Begin typing your search above and press return to search.

ഞാൻ ഔറംഗസേബ്

ഞാൻ ഔറംഗസേബ്
cancel

തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം ശഹെൻശാഹ്... അൽപസമയം മുമ്പ് താങ്കൾ ഖോജയെന്ന് പരാമർശിച്ചിരുന്നു. ഇക്കാലത്ത് ഭിന്നലിംഗക്കാര്‍ എന്നു വിളിക്കുന്ന വിഭാഗമല്ലേ അവര്‍? അതെ, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! താങ്കള്‍ ഷാഹുൽ ഹമീദ് ഖാദർ വലി ഗഞ്ചസവായ് ബാദുഷ നായകത്തിന്റെ പുണ്യസ്ഥലത്ത് ജനിച്ചുവളര്‍ന്ന വ്യക്തിയാണെന്നതിനാല്‍ താങ്കള്‍ക്കതറിയാമെന്ന് കരുതുന്നു. സത്യമാണ് ഹുസൂർ. എന്നാല്‍, ഞങ്ങളുടെ നാട്ടിൽ ഭിന്നലിംഗക്കാരെ കോസ എന്നാണ് പറയുന്നത്. താങ്കള്‍ ഖോജ എന്നു പറഞ്ഞതിനാലാണ് അൽപം ആശയക്കുഴപ്പത്തിലായത്.ആലോചിച്ചു നോക്കിയാൽ താങ്കള്‍ക്കും ഈ അടിമ1ക്കും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ടെന്നു തോന്നുന്നു....

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം ശഹെൻശാഹ്... അൽപസമയം മുമ്പ് താങ്കൾ ഖോജയെന്ന് പരാമർശിച്ചിരുന്നു. ഇക്കാലത്ത് ഭിന്നലിംഗക്കാര്‍ എന്നു വിളിക്കുന്ന വിഭാഗമല്ലേ അവര്‍? അതെ, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! താങ്കള്‍ ഷാഹുൽ ഹമീദ് ഖാദർ വലി ഗഞ്ചസവായ് ബാദുഷ നായകത്തിന്റെ പുണ്യസ്ഥലത്ത് ജനിച്ചുവളര്‍ന്ന വ്യക്തിയാണെന്നതിനാല്‍ താങ്കള്‍ക്കതറിയാമെന്ന് കരുതുന്നു. സത്യമാണ് ഹുസൂർ. എന്നാല്‍, ഞങ്ങളുടെ നാട്ടിൽ ഭിന്നലിംഗക്കാരെ കോസ എന്നാണ് പറയുന്നത്. താങ്കള്‍ ഖോജ എന്നു പറഞ്ഞതിനാലാണ് അൽപം ആശയക്കുഴപ്പത്തിലായത്.

ആലോചിച്ചു നോക്കിയാൽ താങ്കള്‍ക്കും ഈ അടിമ1ക്കും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ടെന്നു തോന്നുന്നു. പേർഷ്യയിലെ മഹാജ്ഞാനിയായ അബ്ദുൽ ഖാദിർ ജീലാനിയുടെ പതിമൂന്നാം തലമുറയിൽപ്പെട്ടയാളാണ് ഗഞ്ചസവായ് ബാദുഷ നായകം. പാഴ്​സി ഭാഷയില്‍ ഖ്വാജ എന്നാൽ ദൈവം എന്നാണർഥം. അതേപോലെ, ഭിന്നലിംഗക്കാരും ഖ്വാജയാണ്. അതിനെത്തന്നെയാണ് സംസാരഭാഷയിൽ ഖോജ എന്നുപറയുന്നത്. മുഴുവനോടെ പറഞ്ഞാല്‍ ഖോജാസരാ. അതിരിക്കട്ടെ, ഞാൻ പറയാൻവന്നത് പറഞ്ഞുതീര്‍ക്കാം. മനുഷ്യര്‍ നന്ദികെട്ടവരാണെന്ന് എനിക്ക് നന്നായി അറിയാവുന്നതിനാൽ എന്റെ സമാധി വളരെ ലളിതമായി, ഒരു മേൽക്കൂരപോലുമില്ലാതെ പണിയാനാണ് ഞാൻ നിർദേശിച്ചിരുന്നത്. ഒരിക്കലും നിങ്ങളെന്റെ പേര് പറയരുത്. നിങ്ങളൊരിക്കലും എന്റെ പേര് ഓർമയില്‍ സൂക്ഷിക്കരുത്. ഞാൻ ജീവിച്ചിരുന്നുവെന്ന കാര്യം നിങ്ങൾ മറന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അതാണ് നല്ലത്. ഇതിനെയൊക്കെ മറികടന്ന് ദില്ലിയിൽ എന്റെ പേരിലൊരു പാതയുണ്ടായിരുന്നു. അതു മാറ്റി ഇപ്പോഴത്തെ സർക്കാർ എ.പി.ജെ. അബ്ദുൽ കലാം എന്നു നാമകരണംചെയ്തു. ഇപ്പോഴത്തെ സർക്കാർ എന്നു പറയുമ്പോള്‍ അന്നത്തെ രാഷ്ട്രീയക്കാരൊന്നും ഇവരെക്കാൾ ഭേദമായിരുന്നെന്നല്ല ഉദ്ദേശിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ എന്റെ മേൽ മതത്തിന്റെ നിറം ചാർത്തുന്ന ജോലിക്ക് തുടക്കമിട്ടതുതന്നെ നിങ്ങളുടെ ജവഹർലാൽ നെഹ്‌റുവാണ്. ഘടികാരത്തെ പിന്നിലേക്ക് തിരിക്കാൻ ശ്രമിച്ചത്രെ; അതിനെ തച്ചുടയ്ക്കുകയും ചെയ്തത്രെ. യാ അല്ലാഹ്!

നോക്കൂ, ഔറംഗസേബ് റോഡിനെ അബ്ദുൽ കലാം റോഡ് എന്നു മാറ്റിയിരിക്കുന്നു. പേരു മാറ്റിയവർ എത്ര നല്ലയാളുകള്‍!  മതവിദ്വേഷം തീരെ ഇല്ലാത്തവരത്രെ. ഹും? ഇതിനേക്കാൾ പരിഹാസ്യമായ മറ്റെന്തെങ്കിലുമുണ്ടാകുമോ? ഒരു ഹിന്ദുവിന്റെ പേരിലേക്ക് മാറ്റിയാല്‍ മുസ്‍ലിംകൾക്കിടയില്‍ ചീത്തപ്പേരുണ്ടാകും. അതിനാല്‍ അവർ ഔറംഗസേബെന്ന വില്ലന്റെ പേര് മായ്ച്ചുകളഞ്ഞ് അബ്ദുൽ കലാമെന്ന ഹീറോയുടെ പേരിട്ടു.

