Begin typing your search above and press return to search.

ഈ വഴിയും ഈ മരത്തണലും എ.ടി. ഉമ്മറിന്റെ സംഗീതം

ഈ വഴിയും ഈ മരത്തണലും   എ.ടി. ഉമ്മറിന്റെ സംഗീതം
cancel

1953ൽ പുറത്തുവന്ന ‘ആശാദീപം’ എന്ന ചിത്രത്തിൽ സംഭാഷണ രചയിതാവായി പൊൻകുന്നം വർക്കിയും ജെമിനി ഗണേശൻ അടക്കമുള്ള നടീനടന്മാർക്കു മലയാളത്തിൽ സംഭാഷണം പറഞ്ഞുകൊടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടറായും ഗാനരചയിതാവായും പി. ഭാസ്കരനും പ്രവർത്തിച്ചു, വർഷങ്ങൾക്കുശേഷം നിർമാതാവായി വന്നപ്പോഴും പൊൻകുന്നം വർക്കി തൊഴിലാളികളുടെ പ്രശ്നമാണ് തന്റെ ചിത്രത്തിന് വിഷയമാക്കിയത് –സംഗീതയാത്ര ‘ഇടതുവഴി’കളിലൂടെ തുടരുന്നു. ആർ.എസ്. പ്രഭു ശ്രീരാജേഷ്‌ ഫിലിംസിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘ആരണ്യകാണ്ഡം’. ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൽ. പുരം സദാനന്ദനാണ്. പ്രേംനസീർ നായകനും...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages
1953ൽ പുറത്തുവന്ന ‘ആശാദീപം’ എന്ന ചിത്രത്തിൽ സംഭാഷണ രചയിതാവായി പൊൻകുന്നം വർക്കിയും ജെമിനി ഗണേശൻ അടക്കമുള്ള നടീനടന്മാർക്കു മലയാളത്തിൽ സംഭാഷണം പറഞ്ഞുകൊടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടറായും ഗാനരചയിതാവായും പി. ഭാസ്കരനും പ്രവർത്തിച്ചു, വർഷങ്ങൾക്കുശേഷം നിർമാതാവായി വന്നപ്പോഴും പൊൻകുന്നം വർക്കി തൊഴിലാളികളുടെ പ്രശ്നമാണ് തന്റെ ചിത്രത്തിന് വിഷയമാക്കിയത് –സംഗീതയാത്ര ‘ഇടതുവഴി’കളിലൂടെ തുടരുന്നു.

ആർ.എസ്. പ്രഭു ശ്രീരാജേഷ്‌ ഫിലിംസിന്റെ പേരിൽ നിർമിച്ച സിനിമയാണ് ‘ആരണ്യകാണ്ഡം’. ശശികുമാർ സംവിധാനംചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് എസ്.എൽ. പുരം സദാനന്ദനാണ്. പ്രേംനസീർ നായകനും ശ്രീവിദ്യ നായികയുമായി. എം.ജി. സോമൻ, തിക്കുറിശ്ശി, എസ്.പി. പിള്ള, അടൂർ ഭാസി, ശങ്കരാടി, സുകുമാരി, മീന, ശ്രീലത, ഉഷാറാണി, പറവൂർ ഭരതൻ, ഫിലോമിന, കുഞ്ചൻ തുടങ്ങിയവർ അഭിനയിച്ചു. ചിത്രത്തിൽ ഏഴു ഗാനങ്ങളുണ്ടായിരുന്നു. അഞ്ചു ഗാനങ്ങൾ പി. ഭാസ്കരനും രണ്ടു ഗാനങ്ങൾ ഭരണിക്കാവ് ശിവകുമാറും എഴുതി. പി. ഭാസ്കരൻ എഴുതിയ ‘‘ഈ വഴിയും ഈ മരത്തണലും...’’ എന്നു തുടങ്ങുന്ന ഗാനം അവിസ്മരണീയം. മലയാളത്തിലെ സൂപ്പർഹിറ്റ് ഗാനങ്ങളിലൊന്നായി അംഗീകാരം നേടിയ ഗാനമാണിത്.

