കാറ്റ് ചെന്നു കളേബരം തഴുകി കാർത്തികപ്പൂക്കളുറങ്ങി

രവികുമാർ എന്ന നടൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉല്ലാസയാത്ര’. നിർമാണക്കമ്പനിയുടെ പേര് രവികുമാർ ഫിലിംസ്. മലയാളത്തിലെ ആദ്യകാല സിനിമകളിൽ ഒന്നായ ‘ചന്ദ്രിക’ (1950) നിർമിച്ചതും തിരുവനന്തപുരത്ത് ശ്രീകൃഷ്ണ സ്റ്റുഡിയോ സ്ഥാപിച്ചതും സത്യൻ നാടാരെയും ചിറയിൻകീഴ് അബ്ദുൽ ഖാദറിനെയും നായകന്മാരാക്കി ‘ത്യാഗസീമ’ എന്ന അപൂർണ ചിത്രം നിർമിച്ചതും രവികുമാറിന്റെ പിതാവായ കെ.എം.കെ. മേനോൻ ആണ് –പാട്ടിന്റെ ചരിത്രമെഴുത്ത് തുടരുന്നു. ‘അവളുടെ രാവുകൾ’, ‘അഭിനിവേശം’ തുടങ്ങിയ ഐ.വി. ശശി ചിത്രങ്ങളിലൂടെ പിൽക്കാലത്ത് പ്രശസ്‌തി നേടിയ രവികുമാർ എന്ന നടൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉല്ലാസയാത്ര’. നിർമാണക്കമ്പനിയുടെ പേര്...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
രവികുമാർ എന്ന നടൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉല്ലാസയാത്ര’. നിർമാണക്കമ്പനിയുടെ പേര് രവികുമാർ ഫിലിംസ്. മലയാളത്തിലെ ആദ്യകാല സിനിമകളിൽ ഒന്നായ ‘ചന്ദ്രിക’ (1950) നിർമിച്ചതും തിരുവനന്തപുരത്ത് ശ്രീകൃഷ്ണ സ്റ്റുഡിയോ സ്ഥാപിച്ചതും സത്യൻ നാടാരെയും ചിറയിൻകീഴ് അബ്ദുൽ ഖാദറിനെയും നായകന്മാരാക്കി ‘ത്യാഗസീമ’ എന്ന അപൂർണ ചിത്രം നിർമിച്ചതും രവികുമാറിന്റെ പിതാവായ കെ.എം.കെ. മേനോൻ ആണ് –പാട്ടിന്റെ ചരിത്രമെഴുത്ത് തുടരുന്നു.
‘അവളുടെ രാവുകൾ’, ‘അഭിനിവേശം’ തുടങ്ങിയ ഐ.വി. ശശി ചിത്രങ്ങളിലൂടെ പിൽക്കാലത്ത് പ്രശസ്‌തി നേടിയ രവികുമാർ എന്ന നടൻ സ്വന്തമായി നിർമിച്ച സിനിമയാണ് ‘ഉല്ലാസയാത്ര’. നിർമാണക്കമ്പനിയുടെ പേര് രവികുമാർ ഫിലിംസ്. മലയാളത്തിലെ ആദ്യകാല സിനിമകളിൽ ഒന്നായ ‘ചന്ദ്രിക’ (1950) നിർമിച്ചതും തിരുവനന്തപുരത്ത് ശ്രീകൃഷ്ണ സ്റ്റുഡിയോ സ്ഥാപിച്ചതും സത്യൻ നാടാരെയും ചിറയിൻകീഴ് അബ്ദുൽ ഖാദറിനെയും നായകന്മാരാക്കി ‘ത്യാഗസീമ’ എന്ന അപൂർണ ചിത്രം നിർമിച്ചതും രവികുമാറിന്റെ പിതാവായ കെ.എം.കെ. മേനോൻ ആണ്.
