ഓള്

3 “ഇബിളിബിടെ എന്താ കാട്ടുന്നത് റബ്ബേ...” ഇക്കാക്കയുടെ സ്വരത്തിലെ വേവലാതി അറിഞ്ഞിട്ടും അവൾ കസേരയിൽനിന്ന് എഴുന്നേറ്റില്ല. “മാപ്പള മരിച്ച പെണ്ണല്ലേ .മാറ്റാനാണുങ്ങളുടെ എടേല് ഇരിക്കണത്, കാലം പോയ പോക്ക്.” “കാലത്തിനെ കുറ്റം പറയണ്ട. ഇന്‍റെ മോള് സറീനാ ഇവളെ പ്രായല്ലേ. പിയ്യാപ്ല മരിച്ചപ്പം അള്ളേം നബീം പറഞ്ഞതുപോലെ എന്‍റെ കുട്ടി മാറ്റാനൊരാണിനെ കാണാതെ നാലു മാസോം പത്തു ദിവസോം മുറീന്ന് പൊറത്തെറങ്ങീട്ടില്ല.” വേറൊരുത്തിയുടെ കമന്‍റ്. “അഞ്ചാം മാസം ഇങ്ങളെ മോള് വേറെ കല്യാണം കയിച്ചീലേ.’’ ഉറക്കെ ചോദിക്കണമെന്നു കരുതിയപ്പോഴേക്കും ഫെബീന അതേ ചോദ്യം ചോദിച്ചതു കേട്ട് ഉള്ളൊന്നു തണുത്തു. “ഇണകളിലൊരാള്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
3
“ഇബിളിബിടെ എന്താ കാട്ടുന്നത് റബ്ബേ...”
ഇക്കാക്കയുടെ സ്വരത്തിലെ വേവലാതി അറിഞ്ഞിട്ടും അവൾ കസേരയിൽനിന്ന് എഴുന്നേറ്റില്ല.
“മാപ്പള മരിച്ച പെണ്ണല്ലേ .മാറ്റാനാണുങ്ങളുടെ എടേല് ഇരിക്കണത്, കാലം പോയ പോക്ക്.”
“കാലത്തിനെ കുറ്റം പറയണ്ട. ഇന്‍റെ മോള് സറീനാ ഇവളെ പ്രായല്ലേ. പിയ്യാപ്ല മരിച്ചപ്പം അള്ളേം നബീം പറഞ്ഞതുപോലെ എന്‍റെ കുട്ടി മാറ്റാനൊരാണിനെ കാണാതെ നാലു മാസോം പത്തു ദിവസോം മുറീന്ന് പൊറത്തെറങ്ങീട്ടില്ല.”
വേറൊരുത്തിയുടെ കമന്‍റ്.
“അഞ്ചാം മാസം ഇങ്ങളെ മോള് വേറെ കല്യാണം കയിച്ചീലേ.’’ ഉറക്കെ ചോദിക്കണമെന്നു കരുതിയപ്പോഴേക്കും ഫെബീന അതേ ചോദ്യം ചോദിച്ചതു കേട്ട് ഉള്ളൊന്നു തണുത്തു.
“ഇണകളിലൊരാള് മരിച്ചാല് രണ്ടാംകെട്ട് അള്ളാഹു അനുവദിച്ചതാ. കാലോം നേരോം പറഞ്ഞിട്ടുമുണ്ട്.”
“ഇബിടെയിപ്പം അയിനെപ്പറ്റിയുള്ള തർക്കം വേണ്ട.”
ഫെബീന മുമ്പറത്തേക്കു നടക്കുമ്പോൾ പറഞ്ഞു.
“ഇമ്മായിരി പെണ്ണുങ്ങള് ഏറിയതാ ഭൂമീല് എല്ലാ അനർഥങ്ങൾക്കും കാരണം. വയനാട്ടിലെ മേപ്പാടീല് കണ്ടീലേ... രാത്രി ഒന്നിച്ചിരുന്ന് ചോറ് തിന്നു കെടന്നോല് നേരം വെളുത്തപ്പം... റബ്ബേ... മയ്യത്തായി പൊയോല് ഒയികി നടക്കണത്...”
“ഓലിക്കതുതന്നെ കിയാമം നാള്. ഖോജ രാജാവേ... ഖിയാമത്തിന്‍റെ അലാമത്തിൽനിന്ന് നീ ഞങ്ങളെ കാത്തുരക്ഷിക്കണേ...”
“പെണ്ണ്ന് മാത്രല്ല ആണിനും ളുലുമ് മൂത്ത കാലാ, ഒന്ന് പറഞ്ഞ് രണ്ടിന് വെട്ടിക്കൊല്ലണ്, കുത്തിക്കൊല്ലണ്. കെട്ടിയ മാപ്പളയും തള്ളേംകൂടി പണ്ടം പോരാ പണം പോരാന്നും പറഞ്ഞ് കെട്ടിക്കൊണ്ടേന്ന പെങ്കുട്ട്യേളെ ചുട്ടുകൊല്ലണ്... പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ല്ണ്. റബ്ബേ നീ കാക്ക്,”
“മേപ്പാടീലെ ഉരുള് പൊട്ടലില് ഇന്‍റെ നാത്തൂന്‍റെ ആങ്ങളേം ഓന്‍റെ ഓളും മക്കളും ചുറ്റുവട്ടത്തുള്ള അയലോക്ക്കാര് മുയ്മനും ഒലിച്ചു പോയീന്നാ കേട്ടത്.”
