ഞാൻ ഔറംഗസേബ്

അധ്യായം 2 അല്ലാഹു അക്ബര്‍ അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ് മാശാ അല്ലാഹു കാൻ വമാ ലം യശഅ് യകൂന്‍1 ഭ്രാന്തമായി എന്റെ മുന്നിലേക്ക് ഓടിക്കൊണ്ടു വരുന്ന സുധാകറിന് മുന്നിൽ, ഒറ്റക്കൊരു കുതിരപ്പുറത്തിരിക്കുന്ന എന്റെ ഹൃദയത്തിൽ, അന്നേരം ഒരു നിമിഷത്തേക്ക് ഭയമെന്ന വികാരം ഉടലെടുത്തിരുന്നെങ്കിൽ, മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും അക്കാരണത്താല്‍തന്നെ നിങ്ങളുടെ എല്ലാവരുടെയും ചരിത്രവും വ്യത്യസ്തമായി എഴുതപ്പെടുമായിരുന്നു.ലവലേശം ഭയമില്ലാതെ ഞാനെന്റെ കുതിരക്ക് സൂചന നൽകി. എന്നിൽ ഭയമുടലെടുത്താൽ എന്റെ കുതിരയുടെ ഭയം പതിന്മടങ്ങായി...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അധ്യായം 2
അല്ലാഹു അക്ബര്‍
അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ്
ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്
മാശാ അല്ലാഹു കാൻ
വമാ ലം യശഅ് യകൂന്‍1
ഭ്രാന്തമായി എന്റെ മുന്നിലേക്ക് ഓടിക്കൊണ്ടു വരുന്ന സുധാകറിന് മുന്നിൽ, ഒറ്റക്കൊരു കുതിരപ്പുറത്തിരിക്കുന്ന എന്റെ ഹൃദയത്തിൽ, അന്നേരം ഒരു നിമിഷത്തേക്ക് ഭയമെന്ന വികാരം ഉടലെടുത്തിരുന്നെങ്കിൽ, മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രവും അക്കാരണത്താല്‍തന്നെ നിങ്ങളുടെ എല്ലാവരുടെയും ചരിത്രവും വ്യത്യസ്തമായി എഴുതപ്പെടുമായിരുന്നു.
ലവലേശം ഭയമില്ലാതെ ഞാനെന്റെ കുതിരക്ക് സൂചന നൽകി. എന്നിൽ ഭയമുടലെടുത്താൽ എന്റെ കുതിരയുടെ ഭയം പതിന്മടങ്ങായി വർധിക്കും. കൈകാലുകളാൽ ഞാനെന്റെ സന്ദേശം കുതിരയെ അറിയിച്ചു. അവനത് മനസ്സിലാക്കി. എല്ലാം ക്ഷണനേരത്തില്‍. കയ്യിലിരുന്ന കുന്തം ആനയുടെ മസ്തകം ലക്ഷ്യമാക്കി ഞാനെറിഞ്ഞു. അപ്പോൾ ആന എന്റെ കുതിരയെ തന്റെ കൊമ്പുകൊണ്ട് ആക്രമിച്ചു. വളരെ കൃത്യസമയത്ത് കുതിരപ്പുറത്തുനിന്ന് ചാടി വാളെടുത്തുകൊണ്ട് ഞാൻ ആനയുടെ മുന്നിൽ നിന്നു. മസ്തകത്തില്‍ തുളച്ചുകയറിയ കുന്തത്തിൽനിന്ന് രക്തം ഒലിച്ചിറങ്ങി. ആളുകളുടെ ആരവം എന്നെ ആവേശപ്പെടുത്തുന്ന ആര്‍പ്പുവിളിയായി ഞാന്‍ കേട്ടു.
ആനയുടെ മുന്നിൽ വാളുമായി നിന്ന ആ നിമിഷത്തിൽ അനുഭവിച്ച കശ്ഫുർറൂഹി2യെ എങ്ങനെയാണ് ഞാൻ വിശദീകരിക്കേണ്ടത്? ആത്മീയ നിര്‍വൃതി എന്നാണോ? ആം... ആ റൂഹി എന്റെ ജീവിതത്തിലുടനീളം എന്നെ പിന്തുടർന്നുകൊണ്ടേയിരുന്നു. ആന എന്നെ ആക്രമിച്ചില്ല. മറിച്ച്, പിന്തിരിഞ്ഞോടി. ഇപ്പോഴും അതെന്നെ അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് ആന എന്നെ ആക്രമിക്കാത്തത്? ആ ആനയുടെ ശക്തിക്കു മുമ്പില്‍ എന്റെ കയ്യിലുള്ള വാൾ അതിനു മാത്രം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? മരണമാണെങ്കില്‍പോലും നിങ്ങള്‍ അതിനെ ധൈര്യത്തോടെ നേരിട്ടാൽ അത് സൂര്യപ്രകാശമേറ്റ മഞ്ഞുതുള്ളിപോലെ അപ്രത്യക്ഷമാകും.
ചക്രവർത്തി അന്നെന്റെ ധീരതയെ അഭിനന്ദിക്കുകയും എന്റെ ഭാരത്തിനു തുല്യമായ സ്വർണം സമ്മാനിക്കുകയുംചെയ്തു.
എന്നാൽ അങ്ങനെയുള്ള ഔറംഗസേബിനെക്കുറിച്ച് നിങ്ങളുടെ പാഠപുസ്തകങ്ങളിൽ എന്താണ് എഴുതിവെച്ചിരിക്കുന്നത്, നിങ്ങളുടെ കുട്ടികൾ എന്നെക്കുറിച്ച് വായിക്കുന്നതെന്താണെന്ന് എനിക്കറിയാം. സഹോദരങ്ങളെ കൊന്ന കൊലയാളി, മതഭ്രാന്തന്‍, ഇത്യാദി, ഇത്യാദി...
പ്രശ്നം എന്താണെന്നറിയാമോ? മാര്‍ക്കറ്റിങ്. എന്താണ്, ആലംഗീര്‍ ഇക്കാലത്തെ ഇംഗ്ലീഷ് വാക്കുകളൊക്കെ പറയുന്നുണ്ടല്ലോ എന്നാണോ ചിന്തിക്കുന്നത്? എനിക്ക് ഇംഗ്ലീഷും കുറച്ച് ഫ്രഞ്ചും അറിയാം. എന്റെ ജ്യേഷ്ഠന്‍ ദാരാ ഷികോഹിന്റെ സ്വകാര്യ വൈദ്യനായിരുന്ന ഫ്രാന്‍സ്വാ ബെര്‍നിയെ ദാരായുടെ മരണശേഷം എന്റെയും വൈദ്യനായി തുടര്‍ന്നിരുന്നു. പറഞ്ഞുവരികയാണെങ്കില്‍, അവനെഴുതിയ യാത്രാവിവരണങ്ങൾ വായിച്ചാല്‍പോലും എന്നെക്കുറിച്ചുള്ള നിങ്ങളുടെ തെറ്റായ ധാരണകള്‍ ഉടഞ്ഞ് യഥാർഥ ചിത്രം ലഭിച്ചേക്കും. എല്ലാം കഴിഞ്ഞശേഷം, ഇനി പൊയ്യെന്തിന് മെയ്യെന്തിന്, വിട്ടുകളയൂ. മാർക്കറ്റിങ്ങി നെപ്പറ്റിയല്ലേ ഞാൻ പറഞ്ഞത്? അതിൽ സൂത്രപ്പണി ചെയ്തയൊരു ചക്രവർത്തി അശോകനായിരുന്നു. ഇപ്പോഴും നിങ്ങളുടെ കുട്ടികൾ അശോകൻ മരം നട്ടുപിടിപ്പിച്ചു എന്നല്ലേ പഠിച്ചുകൊണ്ടിരിക്കുന്നത്? എന്താണ് കാരണം? നാലു മരങ്ങൾ നട്ടുപിടിപ്പിച്ച ശേഷം നാൽപത് തൂണുകൾ നാട്ടിയിട്ട് അതില്‍ ‘അശോകന്‍ മരം നട്ടു, അശോകന്‍ മരം നട്ടു’ എന്ന് മൂന്നു ഭാഷകളിൽ3 കൊത്തിവെച്ചു. അതാണ് ഇത്രയും വർഷമായി നിലനിൽക്കുന്നത്.
