Begin typing your search above and press return to search.

ഓള്

ഓള്
cancel

11 തിന്മ നേരിടുമ്പോൾ മനുഷ്യർ അല്ലാഹുവിനെ വിളിച്ച് നിന്നും ഇരുന്നും കിടന്നും പ്രാർഥിക്കും. നന്മ കൈവന്നാലോ... നിങ്ങളവനെ മറന്ന് തെറ്റുകൾ ആവർത്തിക്കും. ലഹരിക്കച്ചവടം ചെയ്തും കള്ളക്കച്ചവടം ചെയ്തും പണം കൂമ്പാരം കൂട്ടും. ഇസ്​ലാമിന് കച്ചവടം അനുവദനീയമാണെന്ന് വീമ്പ് പറഞ്ഞ് പാവപ്പെട്ടവരെ ദ്രോഹിക്കും. കൊല്ലും, പിടിച്ചു പറിക്കും, പെണ്ണുങ്ങളുടെ മാനം കവരും. പെണ്ണുങ്ങൾ ആണുങ്ങളെ വഞ്ചിക്കും. ഇതൊന്നും മറ്റാരും അറിയുന്നില്ലെന്നു കരുതുന്ന മൂഢന്മാരെ, ഉടയവന്‍റെ കണ്ണുവെട്ടിച്ച് ഒരീച്ചക്കുപോലും പറക്കാനാവില്ല. “കരുണാനിധിയേ... ഞാൻ അക്കൂട്ടത്തിൽപെട്ടവളല്ല. ജാതിമതം നോക്കാതെ എല്ലാവരോടും ഇടപഴകുകയും അവരെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

11

തിന്മ നേരിടുമ്പോൾ മനുഷ്യർ അല്ലാഹുവിനെ വിളിച്ച് നിന്നും ഇരുന്നും കിടന്നും പ്രാർഥിക്കും. നന്മ കൈവന്നാലോ... നിങ്ങളവനെ മറന്ന് തെറ്റുകൾ ആവർത്തിക്കും. ലഹരിക്കച്ചവടം ചെയ്തും കള്ളക്കച്ചവടം ചെയ്തും പണം കൂമ്പാരം കൂട്ടും. ഇസ്​ലാമിന് കച്ചവടം അനുവദനീയമാണെന്ന് വീമ്പ് പറഞ്ഞ് പാവപ്പെട്ടവരെ ദ്രോഹിക്കും. കൊല്ലും, പിടിച്ചു പറിക്കും, പെണ്ണുങ്ങളുടെ മാനം കവരും. പെണ്ണുങ്ങൾ ആണുങ്ങളെ വഞ്ചിക്കും. ഇതൊന്നും മറ്റാരും അറിയുന്നില്ലെന്നു കരുതുന്ന മൂഢന്മാരെ, ഉടയവന്‍റെ കണ്ണുവെട്ടിച്ച് ഒരീച്ചക്കുപോലും പറക്കാനാവില്ല.

“കരുണാനിധിയേ... ഞാൻ അക്കൂട്ടത്തിൽപെട്ടവളല്ല. ജാതിമതം നോക്കാതെ എല്ലാവരോടും ഇടപഴകുകയും അവരെ സ്വന്തം സഹോദരിമാരെപ്പോലെ കരുതുകയും ചെയ്യുന്നവളാണ്. അന്യമതക്കാരെ ചങ്ങായിച്ചികളാക്കിയവർ നരകക്കൊള്ളികളാണെന്നു പറയുന്നവരോട് ഫെബിയെപ്പോലെ ഞാനും തർക്കിക്കാറുണ്ട്.” വെച്ചതും വെന്തതും പരസ്പരം കൈമാറാറുണ്ട്.

