ഓള്

6 “അല്ലിവളേ നീയിതുവരെ നിസ്കരിച്ചില്ലേ..?” കുളിപ്പിക്കാനെടുക്കാൻ പോണ്. നീ നിസ്കരിച്ച് യാസീനും സൂറത്തുൽ മുൽക്കും ഓത്. ഖബറിലെ അദാബിനെത്തൊട്ട് മൂപ്പരെ കാക്കണേന്ന് അള്ളാനോട് തേട്...” അതും പറഞ്ഞ് ഇത്താത്ത മുറി വിട്ടിറങ്ങിയപ്പോൾ അവൾ കട്ടിലിലെ ബെഡ്ഷീറ്റും തലയിണ ഉറകളും മാറ്റി ലോണ്ടറി ബാഗിലിട്ടു. അലമാരയിൽനിന്ന് അലക്കിയ ഷീറ്റെടുത്ത് കട്ടിലിൽ വിരിച്ചു. “ഇദോക്കീ... മയ്യത്ത് ഖബറിലെടുത്തില്ല. ഓള് അറ ചമയിക്കണ്.” വാതിൽ വിടവിനിടയിലൂടെ എത്തിനോക്കി കമന്‍റടിച്ച പർദക്കാരിയെ കേൾക്കാത്ത മട്ടിൽ അവൾ കുളിമുറിയിലേക്ക് നടന്നു. നിസ്കാരം കഴിഞ്ഞ് മുസ്അഫുമായി കാലും നീട്ടി കട്ടിലിലിരുന്നതും കണ്ണുകൾ താനെ അടഞ്ഞു....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
6
“അല്ലിവളേ നീയിതുവരെ നിസ്കരിച്ചില്ലേ..?”
കുളിപ്പിക്കാനെടുക്കാൻ പോണ്. നീ നിസ്കരിച്ച് യാസീനും സൂറത്തുൽ മുൽക്കും ഓത്. ഖബറിലെ അദാബിനെത്തൊട്ട് മൂപ്പരെ കാക്കണേന്ന് അള്ളാനോട് തേട്...”
അതും പറഞ്ഞ് ഇത്താത്ത മുറി വിട്ടിറങ്ങിയപ്പോൾ അവൾ കട്ടിലിലെ ബെഡ്ഷീറ്റും തലയിണ ഉറകളും മാറ്റി ലോണ്ടറി ബാഗിലിട്ടു. അലമാരയിൽനിന്ന് അലക്കിയ ഷീറ്റെടുത്ത് കട്ടിലിൽ വിരിച്ചു.
“ഇദോക്കീ... മയ്യത്ത് ഖബറിലെടുത്തില്ല. ഓള് അറ ചമയിക്കണ്.”
വാതിൽ വിടവിനിടയിലൂടെ എത്തിനോക്കി കമന്‍റടിച്ച പർദക്കാരിയെ കേൾക്കാത്ത മട്ടിൽ അവൾ കുളിമുറിയിലേക്ക് നടന്നു. നിസ്കാരം കഴിഞ്ഞ് മുസ്അഫുമായി കാലും നീട്ടി കട്ടിലിലിരുന്നതും കണ്ണുകൾ താനെ അടഞ്ഞു. അടച്ചിട്ട വാതിൽക്കൽ കണ്ണുകളും കാതുകളും പലതുണ്ടെന്നറിയാമായിരുന്നിട്ടും മുസ്അഫ് മേശപ്പുറത്ത് വെച്ചു കട്ടിലിൽ കിടന്നു.
“എന്‍റെ റബ്ബേ... ഓള് കെടന്ന് ഉറങ്ങുന്നതു കണ്ടോ... സ്വന്തം മാപ്പള ഹാർട്ട് പൊട്ടി മരിച്ചിട്ട് മയ്യത്തെടുത്തില്ല. ബല്ലാത്തൊര് പെണ്ണ്...”
മുറിയിലേക്ക് എത്തിയ അശരീരികൾക്ക് ചെവികൊടുക്കാതെ പുതപ്പ് വലിച്ച് കാലിലിട്ട് കിടപ്പ് സുഖകരമാക്കി. ഇരുന്നാലും പഴി പറയും കിടന്നാലും പറയും എന്നാപ്പിന്നെ കിടന്നേക്കാമെന്നു തീരുമാനിച്ചു. രാവിലെ മുതൽ ഒരേ ഇരിപ്പിരുന്ന് കൈയും കാലും മരവിച്ചിരുന്നു. കിടന്നതും കണ്ണുകളടഞ്ഞു.
“മല്ലികാ മലർമുല്ല വിരിഞ്ഞുള്ള മണം കൊള്ളാൻ
മംഗലാ പുതുമാരൻ ഇതാ വരുന്നേ...”
മുറിയിൽ മാപ്പിളപ്പാട്ടിന്‍റെ ഈണം. മുല്ലപ്പൂവിന്‍റെയും അത്തറിന്‍റെയും വാസന... സ്വർണക്കിലുക്കം. സന്തോഷാരവം. ഒപ്പനക്കാരികളുടെ കൈമുട്ട്.
ഇതിപ്പോ ആരതേക്കും കല്യാണം? അവൾ പകച്ചു.
