Begin typing your search above and press return to search.

പിക്‌നിക്കിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ

പിക്‌നിക്കിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ
cancel

സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘പിക്‌നിക്ക്’ എന്ന സിനിമ പുറത്തുവന്നതും 1975 ഏപ്രിൽ 11നായിരുന്നു. ആ വർഷം ഏറ്റവുമധികം സാമ്പത്തികലാഭം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ‘പിക്‌നിക്ക്’ –സംഗീതയാത്ര തുടരുന്നു. 1975 ഏപ്രിൽ 11ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ‘ലവ് മേരേജ്’. ഹരിഹരൻ സംവിധാനം ചെയ്‌ത ഈ ചിത്രം ചന്തമണി ഫിലിംസിനുവേണ്ടി ജി.പി. ബാലനാണ് നിർമിച്ചത്. കഥയും തിരക്കഥയും സംവിധായകൻ തന്നെ എഴുതി. ടി. ദാമോദരൻ സംഭാഷണം രചിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾക്ക് ആഹ്വാൻ സെബാസ്റ്റ്യൻ സംഗീതം നൽകി. പ്രേംനസീർ, ജയഭാരതി, റാണിചന്ദ്ര, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, മണവാളൻ ജോസഫ്, ശ്രീലത, മീന, റീന, സാധന, പട്ടം...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘പിക്‌നിക്ക്’ എന്ന സിനിമ പുറത്തുവന്നതും 1975 ഏപ്രിൽ 11നായിരുന്നു. ആ വർഷം ഏറ്റവുമധികം സാമ്പത്തികലാഭം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ‘പിക്‌നിക്ക്’ –സംഗീതയാത്ര തുടരുന്നു.

1975 ഏപ്രിൽ 11ന് കേരളത്തിലെ തിയറ്ററുകളിൽ എത്തിയ സിനിമയാണ് ‘ലവ് മേരേജ്’. ഹരിഹരൻ സംവിധാനം ചെയ്‌ത ഈ ചിത്രം ചന്തമണി ഫിലിംസിനുവേണ്ടി ജി.പി. ബാലനാണ് നിർമിച്ചത്. കഥയും തിരക്കഥയും സംവിധായകൻ തന്നെ എഴുതി. ടി. ദാമോദരൻ സംഭാഷണം രചിച്ചു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾക്ക് ആഹ്വാൻ സെബാസ്റ്റ്യൻ സംഗീതം നൽകി. പ്രേംനസീർ, ജയഭാരതി, റാണിചന്ദ്ര, കെ.പി. ഉമ്മർ, അടൂർ ഭാസി, ബഹദൂർ, ശങ്കരാടി, മണവാളൻ ജോസഫ്, ശ്രീലത, മീന, റീന, സാധന, പട്ടം സദൻ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ ആറു പാട്ടുകൾ ഉണ്ടായിരുന്നു.

‘‘നീലാംബരീ നീലാംബരീ/ നീൾമിഴിയെഴുതിയൊരുഷമലരീ’’ എന്നു തുടങ്ങുന്ന പാട്ട് യേശുദാസ് പാടി. തുടർന്നുള്ള വരികൾ ഇങ്ങനെ:

‘‘ശൃംഗാരമുദ്രയിൽ നിൻ മെയ് നിറയെ/ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ/ മാറിൽ മദാലസമൂറുന്ന മാധവസദനത്തിൽ/ മണിയറയിൽ അരുതരുതെന്നു വിലക്കും/ നിന്നെയാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ/ ആപാദചൂഡം ഉമ്മവെക്കും...’’

യേശുദാസും സീറോ ബാബുവും ചേർന്നു പാടുന്ന ഗാനം ‘‘വൃന്ദാവനത്തിലെ രാധേ...’’ എന്നു തുടങ്ങുന്നു. ‘‘വൃന്ദാവനത്തിലെ രാധേ/ വ്രീളാവിവശയാം രാധേ/ വള്ളിക്കുടിലിൽ ഒളിക്കാതെ നീയെന്റെ/ സന്നിധിയിൽ വന്നു നൃത്തമാടൂ...’’

