അർജുനന്റെയും ഉമ്മറിന്റെയും സംഗീതധാരകൾ

ശ്രീകുമാരൻ തമ്പി, എം.കെ. അർജുനൻ, യേശുദാസ്
റിലീസ് ചെയ്‌ത എല്ലാ തിയറ്ററുകളിലും അമ്പതു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘പ്രവാഹം’. 1975 ഫെബ്രുവരി ഏഴിനാണ് ഈ സിനിമ പുറത്തുവന്നത്. ശശികുമാർ സംവിധാനംചെയ്‌ത ഈ സിനിമ സൂര്യാ പിക്‌ചേഴ്‌സിനുവേണ്ടി ആർ. സോമനാഥ് നിർമിച്ചതാണ്. പാട്ടുകളോടൊപ്പം ചിത്രത്തിന്റെ സംഭാഷണവും ശ്രീകുമാരൻ തമ്പി തന്നെ എഴുതി –സംഗീതയാത്രയിൽ ശ്രീകുമാരൻ തമ്പിയും ഗാനങ്ങളുമായി നിറയുന്നു.
‘‘സ്നേഹഗായികേ നിൻ സ്വപ്‌നവേദിയിൽ/ ഗാനോത്സവമെന്നു തുടങ്ങും –ആനന്ദ/ ഗാനോത്സവമെന്നു തുടങ്ങും?’’
‘പ്രവാഹം’ എന്ന സിനിമക്കുവേണ്ടി യേശുദാസ് ആലപിച്ച ഈ ഗാനം ഒരു ജനപ്രിയ ഗാനമാണ്. പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു.
‘‘നിൻ പ്രേമപൂജ തൻ നിർവൃതീ പുഷ്പങ്ങൾ/ നിത്യവും ഞാനണിയും/ നിൻ രാഗം താനം പല്ലവി കേട്ടെൻ/ പൊന്നമ്പലമുണരും –മനസ്സാം/ പൊന്നമ്പലമുണരും...’’
ശ്രീകുമാരൻ തമ്പി-അർജുനൻ ടീമിന്റെ ഈ ഗാനം ‘പ്രവാഹം’ എന്ന ചിത്രത്തിലുള്ളതാണ്. ശശികുമാർ സംവിധാനംചെയ്‌ത ഈ സിനിമ സൂര്യാ പിക്‌ചേഴ്‌സിനുവേണ്ടി ആർ. സോമനാഥ് നിർമിച്ചതാണ്. പാട്ടുകളോടൊപ്പം ചിത്രത്തിന്റെ സംഭാഷണവും ശ്രീകുമാരൻ തമ്പി തന്നെ എഴുതി. ശ്രീകുമാരൻ തമ്പിയും സംവിധായകൻ ശശികുമാറും ചേർന്ന് തിരക്കഥ തയാറാക്കി. പ്രേംനസീർ, വിധുബാല, കവിയൂർ പൊന്നമ്മ, മുത്തയ്യ, വിൻെസന്റ്, ശങ്കരാടി, അടൂർ ഭാസി, ബേബി സുമതി, പ്രേമ, റീന, ശ്രീലത, മാസ്റ്റർ രഘു, കുഞ്ചൻ തുടങ്ങിയവർ അഭിനേതാക്കളായി.
ചിത്രത്തിൽ ആകെ ആറു പാട്ടുകൾ ഉണ്ടായിരുന്നു. ‘‘സ്നേഹഗായികേ’’ എന്നു തുടങ്ങുന്ന യേശുദാസിന്റെ ഗാനംപോലെ തന്നെ സൂപ്പർഹിറ്റ് ആയിരുന്നു യേശുദാസും വാണിജയറാമും പാടിയ ‘‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു’’ എന്നാരംഭിക്കുന്ന യുഗ്മഗാനവും.
