‘മാനിഷാദ’ മുതൽ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ വരെ

‘‘വയലാർ-ദേവരാജൻ ടീമും ശ്രീകുമാരൻ തമ്പി-അർജുനൻ ടീമും നിലനിന്നിരുന്ന അക്കാലത്തും ശ്രീകുമാരൻ തമ്പിയും ദേവരാജനും ചേർന്നും വയലാറും അർജുനനും ചേർന്നും പാട്ടുകൾ ഒരുക്കുമായിരുന്നു. അപ്പോഴും ഹിറ്റ്ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഹലോ ഡാർലിങ്ങ്’ എന്ന സിനിമ ഇതിന് ഒരു ഉദാഹരണമാണ്. ഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അർജുനൻ ആയിരുന്നു’’ –സംഗീതയാത്രകളിൽ ലേഖകനും. എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച് സംവിധാനവും നിർവഹിച്ച സിനിമയാണ് ‘മാനിഷാദ’. ഉദയാ സ്റ്റുഡിയോയിലെ സ്ഥിരം എഴുത്തുകാരനായ ശാരംഗപാണിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രേംനസീർ, ശ്രീവിദ്യ, ഉഷാകുമാരി, കെ.പി....
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘‘വയലാർ-ദേവരാജൻ ടീമും ശ്രീകുമാരൻ തമ്പി-അർജുനൻ ടീമും നിലനിന്നിരുന്ന അക്കാലത്തും ശ്രീകുമാരൻ തമ്പിയും ദേവരാജനും ചേർന്നും വയലാറും അർജുനനും ചേർന്നും പാട്ടുകൾ ഒരുക്കുമായിരുന്നു. അപ്പോഴും ഹിറ്റ്ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഹലോ ഡാർലിങ്ങ്’ എന്ന സിനിമ ഇതിന് ഒരു ഉദാഹരണമാണ്. ഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അർജുനൻ ആയിരുന്നു’’ –സംഗീതയാത്രകളിൽ ലേഖകനും.
എക്സെൽ പ്രൊഡക്ഷൻസിനുവേണ്ടി എം. കുഞ്ചാക്കോ നിർമിച്ച് സംവിധാനവും നിർവഹിച്ച സിനിമയാണ് ‘മാനിഷാദ’. ഉദയാ സ്റ്റുഡിയോയിലെ സ്ഥിരം എഴുത്തുകാരനായ ശാരംഗപാണിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. പ്രേംനസീർ, ശ്രീവിദ്യ, ഉഷാകുമാരി, കെ.പി. ഉമ്മർ, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, സുമിത്ര, ടി.ആർ. ഓമന, ശ്രീലത തുടങ്ങിയവർ അഭിനയിച്ചു. ദേവരാജന്റെ സംഗീതത്തിൽ വയലാർ രാമവർമ, അനു ഷെട്ടി സുബ്ബറാവു, കണ്ണദാസൻ എന്നീ കവികൾ പാട്ടുകൾ എഴുതി. അനു ഷെട്ടി സുബ്ബറാവു എഴുതിയ തെലുഗു ഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘ആന്ധ്രാമാതാ നീകു വന്ദനമുലമ്മാ/ അനുരാഗമാലയിദേ അന്തുകോവമ്മാ...’’ പി. സുശീലയാണ് ഈ ഗാനം പാടിയത്. കണ്ണദാസൻ എഴുതിയ രണ്ടു തമിഴ് ഗാനങ്ങൾ ചിത്രത്തിലുണ്ട്.
