അമരകോശം

അടവി -1992 പേരിലൊരു കാട് കൊണ്ടുനടക്കുമ്പോഴും ആയുസ്സിലിന്നുവരെ അതിനെയവൾ അനുഭവിച്ചിട്ടേയില്ലായിരുന്നു. ‘‘അടവീ.’’ പതിവായി ഇരിക്കാറുള്ള മാഞ്ചുവട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്നാണ് ക്ലെമന്റ് അവളുടെ പേരു വിളിച്ചത്. അതു പതിവുള്ളതല്ല. ഇനി അവളുടെ ചുമലിൽ അരുമയായി കൈകൾ ഉരസും. എന്തോ ഗൗരവമായി പറയാൻ പോകുന്നുവെന്നാണ് അതിനർഥം. “എന്താ?’’ അവൾ ക്ലെമന്റിന്റെ മുഖത്തേക്ക് നോക്കി. “ഇത്തവണ ജന്മദിനത്തിന് ഞാൻ എന്താണ് തരേണ്ടത്?” അവൾ അയാളുടെ കൈകൾ കവർന്നു. തന്റെ കൈമുട്ട് അയാളുടെ വാരിയെല്ലിലേക്ക് ഊന്നി ചാഞ്ഞുകിടന്നു. കണ്ണടക്ക് ഉടവ് തട്ടാതെ നോക്കി. പിന്നെ എന്താണ് ചോദിക്കാൻ ഉള്ളതെന്നോർത്തു. “എന്നെ കാട്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
അടവി -1992
പേരിലൊരു കാട് കൊണ്ടുനടക്കുമ്പോഴും ആയുസ്സിലിന്നുവരെ അതിനെയവൾ അനുഭവിച്ചിട്ടേയില്ലായിരുന്നു.
‘‘അടവീ.’’
പതിവായി ഇരിക്കാറുള്ള മാഞ്ചുവട്ടിൽ ഇരിക്കുമ്പോൾ പെട്ടെന്നാണ് ക്ലെമന്റ് അവളുടെ പേരു വിളിച്ചത്. അതു പതിവുള്ളതല്ല. ഇനി അവളുടെ ചുമലിൽ അരുമയായി കൈകൾ ഉരസും. എന്തോ ഗൗരവമായി പറയാൻ പോകുന്നുവെന്നാണ് അതിനർഥം.
“എന്താ?’’ അവൾ ക്ലെമന്റിന്റെ മുഖത്തേക്ക് നോക്കി.
“ഇത്തവണ ജന്മദിനത്തിന് ഞാൻ എന്താണ് തരേണ്ടത്?”
അവൾ അയാളുടെ കൈകൾ കവർന്നു. തന്റെ കൈമുട്ട് അയാളുടെ വാരിയെല്ലിലേക്ക് ഊന്നി ചാഞ്ഞുകിടന്നു. കണ്ണടക്ക് ഉടവ് തട്ടാതെ നോക്കി. പിന്നെ എന്താണ് ചോദിക്കാൻ ഉള്ളതെന്നോർത്തു.
“എന്നെ കാട് കാണിക്കാൻ കൊണ്ടുപോകാമോ?’’ അവൾ ചോദിച്ചു.
ഒരു നിമിഷം അവൻ സ്തബ്ധനായി. ഏറെക്കാലമായി അവളത് പറയുന്നുണ്ട്. കാടെന്നത് അവനത്ര പരിചിതമായ ഒരിടമല്ല. പപ്പയും മമ്മയും ദീർഘയാത്രകൾ കൊണ്ടുപോകുമായിരുന്നു. അതിലൊന്നും കാട് ഉൾപ്പെട്ടിരുന്നില്ല. പപ്പക്ക് കാടുകളിൽ പോകുന്നത് അത്ര ഇഷ്ടമല്ലാത്തതാണ് കാരണം. എന്നാലും, അപൂർവം അവസരങ്ങളിൽ കൂട്ടുകാരോടൊത്തു കാട് കയറാൻ അവനു കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, അടവിയുടെ സ്ഥിതി അതല്ല. അവൾക്ക് പേരിൽ മാത്രമായിരുന്നു കാട്. അടവി കുഞ്ഞായിരിക്കുമ്പോൾ, ഈ നഗരത്തിൽ വന്നുകൂടിയവരാണ് അടവിയുടെ കുടുംബം. അച്ഛൻ, അമ്മ, പിന്നെ അവൾ. വലിയ വലിയ പ്രോജക്ടുകൾ വന്നാൽ ഒരു പ്രദേശത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ഡിസൈൻ ചെയ്യുന്ന ജോലിയാണ് അടവിയുടെ അച്ഛനമ്മമാർ ചെയ്തിരുന്നത്. േപ്രാജക്ട് നടക്കുന്നതിന് ഏറ്റവും അടുത്ത നഗരത്തിൽ അവർ പാർക്കും. കഴിയും മുന്നേതന്നെ മറ്റൊരിടത്ത് ജോലി ഏറ്റിട്ടുണ്ടാകും. അങ്ങോട്ടേക്കാകും പിന്നുള്ള യാത്ര.
“എന്തുകൊണ്ടാണ് അവർ ഇവിടെനിന്നും പിന്നെങ്ങും പോകാത്തത്.’’ ഒരിക്കൽ ക്ലെമന്റ് ചോദിച്ചു.
“അറിയില്ല. ആദ്യമൊക്കെ പറയും എന്നെ ചെറുപ്പത്തിലേ പിടികൂടിയ അസുഖങ്ങളാണ് കാരണമെന്ന്. വെറുതെയാണ്. എന്തുകൊണ്ടോ അവരീ നഗരം വിട്ടുപോയില്ല.”
