധികം കല്യാണം കയിക്കുന്നത് ഹറാമല്ലാന്നാ ഓന്‍റെ ഉപ്പ പറേന്നതത്രേ.”
അമ്മായി.
ഫെബി പോരിനുള്ള പുറപ്പാടാണ്. നല്ലതുതന്നെ.
അവൾ കരുതി.
“എന്നിട്ട് ഇങ്ങളത് സമ്മതിച്ചോ?”
ഫെബി.
“ഇക്കാര്യത്തിലൊക്കെ പെണ്ണുങ്ങമ്മാരെ സമ്മതം ചോദിക്കുന്ന പതിവ് പണ്ടേ ഇല്ലാലോ. നാല് പെണ്ണുവരേ കെട്ടാന്നല്ലേ ഖുറ്ആനിൽ പറഞ്ഞിട്ടുള്ളത്. ശരീഅത്ത് പ്രകാരം അങ്ങനെയാവാമെന്ന് മൊയില്യാരും പറഞ്ഞു.”
“മൊയില്യാമ്മാര് ആണുങ്ങളെ ഭാഗമല്ലാണ്ട് പറയൂലാലോ.”
നിസ.
“നിസ പറഞ്ഞതാ ശരി. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് അവഗണനകളല്ലാതെ മറ്റെന്താ പ്രതീക്ഷിക്കാനുള്ളത്. നാലു വിവാഹം കഴിക്കാൻ പുരുഷന് അനുവാദം കൊടുത്തത് ഏറെ നിബന്ധനകേളാടെയാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നിലധികം പേരെ തൃപ്തിപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കുമെന്നുറപ്പുണ്ടെങ്കിൽ മാത്രമേ നിങ്ങൾ ഒന്നിലധികം വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂ. ഒന്നുകൊണ്ട് തൃപ്തിപ്പെടുന്നതാണ് ഉത്തമമെന്നും ഖുർആൻ നിർദേശിക്കുന്നുണ്ട്.”
“ഇപ്പളത്തെ പെണ്ണുങ്ങള് ആണുങ്ങളോടാ അതിക്രമം കാണിക്കുന്നത്. അങ്ങനെയുള്ളോരിക്ക് നരകത്തിലാ സ്ഥാനം. അതോണ്ട് ഇങ്ങളെ പെമ്മക്കളെ തിരിപ്പിക്കാൻ വരുന്ന ഇബിലീസിന്‍റെ ചങ്ങായിച്യേളെ നാലയലത്തും അടുപ്പിക്കല്ലേന്ന് യൂട്യൂബില് ഒരു ഉസ്താദ് പറേന്നത് കേട്ടു.”
അമ്മായി.
“യൂട്യൂബില് ഒരു ഉസ്താദല്ല അനേകം ഉസ്താക്കന്മാര് പെണ്ണുങ്ങളെ നരകക്കൊള്ളികളെന്നും ആണുങ്ങളെ വഴിതെറ്റിക്കാനിറങ്ങുന്ന ശൈത്താന്‍റെ ചങ്ങായിച്യേളെന്നും വിളിച്ച് അപമാനിക്കുന്നതിനെതിരെ കേസു കൊടുക്കാൻ ഞങ്ങളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്. നിസാ നിന്‍റെ കേസെന്തായി.”
“നടക്കുന്നു. ഒത്തു തീർപ്പാക്കിക്കൂടേന്നും ചോദിച്ച് ആടത്തെ ഉപ്പച്ചി വന്നെന്നും ഞാനയിന് സമ്മതിക്കണമെന്നും ഇപ്പം ഉമ്മ പറഞ്ഞതേ ഉള്ളൂ.”
“അമ്മായീ ആനമണ്ടത്തരങ്ങളൊന്നും ചെയ്യല്ലേ.”
ഫെബി താക്കീത് ചെയ്തു.
“ഓള് കാലാകാലം കേസും കൂട്ടവുമായിട്ട് നടക്കണമെന്നായിരിക്കും നിന്‍റെ പൂതി.”
