ഞാൻ ഔറംഗസേബ്

അധ്യായം 6 അശോകന്റെ പിതാവ് ബിന്ദുസാരന് പതിനാറു ഭാര്യമാരുണ്ടായിരുന്നു. അവരിലൂടെ മൊത്തം നൂറ്റിയൊന്നു മക്കളും. മൂത്ത മകൻ സുഷിമൻ. അവസാനത്തെ കുട്ടി ദിഷ്യൻ. രണ്ടാമത്തെ മകനായിരുന്നു അശോകൻ. ഇവരില്‍ ദിഷ്യനെയൊഴിച്ച് മറ്റെല്ലാവരെയും അശോകൻ വധിച്ചുകളഞ്ഞു. സുഷിമനാണ് അധികാരത്തിൽ വരേണ്ടതെന്ന് ആഗ്രഹിച്ച ബിന്ദുസാരന്‍, കിരീടാവകാശിയായി അദ്ദേഹത്തിന് അംഗീകാരവും നൽകിയിരുന്നു. എന്നാൽ, അശോകന്‍ രാജാവാകണമെന്നതായിരുന്നു മന്ത്രിമാരില്‍ ഭൂരിപക്ഷം പേരുടെയും ആഗ്രഹം. അതിനൊരു കാരണവുമുണ്ടായിരുന്നു. ബിന്ദുസാരന്റെ ഭരണകാലത്ത് തക്ഷശിലയിലെ സത്രപ്പായിരുന്നു1 സുഷിമൻ. ഉജ്ജയിനിലെ സത്രപ്പ് അശോകനും. അപ്പോള്‍ തക്ഷശിലയിലൊരു...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അധ്യായം 6
അശോകന്റെ പിതാവ് ബിന്ദുസാരന് പതിനാറു ഭാര്യമാരുണ്ടായിരുന്നു. അവരിലൂടെ മൊത്തം നൂറ്റിയൊന്നു മക്കളും. മൂത്ത മകൻ സുഷിമൻ. അവസാനത്തെ കുട്ടി ദിഷ്യൻ. രണ്ടാമത്തെ മകനായിരുന്നു അശോകൻ. ഇവരില്‍ ദിഷ്യനെയൊഴിച്ച് മറ്റെല്ലാവരെയും അശോകൻ വധിച്ചുകളഞ്ഞു. സുഷിമനാണ് അധികാരത്തിൽ വരേണ്ടതെന്ന് ആഗ്രഹിച്ച ബിന്ദുസാരന്‍, കിരീടാവകാശിയായി അദ്ദേഹത്തിന് അംഗീകാരവും നൽകിയിരുന്നു. എന്നാൽ, അശോകന്‍ രാജാവാകണമെന്നതായിരുന്നു മന്ത്രിമാരില്‍ ഭൂരിപക്ഷം പേരുടെയും ആഗ്രഹം. അതിനൊരു കാരണവുമുണ്ടായിരുന്നു. ബിന്ദുസാരന്റെ ഭരണകാലത്ത് തക്ഷശിലയിലെ സത്രപ്പായിരുന്നു1 സുഷിമൻ. ഉജ്ജയിനിലെ സത്രപ്പ് അശോകനും. അപ്പോള്‍ തക്ഷശിലയിലൊരു കലാപം പൊട്ടിപ്പുറപ്പെട്ടു. സുഷിമന് അതടിച്ചമര്‍ത്താന്‍ കഴിയാത്തതിനാല്‍ ബിന്ദുസാരൻ അശോകനെ അയച്ചു. അശോകന്‍ ആ കലാപം അമര്‍ച്ചചെയ്തു. പിന്നീടും തക്ഷശിലയിലൊരു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അടിച്ചമർത്തിയതും അശോകനായിരുന്നു. ഇതാണ് ഒരാള്‍ അധികാരത്തിലിരിക്കാന്‍ യോഗ്യനാണോ എന്ന പ്രകൃത്യാ ഉള്ള പരീക്ഷണം.
ഒരാള്‍ ഒരു കാര്യം ചെയ്യാന്‍ ആവശ്യമുള്ള യോഗ്യത ലഭിച്ചവനാണോ അല്ലയോ എന്നത് പ്രകൃതി തന്നെ പലതരം സൂചനകളിലൂടെ അറിയിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യരാണ് അതു മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത്. അങ്ങനെ നടന്നതാണ് ഞാന്‍ നേരത്തേ താങ്കളോട് പരാമര്‍ശിച്ച ആനപ്പോര് സംഭവം. ചക്രവർത്തിയുടെ കാഴ്ചയില്‍ എന്നെയൊരു മനുഷ്യനായി, ഒരു പോരാളിയായി നിലയുറപ്പിച്ച സംഭവം. തുടക്കത്തില്‍തന്നെ പരാതിയുമായി ആരംഭിക്കേണ്ടെന്ന് കരുതിയാണ് ഞാനത് അപ്പോള്‍ പറയാഞ്ഞത്.
1633 മേയ് 18ാം ദിവസം. എന്റെ പതിനഞ്ചാം വയസ്സിൽ മദമിളകിയ ആന സുധാകര്‍ എന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ എനിക്കും കൊട്ടാരത്തിലെ ബുദ്ധിശാലികളായ ചിലര്‍ക്കും ചക്രവർത്തിക്കു ശേഷം പദവിയിലേക്ക് വരാന്‍ അർഹതയുള്ളത് ആരാണെന്ന് മനസ്സിലായിരുന്നു. കൊട്ടാരം ചിത്രകാരനായ ഗോവർധൻ വരച്ച ചിത്രമാണത്. അദ്ദേഹമാണ് ആ സംഭവത്തെ ഒരു ചരിത്രരേഖയാക്കിയത്. ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള ആ വര്‍ണചിത്രമാണ് ചക്രവർത്തിയുടെ പിൻഗാമി ആരെന്ന് വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന നിറങ്ങള്‍ക്ക് പേരുകേട്ട ഗോവർധന്റെ ആ വര്‍ണചിത്രത്തില്‍, തന്നെ കൊല്ലാൻ വരുന്ന ആനയുടെ നേര്‍ക്ക് ഒരു യുവാവ് കുന്തമെറിയുന്നു. അവന്റെ കണ്ണുകളിൽ ഭയത്തിന്റെ നേരിയ അംശംപോലുമില്ല.