ജയചന്ദ്രനും അയിരൂർ സദാശിവനും ചേർന്നു പാടിയ ‘‘ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം...’’ എന്ന പാട്ട് ഹാസ്യരസപ്രധാനമാണ്. ‘‘ഈശ്വരന്മാർക്കെല്ലാം പ്രേമിക്കാം/ ഇഷ്ടേശ്വരികളെ സ്വീകരിക്കാം/ മോഹിനീരൂപമാർന്ന കൃഷ്ണനെ പോലും/ ശ്രീപരമേശ്വരന് പ്രാപിക്കാം.../ അവരുടെ അവതാര കഥകൾ പാടി/ ഇരവിലും പകലിലും പ്രാർഥിക്കാം/ പാവങ്ങൾ നമ്മളൊന്നു/ പ്രേമിക്കാനാശിച്ചാൽ/ പഴമക്കാർക്കെല്ലാം പ്രതിഷേധം...’’ ഒരു ഇടവേളക്കുശേഷം എ.എം. രാജാ ഈ ചിത്രത്തിനുവേണ്ടി ഒരു പ്രേമഗാനം ആലപിക്കുകയുണ്ടായി. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: ‘‘പ്രസാദകുങ്കുമം ചാർത്തിയ ദേവീ/ പ്രിയദർശിനിയാം ദേവീ/ താമരത്താരിതൾ മിഴികൾ തുറക്കൂ/ ദിവ്യദർശനമരുളൂ നീ/ ദർശനമരുളൂ...’’

വാണിജയറാമും അമ്പിളിയും ചേർന്നു പാടിയ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും/ കാവ്യമേതു സഖീ/ ചഞ്ചലമിഴി നിന്നെ ഒളികണ്ണാലെ/ കഞ്ജബാണൻ എയ്യുന്ന കവിത...’’

പി. ജയചന്ദ്രൻ പാടിയ ‘‘ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച കോളേജ് ഗേളേ/ അന്തരംഗത്തിൽ അമൃതം ചൊരിയും/ അയലത്തെ സുന്ദരി നീ...’’ എന്ന പാട്ടിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച മുൻ ചിത്രങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഹരിഹരന്റെ ‘ലവ് മേരേജ്’ എന്ന ചിത്രവും സാമ്പത്തികവിജയം നേടി. എം.ടി. വാസുദേവൻ നായരും പ്രശസ്ത കഥാകൃത്തായ പട്ടത്തുവിള കരുണാകരനും അടുത്ത സുഹൃത്തുക്കളായിരുന്നു. കുറെ കാലം അവർ കോഴിക്കോട്ട് അയൽക്കാരുമായിരുന്നു. എം.ടി. വാസുദേവൻ നായർ ‘നിർമ്മാല്യം’ എന്ന സിനിമ നിർമിക്കുകയും അദ്ദേഹംതന്നെ സംവിധാനം നിർവഹിച്ച ആ ചിത്രത്തിന് പ്രശസ്തി ലഭിക്കുകയും ചെയ്തപ്പോൾ പട്ടത്തുവിള കരുണാകരനും ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചു.

എം.ടിയുടെയും പട്ടത്തുവിളയുടെയും സുഹൃത്തായ അരവിന്ദനെയാണ് ചിത്രത്തിന്റെ സംവിധായകനാക്കിയത്. അക്കാലത്ത് എം.ടി. വാസുദേവൻ നായർ പത്രാധിപരായ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര പ്രശസ്തി നേടിയിരുന്നു.

‘ഉത്തരായനം’ എന്നു പേരിട്ട സിനിമക്ക് കഥയും സംഭാഷണവും രചിച്ചത് പ്രശസ്‌ത എഴുത്തുകാരനായ തിക്കോടിയനാണ്. തിക്കോടിയനും അരവിന്ദനും ചേർന്നാണ് തിരക്കഥ എഴുതിയത്. ഡോ. മോഹൻദാസ് നായകനായി. സുകുമാരൻ, ബാലൻ കെ. നായർ, പ്രേംജി, അടൂർ ഭാസി, നെല്ലിക്കോട് ഭാസ്കരൻ, വിജയൻ, മല്ലിക സുകുമാരൻ, ടി.ജി. രവി, നിലമ്പൂർ ബാലൻ, ഭാസ്കരക്കുറുപ്പ് തുടങ്ങിയവർ അഭിനയിച്ചു.

