‘പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം’

‘ചീനവല’യിലെ ‘‘തളിർവലയോ... താമരവലയോ...’’ എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇതിലെ മുഖ്യ ആകർഷണംതന്നെ പാട്ടുകളായിരുന്നു. സംഗീതയാത്ര തുടരുന്നു. എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ സംവിധായക നിർമാതാവായ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോയിൽ ഒരുക്കിയ ചിത്രമാണ് ‘ചീനവല’. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ചീനവല’യിലെ മുഖ്യ ആകർഷണം വയലാർ രാമവർമ എഴുതി എം.കെ. അർജുനൻ ഈണം നൽകിയ...
Your Subscription Supports Independent Journalism
View Plans- Unlimited access to Madhyamam Weekly Articles and Archives ........
- Experience ‘Ad Free’ article pages
‘ചീനവല’യിലെ ‘‘തളിർവലയോ... താമരവലയോ...’’ എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇതിലെ മുഖ്യ ആകർഷണംതന്നെ പാട്ടുകളായിരുന്നു. സംഗീതയാത്ര തുടരുന്നു.
എക്സെൽ പ്രൊഡക്ഷൻസിന്റെ പേരിൽ സംവിധായക നിർമാതാവായ കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോയിൽ ഒരുക്കിയ ചിത്രമാണ് ‘ചീനവല’. പ്രേംനസീർ, ജയഭാരതി, തിക്കുറിശ്ശി, ശങ്കരാടി, അടൂർ ഭാസി, കെ.പി.എ.സി ലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ചീനവല’യിലെ മുഖ്യ ആകർഷണം വയലാർ രാമവർമ എഴുതി എം.കെ. അർജുനൻ ഈണം നൽകിയ പാട്ടുകളായിരുന്നു.
‘‘തളിർവലയോ... താമരവലയോ...’’ എന്നു തുടങ്ങുന്ന ഗാനത്തിന് ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു. അർജുനൻ ഈണം പകർന്ന മികച്ച ഗാനങ്ങളിൽ ഒന്നാണത്. ശാരംഗപാണി തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രം ചീനവല വലിച്ച് കായൽക്കരയിൽ ജീവിക്കുന്ന മൂന്നുപേരുടെയും അവരുടെ മക്കളുടെയും കഥയാണ് പറയുന്നത്. ചിത്രത്തിൽ അഞ്ചു ഗാനങ്ങൾ ഉണ്ടായിരുന്നു. യേശുദാസ്, പി. സുശീല, ബി. വസന്ത, അമ്പിളി എന്നിവർ ഗാനങ്ങൾ ആലപിച്ചു. യേശുദാസ് ആലപിച്ച ‘‘തളിർവലയോ താമരവലയോ...’’ എന്നാരംഭിക്കുന്ന പാട്ടിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു:
‘‘തളിർവലയോ താമരവലയോ/ താലിപൊൻവലയോ/ നിൻ ശൃംഗാര ചിപ്പിയിൽ വീണതു/ സ്വപ്നവലയോ പുഷ്പവലയോ/ തളിർവലയോ താമരവലയോ...’’ ഗാനത്തിന്റെ ആദ്യചരണം ഇങ്ങനെ: ‘‘വേമ്പനാട്ടു കായൽക്കരയിൽ/ വെയിൽപ്പിറാവ് ചിറകുണക്കും/ ചീനവലക്കരികിൽ/ അരികിൽ അരികിൽ/ ചീനവലക്കരികിൽ/ ആടിവാ അണിഞ്ഞുവാ പെണ്ണാളേ/ നാളെ ആരിയൻകാവിൽ നമ്മുടെ താലികെട്ട്/ ആയിരം പൂപ്പാലികയിലെ സിന്ദൂരം ചൂടിവരാം/ പോയിവരാം പോയിവരാം.’’
ചിത്രത്തിലെ അടുത്ത മികച്ച ഗാനം പി. സുശീല പാടിയതാണ്: ‘‘പൂന്തുറയിൽ അരയന്റെ പൊന്നരയത്തി/ പുഞ്ചിരികൊണ്ടൊരു പൊട്ടുകുത്തി/ ഈ പുഞ്ചിരി/ ഈ പുഞ്ചിരികൊണ്ടൊരു പൊട്ടുകുത്തി/ പുടവയും മാലയും വാങ്ങും മുൻപേ/ പുരുഷന്റെ ചൂടുള്ള മുത്തുകിട്ടി’’ എന്നിങ്ങനെ പല്ലവി.