“നീ ചെയ്തത് എണ്ണിപ്പറയേണ്ട. എല്ലാറ്റിനും രേഖയുണ്ട്. അണുവിടത്തൂക്കം നന്മചെയ്താൽ അതും രേഖപ്പെടുത്തും. നിന്‍റെ അയൽവാസി സൂസിയുടെ ഭർത്താവിന് അസുഖം വന്നപ്പോൾ നിന്‍റെ ഭർത്താവറിയാതെ മാല പണയംവെക്കാൻ കൊടുത്ത് സഹായിച്ചത് രേഖയിലുണ്ട്. നീ ചെയ്ത അത്തരം നല്ല കാര്യങ്ങളുടെ ഫലമായാണ് നിന്‍റെ ഇടത്തേ തോളിന്‍റെ ഭാരം കുറഞ്ഞത്. നീയറിയാതെ നിന്‍റെ ആത്മാവ് മേലോട്ടുയർന്നത്.”

“തന്നേ... അന്യമതക്കാർക്ക് നന്മചെയ്താൽ അത് രേഖപ്പെടുത്തുകയില്ലെന്ന് പറഞ്ഞ ഉസ്താദിന്‍റെ ഹാലെന്തേക്കും...”

“അതിനെപ്പറ്റിയൊന്നും ഓർത്ത് നീ തല പുണ്ണാക്കണ്ട. അടിയാരുടെ തെറ്റുകൾ പൊറുത്തു കൊടുക്കുന്നവനാണ് സർവശക്തനായ അല്ലാഹു. പക്ഷേ തെറ്റുകൾ ആവർത്തിക്കുന്നവർക്കുള്ളതാണ് നരകത്തീയെന്ന് ഖുർആൻ നിങ്ങളെ നിരന്തരം ഓർമിപ്പിക്കാറുള്ളതല്ലേ...”

“റബ്ബേ... വല്ലാത്ത അതിശയം തന്നെ... ഞാൻ സൂസിയെ മാത്രമല്ല ലീലയെയും സഹായിക്കാറുണ്ട്. ഇക്കയറിഞ്ഞാൽ സമ്മതിക്കൂലാ. ഓലെ കഷ്ടപ്പാട് കണ്ടപ്പോ സഹിച്ചില്ല. ഞങ്ങളങ്ങനയാ കഴീന്നത്. പെണ്ണുങ്ങളാവുമ്പോ ഇങ്ങനെ അല്ലറ ചില്ലറ കള്ളത്തരമൊന്നുമില്ലാതെ ജീവിക്കാനാവൂലാ. ഒരാണിന്‍റെ കെട്ടിയോളായി ജീവിക്കുന്നതിന്‍റെ പങ്കപ്പാട് പെണ്ണുങ്ങക്കേ അറിയൂ. ഞാൻ കക്കാറില്ല. മറ്റാണുങ്ങളെ മറ്റൊരു ദൃഷ്ടിയിൽ കാണാറില്ല. കൊലചെയ്തിട്ടില്ല...”

“നീ പൊങ്ങച്ചം കാണിക്കാറില്ലേ. മേനി നടിക്കാറില്ലേ... മറ്റു സ്ത്രീകളെക്കുറിച്ച് പുച്ഛത്തോടെ സംസാരിക്കാറില്ലേ...”

“അതൊന്നും വൻന്തോഷത്തിൽപെട്ടതല്ലാലോ...”

ഞാൻ എന്നെ ന്യായീകരിക്കാൻ ശ്രമിക്കുന്നു.

“കള്ളം പറയരുതെന്നും പെരുമ നടിക്കരുതെന്നും ഖുർആനിൽ എത്രയിടത്ത് ആവർത്തിച്ചു പറഞ്ഞതല്ലേ, ഒന്നോർത്ത് നോക്ക്.”

“പഠിച്ചതൊന്നും ഓർമ വരുന്നില്ലല്ലോ. മനസ്സ് മൈതാനംപോലെ പരന്നുകിടക്കുന്നല്ലോ. ഇക്കാന്‍റെ ളുലുമ് സഹിക്കാണ്ടാവമ്പോളല്ലാതെ ഞാൻ കള്ളം പറയലില്ല...”

ഒറ്റ വീർപ്പിനാണ് അത്രയും പറഞ്ഞത്.