വാസ്തവത്തിൽ, സിന്ധുനദീതട സംസ്കാര കാലം മുതൽ ഇന്നുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ നിരത്തുകളെല്ലാം വെടിപ്പായി ഉണ്ടായിരുന്നത് ആരുടെ കാലഘട്ടത്തിലായിരുന്നുവെന്ന് അറിയാമോ? ഞങ്ങളുടെ കാലഘട്ടത്തിലാണ്. ഞാനല്ല പറഞ്ഞത്. ബെര്‍നിയെയാണ് പറയുന്നത്. യൂറോപ്പിലെ പാതകള്‍ കടന്നുചെല്ലാന്‍ എടുക്കുന്നതിനേക്കാളും കുറഞ്ഞ സമയമായിരുന്നുവത്രെ ഇന്ത്യയിലെ പാതകളില്‍. മോഷണ ഭയമായിരുന്നു, ഇവിടെ ഗതാഗതത്തില്‍ നേരിട്ടിരുന്ന ഒരേയൊരു പ്രശ്നം. ചക്രവർത്തിമാർക്ക് ഇതിലെന്തു ചെയ്യാൻ കഴിയും? വെള്ളിയും സ്വർണവും ഉരുക്കി നാണയങ്ങളുണ്ടാക്കിയാല്‍ നികുതിയടക്കാതെയും ചുങ്കം നല്‍കാതെയും തട്ടിപ്പു നടത്തുക, സ്വര്‍ണം ഉരുക്കി വില്‍ക്കുക, ചെമ്പും സ്വർണവും കൂട്ടിച്ചേര്‍ത്ത് വ്യാജ നാണയങ്ങൾ ഉണ്ടാക്കുക... നിങ്ങൾ എന്താണ് ചെയ്യാത്തത്? ദൈവത്തെ കല്ലില്‍ തീര്‍ത്ത് ഒരു കെട്ടിടത്തിൽ സ്ഥാപിച്ചിട്ട് പണത്തെയല്ലേ നിങ്ങള്‍ ദൈവമായി ആരാധിക്കുന്നത്?
ഒരു നിമിഷം വലതുകൈ നെഞ്ചിൽ തൊട്ട് “ശഹെൻശാഹ് എന്താണിത്” എന്നമട്ടിൽ എഴുത്താളൻ ആംഗ്യം കാട്ടി.
ആഹാ, എന്താ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ഇത്ര വിറളിപിടിച്ചിരിക്കുന്നത്? അതാണ് അവർ ചെയ്തുകൊണ്ടിരുന്നത്. അതിന് കഠിനമായ ശിക്ഷയും നൽകി.
അശോക ചക്രവർത്തിയും എന്നെപ്പോലെ മറ്റൊരു മതത്തിൽ പെട്ടയാളാണ്. സത്യത്തില്‍ താങ്കളുടെ ഹിന്ദുമതത്തെ അടിച്ചമർത്തി ഒതുക്കിയ മതമാണ് അദ്ദേഹത്തിന്റെ ബുദ്ധമതം. എന്നാൽ അങ്ങനെയുള്ള അശോകന്റെ സ്തൂപം താങ്കളുടെ രാജ്യത്തിന്റെ ചിഹ്നമായി ലജ്ജയില്ലാതെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു നിങ്ങൾ.
ഒരു നാട്ടിലൊരു മാനഭംഗം നടക്കുകയുണ്ടായി. പിഞ്ചുകുഞ്ഞ്. നാടുതന്നെ പ്രക്ഷുബ്ധമായി കിടക്കുന്നു. കുറ്റവാളികളെ കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ ആരെയെങ്കിലും ഒരുവനെ പിടിച്ച് എൻകൗണ്ടറില്‍ തീര്‍ത്തുകളഞ്ഞാല്‍ നാട്ടിലെ കലാപം ഒന്നടങ്ങും. ശരിയല്ലേ? അതുതന്നെ കുറച്ചുകൂടി വലിയ അളവില്‍ ചെയ്തതാണ് ഈ ആലംഗീർ ഹിന്ദു വിരുദ്ധനാണെന്ന കഥ. ആരുടെയെങ്കിലും മീതെ പഴി ചാരണം. ഔറംഗസേബ് പെട്ടുപോയില്ലേ. എന്തുകൊണ്ടെന്നാല്‍, അവന്‍ മാത്രമാണ് താൻ ജനിച്ച മതത്തോട് കൂറു പുലർത്തിയ ഒരേയൊരു മുഗൾ ചക്രവർത്തി. അവൻ മാത്രമാണ് തന്റെ സൈന്യത്തിലെ കുതിരകളുടെ എണ്ണത്തോളം ഭാര്യമാരെയും വെപ്പാട്ടികളെയും കൂടെ പൊറുപ്പിച്ച് കൂത്താടാത്തവന്‍. അവനൊരുവന്‍ മാത്രമാണ് തൊപ്പി തുന്നുകയും അതു വിറ്റു കിട്ടുന്ന കാശുകൊണ്ടുള്ള വരുമാനത്തില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തവന്‍. അവനൊരുവന്‍ മാത്രമാണ് തന്റെ സാമ്രാജ്യത്തിലെ ഏറ്റവും താഴ്ന്ന മനുഷ്യനെപ്പോലെ ലളിതമായി ജീവിച്ചവന്‍. അതിനാൽ കുറ്റമെല്ലാം നിങ്ങൾ അവന്റെ മേൽ ചുമത്തി. എന്റെ കഥ പറയാൻ എനിക്ക് മുന്നൂറ്റി പതിനാലു വർഷം കാത്തിരിക്കേണ്ടി വന്നു. ശരീരവുമായി ജീവിച്ചാല്‍ എത്ര വേദനയും കഷ്ടപ്പാടും സഹിക്കാന്‍ കഴിയും. കുറഞ്ഞപക്ഷം കണ്ണീരെങ്കിലും പൊഴിക്കാം. ആത്മാവായിരിക്കുമ്പോൾ കുറ്റവും പാപവും വഹിക്കുന്നത് എത്ര ക്രൂരമാണെന്നറിയാമോ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ!