പറഞ്ഞുവന്നാല്‍, അവന്റെ കണ്ണുകൾ യാതൊരു വികാരവും വെളിപ്പെടുത്തുന്നില്ല. മുഖത്ത് യാതൊരു ആശ്ചര്യഭാവവുമില്ല. എന്നാൽ ആ കുന്തത്തിലെ പ്രകാശം നമ്മുടെ കണ്ണുകളെ കവരും. ചക്രവര്‍ത്തി അൽപം അകലെ പിരിമുറുക്കത്തില്‍ നിൽക്കുകയാണ്. ആനയെ വിരട്ടാനുള്ള ത്വരയുമായി രണ്ട് യുവാക്കൾ. ഒരാള്‍ പ്രായത്തില്‍ അൽപം മുതിര്‍ന്നയാള്‍. അതാരൊക്കെയാണെന്ന് താങ്കളോട് ഞാന്‍ പറയാം. ഒരാള്‍, ഈ അടിമയുടെ മറ്റൊരു ജ്യേഷ്ഠനും ദാരായുടെ ഇളയവനുമായ ഷാ ഷൂജ. മറ്റൊരാൾ ചക്രവർത്തിയുടെ സേനാപതിയായ രാജാ ജയ്സിങ്. ഷൂജയുടെ കൈയിൽ കുന്തം. രാജാ ജയ്സിങ് ആനയെ ഓടിക്കാൻ പടക്കം പൊട്ടിക്കുന്നു. ഇത്രയും കുഴപ്പങ്ങള്‍ക്കിടയില്‍, രാജവേഷം ധരിച്ചൊരു ചെറുപ്പക്കാരൻ പരിഭ്രാന്തനായി ഓടിയൊളിക്കുകയാണ്. ആരാണാ വീരന്‍? ദാരാ ഷികോഹ്. തന്മയത്വത്തോടെ വരക്കുന്നതിൽ പ്രശസ്തനാണ് ഗോവർധൻ. ദാരാ ഈ വര്‍ണചിത്രം എങ്ങനെയാണ് വിട്ടുകളഞ്ഞതെന്നും എന്തുകൊണ്ടാണ് ഗോവർധന് വിഷം കൊടുക്കാത്തതെന്നും എനിക്ക് മനസ്സിലാകുന്നേയില്ല! ദാരാക്ക് അങ്ങനെയൊരു ബുദ്ധിമുട്ടുണ്ടാക്കാതെ 1640ൽ തന്റെ നാൽപത്തിയഞ്ചാം വയസ്സിൽ ഗോവർധൻ മരണപ്പെട്ടു.
ആ പറഞ്ഞ ആനപ്പോര് നടക്കുമ്പോൾ ദാരായുടെ വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസമേ ആയിരുന്നുള്ളൂ. ഈ സംഭവമാണ് ഇന്ത്യൻ ചരിത്രത്തിൽ ദാരായുടെയും ഈ അടിമയുടെയും സ്ഥാനം ചൂണ്ടിക്കാണിക്കുന്നത്. ദാരാ ഇങ്ങനെയൊരു പേടിത്തൂറിയാകാനുള്ള മുഴുവന്‍ കാരണവും ചക്രവർത്തിയാണ്. ദാരായോട് അദ്ദേഹത്തിനുണ്ടായിരുന്ന അതിരറ്റ സ്നേഹവും വാത്സല്യവുമാണ് അവനെ അങ്ങനെയാക്കിയത്. എന്നാൽ ചക്രവർത്തി സ്വയം അങ്ങനെയുള്ള ആളായിരുന്നില്ല. തന്റെ ധീരതക്ക് പേരുകേട്ടയാളാണ് അദ്ദേഹം. 1610ൽ ആഗ്രക്കും ലഖ്‌നൗവിനും ഇടയിലുള്ള ബാരിയില്‍വെച്ചൊരു സംഭവം നടന്നു. ജഹാംഗീർ ചക്രവർത്തിയുടെ സേവകൻ അനൂപ് സിങ്ങിനെ ഒരു സിംഹം ആക്രമിച്ചു. ആ സിംഹത്തെ സാഹസികമായി വധിച്ചയാളാണ് എന്റെ പിതാവ്. അന്നദ്ദേഹത്തിന് പതിനെട്ടു വയസ്സായിരുന്നു.
നമ്മുടെ ശരീരവും മനസ്സും വളരെയേറെ കഠിനാധ്വാനത്തിനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. താങ്കളുടെയൊരു യുവ സുഹൃത്ത് താങ്കളോടൊപ്പം ജയ്പൂർ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വരുന്നു. രാവിലെ എട്ടു മണിക്ക് എഴുന്നേറ്റതും മദ്യപിക്കുന്നു. ഉച്ചവരെ അദ്ദേഹം മദ്യപിക്കുന്നു. ശേഷം ഭക്ഷണം കഴിക്കുന്നു. പിന്നീട് കുറച്ചുനേരം ഉറങ്ങുന്നു. അതുകഴിഞ്ഞ് എഴുന്നേറ്റ് വീണ്ടും മദ്യപിക്കുന്നു. പുലർച്ചെ മൂന്ന് മണി വരെ മദ്യപിക്കുന്നു. ധാരാളം വായിക്കുന്നു. കവിത എഴുതുന്നു. ഇതുപോലെ ജീവിക്കാനാണ് ആഗ്രഹമെന്ന് താങ്കള്‍ പറയുന്നു. “ആഗ്രഹമുണ്ടെങ്കില്‍ ജീവിക്കണം. അതിനു മടിയെന്തിനാണ്?” എന്നു ചോദിക്കുകയാണ് യുവകവി. താങ്കള്‍ പറഞ്ഞ മറുപടിയെന്താണ്, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ?