‘‘ഈ വഴിയും ഈ മരത്തണലും/ പൂവണിമരതക പുൽമെത്തയും/ കൽപനയെ പുറകോട്ടു ക്ഷണിക്കുന്നു/ കഴിഞ്ഞ രംഗങ്ങൾ തെളിയുന്നു’’ എന്ന പല്ലവിയും തുടർന്നുവരുന്ന ചരണങ്ങളും ആലോചനാമധുരങ്ങളാണ്. ആദ്യചരണം ഇങ്ങനെ: ‘‘ഇടവപ്പാതിയിൽ കുടയില്ലാതെ/ ഇലഞ്ഞിമരച്ചോട്ടിൽ ഇരുന്നു നമ്മൾ/ പണ്ടിരുന്നു നമ്മൾ/ കുടവുമായ് വന്ന വർഷമേഘസുന്ദരി,/ കുളിപ്പിച്ചു/നമ്മെ കുളിപ്പിച്ചു...’’

ഈ ഗാനത്തിൽ നിറയുന്ന ഗൃഹാതുരത്വത്തിന്റെ സൗന്ദര്യം ഒപ്പിയെടുത്ത് എഴുതിയ രണ്ടു ഗാനങ്ങൾകൂടി മലയാള സിനിമയിൽ വന്നിട്ടുണ്ട്. ആ രണ്ടു പാട്ടുകൾ മറ്റു രണ്ടു ഗാനരചയിതാക്കളാണ് എഴുതിയിട്ടുള്ളത്.

യേശുദാസ് പാടിയ മറ്റൊരു ഭാസ്‌കര രചനയും ഹിറ്റ്‌ലിസ്റ്റിൽ പെടുന്നു: ‘‘കളഭക്കുറിയിട്ട മുറപ്പെണ്ണേ –നിന്റെ/ കളിയും ചിരിയും എവിടെപ്പോയ് –/ ഇന്നെവിടെ പോയ്?/ മൗനംനിന്നധരത്തെ മുദ്രവെച്ചടച്ചോ.../ നാണം നിൻ കവിളത്ത് കുങ്കുമം തേച്ചോ..?/ അഞ്ജനക്കണ്ണെഴുതാൻ കൗമാരമണഞ്ഞല്ലോ/ കഞ്ജബാണൻ നിനക്കുറ്റ കളിത്തോഴനായ്’’ എന്നിങ്ങനെ തുടരുന്ന ഗാനവും ലാളിത്യം തുളുമ്പുന്ന രചനതന്നെ. പി. ഭാസ്കരന്റെ മൂന്നാമത്തെ രചന ഒരു യുഗ്മഗാനമാണ്. യേശുദാസും മാധുരിയും ചേർന്ന് പാടിയിരിക്കുന്നു. നായകൻ ചോദിക്കുന്നു: ‘‘ഞാനൊരു പൊന്മണി വീണയായ് മാറിയാൽ/ പ്രാണസഖീ നീയെന്തു ചെയ്യും?’’

നായികയുടെ മറുപടി ഇങ്ങനെ: ‘‘ഞാനൊരു മധുമയ ഗാനമായ് നീയാകും/ വീണതൻ തന്ത്രിയിൽ ഒളിച്ചിരിക്കും.’’ നായകന്റെ അടുത്ത ചോദ്യം: ‘‘കാമ്യപദാവലി കോർത്തൊരു നിരുപമ/ കാവ്യമായ് ഞാനിന്നു മാറിയെങ്കിൽ..?’’ അതിനും നായികക്ക് ഉചിതമായ മറുപടിയുണ്ട്: ‘‘അധരപുടത്താൽ രാപ്പകൽ രാപ്പകൽ/ അതിനെ ഞാനോമനിച്ചാസ്വദിക്കും...’’

