ഞാൻ ഔറംഗസേബ്
camera_altചിത്രീകരണം: തോലിൽ സുരേഷ്
മാധ്യമം വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവലിന്റെ മൂന്നാം ഭാഗം.
മുന്‍കഥ 5
ക്ഷമിക്കണം ശഹെന്‍ശാഹ്, കുറേ നേരമായി ചോദിക്കണമെന്ന് ആഗ്രഹിക്കുന്നു. താങ്കള്‍ക്ക് തന്നെയറിയാം, താങ്കളുടെ പിതാവുമായി സംസാരിക്കാനാണ് ഞാനുദ്ദേശിച്ചത്. താങ്കള്‍ക്ക് അതിന്റെ കാരണവുമറിയാം. കാതറീന ഡെ സാൻ ഹുവാനെ ആഗ്ര കൊട്ടാരത്തിൽനിന്ന് തട്ടിക്കൊണ്ടുപോയി അടിമയാക്കി വിറ്റതു സംബന്ധിച്ച് ഷാജഹാൻ ചക്രവർത്തിയോട് എനിക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു. ശഹെന്‍ശായ്ക്ക് അതു സംബന്ധിച്ച് അറിയുമായിരിക്കും. എന്തുകൊണ്ടെന്നാല്‍, കാതറീന... വേണ്ട, ജനിക്കുമ്പോൾ അവരുടെ പേര് മീറാ... മുറപ്രകാരം ആ സ്ത്രീ ശഹെന്‍ശായുടെ അമ്മായിയാണ്. ചക്രവർത്തിയുടെ മച്ചുനത്തി. മീറായെ തട്ടിക്കൊണ്ടു പോകുമ്പോൾ പത്തു വയസ്സായിരിക്കണം ശഹെന്‍ശായുടെ പ്രായം. അങ്ങനെയെങ്കില്‍ ഈ തട്ടിക്കൊണ്ടുപോയ കാര്യം ശഹെന്‍ശാഹ് ചെറുതായെങ്കിലും ഓർക്കുന്നുണ്ടോ? ശഹെന്‍ശായ്ക്ക് അറിയുന്നിടത്തോളം സംഭവിച്ചതെന്താണെന്ന് വിശദീകരിക്കാന്‍ സാധിക്കുമോ?
വളരെ നന്നായി ഓർക്കുന്നു ബഹുമാനപ്പെട്ട കാത്തിബ് അവര്‍കളെ. ആ സംഭവം കാരണമാണ്, അഞ്ചു വർഷത്തിനു ശേഷം ആയിരക്കണക്കിന് പോർച്ചുഗീസുകാരെ തന്റെ പടയാളികളെ വെച്ച് മൂട്ടകളെ ഞെരിച്ചമര്‍ത്തുന്നതുപോലെ ചക്രവർത്തി കൊന്നത്. ആ സംഭവത്തെയാണ് ചക്രവർത്തിയുടെ മേല്‍ പതിഞ്ഞ ഒരേയൊരു കളങ്കമായി താങ്കളുടെ ചരിത്രകാരന്മാർ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ആ ഒരേയൊരു കളങ്കമാണ് അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ മീതെ പതിഞ്ഞ റോസാപുഷ്പമായി ഞാന്‍ കരുതുന്നത്. ചക്രവർത്തിയെ എനിക്കിഷ്ടമല്ലെങ്കിലും അദ്ദേഹത്തെ ഞാൻ അഭിനന്ദിച്ച ഒരേയൊരു കാര്യം ആ പ്രവൃത്തിയാണ്. വലിയൊരു കഥയാണത്. വാസ്കോ ഡ ഗാമയിൽനിന്ന് തുടങ്ങണം. അതു നമുക്ക് കഥയുടെ മധ്യത്തിൽ കാണാം. അതിനുമുമ്പ് ഞാനെന്റെ കഥ പറയാൻ താൽപര്യത്തോടെ ഇരിക്കുകയാണ്... എന്നാല്‍, താങ്കള്‍ ചോദിച്ചതുകൊണ്ട് ഒരു കാര്യംകൂടി പറയാം. 1613ൽ റഹീമി എന്ന ഞങ്ങളുടെ ഭീമാകാരമായ കപ്പൽ പോർച്ചുഗീസുകാർ പിടിച്ചെടുക്കുകയുണ്ടായി. ആ കപ്പലിനെ ഫിരങ്കികള്‍ ‘മഹത്തായ തീർഥാടന കപ്പൽ’ എന്നാണ് വിളിച്ചിരുന്നത്. സൂറത്തില്‍നിന്നായിരുന്നു റഹീമി പുറപ്പെട്ടിരുന്നത്. അതിൽ ഒരു ലക്ഷം രൂപ പണവും നൂറുകണക്കിന് ഹജ്ജ് തീർഥാടകരുമുണ്ടായിരുന്നു.
