ഞാൻ ഔറംഗസേബ്

ലോകത്തിൽ നീയൊരു അപരിചിതനെപ്പോലെ ജീവിക്കുക. അല്ലെങ്കിൽ, ഒരു വഴിപോക്കനെപ്പോലെ ജീവിക്കുക. അതുമല്ലെങ്കിൽ, കല്ലറയിൽ ഉറങ്ങുന്ന ഒരു മനുഷ്യനെപ്പോലെ ജീവിക്കുക. തിരുദൂതര്‍ മുഹമ്മദ് (സ) (അബു ദര്റിനോടുള്ള ഉപദേശം,മഖരിം അല്‍ അഖ് ലാഖ് - 12:5)ഭാഗം ഒന്ന് മുന്കഥ 1ഈ നോവൽ എഴുതുന്നതിനുമുമ്പ്, കാതറീന ഡെ സാൻ ഹുവാൻ എന്ന കത്തോലിക്കയായ കന്യാസ്ത്രീയെക്കുറിച്ച് ഒരു നോവലെഴുതാനുള്ള തയാറെടുപ്പിലായിരുന്നു എഴുത്താളൻ. ഈ കാതറീന ആരാണെന്നാല്‍, 1606ൽ ആഗ്ര കൊട്ടാരത്തിൽ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
ലോകത്തിൽ നീയൊരു അപരിചിതനെപ്പോലെ ജീവിക്കുക. അല്ലെങ്കിൽ, ഒരു വഴിപോക്കനെപ്പോലെ ജീവിക്കുക. അതുമല്ലെങ്കിൽ, കല്ലറയിൽ ഉറങ്ങുന്ന ഒരു മനുഷ്യനെപ്പോലെ ജീവിക്കുക. തിരുദൂതര്‍ മുഹമ്മദ് (സ) (അബു ദര്റിനോടുള്ള ഉപദേശം,മഖരിം അല്‍ അഖ് ലാഖ് - 12:5)
ഭാഗം ഒന്ന് മുന്കഥ 1
ഈ നോവൽ എഴുതുന്നതിനുമുമ്പ്, കാതറീന ഡെ സാൻ ഹുവാൻ എന്ന കത്തോലിക്കയായ കന്യാസ്ത്രീയെക്കുറിച്ച് ഒരു നോവലെഴുതാനുള്ള തയാറെടുപ്പിലായിരുന്നു എഴുത്താളൻ. ഈ കാതറീന ആരാണെന്നാല്‍, 1606ൽ ആഗ്ര കൊട്ടാരത്തിൽ ഷാജഹാന്റെ മച്ചുനത്തിയായി ജനിച്ചവളാണ്. (മരണം 1688) യാഥാർഥ പേര് മീറാ. ഷാജഹാനൊപ്പം ഒരേ കൊട്ടാരത്തിലാണ് അവര്‍ വളർന്നത്. 1617 കാലത്ത് അവരുടെ പത്തോ പതിനൊന്നോ വയസ്സു പ്രായത്തില്‍ പോർചുഗീസ് നാവികര്‍ അവരെ തട്ടിക്കൊണ്ടുപോവുകയും അടിമയാക്കി വില്‍ക്കുകയും ചെയ്തു. മെക്സിക്കോയിൽനിന്നുള്ള ഒരു വണികനാണ് അവളെ വാങ്ങിക്കൊണ്ടു പോയത്. അക്കാലത്ത് അവര്‍ പല അത്ഭുത പ്രവൃത്തികളും കാണിച്ചിരുന്നതിനാല്‍ അന്നു മുതല്‍ ഇന്നു വരെ മെക്സിക്കോയില്‍ വളരെ പ്രസിദ്ധിപെറ്റ വിശുദ്ധ മാതാവായി അവര്‍ അറിയപ്പെടുന്നു. കാതറീന ഡെ സാൻ ഹുവാന്റെ ജീവചരിത്രം അലോൺസോ റമോസ് എന്ന പാതിരി മൂന്നു വാല്യങ്ങളിലായി രചിച്ചിട്ടുണ്ട്.
കാതറീന മുഗൾ കൊട്ടാരത്തില്‍ ജനിച്ചു വളർന്ന കാലഘട്ടത്തില്‍ മതസഹിഷ്ണുതയുടെ കാര്യത്തിൽ ഹിന്ദുസ്ഥാൻ ലോകത്തിലെതന്നെ മാതൃകാരാഷ്ട്രമായി ശോഭിച്ചിരുന്നു. അക്കാലത്ത് തുർക്കിയിൽ പ്രവേശിക്കണമെങ്കിൽ യാത്രക്കാരും വ്യാപാരികളും പച്ച വസ്ത്രം ധരിക്കണമെന്ന നിയമമുണ്ടായിരുന്നുവെന്ന് ഇറ്റാലിയൻ സഞ്ചാരി നിക്കലാവോ മനൂച്ചി എഴുതുന്നുണ്ട്. തല കുനിച്ചാണ് സംസാരിക്കേണ്ടത്, കണ്ണുകള്‍ നോക്കി സംസാരിച്ചാൽ ചാട്ടവാറടി, എതിർത്തു സംസാരിച്ചാൽ കൈകളുണ്ടാവില്ല. ഇങ്ങനെയായിരുന്നു അപ്പോഴത്തെ തുർക്കി. എന്നാൽ, ഇക്കാലത്തെ ഒരു മഹാനഗരം എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുസ്ഥാൻ അന്നു നിലകൊണ്ടിരുന്നത്. നഗരങ്ങൾ മാത്രമല്ല, ഹിന്ദുസ്ഥാൻ മുഴുവനും. നിരവധി വിദേശ സഞ്ചാരികളും വ്യാപാരികളും വന്നുപൊയ്ക്കൊണ്ടിരുന്നു. ലോകംതന്നെ അസൂയപ്പെടുംവിധം സമ്പന്നരാഷ്ട്രമായിരുന്നതിനാല്, പേർഷ്യ പോലുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ തക്കംകിട്ടിയാൽ ഇന്ത്യയിൽ ചെന്ന് കൊള്ളയടിക്കാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. മഹമൂദ് ഗസ്നവി അഫ്ഗാനിസ്ഥാനിൽനിന്ന് ആവർത്തിച്ചാവർത്തിച്ച് ഇന്ത്യയിലേക്ക് വരാനുള്ള കാരണവും ഇവിടത്തെ സമ്പല്സമൃദ്ധിയായിരുന്നു. (ഷാജഹാന്റെ കൊട്ടാരത്തിൽ സുരക്ഷാചുമതലയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ കൈകളില്‍ നിറയെ സ്വർണദണ്ഡുകളും അവരുടെ സഹായികള്‍ വെള്ളിദണ്ഡുകളും കൊണ്ടുനടന്നിരുന്നതായി മനൂച്ചി എഴുതുന്നുണ്ട്) ഹിന്ദുസ്ഥാനിലെ മതസൗഹാർദം കാരണം മുഗൾ കൊട്ടാരത്തിലെ രാജകുടുംബവുമായി നിരവധി കത്തോലിക്കാ പാതിരിമാര്‍ അടുപ്പത്തിലായിരുന്നു. ഔറംഗസേബ് തന്റെ സഹോദരൻ ദാരാ ഷികോഹിനെ വധിച്ചതിനും ഇസ്ലാമിക പാതയില്‍ തീവ്രമായി മുഴുകിയതിനും പിന്നിലെ ഒരു കാരണവും ഇതുതന്നെയാണെന്ന് പറയാം. അധികാരം ദാരാക്ക് ലഭിച്ചിരുന്നെങ്കില്‍ മുഴുവൻ ഹിന്ദുസ്ഥാനെയും അവന് പാതിരിമാര്‍ക്ക് നൽകുമായിരുന്നുവെന്ന് തന്റെയൊരു കത്തിൽ ഔറംഗസേബ് പരോക്ഷമായി പരാമര്‍ശിക്കുന്നുണ്ട്.
കാതറീനയെക്കുറിച്ച് എഴുത്താളൻ എഴുതാനുദ്ദേശിക്കുന്ന നോവലിനായി ഉപയോഗപ്പെടുത്തിയ അലോൺസോ റമോസ് രചിച്ച മൂന്നു വാല്യങ്ങളും നല്ല കോശഗ്രന്ഥങ്ങളാണെങ്കിലും വൈദികനായതിനാൽ, കാതറീൻ ജനിച്ചത് കന്യാമറിയത്തിന്റെ കൃപയിലാണെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. ഇരുപതു വർഷമായി കാതറീനയുടെ മാതാപിതാക്കൾക്ക് കുട്ടികളില്ലായിരുന്നു. ഒരു കൊട്ടാര പാതിരിയുടെ നിർദേശപ്രകാരം കന്യാമറിയത്തോട് പ്രാർഥിച്ചതിനാലാണ് മീറാ ജനിച്ചതെന്ന് റാമോസ് പറയുന്നു.
അങ്ങനെയായിരിക്കാം. എന്നാൽ, എഴുത്താളന് അതിനെക്കുറിച്ച് മറ്റു ചില വസ്തുതകള്‍ ആവശ്യമായിരുന്നു. പലയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. എല്ലാവരും അലോൺസോ റമോസിന്റെ വാല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എഴുതിയിരിക്കുന്നത്. അപ്പോഴാണ് എഴുത്താളന്റെയൊരു സുഹൃത്ത് ഒരു അഘോരിയെക്കുറിച്ച് പറഞ്ഞത്. അയാള്‍ അക്ബറിന്റെ പ്രേതത്തിനോട് സംസാരിക്കും. അല്ല, വ്യക്തമായി പറയേണ്ടതുണ്ട്. അയാള്‍ ആരോടു സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നുവോ, ആ വ്യക്തിയുടെ പ്രേതാത്മാവ് അഘോരിയുടെ ശരീരത്തിൽ പ്രവേശിക്കും. അപ്പോൾ സംസാരിക്കുന്നത് അഘോരിയല്ല, ആ പ്രേതാത്മാവാണ്. അങ്ങനെയാണ് ഇടയ്ക്കിടെ വിളിച്ചുവരുത്തി അക്ബറിനെ അയാള്‍ തന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നത്.