വാണിജയറാം പാടിയ ‘‘കല്യാണമാലയിട്ട തമിഴമ്മാ -ഉൻ/കട്ടിലറൈ ചൊന്നതെന്ന കതയമ്മാ/ പല്ലാക്കു പോലിരുക്കും ഉടലമ്മാ -ഇതു/ പട്ടതെന്ന തൊട്ടതെന്ന കതൈ അമ്മാ’’ എന്ന് തുടങ്ങുന്ന ഗാനവും പട്ടണക്കാട് പുരുഷോത്തമൻ പാടിയ ‘‘ചീർപ്പുകൾ പാതി രോമനാട്ടിന്/ അരശർകൾ പൂതിയാകവേ’’ എന്നാരംഭിക്കുന്ന പാട്ടുമാണ് കണ്ണദാസൻ എഴുതിയത്. കഥകളിയിൽനിന്നുള്ള ഒരു ഗാനശകലം ഒഴികെ ചിത്രത്തിലുള്ള മറ്റ് എല്ലാ ഗാനങ്ങളും വയലാർ എഴുതിയവയാണ്.
ചിത്രത്തിൽ ശീർഷകഗാനമായി വരുന്ന ‘‘മാനിഷാദ മാനിഷാദ/ ആദികവിയുടെ അസ്വസ്ഥതയുടെ ഗീതമിത്/ കാമുക ഹൃദയങ്ങൾ മുറിവേൽക്കുമ്പോൾ/ കാലം പാടും ഗീതം...’’ എന്ന പാട്ട് യേശുദാസാണ് പാടിയത്. യേശുദാസ് പാടിയ മറ്റ് രണ്ടു പാട്ടുകളുണ്ട്. ഒപ്പം മാധുരിയോടും സംഘത്തോടുമൊപ്പം ഒരു നൃത്തഗാനത്തിലെ ചില വരികളും പാടിയിട്ടുണ്ട്.
‘‘മണിപ്രവാള തളകൾ ഉണർന്നു/ മനസ്സിൽ കമലദളങ്ങൾ വിതിർന്നു/ കാവ്യകലയുടെ കനകാംഗുലികളിൽ/ കഥകളിമുദ്രകൾ വിടർന്നു/ ശരത്കാലമേഘം തിരശ്ശീലയായി/ ശശികല കളിവിളക്കായി...’’ ഇതാണ് യേശുദാസ് തനിച്ചു പാടിയ ഒരു ഗാനം.
രണ്ടാമത്തെ ഗാനം ‘‘വില്വമംഗലത്തിനു ദർശനം നൽകിയ’’ എന്ന് ആരംഭിക്കുന്നു. ‘‘വില്വമംഗലത്തിനു ദർശനം നൽകിയ/ വൃന്ദാവന മണിവർണാ/ നിന്റെ കടാക്ഷങ്ങൾ എന്നിൽ പതിയുവാൻ/ എന്തിത്ര താമസം കൃഷ്ണാ..?’’
മാധുരിയോടും സംഘത്തോടുമൊപ്പം ആലപിച്ച ഗാനം മാധുരിയും സംഘവുമാണ് പാടിത്തുടങ്ങുന്നത്. തുടക്കത്തിൽ അതിന് ഒരു കാബറേ ഗാനത്തിന്റെ ലക്ഷണമാണ്. ‘‘രാത്രിയിലെ നർത്തകികൾ/ രഹസ്യ കാമുകികൾ -കലയുടെ/ രഹസ്യ കാമുകികൾ/ രാകാശ ശിമുഖികൾ ഞങ്ങൾ/ രാസവിലാസിനികൾ/ വരുന്നോ കൂടെ വരുന്നോ/ അരമനയ്ക്കുള്ളിലെ/ അഭിരുചിപ്പൂവിന് മദിരോത്സവം/ ഇന്ന് മദിരോത്സവം.’’
ഇതിനെ തുടർന്നുവരുന്ന പുരുഷശബ്ദം പാടുന്ന ഈണം കഥകളിപ്പദംപോലെയാണ്. ‘‘പരഭൃതമൊഴി പറയൂ ഇതു നിൻ / പ്രണയകലഹമോ പരിഭവമോ/ കപട കടാക്ഷമുനകൊണ്ടു ഞാൻ കുറിക്കും/ കാമസന്ദേശ കാവ്യങ്ങളിൽ/ നളിനനയനേ നീയല്ലാതൊരു/ നായികയുണ്ടോ രാധേ...’’ ജയചന്ദ്രനും വസന്തവും ലതാരാജുവും പാടിയതാണ് അടുത്ത ഗാനം.