“ഇങ്ങള് പോയീനോ...”
“അന്നൊന്നും അങ്ങട്ടാരേം കടത്തീര്ന്നില്ല. പട്ടാളം എറങ്ങീന്നല്ലേ കേട്ടത്. പട്ടാളക്കാരെ എനക്ക് പേടിയാ.”
“ഓലെയെന്തിനാ പേടിക്കണത്. സ്വന്തം ഉയിര് പണയംവെച്ച് നാട്ടാരെ കാക്കണോലാ ഞമ്മളെ പട്ടാളക്കാര്. ഓലെത്തീര്ന്നില്ലെങ്കില് മരണം ഇനിയും ഏറ്വേയിരുന്നൂന്നാ കേട്ടത്.”
“പടച്ചോന്‍റെ ഓരോ കളി. ദുരന്തം വിതക്കുമ്പോൾ ജാതീം മതോം ഒന്നും ഓൻ നോക്കൂലാ... പള്ളീം അമ്പലോം മദറസയും എല്ലാം കൊണ്ടോയീലേ...”
“ആടെ മനുഷ്യരിക്ക് താമസിക്കാൻ പറ്റിയ സ്ഥലമല്ലാന്ന് ഏതൊ കമീഷൻ പറഞ്ഞീനോലെ. ആർത്തിപ്പണ്ടാരങ്ങളായ മനുഷ്യമ്മാരിക്കും ഇതെന്തെങ്കിലും പറഞ്ഞാ തലയില് കേറ്വോ...”
“മലയും കുന്നും ഇടിച്ചുനിരത്തി മാളിക പണിയിന്നോരിടെ ചെവിട്ടില് ഇത് വല്ലതും എത്തുന്നുണ്ടോ.”
പള്ളിയിലെ ഉസ്താദും പരിവാരങ്ങളും അകത്തേക്കു കയറിയപ്പോൾ ആണുങ്ങളുടെ ഒരു പടയും തളത്തിലെത്തി, അതോടെ പെണ്ണുങ്ങൾ തൽക്കാലം നാവിന് വിശ്രമം കൊടുത്തു.
“അസ്തഅഫറുള്ളാഹുൽ അളീം... ഞാനെന്തായീ കാണുന്നത്. മാപ്പള മരിച്ച പെണ്ണ് മാറ്റാനാണുങ്ങളുടെ മുന്നില് മുഖം തുറന്നിട്ട് ഇരിക്ക്വേ... ഓനൊരു ദീനിയേനും. അതോണ്ടാണല്ലോ ഞങ്ങള് മണ്ടിപ്പാഞ്ഞെത്തിയത്.”
അറബിക്കുപ്പായമിട്ട പള്ളിയിലെ ഖാസി അവളെ നോക്കി മുരണ്ടു. അയാൾ അറബികളെപ്പോലെ വെള്ളയും ചുവപ്പും കള്ളികളുള്ള തുണികൊണ്ട് തല മറച്ചിരുന്നു.
അറബിക്കെട്ട്ന്ന് ഇറങ്ങിവന്നതാന്നാ മൂപ്പരെ വിചാരം.
അവൾ ഒച്ചയടക്കി മുറുമുറുത്തു.
“ഞങ്ങളാച്ചെലര് എത്ര നേരംകൊണ്ട് പറേന്ന് അകത്ത് ചെന്നിരിക്കാൻ, ഹേ...ഹേ...കേട്ട മട്ടില്ല” കോറസുപോലെ ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചാണ് പറഞ്ഞത്.
“അള്ളാഹുവിന്‍റെ വിളി വന്നാൽ അതിനെ തടുക്കാൻ ആരാലും ആവൂലാ. ഭൂമീല് ഓന് കണക്കാക്കിയ അന്നവും വെള്ളവും തീർന്നിട്ടുണ്ടാകും. ഇനി ഞമ്മളെന്താ മേണ്ട്യേത്... ഓലെ ആഖിറത്തിന് ഗുണമുള്ള കാര്യങ്ങളും ചെയ്യണം. ഇദ്ദ ഇസ്ലാം പെണ്ണുങ്ങക്ക് നിർബന്ധാ... മനസ്സിലായ കുട്ട്യേ...”
“ഇല്ല...”
അവൾ പറഞ്ഞതും ഇക്കാക്ക ചാടി അടുത്തെത്തി കൈയിൽ പിടിച്ചു. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു,
“നാവടക്ക് പഹച്ചീ...”
“എന്നെ കെട്ടിയിടാൻ...”
“നീയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ...”
ഫ്രീസറിൽ കിടക്കുന്ന അയാളുടെ ചുണ്ടനങ്ങിയെന്നു തോന്നിയപ്പോൾ തട്ടംകൊണ്ട് തല മറച്ച് കണ്ണാടിപ്പെട്ടിയിൽ തല ചായിച്ച് വിതുമ്പി. അതു കണ്ട ഉസ്താദും പരിവാരങ്ങളും മയ്യിത്തിനുവേണ്ടി ദുആ ചെയ്ത് പുറത്തേക്കിറങ്ങി. മക്കളെ അറബി പഠിപ്പിക്കുന്ന ഉസ്താദ് മാത്രം അവിടെ ബാക്കിയായി.
