Begin typing your search above and press return to search.

ഞാൻ ഔറംഗസേബ്

ഞാൻ ഔറംഗസേബ്
cancel

അധ്യായം 8 എന്താണ് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ഒന്നുറക്കെ പറയൂ. ഓ, ബലാത്സംഗംചെയ്തെന്ന് പറയാന്‍ പാടില്ലേ? പിന്നെന്താണ് പറയേണ്ടത്? ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടു. യാ അല്ലാഹ്! എന്തൊരു ലോകമാണടോ ഇത്! നാദിർഷായുടെ സൈനികര്‍ ഓരോ വീട്ടിലും കയറി അവിടെ കണ്ണില്‍പ്പെട്ട കുട്ടികളെ ചുമരില്‍ അടിച്ചുകൊന്നു. വലിയൊരു ശെയ്ത്താന്റെ കൂട്ടത്തെപ്പോലെ കണ്ണിൽ കണ്ടവരെയെല്ലാം അവര്‍ വെട്ടുകയും വെടിവെക്കുകയും ചെയ്തു. ഇതു കണ്ടവർ അന്നത്തെ ദിവസം ദില്ലിയില്‍ രക്തമഴ പെയ്തെന്നെഴുതി. തെരുവുകളിലെല്ലാം ശവശരീരങ്ങളും അറ്റുപോയ കൈകളും കാലുകളും തലകളും ചിതറിക്കിടന്നു. വീടുകളും കടകളും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

അധ്യായം 8  

എന്താണ് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, ഒന്നുറക്കെ പറയൂ. ഓ, ബലാത്സംഗംചെയ്തെന്ന് പറയാന്‍ പാടില്ലേ? പിന്നെന്താണ് പറയേണ്ടത്?

ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടു. യാ അല്ലാഹ്! എന്തൊരു ലോകമാണടോ ഇത്! നാദിർഷായുടെ സൈനികര്‍ ഓരോ വീട്ടിലും കയറി അവിടെ കണ്ണില്‍പ്പെട്ട കുട്ടികളെ ചുമരില്‍ അടിച്ചുകൊന്നു. വലിയൊരു ശെയ്ത്താന്റെ കൂട്ടത്തെപ്പോലെ കണ്ണിൽ കണ്ടവരെയെല്ലാം അവര്‍ വെട്ടുകയും വെടിവെക്കുകയും ചെയ്തു.

ഇതു കണ്ടവർ അന്നത്തെ ദിവസം ദില്ലിയില്‍ രക്തമഴ പെയ്തെന്നെഴുതി. തെരുവുകളിലെല്ലാം ശവശരീരങ്ങളും അറ്റുപോയ കൈകളും കാലുകളും തലകളും ചിതറിക്കിടന്നു. വീടുകളും കടകളും അഗ്നിക്കിരയാക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും എടുത്തുമാറ്റിയതിനു ശേഷമാണ് നാദിർഷായുടെ സൈനികർ തീ കൊളുത്തിയത്. വെള്ളിപ്പാത്രങ്ങൾപോലും ബാക്കിവെച്ചില്ല. തന്റെ വീടിന്റെ മേൽക്കൂരയിലിരുന്നുകൊണ്ട് ഈ ദൃശ്യങ്ങൾ വീക്ഷിച്ചിരുന്ന ഒരു ഹിന്ദു – ആനന്ദ് റാം മുഖ്ലിസ് എന്നാണു പേര്– താന്‍ കണ്ടതെല്ലാം എഴുതിവെച്ചിട്ടുണ്ട്. തെരുവിൽ കിടന്ന മൃതദേഹങ്ങളും ദ്രവിച്ച ശരീരഭാഗങ്ങളും സംസ്കരിക്കാൻ ദിവസങ്ങളെടുത്തു. നഗരംതന്നെ അഗ്നിക്കിരയായതിനാല്‍, തീയണയ്ക്കാൻ എട്ടു ദിവസമെടുത്തു. മുസ്‍ലിം-ഹിന്ദു എന്ന വിവേചനമില്ലാതെ വെറും ആറു മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മൃതദേഹങ്ങളാണ് ദില്ലിയിൽ നിലംപതിച്ചത്.

മുഹമ്മദ് ഷാ പാവം, മയില്‍പ്പീലിപോലെ മൃദുലൻ. മിണ്ടാതെ എവിടെയോ ഒരു കവിയായി പിറന്നാല്‍ മതിയായിരുന്നു. മുഗൾ സാമ്രാജ്യത്തിലെ മയൂരസിംഹാസനത്തിലേക്ക് വന്നു വീണു. നടന്ന ക്രൂരതകളെല്ലാം കണ്ട് നടുങ്ങിപ്പോയ അവന്‍, തന്റെ തലപ്പാവെടുത്ത് കൈയില്‍വെച്ച് നാദിർഷായുടെ കാലുകള്‍ തൊട്ടുവണങ്ങി. എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ എന്റെ പ്രജകളെ വിട്ടേക്കുക, അവർ അനുഭവിച്ചതു മതിയായെന്ന് അവൻ നിലവിളിച്ചു. അതിനുശേഷമാണ് നാദിർഷായുടെ കൊലവിളി അവസാനിച്ചത്. അതും ഒരു വ്യവസ്ഥപ്രകാരം. മുഹമ്മദ് ഷാ നാദിർഷാക്ക് നൂറുകോടി രൂപ നൽകണം. പക്ഷേ അതിനുശേഷവും കവർച്ചയും ലൈംഗികാതിക്രമവും തുടരുകയാണ് ചെയ്തത്. എന്നാൽ കൊലയും തീവെപ്പും നിലച്ചു.

നാദിർഷാ ജനങ്ങളുടെ ജീവന് വിലയിട്ടുകളഞ്ഞു. നൂറു കോടി രൂപ. അത്രയും പണത്തിനുവേണ്ടി മുഹമ്മദ് ഷാ എങ്ങോട്ടുപോകും? ഓരോ വീടിനും നിശ്ചിത രൂപ വീതം കണക്കാക്കി. ഒറ്റ ദിവസം കൊണ്ട് കണ്ണിമയ്ക്കുന്ന വേഗത്തിലാണ് ജനങ്ങളുടെ പൈതൃകസ്വത്തുക്കളെല്ലാം അപഹരിക്കപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾ വിഷം കുടിച്ച് മരിച്ചു. ലോകപ്രശസ്തമായ മയൂരസിംഹാസനം, അതിനെക്കാളും പ്രസിദ്ധമായ കോഹിനൂർ രത്നം... ഇനിയും എന്തൊക്കെയോ കൈയില്‍ കിട്ടിയതെല്ലാം പേര്‍ഷ്യയിലേക്ക് കൊണ്ടുപോകാനായി നാദിർഷാ കെട്ടുകളാക്കി അടുക്കിവെച്ചു.