അടവി കാടു കാണുന്നത് അച്ഛന്റെയും അമ്മയുടെയും കൈകളിലുള്ള ചിത്രങ്ങളിൽനിന്നാണ്. അവളപ്പോൾ ചോദിക്കും, കൊണ്ടുപോകുമോയെന്ന്. പക്ഷേ, അവരെങ്ങോട്ടേക്കും പോയില്ല. എപ്പോഴും ഭയത്തിന്റെ ഒരന്തരീക്ഷം അവരെ ചുറ്റിനിൽക്കുന്നതായി തോന്നി. പിന്നീട് ഇതേ നഗരത്തിലെ കോളജിൽ അടവിക്ക് എൻജിനീയറിങ് അഡ്മിഷൻ ലഭിക്കുമ്പോഴാണ് അച്ഛനും അമ്മയും നഗരംവിടാൻ ഒരുങ്ങിയത്. അങ്ങനെ അടവി എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ അന്തേവാസിയായി.
“ഇത്രയും വലിയ േപ്രാജക്ടുകൾ ഡിസൈൻചെയ്ത നിങ്ങൾക്ക് ഈ നഗരത്തിൽ സ്വന്തമായി ഒരു വീടു വേണമെന്ന് തോന്നാത്തതെന്ത്. എന്നാൽ, തനിക്ക് ഹോസ്റ്റലിൽ നിൽക്കേണ്ടി വരില്ലായിരുന്നു.”
“ഞങ്ങളിവിടെ സ്ഥിരതാമസത്തിനു വന്നതല്ലല്ലോ. നീയും ഇവിടെത്തന്നെ ഉണ്ടാകുമെന്ന് എന്തുറപ്പ്...’’
അവളോടത് പറയുമ്പോൾ അച്ഛൻ പഴയ ചില ഡ്രോയിങ്ങുകൾ പൊടിതട്ടി എടുക്കുകയായിരുന്നു. വേണ്ടാത്തവ കീറിക്കളയുവാനായി അടവിക്ക് നേരെ നീട്ടി. അതിലപ്പോൾ അവൾ കണ്ടു, മനോഹരമായ ഒരു കുന്ന്, അതിലൊരു ഫാക്ടറി കെട്ടിടം, അടിവാരത്തായി ഒരു മനോഹര ഗ്രാമം. ചെറുപ്പം മുതൽക്കേ അവൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഡ്രോയിങ് ആയിരുന്നു അത്. അച്ഛൻ എന്തിനാണത് കീറിക്കളയുന്നത്. അവളത് സൂക്ഷിച്ചുെവച്ചു.
കാടിന്റെ പെയിന്റിങ്ങുകളോടുള്ള ഇഷ്ടംപോലെ തന്നെ അവൾ കൊണ്ടുനടന്ന ഒന്നായിരുന്നു ബൈക്കുകളോടുള്ള ഇഷ്ടം. ശരിക്കും പ്രിയപ്പെട്ട ഒരാളെ വാരിയെടുത്തു ദേഹത്തോട് ചേർക്കുന്ന പ്രതീതിയല്ലേ അവക്ക്. നഗരത്തിലെ നിരത്തുകളിൽ അവ പായുന്നത് അവൾ കൗതുകത്തോടെ നോക്കിനിൽക്കും. അതുകൊണ്ടുതന്നെ സഹപാഠിയായ ക്ലെമന്റിനെയാണോ അവനു സ്വന്തമായുള്ള മെല്ലിച്ച ബൈക്കിനെയാണോ താൻ ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന് അടവിക്ക് ഇപ്പോഴും സംശയമാണ്. ആ ബൈക്കിൽ അവനോടൊട്ടി ദീർഘയാത്ര പോകുന്നത് ശരിക്കും അവൾക്കൊരു സ്വപ്നംതന്നെയായിരുന്നു. കാടിനോടുള്ള ഇഷ്ടവും അവനൊപ്പമുള്ള ബൈക്ക് സഞ്ചാരത്തിനുള്ള ആഗ്രഹവും സഫലീകരിക്കുന്ന ഒന്നാകും ഈ യാത്ര.
“കാട്ടിലേക്ക് എങ്ങനെ പോയാലും അരപ്പകലിന്റെ യാത്രയുണ്ടാകും. അതുമല്ലെങ്കിൽ അതിലും കൂടുതലുണ്ടാകും. മടങ്ങാൻ തുടങ്ങുമ്പോൾതന്നെ രാത്രിയാകും. പിന്നെങ്ങനെ ശരിയാകും?’’

അവൻ ചോദിച്ചു.
“മടങ്ങണ്ട. നമുക്കവിടെ കഴിയാം.’’
“ക്യാമ്പിങ് ആണോ. ഹോസ്റ്റലിൽ എന്തുപറയും...’’
“അതു സാരമില്ല. അച്ഛനെയും അമ്മയെയും കാണാൻ പോകുന്നുവെന്ന് ഞാൻ ഹോസ്റ്റലിൽ പറയും.’’
“അപ്പോൾ അവർ എങ്ങനെയെങ്കിലും അറിഞ്ഞാൽ.’’
“അവരോട് ഞാൻ പറഞ്ഞോളാം. കാട് കാണാൻ പോകുന്നു എന്ന്.”
അടവി യാത്രക്ക് ഒരുങ്ങുകയാണ് എന്നത് അവനുറപ്പായി. അതുകൊണ്ടു തന്നെ, അടവിയുടെ ജന്മദിനത്തിനും മുമ്പ് ബൈക്കിനെ അയാൾ ദീർഘയാത്രക്കായി ഒരുക്കിയെടുത്തു.