ഇതിൽ എന്തെങ്കിലും തട്ടിപ്പുണ്ടോയെന്നും അക്ബറാണ് സംസാരിക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കാമെന്നും എഴുത്താളൻ ചോദിച്ചു. വന്നു കണ്ടുനോക്കെന്നു സുഹൃത്ത് പറഞ്ഞു. തന്നെക്കുറിച്ചുള്ള വിവരമൊന്നും എഴുതാന്‍ പാടുള്ളതല്ലെന്ന് എഴുത്താളനില്നിന്ന് അഘോരി ഉറപ്പുവാങ്ങിയിരിക്കുന്നതിനാല് അയാളെക്കുറിച്ചോ അയാളുടെ നാടിനെക്കുറിച്ചോ ഇവിടെയോ മറ്റെവിടെയെങ്കിലുമോ ഒന്നും പറയാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ വായനക്കാര്‍ ആരുംതന്നെ ആ അഘോരിയെക്കുറിച്ചു ചോദിച്ച് എഴുത്താളനെയോ വാരികയുടെ പത്രാധിപരെയോ ബുദ്ധിമുട്ടിക്കരുത്. പലപ്പോഴായി ഇത്തരം കാര്യം ചോദിച്ചു വരുന്ന കത്തുകൾ എഴുത്താളനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്. ‘ഇരുപതു വര്‍ഷമായി എനിക്കു ചൊറിയും ചിരങ്ങുമാണ്. ശരിക്കുമൊന്നുറങ്ങിയിട്ടുതന്നെ വര്‍ഷങ്ങളായി. നിങ്ങള്‍ എഴുതിയിരുന്ന സിദ്ധന്റെ മേല്‍വിലാസം തരിക.’ ഇങ്ങനെയൊരു കത്ത് കിട്ടിയാൽ ദുര്‍ബല ഹൃദയനായ എഴുത്താളൻ എന്തുചെയ്യും? സിദ്ധനാണെങ്കില് തന്നെക്കുറിച്ചുള്ള യാതൊരു വിവരവും ആര്‍ക്കും നല്‍കരുതെന്നും പറഞ്ഞിട്ടുണ്ട്. ഇങ്ങനെയാണ് എഴുത്താളൻ പ്രതിസന്ധിയില്‍ അകപ്പെടുന്നത്. ആയതിനാല്‍ ആരും അഘോരിയുടെ വിലാസം ചോദിച്ച് കത്തെഴുതരുത്. പ്ലീസ്.
* * * *
ആ മുറിക്കകത്ത് പത്തു പേരുണ്ടായിരുന്നു. ഒരു മൂലയിൽ അഗര്‍ബത്തി എരിഞ്ഞുകൊണ്ടിരുന്നു. അത്തറിന്റെ മണത്താല്‍ മുറി മുഴുവനും സുഗന്ധപൂരിതമായിരുന്നു. ഒരു ഭാഗത്ത് മൃദുവായ സ്ത്രീസ്വരത്തില്‍ ഗസല്‍ സംഗീതം മുഴങ്ങിക്കൊണ്ടിരിക്കുന്നു. തിണ്ണപോലെ ഉയരത്തിലുള്ള മേടയില്‍ മെത്തയിട്ട് അതില്‍ കണ്ണുകള്‍ മൂടിയനിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു അഘോരി. മറ്റുള്ളവര്‍ അൽപം താഴെയായി ജമുക്കാളത്തിലും ഇരിക്കുന്നുണ്ടായിരുന്നു. അക്ബര്‍ തന്നെയാണ് സംസാരിച്ചത്. യാതൊരു സംശയവുമില്ല. എന്തുകൊണ്ടെന്നാല്‍ വെടിവെച്ചിട്ടാല്പോലും ആ അഘോരിക്ക് ഹിന്ദവി1യില്‍ സംസാരിക്കാന്‍ അറിയില്ലെന്ന് സുഹൃത്ത് പറഞ്ഞു.
ആ കൂടിക്കാഴ്ച കഴിഞ്ഞതും എഴുത്താളൻ തന്റെ സുഹൃത്തിനോടും അഘോരിയോടും സംസാരിച്ചു. അവന്റെ നോവലിനുവേണ്ടിയുള്ള, അതായത് കാതറീനയുടെ ആദ്യകാല സംഭവങ്ങളെക്കുറിച്ച് എന്തുകൊണ്ട് ഷാജഹാനോടുതന്നെ ചോദിച്ചുകൂടാ എന്നതായിരുന്നു അവന്റെ ചിന്ത. അഘോരി സമ്മതം മൂളിയതിനാല്‍ കാര്യമെളുപ്പമായി. കൂടിക്കാഴ്ചയ്ക്കുള്ള ദിവസവും കുറിച്ചു. എന്നാല്‍, അഘോരിയില്‍ പ്രവേശിച്ചത് ഷാജഹാന്റെ പ്രേതാത്മാവല്ലായെന്ന കാര്യം ആ പ്രേതാത്മാവ് തന്റെ പേരു പറയുന്നതിനു മുമ്പേ എഴുത്താളന് ഊഹിക്കാന്‍ പറ്റി. എന്തെന്നാല്‍ സംഗീതത്തില്‍ ഭ്രമമുള്ളയാളായിരുന്നു ഷാജഹാന്. കൂടാതെ, അദ്ദേഹമൊരു ഗായകനുമായിരുന്നു. അദ്ദേഹത്തിന്റെ സ്വരം കേട്ട് എല്ലാവരും മയങ്ങിപ്പോകും. അതിനാൽ എഴുത്താളൻ ആ മുറിയിൽ കിഷോരി അമോങ്കറിന്റെ യമൻ രാഗത്തിലുള്ളയൊരു കീര്‍ത്തനം വെച്ചിരുന്നു. എന്നാല്‍, അഘോരിയിലൂടെ സംസാരിച്ച പ്രേതാത്മാവാണെങ്കില് തുടക്കത്തില്‍തന്നെ അതു നിര്‍ത്തിവെക്കാന്‍ പറഞ്ഞു. ആ നിമിഷം അവൻ ആശയക്കുഴപ്പത്തിലായി. പിന്നീട് അല്പ സമയത്തിനു ശേഷം അദ്ദേഹം തന്നെ തന്റെ പേരു പറഞ്ഞപ്പോൾ ആശയക്കുഴപ്പം പൂർണ്ണമായും മാറി.
അഘോരിയിലേക്ക് പ്രവേശിച്ചത് ഔറംഗസേബിന്റെ പ്രേതാത്മാവായിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നു ചോദിക്കാതെ തന്നെ ഔറംഗസേബ് കാര്യം വിവരിച്ചു. അദ്ദേഹം വിശദീകരിച്ചതിന്റെ ചുരുക്കം ഇതാണ്:
ഔറംഗസേബിനെക്കുറിച്ച് ചരിത്രത്തില്‍ ഒരുപാട് തെറ്റായ വിവരങ്ങളാണ് നിറഞ്ഞുകിടക്കുന്നത്. ഒരു എഴുത്താളനോട് തന്റെ യഥാർഥ കഥ പറയുന്നതിലൂടെ ആ തെറ്റുകളെല്ലാം തിരുത്താൻ കഴിയുമെന്ന് കരുതി തന്റെ പിതാവിന്റെ അനുവാദം വാങ്ങി അദ്ദേഹത്തിനു പകരം എഴുത്താളനെ സന്ധിച്ചിരിക്കുകയാണ് ഔറംഗസേബ്. അദ്ദേഹം പറഞ്ഞ പല വിവരങ്ങളും അവനെ അത്ഭുതപ്പെടുത്തി. പിന്നല്ലാതെ? തന്റെ ജ്യോതിഷന് ഒരു ബ്രാഹ്മണനാണെന്ന് പറഞ്ഞു അദ്ദേഹം. അക്ബര്‍നാമയുടെ ആദ്യ വാല്യത്തിന്റെ തുടക്കത്തില്‍ അബുൽ ഫസൽ അക്ബർ ബാദുഷയുടെ ജാതകത്തെക്കുറിച്ചുതന്നെ അമ്പത് പേജുകൾ എഴുതിയിട്ടില്ലേയെന്ന് ചോദിക്കുന്നു അദ്ദേഹം.
അതു മാത്രമല്ല, താനാണോ മതം മാറ്റിയതെന്ന ചോദ്യം ഉന്നയിക്കുന്നതോടൊപ്പം ഹിന്ദുക്കള്‍ക്കായി ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചു കൊടുത്തിട്ടുള്ള കാര്യവും പറയുന്നു. നിര്മിച്ചുകൊടുക്കുക മാത്രമല്ല, അവ പരിപാലിക്കുന്നതിനായി ധനസഹായം നൽകുകയും ചെയ്തിട്ടുണ്ട്. എല്ലാറ്റിനും ചരിത്രത്തില്‍നിന്ന് അദ്ദേഹം തെളിവുകൾ നിരത്തുന്നു. എഴുത്താളന് ആ തെളിവുകളെല്ലാം പരിശോധിച്ചപ്പോൾ അവ മിക്കവാറും ശരിയായിരുന്നു. തെളിവുകള്‍ എന്തെന്നാല്‍, യൂറോപ്യൻ സഞ്ചാരികളുടെ കുറിപ്പുകളും ഔറംഗസേബിന്റെ മരണാനന്തരം എഴുതിയ ചരിത്രങ്ങളും. മറ്റു ചക്രവർത്തിമാരെപ്പോലെ, ആളുകളെ വെച്ചെഴുതിയ ചരിത്രമല്ല. ഔറംഗസേബിന്റെ മരണശേഷം എഴുതപ്പെട്ടവ.
ഇപ്രകാരം ഔറംഗസേബിന്റെ സത്വര പ്രവൃത്തി കാരണം കാതറീന ഡെ സാൻ ഹുവാനെക്കുറിച്ച് എഴുതാന്‍ പദ്ധതിയിട്ടിരുന്ന നോവല്‍ മാറ്റിവെച്ച് ഔറംഗസേബിന്റെ കഥ അദ്ദേഹം പറഞ്ഞുപോകെ അവന് എഴുതാന്‍ തുടങ്ങി. (എന്നാല്‍ അവന്റെ മനസ്സിലൂടെയൊരു ചിന്ത കടന്നുപോയി. എടാ മഹാപാപീ, ജീവിച്ചിരിക്കുമ്പോൾ പിതാവിനെ പിടിച്ച് തടവിലാക്കി. മരിച്ചതിനു ശേഷവും അദ്ദേഹത്തെ തള്ളിമാറ്റി വന്നിരിക്കുന്നുവല്ലോ!)
അപ്പോൾ എഴുത്താളന്റെയുള്ളില് മറ്റൊരു ചോദ്യവും ഉയർന്നു. ഒരു പ്രേതാത്മാവ് തന്റെ കഥ പറയുമ്പോള്‍ വെറുതെ എഴുതിയാല്‍ അതിന് ആധികാരികത കൈവരുത്തുവാന്‍ എന്തുചെയ്യും? ഒരൊറ്റ വഴിയാണ് ഉണ്ടായിരുന്നത്. ഒരു ഭാഗത്ത് പ്രേതാത്മാവ് പറയുന്നതെല്ലാം രേഖപ്പെടുത്തിക്കൊണ്ടിരിക്കുക, പിന്നീട് അത് കോശഗ്രന്ഥങ്ങളില്‍ പരിശോധിക്കുക. അതനുസരിച്ച്, ഔറംഗസേബിന്റെ സംഭാഷണം ശബ്ദലേഖന ഉപകരണത്തില്‍ രേഖപ്പെടുത്താമെന്നും എഴുത്താളന് കരുതി. എന്നാൽ, ഔറംഗസേബ് വിസമ്മതിച്ചു. അടയാളങ്ങൾ ഉപേക്ഷിച്ചു പോകുന്നത് അവരുടെ (പ്രേതാത്മാക്കളുടെ) ലോകനിയമങ്ങള്‍ക്ക് സ്വീകാര്യമല്ലത്രെ. അതെന്ത് യുക്തിയാണെന്നറിയില്ല. എന്നാൽ, എഴുത്താളൻ തന്നോടൊപ്പം കൂടെകൂട്ടിയ റിസ്വാൻ, ഔറംഗസേബിന്റെ സംഭാഷണം പകർത്തിയെഴുതി നല്‍കാമെന്ന് പറഞ്ഞപ്പോൾ എഴുത്താളന് ആശ്വാസമായി. കടലാസുകളില്‍ കുറിപ്പെഴുതാം. അതിന് ഔറംഗസേബ് മറുത്തൊന്നും പറഞ്ഞില്ല.