കോടാനുകോടി ജനങ്ങള്‍ തലമുറ തലമുറയായി, നൂറ്റാണ്ടുകളോളം, ആവര്‍ത്തിച്ചാവര്‍ത്തിച്ച്, ‘‘ഔറംഗസേബ് ഹിന്ദുക്കളെ മതം മാറ്റി’’യെന്ന് പറഞ്ഞുപറഞ്ഞ്, ഇപ്പോള്‍ എനിക്കുതന്നെ ഞാനങ്ങനെ ചെയ്തുവോയെന്ന് തോന്നലുണ്ടാകാൻ തുടങ്ങിയിട്ടുണ്ട്. മതവും മാറ്റിയിട്ടില്ല, ഒരു മണ്ണാങ്കട്ടയും ചെയ്തിട്ടില്ല. ഞങ്ങളുടെ കാലത്ത് ഞങ്ങൾ അതിലത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. അശോകനെപ്പോലെ മാർക്കറ്റിങ് ചെയ്യാതിരുന്നതാണ് ഞാൻ ചെയ്ത തെറ്റ്. നാട്ടില്‍ നാലു കല്ലുകള്‍ സ്ഥാപിച്ച് ആലംഗീര്‍ അങ്ങനെ ചെയ്തെന്നും ഇങ്ങനെ ചെയ്തെന്നും കൊത്തിവെക്കണമായിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ പിഴവ് സംഭവിച്ചതിനാല്‍ ചരിത്രത്തില്‍ വില്ലന്‍വേഷം ചുമക്കുകയാണ്. എന്നെക്കുറിച്ചുള്ള ചില മിഥ്യാധാരണകൾ പൊളിച്ചെഴുതാനാണ് ചക്രവർത്തിയെപ്പോലും തള്ളിമാറ്റി ഞാനിപ്പോൾ ഈ അഘോരിയിലൂടെ താങ്കളോട് സംസാരിക്കാനും സംവദിക്കാനും മുന്നോട്ടുവന്നിരിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയക്കാരാണ് ഇതിന് തുടക്കമിട്ടതെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. തെറ്റാണ്. അൽപം പുരോഗമനപരമായി ചിന്തിക്കുന്ന നിങ്ങളുടെ ജവഹർലാൽ നെഹ്‌റുവാണ് അതിനു തുടക്കംകുറിച്ചത്. “ ‘മഹത്തായ മുഗളര്‍’ എന്നു വിളിക്കപ്പെടുന്നതിന്റെ നിരയില്‍ അവസാനമായി ഭരിച്ച ഔറംഗസേബ്, ഘടികാരത്തെ പഴയപടിയിലേക്ക് തിരിച്ചുവിടാന്‍ തുനിയുകയും ആ ശ്രമത്തിൽ ഏര്‍പ്പെടുക മാത്രമല്ല അതിനെ തകർക്കുകയും ചെയ്തു” എന്നു പറയുന്നു നെഹ്റു.
മാത്രവുമല്ല, ഞാന്‍ ഇസ്‌ലാമിന് അമിത പ്രാധാന്യം നൽകിയതിനാല്‍ എനിക്ക് ഭരിക്കാൻ കഴിഞ്ഞില്ലത്രെ. അതുകൊണ്ടാണത്രെ മുഗൾ സാമ്രാജ്യം തകർന്നത്. നെഹ്‌റു, അദ്ദേഹത്തെ പടച്ചവൻ രക്ഷിക്കട്ടെ. ഓ, അദ്ദേഹമൊരു നാസ്തികനാണെന്നാണ് കേട്ടിട്ടുള്ളത്. ശരിയല്ലേ? അദ്ദേഹം ഇങ്ങനെ നാക്കില്‍ ഞരമ്പില്ലാതെയാണ് സംസാരിക്കുന്നത്. അതിനുമാത്രം ഞാനെന്താണ് ചെയ്തത്? എല്ലാവരെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയോ? ഇല്ലല്ലോ? എന്റെ മതാചാരപ്രകാരം അഞ്ചു നേരം നിസ്കരിച്ചു. ലളിതമായി ജീവിച്ചു. റമദാൻ മാസത്തില്‍ നോമ്പനുഷ്ഠിച്ചു. ഇതു തെറ്റാണോ? മറ്റൊരു കാര്യം, മുഗൾ രാജാക്കന്മാർ രജപുത്രരുമായി ഇടകലർന്നിരുന്നു. എന്റെ പ്രാപിതാമഹന്‍ അക്ബർ ചക്രവർത്തിയുടെ ഭാര്യ ജോധാ ബായി ഒരു രജപുത്ര വനിതയായിരുന്നു. അതുകൊണ്ട് എന്റെ പിതാമഹന്‍ ജഹാംഗീർ ചക്രവർത്തി പകുതി രജപുത്രനായിരുന്നു. അദ്ദേഹത്തിന്റെ മകനായ എന്റെ പിതാവ് ചക്രവർത്തി സാഹിബ് കിരാന ഒരു പടി മുന്നിലായിരുന്നു. മുക്കാൽ ഭാഗവും രജപുത്രന്‍. അദ്ദേഹത്തിന്റെ അമ്മ രാജകുമാരി ശ്രീ മാനാവതി ഭായ്ജി ലാൽ സാഹിബ എന്ന താജ് ബീബി ബിൽഖിസ് മകാനിയും അദ്ദേഹത്തിന്റെ പിതൃവഴി മുത്തശ്ശിയും രജപുത്ര രാജകുമാരികളായിരുന്നു. അതിനാൽ, ഞങ്ങളുടെ ശരീരത്തിൽ കലർന്നിരിക്കുന്നത് പകുതി രജപുത്ര രക്തമാണ്.
ശരി, അതു പോട്ടെ. എന്നെക്കുറിച്ചുള്ള എല്ലാ അപവാദങ്ങളുടെയും പിന്നിലെ അടിസ്ഥാന കാരണം എന്താണെന്നറിയാമോ? പകിട്ടിനെയും ആഡംബരത്തെയും മാത്രമാണ് ലോകജനത വിലമതിക്കുന്നത്. എന്റെയടുക്കല്‍ അതൊട്ടുംതന്നെയില്ല. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ഒരു ചോദ്യത്തിന് ജവാബ് തരിക. ഹസ്രത്ത് ജഹാൻബാനി ജന്നത്ത് ആഷ്യാനിയുടെ ശവകുടീരം കണ്ടിട്ടുണ്ടോ?
എഴുത്താളൻ ഒരൽപം ഇടറി. ജഹാൻബാനി ജന്നത്ത് ആഷ്യാനി ആരുടെ സ്ഥാനപ്പേരാണ്?