പുലർച്ചെ ഹോസ്റ്റലിൽനിന്നും ഇറങ്ങി അവർ യാത്രതുടങ്ങി. ഇത്രനാളും നഗരത്തിലെ റോഡുകളിൽ കടൽത്തീരത്തേക്ക് മാത്രം യാത്രചെയ്തിരുന്നവരാണ് ഇന്ന് നഗരം വിട്ടു പുറത്തേക്ക് പോകുന്നത്. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇളംനീല ജീൻസും റോസ് നിറത്തിലെ ഉടുപ്പുകളും. അത് അടവി നിർബന്ധപൂർവം നഗരത്തിൽനിന്നു വാങ്ങിയതാണ്.
ആദ്യത്തെ അരമണിക്കൂറിൽത്തന്നെ തിരക്കുകളൊഴിഞ്ഞ റോഡെത്തി. നഗരത്തിനുള്ളിലെ യാത്രപോലെ, അത്ര കണ്ട് സുഗമമായിരുന്നില്ല പിന്നീടുള്ള യാത്ര. ചുമലു കുലുക്കി ബൈക്ക് യാത്ര തുടരുമ്പോൾ അടവി ക്ലെമന്റിനെ ചേർന്നിരുന്നു. എത്രനേരം യാത്ര ചെയ്‌തെന്ന് അവൾക്കറിയില്ല. ഇടക്ക് ചിലയിടങ്ങളിൽ നടത്തിയ അൽപവിശ്രമങ്ങൾ ഒഴിച്ചാൽ, യാത്ര ഒരു തുടർച്ച തന്നെയായിരുന്നു. പ്രിയപ്പെട്ടതെന്തോ തേടിവരുന്ന കുട്ടിക്ക് അതിനോടടുക്കുമ്പോൾ ഉണ്ടാകുന്ന കൗതുകം. അതായിരുന്നു കാട്ടിലേക്ക് എന്നു പറയുമ്പോൾ അടവിക്ക് ഉണ്ടായത്.
അമ്മ പറഞ്ഞവൾ കേട്ടിട്ടുണ്ട് അച്ഛനോടൊപ്പം നടത്തിയ യാത്രകളെക്കുറിച്ച്. വലിയ വലിയ കെട്ടിടങ്ങളുടെ മാതൃക സൃഷ്ടിക്കുന്ന ജോലിയായിരുന്നല്ലോ ഇരുവർക്കും. ഏതെങ്കിലും േപ്രാജക്ടുകളുടെ ഭാഗമായി നഗരങ്ങളിൽ ചെന്നു പാർക്കും. അതു കഴിയുമ്പോൾ അടുത്ത സ്ഥലത്തേക്ക് നീങ്ങും. പക്ഷേ, ഈ നഗരത്തിൽ വന്നുചേർന്നത് ഏതു പ്രോജക്ടിനു വേണ്ടിയായിരുന്നുവോ അതൊരിക്കലും പൂർത്തിയായില്ല.
അതോർത്ത് െക്ലമന്റിന്റെ തോളിൽ ചാഞ്ഞുകിടക്കുകയായിരുന്നു അവൾ. പെട്ടെന്നാണ് ബൈക്ക് ഒരു മൺപാതയിലേക്ക് കടന്നത്. മൺപാതയുടെ നിരപ്പ് കണ്ടിട്ടാകണം ക്ലെമന്റിന് അപ്പോൾ വേഗം കൂട്ടാൻ തോന്നി. ആദ്യമായാണ് ഇത്തരമൊരു നിരത്തിലൂടെ വണ്ടിയോടിക്കുന്നത്. ഉച്ചനേരത്തും അവിടെ എത്തില്ലേയെന്ന് െക്ലമന്റിന് തോന്നി. വേഗം അൽപം കൂടുതലായപ്പോൾ അവൾ അയാളുടെ ചുമലിൽ തട്ടി.
“ഇത്ര വേഗത്തിൽ എങ്ങോട്ട്. പതിയെ പോയാൽ മതി. എനിക്ക് തിരിച്ചെത്തുകയേ വേണ്ട.’’
അവൻ ബ്രേക്കിൽ ഒന്നു കാൽെവച്ചതേ ഓർമയുള്ളൂ, വാഹനം നിരത്തിലേക്ക് തെന്നിവീണു. വീഴ്ചക്കുശേഷം ഒരു പത്തു മീറ്റർ കൂടി തെന്നിനീങ്ങിയിട്ടുണ്ടാകും വാഹനം.

വീഴ്ച, അതിന്റെ മുറിവുകൾ, മുറിവുകളുടെ നീറ്റൽ അതിനിടയിലുള്ള സമയമുണ്ടല്ലോ, അന്നേരം ഒരു പൊന്തക്കരികിൽ ക്ലെമന്റിന്റെ പ്രണയം പുണർന്നു കിടന്നു അടവി. അവൾ ഭയന്നുവെന്ന് കരുതി അവൻ പിടിവിടുവിക്കാനും പോയില്ല. അപ്പോളവൾ അവന്റെ ചുണ്ടുകളിൽ ചുംബിച്ചു. വിചിത്രമായ ആ പെരുമാറ്റത്തിൽ അവനൊന്നു പകച്ചു.