ആരാണ് ഈ അബ്ദുൽ കലാം? തന്റെ മതപരമായ സ്വത്വമഴിച്ചുവെച്ച് ഹിന്ദുവിനെപ്പോലെ ജീവിച്ചയാള്‍. അല്ലായിരുന്നുവെങ്കിൽ, അദ്ദേഹം മരിച്ചപ്പോള്‍ ഹിന്ദുസ്ഥാനിലുടനീളം തെരുവുകള്‍ തോറും ഓട്ടോ ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും അദ്ദേഹത്തിന്റെ ഫോട്ടോ സ്ഥാപിക്കുകയും അതില്‍ മാല ചാർത്തി അഗര്‍ബത്തികള്‍ കത്തിക്കുകയും ചെയ്യുമായിരുന്നോ? എന്തിന്, തന്റെ ഇഷ്ടഭക്ഷണം ബീഫ് ബിരിയാണിയാണെന്ന് – വേണ്ട, അത്ര ദൂരം പോകേണ്ട, കുറഞ്ഞപക്ഷം മട്ടൺ ബിരിയാണിയെന്ന് പറഞ്ഞിരുന്നെങ്കിലോ? ഇത്ര ആദരവും ആരവവുമെല്ലാം ഉണ്ടാകുമായിരുന്നോ? അദ്ദേഹം എങ്ങനെ പറയും? പൂര്‍ണ സസ്യാഹാരിയായി മാറിയ ആളല്ലേ അദ്ദേഹം? വെറും സസ്യഭുക്കോ, അല്ല, നോ ഒണിയന്‍ നോ ഗാര്‍ലിക്! അല്ല വീഗനോ? എന്താണിത് എന്റെ പ്രിയപ്പെട്ട ഖാത്തിബ് അവര്‍കളെ, ആടു മാടുകളുടെ പാല്‍പോലും കഴിക്കില്ല എന്നൊരു വിഭാഗം പൊട്ടിപ്പുറപ്പെടുകയും ഇപ്പോഴത് പാശ്ചാത്യ രാജ്യങ്ങളില്‍ പ്രചാരത്തിലാവുകയും ചെയ്തിട്ടുണ്ടത്രെ? എങ്ങോട്ടാണ് ഈ ലോകത്തിന്റെ പോക്ക്? താങ്കളുടെ മതം പറയുന്നതുപോലെ കലികാലം നിറവേറിക്കഴിഞ്ഞോ?

തടസ്സപ്പെടുത്തുന്നതിൽ ക്ഷമിക്കണം ആലംഗീര്‍ അവര്‍കളെ, സസ്യാഹാരികളെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങൾ മാത്രം ഈ നോവലിൽനിന്ന് നീക്കംചെയ്യാൻ അനുവദിക്കണം. എന്തുകൊണ്ടെന്നാല്‍, എന്റെ വായനക്കാരില്‍ ചിലര്‍ വീഗനാണ്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടായേക്കാം. വെറുതെ വഴക്കും വക്കാണവും എന്തിനാണെന്നാണ് ഞാനാലോചിക്കുന്നത്.

ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ബാബര്‍നാമയില്‍ താങ്കള്‍ വായിച്ചിട്ടില്ലേ? ഹിന്ദുസ്ഥാനികളെക്കുറിച്ച് പറയുമ്പോള്‍ ഗീത്തി സിത്താനി ഫിർദൗസെ മക്കാനി ബാബർ ബാദുഷ ഗാസി അവര്‍ക്ക് മര്യാദയെന്തെന്നുപോലും അറിയില്ലെന്നാണ് സൂചിപ്പിക്കുന്നത്. ശരിയല്ലേ? അത് പൂര്‍ണമായും സത്യമാണ്. ഈ നൂറ്റാണ്ടിലും താങ്കള്‍ ഹിന്ദുസ്ഥാനികളെ അറബികളുമായി താരതമ്യം ചെയ്തു നോക്കിയാല്‍ ഹിന്ദുസ്ഥാനികൾ എത്രമാത്രം നിര്‍മര്യാദയോടെയാണ് പെരുമാറുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലാകും. സംസാരത്തിലോ ഭാഷയിലോ ഇവിടെ ബഹുമാനംതന്നെ കാണില്ല. കോയമ്പത്തൂരുകാര്‍ ചെന്നൈയിലേക്ക് വന്നാല്‍ അവര്‍ക്കേതോ പ്രാകൃതന്മാരുടെ രാജ്യത്തേക്ക് വന്ന തോന്നലുണ്ടാകുമെന്ന് താങ്കൾതന്നെ എഴുതിയിട്ടുണ്ടല്ലോ. ചെന്നൈയിൽ ആരായാലും തുടക്കത്തില്‍തന്നെ ‘വാ, പോ’ എന്ന് ഏകവചനത്തിലായിരിക്കും തുടങ്ങുക. അല്ലേ? എല്ലാ ഹിന്ദുസ്ഥാനികളും അതേപോലെയാണെന്നാണ് പേർഷ്യക്കാർ കരുതുന്നത്. മസ്‌കറ്റ് എയർപോർട്ടിൽ വെച്ച് ഒരു പെണ്‍കുട്ടി താങ്കളെ ബാബ എന്ന് വിളിച്ചതായി താങ്കളുടെ ഒരു യാത്രാവിവരണത്തില്‍ താങ്കളെഴുതിയിട്ടുണ്ട്. ബാബ എന്നാൽ പിതാവ്. ഈ രീതിയിലുള്ള ബഹുമാനമൊന്നും ഹിന്ദുസ്ഥാനിൽ താങ്കള്‍ക്ക് കാണാന്‍ സാധിക്കില്ല. അമേരിക്കയാണെങ്കില്‍ പറയാനില്ല. മര്യാദയെന്നാല്‍ തോലയ്ക്ക് എന്തുവിലയെന്നാണ് അവർ ചോദിക്കുക. ആ നാടിനെക്കുറിച്ച് നമുക്ക് സംസാരിക്കുകയേ വേണ്ട. അടിസ്ഥാനപരമായി ആംഗലേയ ഭാഷയില്‍ തന്നെ ഒരു മര്യാദയില്ല എന്നതാണ് ഇതിനുള്ള കാരണം. മുതിര്‍ന്നവരാകട്ടെ ചെറിയവരാകട്ടെ, എല്ലാവര്‍ക്കും you ആണ്... എന്നാൽ സ്പാനിഷ് അത്ര മോശമല്ല. നീ, നിങ്ങള്‍ എന്നു തരംതിരിക്കുന്നുണ്ട്. ഈ അടിമയെ സംബന്ധിച്ചിടത്തോളം, ‘നിങ്ങൾ’ എന്ന് പറയുന്നതുപോലും അനാദരവ് പ്രകടിപ്പിക്കുന്നതായാണ് ഞാൻ കണക്കാക്കുക. ‘താങ്കള്‍’ എന്നതാണ് മര്യാദ.