ഞാൻ വേഗം മരിച്ചുപോകുമെന്നു പറഞ്ഞു, ശഹെൻശാഹ്. അതിനദ്ദേഹം “എന്തിനു ജീവിക്കണം?” എന്നു ചോദിച്ചു. ശരിയല്ലേ? ചെന്നൈയിൽ തിരിച്ചെത്തിയതും അദ്ദേഹം മരിച്ചുപോയി. മുപ്പത് വയസ്സായി കാണുമോ? ഈ ശരീരം അങ്ങനെയല്ലല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്? രാവിലെ മുതൽ രാത്രി വരെ അധ്വാനിച്ചധ്വാനിച്ച് തളര്‍ന്ന് ഉറങ്ങാനും, വളരെ കുറച്ച് കഴിക്കാനും, മനസ്സും ശരീരവും ആഗ്രഹിക്കുന്നതെല്ലാം തുരത്തിത്തുരത്തി അകറ്റാനും, അഞ്ചുനേരം നിസ്കരിക്കാനും വേണ്ടിയാണ് ഈ ശരീരം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. നിശ്ചയമായും താങ്കളെപ്പോലുള്ള ഇതര മതസ്ഥര്‍ക്ക് നിസ്കാരംപോലെ മറ്റൊന്നുണ്ടായിരിക്കും. മനസ്സോ ശരീരമോ ആനന്ദത്തിൽ ഏർപ്പെട്ടാൽ, ജീവൻ നിലനിർത്താനുള്ള കഴിവ് നമ്മുടെ ശരീരത്തിന് നഷ്ടപ്പെടും. ഈ നിയമം മുടങ്ങാതെ പാലിച്ചതുകൊണ്ടല്ലേ ഈ അടിമക്ക് തൊണ്ണൂറു വർഷം വരെ ജീവിക്കാൻ കഴിഞ്ഞത്?
ഇതു പറയുമ്പോള്‍ ഈ അടിമക്ക് തന്റെ മുന്‍ഗാമിയെ ഓർമ വരുന്നു. മംഗോളിയൻ ചെന്നായ്ക്കൾ കാരണമല്ലോ ചെങ്കിസ് ഖാൻ ലോകം തന്നെ കീഴടക്കിയത്? അതുകൊണ്ടാണല്ലോ ചെന്നായ മംഗോളിയരുടെ കുലചിഹ്നമായത്? എങ്ങനെയാണ് ചെങ്കിസ് ഖാന്റെ ഏറ്റവും ചെറിയ സൈന്യം ശത്രുക്കളുടെ ഏറ്റവും വലിയ സൈന്യങ്ങളെയെല്ലാം പരാജയപ്പെടുത്തിയത്? എണ്ണത്തിൽ മാത്രമല്ല, സൈനികബലത്തിലും ആയുധങ്ങളില്‍പോലും ചെങ്കിസ് ഖാൻ എതിരാളികളെക്കാളും ദുർബലനായിരുന്നു. മംഗോളിയയിലെ ചെന്നായ്ക്കൾ കാരണമാണ് ആ നാട്ടിൽ പിറന്ന കുതിരകളെല്ലാം എപ്പോഴും ഓടിക്കൊണ്ടേയിരുന്നത്. ഗർഭപാത്രത്തിലുള്ളപ്പോള്‍ തന്നെ അവ ഓടി. ശരീരത്തിന് ഓടാൻ സാധിക്കാത്തപ്പോൾ അവയുടെ മനസ്സോടി. ചെന്നായ്ക്കളുടെ ഗന്ധമടിക്കുമ്പോള്‍തന്നെ കുതിരകള്‍ ഓടാൻ തുടങ്ങും. അതിനാലാണ് മംഗോളിയയുടെ ഒരു കുതിര ചൈനയുടെ പത്തു കുതിരകൾക്ക് തുല്യമായിരുന്നത്. തുടക്കം മുതൽ തന്നെ മംഗോളിയൻ കുതിരയെപ്പോലെയായിരുന്നു ഈ അടിമ. എല്ലാ കഷ്ടതകളും സങ്കടങ്ങളും പീഡനങ്ങളും ഈ അടിമയുടെ ആത്മാവും ശരീരവും ശീലിച്ചിരുന്നു. യാതൊന്നും ഇവനെ ബാധിച്ചില്ല. അതുകൊണ്ടാണ് മദമിളകിയ ആനയെ കണ്ടിട്ടും അവന്റെ കണ്ണുകളിൽ പരിഭ്രമത്തിന്റെ ലാഞ്ഛനപോലുമില്ലാതിരുന്നത്. സാഹിബ് കിരാനയെ തന്റെ പിതാവായിട്ടല്ല അവന്‍ കണ്ടത്, ഒരു ചക്രവർത്തിയായിട്ടാണ്. ദാരായാണെങ്കിലോ ഷാ ബാബാ, ഷാ ബാബാ എന്ന് ഒരു ബാലനെപ്പോലെ കൊഞ്ചിക്കൊണ്ടിരുന്നു.
ദാരായെ കൊന്നത് ഔറംഗസേബല്ല; ചക്രവർത്തിയുടെ വാത്സല്യമാണ് അവനെ കൊന്നത്. കവിതയെഴുതാനും തത്ത്വാന്വേഷണം നടത്താനും മാത്രമായിരുന്നു അവനു യോഗ്യത. യുദ്ധക്കളങ്ങൾ അവനുള്ളതല്ല. പക്ഷേ, അവനത് തിരിച്ചറിഞ്ഞില്ല. ചക്രവർത്തിയുടെ മൂത്തമകനാണെന്ന ഒറ്റക്കാരണത്താൽ മയൂരസിംഹാസനം നേടാമെന്ന് അവന്‍ കരുതി. അതു സംഭവ്യമാണോ? ഞങ്ങളുടെ പാരമ്പര്യമായിരുന്നോ അത്? ഈ അടിമ തന്റെ പതിനാറാം വയസ്സു മുതൽ മുപ്പത്തിയെട്ടാം വയസ്സു വരെ യുദ്ധക്കളത്തില്‍ മാത്രമാണ് ചെലവഴിച്ചത്. മംഗോളിയൻ കുതിരയെപ്പോലെ ഓടിക്കൊണ്ടേയിരിക്കുകയാണ് ചെയ്തത്. രാവിലെ എഴുന്നേറ്റാല്‍ കൃത്യമായ വ്യായാമം, ശേഷം പ്രാതല്‍, വിശ്രമം, അതുകഴിഞ്ഞ് വ്യായാമം, ഉച്ചഭക്ഷണം, വിശ്രമം, സായാഹ്ന വ്യായാമം, രാത്രി ഭക്ഷണം, ഉറക്കം എന്നിങ്ങനെ ക്രമപ്പെടുത്തിയതും പരിശീലിപ്പിച്ചതുമായ ചീനക്കുതിരയുടെ ജീവിതം യുദ്ധക്കളത്തിൽ ജീവിക്കാൻ ഈ അടിമക്ക് കഴിയില്ല. യുദ്ധക്കളത്തിൽ വ്യായാമത്തിനുതന്നെ മാര്‍ഗമില്ല. ഒരേയൊരു തവണ തോല്‍വി ഏറ്റുവാങ്ങിയാല്‍പോലും ജീവന്‍ നമുക്ക് സ്വന്തമല്ല. ചക്രവർത്തി ഈ അടിമയെ കൊട്ടാര ജീവിതത്തിൽനിന്ന് എത്രത്തോളം അകറ്റിനിർത്തിയോ, അത്രത്തോളം അത് ഈ അടിമയെ മയൂരസിംഹാസനത്തിലേക്ക് ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന കാര്യം അദ്ദേഹവും തിരിച്ചറിഞ്ഞില്ല, ദാരായും തിരിച്ചറിഞ്ഞില്ല. എത്രത്തോളം സാധിക്കുമോ അത്രയും അടുത്തായി ദാരായെ അദ്ദേഹം തന്റെയൊപ്പം നിര്‍ത്തി. അതാണ് മയൂരസിംഹാസനത്തില്‍നിന്ന് അവനെ അകറ്റിനിർത്തിയതെന്നതും അവര്‍ രണ്ടുപേരും തിരിച്ചറിഞ്ഞില്ല.