 

ഹിന്ദുസ്ഥാന്റെ സമ്പത്ത് മാത്രമായിരുന്നു നാദിർഷായുടെ ആവശ്യം. അവൻ ഈ നാട് ഭരിക്കാനല്ല വന്നത്. തന്റെ പ്രധാന ശത്രുക്കളായ റഷ്യക്കാരെയും ഒട്ടോമനെയും നേരിടാൻ അവന് സാമഗ്രികള്‍ ആവശ്യമായിരുന്നു. ലോകപ്രസിദ്ധമായ മയൂര സിംഹാസനം –അതിലാണ് കോഹിനൂർ രത്നവും തൈമൂർ മാണിക്യവും പതിച്ചിരുന്നത്, ലോകത്തിലെത്തന്നെ ഏറ്റവും വലിയ മുഗൾ വജ്രം, പിന്നെയും ഇതുപോലെയുള്ള പല വസ്തുക്കളൊക്കെയും കുന്നുകൂട്ടി. മൊത്തം എഴുനൂറ്  ആനകള്‍, നാലായിരം ഒട്ടകങ്ങള്‍, പന്ത്രണ്ടായിരം കുതിരകളിലായി ഈ സ്വർണവും വജ്രവും വൈഡൂര്യവും മറ്റു നിരവധി രത്നങ്ങളും ആഭരണങ്ങളും എടുത്തുകൊണ്ടുപോയി (ഇവയുടെ ഇന്നത്തെ മൂല്യം 92,000 കോടി രൂപയോളം വരും). 

മേയ് ആദ്യവാരം ആ കൊള്ളസംഘം ദില്ലിയില്‍നിന്ന് പുറപ്പെട്ടു. തങ്ങളുടെ കണ്ണില്‍പ്പെട്ട ആനകളെയും ഒട്ടകങ്ങളെയും കുതിരകളെയും, എന്നു കണ്ട എല്ലാറ്റിനെയും നാദിർഷായുടെ സൈനികരും എടുത്തുകൊണ്ടു ചെന്നു. ഈ കവർച്ചയുടെ ഫലമായി, നാദിർഷാ പേർഷ്യയിലെ തന്റെ പ്രജകളിൽനിന്ന് മൂന്നു വർഷത്തേക്ക് നികുതി പിരിക്കുന്നത് നിർത്തിക്കളഞ്ഞു.

രാജ്യത്തേക്ക് മടങ്ങി കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ നാദിർഷാക്ക് ഭ്രാന്തുപിടിച്ചു. തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്ന് സംശയിച്ച് തന്റെ മകൻ റെസ കുലി മിർസയെ (1719 - 1747) അവന്‍ കുരുടനാക്കി. പിന്നീട് ആ ശിക്ഷ കണ്ടുകൊണ്ടിരുന്ന ഉമറാക്കളെയെല്ലാം ഒന്നൊന്നായി വധിച്ചു. 1747 ജനുവരിയിൽ തന്റെ സൈന്യത്തോടൊപ്പം ദഷ്ത് - എ - ലുട് മരുഭൂമി മുറിച്ചുകടക്കുമ്പോൾ, കണ്ണിൽപ്പെട്ട എല്ലാവരെയും പീഡിപ്പിക്കുകയും കൊല്ലുകയുംചെയ്തു. ഇതിൽ അവന്റെ സേനാനായകരും സൈനികരും ഉൾപ്പെട്ടിരുന്നു. ഇതെല്ലാം കണ്ട അവന്റെ ചില സൈന്യാധിപന്മാർ അവനെ ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നു. ഇതറിഞ്ഞ നാദിർഷാ തന്റെയടുത്തേക്കു വന്നവരെയെല്ലാം കൊലപ്പെടുത്തി.

ഇപ്പോൾ ലുംപെൻ (Lumpen) എന്നു പറയുന്നുണ്ടല്ലോ, അങ്ങനെയൊരു ലും​െപനാണ് നാദിർഷാ. നിങ്ങളുടെ നാട്ടിലെ രാഷ്ട്രീയക്കാരില്‍ ചിലര്‍ ഉന്തുവണ്ടിയിൽ പച്ചക്കറി വിറ്റ്, പോകപ്പോകെ കാര്യദർശിയായി, പിന്നീട് മന്ത്രിയുടെ നിലവാരത്തിലേക്ക് ഉയരുമല്ലോ. അതുപോലെ, ഒരു തെണ്ടിയായി ജനിച്ച് സൈന്യത്തിൽ ചേർന്ന് രാജാവായി മാറിയവനാണ് നാദിര്‍ ഷാ. പണം, അധികാരം, രക്തദാഹം. ഇവ മൂന്നുമാണ് അവന്റെ ജീവശ്വാസം. ഖജനാവ് മാത്രമല്ല, മുഹമ്മദ് ഷായുടെ മകളെ അവന്റെ പേരമകന് വിവാഹം ചെയ്തു കൊടുക്കണമെന്നതുമായിരുന്നു നാദിർഷായുടെ നിബന്ധന. ഔറംഗസേബ് ആലംഗീർ എന്ന ഈ അടിമയുടെ സന്തതി.