“ഇന്നലെ മഗരിബിന് കുട്ട്യേളെ പഠിപ്പിച്ച് കയിഞ്ഞപ്പം എന്‍റൊപ്പരം ചായേം കുടിച്ച് കളി പറഞ്ഞ ആളാ. എന്താ ഉണ്ടായത് താത്താ...”
അയാൾ ചോദിച്ചപ്പോഴാണ് അവളും അതേക്കുറിച്ച് ആലോചിച്ചത്.
ശരിക്കും എന്തായിരുന്നു സംഭവിച്ചത്...
രാത്രി ബീഫും പൊറാട്ടയും കഴിച്ച് ടി.വിയും കണ്ടിരിക്കുന്നത് കണ്ടാണ് അവൾ കിടക്കാൻ പോയത്. പല്ലുതേച്ച് ഡ്രസുമാറി എ.സി ഓണാക്കി കിടന്നതും മൂപ്പരും കിടക്കാനെത്തി. അതോടെ പതിവ് ചടങ്ങിനായി തിടുക്കം. എല്ലാം കഴിഞ്ഞപ്പോൾ മൂപ്പര് പതിവുപോലെ തിരിഞ്ഞു കിടന്നു.
“വൈന്നേരം മേല് കയികയതാ... ഇനിയും കുളിക്കണല്ലോ റബ്ബേന്നു” പറഞ്ഞ് കുളിമുറിയിലേക്ക് നടക്കുമ്പോൾ മൂപ്പര് പാതി മയക്കത്തിലായിരുന്നു... പിന്നെന്താ നടന്നത്... പുലർച്ചേ സുബഹി നിസ്കരിക്കാനെഴുന്നേറ്റപ്പോഴും അതേ കിടപ്പ്.
അവളേക്കാൾ മുമ്പേ എഴുന്നേറ്റ് സുബഹി നിസ്കരിക്കുന്ന ആളാണ്.
“ഇക്കാ... എണീറ്റ് സുബഹി നിസ്കരിക്ക്” എന്നു പറഞ്ഞുകൊണ്ടാണ് നിസ്കാരക്കുപ്പായമിട്ടത്. സുബഹി നിസ്കരിച്ച് ദുആ ചെയ്ത് നിസ്കാരപ്പടം മടക്കിവെച്ച് പുറത്തേക്കിറങ്ങുന്നതിനു മുമ്പ് തട്ടി വിളിച്ചതും മരവിച്ചുപോയി... കൈ ഐസുകട്ടപോലെ... ഇക്കാ...
ഇക്കാ...
സബൂർ... സമാധാനിപ്പിക്കാൻ ശ്രമിച്ച ഉസ്താദിനെ അവൾ പകച്ചുനോക്കി,
ഉസ്താദും പോയതോടെ തളം വിജനമായി.
ഇക്കാ...
“എന്താവളെ...”
ഫ്രീസറിൽനിന്ന് ശബ്ദമുയർന്നു.
“ഇങ്ങള് ജനാബത്ത് കുളിച്ചീനോ...”
അവളുടെ സ്വരടമിടറി.
“പതുക്കെ പറ പഹച്ചീ... നാട്ടാരു കേക്കും.”
“ഇങ്ങളയിന് മയ്യത്തല്ലേ. ഒച്ച കേക്കൂലാലോ.”
“നിയ്യ് മയ്യത്തായിട്ടില്ലാലോ. ഒരു മൊയിലാരിച്ചി…”
“ഇക്കാ ഇമ്മായിരി വർത്താനം പറയല്ലേ... ഞാനുംകൂടി പോയാ ഞമ്മളെ മക്കളെ യത്തീംഖാനേലയക്കും എല്ലാരുംപാടെ. ഇങ്ങക്ക് പരലോകത്ത് ശിക്ഷ കിട്ടാതിരിക്കാനാ...”
“നിയ്യിന്നെ ബേജാറാക്കാണ്ടെ ആത്തേക്ക് പോകാൻ നോക്ക്.”
“ഞാൻ ചോയിച്ചേനെ ഇങ്ങള് മറുപടി പറഞ്ഞീലാ. ഇങ്ങളിന്നലെ രാത്രി കുളിച്ചീനോ. ഇല്ലെങ്കില് മയ്യത്തു കുളിപ്പിക്കുന്നോരട് വലിയ അശുദ്ധി നീക്കാൻ വെള്ളം ഒയിക്കാൻ പറയണം.
“മരിച്ചാലും നിയ്യെന്നെ മാനംകെടുത്തും ല്ലേ...”
“മാനക്കേടലായോയിച്ച് പറയാണ്ടിരുന്നാ അങ്ങു ചെല്ലുമ്പോ ഇങ്ങളല്ലേ കുടുക്കിലാവുന്നത്. വന്തോഷല്ലേ...”
“നീയൊന്നെണീറ്റ്പോയാ... ആ ശൈത്താൻ ശംസൂന് ഇതിതെന്തിന്‍റെ കേടാ. വെറുതേ എന്നെ പെട്ടിക്കകത്തിട്ട് നരകിപ്പിക്കാനാ ഓന്‍റെ പൂതി.”