കുറച്ചുനേരം പിന്നിട്ടപ്പോൾ, മുറിവുകൾ നീറ്റൽ പൊടിക്കാൻ തുടങ്ങിയപ്പോൾ, അവളൊന്നു ഞരങ്ങി. ഇരുവരും എഴുന്നേറ്റു. അവളുടെ കാൽമുട്ടുകൾ നീറുന്നുണ്ടായിരുന്നു. ആദ്യം തിരഞ്ഞത് കണ്ണടയാണ്. പുത്തൻ റോസ് വസ്ത്രത്തിൽ പുരണ്ട പൊടി അവൾ തട്ടിക്കളഞ്ഞു. മുട്ടിലെ മുറിവ് ജീൻസിന്റെ നീലയിൽ ചുവപ്പ് പടർത്തി.
അതു കണ്ടപ്പോൾ െക്ലമന്റിന് ഭയമായി.
“തിരിച്ചുപോണോ?” അവൻ ചോദിച്ചു.
“എന്തിന്? നിനക്ക് പ്രശ്നം എന്തെങ്കിലും പറ്റിയോ?’’
ഇല്ലെന്ന് അവൻ ചുമൽ കുലുക്കി.
“കം ലെറ്റ്സ് ഗോ.’’ മുന്നോട്ടുപോകാൻ തന്നെയാണ് അടവി തീരുമാനിച്ചത്.
“ഒരു കാർ ഉണ്ടായിരുന്നെങ്കിൽ അല്ലേ.” വീഴ്ചയുണ്ടാക്കിയ ഭയം ഇല്ലാതാക്കി കളയാനാണ് യാത്രക്കിടയിൽ അവനത് ചോദിച്ചത്.
“എന്തിനാ? എനിക്കിതാണ് ഇഷ്ടം.”
സർക്കാർ ആരംഭിച്ച കമ്പനി കാറുകൾ പുറത്തിറക്കിയത് കുറച്ചു വർഷം മുമ്പാണ്. അച്ഛനെ കാണാൻ വന്ന ഒരാൾക്ക് അതുണ്ടായിരുന്നതും അയാളുടെ േപ്രാജക്ട് തീരുംവരെ അച്ഛൻ അതുപയോഗിച്ചതും അതിൽ യാത്രചെയ്തതും അവളോർത്തു. അച്ഛന്റെ ഇഷ്ടപ്പെട്ട ഗാനങ്ങൾ നിറഞ്ഞ കാസറ്റുകളും അതിടുന്ന ഒരു സ്റ്റീരിയോയും കാറിലുണ്ടായിരുന്നു. അതിലെ ഒരു ഗാനം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു. മൺപാത നീണ്ടത് ഒരു ഗ്രാമത്തിലേക്കാണ് എന്നവർക്ക് പിന്നീട് മനസ്സിലായി. ഉച്ചയെരിയാൻ തുടങ്ങുന്നതേ ഉള്ളൂ. ഇതിനിപ്പുറം ഇങ്ങനെ ഒരു ഗ്രാമം ഉണ്ടെന്ന് ക്ലെമന്റ് കരുതിയതേയില്ല. ഇനി പാത നീണ്ടുനീണ്ടു വനത്തിനുള്ളിലേക്ക് കടക്കുമെന്നാണ് അവൻ കരുതിയത്.
വീടുകളുടെ നിരയുടെ ഒത്ത നടുക്ക് നിൽക്കുമ്പോൾ അടവിക്ക് സ്‌മൃതിയിൽ എന്തോ ഉണർന്നു. അച്ഛന്റെ ഡ്രായറിനുള്ളിൽ പണ്ടു കണ്ട മനോഹരമായ ഒരു ഡിസൈൻ. പക്ഷേ അതിലെ വീടുകൾ ഇതിലും മെച്ചമാണ്. ഇതുപോലൊരു ഗ്രാമം, മനോഹരമായ വീടുകൾ, പിന്നാമ്പുറത്തായി ഒരു കുന്ന്. അതിന്റെ നെറുകിലേക്ക് ഒരു റോഡ്, അവിടെയെല്ലാം ഫാക്ടറി കെട്ടിടങ്ങൾ. മനോഹരമായ ആ ഒരിടത്ത് എന്നെങ്കിലും പോകണമെന്ന് അവൾ കരുതിയിരുന്നു. എന്നാലിപ്പോൾ അതല്ല അതിലും പച്ചപ്പ് നിറഞ്ഞ ഒരിടത്തേക്ക് കാലം തന്നെ കൊണ്ടുവന്നിരിക്കുന്നു.
അന്നേരമാണ് അവളൊരു സിമന്റ് ടാങ്ക് കണ്ടത്. കാലിലെ മുറിവൊന്നു വൃത്തിയാക്കാം എന്നു തോന്നി. കണ്ണട ഊരി ക്ലെമന്റിന്റെ കൈയിലേക്ക് നൽകി. ജീൻസ് മടക്കി െവച്ചുകൊണ്ട് മുറിവ് വൃത്തിയാക്കുമ്പോൾ വശത്തായി ആരോ നിൽക്കുന്നപോലെ തോന്നി. പെട്ടെന്നു ഞെട്ടി നോക്കുമ്പോൾ, ഒരു സ്ത്രീയാണ്. കാഴ്ചയിൽ നാൽപതിനോടടുത്ത് പ്രായം വരും.
“എവിടുന്നു വരുന്നു.’’
അവർ ചോദിച്ചു.
മറുപടി പറയാൻ അൽപസമയം വേണ്ടിവന്നു. ഈ സ്ത്രീയെ എനിക്ക് അറിയാമല്ലോ, എന്നവൾ ചിന്തിച്ചു നിന്നു. പിന്നെ മറുപടിയിലേക്ക് നീങ്ങി.
“ഞങ്ങൾ പട്ടണത്തിൽനിന്ന്. ഈ കാട് കാണാൻ വന്നതാണ്.’’ അവളാ കുന്നിലേക്ക് ചൂണ്ടി.