കണ്ണുതിരുമ്മി നോക്കിയപ്പോൾ ഒപ്പനക്കാരികൾ സ്റ്റേജിലേക്ക് ആനയിക്കുന്ന പുതുപ്പെണ്ണിന് അവളുടെ മുഖഛായ. മിന്നിത്തിളങ്ങുന്ന ലെഹങ്കയും ബ്ലൗസും. തലയിൽ കസവു ഞൊറിവെച്ച തട്ടം. മുടിയിൽ മുല്ലപ്പൂവ്. കൈകളിൽ മുട്ടോളം കല്ലുവെച്ച വളകൾ. സ്വർണമല്ല. ഇമിറ്റേഷൻ. കഴുത്തിലെ മാലകൾ സ്വർണം തന്നെ. നടക്കുമ്പോൾ പാവാട നിലത്തിഴയുന്നു. ഇക്കാക്കയുടെ മകനും മറ്റു മൂന്നുപേരും മുല്ലപ്പൂ മേലാപ്പും പിടിച്ച് കൂടെയുണ്ട്. മുന്നിൽ ഒപ്പനക്കാരികൾ. റബ്ബേ... ഞാൻ തന്നേ... ഇങ്ങനെയൊക്കെ അണിഞ്ഞൊരുങ്ങാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഇപ്പോഴത്തെ കല്യാണങ്ങൾക്കു പോകുമ്പോഴെല്ലാം സങ്കടപ്പെട്ടതാണല്ലോ. ഇന്നത്തെ രീതിയിലുള്ള കല്യാണം സ്വപ്നം കണ്ടിട്ടുണ്ട്. അറബിപ്പാട്ടും നൃത്തച്ചുവടുകളുമായി പുതിയാപ്ലയെ സ്റ്റേജിലേക്കാനയിക്കുന്നു. നിക്കാഹ് കഴിയുന്നതോടെ കൈമുട്ടിപ്പാട്ടുമായി പുതുപെണ്ണിനെ കൊണ്ടുവന്നു പുതിയാപ്ലയുടെ അടുത്തിരുത്തുന്നു.
താലികെട്ട്, മാലയിടൽ, ഫോട്ടോ എടുപ്പ്, ആരവാരത്തോടാരവാരം. അടുത്ത വിവാഹവാർഷികത്തിന് ഇങ്ങനെ ചമഞ്ഞൊരുങ്ങി കല്യാണച്ചടങ്ങ് നടത്തിയാലോന്ന് ഇക്കയോട് ഈയടുത്തും പറഞ്ഞതാണ്. മൂന്നു ദിവസത്തെ അടിയന്തിരം. ഒരുദിവസം ഹൽദി, പിറ്റേന്ന് മെഹന്തി. അതൊക്കെയിനി ഞമ്മളെ മക്കളെ കല്യാണത്തിനാകാം എന്നാണല്ലോ ഇക്ക പറഞ്ഞത്. എന്നിട്ടിപ്പോ... സ്റ്റേജിലേക്ക് കയറുമ്പോൾ ഒപ്പനക്കാരികളുടെ പാട്ടിന് മുറുക്കം കൂടുന്നു. ഇടംകണ്ണിട്ട് സ്റ്റേജിലേക്കു നോക്കുമ്പോൾ ഫുൾസൂട്ടിൽ കഴുത്തിൽ പൂമാലയുമണിഞ്ഞ് നിൽക്കുന്ന പുതിയാപ്ലയുടെ ചുണ്ടിൽ കള്ളച്ചിരി. തല ഉയർത്തി ഒന്നുകൂടി നോക്കി. അത് ഇക്കയല്ല. റബ്ബേ... ഇതാരാ... ഞാനാണോ മരിച്ചത്... സ്വർഗത്തിലെത്തിയോ... സ്വർഗത്തിൽ ചെന്നാൽ ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുക്കാമെന്നല്ലേ...
“അല്ലിവളെ നമ്മള് മരിച്ച് സ്വർഗത്തിലെത്തിയാൽ ആശിക്കുന്നതെന്തും കിട്ടും. ചിപ്പിക്കുള്ളിലെ മുത്തുപോലെ തിളങ്ങുന്ന തരുണീമണികളും യുവാക്കളും സ്വർണത്താലത്തിൽ വിശേഷപ്പെട്ട ആഹാരസാധനങ്ങളും മധുരപാനീയങ്ങളുമായി നമ്മക്ക് ചുറ്റുമുണ്ടാകും. അതിൽ ആരെ വേണമെങ്കിലും നമ്മക്ക് ഇണയായി തെരഞ്ഞെടുക്കാം. അങ്ങനെയാണെങ്കില് നീ എന്തുചെയ്യും.”
“അതെനക്കൊന്ന് ആലോയിക്കേണ്ടി വരും. ഒരാക്ക് ഒരിക്കലല്ലേ അബദ്ധം പറ്റുള്ളൂ...”
“മക്കള് ഉമ്മാന്‍റൊപ്പരം കേറി കെടന്ന് കൊറച്ചു നേരം ഉറങ്ങിക്കോളീ” എന്ന് ആരോ പറഞ്ഞതു കേട്ട് മയക്കം വിട്ടു. രാത്രിയായാലും പകലായാലും ചെറിയൊരനക്കം കേട്ടാൽ ഉറക്കം പമ്പ കടക്കും.
“പൂച്ചന്‍റെ ഒറക്കാ ഓക്ക്. കണ്ണടച്ച് കെടക്കുന്നത് കണ്ടാൽ തോന്നും നല്ല ഉറക്കത്തിലാണെന്ന്. ഓള് ഉറങ്ങുകയാണെന്നു കരുതി ഞാനാരോടെങ്കിലും ഓള് കേക്കണ്ടാത്തതെന്തെങ്കിലും പറഞ്ഞാൽ ഓളത് കേക്കൂം ചെയ്യും. പടക്കിറങ്ങൂം ചെയ്യും വല്ലാത്തൊരു പടപ്പ്.” ഇക്ക പറയാറുണ്ട്.