‘‘കണ്ടംബച്ചൊരു കോട്ടിട്ട മാനത്ത്
കമ്പിളിരോമത്തൊപ്പി വെച്ചമാനത്ത്
പടച്ചോന്റെ സ്വർണം കെട്ടിയ ചിരിപോലെ
പടിഞ്ഞാറ് നമ്മളിന്ന് പൊറ കണ്ടു
പെരുന്നാൾ ഉദിക്കണ പൊറ കണ്ടു.’’ മാധുരി തനിച്ചു പാടിയ ഗാനമിതാണ്.
‘‘കാലടിപ്പുഴയുടെ തീരത്തു നിന്നുവരും
കാവ്യകൈരളി ഞാൻ സിന്ധുഗംഗാ ഗോദാവരി കാവേരി
നദികൾ തന്നുടപ്പിറന്നവൾ ഞാൻ.’’
മാധുരിയും വാണിജയറാമും ചേർന്നും ഈ ചിത്രത്തിനുവേണ്ടി ഒരു ഗാനം പാടിയിട്ടുണ്ട്. അപൂർവമായി മാത്രം സംഭവിക്കുന്ന സംഗതിയാണിത്.
‘‘കന്യാകുമാരിയും കാശ്മീരും
ഇന്ത്യൻ പൗരന്നൊരുപോലെ
ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്‌ലാമും
ഇന്ത്യൻ പൗരന്നൊരുപോലെ...’’ എന്ന് തുടങ്ങുന്ന ഗാനം.
പട്ടണക്കാട് പുരുഷോത്തമനും ഗിരിജയും ചേർന്ന് പാടുന്ന പാട്ട് ഇങ്ങനെ തുടങ്ങുന്നു,
‘‘താമരപ്പൂങ്കാവിൽ
തനിച്ചിരിക്കും കന്നിതേവീ
ചമയങ്ങൾ ചമഞ്ഞെന്റെ അരികിൽ വാ നീ...
മുത്തി മണത്താൽ അത്തറ് പൂശി
മുത്തുകഴുത്തിൽ പൊൻകാറയണിഞ്ഞ്
തത്തമ്മച്ചുണ്ടിൽ പുഞ്ചിരിയോടെ
സ്വർണത്തിൻ മണിത്തേരിൽ പറന്നുവാ നീ...’’
പൊതുവെ ഗാനങ്ങൾ നിറഞ്ഞ സിനിമയായിരുന്നു ‘മാനിഷാദ’.
1975 ഫെബ്രുവരി 28ന് പുറത്തുവന്ന ഈ സിനിമ സാമ്പത്തികവിജയം നേടി.
ആർ.എസ്. ശ്രീനിവാസൻ നിർമിച്ചതാണ് ‘ഹാലോ ഡാർലിങ്ങ്’ എന്ന ചിത്രം. എ.ബി. രാജ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. നിർമാതാവിന്റെ ഭാര്യാസഹോദരനായ വി.പി. സാരഥിയാണ് അദ്ദേഹം നിർമിക്കുന്ന എല്ലാ സിനിമകൾക്കും തിരക്കഥ തയാറാക്കുക. ‘ഹലോ ഡാർലിങ്ങി’ന്റെ കഥയും തിരക്കഥയും വി.പി. സാരഥിയുടേതാണ്. എം.ആർ. ജോസഫ് സംഭാഷണം എഴുതി. വയലാർ എഴുതിയ ഗാനങ്ങൾക്ക് എം.കെ. അർജുനൻ ഈണം നൽകി. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. വയലാർ-ദേവരാജൻ ടീമും ശ്രീകുമാരൻ തമ്പി-അർജുനൻ ടീമും നിലനിന്നിരുന്ന അക്കാലത്തും ശ്രീകുമാരൻ തമ്പിയും ദേവരാജനും ചേർന്നും വയലാറും അർജുനനും ചേർന്നും പാട്ടുകൾ ഒരുക്കുമായിരുന്നു. അപ്പോഴും ഹിറ്റ്ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്. ‘ഹലോ ഡാർലിങ്ങ്’ എന്ന സിനിമ ഇതിന് ഒരു ഉദാഹരണമാണ്. ഈ ചിത്രത്തിൽ വയലാർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അർജുനൻ ആയിരുന്നു. യേശുദാസ് ആലപിച്ച ഈ സിനിമയിലെ ‘‘അനുരാഗമേ... അനുരാഗമേ... മധുരമധുരമാം/ അനുരാഗമേ’’ എന്ന ഗാനം വളരെ പ്രശസ്തമാണല്ലോ.