* * * *
മുഗൾ ചക്രവർത്തിമാരെല്ലാവരുംതന്നെ ബ്രാഹ്മണ ജ്യോതിഷിമാരെ തങ്ങളുടെ കൊട്ടാരങ്ങളിൽ ഉയർന്നസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിരുന്നു. ഔറംഗസേബ് ഉള്‍പ്പെടെ. പണ്ഡിറ്റ് ചന്ദർബാന്‍ ബ്രാഹ്മൺ –അതാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്– 1620കളുടെ അവസാനം മുതൽ 1663 വരെ ഷാജഹാന്റെയും ഔറംഗസേബിന്റെയും ദര്‍ബാറുകളില്‍ ആസ്ഥാന ജ്യോതിഷിയായും ആസ്ഥാന കവിയായും മുൻഷിയായും തന്റെ ബ്രാഹ്മണ സ്വത്വം ഉപേക്ഷിക്കാതെതന്നെ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. ഷാജഹാൻ രോഗബാധിതനായപ്പോൾ ദാരാ ഷികോഹാണ് രാജ്യാധികാരം കൈയാളിയിരുന്നത്. അപ്പോഴും ചന്ദർബാന്‍ ബ്രാഹ്മണനായിരുന്നു കാര്യനിര്വാഹകനായിരുന്നത്. ബ്രാഹ്മണനായിരുന്നെങ്കിലും പേർഷ്യൻ ഭാഷയിലെ ആദ്യത്തെ ഇന്ത്യൻ കവിയായും ഗദ്യ എഴുത്താളനായും ചന്ദർബാന്‍ അറിയപ്പെടുന്നു. അതിനുമാത്രം പേര്‍ഷ്യന്‍ ഭാഷ ചന്ദര്ബാന്റെ മാതൃഭാഷയല്ല. അതു പഠിച്ചെടുത്ത ഭാഷ. ആകയാൽ, ഔറംഗസേബിന്റെ കാലത്ത് അദ്ദേഹത്തിന്റെ ദര്‍ബാറില്‍ സുപ്രധാന സ്ഥാനം വഹിച്ചിരുന്ന ഒരു ബ്രാഹ്മണൻ തന്റെ ആത്മകഥ പേർഷ്യൻ ഭാഷയിൽ, ഗദ്യരൂപത്തിൽ എഴുതിയിരിക്കുന്നുവെന്നത് എന്തുമാത്രം അമൂല്യമായ നിധിയാണ്! അതുപോലെ, ഷാജഹാന്റെ ദര്‍ബാറിലും പിന്നീട് ഔറംഗസേബിന്റെ ദര്‍ബാറിലും വൈദ്യനായി സേവനമനുഷ്ഠിച്ച ഫ്രാൻസ്വാ ബെർനിയേ (Franois Bernier 1620-1688) ഒരു യാത്രാവിവരണ ഗ്രന്ഥം രചിച്ചിരുന്നു.

നിക്കലാവോ മനൂച്ചി (Niccolao Manucci 1638-1717) ആയിരുന്നു മറ്റൊരാൾ. ജന്മനാടായ വെനീസ് വിട്ട് പതിനെട്ടാം വയസ്സിൽ (1656) ഇന്ത്യയിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് അമ്പത്തിനാലു വർഷം ഇന്ത്യയിൽതന്നെ താമസിച്ചു. ഷാജഹാൻ ചക്രവർത്തിയുടെ കുടുംബവുമായി –പ്രത്യേകിച്ച് ദാരായുമായി– അടുപ്പമുണ്ടായിരുന്ന വൈദ്യൻ. താൻ നേരില്‍ കണ്ട സംഭവങ്ങളെല്ലാം നാലു വാല്യങ്ങളിലായി അദ്ദേഹം എഴുതിയിട്ടുണ്ട്. അതില്‍ ആദ്യ വാല്യം ഔറംഗസേബിന്റെ കാലഘട്ടത്തെയാണ് പ്രതിപാദിക്കുന്നത്. “ഞാൻ കാണാത്തതും അനുഭവിക്കാത്തതുമായ ഒന്നുംതന്നെ എന്റെ കുറിപ്പുകളിൽ എഴുതിയിട്ടില്ല” എന്നു പറയുന്നു മനൂച്ചി.
അവസാനമായി, ഒരേയൊരു കാര്യം മാത്രം ഊന്നിപ്പറയാൻ എഴുത്താളൻ ആഗ്രഹിക്കുന്നു. അത് ഫ്രാൻസ്വാ ബെർനിയെ തന്റെ യാത്രാവിവരണത്തിൽ പറയുന്നതുപോലെ, “ഈ ചരിത്രമാണ് ഏറ്റവും ശരിയെന്ന് ഞാൻ പറയില്ല. എന്നാല്‍, തീര്‍ച്ചയായും മറ്റുള്ളവർ എഴുതിയതിനേക്കാൾ തെറ്റുകൾ കുറവായിരിക്കുമെന്നുമാത്രം ഉറപ്പിച്ചു പറയുന്നു”
മുന്കഥ 2
തന്റെ പ്രജകളെ തുല്യരായി പരിഗണിച്ച് ഭരിക്കുകയാണ് ഒരു രാജാവിന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ എന്നു മനസ്സിലാക്കി പ്രവര്‍ത്തിച്ച മഹാനായ ഒരു രാജാവുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഔറംഗസേബാണ്.
● ഔറംഗസേബിന്റെ ദർബാറിൽ എട്ടു വർഷം സേവനമനുഷ്ഠിച്ച ഫ്രഞ്ച് വൈദ്യന് ഫ്രാൻസ്വാ ബെർനിയേ
എനിക്കു വേണ്ടിയല്ല, മറ്റുള്ളവര്‍ക്കായി ജീവിച്ച് സേവനം ചെയ്യാനാണ് ദൈവം എന്നെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്.
● ഔറംഗസേബ്
ഒരു രാജാവിന്റെ കർത്തവ്യമെന്തെന്നാല്, ആവശ്യമെങ്കിൽ തന്റെ ജനങ്ങൾക്കുവേണ്ടി കൈയിൽ വാളുമേന്തി മരിക്കാൻ തയാറാവുക എന്നതാണ്.
● ഔറംഗസേബ്
ഈ കഥയിൽ പറഞ്ഞിരിക്കുന്ന എല്ലാ അഭിപ്രായങ്ങളും ഔറംഗസേബ് ചക്രവർത്തിയില്‍ നിക്ഷിപ്തമാണ്. അവയ്ക്ക് എഴുത്താളൻ ഉത്തരവാദിയല്ല. അവയിൽ ഔറംഗസേബിന്റെ പല വീക്ഷണങ്ങളോടും എഴുത്താളന് യോജിപ്പില്ലെങ്കിലും അദ്ദേഹവുമായി അവയെക്കുറിച്ചെല്ലാം ചർച്ച ചെയ്യാൻ എഴുത്താളന് കഴിയില്ല. അദ്ദേഹമാണെങ്കില്‍ ഒരു ചക്രവര്‍ത്തി. കൂടാതെ, ഒരു പ്രേതാത്മാവും. അടിച്ചാലോ അതോടെ തീര്‍ന്നു കഥ. അതിനുശേഷം അയ്യോ എന്നു പറഞ്ഞാലും വരില്ല, അമ്മായെന്നു പറഞ്ഞാലും വരില്ല. അതിനാലാണ് അദ്ദേഹവുമായി യാതൊരു വിധ സംവാദത്തിലും ഏര്‍പ്പെടാതെ വായ മൂടിവെച്ച് അദ്ദേഹം പറയുന്നത് എഴുത്താളന് കേട്ടുകൊണ്ടിരുന്നത്. അതുകൂടാതെ, സംവാദത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ജനാധിപത്യവാദിയോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബുദ്ധിജീവിയോ അല്ലെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ!
എഴുത്താളൻ ഔറംഗസേബുമായി ആശയവിനിമയം നടത്തുന്നത് ഏതു മാധ്യമത്തിലൂടെയാണോ ആ മാധ്യമത്തെ ഔറംഗസേബിന്റെ വീക്ഷണങ്ങൾക്ക് ഉത്തരവാദിയാക്കാൻ നമുക്ക് കഴിയില്ല. മാധ്യമമായി നിലകൊണ്ടിരുന്ന വ്യക്തിക്ക് ഔറംഗസേബ് എന്ന പേരിലൊരു രാജാവുണ്ടായിരുന്നു എന്നറിയാമല്ലാതെ മറ്റൊന്നുമറിയില്ല. പ്രേതാത്മാവ് അയാളുടെ ശരീരത്തിൽ പ്രവേശിച്ച് സംസാരിച്ചശേഷം പ്രേതാത്മാവ് പറഞ്ഞതെന്താണെന്ന കാര്യവും അയാളുടെ ഓർമയില്‍ ഉണ്ടായിരിക്കില്ല. രേഖ്ത്ത എന്ന ഭാഷയിലാണ് ഔറംഗസേബ് എഴുത്താളനോട് സംസാരിച്ചത്. ഒരു ദിവസം അദ്ദേഹവുമായി അതിനെപ്പറ്റി ഒരു സംഭാഷണം നടന്നു. അതിങ്ങനെയാണ്:
ബഹുമാനപ്പെട്ട ഖാത്തിബ്2 അവര്‍കളേ, താങ്കളോട് ഞാനിപ്പോൾ സംസാരിക്കുന്ന ഭാഷ രേഖ്ത്തയാണ്. ഞങ്ങൾ ഹിന്ദുസ്ഥാനിലേക്ക് വരുന്നതിനുമുമ്പ് ഹിന്ദവി എന്ന ഭാഷയായിരുന്നത്രെ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നത്. അതോടൊപ്പം ഞങ്ങളുടെ മാതൃഭാഷയായ പാര്സിയും കലര്‍ന്നാണ് രേഖ്ത്ത രൂപപ്പെട്ടത്. ഇത് അത്രയേറെ ബുദ്ധിമുട്ടുള്ള ഭാഷയൊന്നുമല്ല. ഉർദു അറിയുന്നവർക്ക് എളുപ്പമാണ്. ഞാൻ പറയുന്നതെന്താണെന്ന് ഒരു പരിധിവരെ താങ്കൾക്ക് മനസ്സിലാകുമെന്ന് കരുതുന്നു?