“നീ കണ്ണുകൊണ്ട് ചെയ്തതും കാതിൽ കേട്ടതും നാവുകൊണ്ട് വെളിവാക്കിപ്പറഞ്ഞതും മനസ്സിൽപ്പറഞ്ഞതുമെല്ലാം കൃത്യമായി രേഖപ്പെടുത്തുമെന്ന് താക്കീത് ചെയ്തിരുന്നില്ലേ. ഒളിച്ചും മറച്ചും ചെയ്തതും മനസ്സിൽ കരുതിയതും രേഖയിലുണ്ട്. നിന്‍റെ കർമപുസ്തകത്തിന്‍റെ ഏടുകൾ മറിച്ചുനോക്കിയാൽ എല്ലാം വ്യക്തമാകും.”

“അയിനിപ്പം ഞാനെപ്പളാ മരിച്ചത്. അസ്രായീല് വന്നത് ഞാനറിഞ്ഞില്ലല്ലോ...”

“നിന്‍റെ മരണം എളുപ്പത്തിലാക്കിയതിന് നീ സർവശക്തനായ വിധി കർത്താവിനെ സ്തുതിക്ക്. നീ അറിയാത്തതും കാണാത്തതും കേൾക്കാത്തതും അവനറിയും. എണ്ണിയെണ്ണി കണക്കു ചോദിക്കും.”

മഹ്ശറിൽ ചെല്ലുമ്പോളല്ലേ കർമപുസ്തകം കൈയിൽ കിട്ടുന്നതും കണക്ക് ചോദിക്കുന്നതും വിധി കൽപിക്കുന്നതും. അപ്പം കിയാമം നാളായോ... എല്ലാരും മരിച്ച് മണ്ണടിഞ്ഞോ. അന്ന് കാലാകാലങ്ങളായി ഖബറിൽ കിടക്കുന്ന ശരീരങ്ങളെ അള്ളാഹു ഉയിർത്തെഴുന്നേൽപിക്കും. എന്തുചെയ്യണമെന്നറിയാതെ കോടാനുകോടി ജനങ്ങൾ മഹ്ശറിൽ നെട്ടോട്ടമോടും. ഇരുമ്പ് പഴുപ്പിച്ചതുപോലെ ചുട്ടു പഴുക്കുന്ന മഹശറാ മുറ്റത്തെക്കുറിച്ചും വിചാരണയെക്കുറിച്ചും പറഞ്ഞു കേട്ട കഥകൾ എനിക്കിപ്പോൾ കാണാം. തലക്ക് ഒരു ചാൺ മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ നെറുകയിൽ കണ്ണുമായി പരസ്പരം കാണാനാവാതെ വെന്തുരുകുന്ന ശരീരവുമായി അന്തംവിട്ട് പരക്കം പായുന്നവർക്ക് പരസ്പരം കാണാനാവില്ല. സഹായിക്കാനുമാവില്ല.

“നിനക്ക് എല്ലാം അറിയാമല്ലോ...”

മനസ്സ് വായിച്ചതുപോലെ വീണ്ടും അശരീരി.

 

“എല്ലാം പഠിച്ചിട്ടും ഇപ്പം ഒന്നും ഓർമയില്ല. എന്‍റെ കട്ടിലിൽ ഉറക്കം നടിച്ചു കിടന്ന ഞാൻ ഉറങ്ങിപ്പോയതും എന്‍റെ ശരീരം മറമാടിയതും ഞാനറിഞ്ഞില്ല. ഖബറിലെ ഇരുട്ടിൽ കിടന്നു പിടഞ്ഞ എന്നെ കാത്ത റബ്ബേ... ഒരായിരം സ്തുതി. ഖബറിലെ ചോദ്യംചെയ്യലൊക്കെ കയിഞ്ഞോ. എന്‍റെ അറിവില്ലായ്മകൊണ്ട് ചോദിക്കുമ്പോൾ ശിക്ഷിക്കല്ലേ... ഇങ്ങള് മുൻകറോ നകീറോ... ഇടത്തും വലത്തും വന്ന് മലക്കുകൾ ചോദ്യംചെയ്യുമെന്ന് അറിയാം. ഒന്നും തിരിയുന്നില്ലല്ലോ... ശ്വാസം മുട്ടുന്നല്ലോ...’’

“മൻ റബ്ബുക... നിന്‍റെ റബ്ബാര്...”