‘‘മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു –/ആൺമൈന വിളിച്ചു/ വാ വാ വാ/ മാളികക്കൂട്ടിലിരുന്നൊരു -മൈന വിളിച്ചു –/ പെൺമൈന വിളിച്ചു.../ വാ വാ വാ...’’ എന്നിങ്ങനെയാണ് പല്ലവി. ഗാനം ഇങ്ങനെ തുടരുന്നു: ‘‘ഭഗവതിപ്പട്ടുടുത്തു പൊന്നശോകം/ പാതയിൽ പവൻ വിതറി പൊന്നാരളി/ പൂക്കാലം പോവും മുമ്പേ/ പുതുമഴ പെയ്യും മുമ്പേ /പൂത്താലി ചാർത്തിക്കാമോ കൂടെ വന്നാൽ/ മാളിക കൂട്ടിലിട്ടിരിക്കും മൈന പറഞ്ഞു/ പെൺമൈന പറഞ്ഞു...’’
യേശുദാസ് ആലപിച്ച അടുത്ത ഗാനം ‘‘ചന്ദനം വളരും...’’ എന്ന് തുടങ്ങുന്നു. ഇതൊരു കളിയാക്കൽ പാട്ടാണ്. നായകൻ അമ്മയെയും അവരുടെ അനുജത്തിയെയും (കുഞ്ഞമ്മ) താരതമ്യംചെയ്യുന്നു. പാട്ടു തുടങ്ങുന്നതിനു മുമ്പ് ‘‘ഹേയ്... കുഞ്ഞമ്മേ... കുഞ്ഞമ്മേ...’’ എന്നൊരു വിളിയുണ്ട്.
‘‘ചന്ദനം വളരും ഗംഗ തൻ കരയിൽ/ കാഞ്ഞിരമരവും വളരും/ തങ്കത്താമര വിരിയും പൊയ്‌കയിൽ/ പങ്കവും പായലും നിറയും’’ എന്നു പല്ലവി. പാട്ട് ഇങ്ങനെ തുടരുന്നു: ‘‘കനകത്താമ്പാളത്തിലെടുത്താലും/ കാഞ്ഞിരത്തിൻ പഴം കയ്ക്കും/ നല്ല കുടുംബത്തിൽ ജനിച്ചിട്ടും/ നാരീമണിയിവർ നരിയായി / അയ്യയ്യോ നാരീമണിയിവർ നരിയായി/ ചന്ദനമരമാണെന്നമ്മ –വെറും/ കാഞ്ഞിരമാണീ കുഞ്ഞമ്മ.../ ഈ കുഞ്ഞമ്മ... കുഞ്ഞമ്മ... കുഞ്ഞമ്മ.’’
യേശുദാസ് തെന്ന പാടിയ ‘‘സ്നേഹത്തിൻ പൊൻവിളക്കേ...’’ എന്നാരംഭിക്കുന്ന ഗാനവും ജനസമ്മതി നേടിയതാണ്. ‘‘സ്നേഹത്തിൻ പൊൻവിളക്കേ... ത്യാഗത്തിൻ ഒളിവിളക്കേ/ മനസ്സിൻ അമ്പലത്തിൽ വിളങ്ങും മണിവിളക്കേ/ ഇരുട്ടിൽനിന്നുമെന്നെ കരകയറ്റി –വീണ്ടും/ ഇരുട്ടിൻ മാറിലേക്കു പിടിച്ചിറക്കി...’’ എന്നാണ് ഈ ദുഃഖഗാനത്തിന്റെ തുടക്കം.
ഗാനം ഇങ്ങനെ തുടരുന്നു: ‘‘എൻ മുഖം വാടിയാൽ നിൻ പുഞ്ചിരി മായുമല്ലോ/ എൻ കണ്ണു നനഞ്ഞുപോയാൽ/ നിൻ നെഞ്ചു പിടയുമല്ലോ.../ ഇന്നു നീ മാളികയിൽ/ ഞാനോ പെരുവഴിയിൽ/ ഈ രാവിൽ നിന്റെ കണ്ണിൽ/ ഉറക്കം തഴുകിടുമോ...’’