“ഇങ്ങള് എന്തു വിചാരിച്ചാലും വേണ്ടില്ല, ഇക്കാര്യത്തില് ഞാൻ നിസയുടെ കൂടെയാണ്. പണ്ടത്തെപ്പോലെ മൂന്ന് മൊഴിയും ഒന്നിച്ചു ചൊല്ലുന്ന മുത്തലാഖ് രീതി ഇപ്പോൾ നടക്കില്ല. നിസയ്ക്ക് അവകാശപ്പെട്ടത് തിരിച്ചുകൊടുക്കാതെ അവന്‍റെ കേസ് ഒതുക്കരുത്. കോടതി കയറ്റണം. എന്നാലേ പുരുഷന്മാരുടെ ചതിയിലകപ്പെടാതെ ജീവിക്കാൻ സാധിക്കൂ.”
“പക്ഷേ അങ്ങനെ മുത്തലാഖ് ചെയ്യുന്ന ആണുങ്ങളെ ജയിലിൽ പിടിച്ചിട്ടാ പിന്നെ ഓലെ പെണ്ണുങ്ങമ്മാരിക്കാരാ ചെലവിന് കൊടുക്ക്ന്നത്.”
അമ്മായി.
“മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി ആണുങ്ങളെ ജയിലിലടക്കുന്നത് മുസ്ലിം സ്ത്രീകളോടുള്ള സ്നേഹംകൊണ്ടല്ലെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും. അതിനു പിറകിൽ മതവാദികളുടെ തീവ്ര അജണ്ടയുണ്ട്. മുസ്ലിം പുരുഷന്മാരെ ജയിലിലടച്ച് അവരുടെ പെണ്ണുങ്ങളെ അനാഥരാക്കാനുള്ള അജണ്ട നാം കാണാതെ പോകരുത്.”
“ഫെബീ, ഇന്‍റെ മൈതാനപ്രസംഗമൊന്നും എനക്കു മനസ്സിലാകൂലാ. നീ ഓരോന്ന് ഓതിക്കൊടുത്ത് നിസനെ വയി തെറ്റിക്കണ്ട.”
“ഉമ്മാ, ഏത് മൊയില്യാര് പറഞ്ഞാലും വേണ്ടൂലാ കേസ് ഞാൻ പിൻവലിക്കൂലാ. അത്രമാത്രം ഞാൻ സഹിച്ചതാ.”
“അയിനുമാത്രം എന്ത് സഹിച്ചെന്നാ നീ പറേന്നത്. ഇനിക്ക് തിന്നാനും കുടിക്കാനും ഉടുക്കാനുമൊന്നും ആടെ ഒരു കുറവുമുണ്ടായിരുന്നില്ല.”
“തിന്നാനും കുടിക്കാനും മാത്രം കിട്ടിയാ മതിയോ ഒരു പെണ്ണിന്. അവക്ക് മനസ്സമാധാനം കൊടുക്ക്ണ്ടേ. കെട്ടിയ പെണ്ണിന് സൗന്ദര്യം പോരെന്നും പറഞ്ഞ് രണ്ടാമതും വിവാഹം കഴിക്കുന്നത് മുന്തിയ ഏർപ്പാടാന്നാ ഇങ്ങള് പറയുന്നത് അമ്മായി. പെണ്ണുങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാ. പെണ്ണിന്‍റെ ശരീരം മാത്രമല്ല മനസ്സും വേദനിപ്പിക്കരുത്.”
“ദോക്ക് ഫെബീ, ഓക്കറിയാത്ത കാര്യമൊക്കെ വെറുതേ നീ ഓളെ തലയിൽ അടിച്ചു കേറ്റണ്ട.”