യേശുദാസ് പാടിയ ചിത്രത്തിലെ ശീർഷകഗാനം ‘‘അഴിമുഖത്തു പറന്നുവീണ ഗരുഡനെ പോലെ’’ എന്ന് ആരംഭിക്കുന്നു.
‘‘അഴിമുഖത്തു പറന്നുവീണ ഗരുഡനെ പോലെ/ ആറ്റിലെ മീൻപിടിക്കും കഴുകനെ പോലെ/ നിഴൽപരത്തും ചീനവല ചീനവല.../ ഇതു നെയ്തെടുത്താരുടെ കൈവേല...’’ എന്നു പല്ലവി.

വയലാർ രാമവർമ,എ.ടി. ഉമ്മർ
‘‘മുഖം നിറയെ മുത്താണോ/ നെഞ്ചിൽ മുഖത്തോടു മുഖം നോക്കും സ്വപ്നമാണോ’’ എന്നിങ്ങനെ മധുരമായി തന്നെ ആദ്യചരണം തുടങ്ങുന്നു.
വൈകാരിക തീവ്രതയുള്ള ഒരു പാട്ട് യേശുദാസും വസന്തയും ചേർന്നു പാടി. ആ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കന്യാദാനം കത്തുന്ന പ്രേമത്തിൻ ചുടലയിൽ വെച്ചൊരു കന്യാദാനം/ കാലം സ്തംഭിച്ചുനിന്നു കാമം ദാഹിച്ചു നിന്നു/ കന്യാദാനം കന്യാദാനം/ ആരെല്ലാം ആരെല്ലാം കൂടെപ്പോകും/ ആയിരം ദുഃഖങ്ങൾ കൂടെ പോകും/ എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും/ ഏകാന്ത സ്വപ്നങ്ങൾ കൊണ്ടുപോകും/ ദുഃഖങ്ങൾക്കെത്ര വയസ്സായി/ സ്വപ്നങ്ങളോളം വയസ്സായി/ വധുവാര് വധുവാര്/ വിരഹത്തിൻ കതിർകാണാപ്പക്ഷി...’’ കഥാസന്ദർഭവുമായി ലയിച്ചു ചേരുന്നുണ്ട്, വയലാറിന്റെ ഈ രചന.
പി. സുശീല പാടിയ ‘‘പൂന്തുറയിൽ അരയന്റെ പൊന്നനുജത്തി...’’ എന്ന ഗാനം ഗായിക അമ്പിളിയുടെ ശബ്ദത്തിൽ ആവർത്തിക്കുന്നുണ്ട്. 1975 ഡിസംബർ 24ന് പുറത്തുവന്ന ‘ചീനവല’ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.
പ്രശസ്‌ത നിർമാതാവായ ആർ.എസ്. പ്രഭു ശ്രീരാജേഷ് ഫിലിംസിന്റെ പേരിൽ നിർമിച്ച ‘അഭിമാനം’ എന്ന സിനിമ ശശികുമാർ സംവിധാനംചെയ്തു, നാഗേശ്വര റാവുവും കൃഷ്ണകുമാരിയും നായകനും നായികയുമായി. ‘ഭാര്യാഭർത്ത്രുലു’ എന്ന പേരിൽ തെലുഗുവിലും ശിവാജി ഗണേശനെയും ബി. സരോജ ദേവിയെയും ഉൾപ്പെടുത്തി ‘ഇരുവർ ഉള്ളം’ എന്ന പേരിൽ തമിഴിലും നിർമിക്കപ്പെട്ട കഥയെ അവലംബമാക്കിയാണ് ‘അഭിമാനം’ എന്ന ചിത്രം നിർമിച്ചത്. മലയാളത്തിൽ പ്രേംനസീറും ശാരദയും നായകനും നായികയുമായി.
തിക്കുറിശ്ശി, ശോഭ, അടൂർ ഭാസി, സുകുമാരി, കവിയൂർ പൊന്നമ്മ, ശങ്കരാടി, മീന, എസ്.പി. പിള്ള, മണവാളൻ ജോസഫ്, ശ്രീലത, മല്ലിക തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവും എഴുതി. ചിത്രത്തിൽ ഏഴു പാട്ടുകൾ ഉണ്ടായിരുന്നു. അഞ്ച് പാട്ടുകൾ ശ്രീകുമാരൻ തമ്പിയും ഒരു പാട്ട് ഭരണിക്കാവ് ശിവകുമാറും എഴുതി. കീചകവധം പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഒരു കവിതയുടെ ഭാഗവും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. ശ്രീകുമാരൻ തമ്പി എഴുതി എ.ടി. ഉമ്മർ ഈണം പകർന്ന് യേശുദാസ് ആലപിച്ച ‘‘പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം...’’ എന്ന പ്രശസ്ത ഗാനം ഈ ചിത്രത്തിലുള്ളതാണ്.