റഹീമി എന്ന ഈ കപ്പലിന്റെ ഉടമയുടെ പേര്, മറിയം - ഉസ് - സമാനി. അവരുടെ പേര് താങ്കള്‍ കേട്ടിട്ടുണ്ടാവും. അക്ബര്‍ ബാദുഷയുടെ രജപുത്രയായ ഭാര്യ. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ മാതാവ്. മുഴുവന്‍ ഹിന്ദുസ്ഥാനിന്റെയും മാതാവായി കണക്കാക്കപ്പെടുന്ന സ്ത്രീയാണ് മറിയം അവര്‍കള്‍. ജഹാംഗീർ ബാദുഷയുടെ ഭരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ബാദുഷക്ക് അന്ന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പദവിയിലെത്താന്‍ പിന്നെയും പതിനഞ്ചു വര്‍ഷങ്ങള്‍ ബാക്കി കിടപ്പുണ്ടായിരുന്നു. കൊട്ടാരത്തിൽനിന്ന് പോർച്ചുഗീസുകാർക്ക് കത്തുകൾ പറന്നു. പോർച്ചുഗീസുകാർ ആ കത്തുകൾ കണ്ട ഭാവം നടിച്ചില്ല. ചക്രവർത്തിയുടെ മാതാവിനുതന്നെ ഇങ്ങനെയൊരു അവസ്ഥയാണെങ്കിൽ പിന്നെ എന്തു പറയാനാണ്? ജഹാംഗീർ ബാദുഷ പോർച്ചുഗീസ് അധീനതയിലുണ്ടായിരുന്ന ദാമൻ നഗരം പിടിച്ചെടുത്തു. തന്റെ സാമ്രാജ്യത്തിലുള്ള മുഴുവന്‍ പോർച്ചുഗീസുകാരെയും പിടികൂടുകയും അവരുടെ ആരാധനാലയങ്ങൾ അടച്ചുപൂട്ടുകയുംചെയ്തു. നിങ്ങളുടെ സ്വാതന്ത്ര്യ സമരകാലത്ത് ഫിരങ്കികളുടെ കോളനിവത്കരണം കോളനിവത്കരണമെന്ന് നിങ്ങൾ പറയുന്നുണ്ടായിരുന്നില്ലേ, അപഹരിക്കപ്പെട്ട തീർഥാടക കപ്പൽ റഹീമി ആയിരുന്നു ആ കോളനിവൽക്കരണത്തിന്റെ ആരംഭ ബിന്ദു. എന്നാൽ ഇപ്പോൾ തന്നെ ആ കഥകളിലേക്ക് കടന്നാൽ, എന്റെ കഥ പറയാൻ കഴിയില്ല ബഹുമാനപ്പെട്ട കാത്തിബ് അവര്‍കളെ! അതുകൊണ്ട് എന്റെ കഥ കേൾക്കാൻ തയാറാവണമെന്ന് അഭ്യർഥിക്കുകയാണ്...
***
ഔറംഗസേബ് തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി തടസ്സങ്ങളൊന്നുമില്ലാതെ നമുക്ക് നോവലിലേക്ക് കടക്കണം.