ശരി, നമ്മൾ തുടങ്ങിവെച്ച അശോകന്റെ കഥയിലേക്കു വരാം. ബിന്ദുസാരന്‍ മരിച്ച് നാലുവർഷം കഴിഞ്ഞപ്പോള്‍തന്നെ അശോകന് സിംഹാസനത്തിൽ ആസനസ്ഥനാകാന്‍ കഴിഞ്ഞു. നാടിനു പുറത്തുണ്ടായിരുന്ന സുഷിമൻ ബിന്ദുസാരയുടെ മരണവാർത്തയറിഞ്ഞ് പാടലീപുത്രം ലക്ഷ്യമാക്കി വരുന്നു. അശോകൻ അന്ന് കോട്ടയിലുണ്ടായിരുന്നതിനാൽ സുഷിമൻ കോട്ടക്കുള്ളിലേക്ക് കടക്കുമ്പോള്‍ അവന്റെ തലയിലേക്ക് തിളച്ച വെളിച്ചെണ്ണ ഒഴിക്കുന്നു. തുടർന്ന് തീപന്തങ്ങള്‍ എറിയുകയും സുഷിമനെ ജീവനോടെ കത്തിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒന്നൊന്നായി മൊത്തം തൊണ്ണൂറ്റി ഒമ്പത് സഹോദരന്മാരെയും കൊല്ലാൻ അശോകന് നാലു വർഷം വേണ്ടിവന്നു. ഈ കൂട്ടക്കൊലക്കഥയിൽ ദിഷ്യനെ ഉൾപ്പെടുത്താത്തതിനുള്ള കാരണം, അവൻ അശോകന്റെ അമ്മയുടെ ഉദരത്തിൽ പിറന്നു എന്നതിനാലാണ്. അതുകൂടാതെ കോട്ടയിൽവെച്ച് അശോകൻ സുഷിമന്റെ അഞ്ഞൂറ് അനുയായികളുടെ തലയറുക്കുകയുംചെയ്തു.
ശിരച്ഛേദം ചെയ്യുകയെന്നത് രാജകുലത്തിന് പുതിയ കാര്യമൊന്നുമല്ലെങ്കിലും, അശോകൻ ചെയ്തതിലെ പുതുമയെന്തെന്നാൽ, അദ്ദേഹം സ്വന്തം കൈകള്‍കൊണ്ട് ആ അഞ്ഞൂറു പേരുടെയും തലകള്‍ കൊയ്തുവെന്നതാണ്. ഹിന്ദുസ്ഥാന്റെ ചരിത്രത്തിൽ തലകളെക്കുറിച്ച് എഴുതിയാൽതന്നെ അത് ആയിരം പേജിൽ കുറയാതെ വരും. ജീവിതാവസാനത്തിലെ രണ്ടു വർഷങ്ങളിൽ എന്റെ മനസ്സിനെ പൂർണമായും മഥിച്ചത് മനുഷ്യശിരസ്സുകളായിരുന്നു. എന്റെ സ്വപ്നങ്ങളിൽ ആവർത്തിച്ചുവന്നിരുന്ന ഒരു ദൃശ്യമുണ്ട്. ഫിർദൗസെ മക്കാനിയുടെ ജീവിതത്തിൽ ഇടപെട്ട തലകള്‍. അല്ലെങ്കിൽ, അദ്ദേഹവും അദ്ദേഹത്തിന്റെ സൈനികരും വെട്ടിമാറ്റിയ തലകൾ. ഈ അടിമയെപ്പോലെ (സ്വയം ചൂണ്ടിക്കാണിക്കുന്നു) ചരിത്രത്തിന്റെ ക്രൂരമായ കരങ്ങളാൽ കുറ്റം ചാര്‍ത്തപ്പെട്ടയാളാണ് ഫിർദൗസെ മക്കാനി. ഹിന്ദുസ്ഥാനിലേക്ക് പടനയിച്ച് ഈ ഹിന്ദുദേശത്തില്‍ മുസ്‍ലിം സാമ്രാജ്യം സ്ഥാപിച്ച ഒരു മുസ്‍ലിം രാജാവ്! ഹിന്ദുക്കളെ കൊന്നവന്‍!