എം.കെ. അർജുനൻ,ഭരണിക്കാവ് ശിവകുമാർ
‘‘പൊട്ടിക്കരഞ്ഞുകൊണ്ടോമനേ ഞാനെന്റെ/ കുറ്റങ്ങൾ സമ്മതിക്കാം/ മനസ്സിനെ താമരയാക്കിയ ലക്ഷ്മീ/ മാപ്പു തരൂ/ എനിക്കു നീ മാപ്പു തരൂ’’ എന്ന പല്ലവി ഏറെ പ്രശസ്തം. ആദ്യചരണം ഇങ്ങനെ: ‘‘പാപത്തിൻ കഥകൾ രചിച്ചൊരെൻ കയ്യാൽ നിൻ/ പൂമേനി തൊടുകയില്ല/ അമ്പലപ്പൂ പോൽ വിശുദ്ധമാമധരം/ ചുംബിച്ചുലയ്ക്കുകില്ല/ ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ/ വാടിയ നിർമാല്യം ഞാൻ.’’
യേശുദാസ് പാടിയ ചിത്രത്തിലെ മറ്റു രണ്ടു പാട്ടുകളും ഹിറ്റുകളായി.

യേശുദാസും ബ്രഹ്മാനന്ദനും
‘‘തപസ്സുചെയ്യും താരുണ്യമേ/ മദനലാവണ്യമേ/ നീലലോചനം തുറക്കൂ മുന്നിൽ/ നിന്റെ ദേവൻ പ്രത്യക്ഷനായ്’’ എന്നു തുടങ്ങുന്ന ഗാനമാണ് ഒന്ന്. ‘‘ഈ നീലത്താമരമിഴികൾ/ കരിനീലക്കടലിൻ ചുഴികൾ/ അനുരാഗത്തിൻ മുത്തും പവിഴവും/ ആയിരം വിളയും ചുഴികൾ.../ ചുഴികൾ... ചുഴികൾ’’ എന്ന് തുടങ്ങുന്നു അടുത്ത ഗാനം. ഈ പല്ലവിക്കുശേഷം പാട്ടിനോട് ചേർന്ന് വരുന്ന സംഭാഷണമാണ്. ‘‘ഓമനേ, നിന്റെ കണ്ണുകളിലാണ് പ്രേമത്തിന്റെ തിരയടികൾ ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ടത്.’’
ശ്രീകുമാരൻ തമ്പി എഴുതിയ നാലാമത്തെ ഗാനം പി. സുശീലയാണ് പാടിയത്. ഈ ഗാനവും പ്രശസ്തമാണ്.
‘‘ചിലങ്ക കെട്ടിയാൽ പ്രതിമ തൻ കാലിൽ/ ചിലമ്പുമോ താളം/ തളർന്നുറങ്ങും ഹൃദയവീണയിൽ/ തുളുമ്പുമോ രാഗം.../ രാഗം -തുളുമ്പുമോ രാഗം’’ എന്ന പല്ലവിക്കു ശേഷം ‘‘കറുത്ത വാവിനെ പൗർണമിയാക്കാൻ/ കൊതിക്കുകില്ലാ ഞാൻ...” എന്നിങ്ങനെ ആദ്യചരണം തുടങ്ങുന്നു.
ജയചന്ദ്രനും മാധുരിയും ചേർന്ന് പാടിയ ഹാസ്യഗാനവും ശ്രീകുമാരൻ തമ്പിയാണ് രചിച്ചത്.
‘‘കണ്മണിയേ ഉറങ്ങ് -എൻ/ കണിമലരേ ഉറങ്ങ്. മതി മതി നിനക്കിളയവരിനി/ വരികയില്ല നീയുറങ്ങ്/ നീയുറങ്ങ്/ ആരാരോ... ആരാരോ... ആരാരോ.’’
അഞ്ചു കുട്ടികളുള്ള അച്ഛനമ്മമാർ കുടുംബസംവിധാനത്തെ ഭയന്ന് പാടുന്ന പാട്ട്. വരികൾ ഇങ്ങനെ തുടരുന്നു: ‘‘ചിരിയിലല്ലേ തുടക്കം -/ പിന്നെ പ്രതിജ്ഞയെല്ലാം മുടക്കം/ കള്ളക്കണ്ണും കോട്ടുവായും/ അപകടത്തിൻ തുടക്കം.../ നോക്കാതെ എന്നെ നോക്കാതെ/ ഈ നോട്ടത്തിലെൻ ബ്രഹ്മചര്യം/ കാഷായം വലിച്ചെറിയും.”