അതുമായി ബന്ധപ്പെട്ട് എനിക്കുമൊരു കാര്യം പറയാനുണ്ട് ശഹെൻശാഹ്. ഞങ്ങളുടെ ജില്ലയിൽ മുതിർന്നവരോടു ബഹുമാനസൂചകമായി സംസാരിക്കുന്ന വാക്യങ്ങള്‍ ഉപയോഗിക്കുന്നതു തന്നെ അപമര്യാദയാണെന്നാണ് പറയുന്നത്. ‘അകത്തേക്ക് വരൂ ഇരിക്കൂ’ എന്നതുപോലും ഏകദേശം ‘വാ, ഇരി’ എന്ന അർഥത്തിലാണ് അവര്‍ കൈക്കൊള്ളുക. ‘അകത്തേക്ക് വന്നാലും ഇരുന്നാലും’ എന്ന രീതിയിലാണ് പറയേണ്ടത്.

കാരണമെന്താണെന്നറിയാമോ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, നാഗൂരിലാണ് താങ്കള്‍ വളര്‍ന്നത്. ആ നാട്ടില്‍ അറബിമണം വീശുന്നുണ്ട്. എങ്ങനെയുണ്ട്?  

അതു ചോദിച്ച് ഔറംഗസേബ് മന്ദഹാസം പൊഴിച്ചു.

അതെല്ലാം ശരിയാണ് ശഹെൻശാഹ്. എന്നാൽ താങ്കളുടെ മുഗൾ സംസ്കാരത്തിൽ സംസാരത്തിലും പെരുമാറ്റത്തിലും അമിതമായ ബഹുമാനം നൽകിട്ട് പിതാവായാലും മകനായാലും അവരുടെ തല കൊയ്യുന്നുണ്ടല്ലോ, അതിനെ ഏതു കണക്കില്‍ പെടുത്തണം? മുഗളന്മാരുടെ ഈ ശീലത്തെക്കുറിച്ച് ചിലർ പരിഹാസത്തോടെ എഴുതിയിട്ടുണ്ടെന്ന കാര്യം താങ്കൾക്ക് അറിഞ്ഞുകാണുമോ എന്നറിയില്ല. ‘‘ജീവിച്ചിരിക്കെ ബന്ധുക്കളുടെ തല വെട്ടുന്ന മുഗളന്മാർ, അവരുടെ മരണശേഷം ലോകത്തെ വിസ്മയിപ്പിക്കുന്ന ശവകുടീരങ്ങൾ നിർമിക്കുന്നു’’ എന്നു ഞാന്‍ വായിച്ചിട്ടുണ്ട്.

(അദ്ദേഹം കുടുകുടാ ചിരിക്കുന്നു) ശരിയാണ് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, താങ്കള്‍ വായിച്ച ആ പരിഹാസം ഞങ്ങളുടെ കാലത്ത് പല ഫിരങ്കികള്‍തന്നെ പറഞ്ഞ് ഞാനും കേട്ടിട്ടുണ്ട്. എന്റെ കഥയുടെ ഗതിക്കനുസരിച്ച് ഈ പ്രശ്നം നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. ഞാനിപ്പോള്‍ നേരത്തേ പറയാന്‍ വന്ന കാര്യം പറഞ്ഞ് അവസാനിപ്പിക്കട്ടെ. എന്റെ കാലത്ത് ഞാനായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. അറിയാവുന്ന കാര്യം. അതുപോലെ, അശോകനുശേഷം അത്രയും വലിയ ഭൂപ്രദേശം ഭരിച്ച ചക്രവർത്തിയും ഞാനാണ്. അതും അറിയാവുന്ന കാര്യം. എല്ലാം ചരിത്രം. എന്നാൽ എന്റെ പക്കല്‍ കുന്നുകൂടിയ സമ്പത്ത് ഞാൻ അനുഭവിച്ചുവോ? നിങ്ങളുടെ ഗാന്ധി പറഞ്ഞതുപോലെ, ആ സമ്പത്ത് മുഴുവൻ പ്രജകൾക്ക് വീതിച്ചു നൽകിയ ധർമിഷ്ഠനായല്ലേ ഞാൻ ജീവിച്ചത്? ഈ അടിമ മരിക്കുമ്പോൾ ഇവന്റെയടുക്കല്‍ ഉണ്ടായിരുന്ന പണം എത്രയായിരുന്നെന്നറിയാമോ? വെറും മുന്നൂറു രൂപ. സത്യമാണ്. ഖജനാവിലെ പണത്തിന്റെ ഭൂരിഭാഗവും യുദ്ധങ്ങൾക്കുവേണ്ടി ചെലവായി. ആജീവനാന്തം തൊപ്പി തുന്നിയും ഖുര്‍ആന്‍ എഴുതി വിറ്റും കിട്ടുന്ന പണത്താൽ ജീവിച്ചവനാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ വില്ലന്‍. തന്റെ മതപരമായ സ്വത്വം മാറ്റി ജീവിച്ച അബ്ദുൽ കലാം ഹീറോ! എന്തു വിചിത്രമാണിത്!