“ഏകനായ അല്ലാഹു. അവൻ ആരുടെയും സന്താനമല്ല. അവന് സന്താനമില്ല...”

“മൻ ദീനുക...”

“ഇസ്​ലാം ദീൻ. ലോകനന്മക്കുവേണ്ടി അല്ലാഹു ഇറക്കിയ വേദഗ്രന്ഥമായ ഖുർആൻ പിന്തുടരുന്നവരുടെ മതമായ ഇസ്​ലാം മതം.”

“മൻ റസൂലുക്ക...”

“അല്ലാഹുവിന്‍റെ ദൂതനായ മുഹമ്മദ് നബി സ്വല്ലി അലൈഹിവസെല്ലം. ഞാൻ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവനിറക്കിയ വേദഗ്രന്ഥത്തിലും വിശ്വസിക്കുന്നു.

‘‘അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്,

അശ്ഹദുഅന്ന മുഹമ്മദുറസൂലുല്ലാഹ്...”

പറഞ്ഞുതീർന്നതും കെട്ടുകൾ മൂന്നും അഴിഞ്ഞു. ഖബർ പിളർന്ന് ശൂന്ന് മേലോട്ടു പൊങ്ങുന്നു. ‘‘യാ ഇലാഹീ... ഇതെവിടേക്കാ...”

“പേടിക്കേണ്ട. മരിച്ചുപോയ മറ്റ് ആത്മാക്കളുടെ കൂട്ടത്തിലേക്ക് നീയെത്തും.”

“അൽഹംദുലില്ലാഹ്... അപ്പം ഖബറിലെ അദാബിനെത്തൊട്ട് നീ കാത്തു.”

“എന്നു പറയാറായിട്ടില്ല. ഇനിയുമുണ്ട് വിചാരണ. പോകും വഴി സ്വർഗവും നരകവും നീ കാണും. പക്ഷേ ഒടുക്കം നാളായ കിയാമം നാളു കഴിയുമ്പോഴാണ് ശരിയായ വിചാരണ. അതുവരെ ബർസഖിൽ നിങ്ങളുണ്ടാവും. രണ്ടിടത്തായി.”

അള്ളാ... ഇക്കയും മക്കളുമേടെ... ഇക്കയല്ലേ ഫ്രീസറിലുണ്ടായിരുന്നത്. ഇതിപ്പം എന്തു മറിമായമേക്കും. ഏതായാലും ഇദ്ദ ഇരിക്കാണ്ട് കൈച്ചലായല്ലോ...

“ഇദ്ദ ഇരിക്കലായിരുന്നു നിന്‍റെ പ്രശ്നം അല്ലേ. അല്ലാതെ ഭർത്താവ് കൂടെയില്ലാത്തത് നിന്നെ ബാധിക്കുന്നില്ലെന്നാണോ...”

“അള്ളോ... അതല്ല. ഇക്കയില്ലാണ്ട് ഭൂമീല് കയീന്നതിനെക്കുറിച്ച് ആലോചിക്കാൻ എനക്ക് സമയം കിട്ടീക്കില്ലാലോ. അപ്പളത്തിന് എന്തെല്ലാം മറിമായമാ നടന്നത്. എല്ലാരുകൂടി എന്നെ കുറ്റപ്പെടുത്തുന്നത് കണ്ട് പതറി ഒന്ന് നടുവ് ചായ്ച്ചതാ. അതിനെന്താ പുകില്. മാപ്പള മരിച്ച പെണ്ണ് അങ്ങനെ ചെയ്യുന്നു... ഇങ്ങനെ ചെയ്യുന്നു. ഏതായാലും ഞാൻ കൈച്ചലായി അല്ലേ...”

“എന്നാരു പറഞ്ഞു...”

“എല്ലാം ഓരോ തോന്നലേക്കും ഇല്ലേ...”

“ഊഹാപോഹങ്ങളെ പിന്തുടരുന്നത് വൻദോഷമാണെന്ന് ഖുർആൻ ഓർമപ്പെടുത്തുന്നത് നീ വായിക്കാറില്ലേ.”