കവി ജി. കുമാരപിള്ള രചിച്ച ‘‘ഹൃദയത്തിൻ രോമാഞ്ചം...’’ എന്നു തുടങ്ങുന്ന പ്രശസ്ത കവിത ഈ ചിത്രത്തിൽ ഗാനമായി ഉപയോഗിച്ചു. കെ. രാഘവൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസാണ്.

‘‘ഹൃദയത്തിൻ രോമാഞ്ചം/ സ്വരരാഗഗംഗയായ്/ പകരുന്ന മണിവീണ മൂകമായി/ തകരുന്ന തന്തുവിൽ തളരാതെയെന്നെന്നും/ തഴുകുന്ന കൈകൾ കുഴഞ്ഞുപോയി/ മധുമാസമേളത്തിൽ അന്ത്യത്തിൽ നേർത്തൊരു/ തിരശ്ശീല മന്ദമായ് ഊർന്നു വീഴ്കേ’’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ കവിത വളരെ പ്രശസ്തമാണ്.

ചിത്രത്തിൽ മൂന്നു ഗാനങ്ങൾകൂടിയുണ്ടായിരുന്നു. രണ്ടെണ്ണം പരമ്പരാഗത ഗീതങ്ങളും ഒന്ന് ഒരു നാടൻപാട്ടുമാണ്.

പി.ബി. ശ്രീനിവാസ് പാടിയ ശ്രീമഹാഗണേശ സ്തോത്രം ഇങ്ങനെ ആരംഭിക്കുന്നു: ‘‘മുദാകരാസ്ത മോദകം/ സദാ വിമുക്തിസാധകം/ കലാധരാവതംസകം/ വിലാദി ലോക രക്ഷകം/ അനായകൈകനായകം/ വിനാശിതേഭി ദൈത്യകം/ നതാസുഭാശു നായകം/ നാമാമിതം വിനായകം...’’ ബ്രഹ്മാനന്ദൻ പാടിയ മറ്റൊരു ഗാനം ‘‘രാധാവദനവിലോകന വികസിത.../ വിവിധ വികാരവിഭംഗം ജനനീ’’ എന്നു തുടങ്ങുന്നു.

ബ്രഹ്മാനന്ദനും സംഘവും പാടിയ നാടൻപാട്ട് ഇങ്ങനെ തുടങ്ങുന്നു: ‘‘കുളിപ്പാനായ് മുതിരുന്നാറേ/ തകതകതാ/ എണ്ണഭരണി വലിച്ചുവെച്ചേ/ തകതകതാ/ തിരുമുടിക്കു ചാർത്തുന്നുണ്ടേ/ തിരുവാണി ശ്രീകുരുംബേ...’’

1975 ഏപ്രിൽ 11ന് തിയറ്ററുകളിലെത്തിയ ‘ഉത്തരായനം’ പ്രദർശനവിജയം നേടിയില്ല. പക്ഷേ ചിത്രം ദേശീയപുരസ്കാരം നേടി.

സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘പിക്‌നിക്ക്’ എന്ന സിനിമ പുറത്തുവന്നതും 1975 ഏപ്രിൽ 11നായിരുന്നു. ആ വർഷം ഏറ്റവുമധികം സാമ്പത്തികലാഭം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നാണ് ‘പിക്‌നിക്ക്’. എം.എസ് പ്രൊഡക്ഷൻസ് നിർമിച്ച ഈ ശശികുമാർ ചിത്രത്തിൽ പ്രേംനസീറും ലക്ഷ്മിയുമാണ് പ്രധാന അഭിനേതാക്കൾ. എം.ജി. സോമൻ, വിൻ​െസന്റ്, ഉണ്ണിമേരി, ജോസ് പ്രകാശ്, അടൂർ ഭാസി, ബഹദൂർ, മീന, ശ്രീലത തുടങ്ങിയവരും അഭിനയിച്ചു.