“ഖബറിൽ കെടക്കുന്നതിനേക്കാളും ഭേദല്ലേ ഇക്കാ.”
“ഖബറില് കെടക്കാണ്ട് കയ്യൂലാലോ. എത്ര നേരത്തേ ആവുന്നോ അത്രേം നല്ലത്.”
“ഇമ്മാ... പപ്പ ഏടെ... എന്നു ചോദിച്ചുകൊണ്ട് ഇളയവൾ കിണുങ്ങിക്കൊണ്ട് കണ്ണു തിരുമ്മി എത്തി, അഞ്ചു വയസ്സായെങ്കിലും കിണുക്കത്തിനും കരച്ചിലിനും കുറവില്ല. പിന്നാലെ ഏഴുവയസ്സുകാരിയുമെത്തി.
“പപ്പാനെ എന്തിനാ ഉമ്മാ ഐസും പെട്ടീല് കെടത്തീന്...”
ഇളയവൾ വലിയ വായാലേ നിലവിളിച്ചു. അവൾ പപ്പയുടെ പൂമക്കുട്ടിയാണ്. ശാഠ്യക്കാരി.
“പപ്പ മരിച്ചുപോയി കുഞ്ഞീ...”
മൂത്തവൾ അനിയത്തിയെ കെട്ടിപ്പിടിച്ച് ആർപ്പിട്ടപ്പോൾ അവളും ഉറക്കെ നിലവിളിച്ചു.
“ഇതിപ്പം എന്താ കഥ...”
ആരൊക്കെയോ ചോദിക്കുന്നു.
ഫെബി കരഞ്ഞുകൊണ്ട് കുട്ടികളേയും കൂട്ടി അകത്തേക്കു പോയിട്ടും അവളനങ്ങിയില്ല.

4
“മോളേ...”
ആരോ കുലുക്കി വിളിച്ചപ്പോൾ ഫ്രീസറിൽ തല ചായ്ച്ച് കിടക്കുകയായിരുന്ന അവൾ മുഖമുയർത്തി.
ഇത്താത്ത.
“സുബഹിക്കി തുടങ്ങിയതല്ലേ ഈ ഇരിപ്പ്, ളൊഹറ് ബാങ്ക് കൊടുത്ത്. എണീറ്റ് ചെന്ന് നിസ്കരിക്ക്.”
“ഷംസു എത്തീലേ...”
“ഫ്ലൈറ്റ് പിന്നേം ഡിലേ ആയോലെ. പുറപ്പെട്ടെന്നാ ഇക്കാക്ക പറഞ്ഞത്. ഇൻശാ അള്ളാഹ് അസറാവുമ്പളത്തിന് എടുക്കാം. അയിന്‍റെ മുന്നെ കുളിപ്പിക്കലൊക്കെ കയിച്ച് കെടത്താനാ ശംസു കേറണേന്‍റെ മുന്നേ ഫോൺ വിളിച്ചുപറഞ്ഞത്. എന്നാ വരുന്നോലിക്കെല്ലാം മയ്യത്ത് നിസ്കരിക്കാൻ സൗകര്യമാകുമെന്നും പറഞ്ഞു.”
“ഇത്രയും കാലം മയ്യെത്തെടുക്കുമ്പളല്ലേ പെണ്ണുങ്ങമ്മാര് ഒന്നിച്ച് മയ്യത്ത് നിസ്കരിക്കണത്. ആണുങ്ങള് പള്ളീന്നല്ലെ നിസ്കരിക്കുന്നത്. ഓരോ പുതിയ പരിഷ്കാരങ്ങള്.”
അവൾ അതൃപ്തിയോടെ പിറുപിറുത്തു.
“എല്ലാരിക്കും പള്ളീലെടുക്കുന്നതുവരെ കാത്തുനിക്കാൻ പറ്റീന്ന് വരൂല്ലാലോ. വരുന്നോരു വരുന്നോര് നിസ്കരിച്ചിറങ്ങിയാ അയിന്‍റെ കൂലി മയ്യത്തിനല്ലേ.”
“എനക്കൊന്നും കേക്കണ്ട. ഉറ്റോര് മരിച്ചാപ്പോലും ഓലിക്കും മേണ്ടി സമയം ചെലവാക്കാൻ ആൾക്കാരിക്ക് മനസ്സില്ലാണ്ടായീന്ന് പറഞ്ഞാ മതി. പൊന്നാരിത്താ ഇങ്ങനെ ഐസുംപെട്ടീല് കെടത്തല്ലേന്ന് ഇക്ക ഇപ്പളും പറഞ്ഞു.”
“അത്തും പിത്തും പറയാണ്ട് നീ എണീറ്റ് അകത്തേക്ക് ചെല്ല്.”
“എനക്ക് പടച്ചോൻ സഹായിച്ച് കൊയപ്പമൊന്നുമില്ല. ഇങ്ങള് ഇക്കാക്കാനെ വിളിക്ക്.”
“പിയ്യാപ്ലന്‍റെ കുടുംബക്കാര് പറയുമ്പം ഞമ്മക്കെതിർക്കാൻ പറ്റ്വോ...”
“എനക്ക് പറയാലോ.”