അതിനുമുമ്പ് എഴുത്താളന്റെ മുന്നിലൊരു ചോദ്യം ഉയരുന്നു.
ഔറംഗസേബിന്റെ കാഴ്ചപ്പാടുകളില്‍ വിവാദപരമായ എന്തെങ്കിലുമുണ്ടെങ്കില്‍, അതിന് ആരോടാണ് നാം ഉത്തരവാദിത്തമേല്‍ക്കാന്‍ പറയേണ്ടത്? അതിനാല്‍തന്നെ, ഈ കഥയുടെ ബൗദ്ധിക സ്വത്തവകാശത്തെ (Intellectual Property) കുറിച്ചുള്ള തീരുമാനത്തിന്റെ അഭാവത്തിൽ ഒരു പരിധിവരെ എഴുത്താളന്‍ തന്നെ ഔറംഗസേബിന്റെ അഭിപ്രായങ്ങൾ സെന്‍സര്‍ ചെയ്യാൻ തീരുമാനിച്ചു. മറ്റു വഴിയില്ല. എന്തുകൊണ്ടെന്നാല്‍, മറ്റൊരാളുടെ, അതും മുന്നൂറ്റി പതിനാലു വർഷം മുമ്പ് മരിച്ച ഒരാളുടെ അഭിപ്രായത്തിന്റെ പേരിൽ ജയിലിലേക്ക് പോകാനോ ജീവന്‍ വെടിയാനോ തയ്യാറല്ല എഴുത്താളൻ. അക്കാരണത്താൽ അവനൊരു ഭീരുവാണെന്ന് വിചാരിക്കരുത്. തന്റെ അഭിപ്രായത്തിനുവേണ്ടി ജീവൻ നൽകാൻപോലും എഴുത്താളൻ തയ്യാറാണ്. എന്നാല്‍, ഒരു ആത്മാവിനുവേണ്ടി ജീവൻ ത്യജിക്കുക എന്നൊക്കെ പറയുന്നത് ഭ്രാന്താണെന്ന് അവനു തോന്നി. അതിനാൽ ചെറിയൊരു സെൻസർഷിപ്പിനു ശേഷമാണ് ഔറംഗസേബിന്റെ സംഭാഷണം എഴുത്താളൻ നിങ്ങളിലേക്ക് പകരുന്നത്.
നേരത്തേ തന്നെ വിവരിച്ച പ്രകാരം, മുറിയിലെ ഉയർന്ന പീഠത്തിൽ ചമ്രംപടിഞ്ഞിരിക്കുകയാണ് അഘോരി. ഇടതു കാലിനു മീതെ വലതുകാല്‍ മടക്കിവെച്ചിരിക്കുന്നു. ചിലപ്പോൾ വലതു കാലെടുത്ത് താഴേക്ക് തൂക്കിയിടും. മറ്റു ചിലപ്പോൾ ഇടതുകാൽ നിലത്തു മടക്കിവെച്ച് വലതുകാൽ ലംബമായി മടക്കി അതിനു മീതെ വലതുകൈവെച്ച് ഇരിക്കും. അയാളുടെ പുറകിലും കൈകളുടെ വശങ്ങളിലും തലയിണകള്‍ വെച്ചിരുന്നു. മുഗൾ ചക്രവർത്തിമാർ നമ്മുടെ ചോളരാജാക്കന്മാരെപ്പോലെ സിംഹാസന1ത്തിൽ രാജകീയ ഗാംഭീര്യത്തോടെ കാലും നീട്ടിയാണ് ഇരിക്കുക എന്നാണ് എഴുത്താളന്‍ ഇതുവരെ കരുതിയിരുന്നത്. (അങ്ങനെയാണല്ലോ തമിഴ് സിനിമയിൽ കാണിക്കുന്നത്?) എന്നാൽ നേരെ തിരിച്ചായിരുന്നു അഘോരിയുടെ ഇരിപ്പ്. ഷാജഹാനെ ആദ്യമായി കണ്ടപ്പോൾ നിക്കലാവോ മനൂച്ചിയും സമാനമായി ആശ്ചര്യപ്പെട്ടിരുന്നു. തീർച്ചയായും യൂറോപ്യൻ രാജാക്കന്മാർക്ക് ഇത്തരത്തിൽ ചമ്രം പടിഞ്ഞിരിക്കാൻ സാധിക്കുകയില്ല. നൂറ്റാണ്ടുകളോളം അവർക്ക് ചമ്രംപടിഞ്ഞിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മാത്രമാണ് അവർ നമ്മുടെ കോർപറേറ്റ് സ്വാമിമാരുടെ പുണ്യത്താല്‍ യോഗ പഠിച്ച് പത്മാസനമെന്ന പേരിൽ കാലുകൾ മടക്കാൻ ശീലിച്ചിരിക്കുന്നത്...