“പടച്ചോൻ എന്‍റപ്പരാ ഇക്കാ.”
അതു കേക്കുമ്പോൾ മൂപ്പരുടെ മുഖമിരുളും. കുഞ്ഞോള് കട്ടിലിൽ കയറി അരികു പറ്റി കിടന്നതും സ്വപ്നച്ചരട് മുറിഞ്ഞു. കല്യാണച്ചെക്കനുമില്ല. അത്തറിന്‍റെ മണവുമില്ല. ഇടം കണ്ണിട്ട് നോക്കി. ഫെബി ഫോണുമായി കട്ടിലിന്‍റെ അരികിലിട്ട സോഫയിലിരിക്കുന്നു.
“ഉമ്മാ...”
കുഞ്ഞോൾ ചിണുങ്ങിയപ്പോൾ ഉറക്കം നടിച്ച് കണ്ണു മുറുകെ അടച്ചു. മൂത്തവളും മതിലുപറ്റി കിടന്നു. അൽപ സമയത്തിനകം രണ്ടുപേരും ഉറങ്ങിപ്പോയി.
“നിയ്യിവിടെ ഇരിക്യാ.” അവിടെയെത്തിയ ഇക്കാന്‍റെ ഉമ്മ ഫെബിയോട് ചോദിച്ചതു കേട്ടിട്ടും കണ്ണു തുറന്നില്ല. ഉറങ്ങുന്നെന്ന് കരുതി എന്നെക്കുറിച്ച് എന്തെങ്കിലും പറയാതിരിക്കില്ല.
“ഈ കുന്തത്തില് കുത്തി ഇരിക്കണ നേരത്ത് ഇനിക്ക് മുസഅബ് എടുത്ത് യാസീൻ ഓതിക്കൂടോ...”
ഉമ്മ അരിശത്തോടെ ചോദിച്ചു.
“ഫോണിലുണ്ടുമ്മാ യാസീൻ സൂറ. ഞാൻ ഓതാൻ തുടങ്ങുകയായിരുന്നു.”
“ഇന്‍റെ നാത്തൂൻ കെടന്ന് ഒറങ്ങണത് കണ്ടില്ലേ. ഇവളെന്തൊരു പെണ്ണാ...”
“ഉമ്മാ ഇങ്ങളൊന്ന് മിണ്ടാണ്ടിരിക്ക്. ഇത്ത ചെലപ്പം ഒറങ്ങണുണ്ടാവില്ല.”
“ഓളെ കള്ളത്തരം ഇനിക്കല്ലേ അറിയുന്നത്... നിയ്യല്ലേ ഓളെ ചങ്ങായിച്ചി.”
“ഇത്താനോട് ഇങ്ങളെന്തിനാ ഇമ്മാ ഇരട്ടമുഖം കാണിക്കണത്.”
“എന്‍റെ മോനെ ഓളിട്ട് കൊരങ്ങ് കളിപ്പിക്കണത് കാണുമ്പോളുള്ള അരിശല്ലാതെ ഞാനിന്നുവരെ ഓളോടൊരു വേർതിരിവും കാണിച്ചിട്ടില്ല. തറവാട് നന്നാക്കാന്ന് ഓൻ പറഞ്ഞതാ. ഓളല്ലേ സമ്മയിക്കാഞ്ഞത്.”
“അയിനിപ്പമെന്താ, ശംസുക്ക അത് പൊളിച്ച് പണിത് ഇങ്ങളൊപ്പരം താമസിച്ചോളാന്ന് പറഞ്ഞില്ലേ.”
“എന്നാപ്പിന്നെ എരിചട്ടീന്ന് വറചട്ടീല് വീണതുപോലാകും. എന്‍റുമ്മോ... അപ്പഹച്ചീന്‍റെ നാവിന് ഏയ് മൊളാ നീളം. ശംസു കുഞ്ഞിമ്മോനെപ്പോലെ പെങ്കോന്തനല്ലാന്നൊരു സമാധാനം.”
“കല്യാണം കയിഞ്ഞാ ആമ്മക്കളെ ഓലെ വയിക്ക് വിടുമ്മാ.”
“എന്നിട്ടിപ്പം ഇന്‍റ അമ്മായിമ്മ ഇന്നെ ഒറ്റക്ക് താമസിക്കാൻ സമ്മയിക്കണുണ്ടോ.”
“അത് പിന്നെ ഇക്ക ഒറ്റ മോനല്ലേ. ഉമ്മ വഅള് പറഞ്ഞ് വെറുപ്പിക്കുമെന്നല്ലാതെ വേറെ തകരാറൊന്നുമില്ല. മൂപ്പത്തി മോനെ നോക്കാനുള്ളതുകൊണ്ടല്ലേ എനിക്ക് സമാധാനമായിട്ട് ജോലിക്കു പോകാനും സാമൂഹിക പ്രവർത്തനങ്ങൾക്കുമൊക്കെ സമയം കിട്ടുന്നത്.”
“ഇന്‍റെ തെണ്ടിനടത്തം കൊറച്ച് കൂടന്നുണ്ട് ട്ടോ ഫെബിയേ... മോനെ നോക്കുന്നതൊക്കെ നേരാ. പക്ഷേങ്കില് മറ്റുള്ളോരോട് ഇന്നെപ്പറ്റി പറേണത് കേക്കുമ്പം എനക്കാകെ ചൊറിഞ്ഞു വരാറുണ്ട്. പിയ്യാപ്ലനെ കരുതീട്ടാ ഞാനൊന്നും മിണ്ടാത്തെ.”