പി. ഭാസ്കരൻ എഴുതിയ അടുത്തഗാനം കമുകറ പുരുഷോത്തമനും കൂട്ടരും ആലപിച്ചു. ‘‘നാരായണാ ഹരേ നാരായണാ/ മോക്ഷസ്വരൂപനാം നാരായണാ/ ഈരേഴു പാരിനും നാരായവേരായ/കാരുണ്യവാരിധി നീയല്ലയോ’’ എന്ന് തുടങ്ങുന്നു ഈ ഭജനാഗീതം. ‘ആരണ്യകാണ്ഡ’ത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതിയ അഞ്ചാമത്തെ പാട്ട് എൽ.ആർ. ഈശ്വരിയുടെ ശബ്ദത്തിലാണ് വന്നിട്ടുള്ളത്.

‘‘കലയുടെ പാലലച്ചോലയിലൊഴുകുന്ന/ കൽഹാരകുസുമം ഞാൻ.../ കാറ്റത്തു പാറിവന്നു ദേവന്റെ കാലിൽ വീണ/ കല്യാണസൗഗന്ധികമാണു ഞാൻ’’ എന്നിങ്ങനെ ആരംഭിക്കുന്ന ഗാനം.

ഭരണിക്കാവ് ശിവകുമാർ എഴുതിയ ഒരു പാട്ട് യേശുദാസും രണ്ടാമത്തേത് മാധുരിയും പാടി. ‘‘മഞ്ഞലച്ചാർത്തിലെ മന്ദാരമല്ലിക നീ/ മയങ്ങിമയങ്ങിയാടൂ –മനോഹരീ/ കുണുങ്ങിക്കുണുങ്ങിയാടൂ.../ മലർവനം തന്നിലെ കുളിരണിക്കാറ്റു നീ/ ഇളകിയിളകിയാടൂ –ചിലങ്കകൾ/ കിലുങ്ങിക്കിലുങ്ങിയാടൂ...’’ എന്ന് തുടങ്ങുന്ന ഗാനമാണ്‌ യേശുദാസ് പാടിയത്.

മാധുരി ശബ്ദം നൽകിയ ഭരണിക്കാവിന്റെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു: ‘‘കൃഷ്ണാ യദുനന്ദനാ ശ്രീഗോപകുമാരാ/ യമുനാപുളിനവിഹാരീ/ നിൻ പാദത്തളിരിലെൻ/ ദുഃഖത്തിൻ കണ്ണുനീർ-/പുഷ്പങ്ങൾ അർപ്പിക്കുന്നു...’’

‘‘ആർ.എസ്. പ്രഭു നിർമിച്ച മിക്കവാറും എല്ലാ ചിത്രങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത് എ.ടി. ഉമ്മർ ആണ്.ഉമ്മറിന്റെ ഏറ്റവും മികച്ച പാട്ടുകൾ വന്നിട്ടുള്ളതും പ്രഭുവിന്റെ സിനിമകളിലാണ്. ‘ആഭിജാത്യം’ എന്ന സിനിമതന്നെ ഏറ്റവും മികച്ച ഉദാഹരണം. ‘ആഭിജാത്യ’ത്തിന്റെ ഗാനരചയിതാവും പി. ഭാസ്കരൻ ആയിരുന്നു.

1975 ജനുവരി 23നു പുറത്തു വന്ന ‘ആരണ്യകാണ്ഡം’ എന്ന ചിത്രം സാമ്പത്തിക വിജയം നേടി.

 

പി. ജയചന്ദ്രൻ,പി. മാധുരി,കസ്തൂരി ശങ്കർ

പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും മലയാള സിനിമയിലെ ആദ്യകാല സിനിമകളുടെ (നവലോകം, ആശാദീപം, സ്നേഹസീമ, വിയർപ്പിന്റെ വില തുടങ്ങിയ സിനിമകൾ ഉദാഹരണം) തിരക്കഥാകൃത്തുമായ പൊൻകുന്നം വർക്കി സ്വന്തമായി നിർമിച്ച ചിത്രമാണ് ‘ചലനം’. നിർമാണക്കമ്പനിയുടെ പേര് കാവ്യധാര. പൊൻകുന്നം വർക്കി തന്നെ ഈ സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതി. 1937നോട് അടുത്ത കാലഘട്ടത്തിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ജീവൽസാഹിത്യം’ പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയ സംഘത്തിൽ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നത് ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരൻ, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരായിരുന്നു.