ഈ വസ്തുത നേരത്തേതന്നെ സൂചിപ്പിച്ചിട്ടുണ്ട്. രവികുമാറിന്റെ അമ്മയായ ഭാരതി മേനോൻ നിർമിച്ച സിനിമയാണ് ‘ദിവ്യദർശനം’ (1973). എ.ബി. രാജ് ആണ് ‘ഉല്ലാസയാത്ര’ സംവിധാനംചെയ്തത്. ജയൻ, സുകുമാരൻ, എം.ജി. സോമൻ, രവികുമാർ, ഷീല, ലക്ഷ്മി, അടൂർ ഭാസി, ബഹദൂർ, സുകുമാരി, കെ.പി.എ.സി. ലളിത, റാണിചന്ദ്ര, എസ്.പി. പിള്ള, പ്രമീള തുടങ്ങി ഒരു വൻ താരനിര ചിത്രത്തിലുണ്ടായിരുന്നു. ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും എഴുതി. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ഈണം പകർന്നു.
‘‘മഞ്ജൂ...ഓ...മഞ്ജൂ/ ഗാനമായ് ഒഴുകിവരൂ.../ ജീവരാഗമായ് ഒഴുകിവരൂ/ രാജമല്ലികൾ പൂ ചൊരിയുന്നു/ രാഗപൗർണമീ വിടരൂ വിടരൂ...’’ എന്നു തുടങ്ങുന്ന ഗാനം തുടരുന്നതിങ്ങനെ: ‘‘മധുരതരംഗങ്ങൾ നവഭാവമേകി/ അരുവികൾ നിനക്കായ് പാടി.../ പുളക മനോഹര മലർ മഞ്ജരികൾ/ പൂവനം നിനക്കായ് ചൂടി.../എവിടെ...നീയെവിടെ...?’’
ഈ ഗാനം ആലപിച്ചത് യേശുദാസ്. ഇത് ശോകഭാവത്തിലും യേശുദാസ് പാടിയിട്ടുണ്ട്. ‘‘നൃത്തശാല തുറന്നു...’’ എന്നു തുടങ്ങുന്ന ഗാനം യേശുദാസും പി. സുശീലയും ചേർന്നാണ് പാടിയത്.
‘‘നൃത്തശാല തുറന്നു -പഞ്ചമീ/ രത്നമണ്ഡപമുണർന്നു/ ചിത്രപുഷ്പങ്ങൾ തൂവുന്ന സൗരഭം/ അപ്സരസ്സേ നീ വാരിയണിഞ്ഞു...’’ ആദ്യചരണം ഇങ്ങനെ: ‘‘സ്വപ്നമംഗല്യനിദ്രയിലെന്നെ/ തൊട്ടുണർത്തുന്ന രോമാഞ്ചമേ/ എന്റെ സങ്കൽപ മാലതീ ലതകളിൽ/ നിന്റെയോർമ തൻ നവമാലിക.../ മാലിക... മാലിക..’’.
യേശുദാസും സംഘവും പാടിയ ‘‘ക്രിസ്തുമസ് പുഷ്പം വിടർന്നു’’ എന്ന ഗാനവും ഈ സിനിമയിലുള്ളതാണ്.
‘‘ക്രിസ്തുമസ് പുഷ്പം വിടർന്നു -ഒരു/ സ്വപ്നം കൂടിയുണർന്നു/ പുലർകാലവന്ദനം/ പുതിയ കിനാവേ വാ.../ ഹാപ്പി ന്യൂ ഈയർ -വെരി ഹാപ്പി ന്യൂ ഇയർ’’ എന്നു പല്ലവി. പാട്ടു തുടരുന്നതിങ്ങനെ: ‘‘പ്രേമസുരഭില യുവഹൃദയം നവ/ മോഹമഞ്ജരിയണിയട്ടെ/ ഗാനഗംഗകൾ -ഒഴുകട്ടെ -അനു/രാഗമുകുളങ്ങൾ വിരിയട്ടെ...’’
എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ ഇത് ആഹ്ലാദത്തിന്റെ പാട്ടായി മാറി. യേശുദാസും എൽ.ആർ. ഈശ്വരിയും സംഘവും പാടിയ ഗാനം ഇങ്ങനെ തുടങ്ങുന്നു:
‘‘ചിരിച്ചാൽ പുതിയൊരു ചിലമ്പൊലി/ ചിന്തയിലേതോ ശംഖൊലി/ മനസ്സിലീ മണിനാദമുയർത്തും/ മന്ത്രവാദിയാര്.../ രാഗം അനുരാഗം...’’ പാട്ട് ഇങ്ങനെ തുടരുന്നു: ‘‘തൊട്ടാൽ മെയ്യിൽ മൊട്ടിട്ടുണരും രോമാഞ്ചം/ മുട്ടിയുരുമ്മും നേരം നെഞ്ചൊരു പൂമഞ്ചം/ ഈ മലരിൻ പേരെന്ത്/ ഈ കുളിരിൻ പൊരുളെന്ത്/ നാളുകൾ പോയാലറിയും -നവ/ രാത്രികൾ ആ കഥ പറയും...’’ എൽ.ആർ. ഈശ്വരിയും സംഘവും പാടുന്ന ഗാനമിതാണ്.
‘‘രംഭയെ തേടിവന്ന രാവണനോ -ആഹാ/ പാഞ്ചാലിയെ തേടിവന്ന കീചകനോ/ ആയിരം മിഴികളുള്ള ദേവേന്ദ്രനോ/ അക്കരയ്ക്കു പോകാൻ വന്ന മാമുനിയോ.../ ആരു നീ, അഭിനവകാസനോവയോ..?’’
യേശുദാസും വാണിജയറാമും പാടിയ ഒരു യുഗ്മഗാനവും ഈ സിനിമയിലുണ്ട്. ‘‘അനുരാഗമെന്നാലൊരു പാരിജാതം...’’ എന്നു തുടങ്ങുന്നു ഈ ഗാനം.
‘‘അനുരാഗമെന്നാലൊരു പാരിജാതം/ ആയിരമിതളുള്ള പാരിജാതം/ അടുക്കുമ്പോഴുമേറും/ അകലുമ്പോഴുമേറും/ ആ സുഗന്ധം പൂക്കും ലോകം സ്വർഗലോകം.’’
1975 മേയ് 23ന് തിയറ്ററുകളിൽ എത്തിയ ‘ഉല്ലാസയാത്ര’ എന്ന ചിത്രത്തിന് സാമ്പത്തികവിജയം നേടാൻ കഴിഞ്ഞില്ല. രവികുമാർ പിന്നീട് സിനിമ നിർമിച്ചതുമില്ല. അദ്ദേഹം അഭിനയത്തിൽ ശ്രദ്ധ ചെലുത്തുകയും ധാരാളം സിനിമകളിൽ നായകനായും ഉപനായകനായും അഭിനയിക്കുകയുംചെയ്തു.
ക്രോസ്സ്‌ബെൽറ്റ് മണി സംവിധാനം ചെയ്‍ത ‘പെൺപട’ എന്ന സിനിമ യുനൈറ്റഡ് മൂവീസിന്റെ പേരിൽ സി.പി. ശ്രീധരൻ, പി. അപ്പു നായർ, കെ.വി. നായർ എന്നിവർ ചേർന്നാണ് നിർമിച്ചത്. എം.കെ. നാഥൻ എഴുതിയ കഥക്ക് ജഗതി എൻ.കെ. ആചാരി തിരക്കഥയും സംഭാഷണവും രചിച്ചു. വിൻെസന്റ്, സുധീർ, കെ.പി. ഉമ്മർ, ജനാർദനൻ, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, എൻ. ഗോവിന്ദൻകുട്ടി, രാജകോകില, വിജയലളിത, റീന, മല്ലിക, ശ്രീലത, ആലുമ്മൂടൻ, നെല്ലിക്കോട് ഭാസ്കരൻ, കെ.പി.എ.സി. സണ്ണി, ടി.പി. മാധവൻ തുടങ്ങിയവർ അഭിനയിച്ചു. ആർ.കെ. ശേഖർ സംഗീതസംവിധായകനായ ചിത്രത്തിൽ വയലാറും ഭരണിക്കാവ് ശിവകുമാറും എഴുതിയ പാട്ടുകൾ ഇടംപിടിച്ചിരുന്നു. വയലാർ രചിച്ച ‘‘മാനം പളുങ്കു പെയ്തു...’’ എന്നാരംഭിക്കുന്ന ഗാനം യേശുദാസ് പാടി.