രണ്ടും തെറ്റാണ്. ബാബർ ഒരു രാജാവായിരുന്നു. തന്റെ പ്രജകളുടെ ജീവന് ഉറപ്പുനൽകുക എന്നതാണ് ഒരു രാജാവിന്റെ ജോലി. ശക്തമായ ഒരു ഭരണകൂടമാണ് അതിനാവശ്യം. എത്ര ശക്തമായ സൈന്യമുണ്ടെങ്കിലും അയൽരാജ്യങ്ങളിൽനിന്ന് ഭീഷണിയുണ്ടായാൽ ജനങ്ങളുടെ ജീവന് ഉറപ്പുണ്ടായിരിക്കില്ല. അതുകൊണ്ട് കഴിയുന്നിടത്തോളം അയൽരാജ്യങ്ങളെല്ലാം അവന്റെ നിയന്ത്രണത്തിലാണെങ്കില്‍ നല്ലത്. ഉദാഹരണത്തിന്, ലോകത്തെ തന്നെ തന്റെ കുടക്കീഴിൽ കൊണ്ടുവന്നയാളും തായ്‌വഴിയില്‍ എന്റെ പൂർവികനുമായ ചെങ്കിസ് ഖാൻ എന്തുകൊണ്ടാണ് ഹിന്ദുസ്ഥാനിൽ പ്രവേശിക്കാത്തത്? അദ്ദേഹം ചൈന കീഴടക്കുമ്പോൾ വളരെ ദുർബല രാജ്യമായിരുന്നു ചൈന. പലയിടത്തായി ചൈനക്ക് ലക്ഷക്കണക്കിന് സൈന്യമുണ്ടായിരുന്നുവെങ്കിലും തങ്ങളുടെ ചക്രവർത്തിമാരെപ്പോലെത്തന്നെ യുദ്ധക്കളത്തേക്കാൾ വേശ്യാലയങ്ങളും മദ്യശാലകളുമായിരുന്നു അവർക്ക് പരിചിതം. 1221ൽ ചെങ്കിസ്ഖാൻ ജലാലുദ്ദീനെ തുരത്തിക്കൊണ്ട് സിന്ധു നദി വരെ വന്നെങ്കിലും അതിനപ്പുറം കടന്നില്ല. കാരണം, ദില്ലിയിൽ അതിശക്തനായ സുൽത്താൻ ഇൽത്തുമിഷുണ്ടായിരുന്നു. കുത്തുബുദ്ദീന്‍ ഐബക്കിന്റെ അടിമയായി കഴിഞ്ഞ് ദില്ലിയില്‍ സുല്‍ത്താന്‍ ഭരണകൂടം ആരംഭിച്ചയാള്‍.
അതുപോലെ, ഞങ്ങളുടെ മുന്‍ഗാമിക്കും അത്രയെളുപ്പത്തിൽ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഹിമാലയമാണ് പ്രധാനപ്പെട്ടയൊരു കാരണം. ഖൈബർ ചുരത്തിലൂടെ വളരെ വലിയ പടയെ കൊണ്ടുവരുന്നത് കഠിനമാണ്. അതല്ലാതെ കരമാർഗം ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കാൻ മറ്റൊരു വഴിയുമില്ല.
അതേപോലെ പോർചുഗീസുകാരും ഫ്രഞ്ചുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എന്നീ ഫിരങ്കികളും മാറിമാറി എത്രയോ തവണ തലകുത്തി മറിയുകയും ചെപ്പടിവിദ്യ കാണിക്കുകയും ചെയ്തെങ്കിലും മുഗൾ സാമ്രാജ്യം തകരുന്നതുവരെ അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
***
1. സത്രപ് –പ്രവിശ്യാ ഭരണാധികാരി
അധ്യായം 7
ശക്തമായ ഭരണകൂടമില്ലെങ്കില്‍ എന്തു നടക്കുമെന്നതിനുള്ള ഉദാഹരണമാണ് 1398 ഡിസംബറിൽ ദില്ലിയിൽ നടന്ന സംഭവങ്ങൾ. അന്നത്തെ ദില്ലി സുൽത്താനായിരുന്നു നസീറുദ്ദീൻ മഹമൂദ് ഷാ തുഗ്ലക്ക്. അമീർ തൈമൂർ ദില്ലിയിൽ പ്രവേശിച്ചയുടനെ മഹ്മൂദ് തുഗ്ലക്ക് നഗരം വിട്ട് ഓടിക്കളഞ്ഞു.
ഡിസംബർ 15 ആയിരുന്നു ആ ദിവസം. യമുനയുടെ ഒരു തീരത്ത് അമീർ തൈമൂറിന്റെ സൈന്യം തമ്പടിച്ചിട്ടുണ്ടായിരുന്നു. തടവുകാരായി അമ്പതിനായിരം പേരെ അവര്‍ പിടിച്ചുവെച്ചിരുന്നു. ഭൂരിപക്ഷവും വിഗ്രഹാരാധകരായ ഹിന്ദുക്കള്‍. അവരിൽ ധാരാളം മുസ്‍ലിംകളുമുണ്ട്1. എല്ലാവരെയും വധിക്കാനായി അമീർ തൈമൂർ ഉത്തരവിട്ടു. അതാണ് യുദ്ധനിയമം. ആ മുഴുവനാളുകളും കൊല്ലപ്പെട്ടു...
പറയുക: അവിശ്വാസികളേ. നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.2
വിശുദ്ധ ഗ്രന്ഥത്തിൽ ഇത്ര വ്യക്തമായി പറഞ്ഞിട്ടും വിഗ്രഹാരാധകരെ ശിക്ഷിക്കാൻ പോകുന്നുവെന്ന് പറഞ്ഞിട്ടാണ് അമീർ തൈമൂർ സമർഖണ്ഡിൽനിന്ന് ഹിന്ദുസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇങ്ങനെയെല്ലാം പറഞ്ഞ് അദ്ദേഹം സ്വന്തത്തെ തന്നെ വഞ്ചിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ഹിന്ദുസ്ഥാനിലുള്ള സ്വർണം കൊള്ളയടിക്കുകയെന്നതായിരുന്നു പടയോട്ടത്തിനുള്ള അദ്ദേഹത്തിന്റെ പ്രധാന കാരണം. ചാരന്മാർ അദ്ദേഹത്തെ അറിയിച്ചു: “തുഗ്ലക്ക് രാജവംശത്തിലെ ഇപ്പോഴത്തെ രാജാവ് വെറും പുറന്തോടാണ്. ഊതിയാല്‍ പറന്നുപോകും. പക്ഷേ അവന്റെ പക്കലാണെങ്കില്‍ ഭീമാകാരമായ ഒരു സ്വർണഖനിയുണ്ട്. ഹിന്ദുസ്ഥാന്‍ മുഴുവനും സ്വർണവും വജ്രവും വൈഡൂര്യവും ഗോമേദകവും കുന്നുകൂടി കിടക്കുകയാണ്. ക്ഷേത്രങ്ങളിൽ പ്രവേശിച്ചാല്‍ തിരിയുന്നയിടത്തെല്ലാം സ്വർണമലകളുമായി വിഗ്രഹങ്ങൾ നിലകൊള്ളുന്നു. ചോദിക്കാന്‍ ആളില്ല. അങ്ങനെത്തന്നെ കോരിയെടുത്തു കൊണ്ടുവരിക തന്നെ.’’ ചാരന്മാരില്‍നിന്ന് വിവരമറിഞ്ഞ അമീർ തൈമൂർ, മതത്തെയും കൂട്ടുപിടിച്ച് ഇറങ്ങിപ്പുറപ്പെട്ടു.