അതെ ഹുസൂർ. എനിക്ക് ഹിന്ദി അറിയാം. അതിനാൽ താങ്കള്‍ പറയുന്നത് മനസ്സിലാകുന്നുണ്ട്. അൽപം ശ്രദ്ധ ആവശ്യമാണെന്നു മാത്രം. ഞങ്ങള്‍ക്കുതന്നെ ശ്രീലങ്കന്‍ തമിഴരുടെ തമിഴ് മനസ്സിലാകുന്നുണ്ടെന്നാണോ കരുതുന്നത്? അത്തരത്തില്‍ കുറച്ചു വ്യത്യാസം മാത്രം. എഴുത്താളനെ പരിഗണിച്ച് ഔറംഗസേബും അൽപം നിര്‍ത്തി നിര്‍ത്തിയാണ് സംസാരിച്ചത്. വികാരഭരിതനാകുമ്പോൾ മാത്രം പാർസിയിലേക്ക് ഗതിമാറും. പിന്നീട് റിസ്വാനും എഴുത്താളനും ചേര്‍ന്ന് അദ്ദേഹത്തെ തറനിരപ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്ന് അദ്ദേഹത്തെക്കൊണ്ടുതന്നെ പരിഭാഷപ്പെടുത്തും. റിസ്വാന് പാർസിയും അറബിയും ഉർദുവും അറിയാം. എഴുത്താളൻ തന്റെ സഹായത്തിനായി കൂടെക്കൂട്ടിയ പേർഷ്യൻ സാഹിത്യവിദ്യാർഥിയാണ് റിസ്വാൻ.
ഇതിനെക്കുറിച്ച് ഞാനധികം ആലോചിച്ചിരുന്നില്ല ഹുസൂർ. അക്ബറിന്റെ പ്രേതാത്മാവിനോട് ഹിന്ദിയിലാണ് ഞാൻ സംസാരിച്ചത്. അതുകൂടാതെ, ശരീരം വിട്ടുപോയതിനുശേഷം നിങ്ങളെല്ലാവർക്കും (പ്രേതാത്മാവെന്നു പറയാന്‍ അവന് മടിയായിരുന്നതിനാല്‍ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു) ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിക്കാന്‍ പറ്റുമെന്നാണ് കരുതിയത്. എന്തെന്നാല്‍, ശരീരം വിട്ടുപോയ ശേഷം ആത്മാക്കൾ (ആഹാ, പ്രേതാത്മാവെന്നതിനെക്കാള് ഇതാണ് നല്ല വാക്ക്!) ഈ ലോകത്തിന്റെ നിയമ പദ്ധതികൾക്ക് അതീതരായിത്തീരും. മനുഷ്യജന്മങ്ങളായ ഞങ്ങൾക്കൊരു ഭാഷ പഠിക്കണമെന്നുണ്ടെങ്കിൽ, എന്തൊക്കെയോ കുട്ടിക്കരണം നടത്തേണ്ടതായുണ്ട്. വളരെ കുറച്ചാളുകൾ മാത്രമാണ് പുതിയ ഭാഷ എളുപ്പത്തില്‍ പഠിച്ചെടുക്കുന്നത്. പക്ഷേ, പുതിയ ഭാഷയുടെ വ്യാകരണപാഠം കിട്ടുമ്പോള്‍ എന്നെപ്പോലുള്ള പലരും ഓടിയൊളിക്കും ഹുസൂർ. അതില്‍തന്നെ ജർമൻ, സംസ്കൃതം തുടങ്ങിയ ഭാഷകളുടെ വ്യാകരണം പുതിയ ആളുകളെ ഭ്രാന്തുപിടിപ്പിക്കുന്നു. എന്തിനു വേറെ, തമിഴും മലയാളവും പോലും. കാണാന്‍ പാവത്താന്മാരെപ്പോലെ തോന്നും. എന്നാല്‍, പുതുതായി സമീപിക്കുന്നവരെ ഡ്രാക്കുള പോലെ തുരത്തിയോടിക്കും. ഒരു ഉദാഹരണം നോക്കൂ ഹുസൂര്‍. ഒരു ഹംഗേറിയക്കാരനെയോ റഷ്യക്കാരനെയോ ‘പോ’ എന്ന ക്രിയാപദം ഉപയോഗിച്ച് ഞാൻ എങ്ങനെയാണൊരു വാക്യം പഠിപ്പിക്കുക? വെറുതെ താങ്കളും എന്നോടൊപ്പം ചേര്‍ന്ന് പരീക്ഷിച്ചു നോക്കൂ, പൊന്നും പണവുമൊന്നുമല്ലല്ലോ?
ഞങ്ങൾ നാലുപേരും ഇന്നലെ സിനിമയ്ക്ക് പോയി.
നമ്മള് നാലുപേരും നാളെ സിനിമയ്ക്ക് പോകാം.
അവളും അവനും ഇന്നലെ സിനിമയ്ക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ഒരു റൗഡി അവളുടെ കൈയിൽ പിടിച്ചുവലിച്ചു.
മരണ സർട്ടിഫിക്കറ്റ് വാങ്ങാന്‍ എങ്ങോട്ടൊക്കെയോ പോകേണ്ടിയിരിക്കുന്നു.
എങ്ങോട്ടാണ് പോകുന്നത്?
ഇപ്പോള്‍ പോകുന്നുണ്ടോ, ഇല്ലയോ?
പോയി, പോകാം, പോയിക്കൊണ്ടിരിക്കുമ്പോള്‍, പോകേണ്ടിയിരിക്കുന്നു, പോകുന്നു, പോകുമ്പോള്‍, പോകുന്നോ...
പഠിക്കാൻ വരുന്നവൻ ഒറ്റദിവസം കൊണ്ട് വിഷം കഴിച്ച് ചാവും. ശരി, ഒരു പറച്ചിലിനുവേണ്ടി ആ റഷ്യക്കാരന് ഇതെല്ലാം മനഃപാഠമാക്കിയെന്നുതന്നെ കരുതുക. ഉടനെ അവനോട് “നീ നാളെ സിനിമയ്ക്ക് പോകുന്നുണ്ടോ?” എന്ന് ചോദിച്ചാൽ അതോടെ തീര്‍ന്നു കഥ. ‘പോ’ എന്നത് ക്രിയാപദം. നോക്കൂ, അതുപയോഗിച്ചുകൊണ്ട് എന്തൊക്കെ കളികളാണ് ഈ തമിഴ് വ്യാകരണവും മലയാള വ്യാകരണവും കളിക്കുന്നത്. ഇതേ പോലെയാണ് ആ ആ ജർമന്‍ ഭാഷയും എന്നെ ഓടിച്ചുവിട്ടത്.
ഇത്രയധികം വായിച്ചിട്ടുള്ള താങ്കള്‍ക്ക് ഇതിനെക്കുറിച്ചറിയില്ലേ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ? അതൊരു പോരായ്മയാണ്. അത്ര മാത്രം. Dyslexia. അതെനിക്ക് എങ്ങനെയറിയാമെന്നു ചോദിച്ചാല്‍, അക്ബർ ബാദുഷയ്ക്ക് എഴുതാനും വായിക്കാനും കഴിയാതെ വന്നതിനുള്ള കാരണം ഈ പോരായ്മയാണ്. ഒരുപക്ഷേ, താങ്കള്‍ക്കും ഈ ഡിസ്ലെക്സിയ ഉണ്ടായിരിക്കാം.
അതുശരി! ഞാൻ ഹുസൂരിനെ നേരത്തേ കണ്ടുമുട്ടിയിരുന്നെങ്കിൽ ഞാന്‍ നേരിട്ട ഏറ്റവും മോശമായ മാനസിക പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെട്ടിരുന്നേനെ! എന്തുകൊണ്ടെന്നാല്‍ തമിഴൊഴിച്ച് മറ്റേതൊരു ഭാഷ പഠിക്കുമ്പോഴും അതിന്റെ വ്യാകരണ പാഠം വരുമ്പോൾ വിഷം കുടിക്കാനോ കെട്ടിത്തൂങ്ങാനോ തോന്നും. ഇങ്ങനെ ഓരോ ഭാഷയും പഠിക്കാൻ പോവുകയും അതു സാധിക്കാതെ തിരിച്ചുവന്ന്... ഇതു പറയാന്‍ കാര്യമെന്താണ്? ഹാം… താങ്കള്‍ ആത്മാവസ്ഥയിലായതിനാല് (നുണകൾ എത്ര ഒഴുക്കോടെയാണ് നമ്മിലേക്ക് വരുന്നത്!) ആത്മാക്കൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് കരുതി, താങ്കള്‍ എന്നോട് തമിഴിൽ സംസാരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്.
ഇല്ല, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ, ആത്മാവായി മാറിയാലും അക്ബർ ബാദുഷയായി മാറാന്‍ എനിക്ക് കഴിയില്ല. തടസ്സപ്പെടുത്തുന്നതില്‍ ക്ഷമിക്കണം ഹുസൂര്‍. തമിഴും അക്ബർ ബാദുഷയും തമ്മിലുള്ള ബന്ധമെന്താണെന്ന് പറഞ്ഞുതരാമോ? വിന്ധ്യപർവതങ്ങൾ കടന്നുവന്ന് തമിഴ്നാട് പിടിച്ചടക്കുക എന്നത് അക്ബർ ബാദുഷയുടെ വലിയ സ്വപ്നമായിരുന്നു. കൃഷ്ണദേവരായർക്ക് ചെയ്യാന്‍ കഴിഞ്ഞത് എന്തുകൊണ്ട് തനിക്ക് ചെയ്യാൻ സാധിച്ചില്ലായെന്ന് അദ്ദേഹം പലപ്പോഴും നെടുവീർപ്പിടുമായിരുന്നു. ഭാഗ്യവശാൽ, അതിനു കഴിയില്ലായെന്നു തോന്നിയപ്പോള്‍ അദ്ദേഹം പെട്ടി മടക്കിവെക്കുകയുണ്ടായി. അങ്ങനെ ചെയ്യാതെ ഒരുവേള അതിനു ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നുവോ ആവോ? ജഹാന്‍പനാഹ് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി3 ബാബര്‍ ബാദുഷ ഗാസി4 ആ അപകടകരമായ കളിയിലേക്ക് ഇറങ്ങിപ്പുറപ്പെട്ടില്ല.
ഇറങ്ങിപ്പുറപ്പെട്ടിരുന്നെങ്കിൽ മുഗൾ സാമ്രാജ്യം ഫിർദൗസെ മക്കാനിയോടൊപ്പം അടക്കം ചെയ്യപ്പെടുമായിരുന്നു. കൃഷ്ണ ദേവരായരുടെ ഭീമാകാരമായ സൈന്യം ഫിർദൗസെ മക്കാനിയുടെ പടയെ കൊതുകിനെ ഞെരിക്കുന്നതുപോലെ അടിച്ചമര്‍ത്തുമായിരുന്നു. അര്‍ഷ് ആഷ്യാനി5 അക്ബർ ബാദുഷ തമിഴ്നാട് പിടിക്കാൻ ആഗ്രഹിച്ചത് നാടുവാഴാനുള്ള ആഗ്രഹം കൊണ്ടല്ല. വായിക്കാനറിയില്ലെങ്കിലും ഒരുപാട് വായിപ്പിച്ച് കേട്ടിരുന്നയാളാണ് അദ്ദേഹം. വായിക്കാനറിയാത്ത പണ്ഡിതന്. അദ്ദേഹത്തിന് ആരോ തമിഴ് സംഗീതം പരിചയപ്പെടുത്തികൊടുത്തിരുന്നു. അതു കേൾക്കാൻ അദ്ദേഹത്തിന് അതിയായ മോഹം. അതുകൊണ്ടാണ് തമിഴ്നാട്ടിലേക്ക് വരാൻ ആശിച്ചത്. അശോകന്റെ കാലത്തുതന്നെ യവനന്മാരുമായി വാണിജ്യബന്ധം വെച്ചുപുലര്‍ത്തിയിരുന്ന ആ വംശത്തെ കാണണമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നതായി ഞാൻ കേട്ടിട്ടുണ്ട്.