ചിത്രത്തിന് എസ്.എൽ പുരം സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചു. ശ്രീകുമാരൻ തമ്പി-അർജുനൻ ടീം പാട്ടുകളൊരുക്കി. ചിത്രത്തിലെ മിക്കവാറും എല്ലാ ഗാനങ്ങളും ഹിറ്റുകളായി. യേശുദാസ് പാടിയ ‘‘കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ/ കൺമണിയെ കണ്ടുവോ നീ/ കവിളിണ തഴുകിയോ നീ/ വെള്ളിമണി കിലുങ്ങുന്നല്ലോ/ തുള്ളിത്തുള്ളി നീ വരുമ്പോൾ/ കള്ളിയവൾ കളി പറഞ്ഞോ/ കാമുകന്റെ കഥ പറഞ്ഞോ...’’ എന്ന ഗാനവും ‘‘ചന്ദ്രക്കല മാനത്ത്/ ചന്ദനനദി താഴത്ത്/ നിൻ കൂന്തൽ തഴുകി വരും/ പൂന്തെന്നൽ കുസൃതിയോ/ തങ്കനിലാവിന്റെ തോളത്ത്’’ എന്ന ഗാനവും ‘‘ഓടിപ്പോകും വസന്തകാലമേ/ നിൻ മധുരം ചൂടിനിൽക്കും/ പുഷ്പവാടി ഞാൻ/ കാട്ടിൽ വീണ കനകതാരമേ/ നിൻ വെളിച്ചം കണ്ടുവന്ന/ വാനമ്പാടി ഞാൻ’’ എന്ന ഗാനവും യേശുദാസ് വാണിജയറാമിനോടൊപ്പം പാടിയ ‘‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി/ വൈശാഖരാത്രിയൊരുങ്ങും/ മന്ദസ്‌മിതമാം ചന്ദ്രിക ചൂടി/ വനമല്ലിക നീയൊരുങ്ങും’’ എന്നു തുടങ്ങുന്ന ഗാനവും സൂപ്പർഹിറ്റുകളായി. ജയചന്ദ്രനും മാധുരിയും സംഘവും പാടിയ ‘‘ശിൽപികൾ നമ്മൾ’’ എന്നാരംഭിക്കുന്ന ദേശഭക്തിഗാനവും ജനപ്രിയഗാനമായി മാറി.

 

മ​െങ്കാമ്പ് ഗോപാലകൃഷ്ണൻ,കെ. രാഘവൻ,ആഹ്വാൻ സെബാസ്റ്റ്യൻ,ജി. കുമാരപിള്ള,യേശുദാസ്,സീറോ ബാബു,പി.ബി. ശ്രീനിവാസ്,എൽ.ആർ. ഈശ്വരി,എൽ.ആർ. അഞ്ജലി

‘‘ശിൽപികൾ നമ്മൾ –ഭാരത/ ശിൽപികൾ നമ്മൾ/ ഉണരും നവയുഗ വസന്തവാടിയിൽ/ വിടർന്ന പുഷ്പങ്ങൾ’’ എന്നു തുടങ്ങുന്ന ഗാനം. ഗാനത്തിന്റെ ആദ്യ ചരണം ഇങ്ങ​െന: ‘‘കവീന്ദ്രരവീന്ദ്രഗാനനദങ്ങൾ/ കനകം ചൊരിയും ഭൂമി/ ബങ്കിംചന്ദ്ര പ്രതിഭയുണർത്തിയ/ ഗന്ധർവോജ്ജ്വല ഭൂമി/ കാവേരിയൊഴുകുന്ന ഭൂമി/ കാളിന്ദിയൊഴുകുന്ന ഭൂമി/ ഇവിടെയുയർത്തുക നമ്മൾ ‘ഇടുക്കി’കൾ/ ഭക്രാനംഗലുകൾ/ ഐക്യം നമ്മുടെ ശക്തി/ ധർമം നമ്മുടെ ലക്ഷ്യം/ മാനവത്വമേന്നോരേ മതം/ സാഹോദര്യമെന്നൊരു ജാതി -ഒരു ജാതി/ സാഹോദര്യമെന്നൊരു ജാതി...’’