ഇതോടെ ഏതോ വിധത്തില്‍ മുന്‍കഥ അവസാനിക്കുന്നു. ഇനി നമുക്ക് ഔറംഗസേബിന്റെ കഥ അദ്ദേഹത്തിൽനിന്നുതന്നെ കേൾക്കാം...
***
1. ഇതു നടന്ന് ഏതാനും മാസങ്ങൾക്കുള്ളിൽതന്നെ മുഗൾ രാജാക്കന്മാർ ഇരുന്നിരുന്നത് സിംഹാസനത്തിൽ അല്ല, മയൂരസിംഹാസനത്തിലാണെന്ന കാര്യം എഴുത്താളന് മനസ്സിലായി.
അധ്യായം 1
ബിസ്മില്ലാഹിർറഹ്മാനിർറഹീം.
അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍.
അര്‍റഹ്മാനിർറഹീം. മാലികി യൗമിദ്ദീന്‍.
ഇയ്യാക നഅ്‍ബുദു വ ഇയ്യാക നസ്തഈന്‍.
ഇഹ്ദിനസിറാത്വല്‍ മുസ്തഖീം.
സ്വിറാത്വല്ലദീന അന്‍അംത അലൈഹിം
ഗൈരിൽ മഗ്ദൂബി അലൈഹിം
വലല്ലാല്ലീൻ -
ആമീൻ.
ഞാന്‍ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് എന്ന ആലംഗീര്‍.
അബുൽ ഫസൽ തന്റെ അക്ബർനാമയുടെ തുടക്കത്തിൽ പറയുന്നതുപോലെ, എന്റെ മനസ്സിന്റെ നിരീക്ഷണാലയത്തിൽ സംസാരമെന്ന ചന്ദ്രനുദിച്ച് നാവിനും ചെവികള്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുന്നു.
അറിയാവുന്ന വിധത്തിലും അനുഭവിച്ച വിധത്തിലും എന്റെ കഥ ഞാനിപ്പോൾ താങ്കളോട് പറയാൻ പോവുകയാണ്. ഷാജഹാൻ ചക്രവർത്തിക്കും മുംതാസ് മഹലിനും 1618 ഒക്ടോബർ 24ന് ജനിച്ച മൂന്നാമത്തെ മകനാണ് ഈ ഔറംഗസേബ്. ജന്മസ്ഥലം ദാഹോദ്. ഗുജറാത്തിലെ ഗോധ്രയ്ക്കും (ഓ, ഈ സ്ഥലത്തെക്കുറിച്ച് താങ്കളോട് പ്രത്യേകമായി പറയേണ്ടതുണ്ടോ?) മധ്യപ്രദേശിലെ രത്‌ലമെന്ന സ്ഥലത്തിനുമിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മുമ്പ് –അതായത്, എന്റെ കാലത്തും പിന്നീട് ഫിരങ്കികളുടെ കാലത്തും പല പേരുകളിലാണ് അതറിയപ്പെട്ടിരുന്നതെങ്കിലും, താങ്കളോടിപ്പോൾ ഞാൻ സംസാരിക്കുന്നത് വർത്തമാനകാലത്തായതിനാല്‍ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനായി പുതിയ കാലത്തെ പേരുകളാണ് ഉപയോഗിക്കുന്നത്.
