Begin typing your search above and press return to search.

തുലാപ്പെയ്ത്തിലെ തടവുകാരൻ

തുലാപ്പെയ്ത്തിലെ തടവുകാരൻ
cancel

രൂപേഷ് എഴുതിയ, ഡി.സി ബുക്സ് ​പ്രസിദ്ധീകരിക്കുന്ന, ‘ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന നോവലിന്റെ ഒരു ഭാഗം. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പുറത്തു തുലാവർഷം തകർത്തുപെയ്യുകയാണ്. പാതിചാരിയ വാതിലിനപ്പുറത്തെ സ്വീകരണമുറി കഴിഞ്ഞ ഒരു മണിക്കൂറായി ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നാടകീയസംഭവങ്ങൾ അരങ്ങേറുന്നത് അസാധാരണമൊന്നുമല്ല; എങ്കിലും മുമ്പെന്നത്തേക്കാളും തീവ്രമായ പിരിമുറുക്കം അവിടെയുണ്ടായിരുന്ന ഓരോരുത്തരിലും പ്രകടമായിരുന്നു. ഇന്റലിജൻസ് എ.ഡി.ജി.പി ബ്രീഫിങ് കഴിഞ്ഞ് മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് മേധാവി നേരിട്ടെത്തിയത്. അദ്ദേഹത്തിന്റെ...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
രൂപേഷ് എഴുതിയ, ഡി.സി ബുക്സ് ​പ്രസിദ്ധീകരിക്കുന്ന, ‘ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന നോവലിന്റെ ഒരു ഭാഗം.

ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പുറത്തു തുലാവർഷം തകർത്തുപെയ്യുകയാണ്. പാതിചാരിയ വാതിലിനപ്പുറത്തെ സ്വീകരണമുറി കഴിഞ്ഞ ഒരു മണിക്കൂറായി ഉദ്വേഗത്തിന്റെ മുൾമുനയിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നാടകീയസംഭവങ്ങൾ അരങ്ങേറുന്നത് അസാധാരണമൊന്നുമല്ല; എങ്കിലും മുമ്പെന്നത്തേക്കാളും തീവ്രമായ പിരിമുറുക്കം അവിടെയുണ്ടായിരുന്ന ഓരോരുത്തരിലും പ്രകടമായിരുന്നു. ഇന്റലിജൻസ് എ.ഡി.ജി.പി ബ്രീഫിങ് കഴിഞ്ഞ് മടങ്ങിയതിനു പിന്നാലെയാണ് പൊലീസ് മേധാവി നേരിട്ടെത്തിയത്.

അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അഡ്വക്കേറ്റ് ജനറലുമായി ആ പാതിരാത്രിതന്നെ അരമണിക്കൂറോളം നീണ്ട ചർച്ച നടന്നു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഫോണിലേക്കു വിളികൾ വന്നുകൊണ്ടേയിരുന്നു. ജനറൽ സെക്രട്ടറിയും മുതിർന്ന പി.ബി അംഗവും അദ്ദേഹത്തോട് നേരിട്ടു സംസാരിച്ചുകഴിഞ്ഞു. തിളച്ചുമറിഞ്ഞ വാദമുഖങ്ങൾക്കും ശബ്ദായമാനമായ രംഗങ്ങൾക്കുംശേഷം ആ മുറി ഇപ്പോൾ പൂർണനിശ്ശബ്ദമാണ്. കർക്കശമായ സമയനിഷ്ഠ പാലിക്കുന്ന മുഖ്യമന്ത്രിയുടെ പതിവ് ഉറക്കസമയം പിന്നിട്ടിട്ട് മൂന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു.