‘‘മാനം പളുങ്കു പെയ്തു -അവ നിൻ/നാണപ്പൂമൊട്ടിൻമേൽ വീണുടഞ്ഞു/ഞാനതിൽ ഒന്നായിരുന്നെങ്കിലോ -ഒരു/മാണിക്യമായേനെ -നീയത്/ മാറിൽ പതിച്ചേനെ...’’ ഈ പാട്ടിലെ ചരണങ്ങളും കാവ്യഭംഗി നിറഞ്ഞവയാണ്. വയലാർ എഴുതിയ രണ്ടാമത്തെ ഗാനവും യേശുദാസാണ് പാടിയത്. ‘‘തേൻചോലക്കിളി പൂഞ്ചോലക്കിളി/ തിങ്കൾക്കലയുടെ വീടേത്/ തെന്മലയോ പൊന്മലയോ/ തീരം കാണാത്ത പാൽപ്പുഴയോ...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.

എം.എസ്. വിശ്വനാഥൻ,ഭരണിക്കാവ് ശിവകുമാർ
ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘‘വെള്ളിത്തേൻകിണ്ണം’’ എന്നു തുടങ്ങുന്ന ഗാനം പി. ജയചന്ദ്രനാണ് പാടിയത്. വരികൾ ഇങ്ങനെ തുടങ്ങുന്നു: ‘‘വെള്ളിത്തേൻ കിണ്ണം പോൽ/ വെണ്ണക്കൽ ശിൽപം പോൽ/ തുള്ളിയരികത്തു വന്ന പെണ്ണേ/ ശൃംഗാരം മാറത്ത് ശ്രീവൽസം ചാർത്തിയ/ ശ്രീകലയാം പഞ്ചമി നിലാവേ...’’ എന്നു തുടങ്ങുന്നു.
ഭരണിക്കാവ് ശ്രീകുമാർ എഴുതിയ ഹാസ്യഗാനം ബ്രഹ്മാനന്ദനും മനോഹരനും ചേർന്നു പാടി. ‘‘സരിഗമപധനിസ/നിധപമഗരിസനി/ താനം താനം... ആ/ഡേയ് തമ്പി/ നോക്ക് തെരിയുമോടാ/ ഇന്നലെ മനയ്ക്കലെ/ ആരോമലുണ്ണി തൻ/ ഒന്നാം പിറന്നാൾ സദ്യയുണ്ടു/ നോക്ക് തെരിയുമോടാ/ പായസമേഴ് പ്രഥമൻ നാല്/ പക്കാവട ഒരു നാഴി/ പരിപ്പു പപ്പടം ശർക്കരവരട്ടി/ പഴവും മേമ്പൊടി...’’