സാംസ്കാരികമായി തുർക്കി വംശജനും പരമ്പരാഗതമായി മംഗോള്‍ വംശജനുമാണ് ഞാൻ. താങ്കള്‍ക്കറിയാമല്ലോ, ജഹാന്‍പനാഹ് ഗീത്തി സിതാനി ഫിർദൗസ് മകാനി സഹീറുദ്ദീൻ മുഹമ്മദ് എന്ന ബാബര്‍ ബാദുഷ ഗാസി പിതൃവഴിയില്‍ തൈമൂര്‍ വംശജനാണ്. മാതൃവഴിയിലെ പൂർവികന്‍ ചെങ്കിസ് ഖാനും. മംഗോള്‍ എന്നതിന്റെ പേര്‍ഷ്യന്‍ രൂപമാണ് മുഗള്‍. അതിനാല്‍തന്നെ ആർക്കും ഞങ്ങളെ അന്യര്‍ എന്ന് വിളിക്കാൻ കഴിയില്ല. ഞങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്നതും ഏഷ്യൻ രക്തമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ആര്യന്മാരേക്കാൾ താങ്കളോട് കൂടുതൽ അടുപ്പമുള്ളവര്‍ ഞങ്ങളാണ്. ഞാന്‍ ഇങ്ങനെ പറയുന്നത് ജഹാന്‍പനാഹ് ഗീത്തി സിതാനി ഫിർദൗസ് മകാനി ഇഷ്ടപ്പെടില്ലായെങ്കിലും അതാണ് സത്യം. അദ്ദേഹത്തിന് മംഗോളിയരെ ഇഷ്ടമല്ല. പോക്കിരികളെന്നാണ് അവരെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നത്. എന്റെ ജീവിതനേട്ടമെന്താണെന്ന് താങ്കളെന്നോടു ചോദിച്ചാൽ നാൽപത്തിയൊമ്പതു വർഷക്കാലം ഭരണപദവിയിലിരുന്നതാണെന്ന് ഞാൻ പറയില്ല, അത്രയും കാലം മറ്റേതൊരു മുഗൾ ചക്രവർത്തിയും ഭരിച്ചിട്ടില്ലെങ്കിലും.
നിങ്ങൾ ഏതോ രാഷ്ട്രീയ നേതാവിനെ ഉദാഹരിച്ച് അയാളാണ് ഹിന്ദുസ്ഥാനെന്നു പറയുന്നു. എന്നാൽ നാൽപത്തിയൊമ്പതു വർഷം –ഒന്നോ രണ്ടോ അല്ല, നാൽപത്തിയൊമ്പതു വർഷം– ആലംഗീറാണ് ഹിന്ദുസ്ഥാന്‍, ഹിന്ദുസ്ഥാനാണ് ആലംഗീര്‍ എന്നായിരുന്നു സ്ഥിതി. എന്തിന്, ആലംഗീർ ഭരണത്തിന്റെ ആണിവേരുകൾ ഇന്നും നിങ്ങളുടെ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കണ്ടെത്താന്‍ സാധിക്കും. വ്യക്തമായി പറഞ്ഞാൽ, പടിഞ്ഞാറ് അഫ്ഗാനിസ്ഥാനിലെ ഗസ്നി സംസ്ഥാനം മുതൽ കിഴക്ക് ഇന്നു ബംഗ്ലാദേശ് എന്നറിയപ്പെടുന്ന രാജ്യത്തെ തുറമുഖ നഗരമായ ചിറ്റഗോങ് വരെയും വടക്ക് കശ്മീർ മുതൽ തെക്ക് കർണാടക വരെയും എന്റെ സാമ്രാജ്യം വ്യാപിച്ചുകിടന്നിരുന്നു. ഇത്രയും വിസ്തൃതമായ ഭൂമിയുടെയും പതിനഞ്ചു കോടി പ്രജകളുടെയും അധിപതിയായി വിളങ്ങിയ ഏക ചക്രവർത്തി ഞാനാണ്. എനിക്കു മുമ്പ് ഹിന്ദുസ്ഥാന്റെ ചരിത്രത്തില്‍ തന്നെ –ഫിരങ്കികള്‍ ഭരിക്കുന്നതു വരെ– ഇത്രയും വലിയൊരു ഭൂപ്രദേശം ഭരിച്ചിരുന്ന മറ്റൊരു ചക്രവർത്തി ഉണ്ടായിരുന്നില്ല.2
‘അത്രയും കീര്‍ത്തിപെറ്റ താങ്കൾക്കുപോലും കർണാടകത്തിനപ്പുറം ഞങ്ങളുടെ നാട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞില്ലല്ലോ’ എന്ന് എഴുത്താളൻ മനസ്സിൽ വിചാരിച്ച മറുനിമിഷം തന്നെ ഔറംഗസേബ് കടന്നുവന്നു.