‘‘അനുരാഗമേ അനുരാഗമേ/ മധുരമധുരമാം അനുരാഗമേ ആദ്യത്തെ സ്വരത്തിൽ നി-ന്നാദ്യത്തെ പൂവിൽ നി-ന്നമൃതുമായ് നീയുണർന്നു... യുഗപരിണാമങ്ങളിലൂടെ നീ യുഗ്മഗാനമായ് വിടർന്നു... അനുരാഗമേ....’’ എന്ന പല്ലവി തന്നെ കാതും മനസ്സും കുളിർപ്പിക്കുന്നു. വയലാറിന്റെ മധുരപദങ്ങൾ ഹംസധ്വനി രാഗത്തിന്റെ സ്വരങ്ങളിൽ എത്ര മനോഹരമായി അലിഞ്ഞു ചേർന്നിരിക്കുന്നു. വരികൾ ഇങ്ങനെ തുടരുന്നു: ‘‘നിൻ പനിനീർപ്പുഴ ഒഴുകിയാലേ/ നിത്യഹരിതയാകൂ -പ്രപഞ്ചം/ നിത്യഹരിതയാകൂ/ അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ/ അക്ഷയപാത്രമാകൂ -ഭൂമിയൊരക്ഷയപാത്രമാകൂ...’’

പി. സുശീല പാടിയ ‘‘ദ്വാരകേ ദ്വാരകേ....’’ എന്നാരംഭിക്കുന്ന ഗാനമാണ് ഹിറ്റ്ചാർട്ടിലെത്തിയ മറ്റൊന്ന്. ‘‘ദ്വാരകേ ദ്വാരകേ/ ദ്വാപരയുഗത്തിലെ പ്രേമസ്വരൂപന്റെ/ സോപാനഗോപുരമേ/ കോടിജന്മങ്ങളായ് നിൻ സ്വരമണ്ഡപം/ തേടിവരുന്നൂ മീര/ നൃത്തമാടിവരുന്നു മീര.../ ദ്വാരകേ...’’ ഈ പല്ലവിയെ തുടർന്നു വരുന്നരണ്ടു ചരണങ്ങളും ഹൃദയങ്ങളെ കീഴ്‌പ്പെടുത്തുവാൻ പ്രാപ്തിയുള്ളവയാണ്. യേശുദാസ് പാടുന്ന മറ്റൊരു പാട്ട് ‘‘കാറ്റിൻ ചിലമ്പൊലിയോ...’’ എന്ന് തുടങ്ങുന്നു.
‘‘കാറ്റിൻ ചിലമ്പൊലിയോ/ കടൽപ്പക്ഷി പാടും/ പാട്ടിൻ തിരയടിയോ/ കാമധനുസ്സിൻ ഞാണൊലിയോ -ഇതു/ കമനി തൻ ചിരിയുടെ ചിറകടിയോ...?/ വാസരസ്വപ്നം വിടരുകയോ.../ അഭിലാഷദലങ്ങൾ നിറയുകയോ/ മധു നിറയുകയോ..?/ വെൺചന്ദനത്തിൻ മണമുള്ള മാറിടം/ വെറുതേ തുടിക്കുകയോ..?’’ എന്നിങ്ങനെ ആദ്യചരണം ആരംഭിക്കുന്നു.