ചാരിക്കിടക്കുന്ന വാതിലിന്റെ വിടവിലൂടെ അദ്ദേഹത്തിന്റെ നിഴൽ സാവധാനത്തിൽ അടുത്തുവരുകയും പതുക്കെപ്പതുക്കെ പിൻവാങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു. ഇടക്ക് അദ്ദേഹത്തിന്റെ ഭാര്യ സ്വീകരണമുറിയിൽ വന്ന് എല്ലാവരെയും ഒന്നു നോക്കി സോഫയിൽ ഇരുന്നെങ്കിലും അവിടെ അങ്ങനെ ഒരാളുള്ള കാര്യം ആരും ശ്രദ്ധിച്ചതേയില്ല. ഇതിനിടയിൽ അങ്ങോട്ടുവന്ന പേരക്കുട്ടിയെയുംകൂട്ടി അവർ വേഗം അകത്തേക്കുവലിഞ്ഞു. പുറത്തെ മഴയെ തോൽപിക്കും വിധം ഫോണുകൾ മാറിമാറി ശബ്ദിച്ചുകൊണ്ടിരുന്നു.

II

ഒരു മണിക്കൂർകൂടി കടന്നുപോയിട്ടുണ്ടാകും. തൃശൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്ററോളം വടക്കുമാറി ഒരു വീട്ടിൽ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു.

‘‘ബെന്നീ, ഫോണടിക്കുന്നു...’’ ചെരിഞ്ഞുകിടന്ന് ഉറങ്ങുന്ന അയാളുടെ ചുമലിൽ ഗ്രേസി മെല്ലെ തട്ടി. പാതിമയക്കത്തിൽ കണ്ണുതുറന്ന ബെന്നിക്ക്, കിടക്കയ്ക്കരികിൽനിന്നു ഫോണെടുത്ത് ഗ്രേസി നീട്ടി.

‘‘സൂപ്രണ്ടാണെന്നു തോന്നുന്നു.’’ സ്ക്രീനിൽ തെളിഞ്ഞ യൂണിഫോമിട്ട, ക്ലീൻഷേവ് ചെയ്ത മുഖം കണ്ട് ഗ്രേസി പറഞ്ഞു.

അയാൾ പെട്ടെന്ന് ചാടിയെഴുന്നേൽക്കാൻ ആഞ്ഞെങ്കിലും അവർക്കിടയിൽ കിടന്നിരുന്ന അലൻ ഉറക്കത്തിലൊന്നു ഞരങ്ങി. ഉടുത്തിരുന്ന മുണ്ടു നേരേയാക്കി അയാൾ വേഗം സ്വീകരണമുറിയിലേക്കു നടന്നു. പുറത്ത് മഴതോരാതെ പെയ്യുന്നുണ്ടായിരുന്നു.

‘‘എന്താടോ... ഞാനെത്ര നേരമായി വിളിക്കുന്നു!’’ ഫോൺ എടുത്തപാടെ സൂപ്രണ്ടിന്റെ ശബ്ദം ഉയർന്നു.

‘‘ക്ഷമിക്കണം സാർ, മോന് പനിയാണ്. രാത്രി മുഴുവൻ ഉറക്കമിളച്ചിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒന്നു മയങ്ങിയത്. ഞാൻ ഓഫിസിലേക്ക് ലീവ് ലെറ്റർ അയച്ചിരുന്നു. നാളെ പീഡിയാട്രീഷനെ കാണണം...’’ ബെന്നി പരുങ്ങലോടെ പറഞ്ഞു.

‘‘എന്താണ് സാർ ഈ അസമയത്ത്? എന്തെങ്കിലും പ്രശ്നമുണ്ടോ?’’

‘‘ഞാൻ തനിക്ക് രണ്ടു വോയിസ് മെസേജ് ഇട്ടിട്ടുണ്ട്, അതൊന്നു കേൾക്കൂ. ഞാൻ അങ്ങോട്ടുവരികയാണ്.’’

‘‘അല്ല സാർ, മകളുടെ അരങ്ങേറ്റത്തിനായി സാർ നാലു ദിവസത്തെ ലീവിലായിരുന്നല്ലോ? കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടിരുന്നു...’’