(ഔറംഗസേബ് അൽപം അമര്‍ഷം കലര്‍ന്ന സ്വരത്തില്‍) എന്താണിത് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, താങ്കള്‍ പറഞ്ഞ കലൈജ്ഞര്‍, നാവലര്‍, പുരട്ച്ചിത്തലൈവര്‍, ഉലകനായകന്‍ തുടങ്ങിയ സ്ഥാനപ്പേരുകള്‍ക്ക് അര്‍ഹരായവരെല്ലാം ആരൊക്കെയാണെന്നതില്‍ സന്ദേഹമുണ്ടോ? അതില്‍തന്നെ നിങ്ങളുടെ സ്ഥാനപ്പേരുകള്‍ക്കൊന്നും കവിത്വമെന്നത് തീരെയില്ല. എല്ലാം ഒരേപോലെ. ഞങ്ങളുടെ സ്ഥാനപ്പേരുകള്‍ ഓരോന്നും കവിതയാണ്. അതില്‍തന്നെ ഞാൻ താങ്കളോട് മൂന്നു സ്ഥാനപ്പേരുകള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. അതിൽ എന്തിനാണിത്ര ആശയക്കുഴപ്പം? അതൊരു കടലാസിലെങ്കിലും കുറിച്ചുവെക്കുക. ജഹാന്‍പനാഹ് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി –ആഹാ, എന്താ ഒരു ലയം! –ബാബര്‍ ബാദുഷ ഗാസിയെ പരാമര്‍ശിക്കാനുള്ളതാണ്. ജഹാൻബാനി ജന്നത്ത് ആഷ്യാനി – ആഹാ, കവിത! കവിത! –ഹുമയൂണ്‍ ബാദുഷയെ പരാമര്‍ശിക്കാനുള്ളതാണ്. അര്‍ഷ് ആഷ്യാനി –അക്ബര്‍ ബാദുഷ. പീരിയഡ്

ഓ, എന്താ ശഹെൻശാഹ് ഇത്! പീരിയഡെന്നൊക്കെ പറഞ്ഞ് അടിച്ചു തിമിര്‍ക്കുകയാണല്ലോ?
പിന്നല്ലാതെ, ഇക്കാലത്തെ നടപ്പുരീതിക്കനുസരിച്ച് ഞാന്‍ മാറിക്കൊണ്ടിരിക്കുകയല്ലേ? ശരി, എന്റെ ചോദ്യത്തിന് മറുപടി പറയൂ.
ഹാം, കണ്ടിട്ടുണ്ട് ശഹെന്‍ഷാഹ്... ദില്ലിലെ കലാസൗകുമാര്യങ്ങളില്‍ ഒന്നല്ലേ?
അതെ. നിസാമുദ്ദീൻ ഔലിയയുടെ ദർഗക്ക് സമീപം യമുന നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ആ ശവകുടീരം ലോകപ്രശസ്തരായ പേർഷ്യൻ വാസ്തുശിൽപികളാണ് നിർമിച്ചത്. ഇന്ത്യൻ മണ്ണിൽ ആദ്യമായി ചെമ്മണ്‍ കല്ലുകൾ ഉപയോഗിച്ചത് ആ സമാധിയിലാണ്. എന്റെ പിതാവിന്റെ ശവകുടീരവും താങ്കൾ കണ്ടിട്ടുണ്ടാവും. അതു കാണാത്ത ഹിന്ദുസ്ഥാനികള്‍ തന്നെ വിരളമായിരിക്കും. ലോകാത്ഭുതങ്ങളിലൊന്നാണ് ആ ശവകുടീരം. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, എന്നാല്‍ എന്റെ ശവകുടീരം എവിടെയാണെന്ന് താങ്കൾക്കറിയാമോ?
എഴുത്താളൻ കുറ്റബോധത്തോടെ അറിയില്ലെന്ന് തലയാട്ടി.
കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഞാൻ സ്വയം ഇച്ഛിച്ചാണ് അതുചെയ്തത്. എനിക്കായി ഈ ഭൂമിയിൽ യാതൊരു സ്ഥൂല അടയാളങ്ങളും വേണ്ട. ഈ മനുഷ്യര്‍ അതിന് അർഹനായവൻ അല്ല. അല്ലെങ്കിൽ, എനിക്ക് അതിനു യോഗ്യതയില്ല. 1707ലെ ശൈത്യകാലത്ത് ഞാൻ മരിച്ചപ്പോൾ, എന്റെ ഉത്തരവുപ്രകാരം ഒരു സാധാരണക്കാരനെപ്പോലെയാണ് എന്നെ അടക്കംചെയ്തത്. ആകാശത്തെ നോക്കിക്കൊണ്ട് കൂരയില്ലാത്തയൊരു സാധാരണ മണ്‍തിട്ട. അത്രമാത്രം. ജീവനോടെയിരുന്നപ്പോഴാകട്ടെ മരിച്ചപ്പോഴാകട്ടെ, ഞാൻ ആഡംബരങ്ങളെ വെറുത്തു. പക്ഷേ ആശ്ചര്യപ്പെടുന്നതെന്തെന്നാല്‍, ആഡംബരമായ പരസ്യങ്ങൾ ചെയ്താൽ മാത്രമാണ് നിങ്ങളുടെ പാഠപുസ്തകങ്ങളിൽ നായകന് നിങ്ങൾ സ്ഥാനം നൽകുന്നത്. അല്ലെങ്കിൽ വില്ലൻ വേഷം വീശിയെറിയും. ഔറംഗസേബ് ‘മതം മാറ്റിയിരുന്നു, മതം മാറ്റിയിരുന്നു’ എന്ന് ചെറുപ്പം മുതലേ പഠിപ്പിച്ചതുകൊണ്ടാണോ എന്തോ, ഈ സ്കൂൾ വിഷയങ്ങളെല്ലാം മറികടന്നുവരേണ്ടിയിരുന്ന ബഹുമാനപ്പെട്ട ഖാത്തിബായ താങ്കള്‍ പോലും ഒരിക്കൽ സംഭാഷണത്തിനിടയില്‍ എന്നെ അങ്ങനെയാണ് പരാമർശിച്ചിരുന്നത്, ഓർമയുണ്ടോ?
ഓ മൈ ഗോഡ്. ചരിത്രത്തില്‍ അത്രയധികം താല്‍പര്യം കാണിക്കാതെ പഠിക്കാത്തതിനാല്‍ ഞാനും അങ്ങനെത്തന്നെ കരുതിയിരുന്നുവെന്ന കാര്യം വാസ്തവമാണ് ഹുസൂര്‍. എന്നാൽ ശഹെന്‍ശാഹ് സൂചിപ്പിക്കുന്ന സംഭവം നടന്നതെപ്പോഴാണെന്ന് ഓർമയില്ലല്ലോ?
2016. തീയതിയും മാസവുമെല്ലാം പറയാന്‍ പറ്റും. എന്നാൽ താങ്കളുടെ വായനക്കാർ മുഷിയുമെന്നതിനാൽ അത്ര വിശദാംശങ്ങളിലേക്ക് കടക്കാതെ തന്നെ ഞാനെന്റെ കഥ പറയുകയാണ്. ഒരു മദ്യശാലയില്‍ ഇരുന്ന് ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയായിരുന്നു താങ്കള്‍. താങ്കളോടൊപ്പം ഒരു ഹിന്ദുത്വവാദിയുമുണ്ടായിരുന്നു. അയാളോട് താങ്കള്‍ ഉന്മാദലഹരിയില്‍ “ഔറംഗസേബ് നിങ്ങളുടെ മുതുമുതുമുത്തച്ഛനെ മതംമാറ്റിയിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ ഹിന്ദുത്വത്തിനെതിരായ മറ്റൊരു തീവ്രവാദം സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു. ശരിയല്ലേ” എന്നു ചോദിച്ചിരുന്നു. ഓര്‍മ വരുന്നുണ്ടോ? സത്യത്തിൽ ഞാനൊരിക്കലും അത്തരം കാര്യങ്ങളില്‍ ഏർപ്പെട്ടിട്ടില്ല.