“നിയ്യ് തറുതലയൊന്നും പറയാൻ നിക്കണ്ട. അല്ലെങ്കിലേ ആൾക്കാര് ഓരോന്ന് അച്ചംപുച്ചം പറയണുണ്ട്.”
“ഓല് എന്താ പറയണത്. എനിക്കറിയണല്ലോ.”
“നിങ്ങള് ഒന്നും രണ്ടും പറഞ്ഞ് തെറ്റീന്നും നെഞ്ഞുവേദന വന്നിട്ട് നീ തിരിഞ്ഞു നോക്കീലാന്നും അപ്പത്തന്നെ ആസ്പത്രീലെത്തിച്ചിനെങ്കില് കൈച്ചലാകുമെന്നുമൊക്കെ മൂപ്പരെ കൂട്ടക്കാര് പറയണത്.”
“ഏത് കൂട്ടരാ അത് പറഞ്ഞത്. ഓലെ ഞാനൊന്ന് കാണട്ടെ. പൊറോട്ടേം ബീഫും തിന്ന് ടീവീം കണ്ട് സ്നേഹത്തോടെ...”
“ഇവളെ നീ മിണ്ടാണ്ടിരിക്കുന്നുണ്ടോ...”
ഫ്രീസറിൽനിന്ന് ശബ്ദമുയരുന്നത് കേട്ട് നാവടക്കി.
“ഇപ്പം കുളിപ്പിക്കാനെടുക്കും. നീ ആത്തേക്ക് ചെല്ല്. ളൊഹറ് നിസ്കാരം കയിഞ്ഞിട്ട് കുളിപ്പിക്കാൻ നിനക്കും കൂടാലോ.”
“റബ്ബേ... ഇക്കാനെ കുളിപ്പിക്കാൻ ഞാനോ... അപ്പം ആണുങ്ങളെ കൂടെ നിക്കണേന് കൊയപ്പല്ലേ.”
“നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല.’’
“ഇത്താ... ഇങ്ങളാ പെട്ടിയൊന്ന് തൊറന്ന് നോക്കിയാ... മൂപ്പരിക്ക് അനക്കണ്ടോന്ന് ഒരു സംശയം...”
“ഇവക്കിതെന്തായിപ്പോയി... മരിച്ചോല് അനങ്ങുന്നെന്ന്.”
“അങ്ങനെ ഇന്നാളും പേപ്പറില് കണ്ടതല്ലേ...”
“നിയ്യ് അന്തോം കുന്തോമില്ലാതെ ഓരോന്നു പറയല്ലേ.”
“പിന്നെ ഞാനെന്താ പറയണ്ടത്. ഇന്നലെ നല്ലോണം ഒറങ്ങാൻ കെടന്നോലെ സുബഹിക്ക് വിളിച്ചിട്ട് എണീക്കാഞ്ഞാ എന്തുചെയ്യും. ഈ വരവിന് എന്നെ ദുബായിക്ക് കൊണ്ടാവാന്ന് ഇന്നലേം പറഞ്ഞതാ.”
“അള്ളാന്‍റെ വിധി തടുക്കാൻ അടിയാറുകൾക്ക് ആവൂല കുട്ട്യേ...”
അടുത്ത് നിൽക്കുകയായിരുന്ന ഒരു പ്രായമായ മക്കനക്കാരത്തി കൈ മേലോട്ടുയർത്തി പറഞ്ഞു. മാക്സിയുടെ മുകളിൽ നെരിയാണിവരെ നീണ്ടു കിടക്കുന്ന കറുത്ത മക്കനയായിരുന്നു അവർ ധരിച്ചിരുന്നത്,
“അല്ലാ, എന്തേപ്പം ഇന്നലെ ണ്ടായത്...”
വേറൊരുത്തിയുടെ സംശയം.
“അതല്ലേ കുഞ്ഞിബീ ഓളിപ്പം പറഞ്ഞത്. നല്ലോണം ഒറങ്ങാൻ കെടന്ന മിശനാ. രാവിലെ എണീറ്റ് വിളിച്ചപ്പോ മിണ്ടാട്ടമില്ല. അപ്പംതന്നെ ഓള് അലമുറയിട്ട് എന്നെ വിളിച്ച്. ഞാനും അളിയാക്കയും മണ്ടിപ്പാഞ്ഞെത്തുമ്പോൾ ഐസുപോലെ... റബ്ബേ... എനിക്കാലോയിച്ചൂടാ...”
ഇത്താത്ത തട്ടംകൊണ്ട് മൂക്ക് പിഴിഞ്ഞു.
“കൂട്ടരേ... അപ്പം രാത്രിതന്നെ കയിഞ്ഞിന്.”
ഒരുത്തിയുടെ നീട്ടിപ്പറച്ചിൽ.
“എന്നാലും തൊട്ടടുത്ത് കിടന്നൊരാൾ ഇക്കോലത്തില്... എന്നിട്ട് ഓള് അറിഞ്ഞീലാന്ന് പറയുന്നത് ഞമ്മളാച്ചെലര് എങ്ങനാണ് വിശ്വസിക്കണത്...”
കുഞ്ഞിമ്മോന്‍റെ ബന്ധു തേങ്ങി.
“അതല്ലേ പറേന്നത്... എവള് എന്തൊറക്കാ ഒറങ്ങിയത്. എന്തേക്കും ഇപ്പം ഇതിന്‍റെ അസറാറ്...’’