പൊൻകുന്നം വർക്കി, പി. ഭാസ്കരൻ തുടങ്ങിയവർ അതിന്റെ മുൻനിരയിൽ ഉണ്ടായിരുന്നു. 18ാമത്തെ വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ച വിപ്ലവകവിയാണ് പി. ഭാസ്കരൻ. അതിനെത്തുടർന്നാണ് യൗവനാരംഭത്തിൽതന്നെ അദ്ദേഹം ‘വയലാർ ഗർജിക്കുന്നു’ എന്ന പ്രശസ്‌ത കാവ്യം എഴുതിയത്. പൊൻകുന്നം വർക്കിയുടെ ആദ്യകാല രചനകളും ഇതേ ജനുസ്സിൽപെട്ടവയായിരുന്നു. പൊൻകുന്നം വർക്കി തിരക്കഥയെഴുതിയ ‘നവലോകം’ എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി ഒരു തൊഴിലാളിസമരം വിഷയമാകുന്നത്. 1950നോടടുത്ത് കൊല്ലത്തു ചേർന്ന പുരോഗമന സാഹിത്യ സമ്മേളനത്തിൽ വെച്ചാണ് ഇ.എം.എസുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് പി. ഭാസ്കരൻ പാർട്ടി മെംബർഷിപ് പുതുക്കാതിരുന്നത്. അദ്ദേഹം വൈകാതെ ഗാനരചയിതാവായും നടീനടന്മാരെ സംഭാഷണം പഠിപ്പിക്കുന്ന സംവിധാന സഹായിയായും സിനിമയിൽ പ്രവേശിച്ചു. അധികം വൈകാതെ പൊൻകുന്നം വർക്കിയും തിരക്കഥാകൃത്തായി സിനിമയിലെത്തി. 1953ൽ പുറത്തുവന്ന ‘ആശാദീപം’ എന്ന ചിത്രത്തിൽ സംഭാഷണ രചയിതാവായി പൊൻകുന്നം വർക്കിയും ജെമിനി ഗണേശൻ അടക്കമുള്ള നടീനടന്മാർക്കു മലയാളത്തിൽ സംഭാഷണം പറഞ്ഞുകൊടുക്കുന്ന അസിസ്റ്റന്റ് ഡയറക്ടറായും ഗാനരചയിതാവായും പി. ഭാസ്കരനും പ്രവർത്തിച്ചു.

വർഷങ്ങൾക്കുശേഷം നിർമാതാവായി വന്നപ്പോഴും പൊൻകുന്നം വർക്കി തൊഴിലാളികളുടെ പ്രശ്നമാണ് തന്റെ ചിത്രത്തിന് വിഷയമാക്കിയത്. തോട്ടം തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളാണ് അദ്ദേഹം ‘ചലനം’ എന്ന സിനിമയിലൂടെ അവതരിപ്പിച്ചത്. (ഇവിടെ സൂചിപ്പിച്ചത് ഇന്നത്തെ പു.ക.സ എന്ന പ്രസ്ഥാനത്തെക്കുറിച്ചല്ല. പുരോഗമന കലാ സാഹിത്യ സംഘം എന്ന പു.ക.സ രൂപവത്കരിക്കപ്പെട്ടത് 1981ൽ മാത്രമാണ്.)

വയലാർ-ദേവരാജൻ കൂട്ടുകെട്ട് പാട്ടുകളൊരുക്കി. പി. ജയചന്ദ്രനും മാധുരിയും മാത്രമാണ് ഗാനങ്ങൾ ആലപിച്ചത്. ചിത്രം സംവിധാനംചെയ്തത് എൻ.ആർ. പിള്ള എന്ന വ്യക്തിയാണ്. അദ്ദേഹം ആദ്യമായി സംവിധാനംചെയ്ത സിനിമയാണ് ‘ചലനം’. പൊൻകുന്നം വർക്കി എല്ലായ്‌പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ലക്ഷ്മി, മോഹൻ ശർമ, സുധീർ, ജനാർദനൻ, റാണിചന്ദ്ര, കെ.പി.എ.സി ലളിത, ആലുമ്മൂടൻ, വീരൻ, പി.കെ. ഏബ്രഹാം, കുതിരവട്ടം പപ്പു, ജോസഫ് ചാക്കോ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചു.