വിവാഹമണ്ഡപത്തിൽ വധുവിന്റെ ഏഴു തലമുറകളുടെ പേരു പറയണം. എന്റെ കൊച്ചുമകൾ, ജഹാന്‍പനാഹ് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി സഹീറുദ്ദീൻ മുഹമ്മദ് ബാബർ ചക്രവർത്തി, ജഹാൻബാനി ജന്നത്ത് ആഷ്യാനി മിർസ നസീറുദ്ദീന്‍ ബെയ്ഗ് മുഹമ്മദ് ഖാൻ ഹുമയൂൺ, അർഷ് ആഷ്യാനി അക്ബർ ബാദുഷ, ജഹാംഗീർ ബാദുഷ, സാഹിബ് കിറാന്‍ ഷാജഹാൻ ബാദുഷ, ഔറംഗസേബ് ആലംഗീർ, ബഹദൂര്‍ ഷാ ബാദുഷ എന്നിവരുടെ പേരുകള്‍ പറഞ്ഞപ്പോള്‍, മൗലവി നാദിർഷായോട് അവന്റെ പൂർവികരുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടു. അതിനവന്‍ വാളിന്റെ മകനായ നാദിര്‍ഷാ, വാളിന്റെ പേരമകനായ നാദിര്‍ഷാ, വാളിന്റെ പ്രപൗത്രനായ നാദിര്‍ഷാ എന്നു മറുപടി പറഞ്ഞു. അതും കൂടി നോക്കൂ താങ്കള്‍. മുഗൾ സാമ്രാജ്യത്തിൽ വാളുകൾക്കുപോലും പേരുകളുണ്ട്. അനാഥനായ ആ മനുഷ്യനു തന്നെ പേരില്ലാത്തപ്പോൾ പിന്നെ എവിടെയാണ് വാളിന് പേരുണ്ടാവുക? പരദേശികൾ പുറപ്പെട്ടു ചെന്നതും ദില്ലിയില്‍ പ്ലേഗ് രോഗം പടര്‍ന്നു. നഗരം പഴയ സ്ഥിതിയിലേക്ക് മടങ്ങാൻ നൂറു വർഷം വേണ്ടിവന്നു. ആ നൂറുവർഷത്തില്‍ പെൺകുട്ടികളെ ആറോ ഏഴോ വയസ്സിൽതന്നെ വിവാഹം കഴിപ്പിച്ചു നൽകി. അല്ലാത്തപക്ഷം, അന്യനാട്ടിൽനിന്ന് വരുന്നവർ തട്ടിക്കൊണ്ടുപോകുമെന്ന് ജനങ്ങൾ ഭയപ്പെട്ടു.

ഈ അടിമ അൽപം മുമ്പ് അശോകനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ട്, ഹരത്തില്‍ എങ്ങോട്ടോക്കെയോ ഗതി മാറിപ്പോയി. പറയാന്‍ ആ കഥയിൽ ഇനിയും ഏറെയുണ്ട്. ഹിന്ദുസ്ഥാനിലെ യഥാർഥ വില്ലൻ ആരാണെന്ന് ചോദിച്ചാൽ അത് അശോകനാണ്. എന്തുകൊണ്ടെന്നാല്‍, ഇപ്പോൾ നിങ്ങൾ ജനാധിപത്യമെന്നു പറയുന്നുണ്ടല്ലോ, ഏതാണ്ട് അത്തരത്തിലൊരു സംവിധാനം സംജാതമായിരുന്ന കലിംഗയെ തന്റെ ഭരണത്തിനു കീഴിൽ കൊണ്ടുവരാനും തന്റെ സ്വേച്ഛാധിപത്യം നിലനിറുത്തുവാനുമായി യുദ്ധംചെയ്തത് അദ്ദേഹമാണ്. കലിംഗയും മൗര്യ സാമ്രാജ്യംപോലെ ശക്തമായിരുന്നതിനാൽ ഇരുപക്ഷത്തും പൊലിഞ്ഞത് അമ്പതിനായിരം പേരുടെ ജീവനാണ്. മൊത്തം ഒരു ലക്ഷം. ഗുരുതരമായ പരിക്കു മൂലവും പട്ടിണിയാലും മരണപ്പെട്ടത് രണ്ടുലക്ഷം പേര്‍. അതുകൂടാതെ ഒന്നര ലക്ഷം ആളുകളെ അശോകന്‍ തടവുകാരായി പിടിച്ചുകൊണ്ടുംപോയി. ഈ ഭയാനകമായ രക്തച്ചൊരിച്ചിൽ കണ്ട് മനസ്സ് മാറിയതായും ഇനി അഹിംസയുടെ പാത മാത്രമേ പിന്തുടരുകയുള്ളൂ എന്നും അശോകൻ എന്തോ തന്റെ ശിലാശാസനങ്ങളില്‍ പറയുന്നുണ്ടല്ലോ, അതില്‍ അൽപമെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ പിടിച്ചുകൊണ്ടുപോയ ഒന്നരലക്ഷം തടവുകാരെ അദ്ദേഹത്തിന് മോചിപ്പിക്കാമായിരുന്നു, അല്ലേ?

എന്നാല്‍ അങ്ങനെ ചെയ്തില്ലല്ലോ? അതുമാത്രമല്ല; അഹിംസയുടെ പാതയിലേക്ക് പരിവർത്തനംചെയ്തതിന് ശേഷവും അദ്ദേഹം ആയിരക്കണക്കിന് ജൈനന്മാരെയും ആജീവകന്മാരെയും കൊന്നുകളഞ്ഞു. അതിനുള്ള തെളിവ് അശോകവദാനിലുണ്ട്. തെളിവില്ലാതെ തന്റെ സംഭാഷണത്തിൽ ഒരക്ഷരംപോലും ഈ അടിമ പറയുകയില്ല. ഇതു വായിക്കാനിടയാകുന്ന നിങ്ങളുടെ ചെവികളില്‍ വന്ന് ഈ അടിമ പറയുകയാണ്, അശോകവദാന്‍ വായിച്ചു നോക്കുക. ബംഗാളിൽ ഒറ്റദിവസംകൊണ്ട് പതിനെണ്ണായിരം ആജീവകന്മാരെയാണ് അശോകൻ കൊലപ്പെടുത്തിയത്. അതാണ് ഹിന്ദുസ്ഥാന്റെ ചരിത്രത്തിൽ മതത്തിന്റെ പേരിൽ നടന്ന ആദ്യത്തെ കൂട്ടക്കൊല. ആഹ്, ഇന്നത്തെ ഹിന്ദുസ്ഥാന്റെ ആരാധനാ ബിംബമായ അശോകന്റെ മഹത്വം, ഏത്! ഇതുപോലും കലിംഗയുദ്ധത്തിനു മുമ്പായിരുന്നെങ്കിൽ, അശോകന്റെ ജീവിതത്തിലെയൊരു കളിയായി കണക്കാക്കാം. അതിശയകരമെന്നു പറയട്ടെ, അശോകൻ ബുദ്ധമതം സ്വീകരിച്ചതിനു ശേഷമാണ് മുകളിൽ പറഞ്ഞ സംഭവം നടന്നത്!