ക്ലെമന്റിന്റെ നിൽപിൽനിന്നും അടവിക്ക് ഒരു കാര്യം ഉറപ്പായിരുന്നു. തനിക്ക് മുമ്പേ അവർ അയാളോട് സംസാരിച്ചിട്ടുണ്ടാകും. അവൻ കളവുകൾ പറഞ്ഞിട്ടുണ്ടാകുമോ. എന്നാൽ, അവരെന്തു വിചാരിക്കും.
“ഞാൻ പൈവ.’’ അവർ പരിചയപ്പെടുത്തി.
“എനിക്കറിയാം.’’
പെട്ടെന്നായിരുന്നു അടവിയുടെ മറുപടി. ഒരു പ്രതിധ്വനി പോലെ താനത് പറഞ്ഞത് എന്തിനെന്നു അടവിയോർത്തു. അതേ ഇതവർ തന്നെയാണ്. അമ്മ സൂക്ഷിച്ചുെവക്കാറുള്ള പത്ര കട്ടിങ്ങുകളുടെ പുസ്തകം, അതിനുള്ളിൽ ഇരു കൈകളുമുയർത്തി അഭിവാദ്യം ചെയ്യുന്ന യുവതിയുടെ ചിത്രമുണ്ടായിരുന്നു. ഏറെ കൗതുകത്തോടെ കൗമാരത്തിൽ താനത് നോക്കിനിന്നിട്ടുണ്ട്. ആ പേര് വായിച്ചിട്ടുണ്ട്, പൈവ.
അപ്പോഴാണ് അവളുടെ മുട്ടിലെ ചോരപ്പാടുകൾ പൈവ ശ്രദ്ധിച്ചത്. അതു കണ്ടിട്ടെന്ന വണ്ണം അടവി പറഞ്ഞു.
“വരുന്ന വഴിക്ക് വീണതാണ്.’’
വരൂ എന്നു വിളിക്കുക മാത്രമേ പൈവ ചെയ്തുള്ളൂ. ആജ്ഞയെന്നപോലെ അടവി പിന്തുടർന്നു. അവരുടെ നടത്തം കണ്ടിട്ടാവണം ക്ലെമന്റും പിന്നാലെ ചെന്നു. ഒരു സ്കൂൾ കെട്ടിടത്തിനുള്ളിലേക്കാണ് അവർ കടന്നുചെന്നത്. അങ്ങിങ്ങായി ചില കുട്ടികൾ.
തേവൂ എന്ന അവരുടെ വിളിയിൽ ഒരു പതിനഞ്ചു വയസ്സ് തോന്നിക്കുന്ന കുട്ടി പ്രത്യക്ഷപ്പെട്ടു. അവനോട് മരുന്നു കൊണ്ടുവരാൻ പൈവ നിർദേശിച്ചു.
“എന്നെ എങ്ങനെ അറിയാം?’’ കാലിൽ മരുന്നു പുരട്ടുമ്പോൾ പൈവ മുഖത്തു നോക്കാതെ ചോദിച്ചു.
താൻ കണ്ട ചിത്രത്തെക്കുറിച്ച് അവൾ മെല്ലെ പറയാൻ തുടങ്ങി.
“അതോ, അമ്മ സൂക്ഷിച്ചുെവച്ച പത്രക്കട്ടിങ്ങിൽനിന്നും. ഇരുകൈയും ഉയർത്തി നിൽക്കുന്ന മാഡത്തിന്റെ ചിത്രം ഞാൻ എത്രയോ തവണ നോക്കി ഇരുന്നിട്ടിട്ടുണ്ട്. മൈ ഫേവറിറ്റ് കട്ടിങ്.’’
“എന്തിനാണ് നിങ്ങളുടെ അമ്മ അങ്ങനെയൊന്നു ചെയ്തത്?”
“അതുമാത്രമല്ല ഇത്തരത്തിൽ കൗതുകം തോന്നുന്ന പല വാർത്തകളും അമ്മ വെട്ടിയെടുത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട്.”
“അതിൽ എന്നെമാത്രം ശ്രദ്ധിക്കാൻ കാരണം.’’
“നിങ്ങടെ കറേജ്. ഒരു വലിയ ആൾക്കൂട്ടത്തിന് നടുവിൽ നിങ്ങളൊരു സ്ത്രീ. അസാധാരണ സ്ത്രീയാണെന്ന് തോന്നി.’’
“ആണോ?” അപ്പോഴേക്കും മരുന്നു പുരട്ടി അവർ എഴുന്നേറ്റു. അൽപനേരം കാൽ നിവർത്തിെവക്കാൻ ആംഗ്യം കാണിച്ചു.
“ആർക്കാണ് ഈ വനം കാണാൻ ആഗ്രഹം തോന്നിയത്. നിനക്കോ അവനോ?’’ പൈവ ചോദിച്ചു.
“എനിക്ക്.”
മരുന്നു ഡപ്പികൾ അടച്ചുവെച്ച ശേഷം പൈവ എഴുന്നേൽക്കാൻ പറഞ്ഞു. അടവി മെല്ലെ എണീച്ചു. ചെറിയ നീറ്റൽ വീണ്ടും തോന്നുന്നു. പൈവ വീണ്ടും സംസാരിക്കാൻ തുടങ്ങി.