 

എ.ടി. ഉമ്മർ,പി. ഭാസ്കരൻ,പൊൻകുന്നം വർക്കി

പി. ജയചന്ദ്രനും മാധുരിയും പാടിയ പ്രാർഥനാഗാനം മികച്ചതായി. ‘‘അത്യുന്നതങ്ങളിൽ ഇരിക്കും ദൈവമേ/ അങ്ങേയ്ക്കു സ്തോത്രം/ പൂ തൂകും നിൻ വെളിച്ചത്തിൻ കീഴിൽ/ ഭൂമിയിൽ സമാധാനം/ മനുഷ്യർക്കു സമാധാനം...’’ എന്നിങ്ങനെ തുടങ്ങുന്ന ഗാനം.

ജയചന്ദ്രനും മാധുരിയും ചേർന്നു പാടിയ മറ്റൊരു ഗാനം ‘‘രാഷ്ട്രശിൽപികൾ’’ എന്നാരംഭിക്കുന്നു: ‘‘ഇൻക്വിലാബ് സിന്ദാബാദ്/തോട്ടം തൊഴിലാളികൾ സിന്ദാബാദ്/ രാഷ്ട്രശിൽപികൾ ഞങ്ങൾ രാഷ്ട്രശിൽപികൾ/ തോറ്റു പിന്മടങ്ങിടാത്ത തൊഴിലാളികൾ/തോട്ടം തൊഴിലാളികൾ –ഈ/ ഭൂമി സ്വർഗമാക്കാൻ വരുന്നു ഞങ്ങൾ’’ എന്നിങ്ങനെ തുടരുന്ന ഈ ഗാനം ഒരു ജാഥാഗാനമാണ്. മാധുരിയും സംഘവും പാടിയ ‘‘ചന്ദനച്ചോല പൂത്തു’’ എന്നു തുടങ്ങുന്ന ഗാനവും രചനകൊണ്ടും ഈണംകൊണ്ടും മികച്ചതാണ്.

‘‘ചന്ദനച്ചോല പൂത്തു/ താമരക്കാട് പൂത്തു/ അഞ്ചാംകുളി കഴിഞ്ഞു/ അഞ്ചിലക്കുറിയണിഞ്ഞു/ കന്നിദേവാ, വെള്ളിദേവാ കാമദേവാ/ കാണാപ്പൂവമ്പുമായ്‌ വന്നാട്ടെ/ വരം തന്നാട്ടെ’’ എന്നിങ്ങനെ ഗാനം തുടരുന്നു.

ജയചന്ദ്രനും സംഘവും ആലപിച്ച ഒരു സംഘഗാനം ഇങ്ങനെ: ‘‘സർപ്പസന്തതികളേ/ കഷ്ടം, നിങ്ങൾക്കു ഹാ കഷ്ടം/ നഷ്ടപ്പെട്ടുവല്ലോ നിങ്ങടെ സ്വർഗരാജ്യം/ നിങ്ങടെ സ്വർഗരാജ്യം/ പാപം ചെയ്ത കയ്യുകളേ/ കല്ലെറിയൂ ആ മാറിൽ കല്ലെറിയൂ/ കുരിശുംകൊണ്ടു നടന്നുവരുന്നു മനുഷ്യപുത്രൻ –ഈ യുഗത്തിലെ/ മനുഷ്യപുത്രൻ/അവനെ ക്രൂശിക്കുക/ അവനെ ക്രൂശിക്കുക.’’ മാധുരി തനിച്ചു പാടിയ ഈ പാട്ടും ഇമ്പമുള്ളതാണ്: ‘‘കുരിശുപള്ളിക്കുന്നിലെ/ കുരുത്തോലക്കൂട്ടിലെ/ കുഹു കുഹു പാടും കുയിലേ/ കുളിരു പെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ/ കൂടെയൊരാൾ –ഒരാൾ കൂട്ടിനുണ്ടേ.’’