യേശുദാസ് പാടിയ മൂന്നാമത്തെ ഗാനം വ്യത്യസ്തമാണ്. ‘‘ഏയ് മണ്ടിപ്പെണ്ണേ/ നയന്റീൻ സെവന്റിഫൈവ് ... ഇതു/ നയന്റീൻ സെവന്റിഫൈവ്/ അമ്പതു കൊല്ലം മുമ്പു ജനിക്കേണ്ട/ മണ്ടിപ്പെണ്ണേ / നിന്റെയോണംകേറാ മലമൂട്ടിൽ/ നിന്റ നാണംകെട്ടൊരു തറവാട്ടിൽ/ നയന്റീൻ സെവന്റി ഫൈവ്/ ഇപ്പോഴും നയന്റീൻ സെവന്റി ഫൈവ്/ പട്ടണം കാണാത്ത പരിഷ്‌കാരം കാണാത്ത പൊട്ടിപ്പെണ്ണേ/ നിന്റെ അടക്കവും ഒതുക്കവും വേഷവും കണ്ടാൽ/ ആരിന്നു പ്രേമിക്കും?’’ എന്നിങ്ങനെ ഈ കളിയാക്കൽ പാട്ട് തുടരുന്നു. ഇതിനു മറുപടിയായി നായികയും ഒരു പാട്ടു പാടുന്നുണ്ട്. മാധുരിയാണ് ഈ പാട്ടിനു ശബ്ദം നൽകിയത്.
‘‘ഏയ് പൊണ്ണത്തടിയാ.../ നയന്റീൻ റ്റ്വന്റി ഫൈവ് -ഇതു/ നയന്റീൻ റ്റ്വന്റി ഫൈവ്/ അമ്പതു കൊല്ലം മുമ്പു ജനിക്കേണ്ട മണ്ടച്ചാരേ/ നിങ്ങടെ ഓണംകേറാ മലമൂട്ടിൽ/ നിന്റെ നാണംകെട്ടൊരു തറവാട്ടിൽ/ നയന്റീൻ റ്റ്വന്റി ഫൈവ് -ഇപ്പോഴും/ നയന്റീൻ റ്റ്വന്റി ഫൈവ്’’ എന്നിങ്ങനെയാണ് ഈ പാട്ടു തുടങ്ങുന്നത്.
കെ.പി. ബ്രഹ്മാനന്ദനും ശ്രീലത നമ്പൂതിരിയും ചേർന്നു പാടുന്നത് ഒരു ഹിന്ദി-മലയാളം ഗാനമാണ് (ബോബി എന്ന ഹിന്ദി ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ പല്ലവി).
‘‘ബാഹർ സെ കോയി അന്തർ ന ആ സകേ/ അന്തർ സെ കോയി ബാഹർ ന ആ സകേ/ സോചോ കഭി ഐസാ ഹോ തോ ക്യാ ഹേ/ സോചോ കഭി ഐസാ ഹോ തോ ക്യാ ഹേ/ ഹം തും ഏക് കംരേ മേം ബന്ദ് ഹോ/ ഔർ ചാവി ഖോ ജായ്...’’
‘‘നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ/ അടയ്ക്കപ്പെട്ടാൽ/ നാല് ചുറ്റും കരടികൾ പാഞ്ഞുവന്നാൽ എന്തുചെയ്യും?/ നമ്മൾ എന്തു ചെയ്യും?/ പേടിച്ചു കെട്ടിപ്പിടിച്ചുപോകും -ആരും/ പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും...’’ ഇങ്ങനെ പാട്ടു തുടരുന്നു. ഇടയ്ക്കു ചിത്രത്തിന്റെ പേര് ഓർമിപ്പിക്കാനെന്ന മട്ടിൽ ‘‘ഹലോ ഡാർലിങ്... ഹലോ ഡാർലിങ്’’ എന്ന വിളികളുമുണ്ട്.
പ്രേംനസീർ, ജയഭാരതി, സുധീർ, റാണിചന്ദ്ര, അടൂർ ഭാസി, ശങ്കരാടി, മീന, മല്ലിക സുകുമാരൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ നടീനടന്മാർ. 1975 മാർച്ച് ഏഴിന് റിലീസ് ചെയ്ത ‘ഹലോഡാർലിങ്ങ്’ സാമ്പത്തിക വിജയം നേടിയ സിനിമയാണ്.