പി. ജയചന്ദ്രൻ പാടിയത് ഇംഗ്ലീഷ് വാക്കുകൾ നിറഞ്ഞ ഒരു മലയാള ഗാനമാണ്. വഴിതെറ്റിയ യുവാക്കളുടെ ലഹരിപ്പാട്ട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ‘‘ലൈഫ് ഈസ് വണ്ടർഫുൾ/ വേൾഡ് ഈസ് കളർഫുൾ/ ലവ് ഈസ് എ വാട്ടർഫാൾ/ എവെരി ഗേൾ ഈസ് എ തണ്ടർബാൾ.../തണ്ടർബാൾ....’’ എന്നിങ്ങനെയാണ് പല്ലവി. എൽ.ആർ. ഈശ്വരി പാടിയ ഒരു നൃത്തഗാനമാണ് ‘പ്രവാഹ’ത്തിലെ ആറാമത്തേത്. ‘‘എപ്പോഴുമെനിക്കൊരു മയക്കം’’' എന്നു തുടങ്ങുന്ന പാട്ട്.
‘‘എപ്പോഴുമെനിക്കൊരു മയക്കം/ എന്നുള്ളിൽ മോഹത്തിൻ കിലുക്കം/ എല്ലാർക്കുമെന്നോടൊരടുപ്പം/ എനിക്കെല്ലാ കാലവും ചെറുപ്പം.’’ ആദ്യചരണം ഇങ്ങനെ: ‘‘നിദ്ര തൻ ഊഞ്ഞാലിലാടാൻ/ നീ വരുമോ സഞ്ചാരീ/ സ്വപ്‌നത്തിൻ പൂ നുള്ളി രസിക്കാം/ സ്വർഗത്തെ വെല്ലുവിളിക്കാം/ പണ്ടത്തെ സ്വപ്‌നങ്ങൾ മറക്കൂ/ ഇന്നത്തെ സ്വപ്നത്തിൽ ലയിക്കൂ.’’
റിലീസ് ചെയ്‌ത എല്ലാ തിയറ്ററുകളിലും അമ്പതു ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘പ്രവാഹം ’. 1975 ഫെബ്രുവരി ഏഴിനാണ് ഈ സിനിമ പുറത്തുവന്നത്.'
കെ. നാരായണൻ സംവിധാനംചെയ്‌ത ‘മത്സരം’ എന്ന ചിത്രം 1975 ഫെബ്രുവരി 14ന് തിയറ്ററുകളിൽ എത്തി. രാഘവൻ, എം.ജി. സോമൻ, ജയൻ, വിൻെസന്റ്, വിജയൻ, സുജാത, റാണിചന്ദ്ര, കവിയൂർ പൊന്നമ്മ, ബഹദൂർ, ജനാർദനൻ, വിജയലക്ഷ്മി തുടങ്ങിയവർ അഭിനയിച്ച ‘മത്സരം’ ഒരു ലോ ബജറ്റ് സിനിമയായിരുന്നു.
വാണി ജയറാം,എ.ടി. ഉമ്മർ,പി. ഭാസ്കരൻ
ജൂലിയറ്റ് പ്രൊഡക്ഷൻസിന്റെ പേരിൽ കെ.ആർ. ഫ്രാൻസിസ് നിർമിച്ച ‘മത്സര’ത്തിന് എം.ജി. മാത്യു കഥയും ആലപ്പി ഷെരീഫ് തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരന്റെ പാട്ടുകൾക്ക് എം.കെ. അർജുനന്റെ സംഗീതം. യേശുദാസ്, മാധുരി, എൽ.ആർ. ഈശ്വരി എന്നിവർ ഗാനങ്ങൾക്ക് ശബ്ദം നൽകി.