പല്ലവിക്കും അനുപല്ലവിക്കും ശേഷം വരുന്ന ആദ്യചരണവും മനോഹരം.

‘‘കൊത്തമ്പാലരി കതിരണിയും കാട്ടിൽ –മഞ്ഞ്/ മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ/ കാശുമാല മാറിലിട്ട കുംഭനിലാവും ഞാനും/കാത്തുനിൽക്കുന്നു, കാതോർത്തുനിൽക്കുന്നു/ നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ...’’

1975 ജനുവരി 30നാണ് ‘ചലനം’ തിയറ്ററുകളിൽ എത്തിയത്.ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല.

ക്രോസ് ബെൽറ്റ് മണി സംവിധാനംചെയ്ത ‘താമരത്തോണി’ എന്ന ചിത്രം യുനൈറ്റഡ് മൂവീസിനുവേണ്ടി സി.പി. ശ്രീധരനും പി. അപ്പുനായരും ചേർന്നാണ് നിർമിച്ചത്. ഡോ. ബാലകൃഷ്ണൻ കഥയും തിരനാടകവും സംഭാഷണവും തയാറാക്കി. പ്രേംനസീർ, ജയഭാരതി, കെ.പി. ഉമ്മർ, രാജകോകില, നെല്ലിക്കോട് ഭാസ്കരൻ, അടൂർ ഭാസി, ഫിലോമിന, ബഹദൂർ, വെട്ടൂർ പുരുഷൻ എന്നിവരായിരുന്നു അഭിനേതാക്കൾ.

വയലാറിന്റെ വരികൾക്ക് ആർ.കെ. ശേഖർ ഈണം നൽകി. ഡോ. ബാലകൃഷ്ണന്റെ തിരക്കഥകൾ എപ്പോഴും ഹാസ്യരസപ്രധാനമായിരിക്കും. ആ രസം ഗാനങ്ങളിലും പ്രതിഫലിക്കുക സ്വാഭാവികം.

 

വയലാറും ജി. ദേവരാജനും

യേശുദാസ് പാടിയ വയലാറിന്റെ ‘‘ബട്ടർ ഫ്ലൈ ഓ ബട്ടർഫ്ലൈ...’’ എന്നു തുടങ്ങുന്ന ഗാനംതന്നെ ഉദാഹരണം. ‘‘ബട്ടർഫ്ലൈ ഓ ബട്ടർഫ്ലൈ/ സെപ്റ്റംബറിലെ നിലാവ് വളർത്തിയ ബട്ടർഫ്ലൈ/ ഇവളെന്റെ നിശാഗന്ധി.../ നിശാഗന്ധി നിശാഗന്ധി ...’’ ഗാനം ഇങ്ങനെ തുടരുന്നു: ‘‘പിച്ചിപ്പൂക്കളഹങ്കാരിണികൾ/ തെച്ചികൾ ശീലാവതികൾ/ഇല്ലക്കാരികളവരറിയാതൊന്നിവിടെ വരൂ/ ഈ നൃത്തമാസ്വദിക്കൂ/രസിക്കൂ... മദിക്കൂ... സുഖിക്കൂ...’’

യേശുദാസ് ഈ സിനിമക്കുവേണ്ടി ആലപിച്ച രണ്ടാമത്തെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു. ‘‘തുടിക്കുന്നതിടതു കണ്ണോ –സഖീ നിന്റെ / തുളസിപ്പൂ പോലുള്ള വലതുകണ്ണോ.../ തുടിക്കുന്നതിളം ചുണ്ടോ –നിന്റെ/ തുറന്നിട്ട മനസ്സിന്റെ മലർച്ചെണ്ടോ..?’’

കെ.പി. ബ്രഹ്മാനന്ദൻ പാടിയ ‘‘ഐശ്വര്യദേവതേ...’’ എന്നു തുടങ്ങുന്ന പാട്ടും മികച്ചതാണ്. (താൻ സംഗീതം നൽകുന്ന ചിത്രങ്ങളിൽ ബ്രഹ്മാനന്ദന്റെ ശബ്ദം ഉൾപ്പെടുത്താൻ ആർ.കെ. ശേഖർ ശ്രമിക്കാറുണ്ട്.)