“അതോണ്ടല്ലേ ഞാനുമൊന്നും മിണ്ടാത്തത്. പലതും കണ്ടില്ലാന്നും കേട്ടില്ലാന്നും വച്ചാലേ പൊന്നാരുമ്മാ ലോകത്തില് സമാധാനത്തോടെ ജീവിക്കാൻ സാധിക്കൂ. ഇതാരാ പറഞ്ഞതെന്ന് അറിയാലോ...”
“എന്‍റെ മാപ്പള... അല്ല ഇന്‍റെ ഉപ്പ. മൂപ്പരുള്ളപ്പം കേട്ട് മടുത്തതാ. നിയ്യെന്നെ പഠിപ്പിക്കാൻ വരണ്ട.”
“വേണ്ടെങ്കില് വേണ്ട. പിന്നൊരു കാര്യണ്ട്ട്ടോ ഉമ്മാ.”
“എന്തേക്കും ഇത്ര വലിയ കാര്യം.”
ഉമ്മയുടെ സ്വരത്തിൽ അതൃപ്തി.
“ശരീഅത്ത് പ്രകാരം ഇങ്ങക്ക് ഇപ്പൊരമ്മലും കുഞ്ഞീക്കാന്‍റെ ബാക്കി സ്വത്തിലും അവകാശമുണ്ടെന്നുള്ളത് നേരാ. പക്ഷേങ്കില് അതും പറഞ്ഞ് ഇങ്ങള് ഇത്താനേം മക്കളേം കഷ്ടപ്പെടുത്തരുതേ. കുഞ്ഞീക്കാനെ കരുതിയെങ്കിലും.”
“അസ്തഹ്ഫിറുള്ളാഹുൽ അളീം... നീ പൊറുത്ത് കൊടുക്ക് റബ്ബേ... എന്‍റെ മോനേ... നിയ്യിത് കേക്ക്ന്നുണ്ടോ...”
“ബെല്ലിക്ക ഇങ്ങളെ എരി കേറ്റണത് കേട്ടതോണ്ട് പറഞ്ഞതാ. ഇങ്ങളെ ആങ്ങളെയാണെന്നു പറഞ്ഞിട്ട് കാര്യല്ല. വെളഞ്ഞ വിത്താ.”
“സ്വന്തം അമ്മോനെപ്പറ്റിയാ നിയ്യിപ്പറയണത്.”
“അമ്മോനൊക്കത്തന്നെ. വല്ലിപ്പാനെപ്പറ്റിച്ച് ഇങ്ങക്ക് കിട്ടാനുള്ള സ്വത്തുംകൂടി തട്ടിയെടുത്തത് ഉപ്പ പറഞ്ഞ് അറിയാം.”
“അത് ഇന്‍റെ ഉപ്പ പോരാഞ്ഞിട്ടല്ലേ.”
“ഇപ്പം കുറ്റം ഉപ്പാക്കായോ. എന്‍റെ ഉപ്പ നേരും നെറിയും വിട്ടു കളിക്കൂലാ. ആണിനും പെണ്ണിനും ഒരുപോലെ സ്വത്ത് ഭാഗിക്കണമെന്ന് വല്ലിപ്പ ഒസ്യത്ത് എഴുതിെവച്ചിട്ട് അത് മുക്കി ഇങ്ങളേം മൂത്തമ്മാനേം പറ്റിച്ച മഹാനാ അമ്മോൻ. ആ അടവൊന്നും ഇവിടെ വേണ്ടാന്ന് പറഞ്ഞേക്കണേ.”
“മെല്ലെപ്പറയ് പഹച്ചീ. ഓന്‍റെ ഓളും മോളും കേക്കാത്തതും കേട്ടൂന്ന് പറയുന്ന കൂട്ടരാ.”
“അറിയാലോ... അതോണ്ട് കരുതി നിന്നോ...”
“എന്താ ഉമ്മേം മോളുംപാടെ മുറിയടച്ചൊരു തർക്കം.”

ഉമ്മ പറഞ്ഞ് നാക്കെടുത്തതും പൂച്ചയെപ്പോലെ പതുങ്ങി അമ്മായി മുറിയിലെത്തി. പിറകെ മകൾ നിസയും.
“എന്തു തർക്കം... ഫോണില് കുത്തിക്കളിക്കാണ്ട് ഖുറ്ആൻ ഓതാൻ പറഞ്ഞതാ.”
“അത് നന്നായി. ഓനിക്കും മേണ്ടി ദുആച്ചെയ്യണ്ടവള് അന്തംവിട്ട് കെടന്നൊറങ്ങുന്നത് കണ്ടില്ലേ...”
അമ്മായി.
“കുഞ്ഞീക്ക പോയീലേ... ഇനിയിപ്പം ഇത്ത ആരെ പേടിക്കാനാ.”
നിസ.
“അല്ലെങ്കില് ഓക്ക് ആരെയാ പേടി. നാട്ടിലെത്തിയാ ഓന് സ്വൈരം കൊടുക്കൂലാന്ന് ഓൻ പൊരേല് വരുമ്പം നിസമോളോട് പറയാറുണ്ട്.”
എന്നെപ്പറ്റി പരാതി പറയാനാ അമ്മോന്‍റടക്ക് പോണത് അല്ലേ... കാട്ടിത്തരാം. പറയാൻ തോന്നിയെങ്കിലും ബാക്കി കൂടി കേക്കാലോ എന്നു കരുതി അനക്കമറ്റ് കിടന്നു.