‘‘പാതിരാവാം സുന്ദരിയെ പണ്ട്/ പാർവണ ചന്ദ്രൻ സ്നേഹിച്ചു/ കറുത്ത വാവുമായ് പണ്ടവളാടിയ/ കപടനാടകമറിയാതെ’’ എന്ന ഗാനം യേശുദാസ് പാടി. പാട്ടിന്റെ ആദ്യചരണം ഇങ്ങനെ: ‘‘ആകാശയമുനാ പുളിനത്തിൽവെച്ചാ/ രാഗികൾ പരസ്‌പരം കണ്ടുമുട്ടി/ അശോകമലർവന മണ്ഡപനടയിൽ/ അമ്പിളിയവളെ പരിണയിച്ചു...’’
യേശുദാസ് പാടിയ രണ്ടാമത്തെ ഗാനം ‘‘വെൺതിങ്കളിന്നൊരു മണവാട്ടി...’’ എന്നു തുടങ്ങുന്നു.
‘‘വെൺതിങ്കളിന്നൊരു മണവാട്ടി/ വെളുവെളെ ചിരിക്കുന്ന മണവാട്ടി/ മഴമുകിൽമാലയാൽ മന്ത്രകോടി പുതച്ചവൾ/ മധുരം നുണയുന്ന മണവാട്ടി...’’ ഗാനത്തിന്റെ തുടർന്നുള്ള വരികൾ താഴെ കൊടുക്കുന്നു.
‘‘നവവധു തന്നുടെ കവിളിൽ തെളിയുന്ന/ മഴവില്ലു കാണാനെന്തു ഭംഗി/ മണവാളചെറുക്കന്റെ ചുണ്ടത്തു വിരിയുന്ന/ മന്ദാരപ്പൂ കാണാൻ എന്തു ഭംഗി...’’ അടുത്തഗാനം യേശുദാസും മാധുരിയും ചേർന്നാണ് പാടിയത്.
ഗായകൻ പാടുന്ന ആദ്യവരികൾ –‘‘ചിരിച്ചുംകൊണ്ടേകയായ് ഓടിവന്ന/ ശരൽക്കാലത്തിലെ മുല്ലപ്പൂവേ/ നിനക്കോ എന്റെ സഖിക്കോ/ നിലയ്ക്കാത്ത സൗന്ദര്യം ആർക്കാണ്..?’’
അപ്പോൾ ഗായികയുടെ ചോദ്യം ഇങ്ങനെ: ‘‘നർത്തനലോലരായ് ഇറങ്ങിവന്ന/ പ്രത്യുഷദിനകരകിരണങ്ങളേ/ നിങ്ങൾക്കോ എന്റെ തോഴനോ/ ഉണരുന്ന താരുണ്യമാർക്കാണ്..?’’
എൽ.ആർ. ഈശ്വരി പാടിയതാണ് നാലാമത്തെ ഗാനം. ‘‘കണ്മുനയാൽ ശരമെയ്യും/ പുഞ്ചിരിയാൽ പൂവെറിയും/ താമരവല്ലിക്കയ്യാൽ ആ/ കാമുകനെ ഞാൻ കെട്ടിയിടും...’’ സ്വാഭാവികമായും ഇതൊരു മാദകത്വം തുളുമ്പുന്ന നൃത്തഗാനമാണ്. അക്കാലത്ത് ഈ വകുപ്പിൽപെട്ട പാട്ടുകൾ പാടിയിരുന്നത് എൽ.ആർ. ഈശ്വരിയാണ്. 1975 ഏപ്രിൽ 14ന് പുറത്തുവന്ന ‘മത്സരം’ എല്ലാവിധത്തിലും ഒരു ശരാശരി ചിത്രമായിരുന്നു.