“നീ കറേജിന്റെ കാര്യം പറഞ്ഞില്ലേ, എല്ലാ സ്ത്രീകളും അങ്ങനെയാണ്. ലോകത്തെല്ലാരും ചേർന്ന് അവരെ സാധാരണമാക്കുന്നതാണ്. ഇപ്പോൾ തന്നെ നിങ്ങളുടെ കറേജ് നോക്കൂ. ഇത്രേം ദൂരം കടന്ന് ഈ വനത്തിനുള്ളിലേക്ക്. അതും ഈ ഗ്രാമത്തിൽ. ഇടക്ക് പോലീസുകാർ വരുന്നതല്ലാതെ പുറത്തുനിന്നാരും തന്നെ വരാറില്ല.”
അടവി ചിരിക്കുക മാത്രം ചെയ്തു. ഇപ്പോളവൾക്ക് അൽപംകൂടി ധൈര്യം തോന്നി. െക്ലമന്റിനെ ഒളികണ്ണിട്ടു നോക്കി. ഗ്രാമത്തിൽ എന്തോ പ്രശ്നം ഉണ്ടെന്ന മട്ടിൽ അന്തിച്ചുനിൽക്കുകയായിരുന്നു അവൻ.
“എപ്പോഴാണ് നിങ്ങൾ മടങ്ങുന്നത്. ഇന്നിനി എന്തായാലും വനത്തിനുള്ളിലേക്ക് പോയാൽ മടങ്ങിവരവ് ബുദ്ധിമുട്ടാണ്. ഞങ്ങൾ പറയുന്നപോലെ ഒരു വെളുത്ത പൂവിനെപ്പോലും കാണാൻ പറ്റാത്ത ഇരുട്ടാണ്.’’
‘പിച്ച് ബ്ലാക്ക്’ എന്നെവിടെയോ കേട്ടപോലെ തോന്നി അവൾക്ക്.
“അപ്പോൾ ഞങ്ങൾ എന്തുചെയ്യും...’’
“ഇന്നിവിടെ തങ്ങാം. നാളെ കാട്ടിലേക്ക് പോകാം.’’ പൈവ പറഞ്ഞു.
ക്ലെമന്റിനോട് ഇതു പറഞ്ഞു സമ്മതിപ്പിക്കുക അത്ര എളുപ്പമല്ല. ഇപ്പോഴേ ആകെ ആസ്വസ്ഥനാണ്. പതിയെ അവനോട് കാര്യം അവതരിപ്പിച്ചു. പക്ഷേ, എതിർപ്പൊന്നും കൂടാതെ അടവിയുടെ ആഗ്രഹത്തിന് വഴങ്ങുകയാണ് അവൻ ചെയ്തത്.

അന്നേ ദിവസം വൈകുന്നേരം പൈവ അവരെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി. ഒരു ചിത്രശാല. ചരിത്രത്തെ നിങ്ങൾക്ക് മുറിയിലടക്കാൻ കഴിയുമോ, എന്നാൽ അതായിരുന്നു ചിത്രശാല. മനുഷ്യൻ കോറിയിട്ടത് മുതൽ കാമറ ഒപ്പിയെടുത്തതു വരെയുള്ള ചിത്രങ്ങൾ. അവയിൽ പലതിനും അച്ഛന്റെ കൈയിലുള്ള സ്കെച്ചുമായി സാമ്യമുണ്ടെന്നു തോന്നി അടവിക്ക്.
“ഇതെന്താണെന്ന് മനസ്സിലായോ?’’
ചിത്രങ്ങൾ നോക്കിനിൽക്കുന്ന അടവിയോട് പൈവ ചോദിച്ചു. ശേഷം െക്ലമന്റിന്റെ മുഖത്തേക്ക് നോക്കി.
“ഇല്ല.’’ ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും എന്താണ് പഠിക്കുന്നത്?’’
“ഞാൻ സിവിൽ, ഇവൻ മെക്കാനിക്കൽ.’’
പൈവ കൂടുതൽ വ്യക്തത വേണമെന്നപോലെ നോക്കി.
“എൻജിനീയറിങ്.”
“ഉം. ഞാൻ കരുതി ചരിത്രമോ പത്രപ്രവർത്തനമോ ആയിരിക്കുമെന്ന്.’’
ഒരു നിമിഷം പൈവ ഒന്നും പറഞ്ഞില്ല.
“നോക്ക്, ഇതു നമ്മുടെ ഗ്രാമത്തിന്റെ ചരിത്രമാണ്. ഈ കാടും കുന്നും ഗ്രാമവും എല്ലാം തെളിച്ച് ഇവിടെ വലിയ ഒരു കമ്പനിയും ടൗൺഷിപ്പും പണിയാൻ വന്നിരുന്നു. വന്നതാകട്ടെ ഒരു കുപ്രസിദ്ധ കമ്പനിയും. ഇനി നിങ്ങൾ ആ ചിത്രങ്ങൾ ഇടത്തുനിന്നും കണ്ടു നോക്കൂ.’’ പൈവ പറഞ്ഞു.
അടവി ഒരു വട്ടംകൂടി ആ കാഴ്ച കണ്ടു. 15 വർഷം മുമ്പത്തെ പത്ര കട്ടിങ്ങുകളിൽ എത്തിനിൽക്കുമ്പോൾ തന്റെ വീട്ടിൽ കണ്ട ചിത്രങ്ങളും സ്കെച്ചുകളും യാദൃച്ഛികമല്ലെന്ന് തോന്നി. ബാല്യകാല സ്‌മൃതിയുടെ തടങ്ങളിൽ എത്തിനിൽക്കുംപോലെ തോന്നി അവൾക്ക്.
ഏറ്റവും ഒടുവിൽ പൈവയുടെ ചിത്രത്തിൽ നോക്കി നിൽക്കുമ്പോൾ ക്ലെമന്റ് അതിലേക്ക് വിരൽ ചൂണ്ടി.