* * * *
മൊത്തം പന്ത്രണ്ട് കൂടിക്കാഴ്ചകളിലായാണ് ഈ സംഭാഷണം നടന്നത്. ഏകദേശം ആറു മുതൽ എട്ടു മണിക്കൂർ വരെയായിരുന്നു ഓരോ കൂടിക്കാഴ്ചകളുടെയും ദൈര്‍ഘ്യം. ആ സമയത്തൊക്കെ ഔറംഗസേബ് ഇടയ്ക്കിടെ കണ്ണുകളടച്ചുകൊണ്ട് അൽപനേരം മിണ്ടാതിരിക്കും. എഴുത്താളനും അദ്ദേഹത്തിന്റെ മൗനം ഭഞ്ജിക്കാതെ നിശ്ശബ്ദനായി ഇരുന്നു. പിന്നീട് പൊടുന്നനെ, “കേള്‍ക്കൂ, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ!” എന്നാരംഭിക്കും. ഓരോ കൂടിക്കാഴ്ചയും സൂറത്തുല്‍ ഫാത്തിഹയിലെ ഏഴ് മക്കീ6 സൂക്തങ്ങളുടെ പാരായണത്തോടെയാണ് തുടങ്ങുക. എങ്കിലും നോവലിന്റെ ദൈര്‍ഘ്യം പരിഗണിച്ച് തുടക്കത്തില്‍ മാത്രമാണ് എഴുത്താളന് അതു നൽകിയിരിക്കുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ അദ്ദേഹം അൽ ഫാത്തിഹ ഓതാന്‍ തുടങ്ങി അവസാനിപ്പിക്കുന്നതിനിടയില്‍ എഴുത്താളനൊരു കാര്യം ചെയ്തു. അതായത്, മുഗൾ ചക്രവർത്തിമാരെ കണ്ടുമുട്ടുമ്പോൾ അവരെ വണങ്ങുന്ന ഒരു രീതിയുണ്ട്. നിക്കലാവോ മനൂച്ചി ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ആദ്യമായി ഔറംഗസേബിനെ കാണാൻ ചെന്നപ്പോൾ അങ്ങനെയാണത്രെ അദ്ദേഹം വണങ്ങിയത്. എഴുത്താളനും അതേപോലെ വണങ്ങി. വലതു കൈയുടെ പിൻഭാഗം തറയിൽ വെച്ച് അരക്കെട്ട് നൂറ്റി എൺപത് ഡിഗ്രിയിൽ വളച്ച് തല ഏതാണ്ട് തറയിലുള്ള കൈയില്‍ തൊടുംവിധം വണങ്ങുന്നതാണ് ആ രീതി. യോഗയിൽ ഇതിനെ ഉത്ഥാനാസനം എന്നുപറയുന്നു.
എഴുത്താളൻ അങ്ങനെ കുനിഞ്ഞു വളഞ്ഞ് വണങ്ങുന്നത് കണ്ടതും ഔറംഗസേബ് കുടുകുടായെന്ന് ചിരിച്ചുകളഞ്ഞു. താങ്കളെന്റെ പഴയ ഓർമകള്‍ ഉണർത്തിയിരിക്കുന്നു, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ… ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇമ്മാതിരി കുമ്പിടലൊന്നും ആവശ്യമില്ല... ഇപ്പോള്‍ ജനാധിപത്യമൊക്കെയല്ലേ. ജനങ്ങൾ രാജാവും മന്ത്രിമാർ അവരുടെ സേവകരുമാണത്രെ. അങ്ങനെയാണെന്നാണ് കേട്ടറിഞ്ഞത്. അത്രത്തോളം പോകേണ്ടതില്ലെങ്കിലും വീണ്ടും ഞങ്ങളുടെ കാലത്തേക്കുതന്നെ മടങ്ങേണ്ട ആവശ്യമില്ല. തടസ്സപ്പെടുത്തുന്നതില്‍ ക്ഷമിക്കണം ഹുസൂര്‍... താങ്കൾ പറയുന്നത് ഏറക്കുറെ സത്യമാണെങ്കിലും യാഥാർഥ്യം വേറെ മാതിരിയാണ്. ഞാന്‍ ഇപ്പോള്‍ കുനിഞ്ഞതുപോലെ കുമ്പിടാനായി മന്ത്രിമാര്‍ക്ക് അവരുടെ കുടവയറുകള്‍ പ്രതിബന്ധമാവുന്നതിനാല് മുട്ടുകുത്തി പ്രാർഥിക്കുന്നതുപോലെ അവർ തങ്ങളുടെ നേതാക്കളുടെ കാൽക്കൽ വീഴുകയാണ്. മാത്രവുമല്ല, ഒരു തലൈവിയുടെ തൃപ്പാദങ്ങളെ അവരുടെ മുന്നിലുള്ള മേശ മറച്ചതിനാല്‍, ഒരു മന്ത്രി ആനക്കാലില്‍ ഇഴഞ്ഞുചെന്നുകൊണ്ട് തലൈവിയുടെ പാദങ്ങള്‍ തൊഴുതിരുന്നു. അതിനാല്‍ പേരു മാറിയെങ്കിലും സ്ഥിതിഗതികള്‍ മാറിയില്ലെന്ന് പറയേണ്ടിയിരിക്കുന്നു.
* * * *
ഓരോ കൂടിക്കാഴ്ചയും നടന്ന എട്ടു മണിക്കൂർ സമയത്ത്, വെള്ളമല്ലാതെ ഔറംഗസേബ് മറ്റൊന്നും കുടിച്ചില്ല. ആദ്യ കൂടിക്കാഴ്ചയില്‍, “താങ്കള്‍ കാബൂളി7കഴിക്കുന്നോ ഹുസൂർ?” എന്നു ചോദിച്ചു എഴുത്താളൻ. ഹ ഹ ഹാ എന്നുറക്കെ ചിരിച്ചുകൊണ്ട് “ഞാനെന്റെ മകന് എഴുതിയ കത്തുകളെല്ലാം താങ്കള്‍ കൃത്യമായി വായിച്ചുവെന്ന് തോന്നുന്നു. അതിലൊരിടത്ത് എനിക്ക് കാബൂളി ഇഷ്ടമാണെന്ന് എഴുതിയിട്ടുണ്ട്. ശരിയാണ്. ഞാൻ നല്ല ഭക്ഷണപ്രിയനാണെങ്കിലും പതിവായി കഴിക്കാറില്ല. കര്‍മോത്സുകന്‍ ഒരിക്കലും ഇത്തരം ഇച്ഛകളില്‍ ആകൃഷ്ടനാവില്ല. അതുകൊണ്ടാണ് 89 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിക്കാൻ എനിക്കു കഴിഞ്ഞതും 49 വർഷം അധികാരത്തിൽ ഇരിക്കാൻ സാധിച്ചതും” അദ്ദേഹം പറഞ്ഞു. ഒരു നൊടി ആലോചിച്ചിട്ട് “അക്ബർ ബാദുഷയും എന്നെപ്പോലെ 49 വർഷം അധികാരത്തിലിരുന്ന ആളായിരുന്നുവെന്നത് ശരിയാണ്. എന്നാലും അദ്ദേഹത്തിന്റെ പിതാവ് ജഹാൻബാനി ജന്നത്ത് ആഷ്യാനി9 ഹുമയൂൺ ബാദുഷ മരിച്ച് അക്ബർ ബാദുഷയെ മയൂരസിംഹാസനത്തില്‍ ആസനസ്ഥനാക്കുമ്പോള് പതിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. അതിനാല്‍ അദ്ദേഹത്തിനു പതിനെട്ടു വയസ്സ് പൂര്‍ത്തിയാകുന്നതുവരെ ബെഹ്റാം ഖാനായിരുന്നല്ലോ ഭരണനിര്‍വഹണം നടത്തിയിരുന്നത്” ഔറംഗസേബ് പറഞ്ഞു.
അങ്ങനെയെങ്കില്‍ ഹുസൂര്‍, മാമ്പഴ ജ്യൂസ് കൊണ്ടുവരാന്‍ പറയട്ടെ?
വീണ്ടും പൊട്ടിച്ചിരിച്ചിട്ട് “താങ്കള്‍ ആളൊരു കില്ലാഡിതന്നെ ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ, ഞങ്ങളുടെ വംശംതന്നെ ആ പഴത്തിന് അടിമയാണ്. ഗീത്തി സിത്താനി ഫിർദൗസെ മക്കാനിക്കായിരുന്നു അതിനൊന്നും സമയമില്ലാതിരുന്നത്. അതൊഴിച്ചാല്‍ ജഹാൻബാനി ജന്നത്ത് ആഷ്യാനിയിൽനിന്നാരംഭിക്കുന്നു മാമ്പഴവുമായുള്ള ഞങ്ങളുടെ ബന്ധം. ദില്ലിയിൽനിന്ന് കാബൂളിലേക്ക് ഓടേണ്ടിവന്നപ്പോള്‍ പോലും, കൊട്ടക്കണക്കിന് മാമ്പഴങ്ങൾ തുടരെ കാബൂളിലേക്ക് അയച്ചുകൊടുക്കാനുള്ള ഏർപ്പാടുകൾ ചെയ്താണ് അദ്ദേഹം പുറപ്പെട്ടത്. അക്ബർ ബാദുഷയുടെ മാന്തോപ്പിൽ ഒരു ലക്ഷം മാവുകളുണ്ടായിരുന്നു. അറിയാമോ? ഒരിക്കൽ ഈ മാമ്പഴ പ്രശ്നം കാരണം ചക്രവർത്തി8 എന്നെ വീട്ടുതടങ്കലിലാക്കിയിരുന്നുവെന്ന് പറഞ്ഞാല്‍ താങ്കൾക്ക് വിശ്വസിക്കാനാകുമോ?
അതിലുപരി ഹുസൂർ... എന്റെ വായനക്കാരുടെ പ്രധാന പ്രശ്നം താങ്കള്‍ പരാമർശിക്കുന്ന ഗീത്തി സിത്താനി ഫിർദൗസേ മക്കാനിയും ജഹൻബാനി ജന്നത്ത് ആഷ്യാനിയും അർഷ് ആഷ്യാനിയുമാണ്. ഞങ്ങള്‍ എങ്ങനെയാണ് ഈ പേരുകൾ ഓർത്തുവെക്കുക? ഇതിനുമാത്രം താങ്കള്‍ മറുപടി പറഞ്ഞില്ലെങ്കില്‍ താങ്കളുടെ കഥ ആരും കേള്‍ക്കുകയില്ല. പറഞ്ഞില്ലെന്നു വേണ്ട...