ഉദാഹരണമായി ഞാനൊരു സംഭവം പറയാം, കേൾക്കൂ. അതൊരു പുണ്യമാസമായ റമദാനായിരുന്നു. ഞാനും എന്റെ സൈനികരും സത്താറ കോട്ട ഉപരോധിക്കുകയാണ്. ഭരണകൂടത്തെ എതിർത്ത വിപ്ലവകാരികളായ പതിമൂന്നു പേരെ ഞങ്ങൾ പിടികൂടിയിരുന്നു; പിടിക്കപ്പെട്ടവരിൽ നാലു മുസ്‍ലിംകളും ഒമ്പത് ഹിന്ദുക്കളും. എന്തു ശിക്ഷയാണ് നൽകേണ്ടതെന്ന് തീരുമാനിക്കാൻ ഞാൻ കോടതിയോട് ആവശ്യപ്പെട്ടു. മുഹമ്മദ് അക്രം ആയിരുന്നു ഖാദിയാർ. വിചാരണയെല്ലാം കഴിഞ്ഞശേഷം ഖാദിയാർ വിധി പറഞ്ഞു, ഒമ്പത് കാഫിറുകളും ഇസ്‍ലാം മതം സ്വീകരിച്ചാൽ അവരെ സ്വതന്ത്രരാക്കാം. നാലു മുസ്‍ലിംകൾക്കും വധശിക്ഷ. ആ വിധി ഞാൻ മാറ്റിയെഴുതി. അപ്പോള്‍ നോമ്പുകാരനായിരുന്നു ഞാൻ. നിയമമെന്നത് എല്ലാവർക്കും തുല്യമായിരിക്കണം. അതിനാല്‍തന്നെ എല്ലാവരുടെയും ശിരച്ഛേദം ചെയ്യാന്‍ ഞാനുത്തരവിട്ടു. നോമ്പു വീട്ടുന്നതിനു മുമ്പ് എനിക്ക് അവരുടെ തലകള്‍ കാണണം...
* * *
1. ഇസ്‍ലാമിക സാക്ഷ്യമടങ്ങിയ പ്രാർഥന.
അല്ലാഹു വലിയവനാണ്,
അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു,
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു,
അല്ലാഹുവല്ലാതെ യാതൊരു ശക്തിയും ഇല്ല,
അല്ലാഹു ഉദ്ദേശിക്കുന്നത് സംഭവിക്കുന്നു,
അവനാഗ്രഹിക്കാത്തത് സംഭവിക്കുന്നില്ല.
2. കശ്ഫുർറൂഹി –ആത്മരഹസ്യങ്ങളുടെ വെളിപാട്.
3. പാലി, അരാമിക്, ഗ്രീക്.
അധ്യായം 3
വിധി പുറപ്പെടുവിച്ചതു പ്രകാരം പതിമൂന്നു തലകളും കണ്ടതിനുശേഷമാണ് ഞാൻ അന്നു നോമ്പു തുറന്നത്. കാരണം, ഒരു ഭരണകൂടത്തിന്റെ പരമാധികാരം അതിന്റെ അദാലത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കേണ്ടത് എന്നു ഞാൻ വിശ്വസിക്കുന്നു. എന്തായിരിക്കും അദാലത്തിന്റെ അടിസ്ഥാനം? താങ്കള്‍ തന്നെ പറയൂ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ.അദാലത്തിന് നീതി എന്നാണ് തമിഴിൽ പറയുന്നത്. ന്യായവും ധർമവുമാണ് നീതിയുടെ അടിസ്ഥാനം. അതേ, അതുതന്നെ. ഇസ്‌ലാമില്‍ അഖ്ലാഖെന്നും അദബെന്നും1 രണ്ടു കാര്യങ്ങളുണ്ട്. ഈ രണ്ടു വാക്കുകളാണ് ജീവിതത്തിലുടനീളം എന്റെ റൂഹ്2 ആയിരുന്നത്.
സ്വപ്നങ്ങളിലും വ്യാമോഹങ്ങളിലും ജീവിച്ചവനാണ് എന്റെ ജ്യേഷ്ഠനായ ദാരാ ഷികോഹ്. അതുകൊണ്ടാണ് അവൻ എന്നെ ഭയപ്പെട്ടിരുന്നത്. സംശയത്തിന്റെ സഹോദരനാണ് ഭയം. അങ്ങനെയുള്ള ഒരാൾ ഈ മഹത്തായ രാഷ്ട്രം ഭരിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? അവൻ മതം മാറുമെന്നതു മാത്രമല്ല, നിങ്ങളെല്ലാവരെയും മെല്ലെ മെല്ലെ ഫിരങ്കികളുടെ മതത്തിലേക്ക് വലിച്ചിഴക്കുമായിരുന്നു. ഈ മതവിഷയമാണ് എനിക്കും അവനും തമ്മിൽ തീരാപ്പക ഉടലെടുക്കാനുള്ള കാരണം. ‘‘എല്ലാമൊന്ന് എല്ലാമൊന്ന്’’ എന്ന് പുലമ്പിക്കൊണ്ടിരുന്നു അവന്‍. മജ്മഉല്‍ ബഹ്റൈന്‍ എന്നതാണ് അവന്റെ പറച്ചില്‍. രണ്ട് കടലുകളുടെ സംഗമം! സഫാഹ! സഫാഹ!3 ഏകദൈവ വിശ്വാസവും എല്ലാറ്റിനെയും ദൈവമായി കാണുന്നതും എങ്ങനെയാണ് ഒന്നാകുക? ഞാനും നീയും ഒന്നാണെന്ന് പറയുന്നവൻ എപ്പോഴും അപകടകാരിയാണ്. എന്റെ തത്ത്വം വളരെ ലളിതമാണ്. നിങ്ങള്‍ വേറെ, ഞാൻ വേറെ. എങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കാം. എന്റെ നാൽപത്തൊമ്പതു വർഷത്തെ ഭരണത്തിൽ ഞാൻ പ്രയോഗിച്ചതും ഇതാണ്. തെറ്റാണോ ഇത്? ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്താണോ, അതു വിഷമാണെങ്കില്‍പോലും തേനില്‍ പുരട്ടി നൽകണം. സത്യം കയ്പാണെങ്കിൽ അതംഗീകരിക്കാൻ അവർ വിസമ്മതിക്കും. സത്യത്തെപ്പോലെ തോന്നുന്ന നുണയാണ് അവര്‍ക്ക് പഥ്യം.
ഔറംഗസേബ് സംസാരം നിർത്തി കുറച്ചു നേരത്തേക്ക് മൗനത്തില്‍ മുഴുകി. രണ്ടു മൂന്നു മിനിറ്റ് നേരം അങ്ങനെത്തന്നെ കടന്നുചെന്നു. ഔറംഗസേബ് അഘോരിയിൽനിന്ന് വിട്ടുപോയെന്നാണ് എഴുത്താളൻ കരുതിയത്. പക്ഷേ, പോയിവരട്ടെ എന്നുപോലും പറയാതെ പൊടുന്നനെ ഇറങ്ങിപ്പോകുമോയെന്നും സന്ദേഹവുമുണ്ട്. എന്തായാലും അൽപം ക്ഷമയോടെ കാത്തിരിക്കാമെന്ന് അവന്‍ ശാന്തനായി ഇരുന്നു. അഞ്ചു മിനിറ്റ് നേരത്തെ മൗനത്തിനു ശേഷം ഔറംഗസേബ് തുടർന്നു.