എന്റെ കാലത്ത് ഈ ഭൂയിലെത്തന്നെ ഏറ്റവും വലിയ ധനികനായിരുന്ന ഞാന്‍, ഒരു ഫക്കീറിന്റെ കല്ലറപോലെ മേൽക്കൂരയില്ലാത്ത തറമാത്രം മതിയെന്നാണ് പറഞ്ഞത്. ജഹാൻബാനി ജന്നത്ത് ആഷ്യാനിയുടെ ശവകുടീരവും ചക്രവർത്തി സാഹിബ് കിരാനയുടെ ശവകുടീരവും ദില്ലിയിലും ആഗ്രയിലും ലോകാത്ഭുതങ്ങളായി നിലകൊള്ളുന്നു. ഒരു മനുഷ്യന്‍ ആഡംബരവും പകിട്ടും വമ്പുപറച്ചിലും വേണ്ടെന്നുവെച്ചാൽ സമൂഹം അക്കാരണത്താൽ അവനെ പൊക്കി ചവറ്റുകൊട്ടയിലിടാമോ? സാഹിബ് കിരാനയേക്കാൾ വലുതും ഗംഭീരവുമായ ഒരു മാർബിൾ ശവകുടീരം എനിക്കുവേണ്ടി സ്വയം നിർമിക്കാന്‍ പറ്റുമായിരുന്നില്ലേ? എന്റെ കാലത്തെ ആദരണീയരായ ഖാത്തിബുമാരോട് എന്നെക്കുറിച്ച് വാനോളം പുകഴ്ത്തി എഴുതാനായി പറയാന്‍ സാധിക്കുമായിരുന്നില്ലേ? ഔറംഗസേബ് ആലംഗീര്‍ ക്ഷേത്രങ്ങൾ നിർമിച്ചു. നിർമിക്കുക മാത്രമല്ല, അവയുടെ പരിപാലനത്തിനായി സഹായധനം നൽകു​കയും ചെയ്തു അദ്ദേഹം. ഇങ്ങനെ എഴുതിവെക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ ഇപ്പോൾ, നിങ്ങളുടെ കുട്ടികള്‍ അതുതന്നെ ഉരുവിട്ടുകൊണ്ടിരിക്കുമായിരുന്നു. ശരിയല്ലേ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ദില്ലിയില്‍ മാത്രമല്ല, ഹിന്ദുസ്ഥാനിലെമ്പാടുമുള്ള നിരത്തുകള്‍ക്ക് ഈ എളിയവന്റെ പേരിടുമായിരുന്നു, അല്ലേ?

 

കാശിയിൽ ഹിന്ദുക്കളുടെ ചില പ്രധാന ക്ഷേത്രങ്ങൾ തകർത്തുവെന്നത് ശരിയാണ്. എന്നാൽ, നടന്നത് യുദ്ധമായിരുന്നു. Everything is fair in love and war എന്നു പറയുന്നുണ്ടല്ലോ? യുദ്ധത്തില്‍ ജയിച്ചവർ പരാജയപ്പെട്ടവരുടെ വാസസ്ഥലങ്ങളും ആരാധനാലയങ്ങളും തകര്‍ക്കുന്നതും നശിപ്പിക്കുന്നതും അക്കാലത്തെ സമ്പ്രദായമായിരുന്നു. അതില്‍നിന്ന് ഞാൻ മാത്രമെങ്ങനെ രക്ഷപ്പെടും? ഞാൻ തകര്‍ത്തു നശിപ്പിച്ചത് അമ്പതു ക്ഷേത്രങ്ങളെന്നു കരുതുക. എന്നാല്‍, പണിതത് അയ്യായിരം ക്ഷേത്രങ്ങൾ. അതും എങ്ങനെ? ഇപ്പോഴത്തെ നിങ്ങളുടെ സിനിമാ നടന്മാരും ആത്മീയവാദികളും പരസ്യത്തിനുവേണ്ടി ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച് അവയെ പരിപാലിക്കാതെ വിട്ടുപോകുന്നില്ലേ. ഞാന്‍ അങ്ങനെയാണോ ക്ഷേത്രങ്ങള്‍ പണിതത്? നിര്‍മിക്കുകയും അവ ഉള്ളയിടത്തോളം കാലം പരിപാലിക്കാനുള്ള ഭൂമി എഴുതിവെക്കുകയും ചെയ്തില്ലേ? ഇക്കാര്യം ലോകത്തോട് ആരു പറയും?

മനുഷ്യർക്ക് പ്രശംസിക്കാന്‍ ഒരു ബിംബമാണ് ആവശ്യം. നിന്ദിക്കാന്‍ മറ്റൊരു ബിംബം. പ്രശംസിക്കാനുള്ള ബിംബം കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. നിന്ദിക്കാനുള്ള ബിംബം മനുഷ്യമനസ്സിലെ ഓര്‍മയുടെ അടരുകളില്‍ സ്ഥിരമായി നിലനിന്ന് കുന്നുകൂടും. ശരാശരി മനുഷ്യരുടെ ചാലകശക്തിയായി നിലകൊള്ളുന്നത് ഇവ രണ്ടുമാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണമുണ്ടോ ഇല്ലയോ, ഇവര്‍ക്ക് ആരെയെങ്കിലും  വെറുത്തുകൊണ്ടേയിരിക്കണം. വെറുപ്പാണ് ഇവരുടെ ക്രിയാശക്തി. വെറുപ്പാണ് ഇവരെ പ്രചോദിപ്പിക്കുന്നതിന്റെ അടിസ്ഥാനം. വെറുപ്പാണ് ഇവരുടെ പ്രാണവായു. ആ വെറുപ്പിന് ഞാൻ ഇരയായിക്കൊണ്ടിരിക്കുന്നു.

* * *

1.ഈ സംഭാഷണത്തിലുടനീളം ഔറംഗസേബ് തന്നെപ്പറ്റി പറയുമ്പോള്‍ ‘ഞാൻ’ എന്ന് പരാമർശിക്കുന്നില്ല. ഈ അടിമയെന്നോ, ഈ പുഴുവെന്നോ ഈ പാപിയെന്നോ ഈ നികൃഷ്ട ജീവിയെന്നോ ആണ് അദ്ദേഹം സ്വന്തത്തെ പരാമർശിക്കുന്നത്. എന്നാലും അങ്ങനെത്തന്നെ പരാമർശിക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാൽ എഴുത്താളന്‍ ഇടക്കിടെ ‘ഞാൻ’ എന്ന് ചേര്‍ത്തു. അതിനാല്‍തന്നെ ഔറംഗസേബിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ഈ നോവലിന്റെ തലക്കെട്ടുപോലും അംഗീകരിക്കില്ലായെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ശൈലിയിൽ, ‘ഈ അടിമയുടെ പേര് ഔറംഗസേബ്’ എന്ന തലക്കെട്ട് നല്കിയാല്‍ നന്നാവില്ല എന്നതിനാല്‍ അൽപം സ്വാതന്ത്ര്യമെടുത്ത് ‘ഞാൻ ഔറംഗസേബ്’ എന്നാണ് ഈ നോവലിന് പേരിട്ടത്.