ഒരിക്കലൊരു –അശോകൻ അഹിംസാമൂർത്തിയായതിനുശേഷമാണ് ഇതും സംഭവിച്ചത്– ജൈനന്‍ ഒരു ചിത്രം വരച്ചു. ആ ചിത്രത്തില്‍ തഥാഗതൻ തീർഥങ്കരനു മുന്നിൽ വണങ്ങിനിൽക്കുന്നു. ആഹാ, എന്തൊരു മതനിന്ദ. ആ ജൈന ചിത്രകാരനെയും കുടുംബത്തെയും അവരുടെ വീടിനോടൊപ്പം തീകൊളുത്തുകയുണ്ടായി. അതോടെ തീര്‍ന്നില്ല. ഒരു ജൈനന്റെ തലക്ക് ഒരു സ്വർണ നാണയമെന്ന് അശോകൻ പ്രഖ്യാപിച്ചു. പല ജൈന തലകളും ഉരുണ്ടു. യാ അല്ലാഹ്!

ഞാനിപ്പോളൊരു അഘോരിയുടെ ശരീരത്തിലാണ് വസിക്കുന്നത്. ഒരു മുഴുവൻ ലൈബ്രറിയും ഒറ്റ നോട്ടത്തിൽ സ്കാൻ ചെയ്യാനും തലച്ചോറിൽ സൂക്ഷിക്കാനും എനിക്ക് കഴിയും. അതു ചെയ്തിട്ടാണ് ധൈര്യത്തോടെ ഞാൻ പറയുന്നത്. എന്തോ എന്റെ വ്യക്തിപരമായ ഇഷ്ടക്കേട് കാരണമല്ല പറയുന്നത്. ഈ അഘോരിയുടെ ശരീരത്തിൽ ഞാൻ ഇരിക്കുന്നിടത്തോളം –നമ്മുടെ ഈ സംഭാഷണം അവസാനിക്കുന്നതു വരെ– ഇക്കാര്യത്തിൽ ആരുമായും സംവാദത്തിന് ഈ അടിമ തയാറാണ്. അശോകനെക്കുറിച്ച് അറിയാനുള്ള മൂലഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ്? മഹാവംശം, ദീപവംശം, അശോകവദാന്‍, അശോകന്റെ ശിലാശാസനങ്ങൾ. ഇതുപോലെയുള്ളതെല്ലാം കമ്പ്യൂട്ടറിൽ കയറിക്കഴിഞ്ഞു (തന്റെ തല തൊട്ടുകാണിക്കുന്നു). ഇതുകൂടാതെ സൂത്ര പീഠക, വിനയ പീഠക, അഭിധമ പീഠക, എന്നിങ്ങനെ ത്രിപീഠകങ്ങളുണ്ട്. അവയും മെമ്മറിയില്‍ കയറ്റിയിട്ടുണ്ട് (വീണ്ടും തല തൊട്ടുകാണിക്കുന്നു). ഇതെല്ലാം വായിക്കുമ്പോൾ നിങ്ങൾ ആഘോഷിക്കുന്ന അശോകനെന്ന ബിംബത്തിനും യഥാർഥ അശോകനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാകും. ഒരിക്കലും നിലവിലില്ലാതിരുന്ന ഒരു സാങ്കൽപിക ബിംബത്തെയാണ് യഥാർഥത്തിൽ നിങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്.

അധ്യായം 9

അശോകന്‍ അധികാരത്തിലേറി ഏഴു വർഷത്തിനുള്ളിൽ കലിംഗയുദ്ധം ആരംഭിക്കുകയും അവസാനിക്കുകയുംചെയ്തു. അതിനുശേഷം മുപ്പതു വർഷക്കാലം അശോകൻ ഭരണം നിർവഹിച്ചു. ആ മുപ്പതു വർഷങ്ങൾ സനാതന മതത്തിന് –അന്ന് മൗര്യന്മാർ അതിനെ ബ്രാഹ്മണമതം എന്നാണല്ലോ വിശേഷിപ്പിച്ചത്? – ശോഷണം സംഭവിച്ചുവെന്ന് പറയേണ്ടിവരും. എന്നിട്ടും കോട്ടം വരാതെ ആ കാലഘട്ടത്തില്‍ സനാതന മതം അതിജീവിച്ചതിനുള്ള കാരണം, അശോകന്റെ കാലശേഷം മൗര്യസാമ്രാജ്യംതന്നെ നാമാവശേഷമായതിനാലാണ്.

ഇന്ന് എവിടെ തിരിഞ്ഞാലും അശോകന്‍ എന്ന പേര് താങ്കള്‍ കേൾക്കുന്നുണ്ട്. ഓരോ തെരുവിലും ഒരു അശോകനെ കാണാന്‍ സാധിക്കും. ഹിന്ദുസ്ഥാനിലുടനീളം ഇതാണ് സ്ഥിതി. ഹിന്ദുക്കളാണ് ആ പേര് അഭിമാനത്തോടെ കൊണ്ടുനടക്കുന്നത്. ശെയ്ത്താനെ ദൈവമായി കൊണ്ടാടുന്നതിന് തുല്യമാണത്. അശോകന്റെ ഭരണകാലത്ത് ഹിന്ദുസ്ഥാന്റെ മുഴുവന്‍ ചരിത്രത്തിലും കാണാത്തവിധം ബ്രാഹ്മണർ അടിച്ചമർത്തപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ദ്രാവിഡ മുന്നേറ്റത്തെയും ചേർത്താണ് പറയുന്നത്. മൃഗബലി അശോകൻ നിരോധിച്ചെങ്കിലും ബുദ്ധമതത്തെ സർക്കാർ പിന്തുണച്ചെങ്കിലും ബ്രാഹ്മണർ പൂർണമായും ഉപേക്ഷിക്കപ്പെട്ടു. വേദമന്ത്രങ്ങൾ തീര്‍ത്തും നിർത്തലാക്കി. ഹിന്ദുസ്ഥാന്റെ ചരിത്രത്തിൽ ബ്രാഹ്മണമതം എന്നറിയപ്പെട്ടിരുന്ന സനാതന മതം അശോകന്റെ  ഭരണകാലത്തെപ്പോലെ മറ്റൊരു കാലത്തും അത്രയും ക്രൂരമായി അടിച്ചമർത്തപ്പെട്ടിട്ടില്ല.