ബഹുമാനപ്പെട്ട കാത്തിബ് അവര്‍കളെ, ഞാൻ ആത്മാവിന്റെ രൂപത്തിലാണെന്ന കാര്യം താങ്കൾ മറന്നുകളഞ്ഞു. താങ്കളുടെ ചിന്താപ്രവാഹം ഞാൻ വായിച്ചു. അതിന്റെ കാരണം എനിക്കുമറിയില്ല. താങ്കൾതന്നെ താങ്കളുടെ ചരിത്രകാരന്മാരോട് ചോദിച്ച് നോക്കൂ.3 അത്രയും സമുദ്രസമാനമായതും ബൃഹത്തായതുമായ ഭൂപ്രദേശം നിങ്ങളുടെ അശോക ചക്രവർത്തിയുടെയോ സമുദ്രഗുപ്തന്റെയോ ഹർഷവർധന്റെയോ കൈവശംപോലുമുണ്ടായിരുന്നില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഫിരങ്കികളൊഴികെ മറ്റാരുംതന്നെ ഇത്രയും വലിയൊരു സാമ്രാജ്യം ഭരിച്ചിട്ടില്ല. പല രാജാക്കന്മാരും തങ്ങളുടെ രക്താവകാശികളിലൂടെ ഭരണം നടത്തി. പക്ഷേ ഞാൻ മാത്രമാണ് എന്റെ മണ്ണിന്റെയും അതിലെ മനുഷ്യരുടെയും നേരിട്ടുള്ള രാജാവും ഭരണാധികാരിയുമായി വിലസിച്ചത്. അത് ഞാനെന്റെ നേട്ടമാണെന്ന് പറയില്ല. എന്റെ പിതാമഹനും പ്രാപിതാമഹനും മദ്യപിച്ചും സ്ത്രീകളോടു സല്ലപിച്ചും അൽപായുസ്സിനുള്ളില്‍തന്നെ മരണമടഞ്ഞു. എന്നാല്‍ ഞാനോ, തൊണ്ണൂറു വർഷക്കാലം ജീവിച്ചു. അതും ഞാനെന്റെ നേട്ടമായി കരുതുകയില്ല.
ആ വിഡ്ഢികളിൽനിന്ന് വ്യത്യസ്തമായി –ചക്രവർത്തിമാർ എന്നോട് ക്ഷമിക്കണം– കളങ്കമില്ലാത്ത ജീവിതം നയിച്ചവനാണ് ഞാന്‍. പൂമെത്തയൊഴിവാക്കി, കൊട്ടാരത്തിലെ ആഡംബരങ്ങളൊഴിവാക്കി. എന്റെ ജീവിതകാലത്ത് ഞാനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. എന്റെ കൊട്ടാരത്തിലില്ലാത്ത വൈഡൂര്യങ്ങളോ അത്ഭുതങ്ങളോ ലോകത്തിലില്ലായിരുന്നു. ലോകംതന്നെ വിസ്മയിച്ച കോഹിനൂർ രത്നവും എന്റെ പക്കലാണുണ്ടായിരുന്നത്.