ക്ഷമിക്കണം ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ... ഇതുവരെ പറഞ്ഞതിനെക്കുറിച്ച് ചിന്തിച്ചുനോക്കിയപ്പോൾ കുറച്ച് വികാരഭരിതനായോ എന്നു തോന്നിപ്പോയി. നെഹ്‌റു മാത്രമല്ല എന്നെ വില്ലനാക്കിയത്. ചില ചരിത്രകാരന്മാരുമുണ്ട്, പ്രത്യേകിച്ചും ഫിരങ്കികള്‍. അത് ഇന്നും ഇന്നലത്തെയും ശത്രുത അല്ല. പല നൂറ്റാണ്ടുകളോളം നടന്ന വിശുദ്ധയുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അവരെന്റെ മീതെ പണിതു. ചരിത്രത്തിൽ ഫിരങ്കികളെന്നെ വില്ലനാക്കിയതിന്റെ ഒരേയൊരു കാരണം, ഞാനൊരു യഥാർഥ മുസ്‍ലിമായി ജീവിച്ചു എന്നതിനാലാണ്. അർഷ് ആഷ്യാനി അക്ബർ ബാദുഷയെപ്പോലെ ഇവിടെയൊരു കാലിലും അവിടെയൊരു കാലിലും ഞാന്‍ നിന്നില്ല. അതുകൊണ്ടാണ് യഥാർഥ മുസ്‍ലിമെന്ന് ഞാൻ പറഞ്ഞത്. അർഷ് ആഷ്യാനിയെപ്പോലെയായിരുന്നെങ്കിൽ ഫിരങ്കികള്‍ എന്റെമേല്‍ വില്ലൻ വേഷം ചുമത്തുമായിരുന്നില്ല. ഫിരങ്കികള്‍ തന്നെ പറഞ്ഞാല്‍ പിന്നെ അതിലപ്പുറമെന്ത്? ഇന്ത്യക്കാർക്ക് മറ്റെന്താണ് വേണ്ടത്?
വെള്ളക്കാരന്റെ വാക്ക് വേദവാക്ക്. ഔറംഗസേബ് ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു, ആയിരക്കണക്കിന് ക്ഷേത്രങ്ങൾ നശിപ്പിച്ചു. നിങ്ങളുടെ കുട്ടികൾ അവരുടെ പാഠപുസ്തകങ്ങളിൽ ഇതുതന്നെ ആവര്‍ത്തിച്ചു പഠിച്ചാല്‍ എന്തു സംഭവിക്കും? എന്തു പച്ചക്കള്ളമാണ് അവരെന്റെ മുതുകിലേറ്റിയിരിക്കുന്നതെന്ന് താങ്കൾക്കറിയാമോ? മുഗൾ രാജാക്കന്മാര്‍ എല്ലാവരും ഓരോ ദിവസവും എന്തൊക്കെ ചെയ്തെന്നും എന്തൊക്കെ ഉത്തരവുകൾ പുറപ്പെടുവിച്ചെന്നും അവർ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചക്രവർത്തി ഒരുദിവസം എത്ര തവണ തുമ്മിയെന്നും എത്രതവണ ചുമച്ചെന്നും തുടങ്ങിയവ കുറിച്ചുവെച്ച രേഖകളുണ്ട്. (പ്രജകളുടെ നികുതിപ്പണം ഇങ്ങനെയെല്ലാം പാഴാക്കാന്‍ പാടില്ലായെന്നതിനാല്‍ ആ ശീലം ഞാന്‍ നിർത്തിക്കളഞ്ഞു) അങ്ങനെയുള്ളപ്പോൾ ആ ചരിത്രരേഖകളൊന്നു മറിച്ചുനോക്കേണ്ടതല്ലേ? ഒരുദാഹരണം നോക്കൂ, ചക്രവർത്തി സാഹിബ് കിരാന4യുടെ ദൈനംദിന കാര്യപരിപാടി എന്തായിരുന്നുവെന്നറിയാമോ?
ചക്രവർത്തി പുലർച്ചെ നാലുമണിക്കു തന്നെ ഉണരും. അദ്ദേഹം ഉണരുന്നതിനനുസരിച്ച് ഘടികാരസൂചി കറക്കിവെക്കാം. ഇക്കാലത്ത് ഘടികാരമെന്ന് പറയുമ്പോൾതന്നെ നെഹ്റുവിനെയാണ് ഓർമവരുന്നത്. എന്തൊരു മോശം വ്യക്തിയാണ് അദ്ദേഹം! എന്നെപ്പറ്റി അത്രത്തോളം അപകീർത്തികരമായി എഴുതിവെച്ചിരിക്കുകയല്ലേ? ഉറക്കമെഴുന്നേറ്റയുടന്‍ അബ്‌ശർ-ഇ-തൗഫീഖില്‍ വുദു ചെയ്തിട്ട് തലസ്ഥാനത്തെ കുലീനന്മാരുടെ കൂടെ നിസ്കരിക്കും. പിന്നെ കുറച്ചുസമയം പരിശുദ്ധ ഗ്രന്ഥം പാരായണം ചെയ്യും.
അൽപനേരത്തിനുള്ളില്‍ ദർബാറിലെ സംഗീതസംഘം തങ്ങളുടെ പ്രഭാതസംഗീതം ആരംഭിക്കും. യമുനാനദിയുടെ തീരത്ത് കൊട്ടാരത്തിന്റെ മതിലുകൾക്കു സമീപം ആളുകൾ ഒത്തുകൂടാൻ തുടങ്ങും. സൂര്യനുദിച്ചാല്‍, ജറോക്ക -എ-ദർശനി5നായി മുസമ്മന്‍ ബുര്‍ജി6ല്‍ ചക്രവർത്തി ദർശനം നൽകും. ഇതെന്തിനാണെന്നാല്‍, രാജാവ് നല്ല ആരോഗ്യത്തോടെയുണ്ടെന്ന് പ്രജകളെ അറിയിക്കാൻവേണ്ടി. പല ബ്രാഹ്മണരും ചക്രവർത്തിയെ കണ്ടതിനുശേഷം മാത്രമേ പ്രാതൽ കഴിക്കൂവെന്നു പതിവാക്കിയിരുന്നു. ഈ ശീലവും ഞാന്‍ നിർത്തലാക്കി. ഏകനായ ദൈവം മാത്രമാണ് നമ്മുടെ ആരാധനക്ക് അർഹന്‍. ചക്രവര്‍ത്തിയാണെങ്കിലും ഇങ്ങനെയൊരു മനുഷ്യനുവേണ്ടി നോമ്പെടുക്കുന്നതെല്ലാം ഒരു യഥാർഥ മുസ്‍ലിമായ എനിക്ക് സഹിക്കാന്‍ പറ്റാത്തതിനാല്‍ ജറോക്കയിലിരുന്നുകൊണ്ട് പ്രജകള്‍ക്ക് ദർശനം നൽകുന്ന പതിവും ഞാൻ നിർത്തലാക്കി. ഇതുപോലുള്ള പ്രവൃത്തികളായിരിക്കണം എന്നില്‍നിന്ന് ജനങ്ങളെ അകറ്റിയത്. താങ്കൾ പറഞ്ഞതുപോലെ ആളുകൾ പ്രവൃത്തിയെക്കാൾ വ്യാമോഹത്തെയാണ് ഇഷ്ടപ്പെടുന്നത്!