“ഓനെക്കൊണ്ട് നിസമോളെ കെട്ടിക്കണോന്ന് ഇക്കാക്കാക്ക് നല്ല പൂതീണ്ടേനും. ഇബിടെച്ചലെര് തടസ്സംനിന്നത് ഞാൻ മറന്നിട്ടില്ല.”
അമ്മായി.
“പൊന്നാരമ്മായി ഇനി അതൊക്കെ പറഞ്ഞ് മനസ്സ് കേട് വരുത്തണതെന്തിനാ.”
ഫെബി.
“ഇങ്ങള് കേട്ടീലേ നാത്തൂനെ ഓള് പറഞ്ഞത്. എന്‍റെ മനസ്സ് കെട്ടതാന്ന്.”
“അമ്മായി ഞാൻ...”
“മതിയാക്ക് ഫെബി. ഓന്‍റെ ആഖിറം നന്നാക്കാൻ തേട്... എല്ലാരും.”
ഉമ്മ തട്ടംകൊണ്ട് മൂക്ക് പിഴിഞ്ഞ് മുറിക്ക് പുറത്തേക്കിറങ്ങി. പിന്നാലെ ഫെബിയും.
7
തള്ളേം മോളും മനസ്സ് തുറക്കട്ടെ. ഉള്ളിലെ ദുഷ്ടുകൾ മുഴുവൻ പുറത്തു വരട്ടെ. എന്നിട്ട് വേണം പൊളിച്ചെഴുത്ത് നടത്താൻ. നാവ് ചൊറിഞ്ഞു വന്നിട്ടും അനങ്ങാതെ കിടന്ന് മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. ഉറക്കം നടിച്ചു കിടക്കൽ പതിവാണെങ്കിലും ഇപ്പോൾ വല്ലാത്ത പൊറുതികേടുണ്ട്.
“ഫെബി അല്ലെങ്കിലുമൊരു മൊതലാ. ഓക്ക് പണ്ടേ എന്നെ കണ്ണെടുത്താ കണ്ടൂടാ. ഓളൊരുത്തിയാ കുഞ്ഞീക്കാനെ പറഞ്ഞ് തിരിപ്പിച്ചത്.”
നിസ: കണക്കായിപ്പോയി. ഇന്നെ കെട്ടീര്ന്നെങ്കില് മൂപ്പരെ ഗതി അധോഗതിയായേനെ. വെറുതയല്ല മാപ്പള രണ്ടാമതും പെണ്ണുകെട്ടാൻ നടക്കണത്. അവൾ ഒച്ചയില്ലാതെ മുരണ്ടു.
“ഇബളെ നമ്പിക്കൂടാട്ടോ ഉമ്മാ. പഠിച്ച കള്ളിയാ.”
നിസ അവളെ സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു.
“ഇത്രേം നേരമൊന്നും ഒറക്കം നടിച്ച് കെടക്കാൻ ഓക്കാവൂലാ. ഇരുന്നിടത്ത് ഇരിപ്പുറക്കാത്തോളാ. ഞാനോളെ കാണാൻ തൊടങ്ങിയത് ഇന്നും ഇന്നലേം ഒന്ന്വല്ലാലോ.”
“കുഞ്ഞീക്കാന്‍റെ കല്യാണം കയിഞ്ഞിട്ട് കൊല്ലം പത്താവുന്നു. ഇക്കൊല്ലം വിവാഹവാർഷികം കെങ്കേമമാക്കാൻ പോണൂന്ന് കയിഞ്ഞായ്ച്ച എന്നെ കണ്ടപ്പം ഓള് വീമ്പ് പറഞ്ഞതാ. മൂന്നീസത്തെ കല്യാണം. മെഹന്തി, ഹൽദി... കേട്ടിട്ട് സഹിക്കാനായില്ല. എന്നിട്ടിപ്പളോ... അള്ളാന്‍റെ ഓരോ കളി.”
നിസയുടെ വാക്കുകൾ ഉള്ളിൽ പോറലുണ്ടാക്കി.
ഇന്‍റെ കണ്ണ് തട്ടിയതാ പഹച്ചീ... ദുഷ്ടത്തരം ഏറീട്ടാ മാപ്പള നീയറിയാതെ വേറെ പെണ്ണിനെ കെട്ടാൻ നടക്കുന്നത്. ഓനെ ഒയിവാക്കാൻ കേസ് നടത്തുന്നോളാ എന്‍റെ കുറ്റം പറയണത്. ഇക്കാക്ക് പകരം ഞാനാ മരിച്ചതെങ്കില് പതിനഞ്ച് കയീന്നതിന് മുന്നം ബെല്ലിക്ക ഇവളെ ഇക്കാന്‍റെ തലയിൽ കെട്ടിവെച്ചേനേ.
അവളുടെ ഉള്ളിൽ അരിശം നുരഞ്ഞു പൊന്തി.
“ഇന്‍റെ കേസെന്തായി...”
“അടുത്തായ്ച ചെല്ലാനാ വക്കീല് വിളിച്ചുപറഞ്ഞതെന്ന് ഞാനിന്നലെ ഇങ്ങളോട് പറഞ്ഞതല്ലേ. അല്ലെങ്കില് എന്‍റെ കാര്യം കേക്കാൻ ഇങ്ങക്ക് നേരല്ലല്ലോ...’’
“ഇന്‍റെ നല്ലേനു വേണ്ടിയല്ലേ കേസ് കൊടുക്കണ്ടാന്ന് പറഞ്ഞത്. വേറൊരു പെണ്ണുണ്ടെന്ന് നാട്ടാര് പറഞ്ഞ അറിവല്ലേ ഇനിക്കുള്ളൂ. നീയാടെ ചെല്ലുമ്പോ മൂപ്പര് ഇന്റടുത്തു വരാണ്ടിരിക്കൂലേനും.”