മുന്കഥ 3
ആദ്യം, മാമ്പഴത്തിനായി ചക്രവർത്തി എന്നെ വീട്ടുതടങ്കലിലാക്കിയതിനെക്കുറിച്ച് പറഞ്ഞതിനുശേഷം താങ്കളുടെ ചോദ്യത്തിലേക്കു വരാം. ഒരിക്കൽ ഭാഗ്നഗറിൽ10നിന്ന് ഇമാംപസന്ദ്11 മാമ്പഴം എനിക്ക് കൊടുത്തയച്ചിരുന്നു. അതിൽനിന്ന് കുറച്ചു കൊട്ടകൾ ഞാൻ ചക്രവർത്തിക്ക് അയച്ചുകൊടുക്കേണ്ടിയിരുന്നു. പക്ഷേ, അത്തരം പഴങ്ങൾ ഞാന്‍ അതിനുമുമ്പ് കഴിച്ചിരുന്നില്ല. അന്നായിരുന്നു ആദ്യമായി കഴിക്കുന്നത്. അത്രയും രുചി അതിനുമുമ്പ് ഞാനെന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. അതിനാല്‍ ആ കുട്ടകളെല്ലാം ഞാൻതന്നെ സൂക്ഷിച്ചു. തെറ്റായിപ്പോയി. ചക്രവർത്തി അറിയാതെ കൊട്ടാരത്തിലൊ രു ഈച്ചയ്ക്കു പോലും പറക്കാൻ സാധ്യമല്ല. അദ്ദേഹമെന്നെ വീട്ടുതടങ്കലിലാക്കി. എന്നാലും സാരമില്ലെന്ന് കരുതി. ഇമാംപസന്ദിന്റെ രുചിക്കായി വീട്ടുതടങ്കലില്‍ കഴിഞ്ഞുകൊള്ളാം. ഇമാംപസന്ദ് ഈ നഗരത്തിൽ ലഭ്യമാണെങ്കിൽ കൊണ്ടുവരിക, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ!
ഭാഗ്യവശാല്‍ അവരുടെ സംഭാഷണം നടന്നുകൊണ്ടിരുന്നത് വേനല്ക്കാലത്തായിരുന്നതിനാല് ഇമാംപസന്ദിന് പഞ്ഞമുണ്ടായിരുന്നില്ല. അതു കൊണ്ടുവന്ന് ഓരോ കൂടിക്കാഴ്ചയിലും അതിന്റെ തൊലി നീക്കി മാംസം മാത്രം കഷണങ്ങളാക്കി, അത് കുത്തിയെടുത്ത് ഭക്ഷിക്കാന്‍ മുള്ക്കരണ്ടിയോടൊപ്പം എഴുത്താളന് പിഞ്ഞാണപ്പാത്രത്തിലേക്ക് പകർന്നു നൽകി. “താങ്കളെന്നെയൊരു ഫിരങ്കി12 യാക്കിയല്ലേ, നല്ലത്” എന്നു പറഞ്ഞുകൊണ്ട് ഔറംഗസേബ് അതെടുത്ത് രുചിയോടെ ഭക്ഷിച്ചു. സമീപത്തായി ഒരു കോപ്പയില്‍ വെള്ളവുമുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം റിസ്വാനും എഴുത്താളനും മാമ്പഴം കഴിച്ചു.
കാലങ്ങൾ എത്രയോ കടന്നുപോയിട്ടും, പല മാറ്റങ്ങള്‍ സംഭവിച്ചിട്ടും ഇമാംപസന്ദ് മാത്രം അങ്ങനെതന്നെയുണ്ട്... ശരി, ഇനി ആ സ്ഥാനപ്പേരുമായി ബന്ധപ്പെട്ട വിഷയത്തിലേക്കു വരാം. ഞങ്ങളുടെ മുഗൾ സാമ്രാജ്യത്തിൽ ആരും ചക്രവർത്തിമാരുടെ പേരുകൾ പരാമർശിക്കില്ല. സ്ഥാനപ്പേരു മാത്രം. ഗീത്തി സിത്താനി ഫിർദൗസെ മക്കാനി എന്നത് ബാബര്‍ ബാദുഷ ഗാസിയെ സൂചിപ്പിക്കും. ജഹാൻബാനി ജന്നത്ത് ആഷ്യാനി എന്നത് അദ്ദേഹത്തിന്റെ മകന് ഹുമയൂണ്‍ ബാദുഷ. അര്‍ഷ് ആഷ്യാനി അക്ബര്‍ ബാദുഷ. ഇതെല്ലാം താങ്കൾ അക്ബർനാമയിൽ കണ്ടിട്ടുണ്ടാകുമല്ലോ, ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ! ഈ മൂന്നും താങ്കൾ മനഃപാഠമാക്കിയിട്ടില്ലെങ്കിൽ, എന്റെ കഥ പിന്തുടരാൻ അൽപം ബുദ്ധിമുട്ടായിരിക്കും. കൂടാതെ, ഇതെല്ലാം എങ്ങനെ ഓർത്തുവെക്കുമെന്ന് താങ്കള്‍ ചോദിച്ചിരുന്നു. നല്ല ചോദ്യം. താങ്കളോട് സംസാരിക്കാനുദ്ദേശിച്ച് താങ്കളെക്കുറിച്ചും താങ്കളുടെ നാടിനെക്കുറിച്ചും അൽപം പഠിച്ചാണ് വന്നിരിക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തിലെ ഒരു പ്രവർത്തകൻ ആ പാർട്ടിയുടെ അന്തരിച്ച തലവൻ ബഹുമാന്യനായ ശ്രീ. കരുണാനിധിയെ കരുണാനിധി എന്നാണോ വിളിക്കുക? എത്ര തവണ പരാമര്‍ശിക്കുമ്പോഴും കലൈജ്ഞര്‍ എന്നല്ലേ പറയുക? അങ്ങനെയെങ്കിൽ ഞാൻ മാത്രമെങ്ങനെ പേരെടുത്ത് സംസാരിക്കും? കൂടാതെ, ഗീത്തി സിത്താനി ഫിർദൗസെ മക്കാനി മുമ്പേ, “ഹിന്ദുസ്ഥാനിലെ ആളുകള്‍ക്ക് ബഹുമാനമൊന്നും അറിയില്ല, അവരുടെ വാക്കുകളിലോ ശരീരഭാഷയിലോ അടക്കവും ഒതുക്കവുമില്ല” എന്നല്ലേ പറഞ്ഞിരിക്കുന്നത്!
സത്യമാണ് ശഹെൻശാഹ്. സ്ഥാനപ്പേരുകളെ സംബന്ധിച്ചിടത്തോളം, മുഗൾ സാമ്രാജ്യത്തിനും ഞങ്ങളുടെ തമിഴ്നാടിനും വളരെയേറെ പൊരുത്തമുണ്ടെന്ന് തോന്നുന്നു. ചക്രവർത്തിമാരുടെ പേര് ആരും പറയാന്‍ പാടില്ല. അതിനാലാണ് അബുല്‍ ഫസല്‍ അക്ബര്നാമയിലുടനീളം ജഹാന്‍പനാഹ് ഗീത്തി സിത്താനി ഫിർദൗസെ മക്കാനി എന്നു പറഞ്ഞ് നിര്‍ത്തുന്നത്. പുസ്തകത്തിന്റെ തുടക്കത്തിൽതന്നെ ഇത് വിശദീകരിച്ച് അദ്ദേഹമൊരു സൂചന നൽകുന്നുണ്ട്. എന്നാലും അകത്തേക്ക് കടക്കുമ്പോള്‍ കീ. സി. ഫി. മ. തി. എന്നും ജ. ജ. ആ. തി. എന്നും ചുരുക്കിപ്പറയുമ്പോള്‍ എന്തോ വിഷമം തോന്നുന്നു. ഇതു പറഞ്ഞതിന് ഞാൻ അബുൽ ഫസല്‍ അവര്‍കളെ ഇകഴ്ത്തിപ്പറയുകയാണെന്ന് താങ്കള്‍ കരുതരുത്. ഞാൻ വായിച്ചിട്ടുള്ള ഗദ്യകൃതികളിൽ അക്ബർനാമ ഒരു ഇതിഹാസമാണെന്ന് പറയും. പേർഷ്യയില്‍നിന്നുള്ള ഇംഗ്ലീഷ് വിവർത്തനമാണ് വായിച്ചതെങ്കിലും ആ ഗദ്യത്തിന്റെ ആഴവും പരപ്പും പരിഭാഷയിൽതന്നെ മനസ്സിലാക്കാൻ കഴിഞ്ഞു.

എങ്കിലും കീ. സി. ഫി. മ. തി. എന്നും ജ. ജ. ആ. തി. എന്നുമെഴുതി ഞങ്ങളെ ഇങ്ങനെ ശിക്ഷിക്കേണ്ടിയിരുന്നില്ല. അല്ലേ? പക്ഷേ, താങ്കൾ പറഞ്ഞത് സത്യമാണ് ഹുസൂർ. കലൈജ്ഞരെ മാത്രമല്ല; മറ്റു രാഷ്ട്രീയനേതാക്കളെയും സിനിമാതാരങ്ങളെയും ഞങ്ങള്‍ പേരുപറഞ്ഞ് വിളിക്കാറില്ല. അറിജ്ഞര്‍, കലൈജ്ഞര്‍, നാവലര്‍, പേരാസിരിയര്‍, സിന്തനൈ സിര്‍പ്പി, പുരട്ച്ചിത്തലൈവന്, പുരട്ച്ചിത്തലൈവി, ക്യാപ്റ്റന്‍, ദളപതി എന്നിങ്ങനെ സ്ഥാനപ്പേര് പറഞ്ഞാണ് വിളിക്കുന്നത്. അതുകൂടാതെ ഞങ്ങളുടെ നാട്ടില്‍ സിനിമയെയും രാഷ്ട്രീയത്തെയും വേർതിരിക്കാൻ കഴിയാത്തതിനാൽ താങ്കള്‍ ഈ രണ്ടുതരം സ്ഥാനപ്പേരുകളും ശ്രദ്ധിക്കണമെന്ന് അഭ്യർഥിക്കുന്നു ഹുസൂർ. മക്കള്‍ തിലകം, നടികര്‍ തിലകം, നവരസ നായകന്, പുരട്ച്ചിത്തമിഴന്, പുരട്ച്ചി ദളപതി, ഇളയ ദളപതി, പവര്‍ സ്റ്റാര്‍, വൈഗൈപുയല്14, തല, കവിപ്പേരരസു, ഉലകനായകന്... നോക്കൂ, താങ്കളുടെ സ്ഥാനപ്പേരിനെത്തന്നെ അടിച്ചുമാറ്റിയിരിക്കുന്നു. താങ്കളല്ലേ ആലംഗീര്‍? ആലംഗീർ എന്നാല്‍ ഉലകനായകന്! അതിശയകരമെന്നു പറയട്ടെ, കാണാനും ആളു താങ്കളെപ്പോലെ തന്നെയാണ്.
സ്ഥാനപ്പേരുകളിൽ ക്രാന്തി, ക്രാന്തി13യെന്നും ക്യാപ്റ്റനെന്നും ദളപതിയെന്നും ഇടക്കിടെ വരുന്നുണ്ടല്ലോ. ജനാധിപത്യമെന്നൊരു മൗഢ്യ പ്രതിഭാസം ഇപ്പോള്‍ ലോകത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്നുമുണ്ടല്ലോ, ക്രാന്തിക്കും ദളപതിക്കും എങ്ങനെയാണ് അവിടെ സ്ഥാനമുണ്ടാവുക? ഒരുപക്ഷേ, പാകിസ്താനോടും ചൈനയോടും ബംഗ്ലാദേശിനോടും പൊരുതി വീരപതക്കം നേടിയവരെയാണോ സിനിമയിലും രാഷ്ട്രീയത്തിലും ചേര്‍ക്കുന്നത്? അങ്ങനെയെങ്കില്‍ ദളപതിയെന്ന സ്ഥാനപ്പേരിന്റെ കാര്യത്തില്‍ അതുശരിയാകാം. പക്ഷേ, ജനാധിപത്യത്തിൽ ക്രാന്തി എങ്ങനെ സാധ്യമാകും?