അധ്യായം 5

 മനുഷ്യരാശിയെ ജീവിപ്പിക്കുന്നതു തന്നെ ഈ വെറുപ്പാണെന്നാണ് എനിക്ക് തോന്നുന്നത്.

ഭൂമിയെ വാസസ്ഥലമാക്കിയവനും ഉപരിലോകത്തെ നിർമിതിയാക്കിയവനും ആകാശത്തുനിന്ന് വെള്ളമിറക്കിത്തന്നവനും അതു മുഖേന നിങ്ങള്‍ക്ക് വിഭവങ്ങളായി കായ്കനികള്‍ ഉണ്ടാക്കിത്തന്ന1 സ്രഷ്ടാവിനെ മറന്നു ജീവിക്കാമോ? താങ്കള്‍ക്ക് സ്വാലിഹ് നബിയുടെ കഥയറിയാമോ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ?

അറിയില്ല ഹുസൂര്‍...

സ്വാലിഹ് നബിയുടെ ജീവിതകാലത്ത് നടന്നയൊരു സംഭവം മനുഷ്യമനസ്സിൽ വിദ്വേഷത്തിന്റെ നിഴൽ പതിഞ്ഞിരിക്കുന്നത് എങ്ങനെയാണെന്നതിനുള്ള മകുടോദാഹരണമാണ്. സൗദി അറേബ്യയിലേക്ക് ചെന്നാല്‍ താങ്കള്‍ക്കിപ്പോഴും ഈ ഹീനന്‍ പരാമര്‍ശിക്കുന്ന സ്ഥലം കാണാന്‍ സാധിക്കും. അവിടെ രാത്രി താമസം അനുവദിക്കില്ല. മനുഷ്യകുലത്തിന്റെ വെറുപ്പ് മൊത്തത്തിൽ ശേഖരിക്കപ്പെട്ട സ്ഥലമാണത്. ആ വിദ്വേഷത്തിന്റെ ഫലമായി ലഭിച്ച ദൈവശാപം അവിടെ എക്കാലവും നിലനിൽക്കുന്നത് താങ്കള്‍ക്ക് കാണാന്‍ സാധിക്കും. രണ്ടായിരത്തിയഞ്ഞൂറു വർഷങ്ങൾക്കു മുമ്പ് മദീനയിൽനിന്ന് ഇരുനൂറ്റിയമ്പത് മൈൽ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഹിജ്ർ എന്ന പ്രദേശത്ത് ഥമൂദ് എന്ന ഗോത്രം വസിച്ചുവന്നിരുന്നു. പഴയ അറബി ഭാഷ സംസാരിച്ചിരുന്ന ഈയാളുകള്‍ മല തുരന്ന് വീടുകൾ നിർമിച്ചു. വെള്ളം പോലുമില്ലാത്ത പ്രദേശമായിരുന്നതിനാൽ തങ്ങളുടെ ആവശ്യത്തിനായി അവര്‍ കിണർ കുഴിച്ചു. ആരാധനക്കായി ഒരു ദേവാലയവുമുണ്ടായിരുന്നു. കാബൂക്ക് ബിന്‍ ഉബൈദ് എന്നായിരുന്നു ആ ദേവാലയത്തിലെ പുരോഹിതന്റെ പേര്. അൽ ഹിജ്ർ എന്ന പ്രദേശം അറേബ്യക്കും സിറിയക്കും ഇടയിലുള്ള വാണിജ്യ പാതയിലായിരുന്നതിനാൽ, ഈ ആളുകൾ സമ്പന്നരും തഖ്‌വ2 ഇല്ലാത്തവരും അഹങ്കാരികളുമായിരുന്നു.

കാബൂക്ക് പുരോഹിതനായി സ്ഥാനം വഹിച്ചിരുന്ന ദേവാലയത്തിൽ നിരവധി കല്‍വിഗ്രഹങ്ങളുണ്ടായിരുന്നു. കാലക്രമേണ അവയിൽ പലതും സ്വയം വീണുടയാന്‍ തുടങ്ങി. കാബൂക്ക് ശരിയല്ലാത്തവനായതിനാലാണ് വിഗ്രഹങ്ങൾ വീണുടയുന്നതെന്ന് ആളുകൾ രാജാവിനോട് പരാതിപ്പെട്ടപ്പോള്‍, രാജാവ് കാബൂക്കിനെ കൊല്ലാൻ ഉത്തരവിട്ടു. രാജാവിന്റെ ഭൃത്യന്മാർ കാബൂക്കിനെ പിടികൂടാൻ വന്നപ്പോൾ, ഉറങ്ങുകയായിരുന്ന കാബൂക്കിന് പെട്ടെന്ന് താനേതോ കാട്ടിലെ ഗുഹയില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്നതായ പ്രതീതിയുണ്ടായി. എഴുന്നേല്‍ക്കാമെന്ന് വിചാരിച്ചപ്പോള്‍ ഉറക്കം അയാളുടെ കണ്ണുകളെ അമർത്തിക്കളഞ്ഞു. മരണശിക്ഷ ഭയന്ന് കാബൂക്ക് എങ്ങോട്ടോ ഓടി ഒളിച്ചിരിക്കുകയാണെന്ന് നാട്ടില്‍ സംസാരമായി.

ഇങ്ങനെ നൂറുവർഷത്തോളം കാബൂക്ക് ഉറങ്ങി. കാബൂക്കിന്റെ ഭാര്യ ജഗൂമു ആ നൂറു വർഷക്കാലം ഭർത്താവിനെ കാണാതെ കരഞ്ഞുകൊണ്ടിരുന്നു. ഒരുദിവസം ജഗൂമുവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഒരു കാക്ക, കാബൂക്ക് ഉറങ്ങുന്ന ഗുഹയെപ്പറ്റി വിവരമറിയിച്ചു. കാക്ക പറഞ്ഞ വഴിയിലൂടെ ചെന്നപ്പോള്‍ കാബൂക്കിനെ കണ്ടതും ജഗൂമു ആഹ്ലാദവതിയായി. ഉറക്കത്തിൽനിന്നുണർന്ന കാബൂക്ക് ഭാര്യയെ കണ്ടപ്പോള്‍ കെട്ടിപ്പുണർന്നു. ശേഷം അയാളുടെ ജീവനറ്റു. തന്റെ വിധി ഇങ്ങനെയായിപ്പോയല്ലോ എന്നു പൊട്ടിക്കരഞ്ഞ ജഗൂമു, സ്വയമാശ്വസിക്കുകയും കാബൂക്കിനെ അവിടെത്തന്നെ അടക്കം ചെയ്തശേഷം തന്റെ നാട്ടിലേക്കു മടങ്ങുകയുംചെയ്തു. പത്തുമാസത്തിനുശേഷം ജഗൂമു ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ആ കുഞ്ഞാണ് നൂഹ് നബിയുടെ എട്ടാം തലമുറയില്‍ പിറന്ന സ്വാലിഹ് നബി. സ്വാലിഹ് നബിക്ക് നാൽപതു വയസ്സ് തികഞ്ഞപ്പോൾ അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചു.