കസ്തൂരി ശങ്കർ എന്ന ഗായിക അദ്ദേഹത്തോടൊപ്പം പാടുന്നുണ്ട്. ‘‘ഐശ്വര്യദേവതേ നീയെൻ മനസ്സിന്റെ/ ആയിരം കതകുകൾ തുറന്നു/ ആദ്യം വലംകാൽ വെച്ചകത്തു വന്നു/ ആയിരമുഷസ്സുകൾ കൂടെവന്നു/ നിന്റെ കൂടെ വന്നു.’’ അതിനെ തുടർന്നു വരുന്നതു സ്ത്രീശബ്ദമാണ്‌: ‘‘ആരുടെ കരപരിലാളനത്താൽ/താരുണ്യപുഷ്പങ്ങൾ കുളിരുകോരി/ ഇന്നു കുളിരുകോരി/ ആ വസന്തത്തിന്റെ രാജശിൽപി അങ്ങ് രാജശിൽപി.’’ അപ്പോൾ പുരുഷശബ്ദം അത് പൂർത്തിയാക്കുന്നു: ‘‘എന്റെ ഭാവനാശിൽപത്തിൻ ഭാഗ്യലക്ഷ്മി/ നീ ഭാഗ്യലക്ഷ്മി...’’

വാണി ജയറാം പാടിയ ‘‘ഇതു ശിശിരം’’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ഹൃദ്യം. ‘‘ഇതു ശിശിരം ഇതു ശിശിരം/ ഋതുകന്യകയുടെ പ്രിയശിശിരം/ താഴമ്പൂവിനു തേൻകുമ്പിൾ/ താമരമൊട്ടിനു പാൽക്കുമ്പിൾ/ ഇന്നു മദിരോത്സവം –അവർ/ താളമാടും മദനോത്സവം.’’ മാധുരി പാടിയ പാട്ടിന്റെ തുടക്കം ഇങ്ങനെ: ‘‘ഭസ്മക്കുറി തൊട്ട കൈലാസമേ/ പഞ്ചാക്ഷരം ചൊല്ലും ഇളംതെന്നലേ/ ഭഗവാൻ എങ്ങുപോയി –എന്റെ/ പ്രാണാധിനായകൻ എങ്ങുപോയി?’’

 

കമുകറ പുരുഷോത്തമൻ,ഭരണിക്കാവ് ശിവകുമാർ

ഈ ഗാനത്തിലെ തുടർന്നുള്ള വരികളും വയലാറിന്റെ മുദ്രയുള്ളവ തന്നെ. ആർ.കെ. ശേഖറിന്റെ സംഗീതവും നിലവാരമുള്ളതാണ്. ഗോപാലകൃഷ്ണനും കസ്തൂരി ശങ്കറും ചേർന്നു പാടിയ ഒരു തമാശപ്പാട്ടും ഈ സിനിമയിലുണ്ട്. അതിന്റെ പിന്നിൽ എഴുത്തുകാരനായ ഡോ. ബാലകൃഷ്ണന്റെ പ്രേരണയുണ്ടെന്നു വ്യക്തം.

‘‘ഒന്നു പെറ്റു കുഞ്ഞു ചത്ത പശുവിനെ കറന്നാൽ/ ഒന്നരലിറ്റർ പാല് –അതിൽ/ ഒന്നരലിറ്റർ അയൽക്കാർക്ക്/ ഒന്നര ലിറ്റർ മനയ്ക്കലേക്ക് –ബാക്കി/ ഒന്നര ലിറ്റർ സ്വാമിശരണം ചായക്കടയിലേക്ക്/ ലാഭമോ നഷ്ടമോ എത്ര –പെണ്ണിന്/ ലാഭമോ നഷ്ടമോ എത്ര..?’’ 1975 ജനുവരി 31ന് ‘താമരത്തോണി’ തിയറ്ററുകളിലെത്തി. ചിത്രം ശരാശരി വിജയം നേടി.

(തു​ട​രും)

News Summary - Malayalam film songs