പി. ഭാസ്കരൻ സംവിധാനംചെയ്ത ‘ചുമടുതാങ്ങി’ എന്ന ചിത്രം ശ്രീകാന്ത് ഫിലിംസ് ആണ് നിർമിച്ചത്. ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും രചിച്ചു. പി. ഭാസ്കരന്റെ ഗാനരചന; വി. ദക്ഷിണാമൂർത്തിയുടെ സംഗീതം. പ്രേംനസീർ, സുകുമാരൻ, ജയഭാരതി, സുജാത, കവിയൂർ പൊന്നമ്മ, പ്രതാപചന്ദ്രൻ, ജോസ് പ്രകാശ്, എൻ. ഗോവിന്ദൻകുട്ടി, അടൂർ ഭാസി, സുകുമാരി, ഉഷാറാണി, കുഞ്ചൻ, പി.ആർ. മേനോൻ, സി.എ. ബാലൻ തുടങ്ങിയവർ അഭിനയിച്ചു, യേശുദാസും എസ്. ജാനകിയും പാടിയ ‘‘ഏതു ശീതളച്ഛായാതലങ്ങളിൽ’’ എന്ന് ഗായകൻ പാടുമ്പോൾ ‘‘ഛായാതലങ്ങളിൽ’’ എന്ന ഭാഗം ഗായിക ആവർത്തിക്കുന്നു.
‘‘ഏതു സുന്ദരസ്വപ്നതടങ്ങളിൽ’’ എന്ന് ഗായകൻ തുടരുന്നു. അപ്പോൾ ''സ്വപ്നതടങ്ങളിൽ...’’ എന്ന വരികൾ മാത്രം ഗായിക ആവർത്തിക്കുന്നു. ഇങ്ങനെ തുടരുന്നു: ‘‘ചൈത്രസുഗന്ധിയാം പൂന്തെന്നലേ -പൂന്തെന്നലേ/ ഇത്ര നാൾ നീ ഒളിച്ചിരുന്നു -നീ/ നീ ഒളിച്ചിരുന്നു...’’
ആദ്യചരണം ഇങ്ങനെ: ‘‘സങ്കൽപസീമ തന്നപ്പുറം നീയൊരു/ സംക്രമപക്ഷിയായ് മറഞ്ഞിരുന്നു/ പഞ്ചമിത്താമര പൊയ്കയിൽ അരയന്ന/ പ്പൈങ്കിളിയായ് നീ കളിച്ചിരുന്നു.../ കളിച്ചിരുന്നു.’’
ജയശ്രീ ആലപിച്ച ‘‘സ്വപ്‌നങ്ങൾ അലങ്കരിക്കും’’ എന്ന ഗാനവും ശ്രദ്ധേയം. ‘‘സ്വപ്‌നങ്ങൾ അലങ്കരിക്കും നമ്മുടെ വീടു കണ്ടു/ സ്വർഗം നാണിക്കുന്നു -എന്നും/ സ്വർഗം നാണിക്കുന്നു...’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘കൈവല്യം പകരുമീ പൊന്നമ്പലത്തിൻ മുന്നിൽ/ ദൈവദൂതന്മാർ ശിരസ്സു നമിക്കുന്നു/മണ്ണിനെ വിണ്ണാക്കുന്ന മധുരസ്നേഹമൂർത്തി/ എന്നുമീ ശ്രീകോവിലിൽ രാജിക്കുന്നു.’’
ഈ ഗാനം ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്. അത് ദുഃഖ ഭാവത്തിലാണ് ജയശ്രീ പാടുന്നത്.
കഥയുടെ പ്രധാന വഴിത്തിരിവിൽ ‘‘സ്വപ്‌നങ്ങൾ തകർന്നുവീഴും നമ്മുടെ വീട് കണ്ടു...’’ എന്ന് തുടങ്ങുന്ന ഏതാനും വരികൾ ഇതേ ഈണത്തിൽ സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി തന്നെ ആലപിക്കുന്നുണ്ട്. അത് റീറെക്കോഡിങ്ങിന്റെ ഭാഗം മാത്രമാണ്, വരികൾ ചിത്രത്തിന്റെ പാട്ടുപുസ്തകത്തിൽപോലുമില്ല.