അശോകൻ തന്റെ കാലത്ത് ബുദ്ധമതത്തെ എത്രമാത്രം പിന്തുണച്ചിരുന്നുവെന്നതിന് ഉദാഹരണം പറയുകയാണെങ്കില്‍, അദ്ദേഹം മരണപ്പെടുമ്പോൾ സര്‍ക്കാര്‍ ഖജനാവ് തന്നെ കാലിയായിരുന്നു. മൗര്യ സാമ്രാജ്യത്തിന്റെ പതനത്തിന് ഏറ്റവും വലിയ കാരണവും ഇതാണ്. ഈ അടിമയുടെ മരണസമയത്തും സംഭവിച്ചത് ഇതുതന്നെയാണെങ്കിലും കാരണം മറ്റൊന്നായിരുന്നു. യുദ്ധങ്ങൾ കാരണമാണ് ഞങ്ങളുടെ ഖജനാവ് കാലിയായത്. അത് ഈ ഹീനന്‍ ചെയ്ത വലിയ തെറ്റായിരുന്നു, പൊറുക്കാനാവാത്ത തെറ്റായിരുന്നുവെന്ന് അവസാനകാലത്താണ് എനിക്കു മനസ്സിലായത്. എന്നാൽ, ബുദ്ധമത സ്ഥാപനങ്ങൾക്ക് വാരിക്കോരി കൊടുത്തതിനാലാണ് അശോകന്റെ ഖജനാവ് കാലിയായത്. സ്വര്‍ണങ്ങള്‍ വാരിക്കോരി കൊടുത്തു. അതിനാൽ അദ്ദേഹത്തിന്റെ ഭരണകാലം ബ്രാഹ്മണമതത്തിന്റെ ഇരുണ്ട കാലഘട്ടമായിരുന്നു. എന്നാലും ബ്രാഹ്മണമതം ഭാഗ്യം ചെയ്തിരുന്നതിനാല്‍, അശോകന്റെ ഭരണശേഷം കലിംഗ വീണ്ടും ഉയർന്നുവരികയും ബുദ്ധമതം പുറംനാടുകളില്‍ അഭയം പ്രാപിക്കാനിടയാവുകയുംചെയ്തു.

പറഞ്ഞുവരികയാണെങ്കില്‍, പത്തൊമ്പതാം നൂറ്റാണ്ടു വരെ അശോകന്റെ പേര് വെളിയില്‍ അജ്ഞാതമായിരുന്നു. പിന്നീടാണ് ചില പാശ്ചാത്യ കപട ബുദ്ധിജീവികളും ജവഹർലാൽ നെഹ്‌റുവും ചേർന്ന് തങ്ങളുടെ ആധുനിക ദേശീയതയെ രൂപപ്പെടുത്താനായി ‘അശോക ദി ഗ്രേറ്റ്’ എന്നയൊരു തെറ്റായ ബിംബത്തെ സൃഷ്ടിച്ചത്. അങ്ങനെയുള്ള വ്യാജ ബിംബത്തെ ഉണ്ടാക്കാനും പരിപാലിക്കാനും ഒരു വില്ലൻ ആവശ്യമാണല്ലോ, അല്ലേ? വില്ലനില്ലാതെ നായകനില്ലല്ലോ? അപ്പോള്‍ കുടുങ്ങിയ ആളാണ് ഔറംഗസേബ് ആലംഗീർ എന്ന ഈ അടിമ. അശോകനെപ്പോലെ ഞാൻ മാർക്കറ്റിങ് ചെയ്തില്ല. വൻതുക മുടക്കി നടന്നിരുന്ന മാര്‍ക്കറ്റിങ് പ്രവർത്തനങ്ങള്‍ പ്രജകളുടെ താൽപര്യം പരിഗണിച്ച് നിർത്തിവെച്ചു. അവ എന്തൊക്കെയാണെന്ന് നോക്കാം.

മുകപ്പിലിരുന്നുകൊണ്ട് ചക്രവർത്തിമാർ ദർശനം നൽകുന്ന ദൈനംദിനചര്യ ഞാൻ നിർത്തലാക്കി. ഒരുദിവസം ഞാൻ മുകപ്പിലെത്താന്‍ വൈകിപ്പോയി. താഴെ ഒരു ബ്രാഹ്മണന്റെ മുഖം വാടിപ്പോയിരുന്നു. അടുത്തേക്ക് വിളിച്ചു കാര്യമെന്താണെന്ന് തിരക്കി. “ചക്രവർത്തി തിരുമനസ്സേ, താങ്കള്‍ ഞങ്ങൾക്ക് ദൈവത്തെപ്പോലെയാണ്. താങ്കളെ ദര്‍ശിച്ച ശേഷമാണ് ഭക്ഷണം കഴിക്കുന്ന പതിവ് ഞങ്ങൾക്കുള്ളത്. അതാണ് ഞങ്ങളുടെ മതത്തിലെ നിയമം”, അയാള്‍ പറഞ്ഞു. ഞാൻ ആകെ പതറിപ്പോയി. ദൈവത്തെയല്ലാതെ മറ്റാരെയും വണങ്ങാന്‍ പാടില്ലായെന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്ന എനിക്ക് ഉടനടി ആ സമ്പ്രദായം നിർത്തലാക്കണമെന്ന് തോന്നി. അന്നുതന്നെ ആ നിമിഷംതന്നെ ഞാനത് നിർത്തലാക്കി. ജഹാൻബാനി ജന്നത്ത് ആഷ്യാനിയുടെ കാലം മുതൽ തുടരുന്ന ഒരു സമ്പ്രദായം. എന്റെ വസീർമാര്‍ നിർത്തരുതെന്ന് പറഞ്ഞു. ചക്രവർത്തി തലസ്ഥാനത്തുള്ള ദിവസങ്ങളിൽ ഇങ്ങനെ മുകപ്പിലേക്ക് വന്ന് ദര്‍ശനം നല്‍കിയാലാണത്രെ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെന്ന് ജനങ്ങൾക്ക് ഉറപ്പുവരിക. അല്ലെങ്കിൽ നാട് വിഭജിക്കപ്പെടും.