പക്ഷേ ഞാൻ നിലത്തു കിടക്കുകയും സ്വയമെന്റെ തൊപ്പി തുന്നിക്കൊണ്ടിരിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ, ശാരീരികസുഖം നൽകുന്ന സകലതും ഞാൻ ത്യജിച്ചു. കൊട്ടാരത്തിലെ മുതിർന്നവർ പറഞ്ഞുകേട്ടത് എനിക്കോര്‍മ വരുന്നു. അർഷ് ആഷ്യാനി അക്ബർ ബാദുഷ ആഴ്ചയിൽ മൂന്നുതവണ മാംസം ഒഴിവാക്കി ഹിന്ദുക്കളെപ്പോലെ വെറും പച്ചക്കറികൾകൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചത്. അതിനുവേണ്ടി സ്വന്തമായൊരു പച്ചക്കറിത്തോട്ടംതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. വെള്ളത്തിനു പകരം പനിനീരായിരുന്നുവത്രെ അതിൽ തളിച്ചിരുന്നത്. എന്നാലാണ് പച്ചക്കറികൾ പാകംചെയ്യുമ്പോൾ സുഗന്ധം വരിക. ചക്രവർത്തിമാർ! ഈ ഭൂമിതന്നെ അവരുടെ സ്വത്താണ്. എന്നാൽ, ഇന്ന കാലഘട്ടത്തിലെ, ഇന്ന രാജ്യത്തെ സംരക്ഷിക്കാൻ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു ഞാന്‍. യാതൊന്നും എന്റെ സ്വത്തല്ല. ദൈവമാണ് എല്ലാത്തിന്റെയും ഉടമ!
ഇത്രയും ലളിതവും ദീർഘവും മഹത്തരവുമായ ജീവിതം നയിച്ചതും ഞാനെന്റെ നേട്ടമാണെന്ന് പറയില്ല. മറ്റെന്തിനെയാണ് പറയേണ്ടത്? നോക്കൂ, ഞാനെന്റെ ചെറുപ്പത്തിൽ ഖുർആൻ മനഃപാഠമാക്കുകയും അതെന്റെ ആത്മാവിനൊപ്പം ചേര്‍ത്ത് ഞാൻ ഉള്ളയിടത്തേക്കും പോകുന്നയിടത്തേക്കും കൊണ്ടുപോവുകയുംചെയ്തു. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ നേട്ടം. മാഷാ അല്ലാഹ്!
ഞാൻ ജീവിതത്തിൽ നേടിയ വിജയങ്ങള്‍ക്കെല്ലാം കാരണം ആ വിശുദ്ധ ഗ്രന്ഥമാണ്. ആ ഗ്രന്ഥം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അവയിൽ ഏറ്റവും മികച്ചതായി ഞാൻ കരുതുന്നത് നിർഭയത്വമാണ്. ദൈവം തന്നെ നമ്മുടെ അടുത്തിരിക്കുമ്പോൾ നാം എന്തിനു ഭയപ്പെടണം? പറയൂ? ആ ദിവസം ഞാനൊരിക്കലും മറക്കില്ല.
1633 മേയ് 18... എനിക്കന്ന് പതിനഞ്ചായിരുന്നു പ്രായം. ആഗ്ര കോട്ടയില്‍ യമുന നദീതീരത്ത് ആനപ്പോര് നടക്കുന്നു. ചക്രവർത്തി ഖിരാന, ഹവേലിയിലിരുന്നു ആ കാഴ്ച വീക്ഷിക്കുന്നുണ്ടായിരുന്നു. ചക്രവർത്തിമാരുടെ ഇഷ്ടവിനോദമായിരുന്നു ആനപ്പോര്. രണ്ട് ആനകള്‍ തമ്മില്‍ ഘോരമായി ഏറ്റുമുട്ടുന്നു. അപ്പോള്‍ ആ ആനപ്പോര് നടക്കുന്നതിനെക്കുറിച്ച് ഒന്നുമറിയാത്ത ഞാന്‍, എന്റെ കുതിരയെ അതിവേഗത്തിൽ കോട്ടയിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് ആനകളിൽ സുധാകര്‍ എന്ന ആനക്ക് ഞാനതിനെ ആക്രമിക്കാന്‍ വരികയാണെന്ന തോന്നലുണ്ടാവുന്നു. അങ്ങനെ വിചാരിച്ച നിമിഷംതന്നെ അതിന്റെ മദമിളകുന്നു. മദമിളകി ഉഗ്ര ക്രോധത്തോടെ പാഞ്ഞുവന്ന ആനയുടെ മുന്നില്‍ പതിനഞ്ചു വയസ്സുള്ള ഞാന്‍ ഒരു കുതിരപ്പുറത്ത്...