“ഹാവൂ... ഹലാക്കിന്‍റെ അവലും കഞ്ഞിയായല്ലോ... അല്ലാ ഇക്ക ഇനി നിസയെ മംഗലം കയിക്ക്വോ... അതെനക്ക് കാണാൻ പറ്റൂലാട്ടോ...”

“നീ കാണില്ലാലോ...”

“ഇനിയൊന്നും എന്നെ കാണിക്കല്ലേ... എന്നോട് പൊറുക്കണേ...”

12

കാറ്റു കണക്കെ ഉയർന്നു പൊങ്ങുന്നു. മേഘങ്ങൾക്കിടയിലൂടെ ഒഴുകുന്നു. കൈയില്ല, കാലില്ല, ചിറകുമില്ല. എന്നിട്ടും പറക്കാൻ സാധിക്കുന്നു. ഒരു കുഞ്ഞിക്കിളിയായി മാനത്ത് പാറിപ്പറക്കാൻ സാധിച്ചെങ്കിലെന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്. ഇക്കയോട് ആ സ്വപ്നം പങ്കു​െവച്ചിട്ടുമുണ്ട്.

“ഒരടക്കാപ്പക്ഷിയായെങ്കിലും ജനിച്ചിരുന്നെങ്കില് എത്ര നല്ലതേനും അല്ലേ ഇക്കാ.”

“അതെന്തിനാ അടക്കാപ്പക്ഷിയായി ജനിക്കുന്നത്. കിളിയായിട്ടാണ് ജനിക്കുന്നതെങ്കില് ഹുദ് ഹുദ് പക്ഷിയായി ജനിക്കാൻ ആശിക്കിബളേ. കാണാനെന്താ ചേല്. എന്താ ബുദ്ധി. ”

ഇക്കയുടെ പരിഹാസം.

“ഹുദ് ഹുദ് പക്ഷിയോ... അങ്ങനൊരു കിളിയെപ്പറ്റി ഞാൻ കേട്ടിട്ടില്ലാലോ.”

“ഖുർആൻ ക്ലാസിൽ പോയാ മാത്രേ വിവരണ്ടാവൂന്നുള്ള ഹുങ്ക് തീർന്നീലേ...”

“ഇങ്ങള് വല്യൊരു വിവരള്ള ആള്. എനിക്ക് ചേലുള്ള കിളിയാകണ്ട. അങ്ങ് അങ്ങ് ഏയാനാകാശത്തോളം പറന്നെത്താൻ കഴിയണം.”

“എന്നിട്ടോ...”

“എന്നിട്ട് ലോകം മുഴുവൻ പാറിപ്പറന്ന് നടക്കണം. പൊരപ്പണി എടുക്കണ്ട. വെച്ചു വിളമ്പണ്ട. ഇങ്ങളെ വമ്പും കുളൂസും സഹിക്കണ്ട. തോന്നുമ്പോൾ ചുറ്റാനിറങ്ങാം. ഒരുദിവസം രാവിലെ നേരെ അമേരിക്കയ്ക്ക്. ലണ്ടൻ, ജർമനി, ഇറ്റലി... പിന്നെ സിംഗപ്പൂര്. എന്നിട്ട് ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും ഷോപ്പിങ്ങിന് പോയും ആഘോഷിക്കണം.”

“നിന്‍റെ തലയിലെന്താ കളിമണ്ണാ. ഒരടക്കാപ്പക്ഷി അമേരിക്കയിൽ പോയിട്ട് എന്ത് ചെയ്യാനാ പൊട്ടത്തി. തിന്നാലും കുടിച്ചാലും ഇത്രാന്നില്ലേ. അതിനാ ബുദ്ധിയും വിവരവുമുള്ള ഹുദ് ഹുദ് പക്ഷിയായി ജനിക്കണേന്ന് തേടാൻ പറഞ്ഞത്.”

“ഇങ്ങളെന്നെ സ്വപ്നം കാണാനെങ്കിലും സമ്മയിക്ക് ഇക്കാ.”