യുദ്ധം ആരംഭിക്കുന്നതിന് മുമ്പേ അമ്പതിനായിരം പേർ കൊല്ലപ്പെട്ട നിലയില്‍, മഹമൂദ് തുഗ്ലക്കും കുടുംബവും പലായനം ചെയ്തതിനു ശേഷമുള്ള ആദ്യത്തെ മൂന്നുദിവസം –1398 ഡിസംബർ 16, 17, 18 –‘‘ദില്ലിയിലും അതിന്റെ ചുറ്റുവട്ടത്തും താമസിക്കുന്നവർ തങ്ങളുടെ ജീവനു ജാമ്യപ്പണം നൽകി ജീവനുമായി രക്ഷപ്പെടാം’’ എന്ന് അമീർ തൈമൂർ ഉത്തരവിട്ടു. എന്നാൽ മൂന്നു ദിവസത്തിനപ്പുറം ആ ഉത്തരവിനെ അദ്ദേഹത്തിന്റെ സൈനികർ തന്നെ വില കൽപിച്ചില്ല.

ഹിന്ദുക്കൾ തങ്ങളുടെ സ്ത്രീകളെ തീകൊളുത്തിയ ശേഷം സ്വയം ആ തീയിലേക്ക് എടുത്തു ചാടി. അതു കണ്ട തൈമൂറിന്റെ സൈന്യം കണ്ണിൽ കണ്ടവരെയെല്ലാം വെട്ടിക്കൊല്ലാൻ തുടങ്ങി. ഡിസംബർ 30 ആയപ്പോഴേക്കും നഗരത്തിൽ ഒരു ലക്ഷം മൃതദേഹങ്ങൾ വീണുകിടന്നു. തൈമൂറിന്റെ സേനാനായകന്മാര്‍ക്കുതന്നെ സൈനികരെ നിയന്ത്രിക്കാനായില്ല. ബലാത്സംഗം ചെയ്യപ്പെടാത്ത ഒരു സ്ത്രീയെ പോലും കണ്ടെത്താനായില്ല. പതിനഞ്ചു ദിവസം ദില്ലിയിലെ എല്ലാ പാതകളിലും നിലംതന്നെ കാണാത്തവിധം അറ്റുപോയ തലകളും കൈകളും കാലുകളും തലയില്ലാത്ത കബന്ധങ്ങളുംകൊണ്ട് മനുഷ്യശരീരങ്ങൾ ചിതറിക്കിടന്നു. തെരുവുകള്‍ പരക്കെ തൈമൂറിന്റെ സൈനികർ ഗോപുരങ്ങള്‍ കണക്കെ തലകള്‍ അടുക്കിവെച്ചു. നായ്ക്കളും പക്ഷികളും മനുഷ്യശരീരം ഭക്ഷിച്ചുകൊണ്ടിരുന്നു. തെരുവുകളെല്ലാം ചോരപ്പുഴ. നഗരം മുഴുവൻ ആകാശം കാണാൻ കഴിയാത്തവിധം പക്ഷികൾ വട്ടമിട്ടുകൊണ്ടിരുന്നു.
ഒരു വീടുപോലും ബാക്കിവെക്കാതെ നഗരത്തിലെ എല്ലാ വീടുകളും അഗ്നിക്കിരയാക്കി. തൈമൂറിന്റെ സൈന്യം ഹിന്ദുക്കളെ കൊല്ലുമ്പോൾ, ‘‘ഇതാ നിന്നെ ഞാൻ കൊല്ലാൻ പോകുന്നു, നിന്നെ രക്ഷിക്കാൻ നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്കുക’’ എന്നാക്രോശിച്ചുകൊണ്ടാണ് വധിച്ചത്. അമീർ തൈമൂർ ദില്ലി വിട്ട ശേഷം രണ്ടു മാസത്തോളം ദില്ലിയിൽ ഒരു മനുഷ്യാത്മാവും ഉണ്ടായിരുന്നില്ല. ദില്ലിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കടുത്ത പട്ടിണിയും മഹാമാരിയും പടര്‍ന്നു. താങ്കളോട് ഞാനിതെല്ലാം ഇത്രയും വിശദമായി പറയുന്നതെന്തിനാണെന്നാല്‍, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ... ഇത്രയും കൂട്ടക്കൊലകളും ഇത്രയും ക്രൂരതകളുമെല്ലാം ഞാന്‍ നിര്‍വഹിച്ച മൂന്നു സഹോദരഹത്യകളാൽ തടയപ്പെട്ടു. ഞാൻ അങ്ങനെ വിശ്വസിച്ചു. ഞാൻ ഭയപ്പെട്ടതുപോലെ തന്നെ, ദില്ലിയിൽ 1398 ഡിസംബറിൽ എന്തു സംഭവിച്ചുവോ അതേ കൂട്ടക്കൊലകൾ മുഗൾ സാമ്രാജ്യം ദുര്‍ബലപ്പെട്ടപ്പോള്‍ വീണ്ടും സംഭവിച്ചു.
ഒരു കഥ പറയാന്‍ തുടങ്ങിയാല്‍ അത് ഒമ്പത് കഥകളിലേക്ക് നയിക്കും. എന്തുചെയ്യാം? ദില്ലിപോലെ ശപിക്കപ്പെട്ട ഒരു നഗരം ലോകത്തുണ്ടോ എന്നറിയില്ല. പേർഷ്യയിലെ രാജാവായ നാദിർഷാ (ജനനം: 1698, മരണം: 1747) 1738ൽ കാന്തഹാർ കീഴടക്കുകയും ആ യുദ്ധം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയുംചെയ്തിരുന്നു. ആ ഒരു സാഹചര്യത്തില്‍, ഹിന്ദുസ്ഥാന്റെ മുഗൾ തലസ്ഥാനം തന്റെ കവാടങ്ങൾ തുറന്നിരിക്കുന്ന അമൂല്യനിധിയാണെന്ന് അവനു തോന്നി. അതെ, 1398ൽ അമീർ തൈമൂർ നശിപ്പിച്ച ദില്ലി നഗരം 340 വർഷംകൊണ്ട് പഴയ കരുത്തോടെ തന്റെ പ്രതാപത്തിലേക്ക് തിരിച്ചുവന്നിരുന്നു. കാന്തഹാറില്‍നിന്ന് സൈന്യവുമായി നാദിർഷാ പുറപ്പെട്ടു.