ജനങ്ങൾക്കിടയില്‍ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കണമെന്ന ദൈവകൽപന ജിബ് രീലിലൂടെ നൽകപ്പെട്ടു. അതു ലഭിച്ചയുടനെ തന്നിലൂടെ വെളിവായ സന്ദേശം സ്വാലിഹ് നബി ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചു. അവര്‍ അദ്ദേഹത്തിന്റെ സംസാരത്തിൽ നീരസം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ മന്ത്രവാദിയെന്നും ഭ്രാന്തനെന്നും പഴിക്കുകയും ചെയ്തു. എങ്കിലും മനം തളരാതെ തനിക്ക് ലഭിച്ച സന്ദേശം സ്വാലിഹ് നബി ജനങ്ങൾക്കിടയിൽ പ്രബോധനം ചെയ്തുകൊണ്ടിരുന്നു. ചുരുക്കം ചിലർ മാത്രമാണ് സ്വാലിഹ് നബിയുടെ ഏകദൈവ വിശ്വാസം അംഗീകരിച്ചത്. ഇതിൽ മനംനൊന്ത സ്വാലിഹ് നബി ഒരു കാട്ടിൽ ചെന്ന് തപസ്സിരുന്നു. തപസ്സില്‍നിന്ന് ഉണര്‍ന്നപ്പോള്‍ നാൽപതു വർഷം കഴിഞ്ഞിരുന്നു. അദ്ദേഹം വീണ്ടും നാട്ടിൽ തിരിച്ചെത്തി. എന്നാൽ, നാട്ടുകാര്‍ ഇപ്പോഴും അദ്ദേഹത്തെ ഭ്രാന്തൻ എന്ന് വിളിച്ചു. കൂടാതെ, രാജാവിന്റെ ബന്ധുവായ ഖുസൈൽ ഇബ്നു ലുഖൈമു “നീ സ്വാലിഹ് അല്ല, കള്ളം പറയുകയാണ്” എന്നു പറഞ്ഞു. അതിനു മറുപടിയായി സ്വാലിഹ് നബി “നീ ഇന്നും നിന്റെ മാതാവും പിതാവും നാളെയും മരിക്കുന്നതായിരിക്കും.

ഏകദൈവ വിശ്വാസം സ്വീകരിച്ചാല്‍ നിങ്ങൾ സുരക്ഷിതരായിരിക്കും” എന്നു പറഞ്ഞു. അപ്പോഴും ഖുസൈൽ അഹങ്കാരത്തോടെ മുമ്പു പറഞ്ഞതു തന്നെ ആവർത്തിച്ചപ്പോള്‍ അവനെ മരണം പിടികൂടി. രാജാവും ബന്ധുക്കളും കരഞ്ഞു നിലവിളിക്കുമ്പോള്‍, “ഞാൻ ഇവനെ ജീവിപ്പിച്ചാൽ നിങ്ങൾ ഏകദൈവത്തില്‍ വിശ്വസിക്കുമോ?” സ്വാലിഹ് നബി ചോദിച്ചു. അവർ അതു സമ്മതിക്കുകയും ആ നിമിഷം തന്നെ ഖുസൈലിനെ സ്വാലിഹ് നബി ഉയിർത്തെഴുന്നേൽപിക്കുകയും ചെയ്തു. ആ അത്ഭുതം കാണിച്ച ശേഷവും ഥമൂദ് ഗോത്രക്കാര്‍ സ്വാലിഹ് നബിയെ മന്ത്രവാദിയെന്ന് അപവാദം പറഞ്ഞുനടന്നു. അപ്പോൾ രാജാവ് പറഞ്ഞു: “ഓ സ്വാലിഹ്, നീ പറയുന്നതുപോലെ യഥാർഥത്തിൽ നീ ദൈവത്തിന്റെ പ്രവാചകനാണെങ്കിൽ, ഇതാ, ഈ മല പിളർന്ന് അതിൽനിന്ന് കറുത്ത നെറ്റിയും വെളുത്ത ശരീരവും നീണ്ടു തൂങ്ങിക്കിടക്കുന്ന മുടിയും ഗര്‍ഭിണിയും മാസം തികഞ്ഞതുമായ ഒരു ഒട്ടകം പുറത്തുവരണം. ഒട്ടകക്കുഞ്ഞും അതിന്റെ അമ്മയെപ്പോലിരിക്കണം” എന്നു പറഞ്ഞു. രാജാവ് പറഞ്ഞതു കേട്ട് ഒരു നിമിഷം മനസ്സ് പതറിയ സ്വാലിഹ് നബിയോട്, “വിഷമിക്കേണ്ട, അവർ ചോദിക്കുന്ന അത്ഭുതവും ചെയ്തു കാണിക്കാം” എന്നു ഉടന്‍തന്നെ ദൈവികസന്ദേശം ലഭിച്ചു. അപ്പോള്‍തന്നെ സ്വാലിഹ് നബി രാജാവിനോട് പറഞ്ഞു:

“നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നടക്കും. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ ഏകദൈവ വിശ്വാസം സ്വീകരിക്കുമോ?”

“സ്വീകരിക്കും. എന്നാല്‍ ആ ഒട്ടകം പാല്‍ ചുരത്തണം. ആ പാലിന് വീഞ്ഞിന്റെയും തേനിന്റെയും മധുരമുണ്ടായിരിക്കണം.”

“തീർച്ചയായും നടക്കും. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ ഏകദൈവ വിശ്വാസം സ്വീകരിക്കുമോ?”

“സ്വീകരിക്കും. എന്നാൽ ആ പാൽ വേനൽക്കാലത്ത് തണുത്തതും ശൈത്യകാലത്ത് ചൂടുള്ളതുമായിരിക്കണം.”

“അത് അങ്ങനെത്തന്നെ നടക്കും, അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഏകദൈവ വിശ്വാസം സ്വീകരിക്കുമോ?”