അവൾ എണീറ്റ് നിന്ന് എന്തോ പറയാൻ തുടങ്ങിയതും ഇത്താത്ത അവളുടെ കൈപിടിച്ച് അമർത്തിയിട്ട് നാവിട്ടടിക്കുന്നവരോടായി പറഞ്ഞു.
“അസ്രായീലിനെ തടുക്കാൻ ഓക്കാവ്വ്വോ കുഞ്ഞോളേ. നാളെ ഞമ്മളെ അവസ്ഥ എന്താന്ന് ആര് കണ്ട്...”
“കൊറോണ വന്നോല് ഇങ്ങനെ കൊയഞ്ഞ് വീണ് മരിക്കുന്നുണ്ടെന്നാ കേട്ടത്. എന്‍റെ മോന്‍റെ ചങ്ങായി പണിക്ക് എറങ്ങാൻ റെഡിയാവുമ്പളാ കൊയഞ്ഞ് വീണത്.”
“ആസ്പത്രീലെത്തെണേന് മുന്നം കയിഞ്ഞ്. സൗദീലേനും. മയ്യത്തുംകൂടി തന്തക്കും തള്ളക്കും കാണാൻ കയിഞ്ഞീലാ.”
“അയിന് എവനിക്ക് കൊറോണ ബന്നീനോ...”
പെണ്ണുങ്ങമ്മാരിക്ക് സംശയം തീരുന്നില്ല.
“പിന്നില്ലാണ്ട്. എമ്മായിരി കൊറോണയാ വന്നത്. അതും തൊടക്കത്തിത്തന്നെ. പത്തു പതിനഞ്ചു ദിവസം ആസ്പത്രീലായിരുന്നു. അള്ളാന്‍റെ അനുഗ്രഹവും ഇവളെ ദുആയുംകൊണ്ടാ പിയ്യാപ്ലയെ ഞമ്മക്ക് തിരിച്ചുകിട്ടിയത്.”
ഇത്താത്ത.
“അന്നങ്ങനെ കൈച്ചലാക്കീട്ട് പടച്ചോൻ എന്‍റെ കുട്ടിക്ക് ഇങ്ങനൊരു വിധിയാണല്ലോ വിധിച്ചത്. മരിക്കാൻ നേരം ഒരു തുള്ളി വെള്ളം...”
“ഇക്കാ ഇങ്ങളെ കൂട്ടരോട് ഒന്ന് നിർത്താൻ പറീണണ്ടോ. ഓര് പറേണത് കേട്ടാ തോന്നും ഞാനിങ്ങളെ കൊന്നതാന്ന്,”
അവൾ ഫ്രീസറിൽ മുഖമമർത്തി പറഞ്ഞു.
“ആരായാലും പറഞ്ഞുപോവൂലേ... അമ്മായിരി ചേലല്ലേ പടച്ചോൻ എന്നോട് കാട്ട്യേത്...”
“എന്നാ ഇങ്ങളും ഓലൊപ്പരം കൂടിക്കോളീ. റബ്ബേ... ഇനിയെന്തെല്ലാം കാണണം കേക്കണം...”
“നീയ്യെങ്ങട്ടാ പോണത്...”
അവൾ കണ്ണുതുടച്ച് എഴുന്നേൽക്കുന്നത് കണ്ട് ഫ്രീസറിൽനിന്ന് ചോദ്യമുയർന്നു.
“ളൊഹറ് നിസ്കരിക്കട്ടെ...”
വീണ്ടും ചോദ്യമുയരുന്നതിനു മുമ്പ് അവൾ അകത്തേക്കു നടന്നു.

5
ഭാഗ്യത്തിന് അവളുടെ മുറിയിൽ ആരുമില്ല. മരിച്ചാലും മയ്യിത്തെടുക്കുന്നതുവരെ റൂഹ് അവിടെയുണ്ടാകുമെന്നൊക്കെയാണ് ചിലരുടെ വിശ്വാസം. വിവരമില്ലാതെ ഓരോന്ന് പറഞ്ഞു പരത്തും. മരിച്ചാലുടനെ ആത്മാവ് ശരീരം വിട്ടുപോവുമെന്നാ ഉസ്താദ് ഖുർആൻ ക്ലാസിൽ പറഞ്ഞത്.
“നീ നിസ്കരിക്കുന്നില്ലേ...” ചോദ്യം കേട്ട് ചുറ്റും നോക്കി...
“എന്‍റെ പിന്നാലെ ഇങ്ങളും പോന്നോ...”
വേറാരേയും കാണാഞ്ഞപ്പോൾ അവൾ ചോദിച്ചു.
“പെട്ടീല് കെടെന്ന് മടുത്തല്ലോ റബ്ബേ... എന്നു വിചാരിച്ചപ്പോഴേക്കും ഞാനിവിടെയെത്തി. എന്‍റത് നല്ല റൂഹായിരിക്കും... അല്ലേ ഇവളേ... അതോണ്ടല്ലേ എനക്കിങ്ങനെ നിന്‍റെ പിന്നാലെ എത്താൻ കയിഞ്ഞത്.”