ഹുസൂർ, ഈ നോവലില്‍ താങ്കളാണ് നായകൻ. എന്നാൽ, താങ്കള്‍ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വിശദമായ ഉത്തരങ്ങൾ ആവശ്യമാണ്. അതെല്ലാംകൂടി പറഞ്ഞാല്‍, ഈ നോവലിൽ താങ്കളൊരു സഹകഥാപാത്രമായി പരിണമിച്ച് ഞാൻ തന്നെ ആഖ്യാതാവായി മാറും. അങ്ങനെ സംഭവിച്ചാല്‍ അത് ഈ നോവലിന്റെ തലക്കെട്ടിനോട് നീതിപുലര്ത്തുകയില്ലായെന്നതിനാല് ചുരുക്കിപ്പറയാന്‍ ശ്രമിക്കാം. നടികര്‍ തിലകം എന്നൊരു നടനുണ്ട്. അദ്ദേഹമാണ് നവരസങ്ങളില്‍ വിവിധ രസങ്ങളായ ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നിവ പ്രകാശിപ്പിച്ച് ഞങ്ങളുടെ തലമുറയില്‍ തിലകമായി പ്രസിദ്ധിയാര്‍ജിച്ചത്. ഇതുകൂടാതെ, സ്നേഹം, വാത്സല്യം, തത്ത്വചിന്ത, ത്യാഗം, ദേശസ്നേഹം എന്നിവയായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്ന മറ്റു മേഖലകൾ. അതായത്, ഞാനുദ്ദേശിക്കുന്നതെന്താണെന്നുവെച്ചാല്, ഞങ്ങള്‍ തമിഴർ യാഥാർഥ്യത്തേക്കാൾ യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങൾക്കാണ് കൂടുതൽ മൂല്യം കൽപിക്കുന്നത്. മറ്റൊന്ന്, ഞങ്ങള്‍തന്നെ അനുഭവിച്ചു നോക്കുന്നതിനെക്കാള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നതിനെയാണ് ഞങ്ങള്‍ ആസ്വദിക്കുന്നത്.
ആധുനിക മനഃശാസ്ത്രജ്ഞർ ഈ മനോഭാവത്തെ voyeurism എന്നാണ് പറയുന്നത്. ഉദാഹരണത്തിന്, രാജ്യത്തിനുവേണ്ടി ഒന്നനങ്ങുകപോലും ചെയ്യില്ല. എന്നാല്‍, വീരപാണ്ഡ്യ കട്ടബൊമ്മന്, കപ്പലോട്ടിയ തമിഴന്പോലുള്ള പടങ്ങളില്‍ ഞങ്ങളുടെ നടികര്‍ തിലകം അഭിനയിക്കുമ്പോള്‍ വീരപാണ്ഡ്യ കട്ടബൊമ്മനായും കപ്പലോട്ടിയ തമിഴനായും മാറും. ഒന്ന്, വീരം. മറ്റൊന്ന്, ത്യാഗം. അടിസ്ഥാനപരമായി രണ്ടും ദേശസ്നേഹമാണ്. രാജ്യത്തിനുവേണ്ടി പോരാടുന്നതാണ് ഒന്ന്. രാഷ്ട്രത്തിനുവേണ്ടി ത്യാഗം ചെയ്യുക എന്നതാണ് മറ്റൊന്ന്. എന്നാൽ യഥാർഥ ജീവിതത്തിൽ എന്റെ മകനോ മകളോ ‘‘ഞാന്‍ സൈന്യത്തിൽ ചേരാന്‍ പോവുകയാണ്’’ എന്നു പറഞ്ഞാൽ, ‘‘മരത്തലയാ! നിന്റെ ബുദ്ധി കെട്ടുപോയോ?’’ എന്നു ശകാരിച്ച് ‘അമേരിക്കയിൽ ചെന്ന് ഡോളര്‍ സമ്പാദിക്കാൻ നോക്ക്’ എന്നുപദേശിക്കും.

മറ്റൊരാള്‍ പുരട്ച്ചിത്തലൈവര്‍. ഞങ്ങളുടെ വിപ്ലവബോധത്തിന്റെ പ്രതീകമാണ് അദ്ദേഹം. ഞങ്ങളുടെ നാട്ടിൽ ഒരു ശുചീകരണ തൊഴിലാളിക്ക് ലഭിക്കുന്ന മാസശമ്പളം ഏഴായിരം രൂപയാണ്. എന്നാൽ, മറ്റ് ഇടത്തരക്കാരുടെ മാസശമ്പളം കുറഞ്ഞത് എഴുപത്തിനായിരം രൂപയിൽനിന്നാണ് ആരംഭിക്കുന്നത്. പലർക്കും ലക്ഷങ്ങളാണ് ശമ്പളം. ആ ശുചീകരണ തൊഴിലാളിക്ക് എങ്ങനെയാണ് തന്റെ മക്കളെ പഠിപ്പിക്കാന്‍ സാധിക്കുക? അവന്റെ മക്കൾ എന്തു ജോലിക്കാണ് പോവുക? താങ്കള്‍ക്കുതന്നെ ഊഹിക്കാന്‍ പറ്റും. ഇതെല്ലാം മാറ്റണമെന്ന് പറഞ്ഞയാളാണ് കാൾ മാർക്സ്. അദ്ദേഹത്തെ താങ്കള്‍ക്കറിയാമല്ലോ? താങ്കളുടെ കാലശേഷം വന്നയാള്‍. എല്ലാ മനുഷ്യരും തുല്യരാണെന്നും ആരും ആരെയും ചൂഷണം ചെയ്യാന്‍ പാടില്ലെന്നും പുതിയ രീതിയിൽ അദ്ദേഹം ചിന്തിച്ചു.
ക്ഷമിക്കണം ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ, ചൂഷണം ചെയ്യാന്‍ പാടില്ലായെന്നു പറഞ്ഞാല്‍ എന്താണെന്ന് മനസ്സലായില്ലല്ലോ?
അതു വളരെ സാധാരണ വിഷയമാണ് ഹുസൂർ. എല്ലാ മനുഷ്യരും തുല്യരാണ്, ഉയര്ന്നവന് താഴ്ന്നവന് എന്നൊന്നില്ലായെന്നതിനാല് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ അധ്വാനത്തിൽ ജീവിക്കരുത്.
അങ്ങനെയെങ്കില്‍ മനുഷ്യരാരും അധ്വാനിക്കില്ലല്ലോ? ലോകംതന്നെ നിശ്ചലമാകില്ലേ?
ഇല്ല ഹുസൂര്‍. ഞാൻ കൃത്യമായി വിശദീകരിച്ചില്ല. അധ്വാനിക്കാം. എന്നാൽ, അവിടെ മുതലാളി-തൊഴിലാളി എന്ന വ്യത്യാസമുണ്ടായിരിക്കില്ല. ഒരു നേതൃഘടനയുണ്ടാകും. ഇതെല്ലാവരെയും വ്യത്യസ്തതരം ജോലികളിൽ വ്യാപൃതമാക്കും. എല്ലാവർക്കും തുല്യമായ വേതനം നൽകും.
അതുതന്നെയല്ലേ ഞാനും ചെയ്തത് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ? പ്രജകളിൽനിന്ന് നികുതി പിരിച്ച് അവർക്ക് ആവശ്യമുള്ളത് നൽകി. എനിക്കായി ഞാനൊന്നും എടുത്തില്ലല്ലോ? തൊപ്പി തയ്ച്ച് അതിൽനിന്ന് കിട്ടുന്ന കൂലിപ്പണത്തിൽ നിന്നല്ലേ ഞാന്‍ ഭക്ഷിച്ചത്?
എന്നാൽ, താങ്കളുടെ അഭിപ്രായത്തിന് എതിരായി സംസാരിച്ചാല്‍ കണ്ണുകൾ ചൂഴ്ന്നെടുക്കും, അല്ലെങ്കിൽ ആനക്കാലിൽ ചവിട്ടിക്കൊല്ലും, അതുമല്ലെങ്കിൽ തല വെട്ടിക്കളയും... അതെല്ലാം മനുഷ്യത്വരഹിതമാണെന്നാണ് കാൾ മാർക്സ് പറയുന്നത്.
അങ്ങനെയെങ്കില്‍ അദ്ദേഹമൊരു വിഡ്ഢിയായിരിക്കണം. സാമൂഹിക വിരുദ്ധരെ കൊല്ലുകയല്ലാതെ പിന്നെന്താണ് ചെയ്യേണ്ടത്? സാമൂഹിക വിരുദ്ധരെ കൊന്നവര്‍ മനുഷ്യവിരുദ്ധരോ? എന്റെ ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരമെന്താണ്?
വേണ്ട ഹുസൂര്‍. എന്റെ വായനക്കാർക്കും മറ്റുള്ളവർക്കും കാൾ മാർക്സ് തന്നെ ഇപ്പോള്‍ കാലഹരണപ്പെട്ടതായി തോന്നുന്നു. അതുകൊണ്ട് ഇത്തരം ഗവേഷണങ്ങളിലും സംഭാഷണങ്ങളിലും കയറിയിറങ്ങി സമയം കളയുന്നതിനെക്കാളും താങ്കള്‍ താങ്കളുടെ കഥ പറഞ്ഞാൽ എനിക്കും എന്റെ വായനക്കാർക്കും രസമായിരിക്കും.
നല്ലത് ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളെ, പക്ഷേ താങ്കളാണ് കാള്‍ മാര്‍ക്സെന്നും പുരട്ച്ചിത്തലൈവരെന്നും പറഞ്ഞുകൊണ്ടിരുന്നത്. പറഞ്ഞു തീര്‍ന്നോ?
അ… അതേ ഹുസൂര്‍. ക്ഷമിക്കണം. ഞങ്ങളുടെ പുരട്ച്ചിത്തലൈവര്‍ എന്തുകൊണ്ടാണ് പുരട്ച്ചിത്തലൈവരെന്നാല്, നാടോടി മന്നൻ എന്ന ചിത്രത്തിൽ കാൾ മാർക്സിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ സിദ്ധാന്തമായി അവതരിപ്പിക്കുന്നത്. കാൾ മാർക്സിന്റെ പേരു പറയുന്നില്ല. പറഞ്ഞിരുന്നെങ്കില്‍ എൻകൗണ്ടറില്‍ അദ്ദേഹത്തെ തീര്‍ത്തു കളഞ്ഞേനെ. അതുകൊണ്ട് കാൾ മാർക്സിന്റെ പേരു പറയാതെ, താന്‍ അധികാരത്തിൽ വന്നാൽ കാൾ മാർക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറഞ്ഞതെല്ലാം ചെയ്യുമെന്ന് ഞങ്ങളുടെ പുരട്ച്ചിത്തലൈവര്‍ പ്രതിജ്ഞയെടുത്തു.