1975 മേയ് 30ന് റിലീസ് ചെയ്‍ത ‘പെൺപട’ എന്ന സിനിമയിൽ നടികളും സംഘട്ടനരംഗങ്ങളിൽ പങ്കെടുത്തിരുന്നു. ചിത്രം ഭേദപ്പെട്ട സാമ്പത്തികവിജയം നേടി. 1960കളുടെ തുടക്കത്തിൽ ‘കല്യാണപ്പരിശ്’ (കല്യാണസമ്മാനം) എന്ന സിനിമയിലൂടെ സി.വി. ശ്രീധർ എന്ന സംവിധായകൻ തമിഴ് സിനിമയിൽ ഒരു പുതിയ ചലനം സൃഷ്ടിച്ചു. തുടർന്ന് ‘മീണ്ടസ്വർഗം’, ‘നെഞ്ചിൽ ഒരാലയം’ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ ഒന്നാംകിട സംവിധായകനായി വളർന്നു. ‘കല്യാണപ്പരിശ്’ എന്ന സിനിമയുടെ കഥയെ അടിസ്ഥാനമാക്കി മലയാളത്തിൽ രൂപംകൊണ്ട സിനിമയാണ് ‘സമ്മാനം’. സി.വി. ശ്രീധറിന്റെ കഥക്ക് മലയാളത്തിൽ സംഭാഷണമെഴുതിയത് തോപ്പിൽ ഭാസിയാണ്. വയലാറിന്റെ ഗാനങ്ങൾക്ക് വി. ദക്ഷിണാമൂർത്തി സംഗീതം നൽകി. പ്രേംനസീർ, മധു, ജയഭാരതി, സുജാത, തിക്കുറിശ്ശി, അടൂർ ഭാസി, ശങ്കരാടി, ബഹദൂർ തുടങ്ങിയവർ അഭിനയിച്ചു.
വാണിജയറാം പാടിയ ‘‘കാറ്റു ചെന്നു കളേബരം തഴുകി’’ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്.
‘‘കാറ്റു ചെന്നു കളേബരം തഴുകി/ കാർത്തികപ്പൂക്കളുറങ്ങി -മൂകമെൻ/ പാട്ടു ചെന്നു മനസ്സു തലോടി/ പ്രേമഗൗതമനുറങ്ങി.’’
വയലാറിന്റെ അതിമനോഹരമായ രചനയാണിത്. ആദ്യ ചരണത്തിലെ വരികൾ അതീവ മനോഹരം.
‘‘നിശ്ശബ്ദതപോലും നെടുവീർപ്പടക്കുമാ/ നിദ്രതൻ ദിവ്യമാം മണ്ഡപത്തിൽ/ എന്റെ ഹൃദയത്തുടിപ്പുകൾ മാത്ര-/ മിന്നെന്തിനു വാചാലമായി/ എങ്ങിനെയെങ്ങിനെയൊതുക്കും ഞാൻ/ എന്നിലെ മദംപൊട്ടും അഭിനിവേശം?’’
വാണിജയറാം തന്നെ പാടിയ ‘‘എന്റെ കയ്യിൽ പൂത്തിരി...’’ എന്ന ഗാനവും മികച്ചതായിരുന്നു. ‘‘എന്റെ കയ്യിൽ പൂത്തിരി/ നിന്റെ കയ്യിൽ പൂത്തിരി/ എങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി/ പുലരിക്ക് പൊൻപണം കൈനീട്ടം-/ ഈ പുഞ്ചിരിക്ക് പുഞ്ചിരി കൈനീട്ടം.’’

യേശുദാസ് പാടിയ ‘‘ചങ്ങമ്പുഴക്കവിത പോലെ...’’ എന്ന ഗാനത്തിന് അർഹിക്കുന്ന പ്രശസ്തി ലഭിച്ചില്ല. ‘‘ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ്/ സങ്കൽപ ചില്ലുമാളിക തുറന്നവളേ/ ഏതു കലാമണ്ഡലത്തിൽ പഠിച്ചു നീ -നിന്റെ/ ഏഴഴകുള്ളൊരീ തിരനോട്ടം.../തിരനോട്ടം... തിരനോട്ടം..?’’
യേശുദാസ് തന്നെ പാടിയ ‘‘കരയൂ കരയൂ ഹൃദയമേ...’’ എന്നു തുടങ്ങുന്ന ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കരയൂ കരയൂ ഹൃദയമേ.../ പൊട്ടിക്കരയൂ ഭഗ്നഹൃദയമേ.../ തപ്ത ബാഷ്പ തടാകക്കരയിൽ/ തപോവനം തീർക്കൂ -ഏകാന്ത/ തപോവനം തീർക്കൂ.’’