“ഉമ്മാ ഇങ്ങള് മിണ്ടാണ്ടിരുന്നോളീ. ഓനെ ഇനി എന്‍റെ നായിക്കും മേണ്ട. എനക്ക് മൊഞ്ചില്ല, നെറമില്ല, ഒന്നിനും പോരാ...റബ്ബേ... എല്ലാം കേട്ടത് ഞാനല്ലേ. എന്നേക്കാൾ സുന്ദരിച്ചിയെ ഓൻ കെട്ടുന്നത് എനക്കൊന്നു കാണണം.”
“ഇനിക്ക് നെറം കൊറവാന്നുള്ളത് നേരാ. അതാണല്ലോ കുഞ്ഞിമ്മോനും...”
“നെറമില്ലാത്തത് എന്‍റെ കുറ്റാ... ഉമ്മാക്കും ഉപ്പാക്കും മൊഞ്ചുണ്ടെങ്കിലേ കാണാൻ ചേലുള്ള മക്കളുണ്ടാവൂ. കാക്കക്കറുപ്പുള്ള ഉപ്പാനെ ഇങ്ങളെന്തിനാ മംഗലം കയിച്ചത്.”
നിസയുടെ ഒച്ച പൊന്തി.
“ഒന്നടങ്ങ് നിസാ. പണ്ടു കയിഞ്ഞതും പടയില് ചത്തതും ഇനി പറഞ്ഞിട്ടെന്താ കാര്യം. എന്‍റെ മംഗലം ഞാനല്ലല്ലോ നടത്തിയത്. കിട്ടുന്നോരെ പൊരുത്തപ്പെടാനല്ലെ ഞമ്മക്ക് കയിഞ്ഞീരുന്നുള്ളൂ. ഇന്‍റെ കാര്യം അങ്ങനാ. കുടുംബക്കാരാണെങ്കിലും ഓനിക്ക് കാര്യമായിട്ട് പണിയൊന്നുമില്ല, ഗൾഫിൽ പോകൂന്ന് പറയുന്നുണ്ട്. ഒന്നുംകൂടി ആലോയിച്ചിട്ട് പോരേന്ന് എന്‍റെ ആങ്ങള ചോയിച്ചതല്ലേ. ഓന്‍റെ നെറോം കോലോം കണ്ട് ബാപ്പേം മോളും അതുതന്നെ മതീന്നും പറഞ്ഞ് ഒറ്റക്കാലിലല്ലെ നിന്നത്. പൊന്നും പൈശേം ഓല് ചോയിച്ചതൊക്കെ കൊടുക്കാന്ന് പറഞ്ഞപ്പളാ അക്കൂട്ടര് കല്യാണത്തിന് സമ്മയിച്ചത്. നൂറ്റൊന്നും പവനും കാറും പൈശേം എല്ലാം തന്നല്ലേ അയച്ചത്. പെണ്ണുങ്ങളായാ ആണിനെ വരുതീല് കൊണ്ടരാനുള്ള സാമർഥ്യം വേണം. കുഞ്ഞിമ്മോന്‍റെ ഓളെക്കണ്ട് പഠിക്ക്. സ്വത്തും മുതലുമൊന്നുമില്ലെങ്കിലും ഓളെ വിരൽത്തുമ്പിലേനും ഓൻ. ഒരു കുഞ്ഞനെങ്കിലും ഉണ്ടായിനെങ്കില്...”
“അയിനും എനക്കാ കുറ്റം. മൂപ്പരിക്ക് കുട്ട്യേളുണ്ടാവൂലാന്ന് ഡോക്ടര് പറഞ്ഞിക്ക്. എനക്കൊരു തകരാറുമില്ല.”
“ഇനി അതൊന്നും പറഞ്ഞിട്ട് കാര്യല്ല നിസാ. ആള്വേള് പെണ്ണിന്‍റെ തലേലേ കുറ്റം ചാർത്തൂ. തലവിധി മാറ്റാൻ അള്ളാക്കേ ആവൂ. നീ പോരുമ്പം പൊന്നും പെട്ടീം കൊണ്ടന്നത് നന്നായി. അല്ലെങ്കില് അതും പോവൂലേനോ. ഓന്‍റെ ഉപ്പ പൊന്ന് ഇനിക്ക് മടക്കിത്തന്നതാ എനക്കതിശയം.”
“അതൊന്ന് കിട്ടാൻ വേണ്ടി ഞാൻ പെട്ട പാട്. മൂപ്പരിക്ക് കച്ചോടം തൊടങ്ങാൻ കൊറച്ച് പൈശ വേണോന്ന് പറയുന്നെന്നും പണ്ടം പണയംവെച്ച് കൊറച്ച് പൈശ കൊടുക്കട്ടെ എന്ന് ആദ്യം ഉപ്പാനോട് സമ്മതം ചോദിച്ച്. ആയിക്കോട്ടെ, പൊന്ന് വെറുതേ അലമാരീല് വെച്ചിട്ട് കൊല്ലം കൊല്ലം അയിന്‍റെ സക്കാത്ത് കൊടുക്കണ്ടേ. അതോണ്ട് എന്തെങ്കിലും തൊടങ്ങി ഓൻ കര പിടിച്ചോട്ട. ഞാനത് പണയം വെച്ച് പൈശ ഓന് കൊടുക്കാം. എന്നായി ഉപ്പ. അതു വേണ്ട. മൂപ്പര് തരികിട കളിക്കൂലാന്ന് എനക്കൊറപ്പില്ല. എന്‍റെ ബാപ്പ ഡയറക്ടറായ സഹകരണ ബാങ്കില് പണയംവെച്ചാ പേടിയില്ല. പലിശയും കൊറയും. മാത്രമല്ല മാസാമാസം പലിശ മുടങ്ങുകയാണെങ്കില് ബാപ്പ അടച്ചോളും. എന്‍റെ റബ്ബേ പതിനെട്ടടവും പയറ്റിയിട്ടാ പൊന്ന് കൈയിൽ കിട്ടിയത്. നോക്കുമ്പം നാല് വള അതിലില്ല. ഞാനൊന്നും മിണ്ടീലാ.”