‘‘മാനത്തൊരു കാവടിയാട്ടം -മാലക്കാവടിയാട്ടം/ മനസ്സിൽ താരുണ്യത്തിൻ മാദകമാം തിരനോട്ടം.../ താഴത്ത് കാറ്റിന്റെ താളമേളം -മേളം /ചാരത്ത് തരംഗത്തിൻ തുള്ളിയാട്ടം -ആട്ടം / സാഗരമാം സുന്ദരിയിന്നൊരു/ സൗന്ദര്യധാമം/ നീലച്ച വാനത്തിനു മൂകപ്രേമം -പ്രേമം.’’ എസ്. ജാനകിയും സംഘവുമാണ് ഈ ഗാനം പാടിയത്. അമ്പിളി ആലപിച്ച ഗാനം ‘‘മായല്ലേ...’’ എന്ന് തുടങ്ങുന്നു.
‘‘മായല്ലേ രാഗമഴവില്ലേ, മായല്ലേ രാഗമഴവില്ലേ/ മധു പൊഴിയും മാസമല്ലേ/ മധുരപ്പതിനേഴല്ലേ -എനിക്കു/ മധുരപ്പതിനേഴല്ലേ... അല്ലേ അല്ലേ അല്ലേ.../ മദിരാപാത്രം കയ്യുകളിൽ/ മന്ദഹാസം ചുണ്ടുകളിൽ/ മനസ്സിനുള്ളിൽ വളർന്നിടുന്നു ദാഹം/ദാഹം ദാഹം ദാഹം...’’
‘ചുമടുതാങ്ങി’ എന്ന ചിത്രം 1975 ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തി. ഈ കുടുംബചിത്രം ഭേദപ്പെട്ട സാമ്പത്തികവിജയം നേടിയെടുത്തു.

വാണി ജയറാം,പി. സുശീല,ലത രാജു
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയായ ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ ചിത്രശാലയുടെ ബാനറിൽ എസ്.കെ. നായർ ചലച്ചിത്രമാക്കി. തിരക്കഥയും സംഭാഷണവുമെഴുതി തോപ്പിൽ ഭാസി ഈ സിനിമ സംവിധാനംചെയ്തു. എം.ജി. സോമൻ, അടൂർ ഭാസി, ബഹദൂർ, റാണിചന്ദ്ര, കെ.പി.എ.സി ലളിത, ആലുമ്മൂടൻ, മണവാളൻ ജോസഫ്, കുതിരവട്ടം പപ്പു, പറവൂർ ഭരതൻ, ബോബി കൊട്ടാരക്കര, മുതുകുളം രാഘവൻ പിള്ള, ചന്ദ്രാജി, തോപ്പിൽ കൃഷ്ണപിള്ള, തോപ്പിൽ ഭാസി, കുഞ്ചൻ, കെ.പി.എ.സി കൃഷ്ണമ്മ തുടങ്ങിയവർ അഭിനയിച്ചു. വയലാർ-ദേവരാജൻ ടീമാണ് പാട്ടുകളൊരുക്കിയത്. ചിത്രത്തിൽ നാല് പാട്ടുകൾ ഉണ്ടായിരുന്നു. യേശുദാസും എൽ.ആർ. അഞ്ജലിയും പാടിയ ‘‘കുടുകുടു പാണ്ടിപ്പെണ്ണ് ’’ എന്ന് തുടങ്ങുന്ന പാട്ടു തന്നെ ചിത്രത്തിന്റെ വ്യത്യസ്തത കാട്ടിത്തരുന്നു.