പി. ജയചന്ദ്രനും ജയശ്രീയും ആലപിച്ച ഗാനമിങ്ങനെ തുടങ്ങുന്നു: ‘‘കണ്ണിനു കറുപ്പ് കൂടി/ കവിളിനു ചുവപ്പു കൂടി/ ചെഞ്ചൊടിത്തളിരിനു മദം കൂട്ടും നിൻ/ പുഞ്ചിരിക്കഴകു കൂടി/ പൂവമ്പിനിതളു കൂടി...’’‘‘എന്റെ കയ്യിൽ പൂത്തിരി’’ എന്നു തുടങ്ങുന്ന ഗാനവും ‘‘കാറ്റു ചെന്നു കളേബരം തഴുകി...’’ എന്നു തുടങ്ങുന്ന ഗാനവും ഹിറ്റുകളായി. എവർഷൈൻ പ്രൊഡക്ഷൻസിനുവേണ്ടി എസ്.എസ്. തിരുപ്പതി ചെട്ടിയാർ നിർമിച്ച ‘സമ്മാനം’ എന്ന സിനിമയും 1975 മേയ് 30നാണ് പുറത്തുവന്നത്. ശശികുമാർ സംവിധാനംചെയ്‍ത ഈ ചിത്രം സാമ്പത്തികവിജയം നേടി.
അനുപമ ഫിലിംസിനുവേണ്ടി പി. വേണു നിർമിച്ച് സംവിധാനവും നിർവഹിച്ച ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിന് പി. വേണുവിന്റെ ഭാര്യയായ ശശികല കഥയെഴുതി. തിരക്കഥയും സംഭാഷണവും പി. വേണു തന്നെയെഴുതി. സുധീർ, വിൻെസന്റ്, കെ.പി. ഉമ്മർ, വിധുബാല, റാണിചന്ദ്ര, കെ.പി. ഉമ്മർ, അടൂർ ഭാസി, എസ്.പി. പിള്ള, കുതിരവട്ടം പപ്പു, പട്ടം സദൻ, സാധന, മല്ലിക, റീന, സ്വപ്ന, ശ്രീലത തുടങ്ങിയവരാണ് അഭിനയിച്ചത്. ചിത്രത്തിലെ നാല് ഗാനങ്ങളിൽ മൂന്നെണ്ണം ശ്രീകുമാരൻ തമ്പിയും ഒരു ഗാനം സംവിധായകൻ വേണുവും എഴുതി. ജാതരൂപിണീ നീ വളർന്നു, മാരീ പൂമാരി, ഓ മൈ ഗേൾഫ്രണ്ട്... എന്നിങ്ങനെ തുടങ്ങുന്ന ഗാനങ്ങളാണ് ശ്രീകുമാരൻ തമ്പിയുടേത്. ‘‘അനുരാഗത്തിൻ...’’ എന്ന് തുടങ്ങുന്ന വേണുവിന്റെ രചന ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. യേശുദാസും മാധുരിയും ഈ ഗാനം പാടിയിരിക്കുന്നു.
‘‘ജാതരൂപിണീ നീ വളർന്നു/ അനുരാഗജാലകം മിഴിതുറന്നു/ പതിനേഴു വർഷങ്ങൾ, പാരിജാതങ്ങൾ നിൻ/ പാദങ്ങൾ പൂജിച്ചു വാടിവീണു’’ എന്ന് പല്ലവി. ശ്രീകാന്ത് ആണ് ഈ ഗാനം ആലപിച്ചത്. വരികൾ ഇങ്ങനെ തുടരുന്നു: ‘‘പതിനെട്ടാം ജന്മനക്ഷത്രം നിന്റെ/ പടിവാതിലിൽ വന്നുദിച്ചു/ ആ വാനകുസുമത്തിൻ ഗന്ധവും ദീപ്തിയും/ ആരോമലേ, ഞങ്ങൾ പങ്കിടട്ടെ.../ ഹാപ്പി ബെർത്ത്ഡേ റ്റു യു/ ഹാപ്പി ബെർത്ത്ഡേ റ്റു യു.’’ ‘‘മാരി പൂമാരി’’ എന്ന ഗാനം പി. ജയചന്ദ്രനാണ് പാടിയത്. ഇത് മഴയിൽ ചിത്രീകരിച്ച ഗാനമാണ്. ‘‘മാരി പൂമാരി/മാല പൂമാല/ മാറിൽ നിൻ മനസ്സിൽ/നിൻ ചുണ്ടിൽ നിൻ വിരലിൽ/ നിൻ കാർകൂന്തലിൽ...’’