ഹരിഹരൻ സംവിധാനംചെയ്‌ത ആദ്യത്തെ ജയ് മാരുതി ചിത്രമാണ് ‘മധുരപ്പതിനേഴ്’. ടി.ഇ. വാസുദേവൻ നിർമിച്ച ഈ സിനിമക്ക് കഥയും സംഭാഷണവും തയാറാക്കിയത് ഡോ. ബാലകൃഷ്ണൻ ആണ്. ശ്രീകുമാരൻ തമ്പി പാട്ടുകൾ എഴുതി. എ.ടി. ഉമ്മർ സംഗീതസംവിധായകനായി. രാഘവൻ, സുധീർ, കെ.പി. ഉമ്മർ, അടൂർ ഭാസി, സുമിത്ര, മീന, ശ്രീലത, എൻ. ഗോവിന്ദൻകുട്ടി, ആലുമ്മൂടൻ, പറവൂർ ഭരതൻ തുടങ്ങിയവർ അഭിനയിച്ചു.
യേശുദാസ് പാടിയ ‘‘ഉദയകാഹളം ഉയരുകയായി’’ എന്ന ഗാനം ശ്രദ്ധേയമായെന്നു പറയാം. ‘‘ഉദയകാഹളം ഉയരുകയായി/ ഉദ്യാനവീഥികൾ ഉണരുകയായി/ പ്രകൃതീദേവി തൻ പൊന്നമ്പലത്തിൽ/ പ്രഭാതശ്രീബലി തുടങ്ങുകയായി’’ എന്ന പല്ലവിയെ തുടർന്നു വരുന്ന പ്രഥമചരണം ഇങ്ങനെ:
‘‘തുഷാരഗംഗയിൽ നീരാടി നിൽപ്പൂ/ തുളസികൾ പൂക്കും മലയടിവാരം/ മുകളിൽ അചഞ്ചല സുന്ദരവാനം/ കുളി കഴിഞ്ഞീറനുടുക്കും മേഘം/ മലരേ മനസ്സാം മാതളമലരേ/ നീ മാത്രമിനിയും ഉണരാത്തതെന്തേ..?’’
മാധുരി പാടിയ ‘‘രാഗമായ് ഞാൻ വിരുന്നു വരാം’’ എന്നു തുടങ്ങുന്ന പാട്ടിനും ജനപ്രീതി ലഭിച്ചു.
‘‘രാഗമായ് ഞാൻ വിരുന്നു വരാം/ വീണേ, തന്ത്രികൾ തൊടുത്തു തരൂ/ പൂജാമലരായ് വിരുന്നുവരാം/ ദേവാ നിൻ കോവിൽതിരുനടയിൽ... തിരുനടയിൽ.’’ വരികൾ ഇങ്ങനെ തുടരുന്നു: ‘‘നിന്റെ വനിയിൽ ഭാവന തന്നുടെ/ നിത്യവസന്തമായ് ഞാൻ വിടരാം/ നിന്റെ വീഥിയിൽ സ്വപ്നദീപ്തി തൻ/ സ്വർഗ താരമായ് ഞാനുദിക്കാം/ രാഗതരംഗം ചിരിക്കും കടലിൽ/ നമ്മുടെ തോണിയൊഴുക്കാം...’’
യേശുദാസ് പാടിയ മറ്റൊരു ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘അജ്ഞാത പുഷ്പമേ അഭിരാമ പുഷ്പമേ/ ഏതു വർണ താഴ്വരയിൽ വിടർന്നു –നീ’’/ ഏതു വനമണ്ഡപത്തിൽ വളർന്നു –നീ/ അജ്ഞാത പുഷ്പമേ...’’
ആദ്യചരണത്തിലെ വരികൾ ഇങ്ങനെ: ‘‘കൂടു വിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ –നിൻ/ കുരുന്നിളം കരളിലെന്റെ നൊമ്പരം/ പൂവൽചിറകുകൾ തളർന്നുപോയോ –നിന്റെ/ പൂവനവീഥികൾ പിഴച്ചുപോയോ.../ ആഹാ... ഓഹോ... ആഹാ...’’