“ഫെബി പറഞ്ഞില്ലെങ്കിലും ഇതെല്ലാം എനക്കുമറിയാം. അത്യാവശ്യം പഠിപ്പും വിവരവുമൊക്കെ എനക്കുണ്ട്. ഡിഗ്രിക്കു പഠിക്കുമ്പോൾ എന്നെ മംഗലം കയിപ്പിച്ച് അയച്ചില്ലെങ്കില് ഞാനും ഓളെപ്പോലെ പഠിച്ച് വക്കീലായീനി.”
നിസ.
“രണ്ടു പ്രാവശ്യം എഴുതീട്ടാ പ്ലസ് ടു കഷ്ടിച്ച് പാസായത്. ട്യൂട്ടോറിയലിൽ ഒരു കൊല്ലം നെരങ്ങിയ നീയാ വക്കീലാകുന്നത്. ഓളെ ഒരു പെരുമ നടിക്കല്.”
അവൾ പുതപ്പിനടിയിൽ കിടന്നു പിറുപിറുത്തു. അസ്തഅ്ഫിറുള്ളാഹിൽ അളീം... റബ്ബേ മാപ്പ് എന്ന് ഉടനെ സ്വയം തിരുത്തുകയുംചെയ്തു. നിസയും തന്നെപ്പോലെ ഒരു പെണ്ണല്ലേ. പെണ്ണെപ്പഴും പെൺപക്ഷത്ത് നിൽക്കണമെന്ന് ഫെബി പറയുന്നതാ നേര്. പെണ്ണുങ്ങക്ക് വേണ്ടി പോരാടുന്നവർക്ക് മരിച്ചാൽ ശഹീദിന്‍റെ കൂലി കിട്ടുമെന്ന് ഫെബി പറഞ്ഞെന്ന് ഇക്കയോട് പറഞ്ഞപ്പോൾ കലി തുള്ളി.
“ഓള് കാരണം പാവം അളിയൻ നല്ലോണം പാടുപെടുന്നുണ്ട്. പെങ്കോന്തൻ. എന്നെ അയിനു കിട്ടൂന്ന് നീ വിചാരിക്കണ്ട.”

10
അതോടെ അമ്മായിയും നിസയും ഫെബിയും അപ്രത്യക്ഷമായി. കണ്ണുകളടയുന്നു. ആറടി മണ്ണിലെ കൽക്കെട്ടിനുള്ളിൽ ഞെങ്ങി ഞെരുങ്ങി കിടക്കുന്നു. തിരിയാനും മറിയാനും നിവൃത്തിയില്ല. കൂനാക്കൂനിരുട്ട്. എഴുന്നേറ്റിരിക്കാൻ ശ്രമിക്കുമ്പോൾ ശരീരത്തിലേക്ക് പച്ചമണ്ണ് തുരുതുരാ വീഴുന്നു. കെട്ടുകൾ മുറുകുന്നു. കണ്ണിലും മൂക്കിലും മുഖത്തും പഞ്ഞി. താടി കൂട്ടിക്കെട്ടിയതു കാരണം ഒന്ന് ഉറക്കെ നിലവിളിക്കാൻപോലും സാധിക്കുന്നില്ല. അള്ളാ... ഞാനെവിടെയാ. എന്‍റെ കിടക്കയിൽ കിടക്കുകയായിരുന്നല്ലോ. വീടു നിറയെ ആളുകളായിരുന്നല്ലോ. ഇക്കയെ കുളിപ്പിച്ചു കഴിഞ്ഞില്ലേ...
കെട്ടുകൾ മൂന്നും കെട്ടീ
ഖബറിലേക്കുള്ളൊരു യാത്രാ
മനുഷ്യാ നീ ഓർത്തൊന്ന് നോക്ക്...
മാറ് കുലുക്കീ നടന്ന്
ഭൂമി വിറപ്പിക്കും പെണ്ണേ
നീയുമൊരിക്കൽ മരിക്കും...
അവളുമായി പിണങ്ങുമ്പോൾ ഇക്ക ഉച്ചത്തിൽ ഈ പാട്ട് പാടുക പതിവാണ്.