“ഇന്നോട് തർക്കിച്ച് ജയിക്കാനാവൂലാ. സ്വപ്നം കാണുമ്പളെന്തിനാ പിശുക്ക് കാണിക്കുന്നത്. അറബിക്കെട്ടിലെ ബൾക്കീസ് രാജ്ഞിയാകുന്നത് കിനാക്കാണ്.”

“അതാരാണ്. ഇങ്ങക്കെപ്പളും പെണ്ണുങ്ങളെപ്പറ്റിയേ ചിന്തയുള്ളൂ.”

“നീ പതിനായിരം തോഴിമാരോടൊപ്പം പൊന്നും മിന്നും പട്ടുമണിഞ്ഞ് തിന്നും കുടിച്ചും കയിഞ്ഞോട്ടേന്ന് വിചാരിച്ച് പറഞ്ഞതാ ഇവളേ.’’

സുലൈമാൻ നബീന്‍റെ കാലത്ത് യമനിലെ ഒരു ചെറു രാജ്യത്തെ രാജ്ഞിയായിരുന്നു ബൾക്കീസ്. ആ രാജ്യക്കാർ സൂര്യനെ ആരാധിക്കുന്നവരായിരുന്നു. സുലൈമാൻ നബിയുടെ സൈന്യത്തിൽ മനുഷ്യരും പക്ഷികളും മൃഗങ്ങളും മാത്രമല്ല ജിന്നുകളുമുണ്ടായിരുന്നു. സുലൈമാൻ നബിക്ക് പക്ഷികളുടെ ഭാഷ അറിയാമായിരുന്നു. ഹുദ് ഹുദ് പക്ഷിയാണ് ബൾക്കീസിനെക്കുറിച്ചുള്ള വിവരം സുലൈമാൻ നബിയെ അറിയിച്ചത്. ആ കിളി സുലൈമാൻ നബിയുടെ ചാരസേനയുടെ മേധാവിയായിരുന്നു.”

“തന്നേ... മൈനകള് കലപില കലപിലാന്ന് ചിലക്കുമ്പോൾ ഇവരെന്തേക്കും പറേന്നതെന്ന് ഞാൻ ആലോയിക്കാറുണ്ട്.”

“ബൾക്കീസിന്‍റെ രാജ്യക്കാർ സൂര്യാരാധകരായിരുന്ന വിവരം ഹുദ് ഹുദ് പറഞ്ഞതും അവരെ ഇസ്​ലാമിലേക്ക് കൊണ്ടുവരാൻ യുദ്ധമല്ലാതെ മറ്റു വഴിയുണ്ടോ എന്നായിരുന്നു നബിയുടെ ആലോചന. ജിന്നുകൾ കൂടിയാലോചിച്ച് ബൾക്കീസിനെ സുലൈമാൻ നബിയുടെ മുന്നിലെത്തിച്ചപ്പോൾ അവരുടെ മൊഞ്ചും സീനത്തും കണ്ട് നബിപോലും ഒന്നു പകച്ചു.”

“പിന്നേ... അള്ളാനെ മറന്ന വർത്താനം പറയുന്നതിന് ഒരുളുപ്പുമില്ല. ഇങ്ങക്ക് ഞാനല്ലാത്ത പെണ്ണുങ്ങളെല്ലാം മൊഞ്ചത്തികളാ. മതിയാക്ക് ഇങ്ങളെ ബഡായി.

ഞാൻ പാറിപ്പറക്കാൻ തുടങ്ങിയാൽ പിന്നൊരു മടക്കം ഇണ്ടാവില്ല ട്ടോ...”

 

“നല്ല കാര്യം. ഇന്നെ പേടിക്കാതെ എനക്കും ഈ ദുനിയാവില് കഴിയാലോ... എന്നിട്ട് വേണമൊന്ന് അടിച്ചു പൊളിക്കാൻ.”

“ഞാനില്ലാതെ ഇങ്ങള് ഉള്ളിത്തോല് പൊളിക്കും. പൂതി മനസ്സില് വെച്ചാ മതി...”

എന്‍റെ സ്വരം കടുത്തു.

“അസ്സലാമു അലൈക്കും...”

തൊട്ടടുത്ത് കുയിൽനാദംപോലെ ആരോ സലാം ചൊല്ലുന്നത് കേട്ട് ചുറ്റും നോക്കി. വെളിച്ചം മാത്രം.