യേശുദാസും എസ്. ജാനകിയും കൂട്ടരും ചേർന്നു പാടിയ ഒരു സംഘഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘മത്സരം മത്സരം സൗന്ദര്യമത്സരം/ മനസ്സിൽ ശൃംഗാരമത്സരം/ മത്സരം മത്സരം... മത്സരം ആ...ആ.../ പൂവെറിയും കാമദേവനാര്/ പൂ കൊള്ളും പൂമിഴിയാളാര്/ മത്സരം മത്സരം സൗന്ദര്യമത്സരം/ മത്സരം മത്സരം.../ പ്രണയദേവമന്ദിരത്തിൽ പൂജ തുടങ്ങി/ പ്രേമഗാനവീചി കേട്ടു പ്രകൃതിയൊരുങ്ങി/ കാഞ്ചനപ്പൂക്കളാം കസ്‌തൂരിച്ചെപ്പുകൾ/ കാമുകർക്കു നൽകുവാൻ വനികളൊരുങ്ങി.../ പൂ നുള്ളും രാഗലോലനാര്/ പൂ ചൂടും ചിത്രലേഖയാര്...’’
‘മധുരപ്പതിനേഴ്’ എന്ന ചിത്രത്തിനുവേണ്ടി യേശുദാസും ബ്രഹ്മാനന്ദനും ചേർന്നും ഒരു പാട്ടു പാടിയിട്ടുണ്ട്. ഒപ്പം ഗായകസംഘവും (കോറസ്) ചേരുന്നു. ഗാനം ഇങ്ങനെ.
‘‘അനന്തപുരം കാട്ടിലെ മലയരയാ/ ആനക്കൂട്ടം വന്നാൽ നീയെന്തു ചെയ്യും?/ മുളങ്കുടിലിൽ അടുക്കളയിൽ ഒളിച്ചിരിക്കും/ ഞാൻ ഒളിച്ചിരിക്കും/ മുത്തപ്പനെ വിളിച്ചു നാമം ജപിച്ചിരിക്കും / തെയ്യാരോ തെയ്യനം തെയ്യനം തെയ്യാരോ/ മയിലാഞ്ചിക്കാലു കണ്ടാൽ മദം പിടിക്കണ ചങ്ങാതീ/ മനസ്സ് കൊയ്യും പെണ്ണു വന്നാൽ എന്തു ചെയ്യും?/ നീയെന്തു ചെയ്യും/ വള്ളിക്കുടിലിനകത്തിരുന്നു വിസിലടിക്കും/ മുല്ലമാലേം മുന്തിരിയും വാങ്ങിവെക്കും/ തെയ്യാരോ തെയ്യനം തെയ്യനം തെയ്യാരോ...’’ ബ്രഹ്മാനന്ദനും ബി. വസന്തയും പാടിയ യുഗ്മഗാനം ഇങ്ങനെ തുടങ്ങുന്നു.
‘‘പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ/ സ്വപ്‌നങ്ങൾ ജീവനിലെ പൂക്കളങ്ങൾ/ മാനത്തും മണ്ണിലും മിന്നിത്തിളങ്ങുന്നൂ/ പ്രാണന്റെ രോമാഞ്ചനൂപുരങ്ങൾ.’’
പി. മാധുരി,എൽ.ആർ. ഈശ്വരി
ആദ്യ ചരണം ഇങ്ങനെ: ‘‘പ്രണയാർദ്ര മധുവൂറും പ്രമദപ്രസൂനങ്ങൾ/ ഉണർന്നു നിന്നാജ്ഞയാൽ അകതളിരിൽ/ വളരുകയായെന്റെ ഭാവന വാനമായ്/ തെളിയുകയായ് തിരുവാതിരയും...’’
‘മധുരപ്പതിനേഴ്’ എന്ന സിനിമയിൽ ഏഴു ഗാനങ്ങൾ ഉണ്ടായിരുന്നു. ശ്രീകുമാരൻ തമ്പിയും എ.ടി. ഉമ്മറും ഒരുമിച്ച പ്രഥമചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 1975 ഫെബ്രുവരി 21നു ചിത്രം പുറത്തുവന്നു. ചിത്രം തരക്കേടില്ലാത്ത പ്രദർശനവിജയം നേടുകയുണ്ടായി.