എൻകൗണ്ടര്‍, തീര്‍ത്തു കളയുക... ബഹുമാനപ്പെട്ട ഖാത്തിബ് അവര്‍കളേ എന്താണിത്, എനിക്കിതൊന്നും മനസ്സിലാകുന്നില്ലല്ലോ?
സിമ്പിള്‍ ഹുസൂര്‍. താങ്കളൊരു ചക്രവര്‍ത്തി. താങ്കളുടെ കാലത്ത് തല വെട്ടിയ ശേഷം പട്ടണത്തിനു നടുവിലുള്ള തൂണിൽ നാട്ടി വെക്കും. ജനാധിപത്യത്തിൽ അതെല്ലാം സാധ്യമല്ലാത്തതിനാൽ ഇരുചെവിയറിയാതെ പോലീസിനെ വിട്ട് വകവരുത്തും. കുറ്റവാളി ഞങ്ങളെ വെടിവെക്കാൻ വന്നു. സ്വജീവന്‍ രക്ഷിക്കാന്‍ ഞങ്ങൾ വെടിവെച്ചിട്ടു. കഴിഞ്ഞു കഥ. തങ്ങളുടെ തള്ളവിരലിലെ നഖംകൊണ്ട് മുഖത്തൊരു പോറലുണ്ടാക്കിയാൽ മാത്രം മതി. അത് കുറ്റവാളി വെടിവെച്ചതിന്റെ അടയാളമായി മാറും.
മനസ്സിലായി. എന്നാൽ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എന്താണ് പറയുന്നത്? അതില്‍ ഏതാണ് താങ്കളുടെ പുരട്ച്ചിത്തലൈവര്‍ ചെയ്തുകാണിക്കുമെന്ന് ശപഥം ചെയ്തത്?
അധ്വാനിക്കുന്നവനു തന്നെ നിലം.
അനീതി, ക്രൂരം, അരാജകത്വം. മുഴുവന്‍ ഭൂമിയുടെയും അവകാശി ചക്രവര്‍ത്തിയല്ലേ?
ക്ഷമിക്കണം ഹുസൂര്‍, രാജവാഴ്ചയിലാണ് അത്. ഇപ്പോള്‍ പ്രചാരത്തിലുള്ളത് ജനാധിപത്യം. എന്നാല്‍, ജനാധിപത്യമെന്ന് പേരിട്ടിട്ടുണ്ടെങ്കിലും ഇവിടെ ഇപ്പോഴും രാജവാഴ്ചയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പറയാം. ഭൂവുടമസ്ഥരെല്ലാം നാടുവാഴികള്‍. ഇതങ്ങനെ പടിപടിയായി മേൽപ്പോട്ടു ചെല്ലും. ഈ അവസ്ഥയില്ലാതാക്കി അധ്വാനിക്കുന്ന ജനതയെ ഭൂമിയുടെ അവകാശികളാക്കുമെന്നാണ് നാടോടിമന്നനില്‍ ഞങ്ങളുടെ പുരട്ച്ചിത്തലൈവര്‍ പ്രതിജ്ഞയെടുത്തത്.
സത്യത്തിൽ അതു രാജ്യദ്രോഹമല്ലേ? ആ മനുഷ്യന്റെ തല കൊയ്ത് പട്ടണത്തിനു മധ്യേ നാട്ടി നിര്‍ത്തുകയല്ലേ വേണ്ടത്?
അല്ല ഹുസൂര്‍. നേരത്തേതന്നെ പറഞ്ഞിരുന്നുവല്ലോ? ജനാധിപത്യത്തിൽ അതെല്ലാം സാധ്യമല്ലെന്ന്. അധികാരം ഞങ്ങള്‍ പുരട്ച്ചിത്തലൈവരെ ഏൽപിച്ചു.
അയ്യോ, പറഞ്ഞതുപ്രകാരം ഭൂമിയെല്ലാം അദ്ദേഹം വിഭജിച്ചു നല്‍കിയോ?
ചിലപ്പോൾ താങ്കൾ ഞങ്ങളുടെ വൈഗൈ പുയലി5നെക്കാളും ഭയങ്കര കോമഡി പറയുന്നുണ്ട്, ഹുസൂർ. പുരട്ചി തലൈവർ അധികാരത്തിൽ വന്നു. സ്കൂൾ വിദ്യാർഥികൾക്ക് അദ്ദേഹം പൽപ്പൊടി വിതരണം ചെയ്തു. ചെരിപ്പ് കൊടുത്തു. എല്ലാവർക്കും ഉച്ചഭക്ഷണം നൽകി. വളരെ നല്ല മാതൃക.
എന്തുകൊണ്ട്, അതിനുമുമ്പ് നിങ്ങളുടെ വിദ്യാർഥികൾ പല്ലു തേക്കില്ലായിരുന്നോ?

എ.കെ. റിയാസ് മുഹമ്മദ്,തോലിൽ സുരേഷ്
=================
മൊഴിമാറ്റം-എ.കെ. റിയാസ് മുഹമ്മദ്
സൂചിക
1. ഔറംഗസേബിന്റെ കാലത്ത് ഉർദുവിന്റെ രണ്ടു രൂപങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലുണ്ടായിരുന്നത് ദക്കിണി ഉർദു. അതായത്, ഹൈദരാബാദ്, ബിജാപൂർ, ഗോൽക്കൊണ്ട തുടങ്ങിയ പ്രദേശങ്ങളില്‍. ഡൽഹിയിൽ ഉണ്ടായിരുന്നത് ഹിന്ദുസ്ഥാനി, ഹിന്ദവി, ഹിന്ദി, ദെഹലവി, രേഖ്ത്ത (കാലക്രമത്തിൽ). ആയതിനാല്‍, ഹിന്ദി എന്ന പേര് ആദ്യം ഉർദുവിന്റേതായിരുന്നു. മിർസ ഗാലിബിന്റെ കാലത്താണ് രേഖ്ത്ത എന്ന പേര് പോയി ഒടുവിൽ ഉർദു എന്ന പേര് ലഭിച്ചത്.
2. ഖാത്തിബ് (അറബി) –എഴുത്താളന്
3. ഗീത്തി സിത്താനി ഫിർദൗസെ മക്കാനി –ബാബറിനെ ഔറംഗസേബ് ഒരിക്കലും ബാബർ എന്ന് സംബോധന ചെയ്തിട്ടില്ല. ബഹുമാനസൂചകമായ സ്ഥാനപ്പേരുപയോഗിച്ചാണ് സംബോധന ചെയ്തത്. ജഹാന്‍പനാഹ് –തിരുമനസ്സ്, ഗീത്തി സിത്താനി –ലോകം കീഴടക്കിയവൻ, ഫിർദൗസെ മക്കാനി –സ്വര്‍ഗത്തെ പാര്പ്പിടമാക്കിയവന്.
4. ഗാസി –യുദ്ധവീരന് (ഗസ്വ –യുദ്ധം). പ്രത്യേകിച്ചും യുദ്ധത്തിന് നേതൃത്വം നല്കുന്ന രാജാക്കന്മാര്ക്ക് നൽകുന്ന പട്ടമാണ് ഗാസി.
5. അര്‍ഷ് ആഷ്യാനി –ദൈവിക ലോകത്ത് വസിക്കുന്നവന്. അക്ബർ മരിച്ചശേഷം അദ്ദേഹത്തിന് നൽകിയ പട്ടം.
6. മക്കീ –ഖുർആനിൽ രണ്ട് തരത്തിലുള്ള സൂക്തങ്ങളുണ്ട്. ഒന്ന് മക്കീ സൂക്തങ്ങള്‍, മറ്റൊന്ന് മദനീ സൂക്തങ്ങള്‍. നബി തിരുമേനി മക്കയിലായിരുന്നപ്പോൾ ലഭിച്ച വെളിപാടുകളാണ് ആദ്യത്തേത്; രണ്ടാമത്തേത് മദീനയിലായിരുന്നപ്പോള്‍ ലഭിച്ചതും.
7. കാബൂളി –അരി, ആട്ടിറച്ചി, തുളസി, വെള്ളക്കടല, ഉണക്ക ആപ്രിക്കോട്ട്, ബദാം, തൈര് എന്നിവയടങ്ങിയ ബിരിയാണി.
8. ജഹാൻബാനി ജന്നത്ത് ആഷ്യാനി –ഹുമയൂണിനെ ഔറംഗസേബ് ഒരിക്കലും പേരുപറഞ്ഞ് സംബോധന ചെയ്തിട്ടില്ല. ബഹുമാനസൂചകമായ സ്ഥാനപ്പേരുപയോഗിച്ചാണ് സംബോധന ചെയ്തത്. ജഹാൻബാനി –ലോകത്തെ ഭരിക്കുന്നവന്. ജന്നത്ത് ആഷ്യാനി –സ്വര്‍ഗത്തില്‍ വസിക്കുന്നവന്.
9. സംഭാഷണത്തിലുടനീളം ഔറംഗസേബ് തന്റെ പിതാവ് ഷാജഹാന്റെ പേര് പരാമർശിച്ചിട്ടില്ല. ചക്രവര്‍ത്തി എന്നു മാത്രമാണ് സംബോധന ചെയ്തത്.
10. ഭാഗ്നഗർ എന്നായിരുന്നു ഹൈദരാബാദിന്റെ പഴയ പേര്. മുഹമ്മദ് ഗുലി കുത്തുബ് ഷാ തന്റെ ഭാര്യ ഭാഗ്യമതിയുടെ പേരിൽ നഗരം പണിയുകയും അതിന് ഭാഗ്യനഗർ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് അത് ഭാഗ്നഗറായി. നൈസാമിന്റെ കാലത്ത് ഹൈദരാബാദ് എന്നാക്കി.
11. ഇമാം പസന്ദ് –ഇമാമിന് ഇഷ്ടപ്പെട്ടത്.
12. ഫിരഞ്ച് എന്ന അറബി പദത്തിൽനിന്നാണ് ഫിരങ്കി എന്ന വാക്കുത്ഭവിച്ചത്. ചരിത്രത്തിന്റെ മധ്യകാലഘട്ടത്തിൽ യൂറോപ്പുകാരായ ക്രൈസ്തവരെ പരാമര്‍ശിക്കുമ്പോള്‍ ഫിരഞ്ച് എന്നാണ് അറബികള്‍ ഉപയോഗിച്ചിരുന്നത്. കാരണം അറബ് മുസ്ലിംരാജ്യങ്ങളിൽ വരുന്ന യൂറോപ്പുകാർ കൂടുതലും ഫ്രഞ്ചുകാരായിരുന്നു. പിന്നീട് ഫിരഞ്ച് എന്ന ഈ അറബി വാക്ക് യൂറോപ്പുകാരെ പരാമർശിക്കാനായി ഫാർസിയിലും ഉപയോഗിക്കാന്‍ തുടങ്ങി. ഔറംഗസേബ് തന്റെ സംഭാഷണത്തിലുടനീളം അതുതന്നെയാണ് ഉപയോഗിച്ചത്. ഒരു സ്ഥലത്തുപോലും യൂറോപ്പുകാരെ അവരുടെ രാജ്യത്തെ പരാമർശിക്കാതെ പൊതുവായി ഫിരങ്കികളെന്നാണ് പറഞ്ഞത്
13. ക്രാന്തി –വിപ്ലവം
14. വൈഗൈ പുയൽ –സിനിമാതാരം വടിവേലു