“ഇങ്ങള് ആരേയ്ക്കും...”

ഞാൻ താഴ്മയോടെ, പേടിയോടെ ചോദിച്ചു.

“ബൾക്കീസ് റാണിയാണ് ഞാൻ. നീ കേരളത്തിൽനിന്നാണ് അല്ലേ...”

“ എന്തതിശയമേ... ഇങ്ങക്ക് എങ്ങനെ മനസ്സിലായി?”

അന്തംവിട്ടാണ് ചോദിച്ചത്.

“ഇവിടെ എല്ലാവരും എല്ലാവരെയും അറിയും.”

“ആണോ... എന്‍റെ ഉമ്മാനേം ബാപ്പാനേം ഇങ്ങള് കാണലുണ്ടോ...”

“എന്താ കാണാണ്ട്. ഞമ്മള് ഒന്നിച്ചല്ലേ ഇവിടെ ചുറ്റിത്തിരിയുന്നത്.”

ഉമ്മയുടെ സ്വരം.

“പൊന്നാരുമ്മാ ഇങ്ങള് രാജകുമാരിയോടൊപ്പാ താമസിക്കുന്നത്... ഇങ്ങള് പട്ടുകുപ്പായാ ഇട്ടത്. പൊന്നും മിന്നും എമ്പാടുമുണ്ടോ...”

“മരിച്ചു മണ്ണടിഞ്ഞാ പിന്നെ പൊന്നും മിന്നുമൊന്നുമില്ല കുഞ്ഞിമ്മോളേ. ആശാപാശങ്ങളൊക്കെ ഇട്ടെറിഞ്ഞിട്ടാ ഇവിടെ എത്തുന്നത്. അല്ലാ ഇന്‍റെ മക്കളെ ഹാലെന്താ...”

“ഉമ്മാ ഇങ്ങളെന്നെ ബേജാറാക്കല്ലേ. എന്താ സംഭവിച്ചതെന്ന് എനക്കിപ്പളും തിരിഞ്ഞിക്കില്ല.” ആരൊക്കെയോ സലാം ചൊല്ലുന്നു. വിശേഷങ്ങളന്വേഷിക്കുന്നു.

“നീ ഇവിടെക്കിടന്ന് ചുറ്റിത്തിരിയാതെ വലതുവശത്തേക്ക് നോക്ക്.”

ആരോ ചോദിക്കുന്നു.

“ഇങ്ങളാരാ...”

“നിന്നെ ഇവിടെ വരെ എത്തിച്ചതാരാ...”

“ആരാ...”

“നന്ദികെട്ടവരാണ് മനുഷ്യകുലം എന്ന് ഖുർആൻ നിരന്തരം ഓർമിക്കുന്നത് വെറുതെയല്ല. അല്ലയോ വലതുപക്ഷക്കാരീ, വലത് ഭാഗത്തേക്ക് നോക്ക്...

വലതെങ്ങോട്ടാ പടച്ചോനേ... ദിക്കു തിരിയാൻ ഇവിടെ മൊബൈലുമില്ല, ഗൂഗിൾ മേപ്പുമില്ല എന്ന് മനസ്സിൽ നിനച്ചതും അപൂർവമായ വെള്ളിവെളിച്ചം ചുറ്റിലും പരന്നു. തൂമണം വീശുന്നു. ലോകത്തുള്ള സകലമാന അത്തറുകളും ഒന്നിച്ചു കമഴ്ത്തിയതുപോലുള്ള സുഗന്ധം. അല്ല... ഊദിന്‍റെ, ബുഖൂറിന്‍റെ... എങ്ങും പരിമളം. താഴേക്കൂടി കളകളാരവത്തോടെ അരുവികളൊഴുകുന്നു. ചുറ്റും പൂന്തോപ്പ്.