അതോടെ നിര്‍ത്തിയില്ല ഥമൂദ് ഗോത്രക്കാരായ ജനങ്ങള്‍. അവർ പിന്നെയും പിന്നെയും പലവിധ നിബന്ധനകളും മുന്നോട്ടുവെച്ചു. ആ പാൽ കുടിച്ചാൽ രോഗികൾ സുഖം പ്രാപിക്കണം, ദാരിദ്ര്യത്തിൽ കഴിയുന്നവർ അത് കുടിച്ചാൽ സമ്പന്നരാകണം, തങ്ങളുടെ ആടുകളും ഒട്ടകങ്ങളും മേയുന്നിടത്ത് ആ ഒട്ടകം മേയാൻ പാടില്ല എന്നിങ്ങനെ ഒരുപാട് നിബന്ധനകൾ. എല്ലാം അംഗീകരിച്ചു. പകരം സ്വാലിഹ് നബി അവരുടെ മുന്നില്‍ രണ്ടേ രണ്ട് നിബന്ധനകൾ വെച്ചു. ആ ഒട്ടകത്തിന് നേരെ ആരും കല്ലെറിയരുത്. കിണറ്റിൽനിന്ന് ഒരു ദിവസം വെള്ളമെടുക്കാം. ദൈവത്തിന്റെ ഒട്ടകം അന്ന് വെള്ളം കുടിക്കില്ല. പിറ്റേ ദിവസം അതു വെള്ളം കുടിക്കുമ്പോൾ നിങ്ങള്‍ വെള്ളമെടുക്കരുത്.

ഇരുപക്ഷവും വ്യവസ്ഥകൾ അംഗീകരിച്ചു. അപ്പോൾ ആ മലയിൽനിന്ന് നൂറ്റിയിരുപതടി നീളവും നൂറടി വീതിയും അമ്പതടി ഉയരവുമുള്ള ഗർഭിണിയായ ഒരു ഒട്ടകം പുറത്തേക്കു വന്നു. പുറത്തു വന്ന നിമിഷം തന്നെ അതൊരു കുഞ്ഞിന് ജന്മം നൽകി. ഈ അത്ഭുതം കണ്ട ജനങ്ങള്‍ സ്വാലിഹ് നബിയുടെ ഏകദൈവ വിശ്വാസം സ്വീകരിക്കാൻ മുന്നോട്ടുവന്നു. എന്നാൽ, അതു സ്വീകരിച്ചാൽ തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്നു ഭയപ്പെട്ട ദേവാലയ പുരോഹിതര്‍, “ഇതും മന്ത്രവാദമാണ്. വെറും ചെപ്പടിവിദ്യ മാത്രം” എന്നു പറഞ്ഞ് ജനങ്ങളെ വീണ്ടും വഴിതിരിച്ചുവിട്ടു.

ഇനിയും അവരെ നേര്‍വഴിയിലേക്കു നയിക്കുക പ്രയാസമാണ് എന്നു തിരിച്ചറിഞ്ഞ സ്വാലിഹ് നബി, “എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക. ഇത്തവണ നിങ്ങൾ ദൈവത്തെയും ചതിച്ചു. എന്നാൽ ഈ ഒട്ടകം നന്നായിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്കും നല്ലതു ഭവിക്കും. അതിന് എന്തെങ്കിലും ദോഷം ചെയ്താൽ നിങ്ങൾ നശിച്ചുപോകും” എന്ന മുന്നറിയിപ്പു നൽകി.

എല്ലാം നന്നായി പോയിക്കൊണ്ടിരുന്നു. ഒട്ടകം എല്ലാ വീടിന്റെയും വാതിൽക്കൽ ചെന്നു നില്‍ക്കും. ആളുകൾ പാത്രങ്ങൾ കൊണ്ടുവന്ന് അകിടിന് താഴെ വെക്കുമ്പോൾ പാത്രങ്ങളിൽ പാൽ നിറയും. ജനങ്ങള്‍ക്ക് ആവശ്യത്തിലധികം പാലും തൈരും വെണ്ണയും നെയ്യും ഉല്‍പാദിപ്പിക്കുന്ന അവസ്ഥയുണ്ടായപ്പോള്‍ ഥമൂദ് ഗോത്രക്കാര്‍ അവ വിറ്റ് സമ്പന്നരായി.

ജീവിതം ഇങ്ങനെ നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കെ ആ നാട്ടിലെ ചില ഇടുങ്ങിയ മനസ്സുള്ളവര്‍ സ്വാലിഹിനോട് അസൂയപൂണ്ട് ഒട്ടകം വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന നേരത്ത് അതിനെ കൊന്നുകളഞ്ഞു. ഇതുകണ്ട് ഭയന്നരണ്ട ഒട്ടകക്കുഞ്ഞ് താനും അമ്മയും പുറപ്പെട്ടു വന്ന മലയുടെയുള്ളിലേക്ക് ചെന്നു മറഞ്ഞു. ഒട്ടകത്തെ കൊന്നവർ അതിനെ വെട്ടി മാംസമാക്കി അതു പാകം ചെയ്തു കഴിച്ചു. നാട്ടുകാരും അതില്‍നിന്ന് പങ്കുപറ്റി തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഭ്രാന്തുപിടിച്ച നായ്ക്കളെപ്പോലെ അവര്‍ ആ മാംസം ഭക്ഷിച്ചെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്. അല്ലാഹു അക്ബര്‍. വ്യാകുലനായ സ്വാലിഹ് നബി കണ്ണീര്‍ പൊഴിച്ചു. അദ്ദേഹം ജനങ്ങളോട് ചോദിച്ചു. “ഞങ്ങൾ കൊന്നിട്ടില്ല. കൊല ചെയ്യപ്പെട്ട ഒട്ടകത്തിന്റെ മാംസം മാത്രമാണ് ഞങ്ങൾ കൊണ്ടുപോയി പാകം ചെയ്തു കഴിച്ചത്”, അവര്‍ പറഞ്ഞു. അപ്പോൾ സ്വാലിഹ് നബി തനിക്ക് ലഭിച്ച ദൈവികസന്ദേശം ജനങ്ങളോടു മൊഴിഞ്ഞു. “ദൈവത്തെയാണ് നിങ്ങൾ യുദ്ധത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇനിയുള്ള മൂന്നു ദിവസത്തിനുള്ളിൽ നിങ്ങളെ നാശം പിടികൂടും. നാളെ –വ്യാഴാഴ്ച– നിങ്ങളുടെ മുഖങ്ങള്‍ മഞ്ഞനിറമായിത്തീരും. വെള്ളിയാഴ്ച ചുവപ്പായി മാറും. ശനിയാഴ്ച അത് കറുക്കും. ഞായറാഴ്ച നിങ്ങൾ നശിച്ചുപോകും.”