കൃത്യം പത്തുമണിക്ക് ചക്രവർത്തി ദിവാനെ ആം മണ്ഡപത്തിൽ ഹാജരാകും. അധികാരികള്‍ ഭരണകാര്യങ്ങളെക്കുറിച്ചുള്ള തങ്ങളുടെ അവലോകനങ്ങൾ ചക്രവർത്തിക്ക് സമർപ്പിക്കും. ദിവാനെ ആമിലെ ‘നക്കാർ ഖാനെ’ എന്ന ഭാഗത്തുനിന്ന് പുറപ്പെടുന്ന പത്തു പന്ത്രണ്ട് കാഹളനാദം തന്റെ യൂറോപ്യൻ ചെവികളെ ആദ്യം ഞെട്ടിച്ചുവെന്നും എന്നാൽ, പിന്നീട് അതു ശീലമായ ശേഷം സുഖകരമായി മാറിയെന്നും ബെര്‍നിയെ എഴുതുന്നു. പ്രത്യേകിച്ചും രാത്രി തന്റെ വീടിന്റെ മേൽത്തളത്തിൽനിന്ന് കേൾക്കുമ്പോൾ –നിങ്ങൾ സംസ്കൃതത്തിൽ പറയുന്നില്ലേ, സുനാദം എന്ന്... അതുതന്നെ.
അടുത്തത് ദിവാനെ-ഖാസ് മണ്ഡപം. ഇതു വര്‍ണിക്കാൻ ഞാനൊരു കവിയുടെ കുപ്പായമണിയണം. ഭീമാകാരമായ തൂണുകളും സ്വർണം പതിച്ച മേലാപ്പുകളും ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരുടെ കരവിരുതുകളാല്‍ തിളങ്ങിക്കൊണ്ടിരിക്കും. ഇക്കാലത്ത് കൃത്രിമമായ രീതിയില്‍ വൈദ്യുതിയന്ത്രമുപയോഗിച്ചാണ് കാറ്റിനെ തണുപ്പിക്കുന്നത്. ഞങ്ങളുടെ കൊട്ടാരങ്ങള്‍ സന്ദര്‍ശിച്ച് നോക്കൂ, അൽപംപോലും ചൂടനുഭവിക്കില്ല. ആ ഉയരവും കല്ലുകളുടെ ഉത്കൃഷ്ടതയും വാസ്തുവിദ്യയുടെ ചാരുതയും കാരണം കാറ്റുതന്നെ അവിടെ തണുപ്പിന്റെ രൂപമെടുക്കും.
സഭയുടെ മധ്യത്തില്‍ ദിവാന്റെ (ഉയര്‍ന്നപീഠം) മീതെയുള്ള മയൂരസിംഹാസനത്തില്‍ ചക്രവർത്തി ആസനസ്ഥനാവും. ചക്രവര്‍ത്തിയുടെ ഇടതു വലതു വശങ്ങളിലായി രാജകുമാരന്മാര്‍ക്കുവേണ്ടി ചെറിയ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടാകും. ഈ ദിവാനെ ഖാസിനെക്കുറിച്ച് ഒരു കവി എഴുതി:
അഗര്‍ ഫിര്‍ദൗസ് ബര്‍-റൂയെ സമീന്‍ അസ്ത്
ഹമീന്‍ അസ്ത് -ഓ ഹമീന്‍ അസ്ത്- ഓ ഹമീന്‍ അസ്ത്
ഈ ലോകത്തില്‍ സ്വർഗമെന്ന
ഒന്നുണ്ടെങ്കിൽ
അത് ഇതാണ്
അത് ഇതാണ്
അത് ഇതാണ്

ഈ അത്ഭുതകരമായ വരികൾ എഴുതിയത് ആരാണെന്നറിയാമോ? അമീർ ഖുസ്രു എന്നാണ് എല്ലാവരും വിചാരിച്ചുകൊണ്ടിരിക്കുന്നത്. സാദുല്ലാഹ് ഖാൻ അല്ലാമിയാണ് ഇതെഴുതിയത്. അല്ലാമി എന്നത് അദ്ദേഹത്തിന്റെ പ്രതിഭയെ പ്രശംസിച്ച് നൽകിയ സ്ഥാനപ്പേരാണ്. ഞാനറിഞ്ഞിടത്തോളം രണ്ടു പേർക്കു മാത്രമേ ആ പട്ടം നൽകിയിട്ടുള്ളൂ. ഒന്ന്, അബുല്‍ ഫസലിന്. മറ്റൊന്ന്, സാദുല്ലാഹ് ഖാന്. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചയാള്‍. പത്തുവർഷക്കാലം ചക്രവർത്തിയുടെ പ്രധാനമന്ത്രിയായ വ്യക്തി. കാന്തഹാർ കീഴടക്കാൻ ചക്രവർത്തി എന്നെ രണ്ടുതവണ അദ്ദേഹത്തോടൊപ്പം അയച്ചിരുന്നു. രണ്ടുതവണയും ഞങ്ങളുടെ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിലും അദ്ദേഹത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചെടുക്കുകയുണ്ടായി.
ഒരുദിവസം അദ്ദേഹവും അദ്ദേഹത്തിന്റെ മറ്റു ചില സുഹൃത്തുക്കളും നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിസ്കാരത്തിനുശേഷം സാദുല്ലാഹ് ഖാൻ കൈകൾ മേൽപോട്ടുയർത്തിയ നിലയില്‍തന്നെ ഇരിക്കുന്നുണ്ടായിരുന്നു. താഴ്ത്തിയിരുന്നില്ല. അപ്പോളൊരു സുഹൃത്ത്, “പടച്ചവനോട് എന്താണ് ചോദിച്ചത്?” എന്നാരാഞ്ഞു. അതിനു മറുപടിയായി സാദുല്ലാഹ് ഖാൻ പറഞ്ഞു: “സത്യസന്ധനായ മനുഷ്യനായി ജീവിച്ചു മരിക്കാന്‍ നിന്റെ കാരുണ്യം വേണം.’’ ഹിന്ദുമതത്തില്‍നിന്ന് മതംമാറിയ വ്യക്തിയാണ് അദ്ദേഹം. ഏഷ്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയക്കാരനാണ് അദ്ദേഹമെന്ന് ബെര്‍നിയെ ഇടക്കിടെ എന്നോട് പറയുമായിരുന്നു. സാദുല്ലാഹ് ഖാനെ എനിക്ക് മറക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്നാല്‍, എന്റെ കാലഘട്ടത്തിൽ സത്യസന്ധതയും നീതിയുമെന്നത് വളരെ അപൂർവമായ വിഷയങ്ങളായിരുന്നതിനാലാണ്. അദ്ദേഹത്തിന്റെ നാൽപത്തിയേഴാം വയസ്സിൽ വിഷം നൽകി ദാരാ അദ്ദേഹത്തെ കൊലചെയ്തു. ഒരുതരത്തിൽ ഞാനും അതിനുത്തരവാദിയായിരുന്നു.