‘‘അതേടോ, പരിപാടി നാളെ സന്ധ്യക്കാണ്. ഞാൻ ഉണ്ടാകണമെന്ന് അവൾക്ക് നിർബന്ധവുമായിരുന്നു. പക്ഷേ, അതിനിടയിലാണ് ഇത്. ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അടിയന്തരവിളി വന്നു. പുലർച്ചെ മൂന്നു മണിക്കുമുമ്പ് അവിടെ റിപ്പോർട്ട് ചെയ്യണം.’’

സംഭാഷണത്തിനിടയിൽ ബെന്നി വോയിസ് മെസേജുകൾ കേട്ടു. വിശ്വസിക്കാനാകാതെ അയാൾ സ്തംഭിച്ചുപോയി. ‘‘ഇതെങ്ങനെ സംഭവിച്ചു? അദ്ദേഹത്തെപ്പോലെ ഒരാൾ...’’ അയാൾക്കു വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

‘‘പുലർച്ചെ മൂന്നരയ്ക്കു മുമ്പ് അദ്ദേഹത്തിന്റെ അഡ്മിഷൻ എടുക്കണം. പത്രക്കാരും ചാനലുകാരും അറിയുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് മുകളിൽനിന്നുള്ള നിർദേശം.’’

‘‘അദ്ദേഹം ഇപ്പോൾ..?’’

‘‘ജില്ലാ ആശുപത്രിയിൽ മെഡിക്കൽപരിശോധന കഴിഞ്ഞ് മജിസ്ട്രേറ്റിന്റെ വീട്ടിലേക്കു കൊണ്ടുപോയിരിക്കുകയാണ്. റിമാൻഡ് ചെയ്താൽ ഉടൻ നമുക്ക് ഏറ്റെടുക്കണം.’’

‘‘പക്ഷേ, അദ്ദേഹത്തെപ്പോലെ ഒരാളെ അങ്ങനെ ചെയ്യുമോ സാർ... അതും അക്കാദമിയുടെ...’’

‘‘എൻ.ഐ.എ കേസാണെടോ! മുഖ്യമന്ത്രിയും ഡി.ജി.പിയും അറസ്റ്റ് ഒഴിവാക്കാൻ ആവുന്നതും ശ്രമിച്ചതാണെന്നാണ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അറിഞ്ഞത്. ഡി.ജി.പി ഇപ്പോഴും ഉറക്കം കളഞ്ഞ് അവിടെയുണ്ട്. ഇതു മൂന്നാമത്തെ തവണയാണ് അദ്ദേഹം എന്നെ വിളിക്കുന്നത്.’’

 

അൽപനേരം നിർത്തി സൂപ്രണ്ട് തുടർന്നു: ‘‘സംസ്ഥാനത്തിന് ഇതിൽ ഒന്നും ചെയ്യാൻ കഴിയില്ല. എൻ.ഐ.എ കേസല്ലേ. ഒരാഴ്ചക്കുള്ളിൽ ജാമ്യം കിട്ടുമെന്നാണു കേൾക്കുന്നത്. താൻ ഉടൻ അവിടെ എത്തണം. ജോയിന്റ് സൂപ്രണ്ട് നാസർ ഇതിനകം ജയിലിൽ എത്തിയിട്ടുണ്ടാകും. സെഗ്രഗേഷൻ ബ്ലോക്കിലെ ഗുണ്ടകളെ മാറ്റാൻ പറഞ്ഞിട്ടുണ്ട്. രണ്ടു സെല്ലുകൾ കഴുകി വൃത്തിയാക്കി, ജയിൽ ആശുപത്രിയിൽനിന്ന് കട്ടിലും കിടക്കയും അവിടെ എത്തിക്കാൻ പറഞ്ഞിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിനു നൽകണമെന്നാണു നിർദേശം. ഉടൻ എത്തുമല്ലോ?’’