പാട്ട് ഇങ്ങനെ തുടരുന്നു: ‘‘ശൃംഗാരസ്വപ്നത്തിൻ ചൈതന്യശിൽപമേ/ എൻ പ്രേമവാസന്ത മംഗല്യപുഷ്‌പമേ/ അണിയിക്കൂ നീയെൻ ജീവന്റെ ജീവനിൽ/ സ്വയം കോരിത്തരിക്കുമാ സൗഗന്ധികം...’’
ശ്രീകുമാരൻ തമ്പി എഴുതിയ മൂന്നാമത്തെ ഗാനം ‘‘ഓ മൈ ബോയ്‌ഫ്രണ്ട്...’’ എന്നു തുടങ്ങുന്നു. ജയചന്ദ്രനും മാധുരിയും പത്മനാഭനും ചേർന്നാണ് ഈ ഗാനം പാടിയത്.
‘‘ഓ മൈ ബോയ് ഫ്രണ്ട്/ ഓ മൈ ബോയ്ഫ്രണ്ട്/ ഒരു കൽപകത്തിൻ കഥകളെഴുതി വരൂ/ ഒരു നിമിഷത്തിൻ ലഹരിയിൽ ഒഴുകി വരൂ...’’ ആദ്യചരണം ഇങ്ങനെ: ‘‘ഉന്മാദമുണർത്തുമീ സായാഹ്നം/ ഉല്ലാസം തിളയ്ക്കുമീ സംവാദം/ ഇന്നിന്റെ ചുവരിലെഴുതും ചിത്രങ്ങൾ/ എന്നെന്നും ഓമനിക്കും രത്നങ്ങൾ/ മനസ്സിന്റെ ചെപ്പു തുറക്കൂ/ മാണിക്യപ്പൂമൊട്ടു നിറയ്‌ക്കൂ...’’
വേണു എഴുതിയ ഗാനം ‘‘അനുരാഗത്തിൻ ലഹരിയിൽ...’’ എന്നു തുടങ്ങുന്നു. യേശുദാസിന്റെ ശബ്ദത്തിലും മാധുരിയുടെ ശബ്ദത്തിലും ഈ ഗാനം വരുന്നുണ്ട്.
‘‘അനുരാഗത്തിൻ ലഹരിയിൽ ഞാൻ നിൻ/ ആരാധകനായി.../ ആ മൃദുമരന്ദ മന്ദസ്മിതത്തിൻ/ ആസ്വാദകനായി -ഞാൻ നിൻ/ ആസ്വാദകനായി’’ എന്നിങ്ങനെ തുടങ്ങുന്നു ഈ ഗാനം.
പ്രേംനസീറിനെ നായകനാക്കി തുടർച്ചയായി സി.ഐ.ഡി ചിത്രങ്ങളെടുത്തുവന്ന വേണു അദ്ദേഹത്തെ ഒഴിവാക്കി നിർമിച്ച ആദ്യ സിനിമയാണിത്. വിൻെസന്റ് ആയിരുന്നു നായകൻ. ചിത്രം സാമ്പത്തികമായി വിജയിച്ചില്ല. 1975 ജൂൺ 13നാണ് ചിത്രത്തിന്റെ പ്രദർശനം തുടങ്ങിയത്.