ഭരണിക്കാവ് ശിവകുമാർ എഴുതിയ ഗാനം ഒരു പ്രാർഥനയാണ്. പി. സുശീല ഈ ഗാനം പാടി.
“കൃഷ്ണ ഹരേ ജയ കൃഷ്ണഹരേ/ കൃഷ്ണ ഹരേ ജയ കൃഷ്ണഹരേ/ ശ്രീതിലകം തിരുനെറ്റിയിലണിയും/ ശ്രീവത്സാങ്കിത കാർവർണാ/ നിൻ മുരളീരവ യമുനയിൽ എന്റെ/ നിത്യവിഷാദങ്ങൾ അലിയട്ടെ...”
പല്ലവിക്കു ശേഷം വീണ്ടും “കൃഷ്ണഹരേ...” എന്ന വരികൾ തുടരുന്നു.
കീചകവധം വിഷയമാക്കി രചിക്കപ്പെട്ട ഒരു പരമ്പരാഗത ഗാനത്തിൽനിന്നുള്ള (കൈകൊട്ടിക്കളിപ്പാട്ട്) ചില വരികളും ചിത്രത്തിലുണ്ട്. മാധുരിയാണ് ഈ വരികൾ പാടിയത്. ഈ ഗാനത്തിന്റെ രചയിതാവ് ശ്രീകുമാരൻ തമ്പിയാണെന്ന് ചില രേഖകളിൽ കാണുന്നു. അത് ശരിയല്ല. വരികൾ ഇങ്ങനെ തുടങ്ങുന്നു:
‘‘മദനപരവശ ഹൃദയനാകിയ/ കീചകന്റെ മനോരഥം/ കദനതരളിതമാനസത്തോ-/ ടീവണ്ണമങ്ങനെ കേൾക്കയാൽ/ വദന സരസിജ കോമളാഭ/ കുറഞ്ഞു മാലിനി പിന്തിരിഞ്ഞ/ തനു കോപമിയന്നു കാതുകൾ/ പൊത്തിയുത്തരമേകിനാൾ...”
1975 ഡിസംബർ 25നാണ് ‘അഭിമാനം’ പ്രദർശനത്തിനെത്തിയത്. ചിത്രം നല്ല അഭിപ്രായവും നല്ല കലക്ഷനും നേടിയെടുത്തു.
രാജപ്രിയ പിക്‌ചേഴ്‌സിനുവേണ്ടി ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്‍ത ‘കുട്ടിച്ചാത്തൻ’ എന്ന ചിത്രവും 1975 ക്രിസ്മസ് ദിനത്തിലാണ് റിലീസ് ചെയ്തത്. എം.പി. നാരായണപിള്ളയുടെ പ്രശസ്ത കഥയാണ് ചിത്രത്തിന് ആധാരം. മറ്റൊരു പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ കാക്കനാടൻ തിരക്കഥയും സംഭാഷണവും രചിച്ചു. എം.പി. നാരായണപിള്ളയും കാക്കനാടനും ഒരുമിക്കുന്നു എന്നു കേൾക്കുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ, ‘കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. വെട്ടൂർ പുരുഷൻ എന്ന ‘കൊച്ചുമനുഷ്യൻ’ ആണ് നായകനായത്. കെ.പി. ഉമ്മർ, വിൻെസന്റ്, വിധുബാല, രാജകോകില, അടൂർ ഭാസി, ബഹദൂർ, മീന, കുതിരവട്ടം പപ്പു തുടങ്ങിയവരും ‘കുട്ടിച്ചാത്തനി’ൽ വേഷമിട്ടു.