 

അപ്പോഴും അവര്‍ അതു കാര്യമാക്കിയില്ല. യാതൊന്നിനും നശിപ്പിക്കാൻ സാധിക്കാത്ത വിധം മലകള്‍ തുരന്ന് ജീവിക്കുകയാണ് തങ്ങളെന്ന അഹങ്കാരവും പേറിക്കൊണ്ടിരിക്കുകയായിരുന്നു അവർ. നാലാം ദിവസം പുലർച്ചെ ഘോര മുഴക്കത്താല്‍ ആ ഗോത്രം തന്നെ നിലംപരിശായി. ദൈവശാപത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശിലാനഗരത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും താങ്കൾക്ക് കാണാൻ കഴിയും, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! ഇതിനെക്കുറിച്ച് ഒന്നുമറിയാതെ ആ സ്ഥലമൊരു വിനോദസഞ്ചാര കേന്ദ്രമെന്നു വിചാരിച്ച് ചിത്രമെടുത്ത് ആസ്വദിക്കുന്ന വിഡ്ഢികളുടെ കൂട്ടത്തെ എന്താണു വിളിക്കേണ്ടത്? തള്ളുവണ്ടികളില്‍ ഏതേതോ വസ്തുക്കള്‍ വില്‍പനയ്ക്കും വെച്ചിട്ടുണ്ട്! എന്നെ വല്ലാതെ സ്വാധീനിച്ച ഒന്നാണ് കുട്ടിക്കാലത്ത് ഞാന്‍ കേട്ട ഈ കഥ. തഖ്‌വ ഇല്ലാത്ത കാരണം മനുഷ്യര്‍ ഈ നിലയിലേക്ക് തരംതാഴുമോ? അല്ലെങ്കില്‍ തഖ്‌വ ഉള്ള ആളുകള്‍ക്കിടയിലും ഇത്തരം വിഭാഗക്കാരുണ്ടാകുമോ? ഉണ്ടാകുമെന്നാണ് തോന്നുന്നത്… എന്റെ ജീവിതകാലം മുഴുവൻ ഏറ്റവും ഉയർന്ന ഈമാനോടും3 തഖ്‌വയോടുംകൂടിയാണ് ഞാൻ ജീവിച്ചത്. എന്നാലും എന്റെ ജീവിതത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ, എന്റെ മുഴുവന്‍ ജീവിതവും പാഴെന്നും പാപങ്ങൾ മാത്രം നിറഞ്ഞതുമാണെന്നുമല്ലേ എനിക്കു തോന്നിയത്? ജനിച്ചതു മുതലുള്ള പതിനാറു വർഷം ഒഴിവാക്കിയാലും, ബാക്കിയുള്ള കാലമത്രയും കൊടുംപാപങ്ങളല്ലേ ഞാൻ ചെയ്തുകൂട്ടിയത്? ഓർത്തോര്‍ത്തു ഞാൻ കരയുകയും വിലപിക്കുകയുംചെയ്തു. എന്റെ ഭൂതകാലം മുഴുവൻ ഒരു തുമ്പുമില്ലാതെ നശിപ്പിക്കാന്‍ കഴിയുമോ? എന്റെ ജീവിതം എനിക്ക് വീണ്ടും ജീവിക്കാൻ കഴിയുമായിരുന്നെങ്കില്‍, ഞാനെടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും നേര്‍വിപരീതമായ തീരുമാനങ്ങള്‍ സ്വീകരിക്കുമായിരുന്നു. ഒരുപക്ഷേ, എന്റെ തലയിലെഴുത്തും ഹിന്ദുസ്ഥാനിന്റെ തലയിലെഴുത്തും ഒറ്റയടിക്ക് മാറ്റിമറിച്ച സാമൂഗഢ് യുദ്ധംതന്നെ സംഭവിക്കുമായിരുന്നില്ല. അതിനുമുമ്പേ എന്നെ ആഗ്രയിലേക്ക് വിളിച്ചുവരുത്തി, എന്റെ ജ്യേഷ്ഠൻ ദാരാ ഷികോഹ് ഭക്ഷണത്തില്‍ വിഷം നൽകി എന്നെ കൊലപ്പെടുത്തുമായിരുന്നിരിക്കാം.

താങ്കള്‍ക്കറിയാമല്ലോ, ഞങ്ങളുടെ മുഗൾ സാമ്രാജ്യത്തിൽ മൂത്തമകനു തന്നെ കിരീടാവകാശം നല്‍കണമെന്ന സമ്പ്രദായമില്ല. അങ്ങനെയൊരു സമ്പ്രദായമുണ്ടായിരുന്നെങ്കിൽ ഇത്രയധികം സഹോദരഹത്യകൾ നടക്കുമായിരുന്നില്ല. രാജകുമാരന്മാരിൽ ഏറ്റവുമധികം കഴിവുള്ളവര്‍ ആരാണോ, അവര്‍ക്കാണ് ഭരണമെന്ന കീഴ്വഴക്കമുണ്ടായിരുന്നതിനാലാണ് ഇത്രയും കൊലപാതകങ്ങളും കൂട്ടക്കൊലകളും. ഇത്തരത്തിൽ സഹോദരഹത്യ ചെയ്യാത്തതാരാണ്? ജീവശാസ്ത്രത്തിൽ പറയുന്നില്ലേ, ഒരു കോശം മറ്റെല്ലാ കോശങ്ങളെയും മറികടന്നുകൊണ്ട് മുന്‍നിരയിലേക്ക് വരുന്നെന്ന്. അതുപോലെ, തന്റെ എല്ലാ സഹോദരന്മാരെയും കൊലപ്പെടുത്തിയ ശേഷമാണ് ഒരു രാജകുമാരന് അധികാരത്തിലേക്ക് വരാന്‍ സാധിക്കുക. ഞാൻ മാത്രമാണോ അങ്ങനെ ചെയ്തത്? ഈ ഹിന്ദുസ്ഥാന്‍ തന്നെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന അശോക ചക്രവർത്തി എത്ര സഹോദരഹത്യകള്‍ നടത്തിയിട്ടാണ് അധികാരത്തിൽ വന്നത്?

മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്

(തുടരും)

1. പരിശുദ്ധ ഖുര്‍ആന്‍ 2: 22

2. തഖ്‌വ –ദൈവഭയം

3. ഈമാന്‍ –വിശ്വാസം

News Summary - Malayalam Novel