“ഇനിക്ക് കൊറച്ചെന്തെങ്കിലും കൊടുത്തൂടേനോ. നീ കറുമുറൂന്ന് നിന്നിട്ടല്ലേ ഓൻ മാറ്റാനൊരുത്തിയെ തേടി പോയത്.”
“ഇങ്ങളെന്നെക്കൊണ്ട് ഓരോന്ന് പറയിക്കല്ലേ. ഇക്കണക്കിന് എന്നെ കെട്ടിത്തൂക്കി കൊന്നിട്ട് മരിച്ചെന്നു പറഞ്ഞാലും ഇങ്ങളത് നേരാന്നു പറയുമല്ലോ.”
“ആണുങ്ങളാവുമ്പം ചെലപ്പം ചെല മാണ്ടാത്തരങ്ങള് കാണിക്കും. പെണ്ണുങ്ങള് വേണം ഓലെ നേർവയിക്ക് കൊണ്ടേരാൻ. കൊറച്ച് പൊന്ന് പണയംവെച്ച് മൂപ്പരെ ഗൾഫിലേക്കയക്കാൻ ഞാൻ ഇന്നോട് പറഞ്ഞതല്ലേ.”
“അള്ള കാത്തതാ എന്നെ. എന്‍റെ പൊന്ന് വിറ്റ് ഓൻ ഓളേംകൊണ്ട് അക്കരെ കടന്നേനെ. ആയിരം കൊല്ലം കേസും കൂട്ടോം നട്ത്തിയാലും പൊന്ന് മടക്കിക്കിട്ടൂലേനും. ഒരിക്കല് മൂപ്പരെ ഫോണെടുത്ത് പരിശോധിച്ചപ്പം മുതല് എനക്ക് സംശയം കുടുങ്ങീക്ക്. രാത്രി പാതിരയായാലും ഏതോ പെണ്ണുമായിട്ട് എമ്മാതിരി കൊഞ്ചലാ. ചക്കരേ... തേനേ...”
“ഇനിക്ക് ഓന്‍റെ ഉമ്മാനോടോ ഉപ്പാനോടോ പറഞ്ഞൂടൈനോ.”
“നാഴികക്ക് നാൽപത് വട്ടം എന്‍റെ കുറ്റം പറയുന്ന ഉമ്മാനോട് മോന്‍റെ കുറ്റം പറഞ്ഞൂട്ടാലും മതി. മോനിക്ക് ചേരുന്ന പെണ്ണല്ല ഞാനെന്ന് ആ തള്ള എന്‍റെ മുഖത്ത് നോക്കി പറയുമ്പം ആദ്യമൊന്നും ഞാനൊന്നും മിണ്ടീരുന്നില്ല. പിന്നെപ്പിന്നെ ഞാനും തറുതല പറയാൻ തൊടങ്ങി.”
“ഓന്‍റെ ഉപ്പാനോട് നീ പറഞ്ഞോ...’’
“ഞാൻ സൂചിപ്പിച്ചതാ. ഉപ്പ അത് നിസ്സാരമാക്കിത്തള്ളി. ആങ്കുട്ട്യേളാവുമ്പം അങ്ങനെ ചിറ്റങ്ങളൊക്കയുണ്ടാവും. കെട്ടിയ പെണ്ണു വേണം അതിന് കണിഞ്ഞാണിടാനെന്ന്. ബെസ്റ്റ് ബാപ്പ.”
നിസ ഉറഞ്ഞുതുള്ളി.
“എന്താ നീ ഫോണില് കണ്ടത്?”
“മൂപ്പര് ഒരു സുന്ദരിക്കോതയുമായി ചാറ്റു ചെയ്തത് വായിച്ച് മുയുമനാക്കുന്നതിനു മുമ്പ് ഫോണ് പിടിച്ചുവാങ്ങി. ഫോണ് കട്ടെടുത്ത് പരിശോധിച്ചീന്നും പറഞ്ഞ് കുലുമാലുണ്ടാക്കൂം ചെയ്ത്. കാണാൻ ചേലുള്ള പെണ്ണുങ്ങളെ കണ്ടാല് അല്ലെങ്കിലും ഇന്നെപ്പോലുള്ള കരിങ്കോന്തിമാർക്ക് സഹിക്കൂലാ... അള്ളോ... ബോഡി ഷെയിമിങ്ങിന് ശിക്ഷ കിട്ടുന്ന കേസാന്നാ വക്കീല് പറഞ്ഞത്.”
“അതെന്ത്ന്നാ ഈ ഷെയിമിങ്...”
“മൊഞ്ചില്ലാത്തോലെ അപമാനിക്കല് അല്ലാണ്ടെന്താ.”