ഫോൺ കട്ടായിട്ടും ബെന്നിക്ക് ആ സത്യം ഉൾക്കൊള്ളാനായില്ല. അയാൾ വെറുതേ വാട്സ്ആപ്പും ഫേസ്ബുക്കും പരതി. ഒന്നുമില്ല, ഒരു സൂചനയുമില്ല. റീൽസുകളും മീമുകളുംതന്നെ നിറഞ്ഞുനിൽക്കുന്നു. കനത്തമഴയിൽ മണ്ണിടിച്ചിലുണ്ടായതിന്റെ വീഡിയോമാത്രം പുതിയതായി കണ്ടു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടാകാനിരിക്കുന്ന കൊടുങ്കാറ്റുകളെക്കുറിച്ചാണ് അയാൾ ഓർത്തത്. വലിയ സംഭവങ്ങൾ മുൻകൂട്ടി അറിയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് അപ്പോഴാണ് അയാൾ ചിന്തിച്ചത്.

‘‘എന്താ ബെന്നീ ഇത്?’’ ഗ്രേസിയുടെ വിളികേട്ടാണ് അയാൾക്കു പരിസരബോധം ഉണ്ടായത്. ലൈറ്റ് പോലും ഇടാതെയാണ് താനിരിക്കുന്നതെന്ന് അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്. ഇതിനിടയിൽ അലൻ നിർത്താതെ ചുമയ്ക്കുകയും ഞരങ്ങുകയും ചെയ്തിരുന്നു. ജയിൽ വെൽഫെയർ ഓഫിസറായി ചുമതലയേറ്റു മൂന്നുവർഷം കഴിഞ്ഞിട്ടും ഇപ്പോഴും ബെന്നിക്ക് ആദ്യ ദിവസങ്ങളിലെ വെപ്രാളം പോയിട്ടില്ലെന്ന് ഗ്രേസി അയാളെ കളിയാക്കുമായിരുന്നു.

‘‘എനിക്കിതു വിശ്വസിക്കാനാവുന്നില്ല ഗ്രേസി.’’ വസ്ത്രം മാറുന്നതിനിടയിൽ അയാൾ കാര്യങ്ങൾ വിവരിച്ചു.

‘‘അതിലിത്ര അവിശ്വസിക്കാൻ എന്തിരിക്കുന്നു? അരുന്ധതി റോയിക്കെതിരേപോലും...’’ അലന്റെ കരച്ചിൽ ഗ്രേസിയുടെ വാക്കുകളെ മുറിച്ചു.

തിരക്കിനിടയിലും ബെന്നി ചോദിച്ചു: ‘‘മോന്റെ കാര്യം... എട്ടുമണിക്കു വരാൻ പറ്റിയില്ലെങ്കിൽ ടാക്സി പറഞ്ഞുവെയ്ക്കണോ?’’

‘‘വേണ്ട, ബെന്നീ.’’ ഗ്രേസി ശബ്ദം താഴ്ത്തി പറഞ്ഞു. ‘‘അമ്മയോടു വരാൻ പറഞ്ഞിട്ടുണ്ട്. ലില്ലിയുള്ളതുകൊണ്ട് വീട്ടിലെ കാറിൽതന്നെ വരും.’’ ഗ്രേസിയുടെ ഒരേയൊരു നാത്തൂനാണ് ലില്ലി. ആ പരിഭ്രാന്തിക്കിടയിലും ഗ്രേസിക്കൊരുമ്മ കൊടുക്കാൻ അയാൾക്കുതോന്നി. അയാളുടെ എല്ലാ വേവലാതികളും ഇറക്കിവെക്കാനുള്ള ചുമടുതാങ്ങികൂടിയായിരുന്നു അവൾ.

 

III

സ്കൂട്ടറോടിക്കുമ്പോഴും മറ്റൊരു ചിന്തയായിരുന്നു അയാളുടെ ഉള്ളിൽ. കഴിഞ്ഞ ജയിൽദിനാഘോഷത്തിന് അദ്ദേഹത്തെ ക്ഷണിക്കാൻപോയതു മുതൽ ഇന്നേവരെ ഏറക്കുറെ നിത്യവും അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ട്. ഇനി അതെങ്ങാനും വല്ല പൊല്ലാപ്പുമാകുമോ?