“ആരിക്കറിയാ ഇക്കാ... എനക്കൊന്നും തിരിയുന്നില്ല. ഇങ്ങളിങ്ങനെ എന്‍റെ പിന്നാലെ നടന്നിട്ട് ഇനിയിപ്പമെന്താ കാര്യം. ഇങ്ങളെ കൂടെ ചമഞ്ഞൊരുങ്ങി നടക്കാൻ ഞാനെത്ര ആശിച്ചതാ. നാട്ടിലെത്തിയാൽ ചങ്ങായിമ്മാരൊപ്പരം റോന്ത് ചുറ്റാനല്ലേ ഇങ്ങക്ക് നേരമുണ്ടായിരുന്നുള്ളൂ.”
“മതിയാക്ക് ഇന്‍റെ പായാരം പറച്ചില്. ഇതിലും നല്ല്ത് ആ പെട്ടീത്തന്നെ കെടക്കണതാ.”
“ഈ മുറീന്‍റെ കോലം കണ്ടോ ഇങ്ങള്. ആരേക്കും ഇവിടെയിങ്ങനെ കുത്തിമറിച്ചിട്ടത്.”
“മുറി നാശായതാ ഇപ്പം ഓളെ പ്രശ്നം. ഞാനില്ലാതായതല്ല.”
“ഇനിക്കങ്ങട്ട് വിശ്വസിക്കാൻ കയീന്നില്ല...”
“എന്ത്...”
“ഇങ്ങളിനി ഭൂമീല് ഇല്ലാന്ന്. ഇങ്ങളെ കൂടെ ഗൾഫിലേക്ക് പോരാൻ ഒരുങ്ങുമ്പളല്ലേ ഇടിത്തീവീണതുപോലെ ഇതെല്ലാം നടന്നത്.”
“ഇനി ഞാനൊരു കാര്യം പറേട്ടെ. നീ ഒച്ചേം വിളീം കൂട്ടരുത്...”
“എന്തേയ്... ഇങ്ങളവിടെ വല്ല ഗുലുമാലുമൊപ്പിച്ചോ...”
“അതല്ലിവളേ... എനക്ക് ഫാമിലി വിസയില്ല. അറബാബിനോട് കെഞ്ചിയാൽ ചെലപ്പം കിട്ടും. പക്ഷേങ്കില് അപ്പഹയനെ എനക്ക് വിശ്വാസമില്ല. രണ്ട് കെട്ടിയോളമാരുണ്ടായിട്ടും അപ്പഹയൻ തരം കിട്ടിയാൽ പണിക്കാരത്തികളെ മുറിയില് ചെല്ലും.”
“ഇന്‍റള്ളോ... ഓല് എതിരൊന്നും പറയൂലേ...”
“പാവങ്ങള് ജീവിക്കാൻവേണ്ടി എത്യോപ്യേന്നും ബംഗ്ലാദേശിൽ നിന്നുമൊക്കെ എത്തുന്നതാ. പലരും നാട്ടിൽ കൊടും പട്ടിണിയിലായിരിക്കും. മിണ്ടിപ്പോയാൽ പിറ്റേന്ന് വിസ കേൻസിലാക്കി നാട്ടിലയക്കും.”
“അള്ളാ... എന്തൊക്കെ കാണണം കേക്കണം...”
“ഇത്താ...”
“കേറിക്കോളീ...”
ഫെബി പറയുന്നത് കേട്ട് നോക്കുമ്പോൾ കുടുംബശ്രീയിലെ ലീലയും സൂസിയും അമ്മുവും ജമീലയും. പിറകേ റെസിഡൻസ് അസോസിയേഷനിലെ ഒരുകൂട്ടം പെണ്ണുങ്ങളും.
അവൾ കട്ടിലിലിരുന്നു. സൂസി വന്ന് കൈപിടിച്ചിട്ട് പറഞ്ഞു.
“ഞങ്ങളെ അകത്തേക്ക് കയറാൻ സമ്മതിച്ചില്ലാട്ടോ. അന്യ ജാതിക്കാരും രക്തബന്ധമില്ലാത്തവരും ബോഡി കാണണ്ടാന്ന് പറഞ്ഞു. നിന്‍റെ നാത്തൂൻ ഇടപെട്ടാണ് അകത്ത് കയറ്റിയത്. അതും പിൻവാതിലിലൂടെ...”
“പക്ഷേ, വിശ്വേട്ടനും ജയിംസച്ചായനുമൊക്കെ അതൊന്നും വകവെക്കാതെ അകത്തേക്കു കയറി. ഒരു നോക്ക് കണ്ട് റീത്തുംവച്ച് ഉടനെ മുറ്റത്തിറങ്ങി. നമ്മള് അങ്ങനെ കഴിയണതല്ലേ.”
ലീല.
“റീത്ത് വെച്ചതിനെക്കുറിച്ചും അവിടെ തർക്കം നടക്കുന്നുണ്ട്. ഞങ്ങക്കൊന്നും ഈ വേർതിരിവില്ലാട്ടോ.”
ഭർത്താവ് സംഘിയായതുകൊണ്ട് മാത്രം ഞങ്ങടാൾക്കാൾ നിങ്ങടാൾക്കാർ എന്ന് ഇടക്കിടെ വേർതിരിവ് കാണിക്കാറുള്ള രമണി പതിവുപോലെ അതൃപ്തി രേഖപ്പെടുത്തി.