“അതെന്താ ആണുങ്ങള് മരിക്കൂലേക്കും. പെണ്ണിന് അള്ളാഹു പ്രത്യേകമായി മെയ്യഴകോടെ സൃഷ്ടിച്ചത് ആണുങ്ങൾക്ക് എടുത്തിട്ട് പെരുമാറാനാണെന്നാ ചില പൊണ്ണന്മാരുടെ വിചാരം. അല്ലാണ്ടെ ഇങ്ങനെയൊരു പാട്ടെഴുതലാ. പെണ്ണേ നീയും മേണ്ണാട് ചേരും... അതെന്താ ആണുങ്ങള് മണ്ണാവൂലേ...”
ആ ഇരുട്ടിൽ കിടന്നും ഇക്കയോട് തർക്കിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മണ്ണ് വീണ് കുഴി മൂടി. എങ്ങും കൂരിരുട്ട്. ശ്വാസം കിട്ടാതെ പിടയുമ്പോൾ പെട്ടെന്നൊരു ദിവ്യ വെളിച്ചം. പ്രകാശത്തിനുമേൽ പ്രകാശം... ഖബറിന് വീതി കൂടുന്നു. എന്‍റെ കിടപ്പറയുടെ ഇരട്ടി വലിപ്പം. കെട്ടുകൾ അയഞ്ഞു. ശ്വാസതടസ്സം മാറുന്നു.
മരണാനന്തര ജീവിതത്തെക്കുറിച്ച് ഉസ്താദ് ഖുർആൻ ക്ലാസിൽ പറഞ്ഞത് ചെവിയിലലയ്ക്കുന്നു.
“മരണത്തെക്കുറിച്ച് നിങ്ങക്കെന്തറിയാം...”
“ഞമ്മക്ക് അറിയാത്തതോണ്ടല്ലേ ക്ലാസിനു വരുന്നത്.”
അടുത്തിരിക്കുന്നവളുടെ ചെവിയിൽ പറഞ്ഞത് കേട്ടിട്ടെന്നപോലെ ഉസ്താദ് ഉറുത്തിയൊന്നു നോക്കിയിട്ട് പറഞ്ഞു.
“ഇബ് ലീസിന്‍റെ വലയിൽക്കുടുങ്ങിയവർക്ക് സംശയം തീരൂലാ... അപ്പം ഞാനേടയാ നിർത്തിയത്. മരണം... അതേ... നല്ല അടിയാരുകളുടെ റൂഹിനെ പിടിക്കാനെത്തുന്ന അസ്രായീൽ സൗമ്യനായിരിക്കും. അല്ലയോ മുഅ്മിനായ പുണ്യംചെയ്ത ആത്മാവേ, പോയാലോ എന്നു വളരെ ശാന്തനായി ചോദിച്ചുകൊണ്ടാണ് അയാളെ സമീപിക്കുക.
രോഗംകൊണ്ട് വലയുന്നവർ ആശ്വാസത്തോടെ വിളി കേക്കും. എന്നാൽ, ഒരസുഖമില്ലാത്തവർക്കും അവരുടെ ആയുസ്സറുതി എത്തുമ്പോൾ അസ്രായീലിന്‍റെ വിളിക്ക് ഉത്തരം നൽകുകയല്ലാതെ മറ്റു മാർഗമില്ല. അള്ളാഹു അനുഗ്രഹിച്ചവർ മരണ വേദനപോലും അറിയൂല കൂട്ടരേ... മരണപ്പെട്ടതും റൂഹിനെ ആകാശത്തിലേക്കെശർത്തും. ശരീരം നിങ്ങളുടെ മുന്നിൽ നീണ്ടുനീർന്നു കിടക്കും. നിങ്ങളവരെ കുളിപ്പിക്കുന്നു, സുഗന്ധം പൂശുന്നു. പക്ഷേ, അതിനുമുമ്പേ അവന്‍റെ റൂഹ് അങ്ങ് ദൂരെയെത്തിയിരിക്കും. അങ്ങ് ബർസഖിൽ. അപ്പോൾ കാലങ്ങൾക്കു മുമ്പ് മരിച്ചു മണ്ണടിഞ്ഞ് അവിടെയെത്തിയ നല്ലവരായ മറ്റു റൂഹുകൾ പറയും. നറുമണം വീശുന്നല്ലോ. പ്രകാശം ചൊരിയുന്നല്ലോ. ഇതേതോ പുണ്യംചെയ്ത ആത്മാവാണല്ലോ...”