ജയിൽദിനാഘോഷത്തിന് അദ്ദേഹത്തെ ക്ഷണിക്കുന്നതിനോട് അന്നത്തെ സൂപ്രണ്ടിന് അത്ര താൽപര്യമില്ലായിരുന്നു. പൊതുവേ ഉൽപതിഷ്ണുവായ ഒരാളായിരുന്നിട്ടും ഇക്കാര്യത്തിൽ സൂപ്രണ്ട് അൽപം വിമുഖത കാട്ടി. അദ്ദേഹത്തെപ്പോലൊരു രാഷ്ട്രീയകവിയെ ജയിലിലേക്കു കൊണ്ടുവരുന്നത് പിന്നീട് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെക്കുമോ എന്ന ഉത്കണ്ഠ സൂപ്രണ്ട് മറച്ചുവച്ചില്ല. ജയിലിൽ മാത്രമല്ല, ഉന്നതസ്ഥാനത്തിരിക്കുന്ന മിക്കവരും വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കി സമാധാനമായി പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ബെന്നി ഇതിനകം മനസ്സിലാക്കിയിരുന്നു.

‘‘അക്കാദമിയുടെ ഭാരവാഹിയാണ്, സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധിയാണ്...’’ എന്നൊക്കെ പറഞ്ഞാണ് അന്നു സൂപ്രണ്ടിനെ സമ്മതിപ്പിച്ചത്. ആ സൂപ്രണ്ടിന് സ്ഥാനക്കയറ്റം കിട്ടി സ്ഥലം മാറിപ്പോയതു നന്നായെന്ന് ബെന്നി ആശ്വസിച്ചു.

എന്തിനായിരിക്കും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്? അയാൾക്കു വിമ്മിട്ടം തോന്നി. എൻ.ഐ.എ തടവുകാരുടെ വിവരങ്ങൾ ശേഖരിക്കാനായി പതിവായി വിളിക്കാറുള്ള പ്രതീഷ് സാറിന്റെ നമ്പർ കൈയിലുണ്ടോയെന്ന് അയാൾ ആലോചിച്ചു. പിന്നെ വേണ്ടെന്നുവെച്ചു. ഇക്കാര്യത്തിൽ തന്റെ അമിത താൽപര്യം വെറുതേ എന്തിനാണ് അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്? പെട്ടെന്ന് ഒരു ഉൾക്കിടിലത്തോടെ അയാൾ ചിന്തിച്ചു: ഇനി അവരെങ്ങാനും തന്നെ ചോദ്യം ചെയ്യാൻ വരുമോ? കഴിഞ്ഞ എട്ടുമാസത്തിനിടെ അദ്ദേഹവുമായി നടത്തിയ നിരന്തരമായ ഫോൺവിളികൾ, ഫേസ്ബുക്കിലെ ഷെയറുകൾ... ഏയ്, അങ്ങനെയൊന്നും ഉണ്ടാകില്ല. എല്ലാം ഔദ്യോഗികമായ കാര്യങ്ങൾക്കല്ലേ? ജയിലിലെ തടവുകാരുടെ മാസികയുടെ കാര്യത്തിനല്ലേ അദ്ദേഹത്തെ കണ്ടത്?

എങ്കിലും ഒന്നിനും ഉറപ്പില്ലാത്ത സാഹചര്യമാണ്. കാര്യങ്ങൾ അത്ര ശുഭകരമല്ല. എന്തിനും ഒരു മുൻകരുതൽ നല്ലതാണ്. പഴയ തീയതിവച്ച് ഓഫിസ് ഡയറിയിൽ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് ചില കുറിപ്പുകൾ എഴുതിയിടുന്നത് സുരക്ഷിതമായിരിക്കുമെന്ന് അയാൾ മനസ്സിലോർത്തു.

News Summary - malayalam novel