“പടച്ചോനേ... ഇപ്പളത്തെ കാലത്തെ ഓരോ എടപാടുകള്. ഇപ്പളത്തെ ആണും പെണ്ണും കാട്ടിക്കൂട്ടണത് കണ്ടാ പേടിയാകും. ഈ കേസിന് അടുത്ത കാലത്തൊന്നും ഒര് അറുതിയുണ്ടാകുമെന്ന് എനക്ക് തോന്നുന്നില്ല കുഞ്ഞിമ്മോളെ.”
“മേണ്ട. കേസും കൂട്ടോമായിട്ട് ഓനും കൊറേ നാള് നടക്കട്ടെ. എന്നെ ഒയിവാക്കിയിട്ട് അത്ര വേഗം മറ്റേ കോതയെ മംഗലം കയിക്കുന്നത് എനക്കൊന്നു കാണണം. കോടതി ചെലവിന് തരാൻ വിധിക്കുന്നതുവരെ ഞാൻ കേസു നടത്തും. ഒരായ്ചയെങ്കിലും ഓൻ ജയിലിലിൽ കെടക്കുന്നത് എനക്കൊന്നു കാണണം. അയിനുമേണ്ടിത്തന്നെയാ ഞാൻ ക്രിമിനൽകേസ് കൊടുത്തത്. ഓനിക്ക് എന്‍റെ പൊന്നു വേണം, കാറ് വേണം. എന്നെ മാണ്ട.”
“ഇന്നെ മൂപ്പര് അടിക്കും കുത്തൂം ഒന്നും ചെയ്തിട്ടില്ലാന്നല്ലേ നീ പറഞ്ഞത്. പിന്നെ എന്തിനാ നീ ഇല്ലാവചനം പറഞ്ഞ് കേസിനു പോയത്.”
“ദേഹോപദ്രവം ചെയ്തെന്നു പറഞ്ഞാലേ കേസിനു ബലമുണ്ടാകൂന്നാ വക്കീല് പറഞ്ഞത്.”
“വക്കീലന്മാരങ്ങനയേ പറയൂ. എന്നാലല്ലേ ഓലിക്ക് പണം പിടുങ്ങാൻ പറ്റൂ. കയിഞ്ഞായ്ച ഒരുലക്ഷാ ഉപ്പ വക്കീലിന് ഫീസ് കൊടുത്തത്.”
“അതിലാ ഇങ്ങക്കിപ്പം വേദന. എന്‍റെ ജീവിതം പൊളിഞ്ഞു പാളീസായത് ഇങ്ങക്കൊരു വിഷയല്ല.”
“ഞമ്മളെ നാട്ടിലെ നിയമംവെച്ച് ഒരു കേസും നേരത്തിനും കാലത്തിനും തീർപ്പാകൂലാ. കേസ് പിൻവലിച്ച് തമ്മില് കാര്യങ്ങള് പറഞ്ഞ് തീർത്തൂടേന്ന് ഓന്‍റെ ഉപ്പ ചോദിച്ചെന്ന് ബാപ്പ പറഞ്ഞ്.”
“എന്താ ഇനി പറഞ്ഞ് തീർക്കാനുള്ളത്. ഓൻ മറ്റോളെ ഒയിവാക്ക്വോ.......”
നിസയുടെ സ്വരം കടുത്തു.
“അങ്ങനെയൊന്നുമില്ലാന്നും, അഥവാ ഉണ്ടെങ്കില്തന്നെ പറഞ്ഞ് തീർക്കാമെന്നുമൊക്കെ പറഞ്ഞെന്നാ ബാപ്പ പറഞ്ഞത്.”
“അപ്പൂതി ഓല് മനസ്സില് വെച്ചേക്കട്ടെ. ഓന് അപ്പെണ്ണിനെ സ്വകാര്യായിട്ട് നിക്കാഹ് കയിച്ചൂന്നാ ഞാനറിഞ്ഞത്. പണ്ടത്തപ്പോലെ ഒറ്റ വീർപ്പിന് മൊയി മൂന്നും ചൊല്ലി കെട്ടിയ പെണ്ണിനെ ഒയിവാക്കാനൊന്നും ഇപ്പം പറ്റൂലാ.”

“ഇനി എന്തു വേണോന്നാ നീ പറേന്നത്. നീയിങ്ങനെ കാലാകാലം ഒറ്റാന്തടിയായി കയ്യാനാ വിചാരിക്കുന്നത്...”
“എന്താ ഒരു പെണ്ണിന് ഒറ്റാന്തടിയായി കയിഞ്ഞൂടെ. റെഡിമെയ്ഡ് ബിസിനസ്സ് തൊടങ്ങിയാലോന്നാ എന്‍റെ ആലോചന. എന്‍റെ കൂടെ പഠിച്ച നന്ദിനി ടൗണില് ഷോപ്പ് തുടങ്ങുന്നുണ്ട്. ഓളൊപ്പരം കൂടിയാലോന്നാ ഞാൻ വിചാരിക്കുന്നത്.”
“നീ ബാപ്പാനോട് പറഞ്ഞോ...”
“ആ... ബാപ്പ സമ്മയിച്ചിന്. അതോണ്ടല്ലേ എന്നെ ഡ്രൈവിങ് പഠിപ്പിക്കാനയച്ചത്. ഓന്‍റെ മുന്നില് എനക്കൊന്നു വെലസണം. ഈ ദുനിയാവില് ജീവിക്കാൻ മൊഞ്ചല്ല ബുദ്ധിയാ വേണ്ടതെന്ന് ഓന് ഞാൻ കാണിച്ചുകൊടുക്കും.”
അത് കേട്ടപ്പോൾ സങ്കടം തോന്നി.