“അപ്പം ഉസ്താദേ ഖബറിൽ കിടക്കുന്ന മയ്യത്തിനെ ചോദ്യംചെയ്യുമ്പോൾ ആത്മാവ് ശരീരത്തിലുണ്ടാവൂലേ...”
എന്‍റെ ചോദ്യം.
“സബൂർ... തോക്കിൽ കയറി വെടിവയ്ക്കല്ലേ... മുൻകറും നകീറും ചോദ്യം ചെയ്യാൻ എത്തുമ്പളത്തിന് റൂഹിനെ വീണ്ടും മരിച്ചവന്‍റെ ദേഹത്തിലെത്തിക്കും. എല്ലാം ഖുദ്റത്തുടയോന്‍റെ ഖുദ്റത്ത്. ഒരു ളഹറിട നേരംകൊണ്ട് ഇതെല്ലാം സംഭവിക്കുന്നു. ഇതെല്ലാം നടക്കുന്നത് കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ടാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരെ ഖബറടക്കി പ്രാർഥനകൾ ചൊല്ലി നിങ്ങൾ പിരിയുമ്പോൾ ആത്മാവ് കേഴുകയായിരിക്കും. എന്നെ തനിച്ചാക്കി എല്ലാവരും പോവുകയാണോ... ബാപ്പാ... ഇക്കാക്കാ... അനിയാ... പൊന്നുമോനേ... പോകല്ലേ... എന്ന് ആ ആത്മാവ് വിലപിക്കുന്നത് നിങ്ങൾ കേൾക്കില്ല. നല്ലവരാണെങ്കില് ഖബറിൽ വെളിച്ചത്തോട് വെളിച്ചം. ഇനി ദുർന്നടപ്പുകാരനാണെങ്കിലോ... ഇരുട്ടോടിരുട്ട്.
ഒരു തരി വെളിച്ചത്തിനുവേണ്ടി കേഴുന്ന ആ ആത്മാവിനെക്കുറിച്ച് നിങ്ങളൊന്നു ചിന്തിച്ച് നോക്ക്. ഒടുക്കം നാളായ ഖിയാമം നാളിലെ വിചാരണവരെ അത്തരം ആത്മാക്കൾ ഗതികിട്ടാതെ അലയും. അതുകൊണ്ട് കൂട്ടരേ അള്ളാനെ മുറുകെ പിടിച്ചോളിൻ... നന്മ ചെയ്യുവിൻ തിന്മ വർജിക്കുവിൻ...”
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... ലാ ഇലാഹ ഇല്ലല്ലാഹ്... അല്ലാഹു അക്ബർ...
അല്ലാഹ്, നീയാകുന്നു വലിയവൻ. അല്ലാഹു അല്ലാതെ ഒരിലാഹുമില്ല. നിനക്കു സ്തുതി. നിനക്കു മാത്രം സ്തുതി.
ശ്വാസം കിട്ടാതെ പിടഞ്ഞപ്പോൾ നാവിൻതുമ്പിലെത്തിയ പ്രാർഥന ഉറക്കെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഖബറിലെ അദാബിൽനിന്ന് രക്ഷകിട്ടാൻ ഏറെ ദുആകൾ മനപ്പാഠമാക്കിയതാണ്. പക്ഷേ, ഇതു മാത്രമാണ് നാവിൻതുമ്പത്തുള്ളത്.
അല്ലാഹുവേ, ഞാൻ ചെയ്ത ചെറുദോഷത്തെത്തൊട്ടും വൻേദാഷത്തെ തൊട്ടും നീ എന്നെ കാക്കണേ...