“ഓരോരുത്തർക്ക് ഓരോ ആചാരല്ലേ രമണീ...”
സൂസി ഇടങ്കോലിട്ടു.
“അല്ലെടോ ഇയ്യിനി കാലാകാലം ഈന്‍റള്ളുല് കൂടേണ്ടി വര്വോ.”
രമണിക്ക് സംശയം തീരുന്നില്ല.
“അങ്ങനൊന്നുമില്ല രമണിയേച്ചീ.”
ഫെബി ഇടപെട്ടു.
“ഒന്നും തോന്നരുത്ട്ടോ. ഞങ്ങളോട് അകത്ത് കയറരുതെന്ന് പറഞ്ഞപ്പോ വല്ലാണ്ടായി.”
രമണി വിടാനുള്ള മട്ടില്ല.
“ഇരിക്ക്.” അവൾ സൂസിയുടെ കൈപിടിച്ചു.
ഇക്ക നാട്ടിലില്ലാത്തപ്പോൾ എന്ത് സഹായത്തിനും ഓടിയെത്തുന്നത് സൂസിയാണ്.
“ഇയ്യ് വാട്ട്സ് ആപ് ഗ്രൂപ്പിലിട്ടിട്ടില്ല അല്ലേ.”
അവൾ ഇല്ലെന്ന് തലയാട്ടി.
“പെട്ടെന്നുണ്ടായതല്ലേ. ഞങ്ങള് പകച്ചുപോയി.”
ഫെബി.
“അതുപിന്നെ രാത്രി കൂടെക്കിടന്ന ആൾ രാവിലെ മിണ്ടാട്ടമില്ലാതെ കെടക്കുന്നത് കണ്ടാൽ ആരായാലും മിണ്ടാട്ടം മുട്ടിപ്പോകും.”
ലീല.
“മൂപ്പര് ലീവില് വന്നേനു ശേഷം ഇവള് കുടുംബശ്രീയിലും വരാറില്ല. അതോണ്ട്ന്നെ വിവരങ്ങളൊന്നുമറിയാറുമില്ല.”
രമണി.
“ഇത്തവണ നീയും ഗൾഫിലേക്ക് പോണുണ്ടന്നല്ലേ പറഞ്ഞത്... എന്നിട്ടിപ്പം ഇങ്ങനെ...”
ലീല.
കേട്ടതും അവൾക്ക് സങ്കടം അണപൊട്ടി. കരച്ചിലടക്കാൻ കഴിയാതെ സൂസിയുടെ തോളിൽ തല ചായ്ച്ചു.
“ഇവളിങ്ങനെയാ. എപ്പം എന്തു പറയണമെന്ന് ഒരു നിശ്ചയവുമില്ല.”
കൂട്ടത്തിലൊരാൾ അതൃപ്തി രേഖെപ്പടുത്തി.
“എന്നാലും അന്യമതക്കാരെ അകത്തു കേറ്റില്ലാന്ന് പറഞ്ഞത് ശരിയായില്ലട്ടോ.”
രമണി.
“അതേയ്... ഓരോ മതക്കാരിക്ക് അവരവരടേതായ രീതികളും ആചാരങ്ങളുമുണ്ടാവും. അതിങ്ങനെ പെരുപ്പിച്ച് പറഞ്ഞ് അക്കുട്ടീനെ കരയിക്കണ്ട.
ഒരു മക്കനക്കാരി ഇടങ്കോലിട്ടു.
“ഇവിടയിപ്പം അതിനെക്കുറിച്ചൊന്നും ഒരു ചർച്ച വേണ്ട. ഇവരെല്ലാം ഇത്താക്ക് വേണ്ടപ്പെട്ടവരാ. ഒരാവശ്യം വരുമ്പോ ഞങ്ങളെക്കാൾ മുമ്പേ ഓടിയെത്തുന്നവരാ. മരിച്ച വീടാകുമ്പം നിയന്ത്രണം വീട്ടുകാർക്കാവില്ല.”
ഫെബി.
“അതിപ്പം എല്ലാ മതക്കാരുടെ ഇടയിലും അതന്നെയാ സ്ഥിതി. പോയോരെക്കുറിച്ച് അന്തം വിട്ടിരിക്കുമ്പോ പൊരക്കാരിക്ക് ഇതൊന്നും നിയന്ത്രിക്കാനും പറ്റൂലാ. കണ്ടോര് കേറി ഭരിക്കും.”
“മരിച്ച പൊരയാന്ന് വിചാരല്ലാണ്ട ഒച്ചേം വിളീം ഇണ്ടാക്കല്ല കൂട്ടരേ.”
ആരോ പറഞ്ഞു.
“ഫെബിയേ...”
ഉമ്മ വാതിൽക്കലെത്തി വിളിച്ചു.
“എന്തേമ്മാ...”
“എന്നാ ഞങ്ങളിറങ്ങട്ടെ ഉമ്മാ. പിന്നെ വരാം.”
സൂസി.
“ആയ്ക്കോട്ടെ. ഓളെ ഇങ്ങള് വേണം ഇനി സമാധാനിപ്പിക്കാൻ.”
ഉമ്മ കണ്ണു തുടച്ചു.
എല്ലാവരും ഒന്നിച്ചിറങ്ങിയപ്പോൾ പെരുമഴ തോർന്നതുപോലെ.