നന്മ പ്രവർത്തിക്കുകയും തിന്മ വെടിയുകയും ചെയ്യുന്ന സന്മാർഗികളായ മനുഷ്യർക്ക് മരണാനന്തരം അരുവികളൊഴുകുന്ന പൂന്തോട്ടത്തിലായിരിക്കും പാർപ്പിടം. ലോകത്തിൽ നിങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സുഖസൗകര്യങ്ങൾ നിങ്ങൾക്കായി ഒരുക്കിയിരിക്കും. പച്ചപ്പട്ടു വിതാനിച്ച സപ്രമഞ്ചക്കട്ടിലിൽ പതുപതുത്ത മെത്തയിൽ രാവും പകലും ചാരിയിരിക്കാം.

ആഗ്രഹിക്കുന്നതെന്തും മുന്നിലെത്തും. മധുരപാനീയങ്ങളും നാവിൽ കൊതിയൂറും വിഭവങ്ങളുമായി ചിപ്പിക്കുള്ളിലെ മുത്തുകൾ പോലെയുള്ള സുന്ദരന്മാരും സുന്ദരികളുമായ ബാലന്മാരും ബാലികമാരും സ്വർണത്തളികകളുമായി റോന്തു ചുറ്റും. പക്ഷേ ഇവിടെ ആരെയും കാണാനില്ലല്ലോ...

ദാഹമുണ്ട് വിശപ്പും... ചിന്തിച്ചതും അതീവ സുന്ദരനായ ഒരു യുവാവ് താലത്തിൽ പലതരം പഴച്ചാറുകളുമായി മുന്നിലെത്തി. പിന്നാലെ ഒരു സുന്ദരി കൊതിയൂറും ഭക്ഷണത്തളികകളുമായി അരികിലെത്തുന്നു.

മുന്തിരിയില്ലേ... ചോദിക്കുന്നതിനു മുമ്പേ കട്ടിലിന്‍റെ സ്വർണ മേലാപ്പിൽ മുന്തിരിവള്ളികളിൽ സ്വർണവർണമുള്ള മുന്തിരിക്കുലകൾ. ആപ്പിളില്ലേ... അതാ ആപ്പിൾ... അത്തിപ്പഴം... ബദാം... ആശിക്കുന്നതെല്ലാം മുന്നിലെത്തുന്നു... ഏതാ റബ്ബേ ആദ്യം എടുക്കേണ്ടത്... ജ്യൂസെടുത്താലോ... തേനായാലോ... പാലായാലോ... ആലോചിച്ച് തൊണ്ട വരളുന്നതിനിയിൽ... ആരോ തട്ടി വിളിക്കുന്നു.

എണീക്കിവളെ... നേരം എത്രയായെന്നാ വിചാരം...

നേരം എത്രയായാൽ എനക്കെന്താ... എനിക്കിനി സമയം നോക്കണ്ട. അടുക്കളയിൽ കയറണ്ട... ഹാ... ഹാ...

ഞാനാ കൈ തട്ടി മാറ്റി.

ഇവക്കെന്താ വട്ടായോ... എണീക്ക്. ഒരു ഗ്ലാസ് ചായക്ക് ഞാനെത്ര നേരായി കാറി വിളിക്കുന്ന്.

ആരോ ബലമായി പിടിച്ച് എഴുന്നേൽപിച്ചപ്പോൾ പതുക്കെ കണ്ണു തുറന്നു.

ഇതാരാ...

ഒറങ്ങി എണീറ്റപ്പളക്ക് ഇന്‍റെ തലയിലെ കിളിപോയോ...

ഇക്ക മുന്നിൽ.

യാ ഇലാഹീ... ഇങ്ങളപ്പോ... ഇതെന്ത് മറിമായം... കുളിപ്പിക്കല് കയിഞ്ഞോ...

അവൾ എണീറ്റിരുന്നു ദേഹത്തിൽ പിച്ചി... ഹാവൂ... വേദനയുണ്ടല്ലോ... അപ്പൊ ഞാനിത്ര നേരം കണ്ടതെല്ലാം...

ഇന്‍റെ പേക്കിനാവ്. ഉച്ചക്ക് കിടന്ന് അന്തംവിട്ട് ഉറങ്ങരുതെന്ന് പറഞ്ഞാ കേക്കൂലാ...

ഇക്കയുടെ അരിശം.

(അവസാനിച്ചു)

News Summary - Malayalam novel