“ഇതിനു ശേഷം...” അവൻ ചോദിച്ചു.
“ഇതിനു ശേഷമുള്ളതാണ് നിങ്ങൾ ഈ കാണുന്ന ഗ്രാമം. അന്നിവിടെ ടൗൺഷിപ്പ് തീർക്കാൻ പോയപ്പോൾ പറഞ്ഞത് ഞങ്ങൾക്ക് ആർക്കും പട്ടയമില്ല എന്നാണ്. ഇപ്പോഴും ഇല്ല. ഇവിടെയാർക്കും ഇന്നും സർക്കാർ രേഖകൾ ഇല്ല.’’
അവർക്കതു വിചിത്രമായി തോന്നി.
“രേഖകൾ മാത്രമല്ല. ഒരു സർക്കാർ സഹായവും ഇല്ല. ഞങ്ങൾ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതുപോലും നിങ്ങൾ ആ കണ്ട പള്ളിക്കൂടത്തിലാണ്.’’
“ഇയാളെവിടെയാണ്?” അടവി ചോദിച്ചു.
“ആര്?’’
“അണ്ണലാർ.”
അപ്പോളാണ് അടവി ഒരു കാര്യം ശ്രദ്ധിച്ചത്. പത്രക്കട്ടിങ്ങുകളിൽ കാണുന്നതിൽ, ആ ഗ്രാമത്തിൽനിന്നും പൈവ മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം തലക്കെട്ടുകളിൽ ഇടംപിടിക്കുന്ന പേരുകൾ മാത്രം. അണ്ണലാർ, ആനന്ദമിത്രൻ, കമാൽ സാബ്, രേമാലി.
“ഇവരെയൊക്കെ കാണാൻ പറ്റുമോ?’’
അതു ശ്രദ്ധിക്കാത്തപോലെ പൈവ ചിത്രശാല പൂട്ടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. രാത്രി കുട്ടികളുമായി കൂടിയിരുന്നു സംസാരിക്കാൻ അവരെ ക്ഷണിച്ചു.
വലിയ കെട്ടിടങ്ങൾ നിർമിക്കുന്ന എൻജിനീയർ ആണെന്ന് പറഞ്ഞാണ് ഇരുവരെയും പരിചയപ്പെടുത്തിയത്. തേവു അപ്പോഴേക്കും െക്ലമന്റിന്റെ ബൈക്കിനടുത്തായിരുന്നു.
“അക്കാ. നോക്ക് ഇതുപോലൊന്ന് മേടിക്ക്. അക്കയെ ഞാൻ എല്ലാടത്തും കൊണ്ടുപോകാം.’’
തേവു അതു പറയുമ്പോൾ പൈവ ചിരിക്കുന്നുണ്ടായിരുന്നു. അന്നു രാത്രി ഇരുവരും പൈവയുടെ വീട്ടിൽ അന്തിയുറങ്ങി. രാവിലെ തന്നെ കുന്നിൻമുകളിലേക്ക് പോകാൻ തയാറെടുത്തു.
“എത്ര നേരമുണ്ടാകും നടക്കാൻ?” അടവി ചോദിച്ചു.
“എത്രവേണോ നടക്കാം. മടുക്കും വരെ’’, പൈവ പറഞ്ഞു.
“മതിയാകാതെ ഇരിക്കട്ടെ.’’ അടവി ചിരിച്ചു പറഞ്ഞു.
“അക്കാ ഞങ്ങളുടെ ബൈക്ക്...’’ ക്ലെമന്റ് പറഞ്ഞു. സമാധാനമായിരിക്കാൻ അവർ ആംഗ്യം കാട്ടി.
തലേന്ന് കണ്ട പേരുകൾ ഓരോന്നായി അടവി ഉരുവിട്ടു.
“ആരെയെങ്കിലും കണ്ടാൽ ഞങ്ങൾ അക്കയുെട പേര് പറയും.’’
അതും പറഞ്ഞ് ആ കുന്നിലേക്ക് കയറാൻ തുടങ്ങി.
“നീ സിവിൽ എൻജിനീയർ അല്ലേ. നിന്നെ കാത്ത് ഒരു വിസ്മയം ഈ കാടിനുള്ളിലുണ്ട്. പറ്റിയാൽ കണ്ടുപിടിക്ക്.’’ പൈവ ഏറ്റവും ഒടുവിലായി പറഞ്ഞത് അതാണ്.
പുറത്തുനിന്നുള്ള സ്പർശം കാടിനെ ഒന്നുണർത്തി. എത്രയോ കാലത്തിനു ശേഷമാകും പ്രണയത്തിന്റെ ഗന്ധവുംകൊണ്ട് ആരെങ്കിലും വരുന്നത്. പോലീസ് ജീപ്പുകളുടെ ഇന്ധനം കത്തുന്ന മണം. അതുമല്ലെങ്കിൽ വെടിമരുന്നിന്റെ മണം. കൊല്ലങ്ങളായി ഇതെല്ലാമാണ് കാടു കയറി വരിക.

ഒരു പത്തോ പതിനഞ്ചോ മിനിറ്റ് നടന്നതേ ഉണ്ടാകൂ. അപ്പോഴേക്കും നിശ്ശബ്ദത പരിസരത്തു നിറഞ്ഞു. കാടിനെ കൗതുകത്തോടെ കാണുകയായിരുന്നു അടവി. എല്ലായിടത്തും പച്ചപ്പും കരിയിലത്തറകളും മാത്രം. ഒരിക്കലുമവൾക്ക് മടുത്തില്ല. ശാന്തമായി ഉറങ്ങിയ രാത്രികളെ അനുസ്മരിച്ചു. പൂർവ സ്‌മൃതികളുടെ അവസാന ഭാരവും അവളിൽനിന്നഴിഞ്ഞു. ആദ്യത്തെ പരിഭ്രമമൊഴിച്ചാൽ ക്ലെമന്റും ശാന്തനായി. ചേർന്നും ചുംബിച്ചും അവർ നടന്നു. ഇടക്കൊരു വിശ്രമവേളയിൽ രതിയിലേർപ്പെട്ടു.