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
(തുടരും)
സൂചിക
1. സൂറത്തുല്‍ ഫാത്തിഹ (പരിശുദ്ധ ഖുര്‍ആനിലെ ഒന്നാമധ്യായം)
‘‘ദയാപരനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍.
പ്രപഞ്ചസംവിധാനങ്ങളുടെ പരിപാലകനായ അല്ലാഹുവിന് സ്തുതി.
ദയാപരനും കരുണാമയനും.
വിധിനിര്‍ണയ നാളിന്റെ ഉടമസ്ഥന്‍.
നിനക്കു മാത്രം ഞങ്ങള്‍ വഴിപ്പെടുന്നു.
നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
നേരായ വഴിയേ നീ ഞങ്ങളെ നയിക്കേണമേ.
നിന്റെ കോപത്തിനു പാത്രമായവരുടെയും
മാര്‍ഗഭ്രംശം സംഭവിച്ചവരുടെയും വഴിയേ അല്ല.’’
2. ജാദുനാഥ് സർക്കാരിനെപ്പോലുള്ള ചരിത്രകാരന്മാരുടെ അഭിപ്രായം ഇങ്ങനെയാണെങ്കിലും അശോകന്റെ സാമ്രാജ്യം ഔറംഗസേബിന്റെ സാമ്രാജ്യത്തേക്കാൾ അൽപം വലുതായിരുന്നു. എന്നാൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആധിപത്യത്തില്‍ വരുന്നതു വരെ, അവരുടെ സാമ്രാജ്യാതിര്‍ത്തിയുടെ വ്യാപ്തി ഇന്ത്യൻ ചരിത്രത്തിൽ മറ്റാർക്കും അപ്രാപ്യമായിരുന്നു.
3. ഔറംഗസേബിന്റെ നവാബായ സുൽഫിക്കർ അലി ഖാൻ 1690 മുതൽ 1698 വരെ ജിഞ്ചി കോട്ട ഉപരോധിച്ച് അതില്‍ വിജയിച്ചെങ്കിലും അതിനെ സമ്പൂർണ വിജയമെന്നു പറയാന്‍ സാധിക്കില്ല. എന്തുകൊണ്ടെന്നാല്‍ ജിഞ്ചി ഭരിച്ചിരുന്ന രാജാറാം ഭോണ്‍സ് ലെയെ (ഛത്രപതി ശിവജിയുടെ രണ്ടാമത്തെ മകൻ) പിടികൂടാൻ സുൽഫിക്കർ അലി ഖാന് കഴിഞ്ഞില്ല. സുൽഫിക്കർ അലി ഖാന്റെ സൈന്യം കോട്ട പിടിച്ചടക്കിയപ്പോൾ രാജാറാം കോട്ടയിൽനിന്ന് രക്ഷപ്പെട്ടു. ബ്രിട്ടീഷുകാർ നൽകിയ പീരങ്കികൾപോലുള്ള സൈനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രമാണ് ഈ വിജയംപോലും സാധ്യമായത്. ഔറംഗസേബിന് അപ്പോൾ എൺപത് വയസ്സായിരുന്നു. അതിനുശേഷം ഔറംഗസേബിന്റെ ഭരണം അതിന്റെ പതനത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ചരിത്രത്തില്‍ കാണുന്നത്. അതിനാല്‍ ഇപ്പോൾ തമിഴ്നാട് എന്നറിയപ്പെടുന്ന പ്രദേശം യാതൊരു ഘട്ടത്തിലും മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നില്ല.