വയലാർ രാമവർമ രചിച്ച മൂന്നു പാട്ടുകളും ഭരണിക്കാവ് ശിവകുമാർ എഴുതിയ ഒരു പാട്ടും ‘കുട്ടിച്ചാത്തനി’ൽ ഉണ്ടായിരുന്നു. ഈ നാല് ഗാനങ്ങൾ ആർ.കെ. ശേഖറിന്റെ സംഗീതത്തിൽ യേശുദാസ്, എസ്. ജാനകി, ബ്രഹ്മാനന്ദൻ എന്നിവർ പാടി. ‘‘ഇപ്പോഴോ സുഖമപ്പഴോ സുഖം ഇക്കിളിപ്പൂവേ/ നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ, രാത്രികൾ/ സ്വർണക്കൈവലയത്തിൽ ഒതുക്കുമ്പോഴോ...’’ എന്ന പല്ലവിയുള്ള പാട്ട് യേശുദാസ് പാടി. പാട്ടിലെ വരികൾ ഇങ്ങനെ തുടരുന്നു: ‘‘ഇളം മഞ്ഞ് നൽകിയ രണ്ടാം മുണ്ടും/ കളിയരഞ്ഞാണവും ഉലയുമ്പോഴോ/ കാറ്റിൽ ഉലയുമ്പോഴോ.../ ചന്ദനലതയുടെ നഖമുള്ള കൈവിരൽ/ ചികുരഭാരങ്ങളിൽ ഇഴയുമ്പോഴോ...’’ എസ്. ജാനകി പാടിയ ‘‘കാവേരീ... കാവേരീ’’ എന്ന ഗാനവും വയലാർ എഴുതിയതാണ്. ‘‘കാവേരീ കാവേരീ/ കരിമ്പിൻ കാട്ടിലൂടെ/ കടംകഥപ്പാട്ടിലൂടെ/ കവിതപോലൊഴുകും കാവേരീ... കാവേരീ/ നിൻ തീരത്തിലെ ഇടിഞ്ഞു പൊളിഞ്ഞൊരു/ നീലക്കല്ലൊതുക്കിൻ അരികിൽ/ ആയിരം നിഴലുകൾ വേതാളനൃത്തങ്ങൾ/ ആടുമീയിരുൾ മണ്ഡപത്തിൽ/ ഏതോ കാമുകനെ തേടിയലഞ്ഞു വന്ന.../ തേതൊരമാവാസി രാത്രി... രാത്രി... രാത്രി.../ പേടിസ്വപ്നങ്ങൾ കറുത്ത പൂവിടർത്തും രാത്രി.”
ബ്രഹ്മാനന്ദൻ പാടിയ ഒരു കാളീസ്തുതിയും വയലാർ രചിച്ചതാണ്. ഗാനം ഇങ്ങനെ ആരംഭിക്കുന്നു: “ഓം ഹ്രീം ഓം ഹ്രീം ഓം ഹ്രീം/ ഓം കാളി മഹാകാളി ഭദ്രകാളി/ ഓംകാരത്തൂടി കൊട്ടും രുദ്രകാളീ/ ജയഭദ്രകാളീ...” എന്നു പല്ലവി.

പി. ജയചന്ദ്രൻ
“ചെഞ്ചിടയിൽ മണിനാഗഫലങ്ങളാടി/ ചെത്തിപ്പൂ അസ്ഥിപ്പൂമാലകൾ ആടി/ ദാരുകശിരസ്സിലെ രുധിരം നിറയും/ താമരത്തളികകൾ പന്താടി/ താണ്ഡവമാടും രക്‌തേശ്വരീ.../ ജയ രക്‌തേശ്വരീ...” എന്നിങ്ങനെ ഈ കാളീസ്തുതി തുടരുന്നു.
ചിത്രത്തിൽ അവശേഷിക്കുന്ന നാലാമത്തെ ഗാനം ഭരണിക്കാവ് ശിവകുമാർ രചിച്ചതാണ്. യേശുദാസും പി. സുശീലയും ചേർന്നാണ് ഈ യുഗ്മഗാനം പാടിയത്.
“രാഗങ്ങൾ ഭാവങ്ങൾ/ മോഹമുണർത്തും സ്വപ്‌നങ്ങൾ/ പത്മദള കുമ്പിളുമായ്/ ആശംസകൾ തൻ പൂവിതറും” എന്ന പല്ലവിക്കുശേഷം ചരണം ഇങ്ങനെ ആരംഭിക്കുന്നു.
“ശ്രാവണപ്പൂ പഞ്ചമിയിൽ/ ശ്രീ വിടർത്തും ജന്മദിനം/ ഈ ദിനത്തിൽ നിനക്കായ് ഞാൻ/ അഭിനന്ദനങ്ങൾ ചൊരിയട്ടെ...”
‘കുട്ടിച്ചാത്തൻ’ എന്ന ക്രോസ് ബെൽറ്റ് മണി ചിത്രവും 1975 ഡിസംബർ 25ന് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തി. മൂന്നു സിനിമകൾ തമ്മിൽ മത്സരിച്ചു.
‘ചീനവല’യും ‘അഭിമാന’വും വിജയം കണ്ടു. ‘കുട്ടിച്ചാത്തൻ’ പരാജയപ്പെട്ടു.