ആ കാടിനുള്ളിൽ എവിടെയോ ഒരു സംഘം മനുഷ്യർ പ്രത്യക്ഷപ്പെടാനുള്ള സാധ്യതതന്നെ അവർ മറന്നു. ഏറെനേരം യാത്ര ചെയ്തിട്ടുണ്ടാകണം. അൽപം നിരന്ന സ്ഥലത്തേക്ക് അവരെത്തി. അവിടെയൊരു പടുകൂറ്റൻ തടാകം. ഇരുവരും അതിലേക്കിറങ്ങി. ഉറയുന്ന തണുപ്പിൽ അവൾക്ക് തലേന്നത്തെ മുറിവുകൾ നീറി.
“ക്ലെമന്റ്, ഇനി നമുക്ക് മടങ്ങിപ്പോകേണ്ടതില്ല.’’
വെള്ളത്തിൽ അവനെ പുണർന്നു നിന്നുകൊണ്ട് അവൾ പറഞ്ഞു. അവനത് സമ്മതിക്കുന്നപോലെ അവളെ ചേർത്തുപിടിച്ചു. അതിനുശേഷമുള്ള ഉണർച്ചയിലാണ് അവളത് കണ്ടത്, തങ്ങൾ ഇറങ്ങിനിൽക്കുന്ന തടാകം അവിടെ ഉണ്ടായിരുന്നതല്ല. ആരോ നിർമിച്ചതാണ്, അതിനുചുറ്റും പാകിയ കല്ലുകൾ കണ്ടാൽ തന്നെ മനസ്സിലാകും. അവളത് ക്ലെമന്റിനോട് പറഞ്ഞു. മനുഷ്യസാന്നിധ്യം ചുറ്റിലും എവിടെയോ ഉണ്ടെന്നറിഞ്ഞ കമിതാക്കൾ വസ്ത്രങ്ങൾ ധരിച്ച് പിന്നെയും നടക്കാൻ തുടങ്ങി. ഉറവപൊട്ടി ഒഴുകുന്ന ഒരു ജലപാതയുടെ അരികുപിടിച്ച്.
ക്ലെമന്റിന്റെയും അടവിയുടെയും മടങ്ങിവരവ് കാത്തപോലെ, അവർ പോയ ദിശയിലേക്ക് ഹെഡ്‌ലൈറ്റ് തിരിച്ചുകൊണ്ട് ആ ബൈക്ക് ഗ്രാമത്തിൽ തന്നെ ഇരുന്നു.
“കാണാതായ കുട്ടികൾ ആരാണെന്ന് അറിയാമല്ലോ?’’
കുട്ടികളെ അന്വേഷിച്ചു വന്ന പോലീസ് ഓഫീസർ പൈവയോട് പറഞ്ഞു.
“അവർ വിദ്യാർഥികൾ ആണെന്ന് മാത്രമേ എനിക്കറിയൂ.”
“ഇതിന്റെ തുടർച്ചയായി വീണ്ടും ഗ്രാമത്തിലേക്ക് പോലീസും പട്ടാളവും ഒക്കെ എത്തും. എന്നാലേ നിങ്ങൾ പഠിക്കൂ.”
“നിങ്ങൾ എത്ര ഭയപ്പെടുത്തിയിട്ടും കാര്യമില്ല. ആ കുട്ടികൾ കുന്നിൻമുകളിലേക്ക് പോകുന്നത് ഞാൻ കണ്ടതാണ്. അതുവരെയെ ഞാൻ അവരെ കണ്ടുള്ളൂ.”
“നിങ്ങളുടെ കൂടെയുള്ളവർ ഉണ്ടല്ലോ. കാട്ടിനുള്ളിൽ അവരാരും കണ്ടില്ലേ.”
“അത് നിങ്ങൾ അവരോട് തന്നെ ചോദിക്കേണ്ടി വരും.”
“അങ്ങനെ ചോദിക്കാൻ വരേണ്ടിവരും എന്നാണ് പറഞ്ഞത്.”
ആ ഭയപ്പെടുത്തലിലും പൈവ കുലുങ്ങാതെ നിന്നു. െക്ലമന്റിനും അടവിക്കും അതൊരു പ്രണയയാത്രയായിരുന്നു. അവർ പിന്നെയും കാതവും കാലവും താണ്ടി. പ്രണയഗന്ധത്താൽ ആ വനം പൂവിട്ടു. ആ പ്രണയികളുടെ കുസൃതി നാട് മറന്ന ഒരു സംഭവത്തെക്കുറിച്ചുകൂടി എല്ലാവരെയും ഓർമിപ്പിച്ചു. അണ്ണലാരും അനുയായികളും ആ കാടിനുള്ളിൽ എവിടെയോ ഉണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമായി. കൊല്ലങ്ങളുടെ ഇടവേളകൾക്കിടയിൽ പൂക്കുകയും തളിർക്കുകയും ചെയ്യുന്ന ചെടികളെപ്പോലെ അണ്ണലാരുടെ കഥകളാൽ വീണ്ടും അന്തരീക്ഷം മുഖരിതമായി.