കുറ്റവാളികൾക്ക് ഭയമില്ലാതാകും. ഇപ്പോള്‍ ചില രാഷ്ട്രീയ നേതാക്കൾ മരിച്ചാൽ രണ്ടോ മൂന്നോ ദിവസത്തേക്ക് ചട്ടമ്പികളല്ലെ രാജ്യം നടത്തുന്നത്? അങ്ങനെ സംഭവിക്കുമത്രെ. ആരു ചെയ്യുന്നതാണ് ചട്ടമ്പിത്തരം? പറഞ്ഞു, ഞാൻ തല വെട്ടി തെരുവുമൂലയിലെ തൂണിൽ തൂക്കിയിടാൻ. അവർ വായ മൂടി. എന്തിനാണീ അനാവശ്യമായ പ്രകടനപരത? ഈ അടിമയുടെ ഖജനാവിലെ ഓരോ പൈസയും എങ്ങനെ ജനങ്ങള്‍ക്ക് അവകാശപ്പെടുന്നുവോ അതേപോലെ അവന്റെ ഓരോ അണുത്തൂക്കം സമയവും ദൈവത്തിനും ദൈവത്തിന്റെ മഹത്തായ സൃഷ്ടിയായ മനുഷ്യനും സേവചെയ്യാന്‍ വേണ്ടി ചെലവഴിക്കണം.

അതേപോലെത്തന്നെ ജഹാൻബാനി ജന്നത്ത് ആഷ്യാനിയുടെ കാലം മുതൽക്കേ ദര്‍ബാറിലുണ്ടായിരുന്ന മറ്റൊരു ശീലവും ഞാൻ നിർത്തലാക്കി. ആയിരക്കണക്കിന് രൂപയാണ് ഇതിനുവേണ്ടി ചെലവാക്കിക്കൊണ്ടിരുന്നത്. ചക്രവർത്തിമാരുടെ ചരിത്രമെഴുതുകയെന്ന ഭ്രാന്ത്. ഇനായത്ത് ഖാന്റെ ഷാജഹാൻ നാമയിലോ അബ്ദുൽ ഹമീദ് ലാഹോറിയുടെ ബാദ്ഷാ നാമയിലോ താങ്കള്‍ക്കെന്താണ് കണ്ടെത്താനാവുക? യുദ്ധകഥകളും ചക്രവർത്തിയുടെ സൈന്യത്തിന്റെ വിജയകഥകളും വിഗ്രഹാരാധനയിൽനിന്ന് രക്ഷിച്ച് ശരിയായ പാതയിലേക്ക് എത്ര പേരെ നയിച്ചുവെന്നൊക്കെയുള്ള കഥകളല്ലേ? ഇതല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? എല്ലാം ചക്രവർത്തിയെ സ്തുതിക്കുന്ന ബഡായിക്കഥകള്‍. ഒരു ചക്രവർത്തി തന്റെ ഖാത്തിബുമാരെ ക്ഷണിച്ച് അവ എഴുതാൻ അവർക്ക് വലിയ പ്രതിഫലം നൽകി എഴുതിക്കുന്ന കഥകൾ എങ്ങനെയുണ്ടായിരിക്കും?

നിങ്ങളുടെ പുരട്ച്ചിത്തലൈവിയുടെ ചരിത്രം അവരുടെ പാർട്ടി പ്രവർത്തകർ എഴുതുന്നതുപോലെയായിരിക്കില്ലേ. മഹത്തായ കാവ്യാത്മകതയാലും ദാർശനിക ദർശനങ്ങളാലും രചിക്കപ്പെട്ട ‘അക്ബർ നാമ’യാണെങ്കില്‍പോലും എന്റെ അഭിപ്രായത്തിന് മാറ്റമില്ല. അതിനാല്‍, ജനങ്ങളുടെ പണം അങ്ങനെയൊന്നും പാഴായിപ്പോകരുതെന്ന ഉദ്ദേശ്യമാണ് ഞാൻ ആ ഭ്രാന്ത് നിർത്തലാക്കാനുള്ള കാരണം. പ്രജകളുടെ പണംകൊണ്ട് രാജാക്കന്മാർ ആഡംബരത്തോടെ ജീവിക്കുന്നത് ഒരു സാമൂഹിക കുറ്റമാണെന്നാണ് ഞാൻ കരുതുന്നത്. ഒരു ഉദാഹരണം പറയാം. ദാരാ ഷികോഹിന്റെ വിവാഹസമയത്ത് വധു നാദിറ ബീഗത്തിന് വാങ്ങിയ വസ്ത്രങ്ങളുടെ അപ്പോഴത്തെ വില എട്ടു ലക്ഷം രൂപ. ഇന്നത്തെ മൂല്യത്തിൽ നൂറ്റിയിരുപതു കോടി രൂപ. എന്നാൽ, ഇപ്പോളാണ് എനിക്കു മനസ്സിലാകുന്നത്, ഞാന്‍ അങ്ങനെ പ്രജകളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെ ഭാവിയിലെ എന്റെ ഇമേജിനെപ്പറ്റിമാത്രം ആശങ്കപ്പെട്ടിരുന്നെങ്കില്‍, നിങ്ങളെന്നെ ഇങ്ങനെയൊരു വില്ലനാക്കില്ലായിരുന്നു. 

‘ബാബർനാമ’ മാത്രം ഇതിനൊരു അപവാദമായിരിക്കും. കാരണം, അത് ഫിർദൗസെ മക്കാനി സ്വയമെഴുതിയതാണ്. അതും എങ്ങനെ? പന്ത്രണ്ടു വയസ്സിനുശേഷം ഒരേ സ്ഥലത്ത് ഒന്നിലധികം തവണ അദ്ദേഹം റമദാൻ ആഘോഷിച്ചിട്ടില്ല. അത്രത്തോളം നാടോടിയായി അലഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതകാലം മുഴുവൻ യുദ്ധക്കളത്തിൽ ചെലവഴിച്ച രണശൂരന്‍. അതിനാല്‍ അതൊരു അത്ഭുതകരമായ നോവൽ പോലെയുണ്ടായിരുന്നു. പലരും പറയാൻ മടിക്കുന്ന വിഷയങ്ങളെല്ലാം വളരെ സാധാരണമായി എഴുതിപ്പോവുകയാണ് ഫിർദൗസെ മക്കാനി ചെയ്യുന്നത്. അതുകൊണ്ടല്ലേ പാശ്ചാത്യർ ഇപ്പോഴും അതിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്!