ഇങ്ങനെ പുറപ്പെടാൻ അവനൊരു ധാർമിക കാരണം ആവശ്യമായിരുന്നു. മുഗൾ ചക്രവർത്തി മുഹമ്മദ് ഷാ അഫ്ഗാൻ തീവ്രവാദികൾക്ക് അഭയം നൽകി വളര്‍ത്തിക്കൊണ്ടിരിക്കുന്നതായി നാദിർഷാ ആരോപിച്ചു. നാദിർഷായുടെ കിഴക്കൻ മേഖലകളിൽ ആ തീവ്രവാദികൾ പ്രശ്നം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ചില ദൂതന്മാർ മുഖേന അദ്ദേഹം മുഹമ്മദ് ഷായെ വിവരമറിയിച്ചു. മുഹമ്മദ് ഷാ കൃത്യമായ മറുപടി നൽകിയില്ല. ഒന്നും നോക്കാതെ നാദിർഷാ പുറപ്പെട്ടു. കാന്തഹാർ മുതൽ ഗസ്‌നി-കാബൂൾ-ജലാലാബാദ്–ജമൃത് - പെഷവാർ - അറ്റോക്ക് -വസീറാബാദ് - ലഹോർ - ശ്രീഹിന്ദ് – അംബാല – അസീമാബാദ് - കർണാൽ. ഇതാണ് അവന്‍ കടന്നുവന്ന പാത. കർണാലിൽ നാദിർഷായുടെ സൈന്യവും മുഗൾ സൈന്യവും ഏറ്റുമുട്ടി. 1739 മാർച്ച് 20ന് നാദിർഷായോട് പരാജയപ്പെട്ട മുഹമ്മദ് ഷാ ഉടൻ തന്നെ ഖജനാവിന്റെ താക്കോലും ചെങ്കോട്ടയുടെ താക്കോലും അവനു കൈമാറുകയും കീഴടങ്ങുകയുംചെയ്തു.
ഈ അടിമയുടെ പിൻഗാമിയായി വന്ന ഏഴാമത്തെ രാജാവാണ് മുഹമ്മദ് ഷാ എന്ന് താങ്കള്‍ക്കറിയാമായിരിക്കും.
എനിക്കുശേഷം എന്റെ മകൻ മുഹമ്മദ് ആസം ഷാ മൂന്നു മാസം മാത്രമാണ് ഭരിച്ചത്.
എന്റെ മറ്റൊരു മകൻ, ഷാ ആലം എന്ന ബഹദൂർ ഷാ രണ്ടാമൻ, ആസം ഷായെയും അദ്ദേഹത്തിന്റെ മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം അധികാരം പിടിച്ചെടുത്തു.
അഞ്ചു വർഷമാണ് അവന്‍ അധികാരത്തിലിരുന്നത്.
അതിനുശേഷം ഒരു വർഷം ജഹന്ദർ ഷാ.
പിന്നെ ആറു വർഷത്തേക്ക് ഫാറൂക്യാർ.
തുടർന്ന് റാഫി ഉദ്-ദരാജത്ത് മൂന്ന് മാസം ഭരിച്ചു.
ശേഷം ഷാജഹാൻ രണ്ടാമൻ മൂന്നര മാസം ഭരിച്ചു.
അതുകഴിഞ്ഞ് ഇരുപത്തിയൊമ്പതു വര്‍ഷങ്ങളാണ് മുഹമ്മദ് അധികാരത്തിലുണ്ടായിരുന്നത്. അവന്റെ കഥയാണ് ഞാനിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്.
നാദിർഷായും മുഹമ്മദ് ഷായും ചെങ്കോട്ടയിലേക്ക് പ്രവേശിക്കുകയാണ്. ചക്രവർത്തിയുടെ വിശ്വപ്രസിദ്ധമായ മയൂരസിംഹാസനത്തിൽ നാദിർഷാ ഇരിക്കുന്നു. ദിവാൻ-എ-ഖാസ് മഹലിൽ ഉടനീളം അവന്റെ ശബ്ദം മണിമുഴക്കംപോലെ പ്രതിധ്വനിക്കുന്നു. എതിരാളിയുടെ ഉള്ളിലെ ആഴങ്ങളിൽ തുളച്ചുകയറുന്ന മൂർച്ചയുള്ളയൊരു അസ്ത്രംപോലെയായിരുന്നു അവന്റെ നോട്ടം. മുഗൾ ചക്രവർത്തി മുഹമ്മദ് ഷായുടെ ഈ വമ്പന്‍ പരാജയം കണ്ടതിനുശേഷമാണ്, മുഗൾ സാമ്രാജ്യം എത്ര ദുർബലമായ അവസ്ഥയിലാണെന്നതും, ഹിന്ദുസ്ഥാൻ തങ്ങള്‍ തന്നെ ഭരിക്കുകയെന്നത് അത്രയൊന്നും അസാധ്യമായ കാര്യമല്ലെന്നതും ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മനസ്സിലായത്.
നാദിർഷാ ചെങ്കോട്ടയിലെ മയൂരസിംഹാസനത്തിൽ ഇരുന്ന ദിവസംതന്നെ ജുമാമസ്ജിദിൽ അവന്റെ പേരിൽ പ്രാർഥന നടന്നു. പുതിയ നാണയങ്ങൾ പുറത്തിറക്കി. അടുത്ത ദിവസം. 1739 മാർച്ച് 21. എത്രത്തോളം സാധിക്കുമോ അത്രത്തോളം ദില്ലിയില്‍നിന്ന് കടത്തിക്കൊണ്ടു പോകണമെന്നു നാദിര്‍ഷാ പദ്ധതിയിട്ടിരുന്നതിനാല്‍ ഉടൻതന്നെ സാധനങ്ങളുടെ മീതെയുള്ള വിൽപന നികുതി അവന്‍ കൂട്ടി. എന്നാൽ, ചാന്ദ്‌നി ചൗക്കിലെ വ്യാപാരികൾ ഇതൊന്നും വകവെക്കാതെ എന്നത്തേയുംപോലെ കുറഞ്ഞ വിലക്ക് തന്നെ സാധനങ്ങൾ വിറ്റു. ഇതറിഞ്ഞ നാദിർഷാ തന്റെ ചില സൈനികരെ അങ്ങോട്ടയച്ചു. ചാന്ദ്‌നി ചൗക്കില്‍ നാദിർഷായുടെ പേർഷ്യൻ സൈനികരും വ്യാപാരികളും തമ്മിൽ നടന്ന വാക്‌പ്പോര് കൈയാങ്കളിയായി മാറുകയും പിന്നീട് വെടിവെപ്പില്‍ കലാശിക്കുകയും ചെയ്തു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. വഴക്കില്‍ ചില പേർഷ്യൻ സൈനികര്‍ കൊല്ലപ്പെടുകയുണ്ടായി. ഈ വിഷയം നഗരത്തിലെ മറ്റു വ്യാപാര സ്ഥലങ്ങളിലേക്കും വ്യാപിക്കുകയാല്‍ അവിടെ പ്രത്യക്ഷപ്പെട്ട പേർഷ്യൻ സൈനികര്‍ നാട്ടുകാരുടെ ആക്രമണത്തിന് വിധേയരായി.