ജയചന്ദ്രനും മാധുരിയും പാടിയ നൃത്തഗാനം ഇങ്ങനെ തുടങ്ങുന്നു. ‘‘തേൻപൂവേ നീയൊരൽപം/ തേൻ കുടിക്കാൻ താ/ നിൻ ചുണ്ടിൽ തൂവിനിൽക്കും/ പൊൻപരാഗം താ...’’ എന്ന് ഗായകൻ പാടുമ്പോൾ ഗായിക ഇങ്ങനെ തുടരുന്നു: ‘‘തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങിത്താ/ നീ കുടിക്കും തേനിനു പകരം ഗാനമാല താ...’’ കാട്ടുജാതിക്കാരുടെ നൃത്തമാണ് ഈ പാട്ടിലൂടെ ചിത്രീകരിക്കപ്പെടുന്നത്. ‘‘ധിംധിംത ധിംധിംത... ധിംധിംത ഹെയ് ഹെയ്/ തെയ്യഹോ തെയ്യഹോ തെയ് തെയ് തെയ് തയ്’’ എന്നിങ്ങനെയൊരു സംഘനാദത്തിലാണ് ഈ ഗാനം തുടങ്ങുന്നത്. ഈ ഗാനങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ് ജയചന്ദ്രനും മാധുരിയും പാടിയ കുടുകുടുകളി പാട്ട് (കളിയാക്കൽപാട്ട്).

‘‘കുടുകുടു പാടിവരാം കുറുമ്പുകാരികളേ -നിങ്ങടെ/ കുശുമ്പ് മാറ്റാൻ മരുന്നു നൽകാം കുവലയമിഴിമാരേ...’’ എന്ന് ഗായകൻ പാടുമ്പോൾ ഗായിക പാടുന്ന വരികൾ ഇങ്ങനെ: ‘‘കുടുകുടു പാടിവരാം പിടിവാശിക്കാരെ-/ നിങ്ങൾ തോറ്റാൽ മീശയെടുത്തിടാമോ/ കോങ്കണ്ണൻമാരേ...’’

മികച്ച ഗാനങ്ങളുള്ള സിനിമയിലും ഇതുപോലെയൊരു ഗാനം ഉൾപ്പെടുത്തണമെന്ന് നിർബന്ധമുള്ള സംവിധായകനായിരുന്നു ശശികുമാർ. ഗാനരചയിതാവ് എതിർത്താൽ ‘‘ഇതിനു വേറൊരു ഓഡിയൻസ് ഉണ്ട്’’ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി.

എസ്. ബാബു സംവിധാനംചെയ്‍ത ആക്ഷൻ ചിത്രമാണ് ‘ക്രിമിനൽസ്’. നവധാരാ മൂവി മേക്കേഴ്സിന്റെ മേൽവിലാസത്തിൽ സലാം കാരശ്ശേരിയാണ് ഈ സിനിമ നിർമിച്ചത്. സലാം കാരശ്ശേരി തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. തുടക്കത്തിൽ ഈ ചിത്രത്തിന്റെ പേര് ‘കയങ്ങൾ’ എന്നായിരുന്നു. ആദ്യദിവസംതന്നെ ഷൂട്ടിങ് നടന്ന ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ കാമറാമാൻ വിപിൻദാസിന്റെ ഒരു ബന്ധു മുങ്ങിമരിച്ചു. ഈ സംഭവത്തെ തുടർന്നാണ് ‘കയങ്ങൾ’ എന്ന പേരു മാറ്റി ‘ക്രിമിനൽസ്’ എന്നാക്കിയത്.

വിൻ​െസന്റ്, അടൂർ ഭാസി, ഉഷാ നന്ദിനി, മണവാളൻ ജോസഫ്, ആലുമ്മൂടൻ, സുരാസു, പ്രേമ, പി.കെ. എബ്രഹാം, നിലമ്പൂർ ബാലൻ, കുഞ്ചൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കൾ. എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ച ഈ സിനിമക്ക് പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, ശ്രീമൂലനഗരം വിജയൻ എന്നിവർ പാട്ടുകൾ എഴുതി. പൂവച്ചൽ ഖാദർ എഴുതിയ ‘‘ദൈവം വന്നു വിളിച്ചാൽപോലും ഞാനില്ല’’ എന്ന ഗാനം ചിറയിൻകീഴ് മനോഹരനും എൽ.ആർ. അഞ്ജലിയും ചേർന്നു പാടി.