ജഹാന്‍പനാഹ് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി, പതിനേഴായിരുന്നു അപ്പോള്‍ പ്രായം. ആയിഷ സുൽത്താൻ ബീഗവുമായുള്ള ആദ്യ വിവാഹം. എന്നാൽ, ആയിഷ ബീഗവുമായി ബന്ധം പുലർത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒരു പുരുഷന് സ്ത്രീയോട് ഉണ്ടാകുന്ന സ്വാഭാവികമായ ആകർഷണംതന്നെ അദ്ദേഹത്തിന് തോന്നിയില്ല. അത്തരം പ്രലോഭനം തന്നെയുണ്ടായില്ല. മാസത്തിലൊരിക്കൽ മാത്രമേ പോകാന്‍ സാധിച്ചിരുന്നുള്ളൂ. അതും മാതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി. എന്നാല്‍ “ബാബറി എന്ന ബാലനെ കാണുമ്പോഴെല്ലാം എന്റെ ഹൃദയത്തില്‍ ആസക്തിയുണ്ടാകുന്നു. കൈകാലുകൾ ഇളകിമറിയുന്നു. നാക്ക് വരണ്ടുണങ്ങുന്നു. കാമത്താലും പ്രണയത്താലും ഒരുതരം വിറയലുണ്ടാകുന്നു. വഴിയിൽ എവിടെയെങ്കിലും ആ പയ്യനെ കണ്ടാൽ ഞാൻ സ്തംഭിച്ചു നിന്നുപോകും” എന്നദ്ദേഹം എഴുതുന്നു. അവനെക്കുറിച്ച് കവിതകളും എഴുതിയിട്ടുണ്ട്. ഏതു ചക്രവർത്തിക്കാണ് ഇങ്ങനെയെഴുതാൻ കഴിയുക? പക്ഷേ, ഫിർദൗസെ മക്കാനിക്ക് തന്റെ ആത്മകഥ എഴുതാൻ എങ്ങനെ സമയം ലഭിച്ചുവെന്നതാണ് അതിനേക്കാളും വലിയ അത്ഭുതം!

അപ്രകാരം, യുദ്ധക്കളങ്ങളിലും മരുഭൂമിയിലെ യാത്രകള്‍ക്കിടയിലും എഴുതിയ  ‘ബാബർനാമ’ അല്ലാതെ മറ്റൊന്നും വകക്കുകൊള്ളാത്തതിനാൽ ചക്രവർത്തിമാര്‍ക്ക് കൈമണിയടിക്കുന്ന ആ ‘ബഖ്വാസ്’ ഞാന്‍ തീര്‍ത്തും നിർത്തലാക്കി. പദവിയിലേറി അൽപകാലത്തിനുള്ളില്‍തന്നെ ഞാനിത് നടപ്പാക്കി. ഇങ്ങനെ ഒന്നും രണ്ടുമല്ല, കൊട്ടാരത്തിലെ എല്ലാ ആഡംബര ചെലവുകള്‍ക്കും സമാപനം കുറിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഈ അടിമയുടെ ഓരോ പ്രവൃത്തിയും പ്രജകളുടെ നല്ലതിനു വേണ്ടിയുള്ളതായിരുന്നു. അങ്ങനെയുള്ള എന്റെ പേരോ ഹറാം. എന്നാൽ, ഹിന്ദുമതത്തെ അടിച്ചമർത്തുകയും അതിനെതിരെ പുറപ്പെട്ട ബുദ്ധമതത്തെ പിന്തുണക്കുകയുംചെയ്ത അശോകന്റെ പേര് ചരിത്രപരമായ ഒരു അറിവുമില്ലാതെ നിങ്ങൾ ഹിന്ദുക്കൾ അഭിമാനത്തോടെ കൊണ്ടുനടക്കുകയാണ്. ദില്ലിയിലെ ഒരു പ്രധാന പാതക്ക് അശോകന്റെ പേരു നൽകിയിരിക്കുന്നു. സര്‍ക്കാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേര് അശോക. സർക്കാറിന്റെ ദേശീയ ചിഹ്നം അശോകന്റെ നാല് സിംഹങ്ങള്‍. ഇതിനെ എന്തെന്നു പറയണം? നിങ്ങളുടെ മതത്തിന് എതിരായിരുന്ന ഒരാളുടെ അടയാളചിഹ്നം നിങ്ങളുടെ ദേശീയ ചിഹ്നമായി ഉപയോഗിക്കുന്നത് അപമാനമെന്നുപോലും നിങ്ങൾക്ക് തോന്നുന്നില്ലേ? 

മാർക്കറ്റിങ്ങിന്റെ മാന്ത്രികതയാണ് എല്ലാം. തന്നെക്കുറിച്ച് സ്വയം ‘ആഹാ എന്നും ഓഹോ എന്നും’ ശിലാശാസനങ്ങളില്‍ എഴുതിവെച്ചാല്‍ തീര്‍ന്നു കഥ. 2300 വർഷങ്ങൾക്കു ശേഷം കടന്നുവരുന്ന ചരിത്രമറിയാത്ത അജ്ഞരായ ആളുകൾ ആ ശിലാശാസനങ്ങൾ വിശ്വസിച്ച് അദ്ദേഹത്തെ തന്നെ തങ്ങളുടെ നായകനായി ആഘോഷിക്കാൻ തുടങ്ങും! നിങ്ങളുടെ പ്രധാനമന്ത്രിമാരിൽ ഒരാളായ ഇന്ദിരാഗാന്ധി തന്നെക്കുറിച്ച് ഇങ്ങനെ ‘ആഹാ ഓഹോ’ എന്നെഴുതിയ ചരിത്രശാസനം –ഇംഗ്ലീഷില്‍ അത് Time Capsule എന്നും  ഹിന്ദിയിൽ ‘കാല്‍പാത്ര’ എന്നും അറിയപ്പെടുന്നു– 1973 ആഗസ്റ്റ് 15ാം തീയതി ചെങ്കോട്ടയിൽ കുഴിച്ചിട്ടിരുന്നുവെന്ന് ഞാന്‍ കേള്‍ക്കാനിടയായി.