എങ്ങനെയെന്നാല്‍, ചക്രവർത്തിയുടെ പിൻഗാമി ആരെന്ന അഭിപ്രായത്തില്‍ എപ്പോഴും എന്റെ പേരായിരുന്നു ചക്രവര്‍ത്തിയോട് സാദുല്ലാഹ് ഖാൻ പറഞ്ഞുകൊണ്ടിരുന്നത്. സാദുല്ലാഹ് ഖാന് ചക്രവർത്തിയെ ഒട്ടും ഭയമില്ലായിരുന്നു. ഇരുവരും തമ്മില്‍ അത്രയേറെ അടുപ്പമാണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായിത്തീര്‍ന്നതും. സാദുല്ലാഹ് ഖാനോളം ചക്രവർത്തിക്ക് മറ്റാരുമായും അത്ര അടുപ്പമില്ല എന്നതിനാലും അങ്ങനെയുള്ള ഒരാള്‍ ഇടക്കിടെ എന്റെ പേരു നിർദേശിക്കുന്നതിനാലും അദ്ദേഹത്തെ ഒഴിവാക്കുന്നതാണ് നല്ലതെന്നു കരുതിയ ദാരാ ഷികോഹ് വളരെ തന്ത്രപൂർവം അദ്ദേഹത്തിന് വിഷം നൽകി. ഇവ്വിധം വിഷം നല്‍കുന്നതില്‍ കേമനാണ് ദാരാ ഷികോഹ്. എന്തുകൊണ്ടെന്നാല്‍ വൈദ്യന്‍മാര്‍ക്ക് അതു കണ്ടുപിടിക്കാൻ കഴിയില്ല. കഠിനമായ വയറുവേദനയുണ്ടാകും. ആള്‍ സ്വര്‍ഗം പൂകും. പിൽക്കാലത്ത് ഇതെല്ലാം ചക്രവർത്തിക്ക് ദാരായുടെ മീതെ ഭയവും അവിശ്വാസവുമുണ്ടാകാനുള്ള കാരണമായി ഭവിച്ചിരിക്കാം. ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ സുഹൃത്തിനെത്തന്നെ കൊല്ലാന്‍ തുനിഞ്ഞവന്‍ തന്നെയും കൊല്ലുകയില്ല എന്നെങ്ങനെ വിശ്വസിക്കും?
ദാരായെ ഇഷ്ടപ്പെടാതിരിക്കാന്‍ എനിക്ക് ഇങ്ങനെ നിരവധി കാരണങ്ങളുണ്ട്. ശരി, ഞാൻ ചക്രവർത്തിയുടെ ദൈനംദിന കാര്യപരിപാടിയിലേക്ക് വരാം. ചക്രവർത്തിയുടെ പിന്നിൽ നിന്നുകൊണ്ട് രണ്ട് ഖോജകൾ വളരെ സാവധാനത്തിൽ ആലവട്ടങ്ങള്‍ വീശിക്കൊണ്ടിരിക്കും. പലരും കരുതുന്നതുപോലെ, രാജാക്കന്മാർക്ക് കാറ്റുകൊള്ളാനുള്ളതല്ല ആ ആലവട്ടങ്ങള്‍... വലിയ ചിറകുകളുമായി രാജാക്കന്മാരെ ശല്യപ്പെടുത്തുന്ന ഈച്ചകളെ തുരത്താന്‍ വേണ്ടിയുള്ളതാണ് ഈ ഏര്‍പ്പാട്. രാജാവിന്റെ സിംഹാസനത്തിനു താഴെ അൽപം ദൂരത്തായി ഉമറാക്കളും7 സാമന്തന്‍മാരും വിദേശ രാജ്യങ്ങളില്‍നിന്നുള്ള ദൂതന്മാരും കണ്ണുകള്‍ താഴ്ത്തി കൈകള്‍ കെട്ടിക്കൊണ്ട് നിൽക്കും. പിന്നെയും കുറച്ചകലെയായി മൻസബ്ദാർ8മാരും മറ്റു കീഴ്നില ഉമറാക്കളും അതേ ശൈലിയില്‍ നിൽക്കുന്നുണ്ടായിരിക്കും.
അവർക്കു ശേഷം എല്ലാത്തരം മനുഷ്യരും –പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ചക്രവർത്തിയെ കാണാനും അപേക്ഷകൾ സമർപ്പിക്കാനും കാത്തിരിക്കും. ചക്രവർത്തി എല്ലാവരുടെയും പരാതികൾ കേൾക്കുകയും ഉടനടി നടപടിയെടുക്കുകയും ചെയ്യും. ഇത് ഉച്ചവരെ നീളും. രണ്ടു മണിക്ക് വീണ്ടും നിസ്കാരം.
പിന്നീട് ചക്രവർത്തി ആസാദ് ബുർജിലേക്ക് വരും. അവിടെ മന്ത്രിമാരുമായും പ്രധാനമന്ത്രിയുമായും കൂടിയാലോചന. അതുകഴിഞ്ഞ് നാലു മണിക്ക് പിന്നെയും ദിവാനെ ആം. വീണ്ടും കുറച്ചുനേരം രാജ്യകാര്യങ്ങൾ. തുടർന്ന് സംഗീത കച്ചേരികൾ, നൃത്തം, വിവിധ യാത്രക്കാരിൽനിന്ന് അവരുടെ അനുഭവങ്ങളെക്കുറിച്ച് കേട്ടറിയല്‍ തുടങ്ങിയവ. പിന്നെ മഗ് രിബ് നിസ്കാരം. അതിനുശേഷം അദ്ദേഹം തന്റെ സ്വകാര്യയിടത്തേക്ക് പോകും. പിന്നെ പാതിരാത്രി വരെ വായിച്ചുകൊണ്ടിരിക്കും. അദ്ദേഹം ഉറങ്ങാൻ പോകുമ്പോൾ, പള്ളിമിനാരങ്ങളിൽനിന്ന് ഫജ്ർ നമസ്കാരത്തിനുള്ള ബാങ്കുവിളി കേൾക്കും...ഇങ്ങനെ മുഗൾ ചരിത്രത്തിൽ ഓരോന്നിനും തെളിവുകളുണ്ട്. എന്നിട്ടും എനിക്കെതിരെ എത്രയെത്ര അപവാദങ്ങള്‍...
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
(തുടരും)
1. അഖ്ലാഖ് –നൈതികത; അദബ് –പെരുമാറ്റം
2. റൂഹ് –ആത്മാവ്
3. സഫാഹ –വിഡ്ഢിത്തം
4. സാഹിബ് കിരാന –ഷാജഹൻ ചക്രവർത്തി
5. ജറോക്ക –മുകപ്പ്
6. മുസമ്മന്‍ ബുര്‍ജ് –ദിവാൻ-ഇ-ഖാസിനോട് ചേർന്ന് കിടക്കുന്ന അഷ്ടഭുജാകൃതിയിലുള്ള ഗോപുരം.
7. ഉമറാക്കള്‍ –ഉമറാക്കള്‍ മുഗൾ സാമ്രാജ്യത്തിന്റെ തൂണുകളാണെന്നാണ് ബെര്‍നിയെ എഴുതുന്നത്. പ്രഭുക്കന്മാർ എന്നർഥം.
8. മന്‍സബ്ദാര്‍ –ഒരു സൈന്യവ്യൂഹത്തിന്റെയോ അല്ലെങ്കിലൊരു പ്രദേശത്തിന്റെയോ അധിപന്‍. അവരുടെ പക്കലുള്ള കുതിരകളുടെ എണ്ണത്തിനനുസരിച്ചാണ് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്. ഇത് പ്രതിമാസം 100 രൂപ മുതൽ 60,000 രൂപ വരെയായിരിക്കും.