ഇതിനിടെ പ്രദേശവാസിയായ ഒരു കാവല്‍ക്കാരി ചെങ്കോട്ടയിൽവെച്ച് നാദിർഷായെ കൊലപ്പെടുത്തിയെന്ന കിംവദന്തി പരന്നത് പ്രദേശവാസികളെ കൂടുതൽ ആവേശത്തിലാക്കിയതിനാല്‍ പേർഷ്യൻ സൈനികർക്കെതിരായ ആക്രമണം വർധിക്കുകയുണ്ടായി. കലാപം രാത്രി വരെ തുടർന്നു. പിറ്റേന്ന്, 1739 മാർച്ച് 22 എന്ന ദിവസം ദില്ലിയെന്ന മഹാനഗരത്തിന്റെ ചരിത്രത്തിലെത്തന്നെ മറക്കാനാവാത്ത കറുത്ത ദിനമായി മാറി. നേരത്തേതന്നെ കൊലവിളിയുമായി കറങ്ങിയിരുന്ന നാദിർഷാക്ക് ഇതില്‍ കൂടുതൽ മറ്റെന്തുവേണം? ആയുധധാരികളായ തന്റെ സൈനികരുമായി അവന്‍ ചാന്ദ്‌നി ചൗക്കിലെത്തി. അവിടെനിന്ന് ചെങ്കോട്ടയിലേക്ക് ഒരു മൈൽ ദൂരം കാണുമോ? ചാന്ദ്‌നി ചൗക്കിന്റെ മധ്യത്തിലുള്ള റോഷൻ-ഉദ്-ദൗലയിലെ സുനേരി മസ്ജിദിൽ ഇരുന്നുകൊണ്ട് അവന്‍ തന്റെ സൈനികരോട് ആജ്ഞാപിച്ചു. എങ്ങനെയാണ് അവന്റെ ഉത്തരവ്? യുദ്ധക്കളത്തിലെ അവന്റെ ഉത്തരവുകൾ വാക്കുകളായി വരികയില്ല. കാഹളങ്ങളും പെരുമ്പറകളും മുഴങ്ങവെ, ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് നാദിർഷാ തന്റെ വാളൂരി സൈനികർക്ക് മുന്നിലുയര്‍ത്തി. അതാണ് അവൻ തന്റെ സൈനികർക്ക് നൽകുന്ന സൂചന. ഇനി അവർക്ക് എന്തു വേണമെങ്കിലും ചെയ്യാം. അവനൊന്നും ചോദിക്കില്ല.
നിരായുധരായ സാധാരണക്കാരുടെ മീതെ തോക്കുകളും വാളുകളും ഓടി. ഏതോ ജാലിയൻ വാലാ ബാഗ് എന്നു പറയുന്നുണ്ടല്ലോ, ഇതിനു മുന്നില്‍ അത് ഒന്നുമല്ല. ചരിത്രത്തിലെ വിരോധാഭാസമെന്തെന്നാല്‍, അന്നായിരുന്നു ഹോളി ആഘോഷം. അന്നത്തെ ദിവസം ദില്ലിയിൽ വര്‍ണപ്പൊടികള്‍ക്കു പകരം ചോരപ്പുഴയൊഴുകി. ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, താങ്കൾ കുറെക്കാലം ദില്ലിയിൽ താമസിച്ച ആളല്ലെ. ചാന്ദ്‌നി ചൗക്ക്, ദരീബ കലാന്‍, ഫത്തേഹ്പുരി, ഹൗദ് ഖാസി, ജോഹരി ബസാർ, ലാഹോരി ഗേറ്റ്, അജ്മീരി ഗേറ്റ്, കാബൂളി ഗേറ്റ് എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ ഉറുമ്പിന്കൂട്ടംപോെല ആളുകളും ആരവങ്ങളുമായി നിബിഡമാണെന്ന കാര്യം താങ്കള്‍ക്കറിയാമല്ലോ... മറ്റൊരു സ്ഥിതിവിവരക്കണക്കുകൂടി പറയാം. ഈ സംഭവം നടക്കുമ്പോൾ അന്നത്തെ ദില്ലിയിലെ ജനസംഖ്യ, അക്കാലത്തെ ലണ്ടനിലെയും പാരീസിലെയും ജനസംഖ്യകള്‍ കൂട്ടിച്ചേര്‍ത്താല്‍ ലഭിക്കുന്നതിനേക്കാളും കൂടുതലായിരുന്നു. അങ്ങനെയുള്ളയൊരു നാട്ടില്‍ സൈനികര്‍ തങ്ങളുടെ തോക്കുകള്‍കൊണ്ട് ജനങ്ങള്‍ക്കു നേരെ ദയാരഹിതമായി വെടിയുതിര്‍ത്തെന്നു പറയുമ്പോള്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുകയെന്ന് ഒന്നു സങ്കൽപിച്ചു നോക്കൂ! വീടിനു മുകളിൽ കയറിനിന്ന് വെടിയുതിർക്കുകയായിരുന്നു അവര്‍. വീടുകളിൽ കയറി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയുംചെയ്തു.
മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്
(തുടരും)
1. അമീര്‍ തൈമൂറിനെയും അദ്ദേഹത്തിന്റെ സേനാനായകന്മാരെയും സംബന്ധിച്ചിടത്തോളം, ഹിന്ദുസ്ഥാനിൽ താമസിക്കുന്ന എല്ലാ ആളുകളും –അവർ ഏകദൈവവിശ്വാസികളായ മുസ്‍ലിംകളാണെങ്കിലും ശരി, വിഗ്രഹാരാധകരായ ഹിന്ദുക്കളാണെങ്കിലും ശരി –ഹിന്ദുക്കളാണെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.
2. പരിശുദ്ധ ഖുര്‍ആന്‍: സൂറത്തുല്‍ കാഫിറൂന്‍