‘‘കുടുകുടാ പാണ്ടിപ്പെണ്ണ്/ കിലുകിലാ പാണ്ടിപ്പെണ്ണ്/ കുറുമൊഴിപ്പൂ ചൂടിവരും/ പാമ്പാട്ടിപ്പെണ്ണ് -അവൾ/ പാടിയാടുമ്പോൾ കൂടെയാടണ പാമ്പ്. മാധുരി പാടിയ ഒപ്പനപ്പാട്ടിന്റെ പല്ലവിയിങ്ങെന: ‘‘മുച്ചീട്ടു കളിക്കണ മിഴിയാണ്/ മൊഞ്ചുള്ള മയിലാഞ്ചിക്കിളിയാണ്/ മാരന് മണിയറത്തൂവൽക്കിടക്കയിൽ/ മദനപ്പൂവിന്റെ മുനയാണ് -പെണ്ണ്/ മാതളപൂന്തേൻ മിഴിയാണ്.’’ ആദ്യചരണം ഇങ്ങനെ, ‘‘അരയ്ക്കു ചുറ്റും പോന്നേലസ്സ്/ അതിന്നു ചുറ്റും മുത്തുക്കൊലുസ് -നീ/ അടിമുടി പൂത്തൊരു സ്വർണപ്പൂമരം/ ആടിവരും പോലെ -പന്തലിൽ/ പാടിവരുംപോലെ/ പുതുക്കപ്പെണ്ണേ നിന്നെ പൂമാലക്കുരുക്കിട്ടു/ പിടിക്കുമല്ലോ കയ്യിൽ ഒതുക്കുമല്ലോ / നിന്റെ പുന്നാരമണവാളൻ -ഇന്നു നിന്റെ/ പുന്നാര മണവാളൻ.’’
മാധുരി പാടിയ രണ്ടാമത്തെ ഗാനമിങ്ങനെ തുടങ്ങുന്നു: ‘‘മുത്തുമെതിയടിയിട്ട സുൽത്താനേ/ മുംതാസിൻ കനവിലെ ഷാജഹാനേ/ പൊൻമുകിൽ കൊടിയുള്ള പൂവുള്ള മേടയ്ക്ക്/ ഞമ്മളെ കൊണ്ടുപോണതെന്നാണ്?’’ കെ.പി. ബ്രഹ്മാനന്ദൻ, അയിരൂർ സദാശിവൻ, ചിറയിൻകീഴ് മനോഹരൻ എന്നിവർ ചേർന്ന് പാടിയ ചിത്രത്തിലെ നാലാമത്തെ ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ വരുന്നുണ്ട്.

വയലാർ,ദേവരാജൻ,ശ്രീകുമാരൻ തമ്പി,എം.കെ. അർജുനൻ
‘‘സംഗതിയറിഞ്ഞോ പൊൻകുരിശേ’’/ ‘‘ഇല്ലപ്പാ... എന്താണ് / ‘‘നട്ടാൽ കിളുക്കണ നൊണ പറഞ്ഞു/ എട്ടുകാലി മമ്മൂഞ്ഞ് - ഈ/ എട്ടുകാലി മമ്മൂഞ്ഞ്’’/ ‘‘മുത്തപ്പാ മണ്ടൻ മുത്തപ്പാ/ മൂക്ക് ചെത്തി ഉപ്പിലിട് -ഇവന്റെ/ മൂക്ക് ചെത്തി ഉപ്പിലിട്’’/ ‘‘സംഗതി യറിഞ്ഞോ പൊൻകുരിശേ/ നമ്മുടെ ലക്ഷ്മിപ്പെണ്ണിന് കുളി മാറീട്ട്/ ഇത് പത്താം ദിവസം.’’
എന്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രം ഇതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. ചിത്രത്തിലെ ഏറ്റവും രസകരമായ മുഹൂർത്തങ്ങളിൽ ഒന്നാണിത്. എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, മണ്ടൻ മുത്തപ്പ തുടങ്ങിയ ബഷീറിന്റെ കഥാപാത്രങ്ങളാണ് ഈ പാട്ടിൽ അഭിനയിക്കുന്നത്. 1975 മാർച്ച് പതിനാലിന് പുറത്തുവന്ന ഈ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.