‘‘ദൈവം വന്നു വിളിച്ചാൽപോലും ഞാനില്ല -ഇന്നീ/ ഭൂമിയിൽ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങൾ/എസ്‌.പി എൻ. എസ്... എം.ജി.എം.ആർ... സിന്ദാബാദ്/ ദൈവം വന്നു വിളിച്ചാൽപോലും ഞാനില്ല...’’ എന്നിങ്ങനെ തുടങ്ങുന്ന രസകരമായ പാട്ടിന്റെ ചരണം ഇങ്ങനെ.

‘‘ഡിംപിൾ കപാഡിയയ്ക്കമ്പലം തീർത്തതിൽ/ എണ്ണവിളക്ക് കൊളുത്തേണം/ അടൂർ ഭാസിയെ തോളിലൊന്നേറ്റി/ കാക്കക്കാവടിയാടേണം/ കുംഭ കുലുക്കി കുംഭകുലുക്കി/ കൊട്ടക ചുറ്റി നടക്കേണം/ കണ്ണീർക്കാവടി കണ്ണീർക്കാവടി/ വർണക്കാവടി സ്വർണക്കാവടി/ കാവടി കാവടി കാവടി/ ഉം വരുന്നേ... പോ...പോ...’’

ഉമ്മർ, സത്യൻ, നസീർ, പി.ജെ. ആന്റണി തുടങ്ങിയവരും അടുത്ത രണ്ടു ചരണങ്ങളിലായി വരുന്നുണ്ട്.

പൂവച്ചൽ ഖാദർ തന്നെ എഴുതിയ ‘‘പുരുഷന്മാരുടെ ഗന്ധം...’’ എന്ന് തുടങ്ങുന്ന ഗാനം എസ്. ജാനകിയാണ് പാടിയത്. ‘‘പുരുഷന്മാരുടെ ഗന്ധം -എൻ/ സിരകൾക്കു മകരന്ദം/ മാറിലെ തുകിലുകൾ മുറുകുന്നു -എൻ/ മാനസതാളങ്ങളുലയുന്നു’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം പതിവുരീതിയിൽ എൽ.ആർ. ഈശ്വരി പാടേണ്ടതാണ്. എസ്. ജാനകി ഈ ഗാനം മനോഹരമായി പാടി.

ബിച്ചു തിരുമല എഴുതിയ ഗാനത്തിന്റെ പല്ലവിയിങ്ങനെ: ‘‘കമലശരൻ കാഴ്ചവെച്ച കണിമലരേ നിന്റെ/ മിഴികളിലെ കള്ളക്കഥകൾ കൈവശമാക്കും/ കരളിനുള്ളിൽ ഒളിഞ്ഞിരിക്കും കൗശലമെല്ലാം -ഇന്ന്/ കവടിവെച്ച് കണ്മഷി നോക്കി കണ്ടുപിടിക്കും...’’

യേശുദാസും എൽ.ആർ. ഈശ്വരിയും ചേർന്നു പാടിയ യുഗ്മഗാനമാണിത്. ചിത്രത്തിലെ നാലാമത്തെ ഗാനം ശ്രീമൂലനഗരം വിജയൻ എഴുതി. സീറോ ബാബുവാണ് ഈ ഗാനം പാടിയത്. ‘‘കാന്താരി... കാന്താരി/ കാന്താരി പാത്തുമ്മത്താത്തേടെ/കദീസാനെ കണ്ടപ്പം/ ഖൽബില് ഞമ്മക്ക് ഹാല്/ കളിയല്ല, നീലക്കരിമ്പിന്റെ നീരാണ്/ കിളിമിഴിയാളുടെ ശേല്...’’

1975 ഏപ്രിൽ 18ന് റിലീസ് ചെയ്‍ത ‘ക്രിമിനൽസ്’ എന്ന ചിത്രം നിർമാതാവും സംവിധായകനും ധാരാളം വിട്ടുവീഴ്ചകൾ ചെയ്തിട്ടും ശരാശരി വിജയമേ നേടിയുള്ളൂ.

(തു​ട​രും)

News Summary - Malayalam film Song history