 

തുടർന്ന് നടന്നത് അടിയന്തരാവസ്ഥയുടെ ആഘോഷങ്ങൾ. പിന്നീട് അധികാരത്തിൽ വന്ന മൊറാർജി ദേശായി, ആ കാല്‍പാത്ര കുഴിച്ചെടുത്ത്, എന്നും രാവിലെ താന്‍ എഴുന്നേറ്റയുടനെ കുടിക്കുന്ന തന്റെ മൂത്രം പിടിക്കാന്‍ ഉപയോഗിച്ചിരുന്നു എന്നും കേട്ടുകേള്‍വിയുണ്ട്. ആ ഇന്ദിരാഗാന്ധി അമ്മക്കും നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന അശോകനും യാതൊരു വ്യത്യാസവുമില്ല. ഇപ്പോൾ നടക്കുന്നത് ജനാധിപത്യമായതുകൊണ്ട് ആ അമ്മയെ നിങ്ങൾ വീട്ടിലേക്കയച്ചു. അശോകനെ അങ്ങനെയൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇന്ദിരാമ്മയുടെ കാല്‍പാത്രയെപ്പോലുള്ളവയാണ് അദ്ദേഹം സ്ഥാപിച്ച കൽത്തൂണുകളും കൊത്തിവെച്ച ശിലാശാസനങ്ങളും. താൻ ചെയ്ത ജനവിരുദ്ധമായ കാര്യങ്ങളെല്ലാം മറച്ചുവെച്ചിട്ട് ‘ആഹാ ഓഹോ’ എന്ന് സ്വയം പുകഴ്ത്തി കല്ലിൽ കൊത്തിവെച്ചു അശോകൻ. അതും എവിടെ? ജനങ്ങളുടെ കണ്ണില്‍പ്പെടാത്ത സ്ഥലങ്ങളിൽ. അദ്ദേഹം സ്ഥാപിച്ചതുതന്നെ പിന്മുറക്കാർക്കു വേണ്ടിയല്ലേ? ശരി തന്നെയാണ് അദ്ദേഹം ചെയ്തത്!

ആരാണ് വില്ലൻ എന്നതിന് ഒരേയൊരു ഉദാഹരണം നൽകാം. അഹിംസ സിദ്ധാന്തമാണ് ബുദ്ധമതം പഠിപ്പിക്കുന്നത്. അക്രമത്തിന്റെ പാത ഉപേക്ഷിച്ചിട്ട് താന്‍ അഹിംസയുടെ പാത സ്വീകരിച്ചതായി അശോകൻ പ്രഖ്യാപിച്ചു. എന്നാൽ, എന്താണ് സംഭവിച്ചത്? കലിംഗയുദ്ധത്തിനു ശേഷം മറ്റു യുദ്ധങ്ങളൊന്നും നടന്നിട്ടില്ലയെന്നത് സത്യമാണ്. പക്ഷേ ഓരോ പ്രവിശ്യകളിലും അശോകന്റെ സത്രപുകള്‍ ചെയ്തുകൂട്ടിയ നിഷ്ഠുരതക്ക് എന്തെങ്കിലും കുറവുണ്ടായിരുന്നോ? നാട്ടില്‍ പിശാചുക്കളുടെ ഭരണമാണ് നടത്തിയിരുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. അശോകൻ തന്റെ മുഴുവന്‍ സമയവും സ്വർണംകൊണ്ടുള്ള ബുദ്ധക്ഷേത്രങ്ങൾ പണി കഴിപ്പിക്കാനായി മാത്രം ചെലവഴിച്ചു. ഖജനാവിൽ പണമില്ലെന്ന് മന്ത്രി അറിയിച്ചാൽ ജനങ്ങളുടെ മേല്‍ അധിക നികുതി ചുമത്തി. രാജഭരണം അപ്പോള്‍ ആരുടെ കൈകളിലായിരുന്നുവെന്ന കാര്യം താങ്കള്‍ക്കറിയാം ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ. താങ്കൾ അശോക എന്നൊരു നോവലും എഴുതിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. താങ്കളുടെ വായനക്കാർക്കു വേണ്ടി ഞാനിത് പറയുകയാണ്. ഭരണനിർവഹണത്തിന്റെ ചുമതലയെല്ലാം അശോകന്റെ യുവപത്നിയായ തിഷ്യരക്ഷയുടെ പക്കലാണുണ്ടായിരുന്നത്.

താങ്കളുടെ അശോക എന്ന നോവലിന്റെ കഥാസംഗ്രഹം പറയുകയാണെന്ന് എന്നോടു ദേഷ്യപ്പെടരുത്, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ! ആവശ്യമെന്നു കരുതി നാലു വരികള്‍ പറയുകയാണ്. അശോകൻ എഴുപത്തിരണ്ടു വയസ്സുവരെ ജീവിച്ചു. തിഷ്യരക്ഷയെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് അറുപത്തിയെട്ട് വയസ്സായിരുന്നു. ​​ഇത്രയും വയസ്സായ ഒരാളെ തിഷ്യ വിവാഹം കഴിക്കാന്‍ കാരണം, അശോകന്റെ മകൻ കുണാലായിരുന്നു. അശോകനെ വിവാഹം കഴിച്ചാൽ കുണാലുമായി അവിഹിതബന്ധം പുലര്‍ത്താമെന്നതായിരുന്നു തിഷ്യയുടെ പദ്ധതി. കുണാലൊരു ജ്ഞാനി. മഹാജ്ഞാനി. നീ എന്റെ അമ്മയാണെന്ന് പറഞ്ഞ് അവൻ അവളെ അവഗണിച്ചു. പകരത്തിനു പകരമായി തിഷ്യ ​​അവന്റെ കണ്ണുകൾ ചൂഴ്ന്ന് കുരുടനാക്കി. എങ്ങനെയാ​െണന്നറിയാമോ? അശോകനു മദ്യം പകര്‍ന്നു നൽകി, അദ്ദേഹം ഉറങ്ങിക്കിടക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി കുണാലന്റെ കണ്ണുകള്‍ പിടുങ്ങാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ചക്രവർത്തിയുടെ മകൻ കാഴ്ചശക്തിയില്ലാത്ത അന്ധനായി ഭിക്ഷ യാചിച്ച് അലഞ്ഞ കഥ ആർക്കറിയാം? അതു മാത്രമല്ല. അശോകൻ തന്റെ ദൈവമായി പിന്‍പറ്റിയിരുന്ന ബോധിവൃക്ഷത്തെ മന്ത്രവാദിനികളെക്കൊണ്ട് വിഷമൂറ്റിക്കൊടുത്ത് നിര്‍ജീവമാക്കിക്കളഞ്ഞു യുവപത്നി തിഷ്യ. ഇതൊന്നും അശോകനറിയില്ല. അദ്ദേഹമൊരു ചക്രവർത്തി! അങ്ങനെയുള്ളയൊരു വിവരദോഷിയാണ് ഇന്നത്തെ ഹിന്ദുസ്ഥാന്റെ നായകൻ! എന്നാല്‍ (തന്റെ വലതുകൈകൊണ്ട് ഇടതു നെഞ്ചിൽ തൊട്ട്) ഈ അടിമ എന്താണ് ചെയ്തത്?

മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്

(തുടരും)

News Summary - Malayalam novel